ബംഗാളിൽ ഇടതുപക്ഷത്തിന്​ എന്തു സംഭവിക്കും?

ഇടതുപക്ഷത്തിന്റെ തകർച്ച ബംഗാളിൽ ബി.ജെ.പിക്ക് സഹായകരമായി, സി.പി.എം- കോൺഗ്രസ് ധാരണ അബന്ധം. ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് സാധ്യത വളരെ കുറവ്, ആത്മപരിശോധനക്ക് ഇടതുപക്ഷം തയാറാകാത്തത് ജനങ്ങളെ നിരാശരാക്കുന്നു- ഇടതു സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രസൻജീത് ബോസ് സംസാരിക്കുന്നു

റിയപ്പെടുന്ന ഇടതു സാമ്പത്തിക വിദഗ്ദനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രസൻജീത് ബോസ് ബംഗാളിലെ സമകാലിക രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നു. സി.പി.എം ഗവേഷണ വിഭാഗം തലവനായിരുന്ന പ്രസൻജീത് ബോസ് യു.പി.എ ഭരണകാലത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖർജിയെ സി.പി.എം പിന്തുണച്ചതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. ഇടതുപക്ഷ വീക്ഷണങ്ങൾ ഉയർത്തി ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന പ്രസൻജീത് ബോസ്, ആനുകാലിക വിഷയങ്ങളെക്കുറിച്ച് എഴുതുന്നു. അദ്ദേഹവുമായി നടത്തിയ ഇ- മെയിൽ അഭിമുഖം

എൻ. കെ. ഭൂപേഷ്: ഭൂരിപക്ഷ വർഗീയത പിടിമുറുക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ചരിത്രപരമായി തന്നെയുള്ള പ്രദേശമാണ് ബംഗാൾ എന്ന് പറയാം. എങ്ങനെയാണ് ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും ബംഗാൾ ഹിന്ദു വർഗീയയതെയെ ഇത്രയും നാൾ ചെറുത്തുനിന്നത്?

പ്രസൻജീത് ബോസ്: സ്വാതന്ത്ര്യത്തിനുശേഷം ബംഗാളിൽ ഹിന്ദുത്വ രാഷ്ട്രയീയത്തെയും മറ്റ് വർഗീയ ശക്തികളെയും അകറ്റി നിർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് വിഭജനകാലത്ത് ബംഗാളിനുണ്ടായ അനുഭവങ്ങളാണ്. അന്നുണ്ടായ വർഗീയ കലാപങ്ങൾ, അതുപോലെ, ദശലക്ഷക്കണക്കിന് അഭയാർത്ഥികളുടെ വരവും അതിജീവനത്തിനായുള്ള അവരുടെ പോരാട്ടവും ബംഗാളി സമൂഹത്തിൽ വലിയ ആഘാതമാണുണ്ടാക്കിയത്. ഈ അനുഭവം ബംഗാളിലെ ജനങ്ങളുടെ ചിന്തയെ സ്വാധീനിച്ചു. വിഭജനമെന്ന വേദനാജനകമായ അനുഭവത്തിലേക്ക് ജനങ്ങളെ തള്ളിയിട്ട വർഗീയ രാഷ്ട്രീയം ഒരു വഴിയേയല്ലെന്നും ഏതുവിധേനയും ആ രാഷ്ട്രീയത്തെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന ബോധമായിരുന്നു ബംഗാളികൾക്കുണ്ടായത്.

കിഴക്കൻ ബംഗാളിൽനിന്നുള്ള അഭയാർത്ഥികളുടെ ജീവിത പ്രശ്‌നങ്ങൾ ഏറ്റെടുത്തത് കമ്യൂണിസ്റ്റുകാരും പുരോഗമന രാഷ്ട്രീയക്കാരുമായിരുന്നു. ഇത് അവരുടെ രാഷ്ട്രീയബോധത്തെ പുരോഗമന ദിശയിലേക്ക് തിരിക്കാൻ കാരണമായി. 1960 കളിലും 70 കളിലും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി രൂപപ്പെട്ട ജനകീയ പ്രസ്ഥാനങ്ങളാണ് ബംഗാളിലെ പിന്നീടുള്ള രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്.

അടിയന്തരാവസ്ഥക്കുശേഷം കോൺഗ്രസ് നാമാവശേഷമാകുകയും ഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തു. പരിമതികളും വ്യതിയാനങ്ങളും അവസാനകാലത്ത് പ്രകടമായെങ്കിലും മൂന്നുപതിറ്റാണ്ട് കാലത്തെ ഇടതുപക്ഷഭരണം മതേതരത്വ മൂല്യങ്ങളെ മുറുകെ പിടിച്ചായിരുന്നു.

അതുകൊണ്ടുതന്നെ ആർ.എസ്.എസിനും ബി.ജെ.പിക്കും ബംഗാളിൽ സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തര കാലത്ത് മതേതരത്വവുമായി ബന്ധപ്പെട്ട് ബംഗാളിൽ ഉണ്ടായിരുന്ന ഏകാഭിപ്രായത്തിൽനിന്നുള്ള പിന്നാക്കം പോക്കായി വേണം ബംഗാളിലെ ബി.ജെ.പിയുടെ വളർച്ചയെ കാണാൻ.

സ്വാതന്ത്ര്യത്തിനുമുമ്പ് ബംഗാളിലുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളും ഹിന്ദുത്വയ്‌ക്കെതിരായ ചെറുത്തുനിൽപ്പിനെ ഏതെങ്കിലും രീതിയിൽ സഹായിച്ചിട്ടുണ്ടോ?

ഒരു പരിധിവരെ അതെ എന്നുപറയാം. ബംഗാളിലെ പുരോഗമന സാംസ്‌ക്കാരിക പാരമ്പര്യത്തിന് വളരെ പഴക്കമുണ്ട്. അത് മനുഷ്യരുടെ ഏകതയേയും സംസ്‌ക്കാരത്തിന്റെ സമന്വയത്തെയും ഉയർത്തിപ്പിടിക്കുന്നതുമായിരുന്നു. അതേസമയം ബംഗാൾ നവോത്ഥാനമെന്നതിന് വിവിധ ധാരകളുണ്ട്. അതിൽ ചിലത് യാഥാസ്ഥിതികത്വത്തേയും അടിച്ചമർത്തലുകളെയും ചോദ്യം ചെയ്യുകയും യുക്തിബോധത്തെയും നീതിയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുകയും ചെയ്തു.

രബീന്ദ്രനാഥ് ടാഗോർ
രബീന്ദ്രനാഥ് ടാഗോർ

ആധുനിക സങ്കൽപങ്ങളായ സ്വാതന്ത്ര്യം, മതേതരത്വം, ബഹുസ്വരതയിലെ ഏകത്വം, എന്നിവയുടെ വേര് ഇത്തരത്തിലുള്ള നവോത്ഥാന കാല പ്രസ്ഥാനങ്ങളിലാണ്. എനിക്ക് തോന്നുന്നു ടാഗോറാണ് ഇത്തരം മൂല്യങ്ങളെ ഏറ്റവും ഉചിതമായി ഉൾക്കൊള്ളുന്ന വ്യക്തിത്വം എന്നാണ്.

മതേതരത്വ പ്രസ്ഥാനങ്ങളുടെ പരിമിതിയോ, പരാജയമോ ആണ് ഇന്ത്യയിൽ ഹിന്ദുത്വ തീവ്രവാദം പിടിമുറുക്കാൻ കാരണമെന്നത് ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട കാര്യമാണ്. ബംഗാളിൽ ഇത്തരമൊരു അവസ്ഥ തന്നെയാണോ ഉണ്ടായത്. വളരെ ചുരുങ്ങിയ കാലയളവിൽ ഹിന്ദുത്വത്തിന് നിർണായക മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതെങ്ങനെയാണ്?

സി.പി.എമ്മിനും ഇടതുപക്ഷത്തിനും രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പ് രംഗത്തും ഉണ്ടായ തിരിച്ചടിയാണ് ബി.ജെ.പിക്കും ആർ.എ.എസിനും ബംഗാളിൽ ഇടം ഉണ്ടാക്കി കൊടുത്തത്. ദളിതരും ആദിവാസികളും ഉൾപ്പെടുന്ന നഗര- ഗ്രാമ പ്രദേശങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളായിരുന്നു ഇടതുപക്ഷത്തിന്റെ അടിത്തറ. 2014 ഓടെ ഇവർ പതുക്കെ ബി.ജെ.പിയിലേക്ക് നീങ്ങിത്തുടങ്ങി. രാഷ്ട്രീയ കാരണങ്ങളാലാണ് ഇത് സംഭവിക്കുന്നത്. ഇടതുപക്ഷത്തിന്റെ നിലപാടുകളിലും വൃദ്ധനേതൃത്വത്തോടുള്ള ജനങ്ങളുടെ നിരാശയുമാണ് ഇത്തരത്തിൽ പാർട്ടിയുടെ അടിത്തറയായി നിന്നവരുടെ ശോഷണത്തിന് കാരണമായത്. ഇക്കാര്യം സി.പി.എം നേതൃത്വം നിഷേധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വസ്തുത അതാണ്.

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പശ്ചിമ ബംഗാളിലെ റാണിബന്ദിൽ നിന്ന് ഹിർബന്ദിലേക്ക് സി.പി.എം സംഘടിപ്പിച്ച വാഹനറാലി
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പശ്ചിമ ബംഗാളിലെ റാണിബന്ദിൽ നിന്ന് ഹിർബന്ദിലേക്ക് സി.പി.എം സംഘടിപ്പിച്ച വാഹനറാലി

2011 ലെ പരാജയത്തിനുശേഷം തെറ്റുതിരുത്തുന്നത് പോകട്ടെ, എന്തെങ്കിലും തരത്തിലുള്ള സ്വയം വിമർശനത്തിന് പോലും പാർട്ടി തയ്യാറായില്ല. ഇതാണ് വലിയ തോതിൽ അണികൾ ബി.ജെ.പിയിലേക്ക് പോകാൻ കാരണം. ദശലക്ഷക്കണക്കിന് പാർട്ടി അനുഭാവികളും പ്രവർത്തകരുമാണ് നിരാശരായി പാർട്ടി വിട്ടത്. ഇവരാണ് ബി.ജെ.പിയ്ക്ക് ബംഗാളിൽ വളരാൻ ഇട നൽകിയത്.
2016 ൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനം മഹാഅബന്ധമായിരുന്നു. ഇത് അതിന്റെ രാഷ്ട്രീയ സത്യസന്ധമില്ലായ്മയെ തുറന്നുകാട്ടുകയും അതിനെ ബംഗാളിലെ മൂന്നാമത്തെ രാഷ്ട്രീയ കക്ഷിയാക്കി മാറ്റുകയും ചെയ്തു. 2016 നും 2019 നുമിടയിൽ ഒരു കോടിയിലേറെ വോട്ടർമാരാണ് ഇടതുപക്ഷത്തിൽനിന്ന് ബി.ജെ.പിയിലേക്ക് മാറിയത്. ആദ്യം രാമൻ, പിന്നെ ഇടത് എന്നതായിരുന്നു അന്ന്​ ബി.ജെ.പി ഉയർത്തിയ മുദ്രാവാക്യം.

ബി.ജെ.പിയുടെ വളർച്ചക്കുപിന്നിൽ ഇടതുപക്ഷത്തിന് മാത്രമാണോ ഉത്തരവാദിത്തം, ഇക്കാര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സമീപനങ്ങൾ എന്ത് പങ്കാണ് വഹിച്ചത്?

തൃണമൂൽ അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്. മമതാ ബാനാർജിയുടെ രാഷ്ട്രീയം തന്നെ ഇടതുപക്ഷ സർക്കാരിനെ മാറ്റുകയെന്നതായിരുന്നു. ആ ലക്ഷ്യം നേടിയതിനുശേഷം അവർക്ക് ബദൽ സമീപനങ്ങൾ ഒന്നും മുന്നോട്ടുവെയ്ക്കാനുണ്ടായിരുന്നില്ല. ചില അപൂർണമായ ജനപ്രിയ നടപടികൾക്കപ്പുറം അവർക്കൊന്നും മുന്നോട്ടുവെയ്ക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തൃണമൂലിന്റെ ഭരണം എന്നത് ജനവിരുദ്ധമായി മാറി. വലിയ തോതിൽ അഴിമതി, രാഷ്ട്രീയ വിമതരെ അടിച്ചമർത്തുക, തന്നിഷ്ടത്തോടെ നയപരിപാടികൾ നടപ്പിലാക്കുക എന്നതായി ഭരണത്തിന്റെ മുഖമുദ്ര. 2018 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നിൽ ഒന്ന് പഞ്ചായത്തുകളിലും തൃണമൂൽ കോൺഗ്രസിന് എതിരാളികൾ ഇല്ലായിരുന്നു.

മമതാ ബാനാർജി
മമതാ ബാനാർജി

ഗ്രാമപ്രദേശങ്ങളിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ തൃണമൂൽ അഴിച്ചുവിട്ട ആക്രമണം എത്ര വ്യാപകമായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു അത്. എന്തിന് ഈയടുത്ത് ആംപൻ ചുഴലിക്കാറ്റ് നാശം വിതച്ച് കടന്നുപോയശേഷം അനുവദിക്കപ്പെട്ട ദുരിതാശ്വാസ നിധിയിൽനിന്ന് പോലും തൃണമൂൽ പഞ്ചായത്ത് അംഗങ്ങൾ പണം അടിച്ചുമാറ്റി. ഇതുമൂലം ചുഴലിക്കാറ്റിൽ വീടും വിളകളും നഷ്ടമായവർക്കാണ് അർഹമായ ദുരിതാശ്വാസം ലഭിക്കാതെ പോയത്. ഏകാധിപത്യ പ്രവണതയും ടി.എം.സിയിൽ അന്തർലീനമായ രാഷ്ട്രീയ അവസരവാദവും വൃത്തികേടുകളുമാണ് ബി.ജെ.പി ജനസ്വാധീനം വളർത്താൻ ഉപയോഗിച്ചത്. അനധികൃത രീതിയിലൂടെ ഉണ്ടാക്കിയെടുത്ത സ്വത്തുവകകൾ സംരക്ഷിക്കുന്നതിന് ഇപ്പോൾ ടി.എം.സി നേതാക്കൾ ബി.ജെ.പിയിലേക്ക് കൂറുമാറുകയും ചെയ്യുന്നു.

മമതാ ബാനർജിക്കെതിരെ ഉയർന്ന ഒരു ആരോപണം, അവർ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നുവെന്നതാണ്. ഇതിനെ താങ്കൾ എങ്ങനെ കാണുന്നു. ബി.ജെ.പിയുടെ വളർച്ചയ്ക്ക് അതും ഒരു കാരണമായോ?

പ്രീണനമെന്നത് ഇവിടെ ശരിയായ പ്രയോഗമായിരിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് ഉപയോഗിച്ച തന്ത്രങ്ങൾ നല്ല രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. ഉദാഹരണത്തിന് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മമത ബാനർജി ഹിജാബ് ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചതൊക്കെ മതേതര സ്വഭാവമുള്ളവർക്കിടയിലും അസ്വസ്​ഥത സൃഷ്ടിച്ചു. ഇമാമുമാർക്ക് സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് അലവൻസ് കൊടുക്കാനുള്ള തീരുമാനം കൽക്കത്ത ഹൈക്കോടതി 2013 ൽ റദ്ദാക്കിയിരുന്നു. മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതികരെയും അതുപോലെ വർഗീയ സ്വഭാവമുള്ളവരെയും പ്രീണിപ്പിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നതെന്ന ആക്ഷേപം വ്യാപകമാക്കാൻ ഇതൊക്കെ കാരണമായി.

എന്നാൽ, പിന്നീട് ഇക്കാര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഹിജാബ് ധരിച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ഹിന്ദു പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ രാമനവമി ആഘോഷങ്ങൾക്ക് ബദലായി വലിയ തോതിലാണ് തൃണമൂൽ കോൺഗ്രസ് ഹനുമാൻ ജയന്തി ആഘോഷിച്ചത്. എല്ലാ ദുർഗാപൂജ കമ്മിറ്റികൾക്കും 50,000 രൂപയാണ് ഇത്തവണ സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതെല്ലാം മതേതര ഭരണ ക്രമത്തിൽനിന്നുള്ള വ്യതിയാനമായിരുന്നു. ഇത് തൃണമൂൽ സർക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കി.

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് താങ്കൾ എന്തെങ്കിലും സാധ്യത താങ്കൾ കാണുന്നുണ്ടോ?

സാധ്യത വളരെ കുറവാണ്. ജനങ്ങളുടെ മനോഭാവം മാറ്റുന്നതിന് കാര്യമായിട്ടൊന്നും സി.പി.എം ചെയ്തിട്ടില്ലെന്നതാണ് ഇങ്ങനെ പറയാൻ കാരണം. ഇടതുപക്ഷത്തിലെ മറ്റ് പാർട്ടികൾ സി.പി.എമ്മിന്റെ അനുബന്ധ കക്ഷികൾ മാത്രമാണ്. ഒരു മിനിമം പരിപാടി പോലുമില്ലാതെയാണ് 2016 ൽ കോൺഗ്രസുമായി സി.പി.എം തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത്. 2019 ൽ സീറ്റ് വിഭജന പ്രശ്‌നത്തിൽ ഈ സഖ്യം അലസിപ്പോയി.

ഇപ്പോൾ ഇടതുപക്ഷം വീണ്ടും കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നു. ഇടതുപക്ഷവുമായി ഉണ്ടാക്കിയ ധാരണ എങ്ങനെയാണ് കോൺഗ്രസിന് മാത്രമായി സഹായകരമായതെന്ന പരിശോധന പോലുമില്ലാതെയാണ് ഇത്തരത്തിലൊരു സഖ്യം വീണ്ടും ഉണ്ടാക്കുന്നത്. ഇതുവരെ ഈ സഖ്യം കൊണ്ട് ഗുണം ഉണ്ടായത് കോൺഗ്രസിന് മാത്രമാണ്. മാത്രമല്ല, ഏതെങ്കിലും തരത്തിൽ ബദൽ നയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകളോ, പുതിയ മേഖലകളിലേക്ക് വ്യാപിക്കാനുളള ശ്രമങ്ങളോ ഉണ്ടാകുന്നുമില്ല.

തൃണമൂൽ കോൺഗ്രസിന് ബദലായി ഇടതു- കോൺഗ്രസ് സഖ്യത്തെ ജനങ്ങൾ കാണുന്നില്ല. അങ്ങനെ ജനങ്ങൾ കണ്ടിരുന്നുവെങ്കിൽ 2016 ൽ അവർ അധികാരത്തിലെത്തിയേനെ. ഇടതുഭരണ കാലത്ത് വരുത്തിയ തെറ്റുകൾ ഏറ്റുപറയാൻ ഇടതു പാർട്ടികൾ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ജനങ്ങളെ നിരാശരാക്കുന്നുണ്ട്. സ്വന്തം അണികളിൽ വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുമ്പോഴും സി.പി.എം ഇപ്പോഴും അവരുടെ ഭീഷണിയെ കുറച്ചുകാണുകയാണ് ചെയ്യുന്നത്. ഇതേ സമീപനമാണ് അവർ തുടരുന്നതെങ്കിൽ സി.പി.എമ്മിന്റെയും ഇടതുപാർട്ടികളുടെയും അടിത്തറ കൂടുതൽ ശോഷിക്കുകയാണ് ചെയ്യുക.

ബി.ജെ.പിയെ നേരിടാൻ ബാക്കിയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കുകയെന്ന സമീപനമാണ് ഇപ്പോൾ പലരും മുന്നോട്ടുവെയ്ക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പിനുശേഷം ഇത് കൂടുതൽ ശക്തമായിട്ടുണ്ട്. ബംഗാളിൽ ഒന്നും രണ്ടും കക്ഷികൾ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ യഥാക്രമം തൃണമൂലും ബി.ജെ.പിയുമാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പിയെ ചെറുക്കാൻ തൃണമൂലും സി.പി.എമ്മും കോൺഗ്രസും ഒന്നിക്കുക എന്ന വാദത്തോട് താങ്കളുടെ നിലപാടെന്താണ്?

2019 ൽ ബി.ജെ.പിക്ക് കിട്ടിയത് 40 ശതമാനത്തിലേറേ വോട്ടാണ്. തൃണമൂലിന് 43 ശതമാനത്തിലേറെയും വോട്ടുകിട്ടി. അതിനുശേഷം തൃണമൂൽ ശോഷിക്കുകയാണ് ചെയ്തത്. അവരുടെ തന്നെ പ്രവർത്തനങ്ങളും അതുപോലെ പല നേതാക്കളും പാർട്ടി വിട്ടതും ഇതിന് കാരണമായി. സംഘടനപരമായി നോക്കുമ്പോൾ ഇപ്പോഴും തൃണമൂലിനടത്ത് എത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ ചലനങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണ്. ഇത് മറികടക്കാൻ ചില രാഷ്ട്രീയ സഖ്യങ്ങൾക്ക് തൃണമൂൽ ശ്രമിക്കുന്നുണ്ട്. തൃണമൂൽ- കോൺഗ്രസ് സഖ്യം നേരത്തെ സംഭവിക്കേണ്ടതായിരുന്നു. 2017 ലും 2018 ലും മമത ബാനർജി രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണച്ചതാണ്.

എന്നാൽ കോൺഗ്രസിന്റെയും തൃണമൂലിന്റെയും നേതാക്കളുടെ ഈഗോ കാരണം അത്തരമൊരു സഖ്യമുണ്ടായില്ല. മമത ബാനർജി ശ്രമിച്ചത് നേതാക്കളെ അടർത്തി മാറ്റി അവശിഷ്ട കോൺഗ്രസിനെ കൂടി ഇല്ലാതാക്കാനാണ്.

അധിർ രഞ്ജൻ ചൗധരി
അധിർ രഞ്ജൻ ചൗധരി

അതേസമയം അധിർ ചൗധരി പകൽ കിനാവ് കാണുന്നത് മുഖ്യമന്ത്രിയാകാനാണ്. (ലോക്‌സഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവാണ് അധിർ രഞ്ജൻ ചൗധരി) ഇതിലൊന്നും ഗൗരവത്തിലുളള രാഷ്ട്രീയം ഉൾച്ചേർന്നിട്ടല്ല. അതേസമയം സി.പി.എമ്മിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ, തൃണമൂലുമായി സഖ്യമുണ്ടാക്കുക അസാധ്യമാണ്. കാരണം അവർ ഇപ്പോഴും അധികാരത്തിലിരിക്കുന്നുവെന്നതാണ്. അടുത്ത കാലം വരെ ഇരുപാർട്ടികൾക്കിടയിൽ നിലനിന്ന ശത്രുത കാരണം സി.പി.എം അണികൾ അത്തരമൊരു ധാരണയെ അംഗീകരിക്കില്ല.

അതേസമയം, കൂടുതൽ സീറ്റുകൾ അനുവദിക്കുകയാണെങ്കിൽ ബി.ജെ.പിയെ ചെറുക്കാൻ സി.പി.എം ഒഴികെയുള്ള മറ്റ് ഇടതുപാർട്ടികളിൽ ചിലത് തൃണമൂലുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ബംഗാൾ തെരഞ്ഞൈടുപ്പിനുമുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ ബി.ജെ.പി ശ്രമിക്കുമെന്ന ഒരു പ്രചാരണമുണ്ട്. ബംഗാൾ പോലെ മുസ്‌ലിംകൾ വലിയ തോതിലുള്ള സംസ്ഥാനത്ത് ഇതെന്ത് സാമൂഹ്യ പ്രത്യാഘാതമാണുണ്ടാക്കുക?

അത് ബി.ജെ.പിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതേണ്ടത്. ബി.ജെ.പിയുടെ പ്രശ്‌നമെന്തെന്നാൽ അവർ ബംഗാളിലെയും അസമിലെയും ഹിന്ദു അഭയാർത്ഥികൾക്ക് പ്രത്യേകിച്ച് നമസുദ്ര, രജ്ബാൻഷി വിഭാഗത്തിൽപ്പെട്ടവർക്ക് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 2019 ലെ പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പോലും പൗരത്വത്തിന് അഭയാർത്ഥികൾക്ക് മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കേണ്ടതുണ്ട്. പലർക്കും ഇത്തരത്തിലുള്ള രേഖകൾ ഇല്ല. ചിലരാകട്ടെ ഇങ്ങനെ അപേക്ഷിക്കുന്നത് അനധികൃത കുടിയേറ്റക്കാരാണെന്ന് സമ്മതിക്കുന്നതിന് തുല്യമായതിനാൽ അപേക്ഷിക്കാൻ തയ്യാറുമല്ല.

ഇത്തരത്തിലുള്ള കാര്യങ്ങളാവണം, പൗരത്വ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ വൈകിപ്പിക്കാൻ കാരണം. ഈയിടെ നടത്തിയ ബംഗാൾ സന്ദർശനത്തിനിടയിൽ അമിത് ഷാ പറഞ്ഞത് പൗരത്വ നിയമം നടപ്പിലാക്കുന്നത് കോവിഡ് പ്രതിരോധ മരുന്ന് നൽകിയതിന് ശേഷമായിരിക്കുമെന്നാണ്. അങ്ങനെയെങ്കിൽ അത് ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പിന് മുമ്പ് സംഭവിക്കാൻ സാധ്യതയില്ല. ഇത് ഒരു വിഭാഗത്തെ ബി.ജെ.പിയിൽ നിന്നകറ്റാൻ സാധ്യതയുണ്ട്.

പൗരത്വ ഭേദഗതി നിയനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന റാലി
പൗരത്വ ഭേദഗതി നിയനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന റാലി

ബംഗാളിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു വലിയ വിഭാഗം ജനങ്ങൾ പൗരത്വ നിയമം നടപ്പിലാക്കുന്നതിനെ എതിർക്കുകയാണ്. ആദിവാസികൾ, ദലിതർ, മുസ്‌ലിംകൾ, പാവപ്പെട്ട ജനങ്ങൾ എന്നിവരെല്ലാം പൗരത്വ നിയമത്തെ എതിർക്കുകയാണ്. അമ്പതും എഴുപതും വർഷം പഴക്കമുള്ള രേഖകൾ ഉപയോഗിച്ച് പൗരത്വം തെളിയിക്കുക ഇവരെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിൽ ബി.ജെ.പി ബംഗാളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബംഗാളിൽ പൗരത്വ നിയമ പ്രശ്‌നം നടപ്പിലാക്കുന്നത് മുഖ്യ വിഷയമായാൽ അത് ബി.ജെ.പിക്ക് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. അതു മനസ്സിലാക്കിയാണ് അവർ ഇപ്പോൾ പൗരത്വ നിയമം നടപ്പിലാക്കുന്നതിൽനിന്ന് പിന്തിരിഞ്ഞ് നിൽക്കുന്നത്.




Summary: ഇടതുപക്ഷത്തിന്റെ തകർച്ച ബംഗാളിൽ ബി.ജെ.പിക്ക് സഹായകരമായി, സി.പി.എം- കോൺഗ്രസ് ധാരണ അബന്ധം. ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് സാധ്യത വളരെ കുറവ്, ആത്മപരിശോധനക്ക് ഇടതുപക്ഷം തയാറാകാത്തത് ജനങ്ങളെ നിരാശരാക്കുന്നു- ഇടതു സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രസൻജീത് ബോസ് സംസാരിക്കുന്നു


പ്രസൻജീത് ബോസ്

സാമ്പത്തിക വിദഗ്ധൻ രാഷ്ട്രീയ പ്രവർത്തകൻ

എൻ. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments