വിചിത്ര സഖ്യങ്ങളുടെ മഹാരാഷ്ട്ര,
ആവർത്തിക്കുമോ 2019?

ഹരിയാന പാഠമുൾക്കൊണ്ട്, ഒരുതരം ആത്മവിശ്വാസവുമില്ലാതെയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ഇലക്ഷനെ നേരിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വേട്ടയാടുന്ന ബി.ജെ.പി സഖ്യത്തിനും അനുകൂല ഘടകങ്ങളില്ല. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും തൂക്കുസഭക്ക് സാധ്യതയുണ്ടെന്നും കൂറുമാറ്റം അടക്കമുള്ള അട്ടിമറികൾ പ്രതീക്ഷിക്കാമെന്നും പ്രവചനങ്ങൾ വന്നുകഴിഞ്ഞു.

Election Desk

രിയാനയിൽ ഉറപ്പിച്ചിരുന്ന ജയം തോൽവിയായതിന്റെ ആഘാതം മഹാരാഷ്ട്രയിലും കോൺഗ്രസിനെ വേട്ടയാടുന്നുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (Maha Vikas Aghadi- MVA) നവംബർ 20-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്, അതുകൊണ്ടുതന്നെ ഒരുതരം ആത്മവിശ്വാസവും ഇല്ലാതെയാണ്. ഹരിയാനയിൽ പ്രകടിപ്പിച്ച അമിതമായ ആത്മവിശ്വാസം വെടിയാനും യോജിപ്പോടെ പ്രവർത്തിക്കാനും സംസ്ഥാന നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഹരിയാനയുടേതിനേക്കാൾ അതിസങ്കീർണമായ ഇലക്ടറൽ സമവാക്യങ്ങൾ ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ അമിതം പോയിട്ട്, പരിമിതമായ ആത്മവിശ്വാസം പുലർത്താനുള്ള ഘടകങ്ങൾ പോലും ഇപ്പോൾ മഹാ വികാസ് അഘാഡിക്കുമുന്നിലില്ല.

കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും തൂക്കുസഭക്ക് സാധ്യതയുണ്ടെന്നും കൂറുമാറ്റം അടക്കമുള്ള അട്ടിമറികൾ പ്രതീക്ഷിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങൾ വന്നുകഴിഞ്ഞു.

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, ഉദ്ധവ് താക്കറെ, ശരദ് പവാർ എന്നിവര്‍ മുംബൈയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാ വികാസ് അഘാഡി പ്രവർത്തകരുടെയും ഭാരവാഹികളുടെയും യോഗത്തിനിടെ.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, ഉദ്ധവ് താക്കറെ, ശരദ് പവാർ എന്നിവര്‍ മുംബൈയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാ വികാസ് അഘാഡി പ്രവർത്തകരുടെയും ഭാരവാഹികളുടെയും യോഗത്തിനിടെ.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനുമുന്നിലും (Mahayuti Alliance) കഠിനപാതകളാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ നിഴൽ ഒരിടത്ത്.
മറുവശത്ത്, സഖ്യകക്ഷികളായ അജിത് പവാറിന്റെ എൻ.സി.പിയും ഏകനാഥ് ഷിൻഡേയുടെ ശിവസേനയും തമ്മിലുള്ള 'കുറുമുന്നണി'യുടെ ഭീഷണിയും ബി.ജെ.പി നേരിടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന് ഉറപ്പുനൽകിയാണ് ബി.ജെ.പി 28 ലോക്‌സഭാ സീറ്റുകളിലും മത്സരിച്ചത്. അജിത് പവാർ പക്ഷത്തിന് നാലും ഷിൻഡേ വിഭാഗത്തിന് 15-ഉം സീറ്റു മാത്രമാണ് വിട്ടുകൊടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റിൽ ഒതുങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായത് അജിത് പവാർ- ഷിൻഡേ പക്ഷത്തിന്റെ കാലുവാരലാണെന്ന് സംസ്ഥാന ബി.ജെ.പിയിൽ തന്നെ മുറമുറുപ്പുണ്ട്. ഈ കാലുവാരൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും വ്യാപിക്കുമോ എന്ന പേടിയും ബി.ജെ.പിയെ ഭരിക്കുന്നു.

പരസ്പരവിരുദ്ധമായ രാഷ്ട്രീയതാൽപര്യങ്ങളുള്ള രണ്ട് സഖ്യങ്ങളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെയും പ്രവചനാതീതമാക്കുന്നത്.

ബി.ജെ.പി, ശിവസേന- ഏക്‌നാഥ് ഷിൻഡേ, അജിത് പവാറിന്റെ എൻ.സി.പി എന്നിവയടങ്ങുന്നതാണ് മഹായുതി സഖ്യം.
ശിവസേന- ഉദ്ധവ് താക്കറേ, എൻ.സി.പി- ശരത്പവാർ വിഭാഗം, കോൺഗ്രസ് എന്നിവയാണ് മഹാവികാസ് അഘാഡിയിലുള്ളത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ എൻ.സി.പിയിലും ശിവസേനയിലും വൻ പിളർപ്പുകളുണ്ടായിതിനുശേഷം ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത് എന്ന പ്രാധാന്യവുമുണ്ട്.

നവംബർ 26-നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര, 288.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനുമുന്നിലും കഠിനപാതകളാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ നിഴൽ അവർക്കുമേലുണ്ട്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനുമുന്നിലും കഠിനപാതകളാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ നിഴൽ അവർക്കുമേലുണ്ട്.

വിചിത്ര സഖ്യങ്ങൾ

കൗതുകകരമായ രാഷ്ട്രീയ സഖ്യങ്ങളാണ് സംസ്ഥാനത്തെ കക്ഷിരാഷ്ട്രീയത്തെ ഭരിക്കുന്നത്. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന അട്ടിമറികൾ വിചിത്രസഖ്യങ്ങൾക്കാണ് രൂപം കൊടുത്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 105, ശിവസേന 56, എൻ.സി.പി 54, കോൺഗ്രസ് 44 സീറ്റിൽ വീതമാണ് ജയിച്ചത്.

ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ഭിന്നത മണത്ത കോൺഗ്രസും ശരത് പവാറും മഹാ വികാസ് അഘാഡി സഖ്യസർക്കാറിന് അണിയറ നീക്കം നടത്തി. എന്നാൽ, ഇതറിഞ്ഞ ബി.ജെ.പി അതേ നാണയത്തിൽ തിരിച്ചടിച്ചു. ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് എൻ.സി.പിയിൽനിന്ന് അജിത് പവാറിനെ അടർത്തിയെടുത്ത് ദേവേന്ദ്ര ഫഡ്‌നാവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യ സർക്കാറിനുവേണ്ടിയുള്ള ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്ന അജിത് പവാർ, ഈ ചർച്ചകളിൽനിന്നിറങ്ങിവന്നാണ് ബി.ജെ.പി സഖ്യത്തോടൊപ്പം ചേർന്നത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനിരുന്ന ദിവസം തന്നെ, പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ നടത്തി ബി.ജെ.പി ശക്തമായ തിരിച്ചടി നൽകി. എന്നാൽ, ഷിൻഡേ സർക്കാറിന്റെ ആയുസ്സ് വെറും മൂന്നു ദിവസമായിരുന്നു. അജിത് പവാർ ഇടഞ്ഞതോടെ ഷിൻഡേ സർക്കാർ വീണു.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും കിങ് മേക്കറായി നിൽക്കുന്ന ശരത്പവാർ, ഉദ്ധവ് താക്കറേ, ഏകനാഥ് ഷിൻഡേ, അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നീ നേതാക്കളുടെ ജനകീയ പരിശോധന കൂടിയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ്.

ഇതേതുടർന്ന് ബി.ജെ.പിയുമായി തെറ്റിയ ശിവസേന എൻ.സി.പി- കോൺഗ്രസ് സഖ്യത്തോടൊപ്പം ചേർന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി മഹാ വികാസ് അഘാഡി സഖ്യ സർക്കാർ അധികാരമേറ്റു. ശരത് പവാറിന്റെ തന്ത്രങ്ങളാണ് ഇതിൽ നിർണായകമായത്. എന്നാൽ, 2022 ജൂൺ വരെ മാത്രമേ ഉദ്ധവിനും തുടരാനായുള്ളൂ. അപ്പോഴേക്കും ശിവസേനയെ പിളർത്തുന്നതിൽ ബി.ജ.പി വിജയിച്ചു. ഏകനാഥ് ഷിൻഡേ മൂന്നിൽ രണ്ടു ഭാഗം ശിവസേന എം.എൽ.എമാരുമായി ബി.ജെ.പി സഖ്യത്തിലെത്തി. ഷിൻഡേ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി 2022 ജൂണിൽ മഹായുതി സഖ്യം അധികാരത്തിലേറി. 2023-ൽ അജിത് പവാർ എൻ.സി.പിയെ പിളർത്തി ഷിൻഡേ സർക്കാറിന്റെ ഭാഗമാകുകയും ചെയ്തു.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

ബി.ജെ.പിയുടെ മഹായുതി എന്ന അവസരവാദ പരീക്ഷണത്തിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റു. ഭരണസഖ്യത്തിന് 17 സീറ്റേ ലഭിച്ചുള്ളൂ. ആകെയുള്ള 48 സീറ്റിൽ 30 ഇടത്തും മഹാവികാസ് അഘാഡിയാണ് ജയിച്ചത്. കോൺഗ്രസ് മത്സരിച്ച 17-ൽ 13 സീറ്റിലും ജയിച്ചു. ഒരിടത്ത് ജയിച്ച സ്വതന്ത്രൻ പിന്നീട് മഹാവികാസ് അഘാഡിക്ക് പിന്തുണ പ്രഖ്യാപിച്ചു. സീറ്റുകളുടെ എണ്ണത്തിൽ വലിയ അന്തരമുണ്ടെങ്കിലും ഇരു സഖ്യങ്ങളുടെയും വോട്ട് ശതമാനം ഏതാണ്ട് തുല്യമായിരുന്നു; 43.

പരസ്പരവിരുദ്ധമായ രാഷ്ട്രീയതാൽപര്യങ്ങളുള്ള രണ്ട് സഖ്യങ്ങളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെയും പ്രവചനാതീതമാക്കുന്നത്. ഇത്തവണ, മഹായുതി സഖ്യത്തിൽ ബി.ജെ.പി 145-155 സീറ്റിലും ഷിൻഡേ ശിവസേന വിഭാഗം 85-90 സീറ്റിലും എൻ.സി.പി 50 സീറ്റിലും മത്സരിക്കുമെന്നാണ് സൂചന.

മറാത്ത പ്രക്ഷോഭത്തെ നേരിടാൻ മറ്റ് ഒ.ബി.സി വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് മഹായുതി സഖ്യം കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. വിവിധ ജാതി- സാമുദായിക വിഭാഗങ്ങൾക്ക് കോർപറേഷനുകൾ അടക്കം പ്രഖ്യാപിച്ചാണ് സർക്കാർ നീക്കം.

എം.വി.എ സഖ്യത്തിൽ കോൺഗ്രസ് 100-110, ഉദ്ധവിന്റെ ശിവസേന- 100- 110, ശരത് പവാറിന്റെ എൻ.സി.പി- 80-85 സീറ്റുകളിൽ വീതം മത്സരിക്കുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം കണക്കിലെടുത്ത് കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. അത് ഉദ്ധവ് താക്കറേ തള്ളിക്കളഞ്ഞത് സഖ്യത്തിൽ തുടക്കത്തിലേ കല്ലുകടിയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപുറകേ അജിത് പവാർ എൻ.സി.പി വിഭാഗത്തിലെ 19 എം.എൽ.എമാർ ശരത് പവാർ പക്ഷത്തേക്ക് പോകാൻ ചർച്ച നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് അജിത് പവാർ പക്ഷത്തിന് ജയിക്കാനായത്. തെരഞ്ഞെടുപ്പിനുമുമ്പും പിമ്പും ഇത്തരം കൂറുമാറ്റങ്ങൾ നടക്കാൻ ഏറെ സാധ്യതയുള്ളതിനാൽ ഇരു സഖ്യങ്ങളും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

മുംബൈ അടങ്ങുന്ന മെട്രോപൊളിറ്റൻ വ്യവസായ മേഖലയിൽനിന്ന് 75 എം.എൽ.എമാരാണുള്ളത്. ഈ മേഖല എല്ലാ രാഷ്ട്രീയപാർട്ടികൾക്കും നിർണായകമാണ്.
മുംബൈ അടങ്ങുന്ന മെട്രോപൊളിറ്റൻ വ്യവസായ മേഖലയിൽനിന്ന് 75 എം.എൽ.എമാരാണുള്ളത്. ഈ മേഖല എല്ലാ രാഷ്ട്രീയപാർട്ടികൾക്കും നിർണായകമാണ്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും കിങ് മേക്കറായി നിൽക്കുന്ന ശരത്പവാർ, ഉദ്ധവ് താക്കറേ, ഏകനാഥ് ഷിൻഡേ, അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നീ നേതാക്കളുടെ ജനകീയ പരിശോധന കൂടിയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. 2019-ൽ ഫഡ്‌നാവിസ് ആയിരുന്നു ബി.ജെ.പിയുടെ മുഖ്യമന്ത്രി മുഖം. മറാത്ത സംവരണ പ്രക്ഷോഭം ഫഡ്‌നാവിസിന് വലിയ തിരിച്ചടിയായതോടെ ഇപ്പോൾ അദ്ദേഹം ബി.ജെ.പിയുടെ 'ഗുഡ് ലിസ്റ്റിൽ' ഇല്ല.

ശിവസേനയുടെ പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എയായ ഓംപ്രകാശ് ബാബുറാവു കാഡു എന്ന ബച്ചു കാഡുവിന്റെ നേതൃത്വത്തിൽ ചെറിയ പാർട്ടികൾ ചേർന്നുള്ള മൂന്നാമതൊരു സഖ്യവും രൂപപ്പെട്ടിട്ടുണ്ട്. ബച്ചുവിന്റെ പ്രഹാർ ജനശക്തി പാർട്ടി, സംഭാജിരാജെ ചത്രപതിയുടെ സ്വരാജ്യ പക്ഷ്, രാജു ഷെട്ടിയുടെ സ്വാഭിമാൻ സംഘടന, പ്രകാശ് അംബേദ്കറുടെ വാഞ്ചിത് ബഹുജൻ അഘാഡി, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന എന്നിവയാണ് ഈ മൂന്നാം സഖ്യത്തിൽ. ഈ പാർട്ടികളെല്ലാം ചില പോക്കറ്റുകളിൽ മാത്രം സ്വാധീനമുള്ളവയാണ്.

ശിവസേനയുടെ പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എയായ ഓംപ്രകാശ് ബാബുറാവു കാഡു എന്ന ബച്ചു കാഡുവിന്റെ നേതൃത്വത്തിൽ ചെറിയ പാർട്ടികൾ ചേർന്നുള്ള മൂന്നാമതൊരു സഖ്യം രൂപപ്പെട്ടിട്ടുണ്ട്.
ശിവസേനയുടെ പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എയായ ഓംപ്രകാശ് ബാബുറാവു കാഡു എന്ന ബച്ചു കാഡുവിന്റെ നേതൃത്വത്തിൽ ചെറിയ പാർട്ടികൾ ചേർന്നുള്ള മൂന്നാമതൊരു സഖ്യം രൂപപ്പെട്ടിട്ടുണ്ട്.

ഇത്തവണയും തൂക്കുസഭയാണ് വരുന്നതെങ്കിൽ, കാലുമാറ്റത്തിന്റെ ‘സമ്പന്ന പാരമ്പര്യമുള്ള’ ബച്ചു കാഡുവിന്റെ നീക്കം നിർണായകമാകും. മഹാ വികാസ് അഘാഡിയുടെ ആദ്യ സഖ്യ കക്ഷികളിൽ ഒന്നായിരുന്ന ബച്ചുവിന്റെ പാർട്ടി. പിന്നീട് ഷിൻഡേയുടെ ശിവസേന പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹായുതി സഖ്യത്തിലെ ഘടകകക്ഷിയായി. കർഷകരുടെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങൾ അവഗണിച്ചാൽ എല്ലാ മണ്ഡലങ്ങളിലും പാർട്ടികൾക്ക് പതിനായിരത്തിലധികം വോട്ടുകൾ നഷ്ടമാകുമെന്ന കടുത്ത പ്രഖ്യാപനവും ഈയിടെ ബച്ചു കാഡു നടത്തി.
ഈയിടെ ബച്ചു കാഡു ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബച്ചുവിന്റെ നീക്കങ്ങളെല്ലാം പ്രവചനാതീതമാണ് എന്നർഥം.

വോട്ടു മേഖലകളിൽ ആര്?

സംസ്ഥാനത്തെ സീറ്റു വിഭജനം പ്രധാനപ്പെട്ട ആറു മേഖലകളെ കേന്ദ്രീകരിച്ചാണ്. ഈ മേഖലകളിലെ സാമുദായിക- സാമ്പത്തിക- രാഷ്ട്രീയ സമവാക്യങ്ങളാണ് ഓരോ പാർട്ടിയുടെയും ഫലം നിർണയിക്കുക.

മറാത്ത്‌വാഡ- 46, വിദർഭ- 62, പശ്ചിമ മഹാരാഷ്ട്ര- 58, വടക്കൻ മഹാരാഷ്ട്ര- 47, കൊങ്കൺ- 39, മുംബൈ- 36 എന്നിങ്ങനെയാണ് ആറ് മേഖലകളിലെ സീറ്റു വിഹിതം. ഇവയിൽ തന്നെ, വിവിധ കാർഷിക വിളകളുടെയും വ്യവസായങ്ങളുടെയും കേന്ദ്രങ്ങളായ മേഖലകളും തെരഞ്ഞെടുപ്പുഫലത്തെ നിർണാകയമായി സ്വാധീനിക്കും.
മഹാ വികാസ് അഘാഡിക്ക് വിഭർഭ, മറാത്ത്‌വാഡ, പശ്ചിമ മഹാരാഷ്ട്ര, വടക്കൻ മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് സ്വാധീനമുള്ളത്. മഹായുതി സഖ്യത്തിന് കൊങ്കൺ, മുംബൈ മെട്രോപൊളിറ്റൻ മേഖല എന്നിവിടങ്ങളിലും.

മുംബൈ അടങ്ങുന്ന മെട്രോപൊളിറ്റൻ വ്യവസായ മേഖലയിൽനിന്ന് 75 എം.എൽ.എമാരാണുള്ളത്. മുംബൈയിൽ മാത്രം 36 മണ്ഡലങ്ങളുണ്ട്. ഇവയിൽ മുമ്പ് ശിവസേനക്കായിരുന്നു സ്വാധീനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുംബൈ മേഖലയിലെ ആറിൽ നാലു സീറ്റും മഹാ വികാസ് അഘാഡിയാണ് നേടിയത്. ബി.ജെ.പിക്കും ഷിൻഡേയുടെ ശിവസേനക്കും ഒരു സീറ്റ് വീതം കിട്ടി.

2019-ൽ വിവിധ മേഖലകളിൽ പാർട്ടികൾ നേടിയ സീറ്റുകൾ:

  • മുംബൈ- താനേ- കൊങ്കൺ മേഖല (75): ശിവസേന- 29, കോൺഗ്രസ്- 4, ബി.ജെ.പി- 27, സി.പി.എം- 1, ബഹുജൻ വികാസ് അഘാഡി- 3, സമാജ്‌വാദി പാർട്ടി- 2, എൻ.സി.പി- 6, എം.എൻ.എസ്- 1, സ്വതന്ത്രർ- 2.

  • മറാത്ത്‌വാഡ (46):
    ബി.ജെ.പി- 16, ശിവസേന- 12, കോൺഗ്രസ് - 8, എൻ.സി.പി- 8, ആർ.എസ്.പി- 1, പി.ഡബ്ല്യു.പി.ഐ- 1.

  • പടിഞ്ഞാറൻ മഹാരാഷ്ട്ര (58):
    എൻ.സി.പി- 20, കോൺഗ്രസ്- 11, ബി.ജെ.പി- 17, ശിവസേന- 5, ജൻസുരാജ്യ ശക്തി പാർട്ടി- 1, സ്വതന്ത്രർ- 4.

  • വടക്കൻ മഹാരാഷ്ട്ര (47):
    കോൺഗ്രസ്- 7, എൻ.സി.പി- 13, ബി.ജെ.പി- 16, എ.ഐ.എം.ഐ.എം- 2, ക്രാന്തികാരി ഷേതകാരി പക്ഷ്- 1, ശിവസേന- 6, സ്വന്തന്ത്രർ- 2.

  • വിദർഭ (62):
    ബി.ജെ.പി- 30, കോൺഗ്രസ്- 15, ശിവസേന- 4, എൻ.സി.പി- 5, പ്രഹാർ ജനശക്തി പാർട്ടി- 2, സ്വാഭിമാനി പക്ഷ്- 1, സ്വതന്ത്രർ- 5.

മനോജ് ജരാ​ങ്കെ പാട്ടീൽ
എന്ന ഒറ്റയാൾ പട്ടാളം

സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറാഠ വിഭാഗത്തിന്റെ സംവരണം ഉയർത്തി മനോജ് ജരാങ്കെ പാട്ടീൽ നടത്തുന്ന പ്രക്ഷോഭമാണ് ഇത്തവണ പല വോട്ടുബാങ്കുകളെയും സ്വാധീനിക്കുന്ന പ്രധാന ഘടകം.

പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാത്ത്‌വാഡ മേഖലകളിലാണ് മനോജിന്റെ സ്വാധീനമുള്ളത്. പരമ്പരാഗത ഭൂവുടമകളും കർഷകരുമായ ഈ വിഭാഗം കാർഷിക മേഖലയുടെ തകർച്ചയോടെ കടുത്ത ദുരിതത്തിലാണ്. ഇത് മറികടക്കാൻ തങ്ങളെ ഒ.ബി.സി ക്വാട്ടയിൽ ഉൾപ്പെടുത്തി സംവരണം നൽകണമെന്നതാണ് ആവശ്യം. മറാഠ, ദലിത്, മുസ്‌ലിം, ലിംഗായത് വിഭാഗങ്ങളെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന മനോജിന്റെ മുന്നറിയിപ്പും നിലവിലുണ്ട്. മറാഠകൾക്ക് 10 ശതമാനം സംവരണം നൽകാനുള്ള ബില്ലിന് ഫെബ്രുവരിയിൽ നിയമസഭ അംഗീകാരം നൽകിയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റചടം വന്നതിനാൽ നടപടിയുണ്ടായില്ല.

സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറാഠ വിഭാഗത്തിന്റെ സംവരണം ഉയർത്തി മനോജ് ജരാങ്കെ പാട്ടീൽ നടത്തുന്ന പ്രക്ഷോഭമാണ് ഇത്തവണ പല വോട്ടുബാങ്കുകളെയും സ്വാധീനിക്കുന്ന പ്രധാന ഘടകം.
സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറാഠ വിഭാഗത്തിന്റെ സംവരണം ഉയർത്തി മനോജ് ജരാങ്കെ പാട്ടീൽ നടത്തുന്ന പ്രക്ഷോഭമാണ് ഇത്തവണ പല വോട്ടുബാങ്കുകളെയും സ്വാധീനിക്കുന്ന പ്രധാന ഘടകം.

2019-ൽ മറാത്ത്‌വാഡ മേഖലയിലെ 46 സീറ്റിൽ ബി.ജെ.പി 16-ഉം ശിവസേന 12- ഉം സീറ്റ് വീതമാണ് നേടിയത്.

ഒ.ബി.സി ക്വാട്ട സംരക്ഷിക്കാൻ, മനോജ് പാട്ടീലിന്റെ സംവരണ പ്രക്ഷോഭത്തിനെതിരെ ഒ.ബി.സി വിഭാഗം നേതാവ് പ്രൊഫ. ലക്ഷ്മണൻ ഹാകേ രംഗത്തുണ്ട്. ഇത്, ഒ.ബി.സി- മറാത്താ വിഭാഗങ്ങൾക്കിടയിൽ കടുത്ത ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ട്.
ശരത് പവാറാണ് മനോജ് പാട്ടീലിനെ മുൻനിർത്തി സംവരണ വിഷയം ഉയർത്തിവിടുന്നത് എന്നാണ് ബി.ജെ.പി പറയുന്നത്.

വിജ്ഞാപനം വരുംമുമ്പ്
വാരിക്കോരി സർക്കാർ

ഇലക്ഷൻ പ്രഖ്യാപനത്തിനുമുമ്പേ വൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഷിൻഡേ സർക്കാർ രംഗത്തെത്തിയിരുന്നു. സ്ത്രീകൾ, യുവാക്കൾ, താഴെ തട്ടിലുള്ള ജീവനക്കാർ, ന്യൂനപക്ഷം എന്നിവർക്കായി എട്ട് പദ്ധതികളാണ് പ്രഖ്യാപിച്ചത്.

സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിലേക്ക് 3000 രൂപ നൽകുന്ന മുഖ്യമന്ത്രി മജ്ഹി ലഡ്കി ബാഹിൻ യോജനയാണ് മറ്റൊരു പദ്ധതി. 94,000 സ്ത്രീകൾക്ക് ഈ പദ്ധതിയുടെ അഡ്വാൻസ് പേമെന്റ് കിട്ടിയിട്ടുണ്ട്.

ആശ വർക്കർമാർക്കും കിന്റർഗാർട്ടൻ അധ്യാപകർക്കും താഴ്ന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാർക്കും ഈയിടെ ദീപാവലി ബോണസ് പ്രഖ്യാപിച്ചു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ ജീവനക്കാർക്ക് 28,000 രൂപയാണ് ബോണസ് ലഭിക്കുക.

മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യം വച്ച് മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയായി വർധിപ്പിച്ചു. ആദിവാസി ക്ഷേമ ബോർഡുകൾക്കുള്ള നിക്ഷേപ മൂലധനം വർധിപ്പിച്ചു.

കാറുകൾ അടക്കം ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് മുംബൈയിൽ പ്രവേശിക്കുന്നതിന് ടോൾ നൽകേണ്ടതില്ല എന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമുണ്ടായി. 2000 മുതൽ മൂംബൈയുടെ പ്രവേശന കവാടങ്ങളിൽ വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്നുണ്ട്.

ഒ.ബി.സി ക്വാട്ട സംരക്ഷിക്കാൻ, മനോജ് പാട്ടീലിന്റെ സംവരണ പ്രക്ഷോഭത്തിനെതിരെ ഒ.ബി.സി വിഭാഗം നേതാവ് പ്രൊഫ. ലക്ഷ്മണൻ ഹാകേ രംഗത്തുണ്ട്. ഇത്, ഒ.ബി.സി- മറാത്താ വിഭാഗങ്ങൾക്കിടയിൽ കടുത്ത ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ട്.
ഒ.ബി.സി ക്വാട്ട സംരക്ഷിക്കാൻ, മനോജ് പാട്ടീലിന്റെ സംവരണ പ്രക്ഷോഭത്തിനെതിരെ ഒ.ബി.സി വിഭാഗം നേതാവ് പ്രൊഫ. ലക്ഷ്മണൻ ഹാകേ രംഗത്തുണ്ട്. ഇത്, ഒ.ബി.സി- മറാത്താ വിഭാഗങ്ങൾക്കിടയിൽ കടുത്ത ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ട്.

മറാത്ത പ്രക്ഷോഭത്തെ നേരിടാൻ മറ്റ് ഒ.ബി.സി വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് മഹായുതി സഖ്യം കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. വിവിധ ജാതി- സാമുദായിക വിഭാഗങ്ങൾക്ക് കോർപറേഷനുകൾ അടക്കം പ്രഖ്യാപിച്ചാണ് സർക്കാർ നീക്കം.

കാർഷിക പ്രശ്‌നങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് കോൺഗ്രസ് ആയുധമാക്കാൻ പോകുന്നത്.

Comments