പകർച്ചവ്യാധിവ്യാപനം തടയാൻ സ്വകാര്യതാപരിധി ലംഘിക്കേണ്ടിവരും

വ്യക്തിയുടെ സ്വകാര്യത ലോകത്തെവിടെയും സംരക്ഷിക്കപ്പെടുക തന്നെ വേണമെന്ന നിലപാട് എടുക്കുമ്പോഴും പകർച്ചാവ്യാധി വ്യാപനം തടയാൻ ആ സ്വകാര്യതയുടെ പരിധി ലംഘിക്കേണ്ടി വരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞ എം.എ ബേബി, സാഹചര്യം സാധാരണ നിലയിലായാൽ ജാഗ്രത സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും പറഞ്ഞു. ആനന്ദ് തെൽതുംദെയെ യു.എ.പി.എ നിയമമുപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോൾ മനുഷ്യാവകാശ ലംഘനമെന്ന് പറഞ്ഞ് എഫ്.ബി. പോസ്റ്റിട്ട എം.എ. ബേബി, താഹ/ അലൻ വിഷയത്തിലുള്ള നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിയുടെ വ്യക്തതയില്ലാത്ത നിലപാട് ആവർത്തിക്കുക തന്നെയാണ് ചെയ്തത്. ആഭ്യന്തര മന്ത്രിയോട് അന്വേഷിച്ചിട്ടല്ല പ്രാഥമിക നടപടിയെടുത്തത് എന്നും പൊലീസ് ഉദോഗസ്ഥരാണ് എഫ്.ഐ.ആറിൽ വകുപ്പുകൾ ഇട്ടതെന്നും തിങ്കിനോട് ബേബി പറഞ്ഞു.

എബ്രഹാം മാത്യു: സ്പ്രിംക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് നിയമപരമല്ലാതെ സർക്കാർ ഡാറ്റ കൈമാറ്റം നടത്തി എന്ന ആരോപണത്തെ, ഡാറ്റ കൈമാറ്റം സംബന്ധിച്ച പാർട്ടി നിലപാടിന്റെ അടിസ്ഥാനത്തിൽ എങ്ങനെ നോക്കിക്കാണുന്നു? 'Data is the new oil' എന്നാണ് പുതിയ നിർവചനം. ഡാറ്റാവിവാദം കനക്കുന്നതിൽ യുക്തികാണുന്നത് അതുകൊണ്ടാണ്. സർക്കാരിലുണ്ടായ ഡാറ്റാവിവാദം പാർട്ടിയെ ബോധിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനെ എങ്ങനെ നേരിടും?

സ്പ്രിംക്ളർ കമ്പനി ലോഗോ

എം.എ ബേബി :ഡാറ്റാ വിവാദത്തിന് രണ്ടു വശങ്ങളുണ്ട്. അതിവേഗം അതിമാരകമായി വ്യാപിക്കാനിടയുള്ള (അതാണ് യൂറോപ്പിന്റെയും, യു.എസ്.എയുടെയും അനുഭവം) ഒരു മഹാമാരിയെന്ന അസാധാരണമായ ജീവന്മരണപ്രശ്നത്തെ അഭിമാനകരമായ മാതൃകയിൽ നേരിടുകയാണ് കേരളസർക്കാർ. അതിൽ മിക്കവാറും സർവ്വരുടേയും സഹകരണവുമുണ്ട്. അതിന്റെ ഭാഗമായി ഉണ്ടാക്കിയതാണ്, യു.എസ്.എ ആസ്ഥാനമായി പ്രവർത്തിക്കുന്ന, മലയാളികളുടെ സ്പ്രിംക്ളർ എന്ന സ്ഥാപനവുമായുള്ള കരാർ. ഉത്തമവിശ്വാസത്തോടെ ഗവൺമെന്റ് കൈക്കൊണ്ട ഒരു തീരുമാനമായി അതിനെ കാണണം. പൂർണ്ണമായും സൗജന്യമായാണ് സെപ്തംബർവരെ അവരുടെ സേവനം ലഭിക്കുന്നത്. ഡാറ്റ ചോരാതിരിക്കാൻ ബാംഗ്ലൂരിൽ തന്നെയുള്ള സർവ്വറിലാണ് അത് സൂക്ഷിക്കുന്നത്.

വ്യക്തിയുടെ സ്വകാര്യത ലോകത്തെവിടെയും സംരക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷേ പകർച്ചവ്യാധിവ്യാപനം തടയാൻ സ്വകാര്യതാ പരിധി ലംഘിക്കേണ്ടിവരും.

ഐ.ടി സെക്രട്ടറി ശിവശങ്കർ വിശദീകരിച്ചതുപോലെ സ്വതന്ത്ര സോഫ്റ്റ് വെയർ ഇനിയുള്ള നാളുകളിൽ വികസിപ്പിച്ചെടുത്ത് പരാതിരഹിതമായി ഇത്തരം പ്രവൃത്തികൾ നിർവഹിക്കാവുന്നതാണ്. ഇപ്പോൾ സമയം വളരെ പ്രധാന ഘടകമാണ്. അമേരിക്കയിലെപ്പോലെ പതിനായിരങ്ങൾ മരിക്കുന്നതരത്തിൽ ഇവിടെ കോവിഡ് 19 വ്യാപിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു വിമർശകരുടെ പ്രതികരണം? സാഹചര്യം സാധാരണ നിലയിലായിക്കഴിഞ്ഞാൽ സ്പ്രിംക്ളർ കരാറു സംബന്ധിച്ചുതന്നെ എവിടെയെങ്കിലും കൂടുതൽ ജാഗ്രതപാലിക്കാമായിരുന്നുവോ തുടങ്ങിയ കാര്യങ്ങൾ നമുക്ക് വിശദമായി ചർച്ച ചെയ്യാവുന്നതാണ്. അസാധാരണ സാഹചര്യങ്ങളിൽ ഇതുപോലെ സമയസമ്മർദ്ദത്തിനുള്ളിൽനിന്ന് ക്രമീകരണങ്ങൾ ഉണ്ടാക്കുമ്പോഴും പാലിക്കേണ്ട നടപടികളും സമ്പ്രദായങ്ങളും സംബന്ധിച്ച് തുറന്ന ചർച്ചയിലൂടെ വ്യക്തതവരുത്താനും സാധിക്കും.

ആധാർ സംബന്ധിച്ച സി.പി.ഐ.(എം) നിലപാട് തീർത്തും വ്യത്യസ്ത സാഹചര്യത്തിലാണ് കാണേണ്ടത്. വ്യക്തിയുടെ സ്വകാര്യത ലോകത്തെവിടെയും സംരക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷേ പകർച്ചവ്യാധിവ്യാപനം തടയാൻ സ്വകാര്യതാ പരിധി ലംഘിക്കേണ്ടിവരും. രോഗിയെ ബന്ധപ്പെട്ടവരുടെ (റൂട്ട്മാപ്പ്) യാത്ര, സന്ദർശനം, ബന്ധപ്പെട്ട വ്യക്തികൾ, സ്ഥലങ്ങൾ ഒക്കെ വെളിപ്പെടുത്തേണ്ടേ? അതിനാൽ കാര്യങ്ങളെ യാന്ത്രികമായി കൂട്ടിക്കുഴക്കേണ്ടതില്ല.

പാർട്ടിയെ സംബന്ധിച്ച് ഇതൊരു വിവാദ വിഷയമേ അല്ല. സാധാരണ സാഹചര്യം വരുമ്പോൾ എല്ലാ കാര്യങ്ങളും സാവകാശം പരിശോധിക്കും.

രണ്ടാമത്തെക്കാര്യം രാഷ്ട്രീയമാണ്. കോവിഡ് 19 ലോകത്തെ സ്തബ്ധമാക്കിയതുപോലെ; കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അതിനെ അസാമാന്യമായ കർമ്മശേഷിയോടും ജനോന്മുഖ സമീപനത്തോടും നേരിട്ട രീതി ഇവിടുത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിലൊരു വിഭാഗത്തെ അസ്തപ്രജ്ഞരാക്കുകകൂടി ചെയ്തു. ഗവൺമെന്റിന്റെ ഏതുതീരുമാനത്തേയും വിമർശിക്കുക പ്രതിപക്ഷാവകാശമാണെങ്കിലും അഴിമതിയാരോപിച്ചുകൊണ്ട് ഇതുപോലൊരു അസാധാരണ സാഹചര്യത്തിൽ കാടടച്ചുവെടിവെച്ചത് ദുഷ്ടലാക്കോടെയാണെന്നു പറയേണ്ടിവരുന്നു. ഇവിടെ സെപ്തംബർ വരെ സൗജന്യമായി ലഭിക്കുന്ന സേവനത്തിന് സമാനമായ സേവനം അമേരിക്കൻ കമ്പനിയിൽ നിന്ന് കോടികൾ നൽകിയാണ് കോൺഗ്രസ് നേതൃത്വ സംസ്ഥാന സർക്കാർ വാങ്ങുന്നത് എന്നും വാർത്തയുണ്ട്. പാർട്ടി കാഴ്ചപ്പാടിനനുഗുണമായി, മഹാമാരിയുടെ അത്യാപത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. അതോരോന്നും പാർട്ടികമ്മിറ്റികൾ യോഗം ചേർന്ന് തീരുമാനിക്കണമെന്ന് ചിന്തിക്കുന്നത് നാം എത്ര ഗുരുതരമായ കൂട്ടമരണ ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത് എന്ന് പരിഗണിക്കാതെയാണ്. പാർട്ടിയെ സംബന്ധിച്ച് ഇതൊരു വിവാദ വിഷയമേ അല്ല. സാധാരണ സാഹചര്യം വരുമ്പോൾ എല്ലാ കാര്യങ്ങളും സാവകാശം പരിശോധിക്കും. ഭാവിയിലേക്ക് ആവശ്യമായ മാർഗരേഖകൾക്കു രൂപംനൽകും.

'There should be clear provisions and judicial supervision of any surveillance that violates citizens privacy. Enact data privacy laws that protect the people against appropriation/misuse of users private data for commercial use' കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി മാനിഫെസ്റ്റോ പുറത്തിറക്കിക്കൊണ്ട് സീതാറാം യെച്ചൂരി നടത്തിയ പ്രതികരണമാണിത്. പാർട്ടി മാനിഫെസ്റ്റോയിൽ ഇക്കാര്യം ഉൾപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ ഡാറ്റാവിവാദത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി മാനിഫെസ്റ്റോയെ മുൻനിർത്തി താങ്കൾ എന്തുപറയും?

തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ കാഴ്ചപ്പാട് തീർത്തും ശരിയാണ്. അമിതാധികാര പ്രയോഗത്തിനും വാണിജ്യാവശ്യങ്ങൾക്കും സൈബർ ലോകത്തിലേയും, ആധാറിലൂടെയും മറ്റും ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങളേയും ദുരുപയോഗിക്കുകയും ചൂഷണം നടത്തുകയും ചെയ്യാമെന്ന ഭീഷണിയുണ്ട്. അതിനെതിരെ തുടർന്നും നാം ജാഗ്രത പാലിക്കണം. ഇതും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രോഗവും, ശാരീരികാരോഗ്യവും ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ച് പ്രതിരോധ വല നെയ്യുന്ന സദുദ്ദേശ്യവും തമ്മിൽ കൂട്ടിക്കുഴക്കുന്നത് ശരിയല്ല. ഇപ്പോൾ നമ്മളൊക്കെ അംഗീകരിക്കുന്ന പല നിയന്ത്രണങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവാശങ്ങളുടെ നിഷേധമല്ലേ? ഒത്തുകൂടരുത്, യാത്ര ചെയ്യരുത്, കൃഷിയും വ്യവസായവും പാടില്ല, യോഗം നടത്തരുത് തുടങ്ങിയവ!

രോഗപ്രതിരോധവുമായി ബന്ധപ്പെട്ടു ശേഖരിക്കുന്ന വ്യക്തിവിരങ്ങൾ കച്ചവടം ചെയ്യരുത്, ദുരുപയോഗിക്കരുത് എന്ന് ഉറപ്പുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉത്തമവിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. മറിച്ചായാൽ ഞാനും നിങ്ങളും ഇവിടുണ്ടല്ലോ? നമുക്കാസാഹചര്യം കൂട്ടായി നേരിടാം.

'യു.എ.പി.എ പ്രകാരം രാഷ്ട്രീയ പ്രവർത്തകരേയും ആശയ പ്രചാരണം നടത്തുന്നവരേയും അറസ്റ്റു ചെയ്യുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. ആനന്ദ് തെൽതുംദേയുടെയും ഗൗതം നവലാഖയുടേയും അറസ്റ്റ് മോദി സർക്കാറിന്റെ ഫാസിസ്റ്റ് നടപടിയാണ്.' ദിവസങ്ങൾക്കുമുമ്പ് വന്ന താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ്; കോഴിക്കോട്ടെ അലനും താഹയും അറസ്റ്റു ചെയ്യപ്പെട്ടത് യു.എ.പി.എ ചുമത്തിയല്ലേ? യു.എ.പി.എ ചുമത്തിയുള്ള അവരുടെ അറസ്റ്റിനെ മുഖ്യമന്ത്രി നിയമസഭയിൽ ന്യായീകരിച്ചു. കേസ് എൻ.ഐ.എ ഏറ്റെടുക്കുന്നതിനെ സർക്കാർ എതിർത്തില്ല. താങ്കളുടെ പ്രസ്താവനയും അലൻതാഹ യാഥാർത്ഥ്യവും എങ്ങനെ പൊരുത്തപ്പെടുന്നു? അറസ്റ്റിനെ താങ്കൾ ഉൾപ്പെടെ നാല് പി.ബി അംഗങ്ങൾ (സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള) തള്ളിപ്പറഞ്ഞിരുന്നു.

യു.എ.പി.എ സംബന്ധിച്ച് പാർട്ടിക്ക് വ്യക്തമായ എതിർപ്പാണുള്ളത്. കേരളത്തിലും നിലപാട് അതുതന്നെ. നാലു പി.ബി അംഗങ്ങളല്ല; പാർട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയേറ്റുതന്നെ ഇതേ നിലപാട് പരസ്യപ്രസ്താവനയിലൂടെ ആവർത്തിച്ചതാണ്. വ്യക്തമായി ഭീകരവാദ കുറ്റകൃത്യങ്ങൾ ചെയ്താൽ മാത്രമേ യു.എ.പി.എ ചുമത്താവൂ എന്നതാണ് പാർട്ടി നിലപാട്. യു.എ.പി.എ ഒരു കരിനിയമമാണെന്നും അത് റദ്ദാക്കേണ്ടതാണെന്നും പാർട്ടിക്ക് അഭിപ്രായമുണ്ട്: പാർലമെന്റിൽ സി.പി.ഐ.(എം) അംഗങ്ങൾ സർവ്വശക്തിയുമെടുത്തു പോരാടിയത് ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്.

അലൻ ഷുഹൈബ്, താഹ ഫസൽ

അലന്റേയും താഹയുടേയും കാര്യത്തിൽ സംഭവിച്ചത് സംസ്ഥാന സർക്കാർ പരിശോധിച്ചുവരികയായിരുന്നു. കേസിൽ എഫ്.ഐ.ആർ ഇടുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കുകയാണ്. ആഭ്യന്തരമന്ത്രിയോട് ഏതുവകുപ്പുവേണമെന്ന് അന്വേഷിച്ചിട്ടല്ല പ്രാഥമിക നടപടികൾ.

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായുള്ള സംസ്ഥാനതല പരിശോധനാസമിതിയുടെ അഭിപ്രായം വരുന്ന ഘട്ടത്തിൽ എല്ലാവശങ്ങളും പരിശോധിച്ച് ശരിയായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിന് കഴിയുമായിരുന്നു. ആ പ്രക്രിയ മുന്നോട്ടു പോകുന്നതിനിടയിലാണ് എൻ.ഐ.എ കേസ് ഏറ്റെടുത്ത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇത് അത്യന്തം അപലപനീയമായ സമീപനമാണെന്നും സംസ്ഥാനസർക്കാരും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റും വ്യക്തമാക്കിയിരുന്നു.

കേസിൽ എഫ്.ഐ.ആർ ഇടുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കുകയാണ്. ആഭ്യന്തരമന്ത്രിയോട് ഏതുവകുപ്പുവേണമെന്ന് അന്വേഷിച്ചിട്ടല്ല പ്രാഥമിക നടപടികൾ.

കേസ് തിരിച്ച് സംസ്ഥാന സർക്കാറിനു വിട്ടുനൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളും ഭീകരകൃത്യങ്ങളും പലരൂപത്തിൽ നമ്മുടെ നാട്ടിൽ പൊട്ടിപ്പുറപ്പെടുന്നുണ്ടെന്നത് മറയാക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് ബി.ജെ.പി-കോൺഗ്രസ് സർക്കാരുകൾ പാസാക്കിയെടുക്കുന്നത് ഏറിയ കൂറും ദുരുപയോഗപ്പെടുത്താനും ജനാധിപത്യസമരങ്ങളേയും സ്വതന്ത്ര ചിന്തയേയും അടിച്ചമർത്താനുമാണെന്ന് നമുക്കറിയാം. അതിനെയും ന്യായീകരിക്കുന്നവരാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നത്

Comments