ഒറ്റ പ്രസംഗം കൊണ്ട്
ഇത്ര വലിയ അദാനി വിരുദ്ധനായോ മോദി?

നരേന്ദ്ര മോദി ആരോപിക്കുന്നതുപോലെ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം അദാനിയെയും അംബാനിയെയും കുറിച്ച് കോൺഗ്രസും രാഹുലും മിണ്ടാതിരുന്നിട്ടില്ല. രാഹുലും കോൺഗ്രസും ആവർത്തിച്ചുകൊണ്ടിരിക്കുകയും തന്നെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത കോർപറേറ്റ് ചങ്ങാത്തമെന്ന വസ്തുതയിൽനിന്ന് ഒളിച്ചോടാൻ അതേ ആരോപണം രാഹുലിനുമേൽ ചാർത്തുന്ന തന്ത്രമാണ് മോദിയുടേത്.

തെലങ്കാനയിലെ കരിംനഗറിൽ കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കാമ്പയിനിലേക്ക് പുതിയൊരു വിവാദം കൂടി എടുത്തിട്ടിരിക്കുന്നു. പ്രമുഖ വ്യവസായികളായ അംബാനിയുമായും അദാനിയുമായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കി എന്നാണ് മോദിയുടെ ആരോപണം.

അംബാനിയെയും അദാനിയെയും നിരന്തരം വിമർശിച്ചിരുന്ന, അംബാനിയുമായും അദാനിയുമായും മോദിക്കും ബി.ജെ.പിക്കുമുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്ന രാഹുൽ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അദാനിയെന്നോ അംബാനിയെന്നോ മിണ്ടിയിട്ടില്ലെന്നും മോദി വാദിച്ചു: 'നിങ്ങൾ കണ്ടിട്ടുണ്ടാകും, കഴിഞ്ഞ അഞ്ചു വർഷമായി, രാവിലെ എഴുന്നേറ്റാലുടൻ ഈ മന്ത്രം ഉരുവിടലായിരുന്നു കോൺഗ്രസ് രാജകുമാരന്റെ പണി. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു തൽ അംബാനിയെയോ അദാനിയെയോ അധിക്ഷേപിക്കുന്നത് കോൺഗ്രസ് ഒറ്റരാത്രി കൊണ്ട് നിർത്തിയിരക്കുന്നു. എത്ര ചാക്ക് കള്ളപ്പണം നിങ്ങൾക്ക് കിട്ടി? ലോറി നിറയെ പണം കോൺഗ്രസിൽ എത്തിയോ? അംബാനിയെയും അദാനിയെയും വിമർശിക്കുന്ന കഴിഞ്ഞ അഞ്ചു വർഷത്തെ നിങ്ങളുടെ ശീലം പെട്ടന്നങ്ങ് ഇല്ലാതായതിന് പിന്നിൽ നിറയെ പണം നിങ്ങൾക്ക് കിട്ടിയിട്ടുണ്ട് എന്ന് തന്നെയല്ലേ' എന്നും മോദി ആരോപിച്ചു.

കരിംനഗറില്‍ പ്രസംഗിക്കുന്ന നരേന്ദ്ര മോദി

മോദിയുടെ ആരോപണത്തിന് രാഹുൽ മറുപടിയും പറഞ്ഞിട്ടുണ്ട്. ‘പേടിച്ചുവോ’ എന്ന് മോദിയോട് ചോദിച്ച് രാഹുൽ പറയുന്നു: ‘‘മോദി ഇതാദ്യമായാണ് പരസ്യമായി അംബാനിയെന്നും അദാനിയെന്നും ഉച്ചരിക്കുന്നതുതന്നെ. ടെമ്പോയിൽ പൈസ കൊടുക്കുമെന്നു പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണോ? അദാനിയും അംബാനിയും പണം തന്നെങ്കിൽ ഇ ഡിയേയും സി ബി ഐയേയും അങ്ങോട്ട് വിട്ട് അന്വേഷണം നടത്താം. ഇ ഡിയെയും സി ബി ഐയെയും അങ്ങോട്ടേക്കയക്കാൻ എന്താണ് പ്രയാസം? വൻകിട വ്യവസായികൾക്ക് മോദി സർക്കാർ എത്ര പണം കൊടുത്തോ അത്രയും പണം രാജ്യത്തെ പാവപ്പെട്ടവർക്ക് ഇന്ത്യ മുന്നണി അധികാരത്തിലേറിയാൻ കൊടുക്കും’’.

ഇത്ര നാൾ ചങ്ങാതിമാരായിരുന്ന അദാനി - അംബാനിമാരെ മോദി തള്ളിപ്പറയുകയാണെന്നേ തെലങ്കാനാ പ്രസംഗം ആദ്യം കേൾക്കുമ്പോൾ തോന്നൂ. എന്നാൽ സംഗതി അങ്ങനെയല്ല. രാഹു​ലും കോൺഗ്രസും ആവർത്തിച്ചുകൊണ്ടിരിക്കുകയും തന്നെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത കോർപറേറ്റ് ചങ്ങാത്തമെന്ന വസ്തുതയിൽനിന്ന് ഒളിച്ചോടാൻ ​അതേ ആരോപണം രാഹുലിനുമേൽ ചാർത്തുന്ന തന്ത്രമായിരുന്നു മോദിയുടേത്.

Watch Full Video Here

കാരണം, പ്രചാരണത്തിൽ രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും പലവട്ടം അദാനി - അംബാനിമാർക്കെതിരെ പ്രസംഗിച്ചിട്ടുണ്ട്, ഇപ്പോഴും കോൺഗ്രസ് അത് പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. മോദിയുടെ തെലങ്കാന പ്രസംഗത്തിൻ്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയും മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും പിന്നെയും അദാനി - അംബാനിമാർക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു: ‘രാജ്യത്തെ സാധാരണക്കാരുടെ ചെലവിൽ അംബാനിയുമായും അദാനിയുമായും മോദി നടത്തുന്ന വഴിവിട്ട ബന്ധം രാഹുൽ ഗാന്ധി നിരന്തരം തുറന്നുകാണിക്കുന്നതിന്റെ അമർഷം പ്രധാനമന്ത്രിക്ക് ഇപ്പോൾ നന്നായി അനുഭവപ്പെടുന്നുണ്ട്’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനത്തിന് കോൺഗ്രസിന്റെ മറുപടി.
എന്നിട്ടും, വസ്തുത തിരയുന്നതിനുപകരം മോദിയുടെ പ്രസംഗത്തിലെ അംബാനി വിരുദ്ധത വലിയ സംഭവമായി റിപ്പോർട്ട് ചെയ്യാനാണ് മാധ്യമങ്ങൾ ഉൾപ്പടെ ശ്രമിച്ചത്.

പ്രചാരണം കൊഴുപ്പിക്കാൻ മോദി എറിഞ്ഞുനോക്കുന്ന കുറേ കള്ളങ്ങളിൽ ഒന്നു മാത്രമായിരുന്നു ‘അദാനി- അംബാനി പ്രസംഗം’. പ്രതിപക്ഷം തങ്ങളെ അടിക്കുന്ന അതേ വടി കൊണ്ട് തിരിച്ചൊരെണ്ണം കൊടുക്കാമെന്ന പദ്ധതി. പക്ഷെ സംഭവം പാളി.

മോദി ആരോപിക്കുന്നതുപോലെ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം അദാനിയെയും അംബാനിയെയും കുറിച്ച് കോൺഗ്രസും രാഹുലും മിണ്ടാതിരുന്നിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ 24ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ തന്നെ അംബാനി - അദാനിമാരുമായുള്ള ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും അവിശുദ്ധകൂട്ടുകെട്ടിനെ കുറിച്ച് പറഞ്ഞിരുന്നു: 'ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ, ഇവിടെ രണ്ട് കച്ചവടക്കാരും രണ്ട് ഉപഭോക്താക്കളുമാണുള്ളത്. കച്ചവടക്കാർ മോദിയും അമിത്ഷായും, വാങ്ങുന്നവർ അംബാനിയും അദാനിയും' എന്നാണ് ഖാർഗേ പറഞ്ഞത്.

ഗൗതം അദാനി, നരേന്ദ്ര മോദി

'നരേന്ദ്രമോദിയുടെയും അദാനിയുടെയും പോളിസികൾ ഇന്ത്യയെ രണ്ടാക്കിയിരിക്കുന്നു. അതിലൊന്ന് കോടീശ്വരൻമാരുടെ ഇന്ത്യയാണെങ്കിൽമറ്റൊന്ന് സാധാരണക്കാരുടെയും ദരിദ്രരുടെയും ഇന്ത്യയാണ്' എന്ന് ഏപ്രിൽ 12 ന് കോയമ്പത്തൂരിൽ നടന്ന മറ്റൊരു തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.

ഭാരത് ജോഡോ ന്യായ് യാത്രയിലും പലതവണ രാഹുൽ ഇത് ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലും രാഹുൽ അദാനിക്കെതിരേ വിമർശനം ഉന്നയിച്ചു. വനഭൂമി അദാനിക്ക് നൽകുകയാണ് ബി.ജെ.പി ചെയ്തതെന്നായിരുന്നു രാഹുലിന്റെ പരമാർശം. 'മോദി ചെയ്യുന്നതെല്ലാം ഈ കോടീശ്വരന്മാർക്ക് വേണ്ടിയാണ്. ഇവർക്ക് വേണ്ടി മാത്രമാണ്. ഭൂമി അവർക്കുള്ളതാണ്, കാട് അവർക്കുള്ളതാണ്, മാധ്യമങ്ങൾ അവരുടേതാണ്, മേൽപ്പാലങ്ങൾ അവരുടേതാണ്, പെട്രോൾ അവരുടേതാണ്. എല്ലാം അവർക്കുള്ളതാണ്. പൊതുമേഖലയിൽ ഉള്ളതെല്ലാം സ്വകാര്യവൽക്കരിക്കുന്നു. ഇനി റെയിൽവേയും സ്വകാര്യവത്കരിക്കുമെന്ന് അവർ പരസ്യമായി പറയുന്നു'

മോദി സർക്കാർ വൻവ്യവസായികളെ സഹായിക്കുന്നുവെന്ന് മുൻപും പലതവണ രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. ബി.ജെ.പി. സർക്കാർ 22 ഇന്ത്യക്കാരെ കോടീശ്വരൻമാരാക്കിയെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് ആളുകളെ ലക്ഷാധിപതികളാക്കുമെന്ന് രാഹുൽ പറഞ്ഞതും മോദി കേട്ടിട്ടില്ല.

ഗൗരവ് വല്ലഭ്

അതേസമയം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ അടുത്തിടെ അദാനി ഗ്രൂപ്പുമായി വിവിധ മേഖലകളിലായി 12,400 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത് ബി.ജെ.പി കോൺഗ്രസിനെതിരേ തിരിച്ചടിക്കാനുള്ള ആയുധമാക്കാനും സാധ്യതയുണ്ട്. ‘അദാനിക്കെതിരേ സംസാരിക്കാൻ കോൺഗ്രസ് നേതൃത്വം നിരന്തരം നിർബന്ധിച്ചിരുന്നു’ - എന്ന് അടുത്തിടെ ബി.ജെ.പിയിലേക്ക് മാറിയ, ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭിന്റെ പരാമർശവും ബി.ജെ.പി ആയുധമാക്കുമെന്ന് വേണം കരുതാൻ.

അതിനിടെ ഭോപ്പാലിൽ മോദി വീണ്ടും വിദ്വേഷപരമാർശം ആവർത്തിച്ചതും ബി.ജെ.പിയെ വെട്ടിലാക്കിയേക്കും. ‘കോൺഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കും’ എന്നായിരുന്നു മോദി ഭോപ്പാലിൽ പറഞ്ഞത്. ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ബി.ജെ.പി അക്കൌണ്ടുകളിൽ പ്രചരിച്ചിരുന്ന മോദിയുടെ വിദ്വേഷപ്രചാരണ വീഡിയോകൾ നീക്കം ചെയ്തതും ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസം മുസ്ലീങ്ങൾക്കെതിരായ മോദിയുടെ മറ്റൊരു വിദ്വേഷ വീഡിയോ എക്സിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ എക്സിന് നിർദേശവും നൽകിയിരുന്നു.

അദാനിയെയും അംബാനിയെയും പ്രതിസ്ഥാനത്താക്കി കോൺഗ്രസിനും നേതാക്കൾക്കുമെതിരേ മോദി ഉന്നയിക്കുന്ന ആരോപണങ്ങൾ തുടരാനാണ് ബി.ജെ.പി പദ്ധതിയെങ്കിൽ മോദി ഉത്തരം പറയേണ്ടി വരുന്നതും നിരവധി ചോദ്യങ്ങൾക്കായിരിക്കും.
അതിലൊന്ന്, കഴിഞ്ഞ പത്തു വർഷങ്ങളായി അദാനി - അംബാനിമാരുടെ സമ്പത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതെങ്ങനെ എന്നതാണ്. കോവിഡ് കാലത്ത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ദിവസവേതനത്തിന് പാടുപെട്ടപ്പോൾ അദാനിയുടെയും അംബിനിയുടെയും സമ്പത്ത് കുന്നുകൂടുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടുൾപ്പടെ അദാനിയുടെ പെട്ടന്നുള്ള ഈ വളർച്ചയിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംശയം പ്രകടിപ്പിക്കുന്നുണ്ടെന്ന് മാത്രമല്ല, അദാനി എന്തൊക്കെ തിരിമറികൾ ചെയ്‌തെന്ന് അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. എന്നാൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളായി അദാനി ഇപ്പോഴും പട്ടികയിൽ തുടരുന്നുണ്ടെന്നതാണ് യാതാർത്ഥ്യം. തൊട്ടുമുന്നിലായി അംബാനിയുമുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൊത്തത്തിൽ പ്രതിസന്ധി നേരിടുകയാണെന്ന് പറകാല പ്രഭാകറിനെ പോലുള്ള സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. തൊഴിലില്ലായ്മയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എന്നാൽ അംബാനി-അദാനിമാരെ ഇതൊന്നും ബാധിച്ചിട്ടുമില്ല.

അദാനി ഗ്രൂപ്പ് അതിന്റെ സ്റ്റോക്കുകളിൽ കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും കാണിച്ചെന്ന് ആരോപിച്ച് യു.എസ് ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ട് 15 മാസങ്ങൾ കഴിഞ്ഞു. സംഭവം അന്വേഷിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ മോദി ഭരണകൂടം തള്ളിക്കളയുകയാണ് ചെയ്തത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം, ചില ഫിനാൻഷ്യൽ ജേണലിസ്റ്റുകളും അദാനി ഗ്രൂപ്പിന്റെ കൃത്രിമങ്ങൾ കുറേയൊക്കെ കണ്ടെത്തി പുറത്തുവിട്ടിരുന്നു. എന്നിട്ടും, ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സെബിയും സ്ഥിരീകരിച്ചിട്ടും അദാനി ഗ്രൂപ്പിനെതിരെയോ ഗൗതം അദാനിക്കെതിരേയോ ഇതുവരെയും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻമാരിലൊരാളായി അയാൾ ഇപ്പോഴും പട്ടികയിൽ തുടരുന്നുമുണ്ട്.

ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന ചോദ്യമുയർന്നാൽ മോദിക്കും ബി.ജെ.പിക്കും മോദിക്കും എളുപ്പം കൈകഴുകാൻ കഴിയുകയില്ല. അദാനിയുടെയും അംബാനിയുടെയും പെട്ടന്നുണ്ടായ ഈ വളർച്ചയിൽ കേന്ദ്ര സർക്കാരിന് വ്യക്തമായ പങ്കുണ്ട്.

ഹരിയാനയിലുൾപ്പടെ വോട്ടിംഗ് ശതമാനത്തിലെ കുറവ് കണ്ട് ഭയന്നാവാം മോദി ഇത്തരം പരമാർശങ്ങൾ തുടരുന്നത്. വിദ്വേഷം വോട്ടാക്കാമെന്നാണ് തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ ബി.ജെ.പി കണക്കുകൂട്ടുന്നത്. ഹരിയാനയിലെ സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ചത് മോദിയെയും ബി.ജെ.പിയെയും ഭയപ്പെടുത്തിയിട്ടുമുണ്ട്. ‘കഴിഞ്ഞ നാല്-അഞ്ച് വർഷങ്ങളായി ഞങ്ങൾ ബി.ജെ.പിക്ക് പിന്തുണ നൽകുകയായിരുന്നു. പക്ഷെ ഇന്ന് സംസ്ഥാനത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും എറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുന്നു. ഇതെല്ലാം പരിഗണിച്ച് ഞങ്ങൾ ബി.ജെ.പി സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുകയാണ്’ - എന്ന് ഹരിയാനയിലെ ഒരുകൂട്ടം സ്വതന്ത്ര എം.എൽ.എമാർ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ബി.ജെ.പിയുടെ ഭയം വർദ്ധിച്ചിട്ടുണ്ട്.

തെലങ്കാന പ്രസംഗം, അതിന്റെ ഉറവിടത്തിൽവച്ചുതന്നെ വറ്റിപ്പോയി. നുണയും വിദ്വേഷവും തുടർന്നാൽ പ്രതിപക്ഷത്തെ അടിക്കാൻമോദി എടുക്കുന്ന വടികൊണ്ട് അടി കിട്ടുന്നത് ബി.ജെ.പിക്ക് തന്നെയാകുമെന്ന സൂചനയാണ് ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നത്.

Comments