തുടർഭരണത്തിന്റെ സൂചനയാണ് ഈ വിദ്യാർഥി- യുവജന പങ്കാളിത്തം

കേരള രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന മഹത്തായ ഒരു രാഷ്ട്രീയ സന്ദേശം; ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം എൽപ്പിക്കാൻ കേരള ജനത തയാറാകുകയാണ് എന്ന സന്ദേശം- അതിന്റെ സൂചനകളാണോ ഇപ്പോൾ കാണുന്ന ഇടതുപക്ഷ മുന്നേറ്റത്തിൽ വിദ്യാർഥി- യുവജന പ്രവർത്തകരുടെ നിർണായകമായ പങ്കാളിത്തവും നേതൃത്വവും എന്ന ചോദ്യമാണ് നമ്മുടെ നാട് ഉന്നയിക്കുന്നത്. എസ്.എഫ്.ഐ രൂപീകരണത്തിന്റെ അരനൂറ്റാണ്ട് ആഘോഷത്തിന് ഇതിനേക്കാൾ മികച്ച ഒരു പാശ്ചാത്തലം സാധ്യമാണോ?- എസ്.എഫ്.ഐ 50 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച്, അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുകൂടിയായിരുന്ന, സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി എഴുതുന്നു

ഡിസംബർ 30ന് ഇന്ത്യൻ വിദ്യാർഥി ഫെഡറേഷൻ (എസ്.എഫ്​.ഐ) രൂപീകൃതമായതിന്റെ 50ാം വാർഷികദിനമാണ്. അഖിലേന്ത്യാതലത്തിൽ പുരോഗമനവീക്ഷണത്തോടെ ഒരു വിദ്യാർഥി സംഘടന ആദ്യം സംഘടിപ്പിക്കപ്പെടുന്നത് 84 വർഷങ്ങൾക്കുമുമ്പാണ്; 1936ൽ.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമര പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. വലിയൊരുവിഭാഗം വിദ്യാർഥികളും യുവാക്കളും, സാഹസികമായ സായുധ സമരത്തിലൂടെയായാലും വിദേശ സാമ്രാജ്യത്വകോയ്മക്ക് അന്ത്യം കുറിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. അത്തരം ഒരു പോരാട്ടത്തിൽ, 19 വയസ് തികയുന്നതിനുമുമ്പ് തൂക്കിലേറ്റപ്പെട്ട രക്തസാക്ഷി ഖുദ്ദിറാം ബോസിന്റെ ധീരതയും ത്യാഗവും എന്നും സ്മരിക്കപ്പെടുന്നു. ജതിൻദാസ്, രാജ്ഗുരു, ചന്ദ്രശേഖർ ആസാദ്, സുഖ്ദേവ്, അഷ്ഫാക്കുള്ളഖാൻ, സർവോപരി സർദാർ ഭഗത്സിങ് തുടങ്ങിയവരുടെ അടങ്ങാത്ത സ്വാതന്ത്ര്യദാഹവും മരണത്തെ മുഖാമുഖം നോക്കിയുള്ള പോരാട്ടവീര്യവും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏറ്റവും ധീരോജ്ജ്വല പ്രവാഹധാരയായി.

ഖുദ്ദിറാം ബോസ് / Photo:Wikipedia

മഹത്തായ ഈ പാരമ്പര്യം മുറുകെപ്പിടിച്ച് വിദ്യാർഥികളെയും യുവാക്കളെയും ദേശീയപ്രസ്ഥാനത്തിൽ അണിനിരത്താനാണ് എ.ഐ.എസ്.എഫ് ശ്രമിച്ചത്. അതിൽ വലിയ സംഭാവന നൽകാൻ കഴിഞ്ഞ സംഘടന 1960കളുടെ മധ്യത്തോട വളരെ മിതവാദപരവും വ്യാമോഹപൂർണവുമായ സമീപനം കൈക്കൊള്ളുന്നു എന്ന വിമർശനം ഉയർന്നു. സംസ്ഥാന തലത്തിൽ കേരള വിദ്യാർഥി ഫെഡറേഷനെപ്പോലുള്ള ഉശിരൻ വിദ്യാർഥി സംഘടനകൾ രൂപമെടുത്തത് ഈ പാശ്ചാത്തലത്തിലാണ്.

എഴുപതുകളിലെ പ്രകമ്പനങ്ങൾ

1970 ഡിസംബർ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയറ്ററിലാണ് പ്രതിനിധികൾ സമ്മേളിച്ചത്. ജനകീയ സമരനായകൻ എ.കെ.ജി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കർമപരിപാടിയും ഭരണഘടനയും പതാകയും മുദ്രാവാക്യങ്ങളും ചർച്ച ചെയ്ത് അംഗീകരിച്ചു.

എം.എ ബേബി ഇ.എം.എസിനൊപ്പം/Photo: MA Baby, Facebook

കെ.എസ്.എഫിന്റെ ചുവന്ന കൊടി എസ്.എഫ്.ഐയും സ്വീകരിക്കണമെന്ന് കേരളത്തിൽനിന്നുള്ള പ്രതിനിധികൾ ശക്തമായി വാദിച്ചു. അധ്വാനിക്കുന്ന തൊഴിലാളി - കർഷക വർഗങ്ങളുടെ രക്തപതാക, വിദ്യാർഥികളെപ്പോലെ ഒരു ബഹുവർഗ പ്രസ്ഥാനം സ്വീകരിക്കുന്നത് അശാസ്ത്രീയമാണെന്നവാദം ഉയർന്നു. അതേത്തുടർന്ന് വെള്ളക്കൊടിയിൽ രക്തനക്ഷത്രവും സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളും ആലേഖനം ചെയ്യാൻ തീരുമാനമായി. കേരളത്തിലെ സി. ഭാസ്‌കരൻ പ്രസിഡന്റും ബംഗാളിൽനിന്നുള്ള ബിമൻബോസ് ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാഭ്യാസപ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വിദ്യാർഥി സമരങ്ങളായിരുന്നു എഴുപതുകളിൽ കേരളത്തെ പ്രകമ്പനം കൊള്ളിച്ചത്. ഒപ്പം, മിച്ചഭൂമി സമരം,

1974ലെ റെയിൽവേ തൊഴിലാളി പണിമുടക്ക് തുടങ്ങിയ ബഹുജന സമരങ്ങൾക്ക് ഐക്യദാർഢ്യവുമായും വിദ്യാർഥികളെ എസ്.എഫ്.ഐ അണിനിരത്തി. ചിലിയിൽ അലൻഡേ ഗവൺമെന്റിനെ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ ഇടപെട്ട് അട്ടിമറിച്ചതിനെതിരായും വിയറ്റ്‌നാം വിമോചനപ്പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കാമ്പസുകൾ കല-സാംസ്‌കാരിക- രാഷ്ട്രീയ പരിപാടികൾ ഭാവനപൂർണമായി സംഘടിപ്പിച്ചു.

സൈമൻ ബ്രിട്ടോയ്ക്കും കുടുംബത്തിനുമൊപ്പം എം.എ. ബേബി

ഈ കാലയളവിൽ തലശ്ശേരി ബ്രണ്ണൻ, പാലക്കാട് വിക്ടോറിയ, തൃശൂർ കേരളവർമ, എറണാകുളം മഹാരാജാസ്, കൊല്ലം എസ്.എൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി തുടങ്ങി ശ്രദ്ധേയ കലാലയങ്ങളിൽ എസ്.എഫ്.ഐ വലിയ വളർച്ച നേടുകയും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുവിജയം കൈവരിക്കുകയും ചെയ്തു.

സെയ്താലി, സുധീഷ്, കൊച്ചനിയൻ, അഭിമന്യു...

പഠനത്തിലും പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന വിദ്യാർഥികളെ കണ്ടുപിടിച്ച് സംഘടനയുമായി ബന്ധപ്പെടുത്തുന്ന ബോധപൂർവ ശ്രമങ്ങൾ അന്നുണ്ടായിരുന്നു. എന്റെ തലമുറ സ്‌കൂൾ- കോളേജ് തല തെരഞ്ഞെടുപ്പുകളിൽ പലതവണ പരാജയപ്പെട്ടശേഷമാണ് മികച്ച വിജയങ്ങൾ കൈവരിക്കുന്ന സാഹചര്യത്തിലേക്ക് വിദ്യാർഥിസംഘടനാ ബലാബലം പരിവർത്തനം ചെയ്യപ്പെട്ടത്.

എം.എ. ബേബി അഭിമന്യുവിനൊപ്പം

ഇക്കാലത്ത് എസ്.എഫ്.ഐയുടെ വളർച്ചയെ അടിച്ചൊതുക്കാനുള്ള നിരന്തരപരിശ്രമങ്ങൾ പൊലീസ് ലാത്തിച്ചാർജുകൾ, കള്ളക്കേസുകൾ എന്നീ രൂപങ്ങളിലും ക്രൂരമായ ഗുണ്ടാമർദ്ദനങ്ങളിലൂടെ രൂപത്തിലും നേരിടേണ്ടിവന്നിട്ടുണ്ട്. എ.ബി.വി.പിക്കാർ പട്ടാമ്പി സംസ്‌കൃത കോളേജിൽ കുത്തിക്കൊന്ന സെയ്താലിയും തലശ്ശേരിയിലെ കെ.വി. സുധീഷും കൊല്ലം എസ്.എന്നിലെ ശ്രീകുമാറും കെ.എസ്.യു അക്രമിസംഘം വകവരുത്തിയ കൊച്ചനിയനും സി.വി. ജോസും എം.എസ്. പ്രസാദും ജി. ഭുവനേശ്വരനും എസ്.ഡി.പി.ഐ/പോപ്പുലർ ഫ്രണ്ട് ഘാതകസംഘം വധിച്ച അഭിമന്യുവും നട്ടെല്ലുതകർന്ന് അരയ്ക്കുകീഴെ ചലനശേഷി നശിച്ചിട്ടും തകരാതെ പതിറ്റാണ്ടുകൾ ജീവിച്ചു പൊരുതിയ സൈമൺ ബ്രിട്ടോയും ഇന്നും മനോവീര്യം തകരാത്ത പുഷ്പനും ഒക്കെ പകർന്ന ഊർജ്ജവും പ്രതിബദ്ധതയുമാണ് എസ്.എഫ്.ഐക്ക് പ്രതിലോമശക്തികളുടെ മരണഭീഷണകളെ അഭിമുഖീകരിക്കാൻ ആത്മധൈര്യം പകരുന്നത്.
വിദ്യാർഥി സംഘടനാപ്രവർത്തനങ്ങളെ ഭർത്സിക്കുന്നവർ വിദ്യാർഥി സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കാനാണ് അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത് എന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു.

അടിയന്തരാവസ്ഥക്കാലം

ജനാധിപത്യ- മതേതര- പുരോഗമന മൂല്യങ്ങളും സാമൂഹികനീതിയും ശാരീരികവും സ്വത്വപരവുമായ വൈവിധ്യങ്ങളും തുല്യാവകാശവും സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിൽ നിതാന്ത ജാഗ്രതയോടെ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇത്തരം ആധുനിക മാനവിക സങ്കൽപ്പങ്ങൾ ഇന്ന് ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമിക്കപ്പെടുകയാണ്. സൂക്ഷ്മമായ രാഷ്ട്രീയ സാംസ്‌കാരിക കാഴ്ചപ്പാടാണ് സമൂഹത്തെയും അതിന്റെ ഭാഗമായ കാമ്പസുകളെയും ഇന്ന് ചെറുത്തുനിൽപിന് പ്രാപ്തമാക്കേണ്ടത്. അതിൽ എസ്.എഫ്.ഐ നിർണായക പങ്കു വഹിച്ചിട്ടുണ്ട് എന്നത് വിദ്യാർഥി ചരിത്രത്തിന്റെ ഭാഗമാണ്.

കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും

1975 ജൂൺ 25 അർധരാത്രി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ആദ്യമായി സംഘടിത പ്രതിഷേധം തിരുവനന്തപുരം നഗരഹൃദയത്തിൽ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയത് എസ്.എഫ്.ഐ ആയിരുന്നു. അക്കാലത്ത് സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ "മിസ' പ്രകാരം തടവിലാക്കപ്പെട്ടു. തിരുവനന്തപുരത്ത് പ്രകടനം സംഘടിപ്പിച്ച സംസ്ഥാന പ്രസിഡന്റായിരുന്ന ഈ ലേഖകനും അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജി. സുധാകരൻ, എം. വിജയകുമാർ, തോമസ് എബ്രഹാം ഡി. സുരേഷ് കുമാർ, ജെ. പ്രസാദ്, പി. മാധവൻപിള്ള, ജെ.ബി. മോഹൻ, രാജ്‌മോഹൻ തുടങ്ങിയവരും ഡി.ഐ.ആർ പ്രകാരം ജയിലിലായി.

പെരിന്തൽമണ്ണ സബ് ജയിലിൽ അടക്കപ്പെട്ട മണ്ണാർക്കാട് എം.ഇ.എസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് മുഹമ്മദ് മുസ്തഫ മർദ്ദനമേറ്റ് അവശനിലയിലായിട്ടും ചികിത്സ നിഷേധിക്കപ്പെട്ടു. ഒടുവിൽ മരണാസന്നനായപ്പോൾ പെരിന്തൽമണ്ണ സബ് ജയിലിൽനിന്ന് മോചിതനായി, ദിവസങ്ങൾക്കുള്ളിൽ മരിച്ചു. തളിപ്പറമ്പ് സർ സെയ്ദ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് അറസ്റ്റുചെയ്ത് ക്രൂരമായി മർദ്ദിക്കുകയും ജില്ല പ്രസിഡന്റ് ജയപുരം രാജു ഉൾപ്പെടെയുള്ളവരെ തല മുണ്ഡനം ചെയ്യുകയും ചെയ്തു.

ചാത്തമംഗലം റീജ്യനൽ എഞ്ചിനീയറിങ് കോളേജിലെ (ഇന്ന് അത് എൻ.ഐ.ടി ആണ്) രാജനെ കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊന്ന് കത്തിച്ചുകളഞ്ഞതുപോലുളള മഹാപൈശാചികതകളും ആ കാലഘട്ടത്തിലെ രക്തപങ്കിലമായ പാതകപരമ്പരകളുടെ നൊമ്പരപ്പെടുത്തുന്ന ഓർമയിൽപെടുന്നു. അന്ന് ജനാധിപത്യത്തിനുവേണ്ടി പൊരുതിയ എസ്.എഫ്.ഐയുടെ ധീരതയെയും ത്യാഗത്തെയും വിദ്യാർഥി സമൂഹം അംഗീകരിക്കുന്നതാണ് 1977നുശേഷം കേരളവും ഒരു പരിധി വരെ ഇന്ത്യയും കണ്ടത്. അക്കാലത്ത് അടിച്ചമർത്തലുകൾക്കുമുന്നിൽ പതറാതെ അവകാശപ്പോരാട്ടങ്ങൾ നടത്തിയ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സമരപ്രസ്ഥാനങ്ങളുടെ പ്രവർത്തകരെ പൊലീസ് മർദ്ദക സംവിധാനത്തിന് ഒറ്റുകൊടുത്ത അവസരവാദി സംഘടനകളെ വിദ്യാർഥി സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്തു.

ആ യുവസഖാക്കൾ ഒരു ശുഭ പ്രതീക്ഷയാണ്

ഭരണഘടനയിലെ മഹനീയമായ സർവമൂല്യങ്ങളെയും ഒന്നൊന്നായി ഗളച്ഛേദം ചെയ്യുന്ന തീവ്ര വലതുപക്ഷ- വർഗീയ ശക്തികളാണ് ഇന്ന് കേന്ദ്രഭരണത്തിൽ. അത് അതിവേഗം ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയുമാണ്. വൻകിട കുത്തകകൾക്ക് കാർഷിക മേഖല തീറെഴുതിക്കൊടുക്കുകയും തൊഴിലാളികൾ നൂറ്റാണ്ടുകളായി പൊരുതി നേടിയ അവകാശങ്ങൾ റദ്ദാക്കുകയും ചെയ്യുന്ന നിയമഭേദഗതി തീരുമാനവും നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്നു. പൗരത്വ നിർണയത്തിൽ മതം മാനദണ്ഡമാവുക എന്ന ആഭാസകരമായ ഭരണഘടനാലംഘനം സുപ്രീംകോടതിയുടെ മുന്നിൽ ഉന്നയിച്ചിട്ടും പരമോന്നത നീതിപീഠം അത് പരിഗണനക്കെടുക്കാതെ മോദിയെ സഹായിക്കാനായി ദീർഘനിദ്രയിലാണോ എന്ന സംശയം ഉയരുന്നു. ഇതിനൊക്കെ എതിരായ സമരത്തിൽ ജനങ്ങളാകെ അണിനിരക്കേണ്ടതുണ്ട്. ഒപ്പം, വിദ്യാർഥി- യുവജന വിഭാഗങ്ങളും. അതോടൊപ്പം, വിദ്യാഭ്യാസത്തിന്റെ ചരക്കുവൽക്കരണത്തിനും വർഗീയവൽക്കരണത്തിനുമെതിരായ സമരങ്ങളും മർമപ്രധാനമാണ്.

ഹർകിഷൻ സിംഗ് സുർജിത്, ഫിഡൽ കാസ്ട്രോ എന്നിവർക്കൊപ്പം എം.എ. ബേബി

എസ്.എഫ്.ഐ രൂപീകരണത്തിന്റെ അമ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ, സ്ഥാപക സമ്മേളനം നടന്ന തിരുവനന്തപുരം നഗരത്തിന്റെ മേയറായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ആര്യ രാജേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. 21 പിറന്നാളുകൾ മാത്രം ആഘോഷിച്ച വിദ്യാർഥിയാണെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുന്ന പക്വതയോടെ ചോദ്യങ്ങളോട് പ്രതികരിച്ച ഈ യുവസഖാവ് ഇടതുപക്ഷ പ്രസ്ഥാനവും ബാലസംഘവും എസ്.എഫ്.ഐയും സമൂഹത്തിന് നൽകുന്ന ശുഭപ്രതീക്ഷയാണ്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അധ്യക്ഷ രേഷ്മ മറിയം റോയ്, ഇട്ടിവ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സി. അമൃത, ഒളവണ്ണയിലെ ശാരുതി, പൊഴുതനയിലെ സ്റ്റഫി സുനിൽ, മലമ്പുഴയിലെ രാധികാ മാധവൻ തുടങ്ങി പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ ഒട്ടനവധി മിടുക്കികൾ നാടിന്റെ വികസന നേതൃത്വ പദവികളിലേക്കുവരുന്ന ആവേശകരമായ അനുഭവം കേരളമൊട്ടാകെ ആഘോഷിക്കുകയാണ്.

എം.എ. ബേബി ജ്യോതിബസുവിനൊപ്പം

കേരള രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന മഹത്തായ ഒരു രാഷ്ട്രീയ സന്ദേശം- ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുടർഭരണം എൽപ്പിക്കാൻ കേരള ജനത തയാറാകുകയാണ് എന്ന സന്ദേശം- അതിന്റെ സൂചനകളാണോ ഇപ്പോൾ കാണുന്ന ഇടതുപക്ഷ മുന്നേറ്റത്തിൽ വിദ്യാർഥി- യുവജന പ്രവർത്തകരുടെ നിർണായകമായ പങ്കാളിത്തവും നേതൃത്വവും എന്ന ചോദ്യമാണ് നമ്മുടെ നാട് ഉന്നയിക്കുന്നത്.

എസ്.എഫ്.ഐ രൂപീകരണത്തിന്റെ അരനൂറ്റാണ്ട് ആഘോഷത്തിന് ഇതിനേക്കാൾ മികച്ച ഒരു പാശ്ചാത്തലം സാധ്യമാണോ?


Comments