ഗൗരി ലങ്കേഷ്, കർണാടകയിലെ ബസവ കല്യാണയിൽ സ്ഥിതി ചെയ്യുന്ന ബസവണ്ണയുടെ പ്രതിമ, എം.എം. കൽബുർഗി

ബസവണ്ണയുടെ ചോദ്യങ്ങളും ​
പോയിൻറ്​ ബ്ലാങ്കിലേക്കുള്ള വെടിയുണ്ടകളും

പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകയിൽ നിന്ന് രൂപം കൊണ്ട ജാതിരഹിതവും, ബ്രാഹ്മണവിരുദ്ധവും, വൈദികവിരുദ്ധവും, അനുഷ്ഠാനവിരുദ്ധവുമായ ലിംഗായതമെന്ന ശൈവ ദർശനത്തെ മുൻനിർത്തി, സമകാലിക ഇന്ത്യയിലെ മതകേന്ദ്രീകരണ - സമഗ്രാധിപത്യവാദത്തിന്റെ ആഗിരണ രാഷ്​ട്രീയത്തെക്കുറിച്ച്​ ഒരു പഠനം.

ഒരു ശിലാസർപ്പത്തെക്കണ്ട് അവർ പറയും, പാലൊഴിച്ചു കൊടുക്കുക യഥാർഥ സർപ്പത്തെക്കണ്ട് അവർ പറയും, അതിനെ കൊല്ലുക. ഭക്ഷണം കഴിക്കാനായി ഒരു ജംഗമൻ വന്നാൽ പറയും, പോകൂ... ഒന്നും തിന്നാൻ കഴിയാത്ത ലിംഗത്തിന് അവർ പ്രിയമുള്ളതെല്ലാം നിവേദിക്കും. -ബസവണ്ണയുടെ വചനം

മുലയും മുടിയും വന്നാൽ പെണ്ണെന്ന് വിളിക്കും താടിയും മീശയും വന്നാൽ ആണെന്നു വിളിക്കും അവരിൽ ജീവിക്കുന്ന ആത്മാവ് ആണുമല്ല, പെണ്ണുമല്ല, കാണൂ രാമനാഥാ.-ജേഡറ ദാസിമയ്യ, ആദ്യകാല വചനകാരൻ.

വേദശാസ്ത്രാഗമ പുരാണങ്ങളെല്ലാം പുഴുക്കനെല്ലുകുത്തിയ തവിടുപൊടിയേ! കുത്തന്നതെന്തിന്? പാറ്റുന്നതെന്തിന്? അങ്ങോടിങ്ങോടോടും മനസ്സിൻ ശിരസ്സു മുറിച്ചാൽ വെറും വെളിവയൽചെന്ന മല്ലികാർജുനാ.
-അക്ക മഹാദേവി

ലിംഗായതത്തിന്റെ / ബസവ മതത്തിന്റെ സ്ഥാപകൻ; ബസവ, ബസവേശ്വരൻ, എന്നീ പേരുകളിൽ വിളിയ്ക്കപ്പെടുന്ന ബസവണ്ണയ്ക്കും, നെയ്ത്തുകാരനായ വചന കവി ജേഡര ദാസിമയ്യയ്ക്കും, ഷിമോഗയിലെ ഉടുതടിയിൽ നിന്ന്, കൗശിഗന്റെ കൊട്ടാരവും സൗഭാഗ്യങ്ങളുമുപേഷിച്ച് അവധൂതയായി ചെന്നമല്ലികാർജ്ജുനനെത്തേടി അലഞ്ഞ അക്കമഹാദേവിയ്ക്കും പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സാമൂഹ്യ ജീവിത പരിസരങ്ങളിലേക്ക് പൊള്ളുന്ന ചോദ്യങ്ങളുന്നയിക്കാൻ കഴിഞ്ഞു.
എന്നാൽ, ഒമ്പതു നൂറ്റാണ്ടുകൾക്കിപ്പുറം, ബസവണ്ണയുടെ, അക്കയുടെ, അല്ലമപ്രഭു വിന്റെ, ചെന്നബസവയുടെ അതേ ചോദ്യങ്ങൾ ഉന്നയിച്ച എം.എം. കൽബുർഗിയ്ക്കും, ഗൗരി ലങ്കേഷിനും നേരിടേണ്ടി വന്നത് പോയിൻറ്​ ബ്ലാങ്കിലേയ്ക്കുള്ള വെടിയുണ്ടകളായിരുന്നുവെന്നത് കേവല യാദൃശ്ചികതയായി വിലയിരുത്താനാവുമോ?

2015 ആഗസ്റ്റ് 30 ന് കൽബുർഗിയും 2017 സെപ്തംബർ 5 ന് ഗൗരിയും ഒരേ രീതിയിൽ, ഒരേ കൈകളാൽ, ഒരേ കാരണത്തിന് കൊല്ലപ്പെട്ടു. രണ്ടുപേരും ബസവണ്ണയെപ്പോലെ ഉറക്കെപ്പറഞ്ഞു- ലിംഗായത്തുകൾ / ബസവമതവിശ്വാസികൾ ഹിന്ദുക്കളല്ല. അതിനെ വിഗ്രഹവത്ക്കരിക്കരുത്, ബ്രാഹ്മണവത്ക്കരിക്കരുത്, വൈദികവത്ക്കരിക്കരുത്, സജാതീയവത്ക്കരിക്കരുത്, ഹിന്ദുവത്ക്കരിക്കരുത്.

കൽബുർഗിയുടേയും ഗൗരിയുടേയും കൊലപാതകങ്ങളിൽ അസ്വസ്ഥനായി കെ.ജി.ശങ്കരപ്പിള്ള മുതല എന്ന കവിതയിൽ എഴുതി:വായിലെ ആയുധപ്പുരയിൽ വാലിലെ റഡാറിൽ കണ്ണിലെ ഉന്നത്തിൽ നോട്ടത്തിലെ ആജ്ഞയിൽ കുതിപ്പിലെ കൊടുങ്കാറ്റിൽ വെബ്ബിലെ കുത്തൊഴുക്കിൽ എപ്പോഴും തയ്യാർ എതിരർക്ക് മറുപടി, മരണം നീ വേണ്ട, ഞാൻ മതി; എന്ന എന്റെ അദ്വൈതം നിന്നോടു പറഞ്ഞു കൽബുർഗിയോട് പറഞ്ഞു പലരോട് പറഞ്ഞു; ഇപ്പോ ഗൗരി ലങ്കഷിനോടും പറഞ്ഞു.

2015 ആഗസ്റ്റ് 30 ന് കൽബുർഗിയും 2017 സെപ്തംബർ 5 ന് ഗൗരിയും ഒരേ രീതിയിൽ, ഒരേ കൈകളാൽ, ഒരേ കാരണത്തിന് കൊല്ലപ്പെട്ടു. രണ്ടുപേരും ബസവണ്ണയെപ്പോലെ ഉറക്കെപ്പറഞ്ഞു- ലിംഗായത്തുകൾ / ബസവമതവിശ്വാസികൾ ഹിന്ദുക്കളല്ല. ലിംഗായത്തുകളും വീരശൈവരും ഒന്നല്ല. ബുദ്ധമതം പോലെ, ജൈനിസം പോലെ, സിഖിസം പോലെ ലിംഗായത്തുകൾ മറ്റൊരു മതം. അതിനെ വിഗ്രഹവത്ക്കരിക്കരുത്, ബ്രാഹ്മണവത്ക്കരിക്കരുത്, വൈദികവത്ക്കരിക്കരുത്, സജാതീയവത്ക്കരിക്കരുത്, ഹിന്ദുവത്ക്കരിക്കരുത്.

ഗൗരി ലങ്കേഷ്. പാരിസിലെ മാധ്യമ പഠന കാലത്ത് പകർത്തിയത്. / Photo: kavita lankesh

കൊല്ലപ്പെടുന്നതിനു മുമ്പ് ദ വയറിലെ ഗൗരി എഴുതി: ‘‘ലിംഗായത്തുകളും വീരശൈവരും ഒന്നു തന്നെയാണോ? വീരശൈവർ ഹിന്ദുയിസത്തിന്റെ ഭാഗമാണോ? തങ്ങൾ ഹിന്ദുക്കൾ അല്ലെന്ന് ലിംഗായത്തുകൾ അവകാശപ്പെടുന്നില്ലേ? ഈ മൂന്ന് ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള തർക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ മുൻനിർത്തി ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. വീരശൈവരും ലിംഗായത്തുകളും ഒന്നുതന്നെയാണെന്ന് കാലങ്ങളായി പലരും വിശ്വസിച്ചു പോരുന്നുണ്ട്. ഈ രണ്ടു വാക്കുകളും തീർത്തും വ്യത്യസ്തങ്ങളാണെങ്കിലും ഒന്ന് മറ്റൊന്നിനുപകരം ഉപയോഗിക്കമെന്നു പോലും അവർ കരുതുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹ്യപരിഷ്‌കർത്താവും ഹിന്ദുമതത്തിന്റെ കടുത്ത വിമർശകനുമായിരുന്ന ബസവണ്ണയുടെ അനുയായികളാണ് ലിംഗായത്തുകൾ. ബസവണ്ണയുടെ ധർമശാസനകളെയാണ് അവർ പിന്തുടരുന്നത്. വീരശൈവർ ആ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ശൈവ വിശ്വാസത്തിന്റെ തുടർച്ചക്കാരും വൈദിക മതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗവുമാണ്. ഇതിന്റെ മറ്റേ പാതി വൈഷ്ണവതയാണ്. വൈഷ്ണവരും ശൈവരും സനാതന ധർമത്തെയാണ് പിന്തുടരുന്നത്.

ലിംഗായതരും വീരശൈവരും തമ്മിൽ അടിസ്ഥാനപരമായിത്തന്നെ പല വ്യത്യാസങ്ങളുമുണ്ട്. വേദപാഠങ്ങൾ സ്വീകരിക്കുന്നവരും ജാതീയവും ലിംഗപരവുമായ വിവേചനങ്ങൾ കൊണ്ടുനടക്കുന്നവരുമാണ് രണ്ടാമത്തെ കൂട്ടർ. എന്നാൽ ലിംഗായത്തുകളുടെ ആചാര്യനായ ബസവണ്ണ ഇതിനെ എതിർക്കുക മാത്രമല്ല സനാതന ധർമശാസനക്ക് ബദൽ കൊണ്ടുവരികയും ചെയ്തു. ഇത് വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ചില സംഗതികളുണ്ട്. ഹിന്ദു എന്ന വാക്കിന്റെ ആവിർഭാവവുമായി ഒരു ബന്ധവുമില്ലാത്തവിധം ഇക്കാലത്ത് അത് സനാതനധർമവുമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നുകാണാം. വൈഷ്ണവതയെപ്പോലെ ജൈന- ബുദ്ധ -ശിഖ -ശൈവ ദർശനങ്ങളെ ഹൈന്ദവതയിൽ ഉള്ളടക്കം ചെയ്തുകൊണ്ടാണ് ഈ ഏകീകരണം സാധിച്ചിരിക്കുന്നത്. വ്യത്യാസം നിലനിർത്തുന്ന ലിംഗായതം ഹൈന്ദവമല്ലാതാകുന്നത് ഇവിടെയാണ്.
എങ്കിൽ വ്യത്യസ്തമായ ഈ രണ്ടു ധാരകളെ ഇടകലർത്തുകയും ലിംഗായത്തുകളെ ഹിന്ദു മതത്തിന്റെ ഉപഘടകമായിച്ചുരുക്കുകയും ചെയ്തത് ആരാണ്?’’(പുസ്തകം: "തോക്കാണ് ആയുധം, ഗോഡ്‌സെയാണ് ഗുരു', വിവർത്തനം നാസിർ കെ.സി.)

അതിനും കുറച്ചു നാൾ മുമ്പ് എം.എം. കൽബുർഗ്ഗി എന്ന ജ്ഞാനവൃദ്ധൻ ഏറെ എതിർപ്പുകൾക്കിടയിലും ലിംഗായത്തുകളുടെ സാഹിത്യരൂപമായ വചന സാഹിത്യം എഡിറ്റു ചെയ്​ത്​ എഴുതി: ലിംഗായതം എന്നു വിളിക്കപ്പെടുന്നത് പൂർണതയിൽ നിന്ന് പൂർണതയിലേക്ക് സഞ്ചരിക്കുന്ന ഒരു സമ്പൂർണ മതത്തെയാണ്. ഒരു സമ്പൂർണ മതമെന്ന നിലയിൽ അത് വിശ്വാസത്തെയും ദൈവത്തെയും മാത്രമല്ല, വ്യക്തിയേയും സമൂഹത്തേയും ഉൾക്കൊള്ളുന്നു. അത് ഏതെങ്കിലും ഒരു മതഗ്രന്ഥത്തെ പ്രാമാണികമായി കാണുന്നില്ല. വചനങ്ങളിൽ നിന്നാണ് ലിംഗായതം അതിന്റെ ആത്മീയ സാധ്യതകൾ കണ്ടെടുത്തത്. എന്നാൽ ചിന്തയിലും വീക്ഷണത്തിലും ആധുനികതയെ സ്വാഗതം ചെയ്യാൻ അത് മടിക്കുന്നുമില്ല.

കൽബുർഗിയുടേയും അവസാനത്തെ എഴുത്തുകളിലൊന്ന് വചനത്തിന്റെ ആമുഖമായത് മറ്റൊരു യാദൃച്ഛികതയാണോ? ബസവമതത്തേയും വചനത്തേയും ഭയപ്പെടുന്നതാരാണ്?

വചനം ബസവണ്ണയ്ക്കു മുൻപും കന്നഡയിലുണ്ട്. മാദര ചെന്നയ്യയും, ജേഡര ദാസിമയ്യയും, ദേവരദാസി മയ്യയും പോലുള്ളവർ. പക്ഷേ, ബസവണ്ണ വചനത്തെ സാമൂഹ്യ നവോത്ഥാനത്തിന്റെ ദീപശിഖയാക്കി മാറ്റി. കൊട്ടാരക്കെട്ടുകളിൽ നിന്നും യുദ്ധവീരൻമാരിൽ നിന്നും, വീരാപദാനങ്ങളിൽ നിന്നു മനുഷ്യനിലേക്കു വലിച്ചിറക്കിക്കൊണ്ടുവന്നു. സ്ത്രീകളാൽ സമ്പന്നമായിരുന്നു വചന കാലം.

ഭക്തിപ്രസ്ഥാനം ആഞ്ഞുവീശിയ പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകയിൽ നിന്ന് രൂപം കൊണ്ട ജാതിരഹിതവും, ബ്രാഹ്മണവിരുദ്ധവും, വൈദികവിരുദ്ധവും, അനുഷ്ഠാനവിരുദ്ധവുമായ ലിംഗായതമെന്ന ശൈവ ദർശനത്തെ, അതുയർത്തിയ തുല്യതാസങ്കല്പത്തെ, ലിംഗനീതിയെ, സമത്വാധിഷ്ഠിത കാഴ്ചപ്പാടുകളെ, കായക - ദാസോഹത്തെ, ജനാധിപത്യാശയങ്ങളെ, സാമൂഹ്യ നീതി ദർശനത്തെ ഒമ്പതു ദശകങ്ങൾക്കിപ്പുറവും അസ്വസ്ഥതയോടെ, അസഹിഷ്ണുതയോടെ നോക്കിക്കാണാൻ മതകേന്ദ്രീകരണ - സമഗ്രാധിപത്യവാദികളെ പ്രേരിപ്പിക്കുന്നെങ്കിൽ ബസവണ്ണയും അദ്ദേഹത്തിന്റെ വചനങ്ങളും ഒരു ബദൽ അന്വേഷണ സാധ്യതയാണ്.

ലിംഗായതരും വീരശെെവരും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ വിശദമാക്കുന്ന പട്ടിക

മധ്യകാലഘട്ടത്തിൽ, അടിത്തട്ടിൽ നിന്നാരംഭിച്ച്, മുകളിലേക്കു സഞ്ചരിച്ച ആശയ സാധ്യതയും വിമോചനാശയവുമായിരുന്നു ലിംഗായതം. ഗദ്യരൂപത്തിൽ വായിക്കാനും പദ്യരൂപത്തിൽ ചൊല്ലാനും കഴിയുന്ന വചനമായിരുന്നു അതിന്റെ മുഖം. തെരുവുകളും, നാട്ടുക്കൂട്ടങ്ങളും, അടിത്തട്ടിലെ മനുഷ്യരുമായിരുന്നു അതിനെ നയിച്ചത്. ആടിയും പാടിയും അലഞ്ഞും അവർ ഭക്തിയെ ആ ഘോഷിച്ചു. എല്ലാവർക്കും പ്രാപ്യനായ ദൈവമെന്ന സന്ദേശവും, ദൈവത്തിനു മുന്നിലെ സമത്വമെന്ന ചിന്തയും സമർപ്പിത ഭക്തിയെന്ന ആശയവുമാണ് അവർ മുന്നോട്ടു വെച്ചത്. അവരിൽ സവർണരും അവർണരും, അയിത്തജാതിക്കാരും സ്ത്രീകളുമുണ്ടായിരുന്നു. ഭക്തി പ്രസ്ഥാനകാലഘട്ടത്തിലെ മത നവീകരണമെന്നോ, മതപുനരുത്ഥാനപരമെന്നോ പറയാവുന്ന സംഘങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമായിരുന്നു ലിംഗായതം. വൈദിക മതം മുന്നോട്ടു വെച്ച വേദങ്ങളുടെ പ്രാമാണികതയെ, വിഗ്രഹാരാധനയെ, ജാതീയതയെ, അനുഷ്ഠാനങ്ങളെ, ജ്യോതിഷത്തെ, സ്ത്രീ പുരുഷ വിവേചനങ്ങളെ അവർ നിരാകരിച്ചു. മറ്റൊരർത്ഥത്തിൽ അജീവികൻമാരും, ബുദ്ധ-ജൈനദർശനങ്ങളും ഉയർത്തിപ്പിടിച്ച ഭൗതികവാദ ചിന്തകളോട് അടുത്തു നിൽക്കുന്ന സമീപനങ്ങളാണ് ലിംഗായതം അവതരിപ്പിച്ചത്. കർണാടകയിലെ കല്യാണയിൽ തുടങ്ങിയ അനുഭവമണ്ഡപമെന്ന ജനകീയ വേദിയിലൂടെ അവർ വചനങ്ങൾക്കു രൂപം നൽകി.

മധ്യകാലഘട്ടത്തിൽ, അടിത്തട്ടിൽ നിന്നാരംഭിച്ച്, മുകളിലേക്കു സഞ്ചരിച്ച ആശയ സാധ്യതയും വിമോചനാശയവുമായിരുന്നു ലിംഗായതം. ഗദ്യരൂപത്തിൽ വായിക്കാനും പദ്യരൂപത്തിൽ ചൊല്ലാനും കഴിയുന്ന വചനമായിരുന്നു അതിന്റെ മുഖം. വചനസാഹിത്യ കവിതകളടങ്ങിയ 11-ാം നൂറ്റാണ്ടിലെ താളിയോല / Photo: Wikimedia Commons

മധ്യകാലഘട്ടത്തിലെ കന്നഡ സാഹിത്യത്തിന്റെ ഉള്ളടക്കത്തേയും, സമീപനങ്ങളേയും, പ്രതിപാദനത്തേയും വചനം മാറ്റിമറിച്ചു. വചനകാരിൽ പല തരക്കാർ, വചനത്തിന് ഭിന്ന ഭാവതലങ്ങൾ. ചെരുപ്പു കുത്തിയും, വള്ളക്കാരും, വെള്ളം കോരുന്നവരും, നൂൽനൂൽക്കുന്നവരും, കാലിമേയ്ക്കുന്നവരും, തെരുക്കൂത്തു നടത്തുന്നവരും, വിറകുവെട്ടുന്നവരും, മലം ചുമക്കുന്നവരും. വചനങ്ങൾ കവിതയും കുറുങ്കവിതകളും നീതിസാരങ്ങളും ബെഡഗിന വചനഗളുവെന്നു വിളിക്കുന്ന കടം കഥകളും. അവയിൽ ഭക്തിയുടെ ഉദാത്ത ഭാവങ്ങൾ മുതൽ സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ അഗ്‌നിസ്ഫുലിംഗങ്ങൾ വരെ. പ്രവൃത്തിയെ (കായകത്തെ) ശിവനേക്കാൾ വലുതെന്നു കരുതുന്നവർ. മാദര ധൂളയ്യ എന്ന വചന കവി ചെരുപ്പു തുന്നുമ്പോൾ ശിവൻ അവന്റെ കുടിലിൽ വന്നുവെന്ന് ഒരു വചനത്തിൽ പറയുന്നു. ധൂളയ്യ ശിവനോടു ചോദിക്കുന്നു. ‘നീ എന്തിനിവിടെ വന്നു? പോകൂ, പോകൂ. നിന്റെ രജത ഗിരിയിലേക്ക്, ശല്യപ്പെടുത്താതെ നിന്റെ ഭക്തൻമാരെ' പ്രവൃത്തി ദൈവത്തിനുപരിയാവുന്ന സന്ദർഭം.

വചനം ബസവണ്ണയ്ക്കു മുൻപും കന്നഡയിലുണ്ട്. മാദര ചെന്നയ്യയും, ജേഡര ദാസിമയ്യയും, ദേവരദാസി മയ്യയും പോലുള്ളവർ. പക്ഷേ, ബസവണ്ണ വചനത്തെ സാമൂഹ്യ നവോത്ഥാനത്തിന്റെ ദീപശിഖയാക്കി മാറ്റി. കൊട്ടാരക്കെട്ടുകളിൽ നിന്നും യുദ്ധവീരൻമാരിൽ നിന്നും, വീരാപദാനങ്ങളിൽ നിന്നു മനുഷ്യനിലേക്കു വലിച്ചിറക്കിക്കൊണ്ടുവന്നു. സ്ത്രീകളാൽ സമ്പന്നമായിരുന്നു വചന കാലം. ബസവണ്ണയുടെ ഭാര്യമാരായിരുന്ന ഗംഗാബികയേയും, നിലാംബികയേയും സഹോദരി അക്കനാഗമ്മയേയും കൂടാതെ കാളവ്വെ, സത്യക്ക, ലിംഗമ്മ, ആയ്ദ ക്കിലക്കമ്മ എന്നിങ്ങനെ മുപ്പത്തിമൂന്നു സ്ത്രീ വചനകാർ, അവരെ വചന കാർത്തിയരുവെന്നു വിളിച്ചു. അക്ക മഹാദേവി അവരിൽ പ്രധാനിയായി.

നിരന്തരമായ അലച്ചിലുകൾക്കൊടുവിൽ, നഗ്‌നയായി, കല്യാണയിലെ അനുഭവമണ്ഡപവേദിയിലേക്ക് കടന്നുവന്ന അക്കയോട് അനുഭവമണ്ഡപത്തിന്റെ അധ്യക്ഷൻ അല്ലമപ്രഭു ചോദിച്ച ചോദ്യങ്ങളിൽ അവൾ അസ്വസ്ഥയായില്ല. ദിഗംബരനെ സ്‌നേഹിക്കുന്നവൾക്ക് എന്തിനാണ് അരയിലൊരു വസ്ത്രം എന്നു പ്രതിരോധിച്ചു. നിങ്ങൾക്ക് ശരീരത്തോടു മമതയില്ലെങ്കിൽ നീണ്ട മുടി കൊണ്ട് ശരീരം മറയ്ക്കുന്നതെന്തിനെന്ന അല്ലമയുടെ ചോദ്യത്തിന്, ‘എന്റെ നഗ്‌നശരീരം നിങ്ങളെ പരിഭ്രാന്തരാക്കുന്നതെന്തിന്? എനിക്കു പരിഭ്രമമില്ല. എന്റെ സ്ത്രീത്വത്തിന്റെ അടയാളങ്ങൾ കണ്ട് നിങ്ങൾ പരിഭ്രമിക്കരുത് എന്നു കരുതിയാണ് ഞാൻ എന്നെ മറയ്ക്കുന്നതെന്നു’ പ്രതിവചിച്ച അനുഭവമണ്ഡപ ചർച്ചകൾ മഹാദേവിയെ അക്കമഹാദേവിയായി അടയാളപ്പെടുത്തി. ഒരു പക്ഷേ, സംഘകാലഘട്ടത്തിനു ശേഷം സമൂഹത്തിൽ സ്ത്രീകൾക്ക് ഏറെ പ്രസക്തിയും പ്രാധാന്യവും കൈവന്ന കാലഘട്ടം ബസവയുടെ സാമൂഹ്യ വിപ്ലവത്തിന്റെ കാലത്തായിരിക്കണം.

പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷവും ബസവണ്ണ ചരിത്രത്തിൽ നിന്ന്​ മാഞ്ഞുപോയില്ല. ശരണവിപ്ലവത്തെ അടിച്ചമർത്താൻ ശ്രമങ്ങൾ നടന്നുവെങ്കിലും പിൽക്കാലത്ത് വചനങ്ങളുടെ കണ്ടെടുക്കലിലൂടെ, വ്യാഖ്യാനങ്ങളിലൂടെ ബസവണ്ണയും, ബസവമതവും കൂടുതൽ തെളിഞ്ഞു വന്നു. വചനമായി, സ്ത്രീ പുരുഷ തുല്യതയായി, കായക ദാസോഹമായി, അനുഭവമണ്ഡപമായി, ചോദ്യങ്ങളായി കൽബുർഗിയായി, ഗൗരി ലങ്കേഷായി അദ്ദേഹം ഇന്ത്യയുടെ സമകാലിക ജീവിതത്തിലേക്ക് നടന്നുകയറുന്നു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments