2022ലെ യു.പി, യോഗി എന്ന തുടർച്ച​- ഒരു ആർ.എസ്​.എസ്​ ‘സാധു’ സൂത്രം

"അടുത്ത എട്ടു മാസങ്ങൾക്കുള്ളിൽ ഉത്തർപ്രദേശിൽ നിയമസഭാ തെഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്, അതിനാലാണ് കുംഭമേള അനുവദിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഒരു സുഹൃദ് സംഘത്തെ പിണക്കുന്നത് മണ്ടത്തരമാണ്,'' ബി.ജെ.പി നേതാവ് പറയുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ദേശീയ നേതൃത്വത്തിന് തൃപ്തിപ്പെടുത്തേണ്ടിയിരുന്നത് ഹിന്ദു ഹൃദയഭൂമിയിൽ തങ്ങളുടെ വോട്ടുബാങ്കായ അഖാഡകളെയായിരുന്നു.

National Desk

2021 മാർച്ച് ആറിന് ഉത്തരാഖണ്ഡിലെ ഗാർസാൻ അസംബ്ലിയിൽ സംസ്ഥാന ബജറ്റ് സെഷൻ നടക്കാനിരിക്കെയാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രമൺ സിങ്ങും, സംസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി ഇൻ ചാർജ് ദുഷ്യന്ത് സിങ്ങ് ഗൗതമും മുന്നറിയിപ്പില്ലാതെ ഡെറാഡൂണിലെത്തിയത്. അടിയന്തരമായി കാണണം എന്നാവശ്യപ്പെട്ടതു പ്രകാരം ബജറ്റിന്റെ തിരക്കുകൾ മാറ്റിവെച്ച് ഗാർസനിൽ നിന്ന് ഹെലിക്കോപ്റ്ററിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് ഡെറാഡൂണിലെത്തി. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ബി.ജെ.പി പ്രസിഡൻറ്​ ജെ.പി. നദ്ദയ്ക്ക് ത്രിവേന്ദ്രയെ കാണണം എന്ന് ഇരുവരും അറിയിച്ചു.

അടുത്ത ദിവസം വൈകീട്ട് ഡൽഹിയിലെത്തി നദ്ദയേയും, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും ആർ.എസ്.എസിനും ബി.ജെ.പിക്കും ഇടയിലെ കണ്ണിയുമായ ബി.എൽ. സന്തോഷിനേയും കണ്ട ത്രിവേന്ദ്രയോട്, നിങ്ങളുടെ നേതൃത്വത്തിലായിരിക്കില്ല ബി.ജെ.പി 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്ന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നാലു വർഷം തികയ്ക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ത്രിവേന്ദ്ര സ്ഥാനം രാജി വെച്ചു.

ദി കാരവനു വേണ്ടി സ്വതന്ത്ര മാധ്യമപ്രവർത്തക സൃഷ്ടി ജസ്‌വാൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പേരു വെളിപ്പെടുത്താത്ത, 20 വർഷത്തിലധികമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ബി.ജെ.പി. നേതാവ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി.എസ് റാവത്തിന്റെ അപ്രതീക്ഷിത രാജിയുമായി ബന്ധപ്പെട്ട് നൽകിയ വിവരണമാണിത്.

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, നരേന്ദ്ര മോദി (2017) / Photo: Wikimedia Commons

തിടുക്കപ്പെട്ട രാജിക്ക് പിന്നിലെ കാരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട്, അത് കണ്ടു പിടിക്കാൻ നിങ്ങൾ ഡൽഹിയിൽ പോകേണ്ടി വരും എന്നായിരുന്നു ത്രിവേന്ദ്രയുടെ മറുപടി. മോശം പ്രകടനവും, ത്രിവേന്ദ്രയുടെ പ്രവർത്തന ശൈലിയിൽ നിരവധി ബി.ജെ.പി എം.എൽ.എമാർക്കുള്ള അതൃപ്തിയുമാണ് രാജിക്കു പിന്നിലെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ടു ചെയ്തത്.

""സംസ്ഥാനത്ത് വികസന പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതും ഭരണത്തിലെ പോരായ്മകളും ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചു, ഇതോടൊപ്പം പാർട്ടിയിൽ വിഭാഗീയതയും വർധിച്ചു. ഒരാളു വിചാരിച്ചാലും അദ്ദേഹത്തിന്റെ പ്രതിച്ഛായ രക്ഷിക്കാൻ സാധിക്കില്ലെന്ന അവസ്ഥ വന്നു'' എന്നായിരുന്നു ഇതു സംബന്ധിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഇന്ത്യൻ എക്​സ്​പ്രസിന്​ നൽകിയ പ്രതികരണം.

എന്നാൽ ഭരണേതരവും വികസനേതരവുമായി ഉരുത്തിരിഞ്ഞ സാഹചര്യമാണ് അസാധാരണ തീരുമാനം എടുക്കാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചതെന്നാണ് കാരവൻ‍ റിപ്പോർട്ടിൽ പറയുന്നത്- ആ സാഹചര്യം​ കുംഭമേളയാണ്​.

2019ൽ നരേന്ദ്ര മോദിയും ത്രിവേന്ദ്ര സിങ് റാവത്തും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ, മഹാകുംഭ് ആദരണീയമായ ഹിന്ദു ഉത്സവമാണെന്നും, അതിന്റെ മുന്നൊരുക്കങ്ങളെ പ്രതി അഖാഡകൾക്ക് പരാതിയുണ്ടാവരുതെന്നും, മേള വിവാദമില്ലാതെ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തിനിടെ കുംഭമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 300-ഓളം മീറ്റിങ്ങുകൾ നടന്നിരുന്നെന്നും, 2020-ൽ നടന്ന കൂടിക്കാഴ്ചയിൽ മഹാമാരി വകവെക്കാതെ കുംഭമേളക്ക്​ ഒരുക്കം തുടരാനും ആവശ്യമുയർന്നിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് ആവശ്യപ്പെട്ടതാണ് ത്രിവേന്ദ്രയ്ക്ക് വിനയായതെന്ന് റിപ്പോർട്ടിൽ പറയുന്നു: ""അടുത്ത എട്ടു മാസങ്ങൾക്കുള്ളിൽ ഉത്തർപ്രദേശിൽ നിയമസഭാ തെഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്, അതിനാലാണ് കുംഭമേള അനുവദിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഒരു സുഹൃദ് സംഘത്തെ പിണക്കുന്നത് മണ്ടത്തരമാണ്,'' ബി.ജെ.പി നേതാവ് പറയുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ദേശീയ നേതൃത്വത്തിന് തൃപ്തിപ്പെടുത്തേണ്ടിയിരുന്നത് ഹിന്ദു ഹൃദയഭൂമിയിൽ തങ്ങളുടെ വോട്ടുബാങ്കായ അഖാഡകളെയായിരുന്നു.

അഖാഡകളും ഹിന്ദു വോട്ടുകളുടെ ഏകീരണവും

ഒരു പതിറ്റാണ്ടായി ഹിന്ദുത്വ രാഷ്ട്രീയ സംബന്ധിയായ വിഷയങ്ങൾ റിപ്പോർട്ടു ചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ധീരേന്ദ്ര കെ. ജാ ദ വയറിന് നൽകിയ അഭിമുഖത്തിൽ ഹിന്ദു വോട്ടുകൾ ഏകോപിപ്പിക്കുന്നതിൽ അഖാഡകൾക്കുള്ള പങ്കിനെ കുറിച്ച് പറയുന്നതിങ്ങനെയാണ്; ഹിന്ദു മതത്തിലെ സന്ന്യാസ ഇടങ്ങൾ ഏതാണ്ട് പൂർണമായും കൈയ്യാളുന്നത് ഇവരാണ്. പണ്ടൊരിക്കൽ തങ്ങൾക്ക് ഒരു സുവർണ്ണ യുഗം ഉണ്ടായിരുന്നെന്നും, ആയുധധാരികളായ തങ്ങളുടെ പൂർവ്വീകരായിരുന്നു ഇന്ത്യയുടെ രാഷ്ട്രീയ ഗതി നിർണയിച്ചതെന്നും ഇവർ കരുതുന്നു. ചരിത്രത്തെക്കുറിച്ചുള്ള വികലമായ ധാരണ സൃഷ്ടിച്ച നഷ്ടബോധം അഖാഡകളുമായി ബന്ധപ്പെട്ടു കഴിയുന്ന പല സാധുകളിലും ദൃഢമാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ പുനരുദ്ധാരണം നടക്കണമെന്ന് ഇവർ തീവ്രമായി ആഗ്രഹിക്കുന്നു.

സ്വാതന്ത്രലബ്ധിക്ക് ശേഷം ഇന്ത്യയുടെ മതേതര, പ്രാതിനിധ്യ രാഷ്ട്രീയത്തിൽ തങ്ങൾക്ക് പ്രാധാന്യം ഇല്ലെന്നിരിക്കെ ഇവരുടെ ഈ ആഗ്രഹം ഉൾവലിയുകയായിരുന്നു. എന്നാൽ സംഘപരിവാർ ഇവരുടെ ഇടപെടൽ
ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ, ഉള്ളിൽ
അന്തർലീനമായി കിടന്ന ഈ ആഗ്രഹം കാര്യങ്ങൾ എളുപ്പമാക്കി.
ഹിന്ദുത്വ പദ്ധതിയെ സാധ്യമാക്കാൻ തങ്ങളുടെ മതപരമായ പ്രഭാവം ഉപയോഗിക്കാൻ ഇവർ തയ്യാറായി. ഹിന്ദു സാധുകളുടേയും ഭക്തരുടേയും ഏറ്റവും വലിയ സംഘമവേദിയായ കുംഭമേളയെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുയോജ്യമായ രാഷ്ട്രീയ വേദിയാക്കി മാറ്റാനും വലിയൊരളവുവരെ ഇവരിലൂടെ സാധിച്ചു. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന്റെ അടിസ്ഥാനപ്രമാണം ഹിന്ദു മതത്തിന്റെ രാഷ്ട്രീയവൽകരണമാണ്. ഈ സാധുകളുടെ സജീവമായ പങ്കാളിത്തത്തോടു കൂടിയല്ലാതെ യാഥാർഥ്യമാകുമായിരുന്നില്ല.

സത്വരാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ചകളിൽ പൊതുവേ ഉദാഹരണമായി എടുക്കാറുള്ള മുസ്‌ലിം, ദളിത് കൂട്ടായ്മകൾ മിക്കപ്പോഴും തങ്ങൾക്ക് തുല്യത ഉറപ്പു വരുത്താനായി കൂട്ടമായി ഒരു കക്ഷിക്ക് വോട്ടു ചെയ്യാറുണ്ട്. ഹിന്ദു വോട്ടിന്റെ ഏകീകരണത്തിന്റെ ലക്ഷ്യം ഒന്നു മാത്രമാണ്, ദേശീയ സ്വത്വത്തെ നിർവചിക്കാനുള്ള സവിശേഷാധികാരം ഉറപ്പുവരുത്താനുള്ള അധികാരം കെെയ്യാളുക.

വി.എച്ച്.പി. വഴി അഖാഡകളിലേക്കുള്ള ആർ.എസ്.എസ്. പ്രവേശം

മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിച്ചുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ ഇടപെടൽ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും, മതപരമായ ഇടങ്ങളിലെ ആർ.എസ്.എസിന്റെ പ്രവർത്തന രീതിയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതാണ് വിഷയത്തിൽ കൂടുതൽ ഇടപെടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ധീരേന്ദ്ര ജാ ദ ഹിന്ദുവിലെ ജി. സമ്പത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

ധീരേന്ദ്ര കെ. ജാ / Photo: Juggernaut Books

1964-ൽ വിശ്വ ഹിന്ദു പരിഷത്ത് രൂപീകരിക്കുമ്പോൾ ആർ.എസ്.എസ്. മേധാവി എം.എസ്. ഗോൾവാൾക്കറുടെ ഉദ്ദേശ്യം സാധുകളുടെ വലിയ കൂട്ടത്തെ തങ്ങളുടെ രാഷ്ട്രീയ പദ്ധതിക്കായി വിനിയോഗിക്കലായിരുന്നു. സ്ഥാപിതമായി ആദ്യ 20 വർഷങ്ങളിൽ വി.എച്ച്.പിക്ക് ഇതിൽ കാര്യമായി നേട്ടമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ 80-കളുടെ ആരംഭത്തിൽ വി.എച്ച്.പിക്ക് രാമ ക്ഷേത്രം എന്ന പുതിയ അജണ്ട ലഭിച്ചതോടെ സ്ഥിതി മാറിത്തുടങ്ങി. ആർ.എസ്.എസ് വി.എച്ച്.പിയിൽ 150 പ്രചാരകുകളെ നിയമിച്ചു. 1982ൽ 100-ാളം പ്രചാരകുകൾ സാധുകളായി. സാധുകളുടെ ഇടയിലുള്ള ആർ.എസ്.എസിന്റെ സാന്നിധ്യം ഇതോടെ ആരംഭിച്ചു, ഇത് പിന്നീട് വികസിച്ചു.

1986-ലാണ് അഖിൽ ഭാരതീയ സന്ത് സമിതി രൂപീകരിക്കുന്നത്. ഇതൊരു സ്വതന്ത്ര കൂട്ടായ്മയാണെന്ന് ആർ.എസ്.എസ്. അവകാശപ്പെടുമെങ്കിലും, സമിതിയിലെ അംഗങ്ങളായ സാധുകൾ നേരത്തെ പ്രചാരകോ സ്വയം സേവകരോ ആയിരുന്നു. സാധുകളുടെ ഇടയിൽ സുരക്ഷതമായ വലിയൊരു ശൃംഘല സൃഷ്ടിക്കാൻ വി.എച്ച്.പി. വഴി ആർ.എസ്.എസിന് ഇതോടെ സാധിച്ചു.

ബാബരി മസ്ജിദ് പൊളിക്കുന്നതിന് മുന്നോടിയായി രാം രഥയാത്ര നടത്തിയ എൽ.കെ. അദ്വാനി ബി.ജെ.പി. നേതാവായിരുന്നെങ്കിലും യാത്രയുടെ നടത്തിപ്പിന് മേൽനോട്ടം വഹിച്ചത് വി.എച്ച്.പിയും അതിലെ സാധുകളും ചേർന്നായിരുന്നു. ഇതിന് മുന്നോടിയായി 1989-ൽ അലഹബാദിൽ നടന്ന കുംഭമേളയിൽ രഥ യാത്രയ്ക്കും രാം ജന്മഭൂമിക്കും അനുയോജ്യമായ സാഹചര്യമൊരുക്കാൻ സന്ത് സമിതിക്ക് സാധിച്ചു.

ഇതെങ്ങനെയാണ് സാധിച്ചതെന്ന് ചോദ്യത്തിന് ധീരേന്ദ്ര ജായുടെ മറുപടി ഇങ്ങനെയാണ്: 1977ൽ അലഹബാദിൽ നടന്ന കുംഭമേളയിൽ വി.എച്ച്.പി. പന്തലുകളിൽ ഉള്ളതിനേക്കാൾ ആളുകൾ ഇന്ദിരാ ഗാന്ധി സംസാരിക്കുന്നിടത്ത് കൂടിയിരുന്നു. വി.എച്ച്.പി അന്ന് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാൽ അടുത്ത കുംഭമേള ആകുമ്പോഴേക്ക് അഖാഡകളിലേക്കുള്ള
ആർ.എസ്.എസിന്റെ കടന്നു കയറ്റം മൂലം സ്ഥിതി പാടെ മാറി. അന്ന് ധർമ സൻസത് (വി.എച്ച്.പിക്ക് മാർഗനിർദേശം നൽകുന്ന പൗരോഹിത്യ
കൂട്ടായ്മ) ചേർന്നു, രാമക്ഷേത്ര നിർമ്മാണം ആദ്യമായി പ്രബലമായ ഒരു ആവശ്യമായി ഉയർന്നു വന്നു. ശിലൻ പൂജയ്ക്ക് ആവശ്യമായ ശിലകൾ (കല്ലുകൾ) സംഭാവനയായി സ്വീകരിക്കാൻ തുടങ്ങി. ക്ഷേത്രത്തിനായുള്ള നീക്കത്തിന് അടിത്തറ പാകിയത് ഇവിടെ വെച്ചായിരുന്നു. അദ്വാനി രഥയാത്ര ആരംഭിച്ചപ്പോൾ, സാധുകൾ, പ്രത്യേകിച്ച് വി.എച്ച്.പിയുമായി ബന്ധപ്പെട്ടവർ കൂട്ടത്തോടെ ഇതിൽ ഭാഗഭാക്കായി. 1989 ൽ ഇവർക്കിടയിൽ സൃഷ്ടിക്കപ്പെട്ട ഉന്മാദത്തിന്റെ പ്രതീതി തുടർന്നു. 1992ൽ ബാബരി മസ്ജിദ് തകർക്കുമ്പോൾ അതു കൊണ്ടു തന്നെ സാധുകളുടെ വലിയ പങ്കാളിത്തവും ഉണ്ടായി.

'ഹിന്ദുവിന്റെ താൽപര്യം സംരക്ഷിക്കുന്നവർ ആരാണോ, അവരാണ് രാജ്യം ഭരിക്കേണ്ടത്' എന്ന മുദ്രാവാക്യം മുഴക്കുന്ന കർസേവകർ / Photo: Ram Ke Naam (Anand Patwardhan), Youtube

ഹിന്ദുത്വയെ സാമാന്യവത്കരിക്കുന്നതും സ്വീകാര്യമാക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു നീക്കത്തിനും 2021 ലെ കുംഭമേള സാക്ഷ്യം വഹിച്ചു. ഹരിദ്വാറിലെ കുംഭമേള നിയന്ത്രിക്കുന്നതിന് ആർ.എസ്.എസ് പ്രവർത്തകർക്ക് ആദ്യമായി സ്പെഷ്യൽ പൊലീസ് ഓഫീസർ
പദവി നൽകുകയുണ്ടായി. 1,553 ആർ.എസ്.എസ് പ്രവർത്തകർക്കാണ് മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ് എസ്.പി.ഒ. പദവി നൽകിയത്. കോൺഗ്രസിന്റെ സന്നദ്ധ സംഘടനയായ കോൺഗ്രസ് സേവാ ദളിന്റെ 64 പ്രവർത്തകരും എസ്.പി.ഒ ആയി കുംഭമേളയിൽ പ്രവർത്തിച്ചതായി ടെെംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്യുന്നു.

വോട്ടു രാഷ്ട്രീയം

1990-കളിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെതുടർന്ന്​ ഹിന്ദുത്വ രാഷ്ട്രീയം പ്രത്യക്ഷമായ അക്രമണ സ്വഭാവം പ്രകടമാക്കിയത്​ രാജ്യത്ത് സവിശേഷമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചു, ഉത്തർപ്രദേശിൽ പ്രത്യേകിച്ച്. 1989-ൽ എൻ.ഡി. തിവാരി മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് പുറത്തു പോയതിൽ പിന്നെ സംസ്ഥാനത്ത് ബ്രാഹ്‌മണ വിഭാഗത്തിൽ പെട്ട മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ബി.ജെ.പിയുടെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങ്ങും രണ്ടര വർഷത്തിൽ താഴെ ഭരിച്ചതൊഴിച്ചാൽ (1999-2002) സംസ്ഥാനത്തെ മുഖ്യമന്ത്രി പദം അലങ്കരിച്ചവർ ദളിത്, പിന്നാക്ക വിഭാഗത്തിൽ പെട്ടവരായിരുന്നു.

എസ്.പി- ബി.എസ്.പി. പാർട്ടികൾ ഏതാണ്ട് പൂർണമായും കീഴടക്കിയ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ചിത്രത്തിൽ രാജ്‌നാഥ് സിങിനുശേഷം വരുന്ന ബി.ജെ.പി മുഖ്യമന്ത്രി ഗോരഖ്‌നാഥ് മഠത്തിന്റെ മഹന്ത് ആയ യോഗി ആദിത്യനാഥ് എന്ന അജയ് സിങ് ബിഷ്ട് ആണ്. അയോധ്യയിൽ ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയുന്നതിൽ ഗോരഖ് നാഥ് മഠത്തിലെ അംഗങ്ങൾ പ്രധാന പങ്കു വഹിച്ചിരുന്നു.

ബി.ജെ.പി. അധികാരത്തിൽ വന്ന 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2013-ൽ നടന്ന കുംഭമേളയിൽ പങ്കെടുത്ത മതനേതാക്കളോട്, വി.എച്ച്.പിയുമായി ബന്ധപ്പെട്ട സാധുകൾ ബി.ജെ.പിയുടെ വിജയം ഹിന്ദുക്കളുടെ ദിവ്യമായ പദ്ധതിയായി കണ്ട് പിന്തുണക്കണമെന്ന് അനുശാസിച്ചിരുന്നതായി ദ വയർ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ധീരേന്ദ്ര ജാ പറയുന്നു. വിശ്വാസികളും സാധുകളുമടക്കം ദശലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത മേളയിൽ, വി.എച്ച്.പി മുഴക്കിയ ജോ രാം കീ ബാത് കരേംഗാ, വഹീ ദേശ് പർ രാജ് കരേംഗാ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളിൽ കുംഭമേളയുടെ രാഷ്ട്രീയ പ്രകടത വ്യക്തമായിരുന്നു.

ഹരിദ്വാർ കുംഭ മേള നിയന്ത്രിക്കുന്ന ആർ.എസ്.എസിന്റെ സ്പെഷ്യൽ പൊലീസ് ഓഫീസർമാർ / Photo: Twitter

2013-ൽ നാഗ്പൂരിൽ സംഘപരിവാർ തങ്ങളുടെ തെരഞ്ഞെടുപ്പ് പദ്ധതികൾ ചർച്ച ചെയ്യവേ, ആർ.എസ്.എസ് നാഗ്പൂരിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട മതനേതാക്കളുമായി മൂന്ന് ദിവസത്തെ കോൺഫറൻസ് സംഘടിപ്പിച്ചു. നേരത്തെ സൂചിപ്പിച്ച, 1986-ൽ രൂപീകരിച്ച അഖിൽ ഭാരതി സന്ത് സമിതി ഇതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 2017 യു.പിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും സന്ത് സമിതിയുമായി ബന്ധപ്പെട്ട സാധുകൾ ബി.ജെ.പിയുടെ വിജയം ഉറപ്പു വരുത്താൻ പ്രയത്‌നിച്ചു.

ആർ.എസ്.എസിനും അഖാഡകൾക്കും ഇടയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോഴും അത് പരിഹരിക്കാൻ മുൻകൈ എടുത്തത് സന്ത് സമിതിയായിരുന്നു. ഉദാഹരണത്തിന്, പ്രയാഗ്‌രാജിൽ 2019ൽ നടന്ന അർദ്ധ കുംഭമേളയിൽ ആർ.എസ്.എസിന്റേയും വി.എച്ച്.പിയുടേയും അമിതമായ ഇടപെടലിൽ പ്രതിഷേധിച്ച് അഖാഡ പരിഷത്ത് വി.എച്ച്.പിയുടെ ധർമ സൻസദ് ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ സന്ത് സമിതി ഇടപെട്ട് ആർ.എസ്.എസും വി.എച്ച്.പിയുമായി ചേർന്നു പ്രവർത്തിച്ച് ബി.ജെ.പിയുടെ വിജയം ഉറപ്പു വരുത്തണമെന്ന് നിർദേശിച്ചു.

കുംഭമേളയും സാമ്പത്തികവും

കുംഭമേളയുടെ നടത്തിപ്പു മാത്രമാണ് അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ ചുമതല. ഹിന്ദു സീറുമാരും, സാധുകളും, തന്ത്രിമാരും അടങ്ങിയ 13 അഖാഡകളാണ് പരിഷത്തിനു കീഴിലുള്ളത്. ഇതിൽ ജുന അഖാഡയും, നിർവാനി അഖാഡയുമാണ് ഏറ്റവും വലുതും പ്രബലവും. ഓരോ അഖാഡയ്ക്കും ഒരോ മഹന്തുമാരുണ്ടാകും (മുഖ്യ പുരോഹിതൻ). വിവിധ അഖാഡകളുടെ പ്രതിനിധികൾ സംസ്ഥാന സർക്കാരുകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എപ്പോൾ, എവിടെ വെച്ച് കുംഭമേള നടത്തും എന്ന് തീരുമാനിക്കാറ്.

കാരവന് നൽകിയ പ്രതികരണത്തിൽ മുതിർന്ന ബി.ജെ.പി നേതാവ് ഇങ്ങനെ പറയുന്നുണ്ട്: ""കുംഭമേള ഭീമമായ കച്ചവടം കൂടിയാണ്. ഇതിനെ കേവലം സീറുമാരുടേയും, സാധുകളുടേയും, തന്ത്രിമാരുടേയും മതപരമായ സംഘമമായി കാണരുത്.'' ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയും ബി.ജെ.പി. നേതാവുമായ സത്പാൽ മഹാരാജിന്റെ അടുത്ത അനുയായി ദിഗംബർ നേഗി കുംബമേളയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ച് സൃഷ്ടിയോട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ""കുംഭ മേളയിൽ ഒരു കോടി ആളുകൾ പങ്കെടുക്കുന്നെന്ന് കരുതുക. ഒരാൾ 3000 രൂപ ചെലവഴിച്ചാൽ തന്നെ 3000 കോടി രൂപ വരുമാനമുണ്ടാകും. കുംഭ മേള ചുരുക്കുക എന്നാൽ ഈ വരുമാനവും ചുരുക്കലാകും.''

""കുംഭമേളയിൽ ഡൊണേഷൻ ആയും, കർമങ്ങളുടെ പേരിലും കോടിക്കണക്കിന് രൂപയാണ് സാധുകൾ സമ്പാദിക്കുക. എല്ലാ അഖാഡകളുടേയും പ്രധാന വരുമാന ശ്രോതസ്സ് കുംഭമേളയാണ്. മഹന്തുകൾ മാത്രമല്ല സാധാരണ സാധുകളും പണമുണ്ടാക്കുന്നത് ഇവിടെ വച്ചാണ്''; ധീരേന്ദ്ര ജാ പറയുന്നു.

കുംഭമേള നടത്തിപ്പിന്​ കേന്ദ്ര സർക്കാർ മാത്രം 700 കോടി രൂപ ചെലവഴിച്ചതായി മേള നടത്തിപ്പിന്റെ നോഡൽ ഓഫീസറായ കുംഭ മേള അധികാരി ദീപക് റാവത്ത് പറയുന്നു. സംസ്ഥാന സർക്കാർ മേളയ്ക്ക് വകയിരുത്തുന്ന തുകയ്ക്ക് പുറമേയാണിത്.

70 സീറ്റുകൾ മാത്രമുള്ള ഉത്തരാഖണ്ഡിനെക്കാൾ ബി.ജെ.പിക്ക് പ്രധാനം 403 സീറ്റുകളുള്ള ഉത്തർപ്രദേശാണെന്നും, ത്രിവേന്ദ്രയുടെ രാജിക്ക് പിന്നിലെ അവസാനത്തെ ആണിയായിരുന്നു കുംഭമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെന്നും, എന്നാൽ അതു മാത്രമല്ല കാരണമെന്നും ബി.ജെ.പി. നേതാവ് പറയുന്നു.

ത്രിവേന്ദ്രയുടെ രാജിക്കു പിന്നാലെ മാർച്ച് 10ന് മുഖ്യമന്ത്രി പദത്തിലെത്തിയ തിരാവത്ത് സിങ്ങ് റാവത്ത് ആദ്യം പുറപ്പെടുവിച്ച ഉത്തരവുകളിലൊന്ന്, മഹാശിവരാത്രി സ്നാനിൽ പങ്കെടുക്കുന്ന സീറുമാരിലേക്ക് ഹെലിക്കോപ്റ്റർ ഉപയോഗിച്ച് റോസ് ദളങ്ങൾ വിതറാനായിരുന്നു. അന്നു തന്നെ കുംഭമേളയിൽ എല്ലാവർക്കും ഒരു നിയന്ത്രണവും ഇല്ലാതെ പങ്കെടുക്കാമെന്നും തിരാത്ത് പറഞ്ഞു.

ഏപ്രിൽ 14ന് നിസാമുദ്ദീൻ മർക്കസും കുംഭമേളയും തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് തിരാത്ത് പറഞ്ഞതായി എ.എൻ.ഐ. റിപ്പോർട്ടു ചെയ്യുന്നു: ""ഘാട്ടുകളിൽ ഒരോ അഖാഡകൾക്കും വ്യത്യസ്ത സമയം അനുവദിച്ചിട്ടുണ്ട്, മർക്കസ് നടന്നത് അടച്ചിട്ട മുറിക്കുള്ളിലാണ്, കുംഭ് നടക്കുന്നത് വിശാലമായ തുറസ്സായ സ്ഥലത്തു വെച്ചും. പ്രധാനപ്പെട്ട ഒരു കാര്യം, കുംഭ് നടക്കുന്നത് ഗംഗാ നദിയുടെ തീരത്തു വെച്ചാണ്. മാ ഗംഗയുടെ അനുഗ്രഹം അതിൽ ഒഴുകുന്നുണ്ട്. അതുകൊണ്ട് അവിടെ കൊറോണ ഉണ്ടാവില്ല'' തിരാത്ത് പറയുന്നു.

സൂപർ സ്പ്രെഡർ

ജനുവരി 14-ന് ആരംഭിച്ച് ഏപ്രിൽ 27ന് അവസാനിച്ച കുംഭമേളയിൽ, 9.1 ദശലക്ഷം ആളുകൾ ഗംഗയിൽ പുണ്യസ്നാനം ചെയ്തെന്ന് മേളയുടെ സംഘാടകരായ കുംഭ് മേള ഫോഴ്സ് പറയുന്നു.

മാർച്ച് 11-ന് ഒന്നാം ഹരിദ്വാറിൽ ഒന്നാം ഷഹി സ്നാൻ നടക്കുമ്പോൾ ഉത്തരാഖണ്ഡിൽ റിപ്പോർട്ടു ചെയ്തത് 69 കേസുകളാണ്. ഏപ്രിൽ 28ന് 6,054 പുതിയ കേസുകളും 108 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്തു. 2020 സെപ്തംബർ 19ന് റിപ്പോർട്ടു ചെയ്ത 2078 കേസുകളാണ് അതു വരെ സംസ്ഥാനത്തുണ്ടായ ഒരു ദിവസത്തെ ഏറ്റവും വലിയ കോവിഡ് വർധനവ്. സംസ്ഥാനത്ത് മരണസംഖ്യ മൂന്നക്കം കടന്നതും 2021 ഏപ്രിൽ 28നാണ്.

ഏപ്രിൽ ആറിന് കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന് ഏപ്രിൽ ഒമ്പതിന് കോവിഡ് സ്ഥിരീകരിച്ചു. അഖിൽ ഭാരതീയ അഖാഡ പരിഷത്ത് തലവൻ നരേന്ദ്ര ഗിരി ഏപ്രിൽ 13ന് കോവിഡ് പോസിറ്റീവ് ആയി. നിർവാനി അഖാഡയിലെ മഹാമന്ദലേശ്വർ കപിൽ ദേവ് കോവിഡ് ബാധിച്ച് മരിച്ചത് ഏപ്രിൽ 15നാണ്. വിശ്വ ഹിന്ദു പരിഷത്ത് എക്സിക്യുട്ടീവ് ചെയർമാൻ അലോക് കുമാറിനും കുംഭമേള സന്ദർശിച്ചതിനു പിന്നാലെ കോവിഡ്- 19 പിടിപെട്ടു.

കുംഭമേളയുടെ നടത്തിപ്പ് കോവിഡിന്റെ അതിതീവ്രവ്യാപനത്തിന് വഴിവെക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് നരേന്ദ്ര മോദി സർക്കാർ അവഗണിച്ചതായി മെയ് എട്ടിന് ലാൻസെറ്റ്​ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കുംഭമേളയ്ക്കു ശേഷം തിരികെ എത്തുന്ന ആളുകളിലും വ്യാപകമായി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്യാരസ്​പുർ പട്ടണത്തിൽ നിന്ന് കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയ 69ൽ 61 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തു നിന്ന് അഞ്ചു ലക്ഷം മുതൽ ആറു ലക്ഷം ആളുകൾ കുംഭമേളയിൽ പങ്കെടുത്തെന്നാണ് രാജസ്ഥാൻ സർക്കാർ കണക്കാക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ, ഇവർക്ക് പ്രധാന പങ്കുണ്ടെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രി രഘു ശർമ്മ പറഞ്ഞതായി ദ പ്രിൻറ്​റിപ്പോർട്ടു ചെയ്യുന്നു.

ഗുജറാത്തിൽ ഏപ്രിൽ 18ന് കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയ 11 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചെന്ന് ടെെംസ് ഓഫ്‌ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. 313 പേരെയാണ് ടെസ്റ്റ് ചെയ്തത്. എന്നാൽ ദേശവ്യാപകമായി മേളയിൽ പങ്കെടുത്തവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തത് വ്യാപനത്തിന്റെ യഥാർത്ഥ തീവ്രത വെളിവാക്കിയിട്ടില്ല.

12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭ മേള 2022 ലായിരുന്ന നടക്കേണ്ടിയിരുന്നത്. 2019-ൽ കുംഭ മേള നടത്തിപ്പുമായി ബന്ധപ്പെട്ട് ജുന അഖാഡയുടെ നരേന്ദ്ര ഗിരിയുടെ അധ്യക്ഷതയിൽ 13 അഖാഡകളുടെ നേതാക്കളും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്രയും പങ്കെടുത്ത ഒരു കൂടിക്കാഴ്ച നടന്നിരുന്നു. ജോതിശാസ്ത്രം അനുസരിച്ച് 2022 നടത്തേണ്ട കുംഭമേള 2021 നടത്തുമെന്ന് സംസ്ഥാന സർക്കാറിനെ താൻ അറിയിച്ചിരുന്നതായി നരേന്ദ്ര ഗിരി പറഞ്ഞതായും കാരവൻ റിപ്പോർട്ടു ചെയ്യുന്നുണ്ട്. 2020 ജനുവരിയിൽ ഇന്ത്യയിൽ ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഫെബ്രുവരി 10-നാണ് ഉത്തരാഖണ്ഡ് സർക്കാർ ഷഹി സ്നാനിന്റെ തിയ്യതികൾ പ്രഖ്യാപിച്ചത്.

Comments