സവർക്കർ ഉണ്ടാക്കിയ ‘അഖണ്ഡ ദേശഭൂപടം’ തിരിച്ചുവരു​മ്പോൾ

ഇന്ത്യ, ബഹുസ്വരതയാർന്ന ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സെക്യുലറിസവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തെയും പൗരജീവിതത്തെയും നിരന്തരം നവീകരിക്കാൻ പ്രാപ്തമായ ഈ മൂല്യം സംരക്ഷിക്കപ്പെടേണ്ടത്, നമ്മുടെ ഭാവി നിലനിൽപ്പിനും അനിവാര്യമാണ്. ആർ ബൊമ്മൈ വേർസസ് യുണിയൻ സ്റ്റേറ്റ് ഓഫ് ഇന്ത്യ’ എന്ന കേസിന്റെ വിധിന്യായത്തിൽ സുപ്രീംകോടതി ചുണ്ടിക്കാണിച്ച പ്രധാനപ്പെട്ട കാര്യം, ഇന്ത്യയെന്ന രാജ്യം ഉടലെടുത്തതുമുതൽ മതേതര റിപ്പബ്ലിക് ആയിരുന്നുവെന്നാണ്. ഭരണകൂടം തന്നെ ആൻറി സെക്യുലറായും ആന്റി കോൺസ്റ്റിറ്റ്യൂഷനലായും മാറിക്കൊണ്ടിരിക്കുകയാണെന്ന് പി.എൻ. ഗോപീകൃഷ്​ണൻ.

രണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയ ഒരു കാര്യമായതിനാൽ സെക്യുലറിസത്തെ ഇത്ര പ്രശ്നവത്ക്കരിക്കേണ്ട ആവശ്യമില്ല. ഇന്ത്യയെ സംബന്ധിച്ച നാലുകാര്യങ്ങളാണ് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്. ഒന്ന്, ഇന്ത്യ ഒരു പരാമാധികാര റിപ്പബ്ലിക്കാണ്​. ഇത് ഏതുതരത്തിലുള്ള സ്വഭാവത്തോടു കൂടിയാണ് പരമാധികാര റിപ്പബ്ലിക്കാവുന്നതെന്നും വ്യക്തമായി പ്രാരംഭത്തിൽ വിശദീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാനത്തിലാണ് അത്. അതുകൊണ്ടു തന്നെ സെക്യുലറിസത്തെ ഇങ്ങനെ പ്രശ്നവത്ക്കരിക്കേണ്ട കാര്യം പോലുമില്ല.

പക്ഷേ സെക്യുലറിസമാണ് ഇന്ന് ഏറ്റവും കൂടുതൽ പ്രശ്നവത്ക്കരിക്കപ്പെട്ടതും ഇന്ത്യയിൽ ആഴത്തിലുള്ള ഒരു വൈരുദ്ധ്യം അഭിമുഖീകരിക്കുന്നതുമായ ഒരു സങ്കൽപ്പനം. പലപ്പോഴും വിമർശകർ ചൂണ്ടിക്കാണിക്കാറുള്ള ഒരു വാദം, സെക്യുലറിസമെന്ന പരികൽപ്പന ഭരണഘടനയിൽ പിന്നീട് ഉൾപ്പെടുത്തിയതാണന്നും ഇത് ഭരണഘടനയുടെ ആദ്യപതിപ്പിൽ ഇല്ലെന്നുമാണ്. സെക്യുലറിസമെന്ന പരികൽപന ഭരണഘടനാ ഭേദഗതി മൂലം നിർദ്ദേശിക്കപ്പെടുകയും 1976 ൽ ഭരണഘടനയിൽ ഉൾപ്പെടുത്തുകയുമായിരുന്നെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് അടിയന്തരാവസ്ഥ കാലാമായിരുന്നെന്നത് മറ്റൊരു വൈരുദ്ധ്യമാണ്.

എങ്കിലും നിയമ വിദ്യാർഥികളെല്ലാം വളരെ കൗതുകത്തോടെ പഠിക്കുന്ന ‘എസ്. ആർ ബൊമ്മൈ വേർസസ് യുണിയൻ സ്റ്റേറ്റ് ഓഫ് ഇന്ത്യ’ എന്ന കേസിന്റെ വിധിന്യായത്തിൽ സുപ്രീംകോടതി ചുണ്ടിക്കാണിച്ച പ്രധാനപ്പെട്ട കാര്യം, ഇന്ത്യയെന്ന രാജ്യം ഉടലെടുത്തതുമുതൽ മതേതര റിപ്പബ്ലിക് ആയിരുന്നുവെന്നാണ്. ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തിട്ടില്ലെങ്കിൽ പോലും ഇന്ത്യയൊരു മതേതര സ്വാഭാവമുള്ള രാഷ്ട്രമായിരുന്നു. ഇന്ത്യ ഒരിക്കലും മതാധിഷ്ഠിതമായിരുന്നില്ല. ഭരണഘടനയും പല രീതിയിലുള്ള അതിന്റെ പ്രകാശനങ്ങളും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത് സെക്യുലറിസമെന്ന മൂല്യത്തെ കൂടിയാണ് എന്നാണ് ആ വിധിയിൽ ചൂണ്ടിക്കാണിച്ചത്.

അതായത്, ഇന്ത്യയോടൊപ്പം രൂപം കൊണ്ട പാക്കിസ്ഥാനിലെ ഭരണഘടന രൂപം കൊള്ളുന്നത് ഇസ്​ലാമിന്റെ തത്വങ്ങൾക്കനുസരിച്ചാണ്. അത് കൊണ്ടാണത് ഇസ്​ലാമിക് റിപ്പബ്ലിക്ക് ആവുന്നത്. അതുപോലെ നേപ്പാൾ ഒരു ഹിന്ദു റിപ്പബ്ലിക്ക് ആയിരുന്നു എന്ന് നമുക്കറിയാം. ലോകത്ത് മതാതിഷ്ടിത റിപ്പബ്ലിക്ക് അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. ഇന്ത്യ അത്തരമൊരു മതാധിഷ്ഠിത റിപ്പബ്ലിക്ക് ആയില്ല, മറിച്ച് തുടക്കം മുതലെ ഒരു മതേതര റിപ്പബ്ലിക്ക് ആയിരുന്നു. ആധുനിക തത്വങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിട്ടുള്ളത്. മാത്രമല്ല പലപ്പോഴും വിധികളിൽ തത്വമതികളായ ന്യായാധിപന്മാരെല്ലാം ചൂണ്ടിക്കാണിച്ചിട്ടുള്ളത്, ഇന്ത്യൻ ഭരണഘടനയിൽ ഓരോ സങ്കൽപ്പനങ്ങളും വ്യാഖ്യാനിക്കേണ്ടതുപോലും ആധുനികതയുടെ വെളിച്ചത്തിൽ നിന്നുകൊണ്ടാണെന്നാണ്.

ഒന്നാമത്തെ കേന്ദ്ര മന്ത്രിസഭയിൽ നിയമ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഡോ. ബി.ആർ. അംബേദ്കർ

ഇന്ത്യയിൽ പലതരം അവസ്ഥകളുണ്ടായിട്ടുണ്ട്. അതിൽ പ്രധാനം, ചൂഷണത്തിൽ അധിഷ്ഠിതമായൊരു ജാതിവ്യവസ്ഥ നിലനിന്നിരുന്ന അല്ല, ഇപ്പോഴും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്നതാണ്. ആ ജാതിവ്യവസ്ഥയുടെ ചൂഷണം കൂടി നേരിടുന്ന തരത്തിലാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിരുന്നത്. അതുകൊണ്ട് ഭരണഘടനയ്ക്ക് രണ്ട് തലങ്ങളുണ്ടെന്ന് പറയാൻ കഴിയും. ഒന്ന്, ഒരു വിദേശശക്തിയിൽനിന്ന്​ മോചനം നേടി സ്വതന്ത്ര്യ റിപ്പബ്ലിക്ക് ആവുന്നു. അങ്ങനെ മോചനം നേടുമ്പോൾ കൊളോണിയൽ രീതിയിലുള്ള ഭരണഘടനാസ്ഥാപനങ്ങളെ മാറ്റി പകരം ഇന്ത്യൻ രീതിയിലുള്ള സ്ഥാപനങ്ങളുടെ നിർമ്മാണം നടത്തേണ്ടത് അത്യാവശ്യമായിരുന്നു. അതിന്റെ ഭാഗാമായിട്ടുകൂടിയാണ് ഭരണഘടന ഉണ്ടാവുന്നത്. നെഹ്‌റുവിനെയും അംബേദ്ക്കറെയും പോലുള്ളവർ അതിന് മുൻകൈ എടുത്തു. നെഹ്‌റുവിന്റെ ജീവചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന, ഇന്ത്യയ്ക്ക് ഒരു ഭരണനയം ഉണ്ടാക്കി എന്നതാണ്. ആധുനിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്. ഇന്ത്യയിലുണ്ടായ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ആധുനിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നിർമ്മിക്കപ്പെട്ടത്. അതാണ് നെഹ്‌റു നൽകിയ ഏറ്റവും വലിയ സംഭാവന.

ജാതിവ്യവസ്ഥയും മറ്റ് ചൂഷണങ്ങളും മൂലം മനുഷ്യാവകാശം അനുഭവിച്ചിട്ടേയില്ലാത്ത ഒരു ജനവിഭാഗത്തിന് മനുഷ്യാവകാശം എന്നു പറയുന്ന മണ്ഡലത്തിലേക്ക് പ്രവേശനം കൊടുക്കുകയാണ് ഭരണഘടന ചെയ്​തത്​. വിദേശാധിപത്യത്തിനെതിരെ ഒരു സ്വദേശി ഭരണഘടന ഉണ്ടാക്കുമ്പോൾ വിദേശാധിപത്യത്തെ മാത്രമല്ല ലക്ഷ്യം വെച്ചത്, മറിച്ച് ഇന്ത്യയിൽ നിലനിന്നിരുന്ന തനത് ചൂഷണ സമ്പ്രദായങ്ങളെ ഭേദിക്കാനുള്ളൊരു ശക്തി പുതിയ റിപ്പബ്ലിക്കിൽ ഇന്ത്യൻ ജനതയ്ക്കുണ്ടാകമെന്ന് ഉദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അംബേദ്ക്കറൊക്കെ ആ ചൂഷണം സ്വയം അനുഭവിച്ചതുകൊണ്ടും അതിന്റെ മനുഷ്യത്വമില്ലായ്മ സ്വയം ബോധ്യപ്പെട്ടതുകൊണ്ടുമൊക്കെ അതിനെ മറികടക്കാൻ ബോധപൂർവ ശ്രമം നടത്തി.
ഒരു ഭാഗത്ത് രാഷ്ട്രം എന്ന നിലയിലും ജനത എന്ന നിലയിലും കൊളോണിയൽ ശക്തികൾ ഇന്ത്യയെ തകർത്തു. മറുവശത്ത്​ ജാതിവ്യവസ്ഥ ഇന്ത്യയെ ഒരു ആധുനിക രാഷ്ട്രമാകുന്നതിന് തടസ്സമായി നിലനിന്നു. ഈ രണ്ട് കാര്യങ്ങളിൽ

Photo : Ajmal Mk Manikoth

നിന്ന്​ പുറത്തുവരണമെന്ന വ്യക്തമായ ലക്ഷ്യവും ഭരണഘടനയ്ക്കുണ്ടായിരുന്നു.

പലതരം മനുഷ്യർ ജീവിക്കുന്ന, പല ഭാഷകളുള്ള, പലതരം സംസ്‌ക്കാരമുള്ള, ഭിന്ന രുചികളുള്ള ഇന്ത്യയെ പോലൊരു ബഹുസ്വര രാജ്യത്ത് മതാധിഷ്ഠിതമായ അടിച്ചേൽപ്പിക്കൽ ഇന്ത്യയുടെ ആത്മാവിനെയും ശരീരത്തെയും തകർക്കും എന്ന് കണ്ടറിഞ്ഞിട്ടാണ് ഇന്ത്യ ഒരു മതേതര രാജ്യമായി മാറുന്നത്. ഇതിനെയാണ് ഭരണഘടന സാങ്കേതികമായി പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യജീവിതം നോക്കുകയാണെങ്കിൽ, മതേതരത്വം എന്ന് പറയുന്നത് ഇന്ത്യയുടെ മൊത്തം സ്വഭാവം പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യയുടെ ഒരു ഭാഗത്തുനിന്ന്​ മറ്റൊരു ഭാഗത്തേക്ക് പോകുമ്പോൾ, ഒരു ഭാഷയിൽ നിന്ന് വേറൊരു ഭാഷയിലേക്കാണ് പോകുന്നത്, ഒരു സംസ്‌ക്കാരത്തിൽ നിന്ന് മറ്റൊരു സംസ്‌ക്കാരത്തിലേക്ക് പോകുന്നത്, ഒരു വസ്ത്രധാരണ രീതിയിൽ നിന്ന് വേറൊരു വസ്ത്രധാരണ രീതിയിലേക്കാണ് പോകുന്നത്, ആഹാരങ്ങളിൽ നിന്ന് മറ്റൊരു ആഹാര രീതിയിലേക്കാണ് പോകുന്നത്... ഇങ്ങനെ വ്യത്യസ്തകളിൽ നിന്ന് വ്യത്യസ്തതകളിലേക്കാണ് ഇന്ത്യ സഞ്ചരിക്കുന്നത്. ഇന്ത്യ എന്ന ആശയം നിലനിൽക്കണമെങ്കിൽ വ്യത്യസ്തത എന്ന ആശയത്തെ അതിന്റെ കേന്ദ്രപ്രമേയമായി അംഗീകരിച്ചേ തീരൂ.

അങ്ങനെയാണ് മനുഷ്യർ ജീവിക്കുന്നത്. നമുക്കുചുറ്റും വ്യത്യസ്തരായ മനുഷ്യരാണ്. സസ്യാഹാരം ഇഷ്ടപ്പെടുന്നവരുണ്ട്, മാംസാഹാരം ഇഷ്ടപ്പെടുന്നവരുണ്ട്, പരുത്തി വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. ഗാന്ധിയെപ്പോലൊരാൾ അദ്ദേഹത്തിന്റെ സ്വേച്ഛ പ്രകാരം മേൽവസ്ത്രം തന്നെ മാറ്റിവെച്ച് അർധനഗ്നനായാണ് ലോകം ചുറ്റിയത്. അങ്ങനെ വ്യത്യസ്തങ്ങളായ പ്രകടനങ്ങളിൽ കൂടിയാണ് ഇന്ത്യയിലെ ഓരോ മനുഷ്യരുടെയും ജീവിതം മുന്നോട്ടുപോകുന്നത്. അതുകൊണ്ട് ബഹുസ്വരത എന്നുപറയുന്നത് ഏതാനും മതങ്ങളെ ഉൾക്കൊള്ളിക്കാൻ മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്നൊരു കാര്യം മാത്രമല്ല. മറിച്ച്, ആഴത്തിൽനിന്ന് വരുന്നൊരു സങ്കൽപ്പമാണ് ഇന്ത്യൻ സെക്യുലറിസം.

Photo : Ajmal Mk Manikoth

ഇന്ത്യൻ സെക്യുലറിസത്തെ നിർവചിക്കുമ്പോൾ സ്വാഭാവികമായും പലതരം തർക്കങ്ങളുണ്ടാകും. അത് മതനിരപേക്ഷതയാണോ, മതങ്ങളെ തമ്മിൽ സമന്വയിപ്പിക്കുന്ന എന്തെങ്കിലുമാണോ, അല്ലെങ്കിൽ യുക്തിവാദമാണോ, മതനിഷേധമാണോ എന്ന തരത്തിലുള്ള തർക്കങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ നിലവിലെ പ്രശ്‌നം, മതാധിഷ്ഠിത ദേശീയത തങ്ങളുടെ നയമായി സ്വീകരിച്ച കക്ഷിയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. അതിനനുസരിച്ചുള്ള നടപടികൾ രാജ്യത്തെമ്പാടും അവർ നടപ്പാക്കുന്നുണ്ട്. മതാധിഷ്ഠിത ദേശീയത എന്നുപറയുന്ന, ഹിന്ദുത്വ എന്നുപറയുന്ന പരിപ്രേക്ഷ്യം ബഹുസ്വരതയെ നിരാകരിക്കുന്ന ഒന്നാണ്.

1923 ലാണ് സവർക്കറുടെ എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന പുസ്തകം പുറത്തുവരുന്നത്. ദേശത്തെ കുറിച്ചും പൗരത്വത്തെ കുറിച്ചുമുള്ള സങ്കൽപ്പനങ്ങൾ അതിലുണ്ട്. അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമായിരുന്നില്ല. ഹിന്ദുമതത്തിലധിഷ്ഠിതമായൊരു രാഷ്ട്രം രൂപകൽപ്പന ചെയ്യുകയാണെങ്കിൽ അതിന്റെ ഭരണഘടന എങ്ങനെയായിരിക്കണം എന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നുകൂടിയാണ്​ ഈ പുസ്​തകം. രണ്ട് പരികൽപ്പനകളാണ് അതിലുള്ളത്. ഒന്ന് ദേശാതിർത്തികളെ കുറിച്ചുള്ളൊരു പരികൽപ്പന. ഹിന്ദു രാഷ്ട്രത്തിന്റെ അതിർത്തികളേതാണ് എന്നതുസംബന്ധിച്ച് വ്യക്തമായ നിർദ്ദേശം സവർക്കർ അതിൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്: സിന്ധു മുതൽ സിന്ധു വരെ. ആദ്യത്തെ സിന്ധു എന്ന് പറയുന്നത് ഹിമാലയ പ്രദേശങ്ങളിലുടെ ഒഴുകുന്ന സിന്ധുനദിയാണ്. രണ്ടാമത്തെ സിന്ധു, സമുദ്രത്തിന്റെ പര്യായമാണ്​. ഇന്ത്യൻ മഹാസമുദ്രം വരെയുള്ള ഭാഗം. 1937 ൽ ഹിന്ദുമഹാസഭയിൽ അവതരിപ്പിച്ച് അംഗീകരിച്ച ഹിന്ദുരാഷ്ട്രത്തിന്റെ അതിർത്തികളെ ചുറ്റിപ്പറ്റിയുള്ളതാണ്​ ഇവർ പറയുന്ന അഖണ്ഡഭാരത സങ്കൽപ്പം. അല്ലാതെ, അഖണ്ഡ ഇന്ത്യ എന്നത് പുരാണസങ്കൽപ്പത്തിൽ നിന്ന് എടുത്ത ഒന്നല്ല. പലരും അതിനെ പുരാതന സങ്കൽപ്പമായി തെറ്റിദ്ധരിക്കാറുണ്ട്. പകരം, ഇതൊരു ആധുനിക സങ്കൽപ്പനമാണെന്ന് തിരിച്ചറിയണം. കാരണം, നമുക്കറിയാവുന്ന തരത്തിലുള്ള ചരിത്രത്തിലൊന്നും ഇന്നുകാണുന്ന ഇന്ത്യൻ ഭൂപടം ഒരിക്കലും രൂപം കൊണ്ടിട്ടില്ല. 1947 ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട ശേഷം, പല നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ സംയോജിച്ചശേഷമുണ്ടായ രൂപമാണ് ഇന്നത്തെ ഇന്ത്യ. സവർക്കർ ഉണ്ടാക്കിയ ദേശഭൂപടമാണ് യഥാർഥത്തിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്ന അഖണ്ഡ ഭാരതത്തിന്റെ ഭൂപടം.

ഗാന്ധി വധവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയ്ക്കിടെ. അവസാനത്തെ വരിയിൽ കറുത്ത തൊപ്പി ധരിച്ചിരിക്കുന്നത് വി.ഡി. സവർക്കർ, ആദ്യവരിയിൽ ഇരിക്കുന്നത് നാഥുറാം ഗോഡ്‌സയെ, നാരായൺ ആപ്‌തെ എന്നിവർ. / Photo: Photo Division, GOI

പൗരത്വത്തെ സംബന്ധിച്ച സങ്കൽപ്പനമാണ് രണ്ടാമത്തേത് സവർക്കർ മുന്നോട്ടുവെച്ചിട്ടുള്ളത്. Essentials of Hindutva എന്ന പുസ്തകത്തിൽ സവർക്കർ പറയുന്ന പൗരത്വ സങ്കൽപ്പന പ്രകാരം, ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ രണ്ട് കണ്ടീഷനുണ്ട്​. ഒന്ന്, ഇന്ത്യ പിതൃഭൂമി ആയിരിക്കണം. അതായത് നേരത്തെ പറഞ്ഞ സിന്ധു മുതൽ സിന്ധുവരെയുള്ള പ്രദേശത്ത് ജനിച്ചുവളർന്നവരായിരിക്കണം. രണ്ടാമത്തേത്, പിതൃഭൂമി ഇന്ത്യ ആയിരിക്കുന്നതോടൊപ്പം പുണ്യഭൂമി ഇന്ത്യ ആയിരിക്കണം. അതായത് അവരുടെ വിശ്വാസത്തിന്റെ മാതൃരാജ്യം കൂടി ഇന്ത്യ ആയിരിക്കണമെന്ന്. അങ്ങനെ നോക്കുമ്പോൾ നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഒരു മുസ്​ലിം കുടുംബത്തെ സങ്കൽപ്പിക്കുക. അവർ ചരിത്രത്തിന്റെ നിരവധി അടരുകളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയവരായിരിക്കും. വിഭജനത്തിന്റെ ഒരു ചരിത്രം അവരുടെ മുന്നിലുണ്ട്. മറ്റ് മതവിഭാഗങ്ങൾക്ക് ഇല്ലാത്ത വിധം കൂറേകൂടി പരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ് അവർ.

പാക്കിസ്ഥാൻ രൂപികൃതമായതുതന്നെ എടുക്കാം. പാക്കിസ്ഥാൻ സ്വാഭാവികമായും ഒരു ഇസ്​ലാമിക രാഷ്ട്രമായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെയുണ്ടായിരുന്ന മുസ്​ലിംകൾക്കുമുന്നിൽ പാക്കിസ്ഥാനെ അല്ലെങ്കിൽ ഇന്ത്യയെ സ്വീകരിക്കുക എന്ന രണ്ട് ചോയ്സുണ്ടായിരുന്നു. അതിൽ ഇന്ത്യയെ സ്വീകരിച്ചവരാണ് ഇവിടെയുള്ളതെന്ന് നമുക്കറിയാം. ആ അർത്ഥത്തിൽ ഇന്ത്യയിൽ ജീവിക്കുകയെന്നത് സ്വാഭിപ്രായമായി തിരഞ്ഞെടുത്ത ഒരാളുടെ പൗരത്വം പക്ഷേ സവർക്കറുടെ പൗരത്വ സങ്കൽപ്പമനുസരിച്ച് ചോദ്യം ചെയ്യപ്പെടും.

സവർക്കറുടെ രാഷ്ട്രപ്രദേശ നിർവചനത്തിൽ പെടുന്ന ഒരു സ്ഥലമല്ല മുസ്​ലിംകളുടെ പുണ്യഭൂമിയായ മക്ക. അതുകൊണ്ട് ഈ സങ്കൽപ്പനമനുസരിച്ച് മുസ്​ലിംകൾക്ക് ഒരിക്കലും പൗരത്വം ലഭിക്കില്ല. അതുപോലെ ക്രിസ്ത്യാനികൾക്കും അവരുടെ പുണ്യഭൂമി ഇന്ത്യയാണെന്ന് പറയാൻ കഴിയില്ലായിരിക്കും. അതുകൊണ്ട് ക്രിസ്ത്യാനികൾക്കും പൗരത്വം കിട്ടില്ല. പല ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചും ഈ പ്രശ്നം വരും. പിതൃഭൂമിയും പുണ്യഭൂമിയും ഇന്ത്യയിൽ തന്നെയാവണമെന്ന് പറയുന്നത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ നിർവചനമാണ്.

ഈ പൗരത്വസങ്കൽപ്പം എത്ര ആധുനികവിരുദ്ധമാണെന്ന് ആലോചിക്കണം. ഇന്ത്യയിൽ ജനിച്ച പലരും പിന്നീട് യൂറോപ്പിലെയും അമേരിക്കൻ രാഷ്ട്രങ്ങളിലെയും പൗരത്വം സ്വീകരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇന്ന് ആധുനിക രാഷ്ട്രങ്ങളുടെ പൗരത്വസങ്കൽപ്പമെന്നത്, എവിടെ ജനിച്ചതായാലും എത്തിപ്പെടുന്ന പ്രദേശത്തെ, അഥവാ പ്രവർത്തിക്കുന്ന പ്രദേശത്തെ, ഒരു വ്യക്തിയുടെ ഇടപെടലും മറ്റും അനുസരിച്ചാണ് നിർവചിക്കപ്പെടുന്നത്. പക്ഷേ ഇന്ത്യയിൽ വിശ്വാസത്തിന്റേതായ ഒരു എലമെൻറ്​ ദേശീയതയിൽ കൊണ്ടു വരികയാണ് ചെയ്യുന്നത്. അതുകൊണ്ട് സവർക്കറുടെ സങ്കൽപ്പനമെന്നത് സെക്യുലറിസത്തിന് വിരുദ്ധമാണ്.

ബി.ജെ.പി ഗവൺമെൻറ്​ പുതിയ പൗരത്വനിയമമുണ്ടാക്കുമ്പോൾ അത് ഇന്ത്യയിലെ സെക്യുലർ ഭരണത്തെക്കാൾ ഊന്നൽ നൽകുന്നത് "Essentials of Hindutva' എന്ന പുസ്തകത്തിൽ സവർക്കർ ഉന്നയിച്ച പൗരത്വ സങ്കൽപ്പങ്ങൾക്കാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. അങ്ങനെ ഭരണകൂടം തന്നെ ഒരർഥത്തിൽ ഭരണഘടനയിൽ പറഞ്ഞ സെക്യുലിറസം എന്ന ആശയത്തെ തകർക്കുന്ന രീതിയിൽ പെരുമാറുന്നുവെന്നതാണ് നമ്മൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. നയരൂപീകരണം നടത്തുന്നവർ തന്നെ ഇതിന്​ മാർഗനിർദ്ദേശം നൽകുന്ന തത്വങ്ങളെ അവഗണിക്കുന്നു.

ഒരർത്ഥത്തിൽ ഇവിടെ പ്രശ്നം ഭരണകൂടം തന്നെയാണ്. ഭരണകൂടം തന്നെ ആൻറി സെക്യുലറായും ആന്റി കോൺസ്റ്റിറ്റ്യൂഷനലായും മാറിക്കൊണ്ടിരിക്കുകയാണെന്ന് ഒരു പഠിതാവിന് മനസ്സിലാക്കാൻ സാധിക്കും. അതാണ് ഇന്ത്യൻ ഭരണഘടന ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ഭരണഘടനയക്ക് പ്രാമുഖ്യം നൽകാതെ മറ്റ് ഐഡിയോളജികൾക്ക് പ്രാമുഖ്യം നൽകുകയും അങ്ങനെ പതുക്കെപ്പതുക്കെ ഭരണഘടനയെ നിർവീര്യമാക്കുകയും ചെയ്യുക എന്നതാണ് ഇന്ന് നേരിടേണ്ട പ്രധാന പ്രശ്നം. ജനത എന്ന രീതിയിൽ നമ്മൾ നേരിടുന്ന രണ്ടാമത്തെ പ്രശ്നം, ആൾക്കൂട്ടത്തെ ഉപയോഗിച്ചുള്ള ആക്രമണമാണ്.

ഹിന്ദുത്വ ഭരണകാലഘട്ടത്തിൽ ഞാൻ പ്രവർത്തിക്കുന്ന സാഹിത്യമേഖലയിലടക്കം നിരവധി പേർ വധിക്കപ്പെടുകയുണ്ടായി. നിരവധി പൗരൻമാർക്കും ജീവൻ നഷ്ടപ്പെട്ടു. ഗൗരി ലങ്കേഷ്, എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ തുടങ്ങിയവരെല്ലാം ഇത്തരത്തിൽ വധിക്കപ്പെട്ടവരാണ്. ഹിന്ദുത്വ ഉയർത്തികൊണ്ടുവന്നിരുന്ന മത സങ്കൽപ്പത്തിനെ ചോദ്യം ചെയ്യുന്നുവെന്നതാണ് വധിക്കപ്പെട്ടവരെയൊക്കെ ബന്ധിപ്പിക്കുന്ന ഒരു കാര്യം. പക്ഷേ ചോദ്യം ചെയ്യുന്നതുപോലും ഭരണഘടനയിൽ പറഞ്ഞ 19 (1) (a) പ്രകാരമുള്ള, അഭിപ്രായസ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നതാണ്. അതിനെ മറികടന്ന് ആൾക്കൂട്ടത്തെ ഉപയോഗിച്ച് ഭീതി വിതയ്ക്കുകയും നിലനിൽക്കുന്ന സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്ന മനുഷ്യരുടെ മുന്നിൽ കൊലയുടേതായ ഒരു സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്യുകയാണ്. യഥാർത്ഥത്തിൽ ഇന്ത്യയുടെ സാഹിത്യം തന്നെ വളരെ ദുർബലമായ ചില ആശ്രയങ്ങളിലാണ് നിലനിൽക്കുന്നതെന്ന് കാണാൻ കഴിയും. രണ്ട് കോടതി വിധികളിൽ തൂങ്ങിയാണ് ഇന്ത്യയിലെ സാഹിത്യം തന്നെ നിലനിൽക്കുന്നതെന്നും പറയാം. ഒന്ന് പെരുമാൾ മുരുകൻ കേസിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി, രണ്ട് എസ്. ഹരീഷിന്റെ മീശയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സുപ്രീകോടതി പുറപ്പെടുവിച്ച വിധി.

ഇതെല്ലാം പരിശോധിച്ചാൽ, പല അർത്ഥത്തിലും ഭരണകൂടം തന്നെ സെക്യുലറിസത്തെ ഭരണപരമായി വെല്ലുവിളിക്കുന്നതായി കാണാം. കൂടാതെ, ആൾക്കൂട്ടത്തെ ഉപയോഗിച്ച് സെക്യുലിറസത്തെയും ഇതിന്റെ പ്രധാന പ്രകടനരൂപമായ അഭിപ്രായ സ്വാതന്ത്രത്തെയും നിഷേധിക്കുന്ന തലത്തിലേക്കും വന്നിട്ടുണ്ട്. ഈ രണ്ട് വലിയ ഭീഷണികൾക്കുള്ളിൽ നിന്ന് കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നത് എന്നതാണ് ഭയാനകമായ സത്യം.

Comments