ഗാന്ധിജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ

ഗാന്ധിവധത്തിലെ പ്രതി ഒരു വ്യക്തിയല്ല, ആശയം തന്നെയാണ്

ഗാന്ധിവധത്തിലെ പ്രതി ഒരു വ്യക്തിയല്ല, ആശയം തന്നെയാണ്

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ
[email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സ്റ്റിസ് കെ.ടി. തോമസിനുള്ള പി.എൻ. ഗോപീകൃഷ്ണന്റെ കത്ത് (പാക്കറ്റ് 52), തൊട്ടുമുമ്പത്തെ പാക്കറ്റിൽ ഇർഫാൻ ഹബീബുമായുള്ള അഭിമുഖവുമായി ചേർത്തുവായിക്കേണ്ടതാണ്. ഹാജരാക്കപ്പെട്ട രേഖകൾ ഗാന്ധിവധക്കേസിൽ സവർക്കറെ നിയമപരമായി ശിക്ഷിക്കാൻ മതിയായ തെളിവായിരുന്നിരിക്കില്ല എങ്കിലും, ചരിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരു ചരിത്രകാരന് സവർക്കറിന്റെ പങ്ക് അവഗണിയ്ക്കാൻ കഴിയില്ല എന്നാണ് ഇർഫാൻ ഹബീബ് പറഞ്ഞത്. ഇതേ നിലപാടാണ് ഗോപീകൃഷ്ണനും കൂടുതൽ ചരിത്രവസ്തുതകളോടെ മുന്നോട്ടുവക്കുന്നത്.

ദേശീയപ്രസ്ഥാനത്തിന്റെ ഉള്ളടക്കവുമായും സ്വതന്ത്യ ഇന്ത്യയുടെ രാഷ്ട്രീയ അസ്തിത്വവുമായുമെല്ലാം ബന്ധപ്പെട്ട ഗാന്ധിയൻ വിചാരങ്ങളെ അതിരൂക്ഷമായി എതിർക്കുകമാത്രമല്ല, അതിനെതിരായ കാമ്പയിൻ നടത്തിയ സംഘടന കൂടിയാണ് ആർ.എസ്.എസ്. ഗാന്ധി മുന്നോട്ടുവച്ച മതേതരത്വത്തിന്റെയും സമത്വത്തിൽ അധിഷ്ഠിതമായ മാനവിക ജനാധിപത്യത്തിന്റെയും അടിത്തറകളെ തകർക്കുന്ന പ്രത്യയശാസ്ത്രമാണ് ഈ സംഘടനയുടേതെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗാന്ധി വധത്തിൽ നേരിട്ട് പ്രതിചേർക്കപ്പെട്ട ഹിന്ദു മഹാസഭയുടെ അതേ ആശയമാണ് ആർ.എസ്.എസിനും ഉണ്ടായിരുന്നത് എന്ന്, കോടതിയിൽ എഴുതി നൽകിയ ഗോഡ്‌സേയുടെ പ്രസ്താവന തന്നെ തെളിവാണ്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ 1970 ജനുവരിയിൽ വന്ന ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ""നെഹ്‌റുവിന്റെ പാക്കിസ്ഥാൻ അനുകൂല നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഗാന്ധി ഉപവാസമിരുന്നത്, അതിലൂടെ ജനതയുടെ ശാപം അദ്ദേഹം ഏറ്റുവാങ്ങുകയായിരുന്നു'' എന്നാണ്. മാത്രമല്ല, ഗോഡ്‌സേ എന്ന ഗാന്ധി ഘാതകന്റെ രൂപപ്പെടലിൽ, ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രചേരുവയാണ് പ്രധാന പങ്കുവഹിച്ചത് എന്ന് ഗോഡ്‌സേയുടെ തന്നെ എഴുത്തുകളിൽ കാണാം.

പി.എൻ. ഗോപീകൃഷ്ണൻ

"ഗാന്ധിവധത്തിൽ സവർക്കറുടെ പങ്കിനെക്കുറിച്ച് ധാർമികമായി സംശയമുണ്ട്, എന്നാൽ, ഇതിന് തെളിവുകളൊന്നുമില്ല' എന്നാണ് കോടതി പോലും പറഞ്ഞത്. തെളിവില്ല എന്നതിനർഥം, തെളിവുകൾ കോടതിക്കുമുമ്പാകെ എത്തിയിട്ടില്ല എന്നതുകൂടിയാണല്ലോ.

ഒരു മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയായിരുന്നില്ല അന്ന് ആർ.എസ്.എസ് എന്നതുകൊണ്ടുമാത്രം ഗോഡ്‌സേ ആർ.എസ്.എസുകാരനായിരുന്നില്ല എന്ന് സാങ്കേതികമായി പറയാം. എന്നാൽ, രാഷ്ട്രീയഹിംസയിലേക്കുനയിക്കുന്ന സാഹചര്യങ്ങളെ സാങ്കേതികമായല്ല കാണേണ്ടത്. ആ ഹിംസയുടെ പ്രതി ഒരാളല്ല, ഒരു സംഘം തന്നെയാണ്, ആ സംഘത്തിന് ഊർജം നൽകിയ ഒരാശയമാണ്. റംഷാദ് ഹുസൈൻ ഡോംബിവില്ലി, മഹാരാഷ്ട്ര


രാജീവ് വധത്തിൽനിന്ന് ഗാന്ധി വധത്തിലെത്തുമ്പോൾ കെ.ടി. തോമസിന് സംഭവിക്കുന്നത്

രാജീവ്ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ട നളിനിയുടെ വധശിക്ഷയിൽ ഇളവു നൽകാനിടയാക്കിയ പരാമർശം നടത്തിയ ന്യായാധിപനെന്ന നിലക്കും ഇതേ കേസിലെ പ്രതികളുടെ ശിക്ഷാകാലാവധിയുടെ കാര്യത്തിൽ മാനുഷികമായ സമീപനമെടുത്തയാളെന്ന നിലയ്ക്കുമാണ് ജസ്റ്റിസ് കെ.ടി. തോമസിനെ ശ്രദ്ധിച്ചിരുന്നത്. വധശിക്ഷയെ ജുഡീഷ്യർ മർഡർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ, ഈ വിവേകവും പാകതയുമെല്ലാം ഗാന്ധിവധത്തെ സമീപിക്കുന്നതിലും ആർ.എസ്.എസിനോടുള്ള സമീപനത്തിലുമൊന്നും കാണാൻ കഴിയാത്തത് ഖേദകരമാണ്. ആർ.എസ്.എസും ഹിന്ദു മഹാസഭയും ഒന്നല്ല എന്ന വാദമാണ്, അദ്ദേഹവും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് - 52 കവർ

വരണ്ടതും സാങ്കേതികവുമായ ഒരുതരം കോടതിന്യായമാണ് ഈ അഭിപ്രായങ്ങളിൽ നിഴലിക്കുന്നത്. എന്നാൽ, ഒരു കേസിൽ ന്യായാധിപനുമുന്നിൽ ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലല്ല, ഗാന്ധിവധം പോലുള്ള സംഭവങ്ങളെ വിലയിരുത്തേണ്ടത് എന്ന് ഇപ്പോഴും അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. കോടതിയിൽ നൽകിയ പ്രസ്താവനയിൽ, ഗോഡ്‌സേ തന്നെ ഗാന്ധിവധത്തിന്റെ "ന്യായ'ങ്ങൾ അക്കമിട്ട് വിശദീകരിച്ചിട്ടുള്ളതാണ്. അത് വായിക്കുന്ന ആർക്കും അറിയാം, ഗോഡ്‌സേയെ നയിച്ചിരുന്ന ആശയം എവിടെനിന്നാണെന്ന്. കൂടാതെ, ഗോപീകൃഷ്ണൻ ചൂണ്ടിക്കാണിച്ച വസ്തുതകൾക്കുപുറമേ, ഗോസ്‌സേയുടെ സഹോദരനും ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഒരാളുമായ ഗോപാൽ ഗോഡ്‌സേ അടക്കമുള്ളവരുടെ പിന്നീടുള്ള വെളിപ്പെടുത്തലുകൾ നമുക്കുമുന്നിലുണ്ട്. സ്വന്തം രാഷ്ട്രീയപാർട്ടിയെ അധികാരത്തിലെത്തുകയും അത് നിലനിർത്താനുള്ള തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന സംഘ്പരിവാറിന്, രാഷ്ട്രശരീരത്തിലെ ഏറ്റവും വലിയ കളങ്കത്തിന്റെ പാട് തേച്ചുമാച്ചുകളയേണ്ടതുണ്ട്. ദലിതരെയും പിന്നാക്കക്കാരെയും ഏറ്റെടുക്കുന്നതുപോലെ, അംബേദ്കറെ മുതൽ ശ്രീനാരായണഗുരുവിനെ വരെ ഏറ്റെടുക്കുന്നതുപോലെ, ഗാന്ധിവധത്തിന്റെ രക്തക്കറ തേച്ചുകളയാൻ ശ്രമം നടത്തുന്നത്. അത് ജസ്റ്റിസ് കെ.ടി. തോമസിനെപ്പോലുള്ളവർക്ക് മനസ്സിലാകാത്തതോ അതോ അങ്ങനെ നടിക്കുന്നതോ?പി.കെ. സാം ജോർജ് കൽപ്പറ്റ, വയനാട്


ഗ്രാമങ്ങളിലെ പെൺകർഷകരെ കർഷക സമരക്കാർ എങ്ങനെ 'കൈകാര്യം' ചെയ്യും?

ർഷക സമരവുമായി ബന്ധപ്പെട്ട വെബ്‌സീൻ പാക്കേജ് (പാക്കറ്റ് 52) ഏറെ ശ്രദ്ധേയമായിരുന്നു. അതിൽ ഡോ. പി. സ്മിത എഴുതിയ, സമരത്തിലെ പെൺസാന്നിധ്യത്തെക്കുറിച്ചുള്ള വിലയിരുത്തൽ പ്രസക്തമാണ്. സ്ത്രീകളും കുട്ടികളുമെല്ലാം വീടുവിട്ട്, തെരുവിൽ തമ്പടിച്ച സമരം എന്ന നിലയ്ക്കുകൂടിയാണ് കർഷക പ്രക്ഷോഭം ശ്രദ്ധയാകർഷിച്ചത്. ഗ്രാമീണ കാർഷികമേഖലയിലെ സ്ത്രീസാന്നിധ്യം ആദ്യമായി പൊതുസമൂഹത്തിന് വിസിബിളായ സന്ദർഭം കൂടിയായിരുന്നു ഡൽഹി ചലോ മാർച്ചും കുത്തിയിരിപ്പും. എന്നാൽ, ആ സാന്നിധ്യത്തിനപ്പുറത്തേക്കുള്ള യാഥാർഥ്യത്തെ ഈ കാർഷിക സമൂഹം വേണ്ടത്ര പരിഗണിച്ചിട്ടുണ്ടോ എന്നത് വലിയ ചോദ്യമാണ്. തീർച്ചയായും, പ്രാതിനിധ്യത്തിന്റെ തലത്തിൽ, കർഷക സമരത്തിൽ സ്ത്രീകൾക്ക് മെച്ചപ്പെട്ട പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്, എ.ആർ. സിന്ധുവിന്റെ ലേഖനത്തിൽ പറയുന്നുമുണ്ട്. പാട്രിയാർക്കലായ സമൂഹങ്ങളിൽ വലിയ ജനാധിപത്യ- രാഷ്ട്രീയവൽക്കരണ പ്രക്രിയ ഈ സമരത്തിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്നും അതിന്റെ ഫലമായി പഞ്ചാബിലും മറ്റും കോർപറ്റേുകൾക്കും മറ്റുമെതിരെ സ്ത്രീകളുടെ വൻതോതിലുള്ള പങ്കാളിത്തത്തിൽ സമരങ്ങൾ സംഘടിപ്പിക്കാനുമായി എന്നും സമരനേതാക്കൾ പറയുന്നു. ഇതിനിടെ, ഒരു രാഷ്ട്രീയപ്രസ്ഥാനം തന്നെയായി മാറിക്കൊണ്ടിരിക്കുന്ന മഹാ പഞ്ചായത്തുകളിലും സ്ത്രീകളുടെ വലിയ ദൃശ്യത പ്രകടമാണ്. ഇതെല്ലാം സാധ്യമാക്കിയത് കർഷക സമരത്തിന്റെ നേട്ടങ്ങൾ തന്നെയാണ്. എന്നാൽ, ഭാവിയിൽ ഈ പ്രക്രിയക്ക് എങ്ങനെയാണ് തുടർച്ചയുണ്ടാകുക എന്നതാണ് ചോദ്യം.

ഡോ. പി. സ്മിത

അടിസ്ഥാനപരമായ മാറ്റമുണ്ടാകേണ്ട നിരവധി കാര്യങ്ങളുണ്ട്. രാജ്യത്ത് 83 ശതമാനം കൃഷിഭൂമിയും പരമ്പരാഗതമായി ആൺ അവകാശികൾക്കാണ് കൈമാറിക്കിട്ടുന്നതെന്ന് ഇന്ത്യ ഹ്യുമൻ ഡവലപ്‌മെന്റ് സർവേയിൽ പറയുന്നുണ്ട്. രണ്ടു ശതമാനത്തിൽ താഴെവരുന്ന സ്ത്രീകൾക്കാണ് പരമ്പരാഗതമായി കൃഷിഭൂമി കൈമാറിക്കിട്ടുന്നത്. ഇത്, കാർഷികവൃത്തിയിൽനിന്നും അതിന്റെ അവകാശങ്ങളിൽനിന്നും അവളെ മാറ്റിനിർത്തുന്നു. നവലിബറൽ നയങ്ങളുടെ വരവിനുശേഷം, ഇന്ത്യൻ ഗ്രാമങ്ങളിൽ ആത്മഹത്യ ചെയ്ത ലക്ഷക്കണക്കിന് കർഷകരെക്കുറിച്ച് നാം പറയാറുണ്ട്. എന്നാൽ, ഇവർ അവശേഷിപ്പിച്ചുപോയ കുടുംബങ്ങളിലുള്ള സ്ത്രീകളുടെ അവസ്ഥയെന്താണ്? "വിധവ' എന്ന സാമൂഹിക ഒറ്റപ്പെടുത്തലിനുപുറമേ, ഭർത്താവിന്റെ ഒരുതരം അവകാശങ്ങളും ഈ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. നഷ്ടപരിഹാരത്തെക്കുറിച്ചോ പെൻഷനുകളെക്കുറിച്ചോ ഇവർക്കറിയില്ല. ഇന്ത്യൻ ഗ്രാമീണ സ്ത്രീകളിൽ 85 ശ തമാനം കാർഷികവൃത്തിയിലേർപ്പെടുന്നവരാണെങ്കിലും അവരിൽ 10 ശതമാനത്തിനുമാത്രമാണ് സ്വന്തമായി ഭൂമിയുള്ളത്. ഗ്രാമീണ കാർഷിക മേഖലയിൽനിന്ന് നഗരങ്ങളിലേക്കുള്ള പുരുഷ കുടിയേറ്റം, കാർഷികമേഖലയിലുണ്ടാക്കുന്ന സ്ത്രീവൽക്കരണം പുരോഗമനപരമാണെന്ന വിദഗ്ധ വിലയിരുത്തലുകൾ കാണാം. എന്നാൽ, ഇതിന്റെ മറുപുറമെന്താണ്? പുരുഷന്മാർ അവശേഷിപ്പിച്ചുപോയ കടങ്ങളുടെയും ബാധ്യതകളുടെയും അടിമപ്പണികളുടെയുമെല്ലാം ഭാരമാണ് ഇവർക്ക് അവകാശമായി കിട്ടുന്നത്. ഇത്തരം അടിസ്ഥാന വിഷയങ്ങൾ അഭിമുഖീകരിക്കാൻ തക്കശേഷിയുള്ള ഒരു രാഷ്ട്രീയപ്രക്രിയയിലേക്ക് കർഷക സമരത്തിന് വികസിക്കാൻ കഴിയേണ്ടതുണ്ട്.സുനീത ആർ കാക്കനാട്, കൊച്ചി.


ർഷക സമരത്തിന്റെ ഇടതുപക്ഷത്തെ രാജീവൻ എന്തിനാണ് മറച്ചുപിടിക്കുന്നത്

ർഷക സമര വിജയത്തെക്കുറിച്ചുള്ള ബി. രാജീവന്റെ വിലയിരുത്തൽ (പാക്കറ്റ് 52) യാഥാർഥ്യം മറച്ചുപിടിച്ചുള്ള യാന്ത്രികമായ "താത്വിക' അവലോകം മാത്രമായിപ്പോയി.

ഒരുതരം നേതൃത്വവും സംഘാടനവുമില്ലാത്ത, ഒരു ഉടൻ പ്രതിഷേധസംഘത്തിൻറേതുപോലുള്ള ഒരു ജനസഞ്ചയമല്ല കർഷക സമരത്തിലുണ്ടായിരുന്നത് എന്ന് അതിന്റെ രാഷ്ട്രീയംപരിശോധിച്ചാൽ എളുപ്പം മനസ്സിലാക്കാം.

ദശാബ്ദങ്ങളായി, ഇന്ത്യൻ കർഷകർ, തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാതെയും കൃഷിഭൂമി അപഹരിക്കപ്പെട്ടും കടക്കെണിയിൽ പെട്ടും ജീവിതത്തിനും മരണത്തിനുമിടയിലാണ്. ലക്ഷക്കണക്കിന് കർഷകരാണ് ജീവനൊടുക്കിയത്. അന്തർസംസ്ഥാന തൊഴിലാളികൾ എന്ന, നമുക്കുപരിചിതരായ പുതിയൊരു വർഗം തന്നെ, ഇന്ത്യൻ ഗ്രാമങ്ങളിൽനിന്ന് ഓടിപ്പോകേണ്ടിവന്ന കർഷക തൊഴിലാളികളും ചെറുകിട കർഷകരുമാണ്. നവ ലിബറൽ നയങ്ങളും കോർപറൈറ്റുവൽക്കരണവും തൊഴിൽരഹിതരാക്കിയ ഇവർക്കിടയിലേക്കാണ്, അവസാനത്തെ ആണിയെന്ന നിലയ്ക്ക് മൂന്ന് കോർപറേറ്റ് നിയമങ്ങൾ വരുന്നത്. കർഷക പ്രശ്‌നങ്ങൾ നിരന്തരം ഉന്നയിക്കുകയും കർഷകരെയും അനുബന്ധ തൊഴിലാളികളെയും പ്രക്ഷോഭത്തിലേക്ക് ഒന്നിപ്പിക്കുകയും ചെയ്തത് ഇടതുപക്ഷ സംഘടനകളും യൂണിയനുകളുമാണ്. ബി. രാജീവൻ പറയുന്നതുപോലെ, ജനങ്ങൾക്കിടയിൽനിന്ന് സംഭവിച്ച പുതിയ വർഗധ്രുവീകരണമല്ല ഇത്, ഇവിടെ നിലനിന്നിരുന്ന വർഗങ്ങളുടെ തന്നെ, രാഷ്ട്രീയബോധ്യത്തിലൂന്നിയ ഒരു സംഘാടനമാണ് സംഭവിച്ചത്. അതിന് ഊർജമേകിയത്, തീർച്ചയായും ഇടതുപക്ഷ രാഷ്ട്രീയവുമാണ്.

ബി. രാജീവൻ

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യത്തിൽനിന്നുയർന്ന്, ഈ സമരം കോർപറേറ്റുകൾക്കും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണകൂടത്തിനും എതിരായി മാറിയത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വമുള്ളതുകൊണ്ടാണ്. പഞ്ചാബിലും ഹരിയാനയിലുമൊക്കെ കോർപറേറ്റ് സ്ഥാപനങ്ങൾക്കുമുന്നിലേക്ക് ഉപരോധവുമായി ജനം എത്തിയത്, അതിനെ അത്തരമൊരു രാഷ്ട്രീയലക്ഷ്യത്തിലേക്ക് നയിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. മുസാഫർപുരിലും കഴിഞ്ഞദിവസം നടന്ന ലഖ്‌നൗവിലും നടന്ന കിസാൻ മഹാപഞ്ചായത്തുകളിൽ, ബി.ജെ.പിക്കും കേന്ദ്ര ഭരണകൂടത്തിനുമെതിരെ കർഷകരെ അണിനിരത്തിയ രാഷ്ട്രീയം ഇടതുപക്ഷത്തിൻറേതാണ്. അഖിലേന്ത്യ കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു തുടങ്ങിയവയുടെ സംഘാടനത്തിലാണ്, ഈ മഹാപഞ്ചായത്തുകളിലേക്ക് കർഷകർ ഒഴുകിയെത്തിയത്. ഭൂമി ഏറ്റെടുക്കൽ നിയമത്തിനെതിരായ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ രൂപം കൊണ്ട ഭൂമി അധികാർ ആന്ദോളനും അഖിലേന്ത്യ കിസാൻ സംഘർഷ് സമന്വയ് സമിതിയുമാണ് വിവിധ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളെ ഏകോപിപ്പിച്ചത്. ഇതോടൊപ്പമുള്ള വിജൂ കൃഷ്ണന്റെയും പി. കൃഷ്ണപ്രസാദിന്റെയും സമരാനുഭവങ്ങൾ കൂടി വായിച്ചുനോക്കുക.

ഏറ്റവും പ്രധാനം ഈ സമരത്തിന് ഒരു രാഷ്ട്രീയദിശ ഉണ്ടായതാണ്. അത് കോർപറേറ്റുകൾക്കും രാജ്യത്തെ വിഭജിക്കുന്ന വർഗീയ ശക്തികൾക്കും ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര ഭരണകൂടത്തിനും എതിരാണ്. അത്തരമൊരു രാഷ്ട്രീയം, പ്രതിപക്ഷത്ത് ഇന്നുള്ള ഒരു കക്ഷികൾക്കും ഇല്ല എന്നുകൂടി ഓർക്കണം. തെരഞ്ഞെടുപ്പിലെ ജയമല്ല, ജനകീയ രാഷ്ട്രീയത്തിന്റെ അടിത്തറ, അത് ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലാണ് എന്ന് ഇന്ത്യൻ ഇടതുപക്ഷം തെളിയിച്ചിരിക്കുകയാണ്.ബിജു ശേഖർ വർക്കല, തിരുവനന്തപുരം


ലേബർ കോഡ് ആക്റ്റിനെതിരെയും വേണം, തൊഴിലാളി പ്രക്ഷോഭം

ർഷക സമരത്തിൽ നേതൃപരമായ പങ്കുവഹിച്ച വിജൂ കൃഷ്ണനുമായുള്ള അഭിമുഖം, ഒരു ജനകീയ സമരം എങ്ങനെ കെട്ടിപ്പടുക്കാം, അതിനെ രാഷ്ട്രീയലക്ഷ്യത്തിലേക്ക് എങ്ങനെ നയിക്കാം എന്ന് കാണിച്ചുതരുന്നു. ഒരുപക്ഷെ, സമകാലിക ഇന്ത്യയുടെ ചരിത്രത്തിൽ പ്രധാനമായ ഒരു ചുവടായി ഈ സമരം മാറിയത്, കർഷകരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ ഒരൊറ്റ ശബ്ദത്തിലൂടെ ഭരണകൂടത്തിനുമുന്നിൽ ഉന്നയിക്കാനായി എന്നതുകൊണ്ടാണ്.

വീജൂ കൃഷ്ണൻ

പാർലമെന്റിൽ പാസാക്കിയ കാർഷിക ബില്ലുകൾക്കുസമാനമാണ്, നാല് ലേബർ കോഡുകൾ. ജോലി സമയം 12 മണിക്കൂറാക്കാനും നോട്ടീസ് കൊടുക്കാതെ പിരിച്ചുവിടാനും പണിമുടക്കുകൾ തടയാനും മിനിമം വേതനം ഇല്ലാതാക്കാനുമെല്ലാം വ്യവസ്ഥ ചെയ്യുന്ന, തൊഴിലാളി സംഘടനകൾ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെയാകെ റദ്ദാക്കുന്ന നിയമങ്ങളാണ്, പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവിൽ മോദി സർക്കാർ പാസാക്കിയെടുത്തത്. കോൺഗ്രസ് അടക്കമുള്ള മുഖ്യപ്രതിപക്ഷം വേജ് കോഡിനെ അനുകൂലിച്ചപ്പോൾ ഇടതുപാർട്ടികളും ഡി.എം.കെയും സമാജ്‌വാദി പാർട്ടിയുമാണ് എതിർക്കാനുണ്ടായത്.

കർഷകസമരത്തിൻേറതിനുതുല്യമായ ഒരു തൊഴിലാളി പ്രക്ഷോഭമാണ് ഇതിനെതിരെ നടക്കേണ്ടത്. ലേബർ കോഡ് പിൻവലിക്കൽ കൂടി, കർഷക പ്രക്ഷോഭത്തിന്റെ ഭാവി ലക്ഷ്യമാണെന്ന വിജൂ കൃഷ്ണന്റെ നിലപാട് ആശ്വാസകരമാണ്.എൻ. സുന്ദരരാജ് പാലക്കാട്


ഓർമയിൽ "അമ്പിളി അമ്മാവൻ'

വിചിത്ര ചിത്രകഥാജീവിതം എന്ന ജീവിതാഖ്യാനം (പാക്കറ്റ് 52) ഒരു കാലത്തെ കൗതുകകരങ്ങളായ ചില ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചിത്രകഥകളുടെ ഓർമകളിൽ ജീവിക്കുന്ന ഒരാളാണ് ഞാനും. മഹാഭാരതവും രാമായണവും ബൈബികൾ കഥകളുമെല്ലാം ഈ അമർചിത്രകഥകളിലൂടെയാണ് പരിചയപ്പെട്ടത്. എൺപതുകളിൽ വായിച്ചിരുന്ന അമ്പിളി അമ്മാവൻ എന്ന ഒരു മാസികയാണ് ഇപ്പോഴും ഓർമയിലുള്ളത്. അതിലെ കഥകളേക്കാൾ കൂടുതൽ ചിത്രങ്ങളാണ് മനസ്സിൽ. ഭാവനയിലുള്ള രാജാക്കന്മാരും മന്ത്രവാദികളും വിക്രമാദിത്യവും വേതാളവുമെല്ലാം കൺമുന്നിലെത്തിയപോലെയായിരുന്നു ആ വായനാനുഭവം.

കെ.ആർ. സുനിൽ

എം.ടി.വി ആചാര്യ, ടി. വീര രാഘവൻ, കേശവ റാവു, ശക്തിദാസ്, ശിവശങ്കരൻ, ബാഷ എന്നിവരായിരുന്നു ചിത്രങ്ങൾ വരച്ചിരുന്നത്. മറ്റൊന്ന്, അന്ന് പ്രിന്റിൽ കളർ അച്ചടി അധികം കണ്ടിരുന്നില്ല. അമ്പിളി അമ്മാവനിലാകട്ടെ, കളറുകളുടെ ആറാട്ടാണ്. കഥകളോ, "സത്യ'ത്തിൽനിന്നും "ധർമ'ത്തിൽനിന്നും അണുവിട വ്യതിചലിക്കാത്തവണ്ണമുള്ള സാരോപദേശങ്ങൾ. ഇന്ന് നോക്കുമ്പോൾ ഒരുതരം സവർണബോധത്തിന്റെയും രാജഭക്തിയുടെയും പുരുഷാധികാരത്തിന്റെയും ചാതുർവർണ്യത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പൗരാണികമായ ബോധമാണ് ഈ കഥകൾ ഉൽപ്പാദിപ്പിച്ചിരുന്നത് എന്നു മനസ്സിലാകും. എങ്കിലും, പുസ്തകങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്ന ഒരു കാലത്തെ വായനയെ അമ്പിളി അമ്മാവൻ ഏറെ സ്വാധീനിച്ചിട്ടുണ്ട്. രാമചന്ദ്രൻ വാക്കയിൽ മണ്ണുത്തി, തൃശൂർ


പൗരാവകാശ സമരങ്ങളിലെ മതവും സ്വത്വവും

പൗരാവകാശങ്ങളുടെ പേരിൽ നടക്കുന്ന സമരങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഗൗരവകരമായ ഒരു ആലോചനയാണ് ഡോ. യാസ്സർ അറഫാത്ത് പി.കെ മുന്നോട്ടുവക്കുന്നത്. (പാക്കറ്റ് 52). രാജ്യവിരുദ്ധർ തുടങ്ങി മാവോവാദികൾ എന്നുവരെയുള്ള ആരോപണങ്ങൾ സമരം ചെയ്യുന്ന കർഷകർക്കെതിരെ സംഘ്പരിവാറും മോദി ഭരണകൂടവും ഉയർത്തി. പരമോന്നത കോടതിപോലും, ഇതിനെ ഒരു വഴിമുടക്കി സമരമായി വിശേഷിപ്പിച്ചു. എന്നിട്ടും ഇത്, ദുരിതമനുഭവിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും അണിചേരാൻ കഴിയുന്ന ഒരു സമരമായി വികസിച്ചു.

ഡോ. യാസ്സർ അറഫാത്ത് പി. കെ.

മതം പ്രധാന വിഷയമായി വന്ന പൗരത്വഭേദഗതിക്കെതിരായ സമരത്തിനും ഭരണഘടനയുടെ അന്തഃസ്സത്ത ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു. എന്നാൽ, ചില മുസ്‌ലിം തീവ്രവാദ സംഘടനകൾ ഈ സമരങ്ങളെ ഒരു സ്വത്വാധിഷ്ഠിത സമരമാക്കി ചുരുക്കാൻ പുറകിലൂടെ ശ്രമിച്ചുവെന്നത് യാഥാർഥ്യമാണ്. ജാമിയ മിലിയയിലെയും മറ്റും മുസ്‌ലിം വിദ്യാർഥിനികളുടെ പങ്കാളിത്തത്തെ ഈ മട്ടിൽ തിരിച്ചുവിടാൻ ശ്രമം നടന്നു. ഈ നീക്കങ്ങളെ പൊളിച്ചുകാട്ടാൻ പൗരാവകാശസംഘടനങ്ങൾക്ക് കഴിഞ്ഞതുകൊണ്ടാണ്, പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം പൊതുപ്രക്ഷോഭമായി വളർന്നത്. സമരങ്ങളിലെ പങ്കാളിത്തം അവയുടെ ലക്ഷ്യത്തെ ദുർബലമാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് അതീവജാഗ്രതയോടെ കാണേണ്ട ഒരു കാര്യമാണ്. ഈയിടെ, കേരളത്തിൽ കെ- റെയിലിനെതിരായ ഒരു പ്രതിഷേധത്തിൽ പ്രത്യക്ഷപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇത്തരത്തിലൊരു സൂചകമായിരുന്നു. കെ- റെയിൽ പോലുള്ള പദ്ധതികളുടെ പ്രയോക്താക്കളായ ഒരു രാഷ്ട്രീയപാർട്ടി, അതിനെതിരായ സമരത്തിൽ എന്തിന് പങ്കെടുക്കുന്നു എന്ന ചോദ്യവും ഇതോടൊപ്പം ഉയരേണ്ടതുണ്ട്.കെ.എൻ. ഇസ്മയിൽ പെരിന്തൽമണ്ണ


കോവിഡിനെ കേരളം നേരിട്ട വിസ്മയാനുഭവം

കോവിഡ് കാലത്തെ പൊതുജനാരോഗ്യമേഖലയുടെ ഒരു നഖചിത്രമാണ് ഡോ. ജയശ്രീ എഴുകോൺ എന്ന ആത്മകഥയുടെ 49ാം അധ്യായത്തിൽ വരച്ചുകാണിക്കുന്നത് (പാക്കറ്റ് 52). രോഗത്തിന്റെ ആശങ്കാജനകമായ വ്യാപനം ജനങ്ങളിൽ മാത്രമല്ല ഡോക്ടർമാരിലുണ്ടാക്കിയ ആശയക്കുഴപ്പവും അവർ വിവരിക്കുന്നു. ആദ്യ രോഗി എത്തുന്ന സമയത്തുതന്നെ സർക്കാർ ആശുപത്രി സംവിധാനം എങ്ങനെ സജ്ജമായി നിന്നു എന്നത്, എത്ര കാര്യക്ഷമമായാണ് നാം കോവിഡിനെ തുടക്കം മുതൽ നേരിട്ടത് എന്ന് കാണിച്ചതരുന്നു. ദൈനംദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ, വൈറസിനെക്കുറിച്ച് പുതുതായി ലഭിച്ചുകൊണ്ടിരിക്കുന്ന അറിവുകൾ, രോഗവ്യാപനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ തുടങ്ങി തീർത്തും അജ്ഞാതമായ ഒരു രോഗസാഹചര്യം എത്ര കാര്യക്ഷമമായാണ് കേരളം നേരിട്ടത്.

ഡോ. എ.കെ. ജയശ്രീ

അതിൽ, ഡോ. ജയശ്രീ പറയുന്നതുപോലെ, ടോയ്‌ലെറ്റിൽ പോലും പോകാൻ കൂട്ടാക്കാതെ ഇരുന്ന വനിതാ ഡോക്ടമാരുണ്ട്, അവധിയെടുക്കാതെ ജോലി ചെയ്ത നഴ്‌സുമാരുണ്ട്, മാസങ്ങളോളം ആശുപത്രികളിൽ തന്നെ താമസിച്ച് പണിയെടുത്ത ലാബ് ജീവനക്കാരുണ്ട്, ജീവൻ പണയം വെച്ച് പ്രവർത്തിച്ച ക്ലീനിങ് തൊഴിലാളികളുണ്ട്. ഇപ്പോൾ, ആളുകൾക്ക് ധൈര്യത്തോടെ പുറത്തിറങ്ങിനടക്കാൻ കഴിയുന്ന ഒരു സാഹചര്യമൊരുക്കുന്നതിൽ ഈ മനുഷ്യരും സംവിധാനങ്ങളും എന്തുമാത്രം അർപ്പണബോധമാണ് കാഴ്ചവച്ചത് എന്ന് വിസ്മയത്തോടെ മാത്രമേ കാണാനാകൂ. എന്തൊക്കെ വിവാദങ്ങാണ് ഇക്കാലത്തിനിടയിൽ ഉയർന്നുവന്നത്. രോഗികളുടെ ഡാറ്റ വിൽക്കുന്നു, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കുന്നതിൽ ജനവിരുദ്ധ നടപടികളെടുക്കുന്നു, പൊലീസിന് അമിതാധികാരം നൽകുന്നു....എന്നാൽ, അടിയന്തരാവസ്ഥക്കുതുല്യമായ ഒരു സാഹചര്യത്തിൽ, മുൻ മാതൃകകളൊന്നുമില്ലാത്ത അവസ്ഥയിൽ സംഭവിക്കുന്ന അനിവാര്യമായ ചില പാളിച്ചകൾ ഒഴിച്ചുനിർത്തിയാൽ, കേരളത്തിന്റെ കോവിഡ് നിയന്ത്രണം കുറ്റമറ്റതായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. അതിന്, നമ്മുടെ പൊതുജനാരോഗ്യ സംവിധാനം പ്രവർത്തിച്ചത് എങ്ങനെയാണെന്ന് ഡോ. ജയശ്രീ ഒരുവിധ സന്ദേഹങ്ങൾക്കും ഇടയില്ലാതെ വിവരിക്കുന്നു.ലേഖ എസ്. രാജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ.


യോന വൊല്ലാക്ക് എഴുതിക്കൊണ്ടിരിക്കുന്നു

സമുദ്ര നീലിമ

സ്രായേലി കവി യോന വൊല്ലാക്കിന്റെ കാവ്യജീവിതത്തെക്കുറിച്ചുള്ള സമുദ്ര നീലിമയുടെ കവി വായന (പാക്കറ്റ് 52), കവിത കൊണ്ട് വിവിധ അധികാരഘടനകളെ നേരിടുന്ന ഒരു എഴുത്തുകാരിയെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. ഹീബ്രു മാത്രമല്ല, ഭാഷ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ടൂളായി മാറുന്നിടത്തെല്ലാം അതിന്റെ ആവിഷ്‌കാരം പ്രശ്‌നഭരിതമാകുന്നു. മിക്കവാറും ഭാഷകൾ പുരുഷ കേന്ദ്രിതമായതുകൊണ്ട്, അവയിലെ വാക്കുകളും പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയായിരിക്കും. സ്ത്രീയുടേത്, ഓരത്തേക്ക് തള്ളപ്പെട്ട പ്രയോഗങ്ങളുമായിരിക്കും. അവയ്ക്ക്, പൊതുധാരയിൽ ഇടം നിഷേധിക്കപ്പെടുന്നു. ആണല്ലാത്ത ലിംഗങ്ങളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. ഭാഷയിൽ മാത്രമല്ല, സാംസ്‌കാരികമായും രാഷ്ട്രീയമായും ഒരു വംശാധിപത്യത്തിന്റെ ഐഡന്റിറ്റി പേറുന്ന ഒരു രാഷ്ട്രത്തിൽ, പുതിയ ഭാഷ സൃഷ്ടിച്ചെടുക്കുന്ന യോനയുടെ എഴുത്ത്, പുതിയ കാലവും ഏറ്റെടുക്കുന്നുണ്ട് എന്നിടത്താണ് അവരുടെ പ്രസക്തി.അനസൂയ കല്ലോട് ​​​​​​​ബംഗളൂരു


TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർ​അലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ ഔട്ട്പുട്ട് എഡിറ്റർ

വി.കെ. ബാബു സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)​മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഫസലുൽ ഹാദിൽ ഓഡിയോ/വീഡിയോ എഡിറ്റർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർ


വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]


Comments