2021ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങൾ എന്നിൽ പലതരം വികാരങ്ങളാണുയർത്തുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമബംഗാളിലെയും ജനവിധി ഫെഡറലിസത്തെയും ബഹുസ്വരതയെയും ഉൾക്കൊള്ളുന്നതും സർവാശ്ലേഷിയായ ഇന്ത്യ എന്ന മൂല്യത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്. എങ്കിലും, എനിക്ക് ചില ആശങ്കകളുണ്ട്.
ഡി.എം.കെ; ഓർമയിൽ 2006
തമിഴ്‌നാട്ടിൽ ഡി.എം.കെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. സ്റ്റാലിൻ മുഖ്യമന്ത്രിയായി ഒരു ഡി.എം.കെ മന്ത്രിസഭ വരുമ്പോൾ, 2006- 11 കാലത്തെ അവരുടെ ഭരണം ഓർമയിലെത്തുന്നു, അത്പലർക്കും ആശങ്കകളുണ്ടാക്കുന്നു. അന്നത്തേത് തീർത്തും അഴിമതി നിറഞ്ഞതും തീർത്തും മോശവുമായ ഒരു ഭരണമായിരുന്നു. അതേസമയം, ഇപ്പോഴത്തെ സർക്കാറിനേക്കാൾ മോശമായിരുന്നു എന്നും പറയാനാകില്ല. ജയലളിതയുടെ മരണശേഷം ഈ സർക്കാർ ബി.ജെ.പിയുടെ പണയവസ്തുവായി മാറിപ്പോയി. ഡി.എം.കെക്ക് പ്രതിപക്ഷത്ത് രണ്ടു ടേം ക്ഷമാപൂർവം കാത്തിരിക്കേണ്ടിവന്ന അവസ്ഥ ചരിത്രത്തിലുണ്ടായിട്ടുണ്ട്.
45 വർഷത്തിലേറെയായി സ്റ്റാലിൻ രാഷ്ട്രീയത്തിലുണ്ട്. പിതാവ് മുഖ്യമന്ത്രിയായതുകൊണ്ട് അദ്ദേഹവും മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനുമാകുമായിരുന്നില്ല. ഡി.എം.കെയുടെ ഇത്തവണത്തെ പ്രകടനപത്രികയും അവർ മുന്നോട്ടുവെച്ച വീക്ഷണവും തികച്ചും മികച്ചതായിരുന്നു, അതുകൊണ്ടുതന്നെ സ്റ്റാലിൻ ഒരു ഊഴം അർഹിക്കുന്നുണ്ട്. എന്നാൽ, എന്നെ ഉൽക്കണ്ഠപ്പെടുത്തുന്ന സംഗതി, നാലു സീറ്റുമായി തമിഴ്‌നാട്ടിലേക്കുള്ള ബി.ജെ.പിയുടെ നുഴഞ്ഞുകയറ്റമാണ്.
തമിഴ്‌നാട് നിയമസഭയിൽ നാലുസീറ്റുമായി ബി.ജെ.പി അക്കൗണ്ട് തുറന്നത് 2001ൽ ഡി.എം.കെയുമായുള്ള സഖ്യത്തിലൂടെയാണ് എന്ന മറക്കാനാകില്ല. രണ്ടുദശാബ്ദത്തിനുശേഷം, എ.ഐ.എ.ഡി.എം.കെയുടെ സഹായത്തോടെ വീണ്ടും ബി.ജെ.പി നിയമസഭയിലെത്തുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ബി.ജെ.പി വർഗീയ കാർഡിറക്കിയാണ് കളിക്കുന്നത്, തമിഴ്‌നാട്ടിലും ജാതിയെയാണ് അത് വാഹനമാക്കുന്നത്.
മമതക്ക് ജയം സമ്മാനിച്ചത് ബി.ജെ.പി
ബംഗാളിൽ, മമത സർക്കാറിനെതിരെ ശക്തമായ ഒരു ഭരണവിരുദ്ധവികാരമുണ്ടായിരുന്നു. നിസ്സംശയം പറയാവുന്ന കാര്യം, മമതയുടെ രണ്ടു സർക്കാറുകൾക്കുകീഴിൽ ബംഗാളിന് കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അവരുടെ ഏകാധിപത്യരീതിയിലുള്ള ഭരണം, നിരവധി മേഖലകൾക്ക് തിരിച്ചടിയാകുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തേത്, ഒരു സാധാരണ തെരഞ്ഞെടുപ്പായിരുന്നുവെങ്കിൽ, അവർക്ക് ഭൂരിപക്ഷം നഷ്ടമാകുകയും ഇടതു- കോൺഗ്രസ് സർക്കാറിന് ഒരു സഖ്യസർക്കാറുണ്ടാക്കാൻ തക്ക എണ്ണം സീറ്റുകൾ ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, വിജയം എന്ന ഏക അജണ്ട മുൻനിർത്തി ബി.ജെ.പി യുദ്ധം തുടങ്ങി, ഒരു വർഷം മുമ്പേ അതിനുള്ള തന്ത്രങ്ങളൊരുക്കിത്തുടങ്ങി. ഇത് തീർത്തും ധ്രുവീകരിക്കപ്പെട്ടതും വിനാശകരവും ജനവിരുദ്ധവുമായ കാമ്പയിനായിരുന്നു. അത്, സംസ്ഥാനത്തെ മുഴുവൻ തൃണമൂൽ കോൺഗ്രസിനുപിന്നിൽ അണിനിരക്കാൻ നിർബന്ധിതരാക്കി. ഇതാണ്, ഇത്തവണ അവർക്ക് ഒരു വൻ വിജയം സമ്മാനിച്ചത്. അതുകൊണ്ട്, തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ബി.ജെ.പിക്ക് നൽകാവുന്നതാണ്.
ഒറ്റക്ക് ഫാസ്‌സിറ്റ്- വർഗീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ കഴിയുന്ന ഒരു പോരാളിയുടെയും ഒരു വലിയ നേതാവിന്റെയും അതിലുപരി ഒരു ക്രൂശിതയുടെയും അസ്തിത്വത്തിലേക്ക് മമത ഉയർന്നുവെങ്കിലും, ഒരു കാര്യം മറക്കരുത്: 44 സീറ്റിൽ നിന്ന് കോൺഗ്രസ് വട്ടപ്പൂജ്യത്തിലേക്ക് ഇല്ലാതാകുകയും മൂന്നിൽനിന്ന് ബി.ജെ.പി 75ലേക്ക് കുതിക്കുകയും ചെയ്തിരിക്കുന്നു.
കേരളം, സംശയരഹിതമായ ആഹ്ലാദം
പൂർണമായി ആഹ്ലാദിക്കാവുന്ന ഒരു തെരഞ്ഞെടുപ്പുഫലം കേരളത്തിലേതാണ്. അത് മികച്ച ഭരണത്തിനും രാഷ്ട്രീയ നേതൃത്വത്തിനും ലഭിച്ച ജനവിധിയാണ്. അമ്പരപ്പിക്കുന്ന വ്യക്തതയുള്ള ഈ മാൻഡേറ്റ്, ബി.ജെ.പിയെ ഒന്നിൽനിന്ന് പൂജ്യത്തിലേക്ക് ‘സംപൂജ്യ'രാക്കിയിരിക്കുന്നു, അതിശക്തമായ ഒരു സന്ദേശം കൂടിയാണിത്. ബി.ജെ.പി ജയിച്ച സ്ഥലങ്ങളിൽ കൂടുതൽ സ്‌കൂളുകൾ തുറക്കുമെന്ന് നേരത്തെ പിണറായി വിജയൻ പ്രസ്താവിച്ചിരുന്നത് ഓർക്കുന്നു. എന്നാൽ, നാം ഒരു കാര്യം ഓർക്കണം; ബി.ജെ.പിക്ക് ഇന്ധനം പകരുന്നത് മേൽത്തട്ടിലുള്ള, സ്വാധീനശേഷിയുള്ള വിദ്യാസമ്പന്ന വർഗവും എൻ.ആർ.ഐ വിഭാഗവുമാണ്; അല്ലാതെ, ആധിപത്യവർഗങ്ങളാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന നിരക്ഷരരല്ല.
വലിയ വിജയങ്ങളെക്കുറിച്ച് നാം സംസാരിക്കുമ്പോൾ, ഒരു വസ്തുത മറക്കാൻ പാടില്ല; പോണ്ടിച്ചേരി ബി.ജെ.പിക്ക് ഒരു പുതിയ വിജയം സമ്മാനിച്ചിരിക്കുന്നു, അസമിൽ ആ പാർട്ടിക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നു. മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഭരണവൈകല്യത്തിന്റെ പ്രതിഫലനമെന്ന നിലയ്ക്ക് സംഭവിക്കുന്ന കോവിഡ് കൂട്ടക്കൊലയിൽ രാജ്യം മുഴുവൻ ഒരു തുറന്ന ശ്മശാനം പോലെ എരിഞ്ഞുകൊണ്ടിരിക്കുമ്പോൾ, അവരുടെ രാജിക്കുവേണ്ടിയുള്ള ശബ്ദം തീർത്തും ദുർബലവും നേർത്തതുമായി മാറിയിരിക്കുന്നു. അവർ എവിടെയാണോ ഉള്ളത്, അവർക്ക് അവിടെത്തന്നെ തുടരാൻ കഴിയുന്നു, നമുക്ക് എന്താണോ ഉള്ളത് അത് സംരക്ഷിക്കാൻ നാം ശക്തമായി പോരാടേണ്ടിയും വരുന്നു.
ജനാധിപത്യം എന്നത് നിശ്ചയമായും ദുഷ്‌കരമാണ്, സങ്കീർണമാണ്, അത് എളുപ്പമല്ലാത്ത ഒന്നാണ്. അത് സ്ഥിരമായി നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഇടമാണ്. നമ്മൾ എന്താണോ അർഹിക്കുന്നത്, അത്തരമൊരു ഭരണീയത ഉറപ്പുനൽകുന്ന ഉപകരണമാണത്. തെരഞ്ഞെടുപ്പുകളേക്കാൾ അത് ദൈനംദിന ജീവിതമാണ്. അതുകൊണ്ട്, ജനാധിപത്യത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കുക, കാരണം, അതാണ് നമ്മുടെ കൈയിലുള്ള ഏക ചോയ്‌സ്.