2021 ഒക്ടോബർ 27ന് 'കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി'യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന പ്രതിഷേധം. / Photo: sucicommunist.org

ജനാധിപത്യം, ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയിൽ
​സംഭവിയ്ക്കുന്നതല്ല, സംരക്ഷിക്കപ്പെടുന്നതുമല്ല

പുരോഗമനമെന്ന് കപടമായി മനസ്സിലാക്കിയ ‘ഇടത് സഹയാത്ര' നമ്മുടെ ജനാധിപത്യത്തിൽ വളരുന്ന ഈ ആധിപത്യ രാഷ്ട്രീയത്തെ മറച്ചുവെയ്ക്കുന്നു. നമ്മുടെ ഒരു വലിയ പങ്ക് എഴുത്തുകാർ ചെയ്യുന്നതും അതാണ്. തങ്ങളുടെ നുണകൾ ജീവിയ്ക്കുക എന്നല്ലാതെ ഈ സഹയാത്രയ്ക്കും മറ്റൊന്നും ചെയ്യാനില്ല.

താങ്കൾ ഏത് വികസനപദ്ധതിയെയാണ് എതിർക്കാതിരുന്നിട്ടുള്ളത്, താങ്കൾ അനൂകൂലിച്ച ഒരു പദ്ധതിയുടെ പേര് പറയൂ- കെ റെയിൽ പദ്ധതിക്കെതിരെ സാമൂഹ്യപ്രവർത്തകനും പരിസ്ഥിതി ചിന്തകനുമായ സി.ആർ. നീലകണ്ഠനെ ഒരു സി.പി.എം. വക്താവ് ഒരു ടെലിവിഷൻ ചർച്ചയിൽ നേരിട്ടത് അങ്ങനെയായിരുന്നു: കംപ്യൂട്ടർവൽക്കരണത്തെയും കൃഷിയിലെ യന്ത്രവൽക്കരണത്തെയും എതിർത്ത തങ്ങളുടെ സമീപ ഭൂതകാലത്തുനിന്ന് സി.പി.എം രാഷ്ട്രീയം നടത്തിയ കുതിച്ചുചാട്ടമാണ് അപ്പോൾ ഞാൻ ഓർത്തത്. മാർക്‌സിസ്റ്റ് രാഷ്ട്രീയപരികല്പനയിൽ ഇത്തരം കുതിച്ചുചാട്ടങ്ങൾ, leap forward, ശ്രദ്ധിക്കുകയും വേണം. എന്നാൽ, ഈ കാര്യത്തിലെങ്കിലും അത് അങ്ങനെയാവുന്നില്ല. പകരം, സാമൂഹ്യദ്രോഹികളായും വികസന വിരോധികളായും പരിസ്ഥിതി പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും മുദ്രചാർത്തുന്ന സ്ഥിരം കഥാപാത്രമായിത്തന്നെ ഈ രാഷ്ട്രീയവക്താവും ആടി. അല്ലെങ്കിൽ, ജനാധിപത്യവിരുദ്ധമായ, വികസനത്തെ ഒരു മർദകയന്ത്രമായി, അജയ്യമായ ഭരണകൂടസങ്കൽപ്പമായി, കൃത്യമായി അവതരിപ്പിയ്ക്കുന്ന രാഷ്ട്രീയമായിരുന്നു അത്. ഒരു സമരം നടത്താനുള്ള വീര്യം ഒന്നും കേരളത്തിൽ പ്രതിപക്ഷത്തിനില്ല എന്നുപറയുന്ന കോടിയേരി ബാലകൃഷ്ണനും എന്തുവന്നാലും അളവെടുപ്പിനായി നാട്ടിയ സർവേക്കല്ല് പൊളിച്ചുമാറ്റും എന്ന് പറയുന്ന സുധാകരനും ജനാധിപത്യവിരുദ്ധമായ ഭരണകൂടരാഷ്ട്രീയത്തിന്റെ സംരക്ഷകരാവുന്നതും ഇങ്ങനെയൊരു രാഷ്ട്രീയ സംവാദ പരിസരം നിലനിൽക്കുന്നതുകൊണ്ടാണ്.

ഭരണനിർവഹണത്തെയും സാമൂഹ്യവികസനത്തെയും സംബന്ധിച്ച ഏറ്റവും അപരിഷ്‌കൃതമായ ആശയങ്ങളാണ് ഇവരെ ഈ കാലത്തും നയിക്കുന്നത് എന്നത് നമ്മുടെ രാഷ്ട്രീയപാർട്ടികളുടെ ദുരന്തം മാത്രമാവില്ല. ജനാധിപത്യവാഴ്ച എത്ര ദുർബലമാണ് നമ്മുടെ സമൂഹത്തിൽ എന്നുകൂടി ഇത് കാണിക്കുന്നു.

പ്രത്യയശാസ്ത്രമല്ല ‘ആധിപത്യത്തിന്റെ ആൺരാഷ്ട്രീയ'മാണ് കേരളത്തിന്റെ രാഷ്ട്രീയ പൊതുബോധമെങ്കിൽ അതിലെ ഹിംസയുടെ പ്രകടനങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങളിൽ എന്ന പോലെ, ഇപ്പോൾ പിണറായി സർക്കാർ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളിലും നമുക്ക് കാണാവുന്നതേയുള്ളൂ.

‘വലതുപക്ഷ'ത്തെ വിലയിരുത്തി ഒരു ‘ഇടതുപക്ഷ യാത്രക്കാരൻ' പറഞ്ഞത് വലതുപക്ഷത്തിന് എന്ത് ഹിംസ ചെയ്യാനും എപ്പോഴും ഒരു പ്രത്യയശാസ്ത്ര പിന്തുണയുണ്ട് എന്നായിരുന്നു: അവർക്ക് മതമുണ്ട്, ദൈവമുണ്ട്, മുതലാളിത്തമുണ്ട്. പക്ഷെ ഇടതുപക്ഷത്തിനോ? അവർക്ക് ഇപ്പറഞ്ഞ ഒന്നിന്റെയും പിന്തുണയില്ല, ഇതിനെതിരെയെല്ലാം മാർക്‌സിസം ലെനിനിസത്തിലൂടെ പോരാടി നേടിയെടുക്കേണ്ട വിപ്ലവവീര്യമല്ലാതെ, വിപ്ലവമല്ലാതെ? അയാൾ പറയുന്നു.

സച്ചിദാനന്ദൻ

പ്രത്യയശാസ്ത്രമല്ല ‘ആധിപത്യത്തിന്റെ ആൺരാഷ്ട്രീയ'മാണ് കേരളത്തിന്റെ രാഷ്ട്രീയ പൊതുബോധമെങ്കിൽ അതിലെ ഹിംസയുടെ പ്രകടനങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങളിൽ എന്ന പോലെ, ഇപ്പോൾ പിണറായി സർക്കാർ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളിലും നമുക്ക് കാണാവുന്നതേയുള്ളൂ. എന്നാൽ, പുരോഗമനമെന്ന് കപടമായി മനസ്സിലാക്കിയ ‘ഇടത് സഹയാത്ര' നമ്മുടെ ജനാധിപത്യത്തിൽ വളരുന്ന ഈ ആധിപത്യ രാഷ്ട്രീയത്തെ മറച്ചുവെയ്ക്കുന്നു. നമ്മുടെ ഒരു വലിയ പങ്ക് എഴുത്തുകാർ ചെയ്യുന്നതും അതാണ്. തങ്ങളുടെ നുണകൾ ജീവിയ്ക്കുക എന്നല്ലാതെ ഈ സഹയാത്രയ്ക്കും മറ്റൊന്നും ചെയ്യാനില്ല.

കെ റെയിൽ വിഷയത്തിൽ കവി സച്ചിദാനന്ദൻ സ്വീകരിച്ച ‘സമദൂരം' ശ്രദ്ധിച്ചാൽ ഇതേ സഹയാത്രയുടെ രാഷ്ട്രീയം മനസിലാകും. അല്ലെങ്കിൽ തന്റെ ‘ഇടതുപക്ഷ രാഷ്ട്രീയ'ത്തെ സച്ചിദാനന്ദൻ ഒരിക്കലും സംശയിക്കാൻ അനുവദിക്കാറില്ല. അതിന് ‘സ്വതന്ത്ര'മായ, അല്ലെങ്കിൽ ‘ആപേക്ഷിക സ്വാതന്ത്ര്യ'മുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇതെല്ലാം സച്ചിയുടെ ആശയലോകമത്രെ. എന്നാൽ, സി.പി.എം. നയിക്കുന്ന ‘ആധിപത്യ'രാഷ്ട്രീയത്തെ മറച്ചുവെച്ച്​ തന്റെ സ്വന്തം ഇടതുപക്ഷ സംഞ്ജകൾ കൊണ്ട് പൂവെച്ചുപോകുന്ന രീതി ഇതിലും കാണാം. ഇത് നോക്കൂ: കെ റെയിൽ കേരളത്തെ വിഭജിക്കും എന്നുപറയുന്നത് താൻ വിശ്വസിക്കുന്നില്ല എന്ന് സച്ചിദാനന്ദൻ പറയുന്നു. കെ റെയിൽ കേരളത്തെ വിഭജിക്കും എന്നുപറയുന്നത് അതിന്റെ നിർമാണം ഉണ്ടാക്കാൻ പോകുന്ന നെടുങ്കൻ വേർപ്പെടലാണ്, അത് മതിലിന് അപ്പുറത്തും ഇപ്പുറത്തും എന്ന് ഒരു പുരയിടത്തെ വിഭജിക്കലാണ് എന്ന് ഇന്ന് എല്ലാവർക്കും അറിയാം. അതിനെ ഒരു യാത്രക്കാരന്റെ മനസ്സോടെയല്ല, പാർപ്പുകാരന്റെ മനസ്സോടെയാണ് കാണേണ്ടത്. സച്ചിദാനന്ദൻ, പക്ഷെ, ഇത് തന്റെ ആശയത്തിനും പുറത്തുള്ള ‘പാർട്ടി'യ്ക്കുവേണ്ടി മറച്ചുപിടിക്കുന്നു. ഒപ്പം, തന്റെ ‘ഭാവനയിലെ ഇടതുപക്ഷ രാഷ്ട്രീയ'ത്തെ അശുദ്ധമാക്കാതെ സംരക്ഷിക്കുന്നു.

ജനാധിപത്യത്തെ രാഷ്ട്രീയപാർട്ടികളുടെ ആധിപത്യാവകാശമാക്കുന്നതിൽ, എഴുത്തുകാർക്കുള്ള പങ്കുപോലെ, ഇന്ന് മലയാള മാധ്യമങ്ങൾക്കും, വിശേഷിച്ചും ടെലിവിഷൻ വാർത്താ ചാനലുകൾക്കുമുണ്ട്

സി.പി.എമ്മിന്റെ ‘ആധിപത്യരാഷ്ട്രീയം' (സമൂഹത്തിലും, വിവരനിർമിതിയിലും, മുന്നണിയിലും അത് കാണാം) ‘ലെനിനിസ്റ്റ് പാർട്ടി' സങ്കൽപ്പത്തിന്റെ ചെകുത്താൻ തന്നെ എന്ന് സച്ചിദാനന്ദന് അറിയാഞ്ഞിട്ടല്ല, പക്ഷെ അതും ഓരോ അവസരങ്ങളിലും മറച്ചുവെയ്ക്കുന്നു. ഓർമയിലെ ഓരോ അവസരങ്ങളിലും. കെ റെയിലിന്റെ കാര്യത്തിൽ പാരിസ്ഥിതിക പഠനങ്ങൾക്കും ചർച്ചകൾക്കും മുമ്പേ ‘ആര് എതിർത്താലും ഞങ്ങൾ ഇതുമായി മുമ്പോട്ടുപോകും' എന്ന ഫാസിസത്തെ ആധിപത്യരാഷ്ട്രീയമായല്ല സച്ചിദാനന്ദൻ അവതരിപ്പിക്കുക, പകരം അവിടെ മൈൽഡ് ആകും, ‘ചർച്ച വേണം' എന്നുമാത്രം പറഞ്ഞ് തന്റെ ‘നിലപാട്' വീണ്ടും ശുദ്ധമാക്കും. ഇതൊരു ‘ബൗദ്ധിക ഇരട്ടത്താപ്പ്' ആണ്. എതിർക്കപ്പെടെണ്ടതുമാണ്.
അല്ലെങ്കിൽ, ജനാധിപത്യം എന്നത് ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയിൽ സംഭവിയ്ക്കുന്നതോ സംരക്ഷിക്കപ്പെടുന്നതോ ആയ ഒരു ജീവിതക്രമമല്ല. മറിച്ച്, അധികാരത്തെ മാനുഷികമായ അനുഭവമാക്കാൻ ശ്രമിക്കുന്ന മനുഷ്യസമൂഹത്തിന്റെ തന്നെ പ്രവർത്തിയാണ്. ഇത് മനസ്സിലാക്കാൻ തീർച്ചയായും മാർക്‌സിസം സഹായിക്കും, വ്യാജ മാർക്‌സിസം തടയുകയും ചെയ്യും. സച്ചിദാനന്ദന്റെ കാര്യത്തിൽ, മറ്റ് പല ‘സഹയാത്ര'ക്കാരുടെയും കാര്യത്തിലെന്നപോലെ, സംഭവിയ്ക്കുന്നതും അതാണ്.

ജനാധിപത്യത്തെ രാഷ്ട്രീയപാർട്ടികളുടെ ആധിപത്യാവകാശമാക്കുന്നതിൽ, എഴുത്തുകാർക്കുള്ള പങ്കുപോലെ, ഇന്ന് മലയാള മാധ്യമങ്ങൾക്കും, വിശേഷിച്ചും ടെലിവിഷൻ വാർത്താ ചാനലുകൾക്കുമുണ്ട്. ജനാധിപത്യപ്രക്രിയയിൽ നിന്നും പൗരസമൂഹത്തിന്റെ സമ്പൂർണമായ തുടച്ചുനീക്കൽ രാഷ്ട്രീയപ്രഭുകൾക്ക് ഒപ്പം ഇന്ന് ഈ മാധ്യമങ്ങളും മുൻകൂർ ഉറപ്പുവരുത്തുന്നു.

ജനോപകാരപ്രദങ്ങളായ പദ്ധതികൾ സങ്കൽപ്പിക്കാൻ അവശ്യം വേണ്ടുന്ന ഒന്ന്, ‘സഹാനുഭൂതി'യാണെങ്കിൽ, അത് നഷ്ടപ്പെട്ട ഒരു ഭരണനേതൃത്വമാണ് ഇന്ന് കേരളം കാഴ്ചവെയ്ക്കുന്നത് - ഇപ്പോഴത്തെ ദില്ലി ഭരണത്തെ ഓർമിപ്പിക്കുന്നവിധം. പക്ഷെ, ഒരു പരിഷ്‌കൃതസമൂഹവും അങ്ങനെയൊരു ഭരണത്തെ അധികകാലം ആഗ്രഹിക്കില്ല, ഗതികേടുകൊണ്ട് തിരഞ്ഞെടുത്താലും. കാരണം ഓരോ മനുഷ്യജീവിയും ഭൂമിയിലെ തന്റെ പാർപ്പിനെ തനിക്കുതന്നെ സഹ്യമാക്കാനാണ് ശ്രമിക്കുന്നത് എന്നതിനാൽ. അതിനാണ് ജനാധിപത്യത്തെ അവർ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ. ജനകീയ സമരങ്ങളുടെ കാതലും ചരിത്രവും ഓർമയും അതാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments