നവ ഫാഷിസ്റ്റ് ശക്തികൾക്കെതിരായ രാഷ്ട്രീയ സാംസ്കാരിക പ്രതിരോധം ഉയർത്തിക്കൊണ്ടുവരാനുള്ള ആഹ്വാനവുമായിട്ടാണ് മധുരയിൽ നടന്ന സി.പി.ഐ- എം പാർട്ടി കോൺഗ്രസ് സമാപിച്ചത്. പാർട്ടിയുടെയും രാജ്യത്തിന്റെയും ചരിത്രത്തിൽ തൊഴിലാളി വർഗത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുതിയ പോരാട്ടങ്ങൾക്കാവശ്യമായ രീതിയിൽ ജനങ്ങളുടെ മഹാബലത്തെയും ഐക്യത്തെയും ഉണർത്തിയെടുക്കാനുള്ള തീരുമാനങ്ങൾക്കാണ് വൈഗാനദിയുടെ തീരത്തെ ചരിത്രപ്രസിദ്ധമായ മധുരാനഗരം സാക്ഷിയായത്.
ഒരു ദശകക്കാലത്തിലേറെയായി അധികാരത്തിലിരുന്ന് മോദി സർക്കാർ രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും തകർക്കുകയും സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിഭജനവും വിദ്വേഷവും പടർത്തുകയുമാണ്. ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും തകർക്കുകയും ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിന്റെ ഏകാത്മകതയിലേക്ക് ഭിന്നസമൂഹങ്ങളെയും സാംസ്കാരങ്ങളയും ബലം പ്രയോഗിച്ചു വിലയിപ്പിച്ചെടുക്കുകയുമാണ്. ഈ നവ ഫാഷിസ്റ്റ് ഭീകരതയിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനുള്ള വിശാലവും ജനകീയവുമായ ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും സാധ്യതകളാണ് മധുര കോൺഗ്രസ് ആരാഞ്ഞത്.

പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയവും പ്രവർത്തന അവലോകന റിപ്പോർട്ടും കോർപ്പറേറ്റ്- ഹിന്ദുത്വ കൂട്ടുകെട്ടിനെതിരായ പോരാട്ടത്തിനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തും ശക്തിയും വർധിപ്പിക്കാനുള്ള സമീപനങ്ങളെ സംബന്ധിച്ച ദിശാബോധം പകരുന്നതായിരുന്നു. വരുന്ന മൂന്നു വർഷക്കാലത്തെ പാർട്ടിയുടെ അടവുനയത്തിന്റെ കുന്തമുന ആർ എസ് എസ്- ബി ജെ പി സർക്കാറിനെ താഴെയിറക്കാനുള്ള യോജിച്ച പ്രവർത്തനങ്ങളെയും രാഷ്ട്രീയ- സാംസ്കാരിക പരിപാടികളെയും സംബന്ധിച്ചതായിരുന്നു. സി പി ഐ- എമ്മിന്റെ സ്വതന്ത്രശക്തി വർധിപ്പിക്കുന്നതിനും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന രാഷ്ട്രീയ പ്രമേയം, കോർപ്പറേറ്റ് മൂലധനശക്തികളും ഹിന്ദുത്വരാഷ്ട്രീയവും ഉയർത്തുന്ന നവ ഫാഷിസ്റ്റ് ഭീഷണികളെ മുറിച്ചു കടക്കുന്നതിനുള്ള ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കുന്നതിനെയും സമരപ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടുവരുന്നതിനെയും സംബന്ധിച്ച വിശകലനങ്ങളും ദിശാസൂചനകളുമാണ് മുന്നോട്ട് വെച്ചത്. ബി.ജെ.പിക്കും ആർ എസ് എസ്സിനും എതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിശാലസഖ്യം രൂപപ്പെടുത്തണമെന്നതിലാണ് രാഷ്ട്രീപ്രമേയം ഊന്നുന്നത്. അതിനാവശ്യമായ തലത്തിൽ ഇടതുപക്ഷ ഐക്യം ദൃഢീകരിക്കണമെന്നും ബഹുജന സംഘടനകളും സാമൂഹ്യ പ്രസ്ഥാനങ്ങളും ഉൾപ്പെടുന്ന ഇടതുപക്ഷ ശക്തികളുടെ യോജിച്ച പോർമുഖം വളർത്തിയെടുക്കണമെന്നുമാണ് രാഷ്ട്രീയപ്രമേയം ആവശ്യപ്പെടുന്നത്.
ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളുടെ വ്യത്യസ്തകൾ മനസിലാക്കി അതിന് യോജിച്ച അടവുനയം സ്വീകരിക്കണമെന്നാണ് രാഷ്ട്രീയ പ്രമേയം നിർദ്ദേശിക്കുന്നത്.
തെരഞ്ഞടുപ്പുകളിൽ ബി ജെ പി വിരുദ്ധ വോട്ട് പരമാവധി ഏകോപിപ്പിക്കാനാവശ്യമായ അടവുനയം സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം, മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഇക്കാര്യത്തിൽ പുലർത്തുന്ന അവസരവാദപരമായ നിലപാടുകളെ വിമർശന വിധേയമാക്കുന്നു. പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഡൽഹി, ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്വീകരിച്ച പ്രമാണിത്ത നിലപാടുകളാണ് ഈ സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് അധികാരം പിടിക്കാൻ സഹായകരമായത്.
ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളുടെ വ്യത്യസ്തകൾ മനസിലാക്കി അതിന് യോജിച്ച അടവുനയം സ്വീകരിക്കണമെന്നാണ് രാഷ്ട്രീയ പ്രമേയം നിർദ്ദേശിക്കുന്നത്.

കോൺഗ്രസുമായി രാഷ്ടീയസഖ്യം സാധ്യമല്ലെങ്കിലും സഹകരണമാവാമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഇന്ത്യ കൂട്ടായ്മ കക്ഷികളുമായി പാർലമെന്റിൽ സഹകരിക്കുകയും ബി ജെ പിക്കെതിരെ യോജിച്ച് പോരാടുകയും ചെയ്യണം. പാർലമെന്റിന് പുറത്ത് വിഷയാധിഷ്ഠിത സഹകരണം തുടരണമെന്നും മതനിരപേക്ഷ ഐക്യത്തിന് പരമാവധി ഊന്നൽ നൽകി വിഷയങ്ങൾ ഏറ്റെടുക്കണമെന്നും രാഷ്ട്രീയ പ്രമേയം നിർദേശിക്കുന്നു.
സോഷ്യലിസമാണ് ബദലെന്നും മനുഷ്യരെ ഭിന്നിപ്പിക്കുന്ന വർഗീയത കോർപ്പറേറ്റ് മൂലധന താല്പര്യമാണെന്നും മതനിരപേക്ഷത കൊണ്ട് വർഗീയതയെ പ്രതിരോധിക്കണമെന്നും രാഷ്ടീയ പ്രമേയം അടിവരയിട്ട് പറയുന്നു
ബി ജെ പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾക്ക് പിന്തുണ നൽകുകയും ബി ജെ പിയും കോൺഗ്രസും പ്രതിനിധികരിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായ ബദലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കെതിരായ ഏതൊരു നയത്തെയും ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്പിക്കാനുള്ള മുൻകൈ പാർട്ടി എടുക്കണം. പ്രാദേശിക ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനുംസമരങ്ങൾ വളർത്താനും ശ്രദ്ധിക്കണം.

കർഷകരുടെയും തൊഴിലാളികളുടെ വർഗ്ഗപ്പോരാട്ടങ്ങൾ വളർത്തിയെടുക്കുമ്പോൾ തന്നെ ജാതീയമായ അടിച്ചമർത്തലുകൾക്കും വിവേചനങ്ങൾക്കും എതിരായി പോരാട്ടങ്ങൾ വളർത്തിയെടുക്കണമെന്നും രാഷ്ട്രീയ പ്രമേയം പറയുന്നു. സ്ത്രീകൾ, ദലിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ അവകാശങ്ങൾക്കൊപ്പം നിൽക്കാനും ആ വിഭാഗങ്ങളുടെ സ്വത്വവും സംസ്കാരവും ജീവിതോപധികളും സംരക്ഷിക്കാനുമുള്ള സമരങ്ങൾ വളർത്തിയെടുക്കണം. സമ്മേളനം അംഗീകരിച്ച പ്രമേയവും അവലോകന റിപ്പോർട്ടും എടുത്തുപറയുന്നത്, ആദിവാസി മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്നാണ്.
ഫെഡറലിസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെ ശക്തമായി തന്നെ പാർട്ടി ഏറ്റെടുത്ത് പ്രതിരോധിക്കണമെന്ന് രേഖ നിർദേശിക്കുന്നു.
സോഷ്യലിസമാണ് ബദലെന്നും മനുഷ്യരെ ഭിന്നിപ്പിക്കുന്ന വർഗീയത കോർപ്പറേറ്റ് മൂലധന താല്പര്യമാണെന്നും മതനിരപേക്ഷത കൊണ്ട് വർഗീയതയെ പ്രതിരോധിക്കണമെന്നും രാഷ്ടിയ പ്രമേയം അടിവരയിട്ട് പറയുന്നു. നവ ഫാഷിസ്റ്റ് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും സമഗ്രതലത്തിൽ പ്രതിരോധിക്കാൻ കഴിയുന്ന രാഷ്ട്രീയ- സാംസ്കാരിക ഇടപെടലുകൾ നടത്തിക്കൊണ്ടേ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും ജനതാല്പര്യങ്ങളെയും സംരക്ഷിക്കാനാവൂ.