ഇത്തവണയും ബാരാമതിക്ക് മറ്റൊരു തെരഞ്ഞെടുപ്പിന് അവസരമില്ല.
അതേ കുടുംബം, അതേ നേതാക്കൾ, അതേ അവകാശവാദങ്ങൾ. പതിറ്റാണ്ടുകളായി, സ്ഥാനാർഥികളെല്ലാം ഒരേ കുടുംബത്തിലെ അച്ഛനോ മകനോ മരുമകളോ അമ്മാവനോ മരുമകനോ. അവർ തമ്മിലുള്ള പോരിൽ കക്ഷികളാകേണ്ട അവസ്ഥയാണ് വോട്ടർമാർക്ക്. കക്ഷിരാഷ്ട്രീയത്തിൽ ഒരു കുടുംബത്തെക്കൊണ്ട് ഇത്രയേറെ പുലിവാലു പിടിച്ച ഒരു വോട്ടർസമൂഹം മറ്റെവിടെയുമുണ്ടാകാനിടയില്ല.
നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ (Maharashtra Assembly Elections 2024) ഉപമുഖ്യമന്ത്രിയും ശരത് പവാറിന്റെ (Sharad Pawar) സഹോദരന്റെ മകനുമായ 65 കാരൻ അജിത് പവാറിനെ (Ajit Pawar) നേരിടുന്നത് പവാർ കുടുംബത്തിലെ 32 കാരനായ ‘ന്യൂ ജനറേഷൻ’ യുഗേന്ദ്ര പവാർ (Yugendra Pawar). അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകനാണ് യുഗേന്ദ്ര. 1993 മുതൽ അജിത് പവാറാണ് പുനെ ജില്ലയിലുള്ള ബാരാമതി മണ്ഡലത്തിലെ എം.എൽ.എ. 2019-ൽ അജിത് പവാർ ബി.ജെ.പി സ്ഥാനാർഥിയെ 1,65,000 വോട്ടിനാണ് തോൽപ്പിച്ചത്.
ശരത് പവാറിന്റെ ബുദ്ധിപൂർവമായ മറ്റൊരു പൊളിറ്റിക്കൽ ലോഞ്ച് കൂടിയാണ് യുഗേന്ദ്ര. ഇത്രയും കാലം മണ്ഡലം കൈവശം വച്ച അജിത്തിനുപകരം, അതേ കുടുംബത്തിലെ പുതുതലമുറയെ പരീക്ഷിക്കാനൊരു അവസരമൊരുക്കുകയാണ് ശരത് പവാർ യുഗേന്ദ്രയിലൂടെ. അതായത് യുഗേന്ദ്രയെയല്ല, വാസ്തവത്തിൽ സാക്ഷാൽ ശരത് പവാറിനെതന്നെയാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പിലേതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും അജിത് പവാറിന് നേരിടേണ്ടേവരിക.
ആര് മത്സരിച്ചാലും പവാർ കുടുംബത്തിൽനിന്നെരാളെ തന്നെ തെരഞ്ഞെടുക്കേണ്ടിവരുന്നു എന്ന വോട്ടർമാരുടെ നിസ്സഹായതയ്ക്ക് ഇത്തവണയും അറുതിയില്ലെന്നുമാത്രം.
അജിത്തിനുപകരം, അതേ കുടുംബത്തിലെ പുതുതലമുറയെ പരീക്ഷിക്കാനൊരു അവസരമൊരുക്കുകയാണ് ശരത് പവാർ യുഗേന്ദ്രയിലൂടെ. വാസ്തവത്തിൽ സാക്ഷാൽ ശരത് പവാറിനെതന്നെയാണ്, അജിത് പവാറിന് നേരിടേണ്ടേവരിക
കഴിഞ്ഞ ജൂണിൽ യുഗേന്ദ്ര ശരത് പവാറിനോടൊപ്പം ബാരാമതിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. യുഗേന്ദ്രയുടെ നിയമസഭാ മണ്ഡലത്തിലേക്കുള്ള എൻട്രി കൂടിയായിരുന്നു ഈ യോഗം. 2019-ൽ കൊച്ചുമകൻ രോഹിത് പവാറിനെയും ഇതേ മട്ടിലാണ് ശരത് പവാർ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പവാർ കുടുംബാംഗങ്ങളുടെ പോരിലാണ് ബാരാമതി ദേശീയശ്രദ്ധയാകർഷിച്ചത്. ശരത് പവാറിന്റെ മകളും സിറ്റിങ് എം.പിയുമായിരുന്ന സുപ്രിയ സുളെക്കെതിരെ അജിത് പവാറിന്റെ പങ്കാളി സുനേത്രയാണ് മത്സരിച്ചത്. സുപ്രിയ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തു. സുപ്രിയയുടെ കാമ്പയിൻ നേതൃത്വം യുഗേന്ദ്രക്കായിരുന്നു.
ലോകസ്ഭാ തെരഞ്ഞെടുപ്പിലെ തോൽവി അജിത് പവാറിന്റെ കണ്ണ് ഏതാണ്ടൊന്ന് തുറപ്പിച്ചിരുന്നു. പിതൃസഹോദരീപുത്രിയായ സുപ്രിയക്കെതിരെ തന്റെ പങ്കാളിയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയെന്ന് പിന്നീട് അജിത് കണ്ണീരൊഴുക്കി: ‘‘ഇത്രയേറെ വികസനപ്രവർത്തനങ്ങൾ ഞാൻ ബാരാമതിക്കുവേണ്ടി ചെയ്തിട്ടും ജനം മറ്റൊരാളെയാണ് എം.പിയായി തെരഞ്ഞെടുത്തത് എങ്കിൽ… ഞാനും വികാരങ്ങളുള്ള മനുഷ്യൻ തന്നെയാണ്... വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നിങ്ങൾക്ക് മറ്റൊരു എം.എൽ.എയെ തെരഞ്ഞെടുക്കാം. എനിക്കിപ്പോൾ 65 വയസ്സായി. ബാരാമതി മറ്റൊരു തെരഞ്ഞെടുപ്പ് നടത്താനാഗ്രഹിക്കുന്നുവെങ്കിൽ ഞാൻ മാറിനിൽക്കാം. ഒന്നുമാത്രം ചെയ്യുക, 1999 മുതൽ 2024 വരെ ഞാൻ ഇവിടെ ചെയ്തത് മറ്റുള്ളവർ ചെയ്തതുമായി ഒന്ന് താരതമ്യപ്പെടുത്തിയാൽ മാത്രം മതി’’ എന്നെല്ലാം ഒരാവേശത്തിന് പറഞ്ഞുവെങ്കിലും സമയമടുത്തപ്പോൾ അജിത് തീരുമാനം മാറ്റി മത്സരത്തിനിറങ്ങുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുതോൽവിയുടെ ശോകം മാറ്റാൻ സുനേത്രക്ക് രാജ്യസഭാ ടിക്കറ്റ് നൽകുകയും ‘ഐക്യകണ്ഠേന’ ജയിപ്പിച്ചെടുക്കുകയും ചെയ്തു. ജയിച്ചയാൾക്കൊപ്പം തോറ്റയാളും അങ്ങനെ എം.പിമാരായി ഒരേ പാർലമെന്റിൽ. അതാണ് പവാർ കുടുംബാധിപത്യപരീക്ഷണത്തിന്റെ ഫലശ്രുതി.
ഇരു പവാർ പക്ഷ എൻ.സി.പിക്കും ബാരാമതിയിൽ വൈകാരിക വോട്ടുണ്ടെന്നതാണ് നിയമസഭാ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. അജിത് പവാർ, മൂന്നു പതിറ്റാണ്ടായി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2023-ൽ അജിത് പവാർ എൻ.സി.പി പിളർത്തിയപ്പോൾ 42 അംഗ ബാരാമതി മുനിസിപ്പൽ കൗൺസിലിലെ 39 പേരും അജിതിനൊപ്പമായിരുന്നു. ഒരാൾ മാത്രമാണ് ശരത് പവാറിനൊപ്പം നിന്നത്.
ലോക്സഭയിലേക്കും 1996-നുശേഷം ബാരാമതിയിൽ പവാർ കുടുംബത്തിനുപുറത്തുനിന്ന് ആരും ജയിച്ചിട്ടില്ല. നാലു തവണ തുടർച്ചയായി ശരത് പവാറും നാലു തവണ മകൾ സുപ്രിയയുമാണ് ജയിച്ചുവരുന്നത്.
ബാരാമതിയുടെ പൈതൃകം തനിക്ക് അവകാശപ്പെട്ടതാണ് എന്ന ശരത് പവാറിന്റെ പൊളിറ്റിക്കൽ ഈഗോക്കുള്ള മറുപടി മാത്രമല്ല, സ്വന്തം സഖ്യത്തിൽ സ്വന്തം പാർട്ടിയുടെ നിലനിൽപ്പുകൂടി അജിത്തിന്റെ വിജയത്തെ ആശ്രയിച്ചാണിരിക്കുന്നത്.
എല്ലാ ഞായറാഴ്ചയും മണ്ഡലത്തിൽ ഓപൺ ഹൗസ് നടത്തിയും ആവശ്യത്തിന് റോഡും കുടിവെള്ളവുമൊക്കെ നൽകിയും അജിത് വോട്ടർമാരോടുള്ള പ്രതിബന്ധത നിറവേറ്റുന്നുമുണ്ട്.
യുഗേന്ദ്രയും, സ്വന്തം വീടു പോലെ, കണ്ണിലെണ്ണയൊഴിച്ചാണ് ബാരാമതിയെ കാത്തുപോരുന്നത്. ആഴ്ചയിൽ നാലു ദിവസവും യുഗേന്ദ്ര ജനങ്ങളെ കാണാൻ മണ്ഡലത്തിലെത്തും. പവാർ കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തുന്ന ഏഴാമനാണ് യുഗേന്ദ്ര. ശരത് പവാറിനുശേഷം അജിത് പവാർ, സുപ്രിയ സുലേ, രോഹിത് പവാർ, പാർഥ് പവാർ, സുനേത്ര പവാർ എന്നിവരാണ് യുഗേന്ദ്രക്കുമുമ്പ് രാഷ്ട്രീയത്തിലിറങ്ങിയവർ.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി അജിത് പക്ഷം ഒരു കുടുംബപ്രശ്നമായി തള്ളിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു തിരിച്ചടി അജിത് പവാറിന്റെ രാഷ്ട്രീയഭാവിയെ തന്നെ തകർത്തുകളയും. ബാരാമതിയുടെ പൈതൃകം തനിക്ക് അവകാശപ്പെട്ടതാണ് എന്ന ശരത് പവാറിന്റെ പൊളിറ്റിക്കൽ ഈഗോക്കുള്ള മറുപടി മാത്രമല്ല, സ്വന്തം സഖ്യത്തിൽ സ്വന്തം പാർട്ടിയുടെ നിലനിൽപ്പുകൂടി അജിത്തിന്റെ വിജയത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആ നിലയ്ക്ക്, പവാർ കുടുംബത്തിന്റെതുമാത്രമല്ല, ഇരു വിഭാഗം എൻ.സി.പികളുടേയും അഭിമാനപ്രശ്‌നമായിരിക്കുകയാണ് ഇത്തവണയും ബാരാമതി.
1967-ൽ ശരത് പവാർ ബാരാമതിയിൽനിന്ന് നിയമസഭയിലേക്ക് ജയിച്ചത് 27ാം വയസ്സിലാണ്. 38 വയസ്സുള്ളപ്പോൾ മുഖ്യമന്ത്രിയായി, മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. പിന്നീട് ആറു തവണ ബാരാമതി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999-ൽ എൻ.സി.പി രൂപീകരിച്ചു. കഴിഞ്ഞവർഷം അജിത് പവാർ പാർട്ടി പിളർത്തി ഏതാനും എം.എൽ.എമാരോടൊപ്പം എൻ.ഡി.എയിലെത്തി ഏക്‌നാഥ് ഷിൻഡേ സർക്കാറിന്റെ ഭാഗമായി. നിയമസഭാ സ്പീക്കറും കേന്ദ്ര തെരഞ്ഞെടുപ്പുകമീഷനും അജിത് പവാർ പക്ഷത്തെ യഥാർഥ എൻ.സി.പിയായി പരിഗണിച്ച് പേരും ചിഹ്‌നവും വിട്ടുനൽകിയത് ശരത് പവാറിന് വൻ തിരിച്ചടിയായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയം പിടിച്ചുനിൽക്കാൻ സഹായിച്ചു.
ഇരു പവാർ പക്ഷ എൻ.സി.പിക്കും ബാരാമതിയിൽ വൈകാരിക വോട്ടുണ്ടെന്നതാണ് നിയമസഭാ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. അജിത് പവാർ, മൂന്നു പതിറ്റാണ്ടായി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളികളായ മഹാ വികാസ് അഘാഡി (The Maha Vikas Aghadi -MVA) സഖ്യവും മഹായുതി സഖ്യവും ((Mahayuti) പൂർണമായി ധാരണയിലെത്തിയിട്ടില്ല. MVA 255 സീറ്റുകളിലാണ് ഏതാണ്ട് ധാരണയിലെത്തിയത്. ബാക്കി 33 സീറ്റില്‍ ചര്‍ച്ച തുടരുകയാണ്. കോൺഗ്രസ്, ശരത് പവാർ എൻ.സി.പി വിഭാഗം, ഉദ്ധവ് താക്കറേയുടെ ശിവസേന എന്നീ പാർട്ടികൾ 85 സീറ്റിൽ വീതം മത്സരിക്കും. 18 സീറ്റുകൾ സമാജ്‌വാദി പാർട്ടി, പി.ഡബ്ല്യു.പി, സി.പി.എം, സി.പി.ഐ, ആപ്പ് എന്നീ പാർട്ടികൾക്കായി നൽകും. കോണ്‍ഗ്രസും ഉദ്ധവ് താക്കറേ വിഭാഗവും നൂറു സീറ്റ് വീതമാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സമവായമായിട്ടില്ല. മുംബൈ മേഖലയിലെ സീറ്റുകള്‍ കീറാമുട്ടിയാണ്.
ഉദ്ധവ് താക്കറേ വിഭാഗം 65 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ മത്സരിക്കുന്ന താനെയിലെ കോപ്രി- പഞ്ച്പഖാഡിയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ കേദാർ ഡിഘേയാണ് മത്സരിക്കുക. ഷിൻഡേയുടെ രാഷ്ട്രീയഗുരുസ്ഥാനീയൻ കൂടിയായ ശിവസേനാ നേതാവ് ആനന്ദ് ഡിഘേയുടെ മരുമകനാണ് കേദാർ. ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കല്യാണിൽ മത്സരിക്കാനായിരുന്നു കേദാറിനിഷ്ടം. ഇവിടെ മുഖ്യമന്ത്രിയുടെ മകൻ ശ്രീകാന്ത് ഷിൻഡേയായിരുന്നു സ്ഥാനാർഥി.
ഉദ്ധവ് താക്കറെയും കോൺഗ്രസും തമ്മിലുണ്ടായ സീറ്റുതർക്കും ശരത് പവാർ ഇടപെട്ടാണ് പരിഹരിച്ചത്.
ഭരണസഖ്യമായ മഹായുതി സഖ്യത്തിന് (Mahayuti) ധാരണയിലെത്താനായിട്ടില്ലെങ്കിലും ബി.ജെ.പി 155 സീറ്റിൽ മത്സരിച്ചേക്കും. കഴിഞ്ഞ ദിവസം 99 സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പിയും 38 പേരുടെ പട്ടിക അജിത് പവാറിന്റെ എൻ.സി.പിയും പുറത്തിറക്കി. കോൺഗ്രസിൽനിന്ന് ഈയിടെ അജിത് പവാർ പക്ഷത്തോടൊപ്പം ചേർന്ന സിറ്റിങ് എം എൽഎമാരായ സുൽഭ ഖോഡ്‌കെ (അമരാവതി), ഹിരാമൻ ഖോഡ്കർ (ഇഗത്പുരി) എന്നിവർക്ക് എൻ.സി.പി സീറ്റ് നൽകി. ശരദ് പവാർ പക്ഷത്തുനിന്ന് അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറിയ മുൻമന്ത്രി നവാബ് മാലിക്കും മകൾ സന മാലിക്കും പാർട്ടിയുടെ ആദ്യ സ്ഥാനാർഥിപട്ടികയിലില്ല.
പവാർ കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തുന്ന ഏഴാമനാണ് യുഗേന്ദ്ര.
ബി.ജെ.പി, അജിത് പവാറിന്റെ എന്‍.സി.പിയും ശിവസേന ഷിന്‍ഡേ വിഭാഗവും തമ്മില്‍ ഭിന്നതയിലാണ്. എന്‍.സി.പി നേതാവ് നവാബ് മാലിക്, ശിവസേന നേതാവ് സ്വികൃതി ശര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കുന്നതിനെ ബി.ജെ.പി എതിര്‍ക്കുന്നു.
അനധികൃത പണമിടപാട് കേസില്‍ നിരീക്ഷണത്തിലുള്ള നവാബ് മാലിക് ഇപ്പോള്‍ ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ജാമ്യത്തിലാണ്. ഇയാള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. അണുശക്തി നഗര്‍ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയാണ് മാലിക്. അദ്ദേഹത്തിന്റെ മകള്‍ സന മാലിക്കാണ് ഇത്തവണ ഇവിടെ എൻ.സി.പി സ്ഥാനാര്‍ഥി. നവാബ് മാലക്ക് ശിവാജി നഗര്‍- മാന്‍ഖുര്‍ഡ് സീറ്റില്‍ മത്സരിക്കാനാണ് ഒരുങ്ങുന്നത്. മുംബൈ ബി.ജെ.പി പ്രസിഡന്റ അഷീഷ് ഷെലാര്‍, നവാബ് മാലക്കിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് അസ്വീകാര്യമാണെന്ന് അദ്ദേഹം പറയുന്നു. മഹാ വികാസ് അഘാഡി മന്ത്രിസഭയില്‍ അംഗമായിരുന്ന മാലിക് 2022-ല്‍ അധോലോക സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു.
ഉദ്ധവ് താക്കറേയുടെ ശിവസേന വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ അന്ധേരി ഈസ്റ്റിന്റെ പേരിലാണ് മറ്റൊരു തര്‍ക്കം. ഈയിടെ ഷിന്‍ഡേ വിഭാഗത്തോടൊപ്പം ചേര്‍ന്ന സ്വികൃതി ശര്‍മ ഈ സീറ്റിന് അവകാശമുന്നയിക്കുന്നു. എന്നാല്‍, ബി.ജെ.പി കണ്ണുവച്ച സീറ്റാണിത്.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായും തമ്മിൽ സീറ്റ് വിഭജനക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളുമുണ്ടായി. ചണ്ഢീഗഡിൽ വച്ച് ഷിൻഡേയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതിനെതുടർന്നാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തുവിട്ടത്. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനുപകരമായി ഏതാനും സീറ്റുകളിൽ നീക്കുപോക്കുണ്ടാകണമെന്നായിരുന്നു അമിത് ഷായുടെ ആവശ്യം.
സംസ്ഥാനത്ത് 288 സീറ്റാണുള്ളത്. നവംബർ 20-നാണ് ഇലക്ഷൻ.