സംഘപരിവാർ ഉയർത്തുന്ന വലിയ ഭീഷണികൾക്കിടയിലാണ് രാജ്യത്തെ മുസ്‌ലിം സമൂഹം ജീവിക്കുന്നത്. മറ്റനേകം വിഭാഗങ്ങൾക്കും ഈ ഭീഷണിയുണ്ടെങ്കിലും സംഘപരിവാർ അവരുടെ ശത്രുതാ പട്ടികയിൽ ഒന്നാമതായി പ്രഖ്യാപിച്ചിരിക്കുന്നത് രാജ്യത്തെ മുസ്‌ലിംകളെയാണ്. മുസ്‌ലിംകളെ കൂടാതെ ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ, സ്വതന്ത്ര ചിന്തകർ, സാംസ്കാരിക പ്രവർത്തകർ, നിരീശ്വര വാദികൾ, ഗവേഷകർ, ചരിത്രകാരന്മാർ എന്നിവരെല്ലാം സംഘപരിവാറിന്റെ ശത്രുതാ പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഹിന്ദുത്വ വിഭാവനം ചെയ്യുന്ന വംശീയ ദേശീയതയോട് വിയോജിക്കുന്ന മുഴുവൻ മനുഷ്യരും സംഘപരിവാറിന്റെ ശത്രുക്കളാണ്. സംഘപരിവാറിന്റെ മുസ്‌ലിം വിരോധം ദേശം എന്ന അവരുടെ ആശയവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിനുള്ളിലെ മുസ്ലിംകളോട് മാത്രമേ അവർക്ക് ആശയപരമായ ശത്രുതയുള്ളൂ. ലോകത്തെ വിവിധ മുസ്ലിം രാജ്യങ്ങളോടും അവിടങ്ങളിലെ മുസ്‌ലിം ഭരണാധികാരികളോടും ബി.ജെ.പി രാഷ്ട്രീയം യാതൊരു ശത്രുതയും പുലർത്താറില്ല. രാജ്യത്തെ സംഘപരിവാർ വിരുദ്ധ മതേതര ചേരി മുസ്‌ലിംകളടക്കമുള്ള പാർശ്വവൽകൃത സമൂഹങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയവും രാജ്യത്തെ മതേതര രാഷ്ട്രീയവും തമ്മിൽ നേരിട്ടുള്ള ഒരു പോരാട്ടത്തിലാണുള്ളത്. രാഷ്ട്രീയപരമായും കലകളിലൂടെയും സാംസ്കാരികമായും സാമൂഹികമായുമൊക്കെ അത് നിർവഹിക്കപ്പെടുന്നുണ്ട്. അതിനെയൊക്കെ സാധ്യമാകും വിധം പരിപോഷിപ്പിക്കുക എന്നത് സംഘപരിവാറിന്റെ എതിർ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള മുഴുവൻ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്. മതേതരമായ ഇടങ്ങളെ ശക്തിപ്പെടുത്തിയും ഭരണഘടനയേയും അതിന്റെ തത്വങ്ങളെയും മുറുകെ പിടിച്ചും ജനാധിപത്യപരമായ പോരാട്ടങ്ങളിൽ സജീവമായുമാണ് അത് നിർവഹിക്കേണ്ടത്.

മതപരമായും സ്വത്വപരമായും ഭീഷണി നേരിടുന്ന വിഭാഗങ്ങൾക്ക് പൊതുവായി നടക്കുന്ന പോരാട്ടങ്ങളിൽ സജീവമാകുന്നതിനൊപ്പം സ്വതന്ത്രമായ പ്രതിഷേധങ്ങളും സമരങ്ങളും നടത്താനും അവകാശമുണ്ട്. അവയൊക്കെ പല രൂപങ്ങളിൽ രാജ്യത്ത് നടക്കുന്നുമുണ്ട്. പക്ഷേ അവ നേരത്തേ പറഞ്ഞ പൊതുവായ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന രൂപത്തിലുള്ളതോ പ്രതി വർഗീയതയെ ഉൽപാദിപ്പിക്കുന്നതോ ആകാൻ പാടില്ല. കാരണം സംഘപരിവാർ വിരുദ്ധ പോരാട്ടമെന്ന പേരിൽ പ്രതിവർഗീയത ഉല്പാദിപ്പിക്കുന്ന നീക്കങ്ങളും മുന്നേറ്റങ്ങളും അത്യന്തം ആപൽക്കരമായതാണ്. രാജ്യത്തിന്റെ ഭരണഘടനയിൽ പൂർണ വിശ്വാസം അർപ്പിച്ച് കൊണ്ടും അതിനെ ഉയർത്തിപ്പിടിച്ചുമാണ് സംഘപരിവാറിനെതിരേയുള്ള പോരാട്ടത്തെ ഈ രാജ്യം ജ്വലിപ്പിച്ച് നിർത്തുന്നത്. ഈ പോരാട്ടത്തിനൊടുവിൽ വംശീയതയിലും വിധ്വംസകതയിലും വിശ്വസിക്കുന്ന സംഘപരിവാർ രാഷ്ട്രീയം പരാജയപ്പെടുമെന്നും തുല്യതയിലും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവർ വിജയം വരിക്കുമെന്നും രാജ്യത്തെ മതേതര ചേരി ഉറച്ച് വിശ്വസിക്കുന്നു. ഇതാണ് രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടങ്ങളുടെ യഥാർത്ഥമായ ഘടന.
രാജ്യത്തിന്റെ ഭരണഘടനയിൽ പൂർണ വിശ്വാസം അർപ്പിച്ച് കൊണ്ടും അതിനെ ഉയർത്തിപ്പിടിച്ചുമാണ് സംഘപരിവാറിനെതിരേയുള്ള പോരാട്ടത്തെ ഈ രാജ്യം ജ്വലിപ്പിച്ച് നിർത്തുന്നത്.
ഈ ഘടനയോട് വിയോജിച്ച് കൊണ്ടും അതിനെ ദുർബലപ്പെടുത്തുന്ന നിലയിലും പൊതുസമൂഹത്തിൽ നടത്തുന്ന ഇടപെടലുകളാണ് ജമാഅത്തെ ഇസ്‌ലാമി എന്ന മത, രാഷ്ട്രീയ സംഘടനയെ പ്രത്യേകമായി പരാമർശിക്കാൻ ഇടയായിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് കേരളീയ പൊതു സമൂഹത്തിൽ പല വിയോജിപ്പുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മതേതരമായ പൊതു ഇടങ്ങളിലേക്ക് മതാത്മക സമരങ്ങളും കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയും സഹ സംഘടനകളും കടന്ന് വരുമ്പോൾ അത് സൃഷ്ടിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങളെ സംബന്ധിച്ചാണ് ഈ വിയോജിപ്പുകളും ചർച്ചകളും.
ജമാഅത്തെ ഇസ്‌ലാമി കേരളത്തിലെ മറ്റേതൊരു മുസ്ലിം സംഘടനയുമായും താരതമ്യപ്പെടുത്താൻ സാധിക്കുന്ന ഒരു സംഘടനയല്ല. അതിന്റെ ദേശീയ അന്തർദേശീയ അഫിലിയേഷനുകളാണ് കാരണം. കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകൾ കേരളീയമായ പശ്ചാത്തലത്തിൽ രൂപം കൊണ്ടവയാണ്. പക്ഷേ ജമാഅത്തെ ഇസ്‌ലാമി അങ്ങനെയല്ല. മറ്റ് സംഘടനകൾ തമ്മിൽ നിലനിൽക്കുന്നത് വ്യാഖ്യാനപരമായ വിയോജിപ്പുകളാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയും മറ്റ് സംഘടനകളും തമ്മിൽ നിലനിൽക്കുന്നത് ഏറ്റവും മൗലികപരവും ഇസ്‌ലാമിന്റെ അടിസ്ഥാനത്തിൽ തന്നെയുള്ള വ്യത്യാസവുമാണ്. എന്താണ് ജമാഅത്തെ ഇസ്‌ലാമി എന്ന് പൂർണമായും മനസിലാക്കാൻ അല്പം പ്രത്യയ ശാസ്ത്ര ചർച്ച കൂടി വേണ്ടി വരും. ഒരു വിശദീകരണം അനിവാര്യമാണ് എന്നത് കൊണ്ട് മാത്രമാണ് ഇത്തരമൊരു ചർച്ച ഹ്രസ്വമായ നടത്തി പോകുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാനം ഏക ദൈവ ദർശനമാണല്ലോ. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ മൗലിക സത്ത. അല്ലാഹു അല്ലാതെ ഇലാഹില്ല എന്നാണ് ഇതിന്റെ അർത്ഥം. ഇലാഹ് എന്ന അറബി പദത്തിന് ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിം പണ്ഡിതർ നൽകുന്ന അർത്ഥം ആരാധ്യൻ എന്നാണ്. അതായത് ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല എന്ന് സാരം. എന്നാൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഔറംഗാബാദിൽ ജനിച്ച് വളരുകയും പിന്നീട് പത്താൻ കോട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്ത അബുൽ അഅല മൗദൂദി എന്ന മനുഷ്യൻ ഈ ആശയത്തിന് പുതിയ ഒരു വ്യാഖ്യാനം നൽകി. ലോകത്തെ ഇസ്‌ലാമിക ഖിലാഫത്തിന്റെ അന്ത്യം കുറിക്കപ്പെടുകയും മുസ്‌ലിം രാജ്യങ്ങൾ പലതും മതേതരത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ച് കൊണ്ട് ആധുനികമായ ദേശ രാഷ്ട്ര ഭാവനകളെ ഉൾകൊള്ളാൻ തുടങ്ങുകയും ചെയ്ത ഒരു പശ്ചാത്തലത്തിലാണ് ഇസ്‌ലാമിക പ്രഭാഷകനും ദാർശനികനുമായ അബുൽ അഅലാ മൗദൂദി എന്ന ഇന്ത്യാക്കാരൻ ഇസ്‌ലാമിന്റെ മൗലിക സത്തക്ക് ഒരു പുതിയ വ്യാഖ്യാനം ചമക്കുന്നത്.

ആരാധന (അറബിയിൽ ഇബാദത്ത്) എന്ന പദത്തിന് അടിമത്തം, അനുസരണ എന്നീ അർഥങ്ങൾ കൂടി അറബി ഭാഷയിൽ ഉണ്ടെന്നും അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ല എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ നിയമമായ ശരീഅത്ത് നിയമങ്ങൾ അല്ലാതെ ആധുനിക ജനാധിപത്യ മതേതര ഭരണകൂടങ്ങൾ നിർമിക്കുന്ന നിയമങ്ങൾ അനുസരിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യാഖ്യാനിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാനം മത വിരുദ്ധമാണെന്നും അദ്ദേഹം സമർത്ഥിച്ചു. കാരണം, മനുഷ്യർ കൂടിയിരുന്ന് പാർലമെൻ്റ്, നിയമ സഭ എന്നിവയിലൂടെ നിയമമുണ്ടാക്കുന്നത് ദൈവത്തിന്റെ നിയമാധികാരത്തിൽ കൈ കടത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചു. ശരീഅത്ത് നിയമമല്ലാതെയുള്ള ഇന്ത്യൻ കോടതികൾ ഇസ്‌ലാമിക വിരുദ്ധമാണെന്നും അതിന് കീഴിൽ വ്യവഹാരം നടത്താനായി മുസ്ലികൾ പോകാൻ പാടില്ലെന്നും അദ്ദേഹം പ്രബോധനം ചെയ്തു. ഇസ്‌ലാമിന്റെ നിയമങ്ങൾ അനുസരിച്ചുള്ള ഒരു രാജ്യം ഉണ്ടാക്കലാണ് മുസ്‌ലിംകളുടെ പ്രാഥമികമായ കർത്തവ്യമെന്നും അതിന് ശ്രമിക്കാതെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച് ജനാധിപത്യ വ്യവസ്ഥയിൽ പങ്കെടുക്കുന്നവർ ഇസ്‌ലാമിന്റെ അടിസ്ഥാനത്തിൽ നിന്ന് തന്നെ തെറ്റിപ്പോകുന്ന വ്യാജ മുസ്‌ലിംകളാണ് എന്നുമാണ് മൗദൂദി വിശദീകരിച്ചത്.
രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച് ജനാധിപത്യ വ്യവസ്ഥയിൽ പങ്കെടുക്കുന്നവർ ഇസ്‌ലാമിന്റെ അടിസ്ഥാനത്തിൽ നിന്ന് തന്നെ തെറ്റിപ്പോകുന്ന വ്യാജ മുസ്‌ലിംകളാണ് എന്നാണ് മൗദൂദി വിശദീകരിച്ചത്.
ലോകത്ത് മനുഷ്യരുണ്ടാക്കിയ പ്രത്യയശാസ്ത്രങ്ങളായ കമ്മ്യൂണിസം, സോഷ്യലിസം പോലെ ദൈവം മനുഷ്യർക്ക് നൽകിയ ഇസമാണ് ഇസ്‌ലാം എന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര പൂർവ്വ ഇന്ത്യയിൽ ഇത്തരം ആശയങ്ങൾ പ്രബോധനം നടത്തുന്നതിനായി അബുൽ അഅലാ മൗദൂദി സ്ഥാപിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. തന്റെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും മൗദൂദി ഈ ആശയങ്ങൾ പ്രചരിപ്പിച്ച് കൊണ്ടിരുന്നു. മതത്തെ മുൻ നിർത്തി ഇന്ത്യയിൽ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ ലക്ഷ്യം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ അദ്ദേഹം വിശ്വസിച്ചില്ല. മതേതരത്വം എന്ന ആശയം ഇസ്‌ലാമിന് വിരുദ്ധമാണെന്നും ബ്രിട്ടീഷുകാർ രാജ്യത്ത് നിന്ന് പോയി പകരം ജനാധിപത്യം വരുന്നത് ഒരു അനിസ്ലാമിക ദൈവം പോയി മറ്റൊരു അനിസ്‌ലാമിക ദൈവം വരുന്നതിൽക്കവിഞ്ഞ് മറ്റൊന്നുമല്ല എന്നുമായിരുന്നു മൗദൂദിയുടെ വീക്ഷണം. കടുത്ത യാഥാസ്ഥിതിക വീക്ഷണക്കാരനും സ്ത്രീ വിരുദ്ധ നിലപാടുകളുള്ള ആളുമായിരുന്നു മൗദൂദി. ദൈവേതരമായ വ്യവസ്ഥകൾക്ക് വേണ്ടിയുള്ള ജനാധിപത്യ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നത് കടുത്ത മതവിരുദ്ധതയായാണ് അദ്ദേഹം വിശ്വസിച്ചതും പ്രചരിപ്പിച്ചതും. കുറെയേറെ അനുചരന്മാർ അദ്ദേഹത്തിനുണ്ടായെങ്കിലും ഇന്ത്യൻ മുസ്‌ലിംകൾക്കിടയിൽ ഈ വിധ്വംസകരമായ ആശയങ്ങൾക്ക് പൊതുവെ സ്വീകാര്യത ലഭിച്ചില്ല.

മൗദൂദി ഈ ആശയങ്ങൾ പ്രചരിപ്പിച്ച് തുടങ്ങുന്നതിന് മുമ്പേ തന്നെ ഈജിപ്ത് കേന്ദ്രമായി രൂപപ്പെട്ട ഒരു മത രാഷ്ട്രീയ സംഘടനയാണ് ഇസ്‌ലാമിക് ബ്രദർ ഹുഡ്. അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്നാണ് സംഘടനയുടെ യഥാർഥ പേര്. ആഗോള ഇസ്‌ലാമിക സാഹോദര്യം എന്ന ആശയമുയർത്തി രാജ്യങ്ങളുടെ ഭരണ വ്യവസ്ഥയിൽ ഇടപെടാനുള്ള ഒരു നീക്കമായാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഹസനുൽ ബന്ന എന്ന ഈജിപ്ഷ്യനാണ് ബ്രദർഹുഡിന്റെ സ്ഥാപകൻ. സയിദ് ഖുത്ബായിരുന്നു ബ്രദർഹുഡിൻറെ താത്വിക ആചാര്യനും മുന്നണി പോരാളിയും. ഖുർആന് തീവ്രമായ പുതിയ ഭാഷ്യങ്ങൾ എഴുതിയും ഈജിപ്തിലെ ഗവൺമെൻറ് അനിസ്ലാമികമാണെന്ന് പ്രചരിപ്പിച്ചും ബ്രദർഹുഡ് മുന്നോട്ട് പോയി. ലോകത്തെ പല രാജ്യങ്ങളിലും ബ്രദർഹുഡ് ശാഖകൾ രൂപീകരിച്ചു. ഇന്ത്യയിൽ ജമാഅത്തെ ഇസ്‌ലാമിയുമായി നാഭിനാള ബന്ധം പുലർത്തിക്കൊണ്ട് ആശയപരവും സൈദ്ധാന്തികവുമായി ഈ രണ്ട് മുസ്‌ലിം സംഘടനകളും പരസ്പരം സഹകരിച്ചു.
സയ്യിദ് ഖുത്ത്ബിന്റെയും മൗദൂദിയുടെയും ആശയങ്ങളാണ് ബ്രദർഹുഡിൻെറ മതവ്യാഖ്യാനങ്ങളുടെ മർമം.
മൗദൂദി ഉയർത്തിയ ആശയങ്ങളെ ബ്രദർഹുഡ് അവരുടെ ആശയ വ്യക്തതക്കും സംഘടനയുടെ മതാത്മക സംഘാടനത്തിനുമായി ഉപയോഗിച്ചു. ഈ സഹകരണം തിരിച്ചുമുണ്ടായി. അറബ്, മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് മതേതരത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങൾ ഒഴിവാക്കാനും തങ്ങൾ വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക ഭരണം പകരം കൊണ്ട് വരാനുമായി വലിയ തോതിലുള്ള ആസൂത്രണങ്ങളും ജനക്കൂട്ട മുന്നേറ്റങ്ങളും നടത്തിക്കൊണ്ടും അട്ടിമറികൾക്ക് ശ്രമിച്ച് കൊണ്ടുമാണ് അവർ കുപ്രസിദ്ധരാകുന്നത്. സയ്യിദ് ഖുത്ത്ബിന്റെയും മൗദൂദിയുടെയും ആശയങ്ങളാണ് ബ്രദർഹുഡിൻെറ മതവ്യാഖ്യാനങ്ങളുടെ മർമം. ഈജിപ്ത് ഭരണത്തെ അട്ടിമറിക്കാനും പ്രസിഡൻ്റ് ജമാൽ അബ്ദുൽ നാസറിനെ വധിക്കാനുമായി അമേരിക്കൻ രഹസ്യ ഏജൻസിയുടെ ഓപറേഷൻ ഒമേഗയിൽ പങ്കാളിയായി എന്ന കുറ്റത്തിന് സയിദ് ഖുത്ത്ബിനെ ഈജിപ്ഷ്യൻ കോടതി വധ ശിക്ഷക്ക് വിധിക്കുകയും പാകിസ്താൻ രൂപീകരണത്തോടെ മൗദൂദി ഇന്ത്യ വിടുകയും ചെയ്തു. സൗദി അറേബ്യ അടക്കമുള്ള അനേകം മുസ്‌ലിം രാജ്യങ്ങൾ ബ്രദർ ഹുഡിനെ ഒരു തീവ്രവാദ സംഘടനയായി കണ്ട് നിരോധിച്ചു.

കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മറ്റ് പ്രദേശങ്ങളിലെ ജമാത്തെ ഇസ്‌ലാമി ഘടകങ്ങളും അടിസ്ഥാനപരമായി ഒന്നാണെങ്കിലും പ്രവർത്തന രീതികളിലും കാഴ്ചപ്പാടുകളിലും ഇവർ തമ്മിൽ ചില വ്യത്യാസങ്ങൾ നില നിന്നിരുന്നു. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയെ പുരോഗമന ധാരയിൽ പെട്ട ഒരു സംഘടനയായിട്ടാണ് ആളുകൾ ധരിച്ചിരുന്നത്. സ്ത്രീകളുടെ പ്രവർത്തന സ്വാതന്ത്ര്യം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രചാരണങ്ങൾ, പൗരോഹിത്യ നിരാസം എന്നിവയിലൊക്കെ സംഘടന പുലർത്തുന്നത് പുരോഗമന വീക്ഷണമാണ് എന്ന് കണ്ടാണ് അങ്ങനെ പലരും ധരിച്ചത്. അതിനും ചില കാരണങ്ങളുണ്ടായിരുന്നു. വക്കം മൗലവിയെ പോലുള്ള ധിഷണാ ശാലികളായ സാമൂഹിക പരിഷ്കർത്താക്കൾ ആരംഭം കുറിച്ച കേരള മുസ്‌ലിം ഐക്യ സംഘമെന്ന പരിഷ്കരണ പ്രസ്ഥാനത്തിന്റെ തുടർച്ച അവകാശപ്പെട്ട് രംഗത്ത് വന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചില പ്രവർത്തകരായിരുന്നു ആദ്യകാലത്ത് ജമാത്തെ ഇസ്‌ലാമി എന്ന സംഘടനയുടെ കേരള ഫ്രാക്ഷന് രൂപം കൊടുത്തത്. മൗദൂദി ഉയർത്തിയ മതേതര വിരുദ്ധമായ പ്രതിലോമ ആശയത്തിൽ ആകൃഷ്ടരായപ്പോഴും തങ്ങളുടെ ചില പുരോഗമന ആശയങ്ങളെ അവർ കൈവിട്ടില്ല. സ്വന്തമായി ആരംഭിച്ച പള്ളികളിൽ സ്ത്രീകൾക്ക് കൂടി നമസ്കരിക്കാൻ അവർ അവസരം നൽകി. അന്ധവിശ്വാസങ്ങൾക്കെതിരെ അവരും ശബ്ദിച്ചു. അതോടൊപ്പം മൗദൂദിയുടെയും സയ്യിദ് ഖുത്ബിന്റെയും ഗ്രന്ഥങ്ങളും ആശയങ്ങളും ഈ പുരോഗമന മറവിൽ അവർ പ്രചരിപ്പിച്ച് കൊണ്ടിരുന്നു. അനിസ്ലാമിക സർക്കാരിന് സേവനം ചെയ്യുന്ന സർക്കാർ ജോലി മത നിഷിദ്ധമാണെന്ന സിദ്ധാന്ത പ്രകാരം ആദ്യകാലത്ത് കുറെയധികം ജമാഅത്തെ ഇസ്‌ലാമിക്കാർ അവരുടെ ജോലി ഉപേക്ഷിക്കുകയും സർട്ടിഫിക്കറ്റുകൾ നശിപ്പിച്ച് കളയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ ജമാത്തെ ഇസ്‌ലാമി ഇടപെടുകയോ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഇസ്‌ലാമിക ഭരണത്തിന്റെ മുന്നോടിയായി സ്വന്തം രാഷ്ട്രീയ സംവിധാനം രൂപപ്പെടുന്നത് വരെ വോട്ട് ചെയ്യാൻ പാടില്ലെന്ന നിർബന്ധ ബുദ്ധിയായിരുന്നു ഇതിന് പിന്നിൽ. പിന്നീട്, രാഷ്ട്രീയ പാർട്ടികളിൽ ചേരില്ലെങ്കിലും മൂല്യം നോക്കി അവർക്ക് വോട്ട് ചെയ്യാമെന്ന ധാരണ രൂപപ്പെടുത്തുകയും ക്രമേണ സ്വന്തം ആസൂത്രണത്തിൽ വെൽഫെയർ പാർട്ടി എന്ന പേരിൽ രൂപ ഭാവങ്ങളിൽ ചില്ലറ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സ്വന്തം രാഷ്ട്രീയ പാർട്ടിക്ക് അവർ രൂപം കൊടുക്കുകയും ചെയ്തു. ആദ്യകാല ജമാഅത്തുകാരിൽ നിന്ന് ഭിന്നരായ രണ്ടാം തലമുറയും അതി തീവ്രരായ ഒരു മൂന്നാം തലമുറയും ചേർന്നതാണ് കേരളത്തിലെ ജമാത്തെ ഇസ്‌ലാമിയുടെ പരിണാമം. അറബ് രാജ്യങ്ങളിൽ മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തിക്കുന്നതിന്റെ ഒരു നേർ പതിപ്പായാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയെ അവർ മാറ്റുന്നത്. ഗൂഢവും തീവ്രവുമായ പ്രചാരണ ശൈലികളും മതേതര സമൂഹത്തിൽ എല്ലാറ്റിനും ബദലായി അവരുടെ 'സ്വന്തം ഇസ്‌ലാമിനെ' പ്രതിഷ്‌ഠിച്ചും പൊതു ഇടങ്ങളെ മതാത്മമാക്കിയും മുന്നോട്ട് പോകുന്ന ഈ ശൈലിയാണ് കേരളത്തിലും അവർ പുലർത്തുന്നത്. അതാണ് അവർ ഇത്ര മേൽ വിമർശിക്കപ്പെടാനും ചർച്ചകൾക്ക് വിധേയരാകാനും കാരണമായിരിക്കുന്നത്.

മത സംഘടനയാണോ രാഷ്ട്രീയ സംഘടനായാണോ എന്ന് വ്യക്തമാക്കാത്ത ശൈലിയും മുസ്‌ലിം വികാരങ്ങൾക്ക് വേണ്ടി നില കൊള്ളുന്നവരെന്ന പ്രതിച്ഛായയുമാണ് ജമാഅത്തെ ഇസ്‌ലാമി സ്വയം ആഗ്രഹിക്കുന്നത്. ബാബരി മസ്ജിദിന്റെ ധ്വംസന കാലത്ത് അവർ നടത്തിയ പ്രചാരണങ്ങൾ തീർത്തും വൈകാരികമായിരുന്നു. മതേതര പക്ഷത്തോട് ചേർന്ന് നിന്ന് നിലപാടുകൾ സ്വീകരിക്കുന്ന മുസ്‌ലിം ലീഗിനെ അക്കാലത്ത് തന്നെ അതി രൂക്ഷമായ വിമർശനങ്ങളുമായാണ് ജമാഅത്തെ ഇസ്‌ലാമി നേരിട്ടത്. ഏത് മുസ്‌ലിം വിഷയങ്ങളിലും അതി വൈകാരികത വളർത്താനും സാമാന്യ മുസ്‌ലിംകൾക്കിടയിൽ അത് വഴി ഒരു പിന്തുണ കിട്ടാനുമാണ് ജമാഅത്ത് എക്കാലത്തും ശ്രമിച്ച് പോന്നിട്ടുള്ളത്. അതിന്റെ പേരിൽ സംഘടനയെ കോൺഗ്രസിന്റെ ദേശീയ സർക്കാർ രണ്ട് തവണ രാജ്യത്ത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഏത് മുസ്‌ലിം വിഷയങ്ങളിലും അതി വൈകാരികത വളർത്താനും സാമാന്യ മുസ്‌ലിംകൾക്കിടയിൽ അത് വഴി ഒരു പിന്തുണ കിട്ടാനുമാണ് ജമാഅത്ത് എക്കാലത്തും ശ്രമിച്ച് പോന്നിട്ടുള്ളത്.
ഏഴ് പതിറ്റാണ്ടിലധികം പഴക്കമുള്ള ഒരു സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ടാണ് കേരളത്തിന്റെ പൊതുവായ സാമൂഹിക രംഗങ്ങളിലേക്ക് അവരുടെ പ്രവർത്തനം വ്യാപിക്കുന്നത്. എണ്ണത്തിൽ വളരെ കുറവാണെങ്കിലും മുസ്‌ലിം സമുദായത്തെ ചാരി അവർ വളർത്തിയെടുത്ത മാധ്യമങ്ങൾ വഴി മുസ്‌ലിം വികാരത്തെ ആളിക്കത്തിച്ച് രാഷ്ട്രീയം വളർത്താനും അതിലൂടെ സ്വയം ദൃശ്യത വരുത്താനുമായി അവർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ നമ്മുടെ സാമൂഹ്യ കെട്ടുറപ്പിനെ ഗുരുതരമായി ബാധിക്കുന്ന നിലയിലേക്കാണ് മാറുന്നത്. അഖിലേന്ത്യാ തലത്തിൽ ഒരു കമ്മിറ്റിയും പ്രവർത്തനങ്ങളുമൊക്കെ നടക്കുന്നെങ്കിലും കേരളം വിട്ടാൽ കുറെ മുല്ലമാരും മൗലാനമാരും നേതൃത്വം കൊടുക്കുന്ന ഒരു ദുർബല സംഘടനയാണിത്. കേരളമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സാംസ്കാരിക ആസ്ഥാനം. ഇതിലെ ഏറ്റവും രസകരമായ വസ്തുത മറ്റൊന്നാണ്. രാജ്യത്തെ സംഘപരിവാറിന് ജമാഅത്തെ ഇസ്‌ലാമിയോടോ ജമാഅത്തെ ഇസ്‌ലാമിക്ക് തിരിച്ചോ രൂക്ഷമായ ശത്രുതകൾ ഇല്ലയെന്നതാണ്. സംഘപരിവാർ വിരുദ്ധ പ്രത്യശാസ്ത്രമുള്ള സംഘടനകളോടാണ് ഇവർ പ്രചാരണ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരൂഹമായ നിലയിൽ ആർ എസ് എസു മായി രഹസ്യ ചർച്ച നടത്തിയ കേരളത്തിലെ ഏക സംഘടനയും ജമാഅത്തെ ഇസ്‌ലാമി മാത്രമാണ്. കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ ഒരു ആധിപത്യത്തിനായി സംഘപരിവാർ രാഷ്ട്രീയം അരയും തലയും മുറുക്കി രംഗത്ത് വരുന്ന സമകാലിക പശ്ചാത്തലത്തിൽ കേരളം കേന്ദ്രീകരിച്ച് ഒരു പ്രതി വർഗീയതയും സംഘർഷങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ആത്മാർത്ഥത തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സംഘപരിവാറിനെതിരെയുള്ള പ്രതിരോധങ്ങളുടെ ആക്കം കുറക്കാനും അവയെ ദുർബലപ്പെടുത്താനും മാത്രം ഉപകരിക്കുന്ന നിലയിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്.

അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് ബി.ജെ.പി സർക്കാർ ആവിഷ്കരിച്ച വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധം എന്ന പേരിൽ ജമാത്തെ ഇസ്‌ലാമി കേരളത്തിൽ കാണിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഭരണകക്ഷിയും പ്രതിപക്ഷ കക്ഷികളും പുതിയ വഖഫ് നിയമത്തെ ശക്തമായി എതിർക്കുകയും രാഷ്ട്രീയമായി അതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തവരാണ്. ആ കേരളത്തിൽ ഒരു സംഘർഷം സൃഷ്ടിക്കുക എന്നത് എന്ത് കൊണ്ട് ജമാത്തെ ഇസ്‌ലാമിയുടെ അജണ്ടയാകുന്നു എന്നതാണ് ചോദ്യം. രാജ്യത്തെ ഭരണഘടനയെയും മതേതരമായ ചിഹ്നങ്ങളെയും അവഗണിച്ച് കൊണ്ട് സമരത്തെ മാതാത്മകമാക്കി മാറ്റി ഒരു ചർച്ചക്ക് അവസരമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തിക്കൊണ്ടാണ് അവർ കേരളത്തിലെ ഒരു മുഖ്യമായ എയർപോർട്ടിനെ ഉപരോധിക്കാൻ തീരുമാനിക്കുന്നത്. വാഹനങ്ങൾ കൊണ്ട് എയർപോർട്ടിലേക്കുള്ള എല്ലാ വഴികളും അടച്ച് അവർ നടത്താൻ തുനിഞ്ഞ സമരം ഒരു മതേതര സമൂഹത്തിൽ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ശൈലിയിലുള്ളതായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങൾ പോലും നിരോധിച്ചിട്ടുള്ള ആഗോള ഇസ്‌ലാമിക തീവ്രവാദ, മൗലികവാദ സംഘടനകളുടെ നേതാക്കളുടെ ചിത്രങ്ങളും മതചിഹ്നങ്ങളും ഉൾപ്പെടുത്തി വഖഫ് സമരമെന്ന പേരിൽ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പോഷക സംഘടനകളും നടത്തിയ സമരം ഈ നാടിന്റെ മതേതരത്വതൊടുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ്. അവരിയർത്തിയ ചിത്രങ്ങളിലുള്ള ഹസനുൽ ബന്നയുമായോ സയ്യിദ് ഖുത്ബുമായോ സംഘപരിവാറിന് യാതൊരു ശത്രുതയുമില്ല. ഈ രാജ്യത്തെ മുസ്ലികളും മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നേതാക്കളുമാണ് സംഘപരിവാറിന്റെ ശത്രുക്കൾ. ഇവരാരുമല്ല ഇന്ത്യൻ മുസ്ലിംകൾ അനുഭവിച്ച് പോന്ന സുരക്ഷിതത്വത്തിന്റെ മാനദണ്ഡം. രാജ്യത്തിന്റെ ഭരണഘടനയാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളടക്കമുള്ളവർക്ക് ജനാധിപത്യപരമായ അവകാശങ്ങൾ ഉറപ്പ് നൽകിയത്. അത് ആവിഷ്‌കരിച്ചതാകട്ടെ മതേതര ബോധമുള്ള, കറ കളഞ്ഞ സെക്യുലറിസ്റ്റുകളായ നമ്മുടെ രാഷ്ട്ര നേതാക്കളും. ഒരു മത സംഘടനയോ പ്രസ്ഥാനവും സമരം ചെയ്തോ നിവേദനങ്ങൾ കൊടുത്തോ നേടിയെടുത്തതല്ല ഇവയൊന്നും. പരിഷ്കൃത മനുഷ്യന്റെ നീതി ബോധത്തിന്റെ ഉൽപന്നങ്ങളാണ് അവയൊക്കെയും. ഈ അവകാശങ്ങളെ ഒന്നൊന്നായി ഹനിച്ച് കൊണ്ട് സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഒരു വർഗീയ സർക്കാർ പുതിയ മുസ്‌ലിം വിരുദ്ധ നിയമമുണ്ടാക്കുമ്പോൾ അതിനെ നേരിടേണ്ടത് പ്രതി വർഗീയത കൊണ്ടാണോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തിന്റെ മതേതരമായ ഉൾക്കാമ്പുകളെയും ഭരണഘടനയെയും അതിന്റെ ശിൽപികളെയും ഇവിടുത്തെ മതേതര നേതാക്കളെയും മുഴുവൻ വിസ്മരിച്ച് കൊണ്ട് ഏതോ ചില നാടുകളിൽ മത വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയതിന് അവിടുത്തെ സർക്കാർ പിടി കൂടി തൂക്കിലേറ്റിയ മത മൗലികവാദ നേതാക്കളുടെ ചിത്രവുമുയർത്തി നടത്തുന്ന സമരങ്ങളെ ഈ നാട് എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? ആത്യന്തികമായി ഇതിന്റെയൊക്കെ പാപഭാരം ചുമക്കേണ്ടി വരുന്നത് ഇവിടുത്തെ മുസ്‌ലിം സമുദായമാണ്.
ഏതോ ചില നാടുകളിൽ മത വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയതിന് അവിടുത്തെ സർക്കാർ പിടി കൂടി തൂക്കിലേറ്റിയ മത മൗലികവാദ നേതാക്കളുടെ ചിത്രവുമുയർത്തി നടത്തുന്ന സമരങ്ങളെ ഈ നാട് എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്?
ഇത്തരം വിധ്വംസക നീക്കങ്ങളെ തുറന്നെതിർക്കാൻ ബാധ്യതയുള്ള മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജമാഅത്തിനെതിരെ നിശബ്ദത പുലർത്തുന്നത് വലിയ അപരാധമാണ്. ഈ നിശബ്ദത സംഘപരിവാരത്തെ സഹായിക്കുകയേയുള്ളൂ. സ്വന്തം മാധ്യമങ്ങൾ വഴി ലീഗ് അടക്കമുള്ള യു.ഡി.എഫ് കക്ഷികൾക്ക് രാഷ്ട്രീയമായ പിന്തുണ നൽകാനും അവർക്ക് ഗുണകരമാകുന്ന നിലയിൽ മുസ്‌ലിം സമുദായത്തിനുള്ളിൽ കാമ്പയ്ൻ നടത്താനും ജമാഅത്തിന് സാധിക്കുമെന്ന വിശ്വാസം കൊണ്ടും രാഷ്ട്രീയ ലാഭത്തിനായി അതൊക്കെ ഇനിയും വേണമെന്ന് ഇവരൊക്കെ ആഗ്രഹിക്കുന്നത് കൊണ്ടുമാകണം ഈ നിശബ്ദത. ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന മതമൗലികപരമായ നീക്കങ്ങളോട് ലീഗും കോൺഗ്രസും കണ്ണടക്കുന്നത് സംഘപരിവാറിന് അവരുടെ പ്രചാരണങ്ങൾ എളുപ്പമാക്കി കൊടുക്കും എന്നതിൽ ഒരു സംശയവുമില്ല. അത്ര മാത്രം മൗലികവാദപരമായും അപകടകരവുമായാണ് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ കക്ഷികൾക്ക് രാഷ്ട്രീയ താത്പര്യങ്ങളുണ്ടാകാം. പക്ഷേ കേരളത്തിലെ മുസ്ലിം മത സംഘടനകൾ നിശബ്ദത വെടിയേണ്ടതുണ്ട്. സംഘപരിവാറിന്റെ കടുത്ത ഭീഷണിക്ക് ഇരയായി ജീവിക്കേണ്ടി വരുന്ന ഒരു സമൂഹമെന്ന നിലയിൽ ആന്തരികമായ ശൈഥില്യങ്ങളെ ഒഴിവാക്കുന്നത് അഭികാമ്യമാണ് എന്ന രാഷ്ട്രീയ ബോധം കൊണ്ടാകാം പലരും ജമാഅത്തെ ഇസ്ലാമിക്ക് നേരെ നിശബ്ദത പാലിക്കുന്നത്. ജമാത്തെ ഇസ്‌ലാമിയുടെ മുന്നേറ്റത്തെ കേരളത്തിൽ തടഞ്ഞ് നിർത്തിയിരുന്നത് ഇവിടുത്തെ വിവിധ മത സംഘടനകളായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം പിഴച്ചതാണെന്നും നമ്മുടെ നാടിന്റെ സാമൂഹികമായ സുരക്ഷിതത്വത്തിന് അപകടകരമാണെന്ന് ആദ്യമായി ഈ സമൂഹത്തോട് വിളിച്ച് പറഞ്ഞത് സുന്നികളും മുജാഹിദുകളുമായ മത സംഘടനകളാണ്. മുജാഹിദ് വിഭാഗം ആ പ്രചരണങ്ങളിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു. എന്ന് മാത്രമല്ല, ഇസ്‌ലാമിസ്റ്റുകളെ വെള്ള പൂശുന്ന ശൈലിയിലേക്ക് അവരിൽ പലരും ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നു. വംശീയമായ ബോധങ്ങൾ കൊണ്ടാണോ അതോ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണോ ഇങ്ങനെയൊരു പിൻവലിയൽ എന്നറിയില്ല. എന്തായാലും ജമാഅത്തെ ഇസ്‌ലാമി ഉയർത്തുന്ന പ്രതിലോമ ആശയങ്ങളെ പരോക്ഷമായി പിന്തുണക്കുന്ന നിലപാടുകൾ ആര് സ്വീകരിച്ചാലും അത് ഒട്ടും അംഗീകരിക്കാൻ സാധിക്കുന്നതല്ല.
ശബരിമല വിഷയം ബി.ജെ.പിക്ക് സുവർണാവസരമാകുന്നത് പോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് മുസ്‌ലിം വൈകാരിക പ്രശ്നങ്ങൾ.
വഖഫ് വിഷയം തെരുവിലേക്കും അത് വഴി ഒരു സംഘർഷത്തിലേക്കും എത്തിക്കണമെന്ന ആഗ്രഹം ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടാകുന്നത് വെറുതയല്ല. ഇത് അവർക്കൊരു അവസരമാണ്. ശബരിമല വിഷയം ബി.ജെ.പിക്ക് സുവർണാവസരമാകുന്നത് പോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് മുസ്‌ലിം വൈകാരിക പ്രശ്നങ്ങൾ. സാമൂഹ്യമായി എത്രത്തോളം ചിദ്രതയും ഭിന്നതയും ഉണ്ടാകുന്നോ അത്രയും രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ പറ്റും എന്ന് ചിന്തിക്കുന്ന രണ്ട് ടീമുകളാണ് ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയും. ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ വളർച്ച ഇവിടുത്തെ പുരോഗമന, മതേതര ചേരിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ്. വൈകുന്നേരങ്ങളിൽ സ്വന്തം ചാനലുകൾ വഴി നടത്തുന്ന അന്തി ചർച്ച കൊണ്ടും സ്വന്തം പത്ര മാധ്യമങ്ങളിലൂടെ യാതൊരു മാന്യതയും തത്വ ദീക്ഷയുമില്ലാതെ നടത്തുന്ന കുപ്രചാരണങ്ങളിലൂടെയും ഈ നാടിന്റെ മതേതരമായ അടരുകളെ ശിഥിലമാക്കുവാനും കേരളത്തിലെ മുസ്‌ലിംകളെ ചാരി ഇസ്ലാമിസ്റ്റ് ബ്രദർഹുഡ് ആശയങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കാനുമാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നതെങ്കിൽ ഈ നാടിന്റെ ഒന്നിച്ചുള്ള പ്രതിരോധത്തിന്റെ ചൂട് എന്താണെന്ന് അവർക്ക് തിരിച്ചറിയേണ്ടി വരും. കാരണം അത്രക്ക് മതേതരവും വംശീയ വിരുദ്ധവുമാണ് ഈ നാടിന്റെ പൊതു ധാര.
റഫറൻസുകൾ
1. ഫീ ദിലാലിൽ ഖുർആൻ - സയ്യിദ് ഖുത്ബ്
2. ഖുത്ത്ബാത്ത് - അബുൽ അഅല മൗദൂദി
3. ഖിലാഫത്തും രാജ വാഴ്ചയും - അബുൽ അഅല മൗദൂദി
4. ജമാത്തെ ഇസ്‌ലാമി ലഘു പരിചയം - ശൈഖ് മുഹമ്മദ് കാരക്കുന്ന്
5. ജമാഅത്തെ ഇസ്‌ലാമി വിമർശനം - എം ഐ മുഹമ്മദലി സുല്ലമി
6. Understanding and Explaining Religion in the Contemporary Age by Abul Hasan Ali Nadwi
7. കോടതി വ്യവഹാരം - Jamaat-E-Islami Hind vs Union Of India on 7 December, 1994