ഏറ്റവും വലിയ റിപ്പബ്ലിക്കിലെ രാഷ്ട്രീയക്കൊലകൾ

പാർട്ടിയോ കൊടിയോ നാളത്തെ സ്വർഗ്ഗമോ അല്ല വലുത്, അതിലും മുകളിലാണ് ഇന്നത്തെ ജനായത്തം. അത് ഒരു ഭരണക്രമം മാത്രമല്ല, സമത്വവും നീതിയും ധർമ്മവും ആധാരമാക്കുക വഴി അത് അത്യുന്നതമായ സാമ്പത്തിക ദർശനവുമാണ്. അതിനാൽ ജനായത്തത്തിന്റെ പാഠങ്ങൾ പാർട്ടികളെയും ഭരണകൂടത്തെയും പഠിപ്പിക്കുകയാണ് ധർമ്മബോധമുള്ള ജനതയുടെ ഉത്തരവാദിത്വം. അതാണ് കീഴാള ജനായത്തം.

നുഷ്യകണ്ടുപിടുത്തങ്ങളിൽ വെച്ച് ഏറ്റവും മാനുഷികമായ കണ്ടുപിടുത്തമാണ് ജനായത്ത വ്യവസ്ഥ. ചില ആളുകൾക്ക് എന്തൊക്കെ മേന്മകളുണ്ടായാലും, അതൊന്നും സമൂഹത്തെ അവരുടെ വരുതിക്കു നിർത്തുന്നതിനുള്ള അവകാശമായി അംഗീകരിക്കാത്ത ഒരേയൊരു ഭരണവ്യവസ്ഥയാണ് ജനായത്തം. എല്ലാവരേയും തുല്യരായി കാണുന്ന ഭരണസംവിധാനം മാത്രമല്ല അത്. മനുഷ്യരുടെ കാര്യങ്ങൾ തീരുമാനിക്കാൻ മനുഷ്യസമൂഹത്തിനു പുറത്ത് എന്തെങ്കിലുമുണ്ടെങ്കിൽ അതിനെയും ജനായത്തം അംഗീകരിക്കുന്നില്ല. മനുഷ്യർ മനുഷ്യർക്കെതിരെ നടത്തുന്ന ഹിംസയെ എത്രത്തോളം ഒഴിവാക്കാൻ കഴിയുമോ അത്രത്തോളം മാറ്റിനിർത്തുന്നതിനായി നമ്മൾ കണ്ടുപിടിച്ച സാമൂഹ്യസംഘാടനമാണത്. മനുഷ്യർക്കു മാത്രമല്ല, മനുഷ്യഹിംസക്കു വിധേയമാകേണ്ടി വരുന്ന മനുഷ്യേതര ലോകത്തിനും നീതി ഉറപ്പാക്കുന്ന ഭൗമ ജനായത്തത്തോളം ഉന്നതമൂല്യം ഉൾക്കൊള്ളുന്നതുമാണത്.

മനുഷ്യചരിത്രം ഹിംസയുടെ കൊലവിളികൾകൊണ്ട് കാതടപ്പിക്കുന്നതാണെങ്കിൽ അതിനെതിരെ, മാനുഷികതയിൽ അടിയുറച്ചു സർവ്വതിനെയും മനുഷ്യത്വവൽക്കരിക്കുന്നതിനായി കീഴാളപക്ഷത്തുനിന്നു കൊണ്ട് ചരിത്രത്തിലുടനീളം മനുഷ്യർ നടത്തിയ സഹനസമരത്തിന്റെ ശാന്തിഗീതമാണ് ജനായത്തം. അതുകൊണ്ട് നാളിതുവരെയുള്ള മനുഷ്യചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമെന്നതിനേക്കാൾ ജനായത്ത സമരങ്ങളുടെ ചരിത്രമാണ്. ഹിംസയ്‌ക്കെതിരെ അഹിംസയുടെ ചരിത്രമാണത്. കാരണം മേലാളബോധം മനുഷ്യരെ വെറും ശരീരങ്ങളായി മാത്രം കണ്ട് അതിനെ ഇല്ലായ്മ ചെയ്താൽ മനുഷ്യരുയർത്തിയ ആശയങ്ങളെയും ഇല്ലായ്മ ചെയ്യാം എന്നു വ്യാമോഹിക്കുന്നു. എന്നാൽ കീഴാളബോധം മനുഷ്യന്റെ യുക്തിബോധത്തിലും വിവേകത്തിലും, ശരീരത്തെ അതിജീവിക്കുന്ന സഹനത്തിലും സംഭാഷണത്തിലും, അതിലൂടെയുള്ള ആശയസമരത്തിലും അധിഷ്ഠിതമാണ്. ആശയങ്ങളെ കായികശക്തികൊണ്ടു ഉച്ചാടനം ചെയ്യാം എന്ന ക്ഷണിക വ്യാമോഹത്തിന്റെ വ്യർത്ഥത ആയുധപ്രേമികളെ അംഗീകരിപ്പിക്കുന്നതിന്റെ ഉത്സവമത്രേ ജനായത്തം. ഏതൊരായുധത്തിന്റെയും ഫലശൂന്യത മനസ്സിലാക്കി പകരം മനുഷ്യസമൂഹത്തിന്റെ ബുദ്ധി, ഭാവന, ഓർമ്മ, യുക്തി, ധർമ്മം, വിനയം എന്നീ സർവ്വവിധ മനോഗുണങ്ങളും ഉരുക്കിയൊഴിച്ചു ഭാഷകൊണ്ടു തീർത്ത ഒരു സോഫ്റ്റുവെയർ സമരമാണത്. പരസ്പരബഹുമാനം നിലനിർത്തുന്ന വാദപ്രതിവാദവും അഭിപ്രായപ്രകടനത്തിനുള്ള അവസരസമത്വവും അതിന്റെ ജീവവായുക്കളാണ്. ധൈര്യമുണ്ടെങ്കിൽ ആയുധം താഴെവെച്ച് നീതിയെപ്പറ്റി ചർച്ചയ്ക്കു തയ്യാറാകൂ എന്നു ഒരടിമ/ഒരുസ്ത്രീ ഉടമയോട്/പുരുഷനോട് സധൈര്യം നേർക്കുനേർ പറയുമ്പോൾ ജനായത്തത്തിന്റെ ആദ്യത്തെ ഇടിമുഴക്കം ചുറ്റും കൂടിനിന്നവർ കേട്ടു. അപ്പോൾ പലരുടെയും കൈകളൽനിന്നും വാളുകൾ നിലത്തുവീണു.

ധർമ്മത്തിന്റെ രാഷ്ട്രവ്യവസ്ഥ

ജനായത്തത്തിന്റെ ആരംഭം പ്രാചീനഗ്രീസിലാണെന്ന യൂറോ കേന്ദ്രീകൃതമായ കാഴ്ചപ്പാട് ഇന്നു മാറിവരുന്നുണ്ട്. "ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് ഡമോക്രസി' എന്ന കൃതിയിൽ ജോൺ കീൻ (John Keane) പറയുന്നത്, ഏറ്റവും പുരാതനമായ മെസൊപ്പൊട്ടോമിയ നാഗരികതയിൽ പ്രാക് ജനായത്ത സംവിധാനങ്ങൾ ഉണ്ടായിരുന്നു എന്നും, പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും ഈ ഭരണരീതി കിഴക്ക് ഇന്ത്യയിലേക്കും, പിന്നീട് പടിഞ്ഞാറോട്ട് ഫിനീഷ്യൻ സംസ്‌ക്കാരത്തിലേക്കും അവിടെനിന്നും ഗ്രീസിലേക്കും എത്തിച്ചേർന്നുവെന്നുമാണ്. പല ഗോത്രസമൂഹങ്ങളിലും ഒരാളുടെ ആജ്ഞകൾ അനുസരിക്കുന്നതിനു പകരം, കൂട്ടമായി തീരുമാനങ്ങൾ കൈക്കൊള്ളുന്ന അവസരസമത്വത്തിന്റെ പ്രാരംഭമാതൃകകൾ കാണാമെന്നു നരവംശപഠനങ്ങൾ പറയുന്നു.

ഇന്ത്യയിൽ ജനായത്ത ഭരണ സമ്പ്രദായത്തിനും അതിനൊത്ത ഭരണഘടനയുടെ നിർമ്മാണത്തിനും നാം കടപ്പെട്ടിരിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലെ ആധുനിക ഭരണവ്യവസ്ഥകളോടാണെന്നുള്ള നമ്മുടെ പൊതുധാരണയും ഇന്ന് തിരുത്തപ്പെടുകയാണ്. ഇവിടെ ബുദ്ധമതത്തിനു നല്ല വേരോട്ടമുണ്ടായിരുന്ന കാലത്തെ ഫ്രഞ്ചുവിപ്ലവകാലത്തോട് ഉപമിച്ചത് മറ്റാരുമായിരുന്നില്ല, ഭരണഘടനാശില്പിയായ സാക്ഷാൽ അംബേദ്ക്കർ തന്നെ. (Religion of the Buddha gives freedom of thought and freedom of self-development to all, and the rise of Buddhism in India was as significant as the French Revolution.) 1954ൽ ആകാശവാണിയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ തന്റെ സാമൂഹ്യദർശനം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമാണെങ്കിലും താൻ ഇവയെ കടംകൊണ്ടത് ഫ്രഞ്ചുവിപ്ലവത്തിൽ നിന്നാണെന്നു ആരും തെറ്റിദ്ധരിക്കേണ്ട തില്ലെന്ന് അംബേദ്ക്കർ പറയുന്നുണ്ട്. കൂടാതെ, ""എന്റെ ദർശനം രാഷ്ട്രമീമാംസയിലല്ല, പകരം മതത്തിലാണ് വേരുറപ്പിച്ചിരിക്കുന്നത്. എന്റെ ഗുരുനാഥനായ ബുദ്ധന്റെ ഉത്‌ബോധനങ്ങളിൽ നിന്നാണ് ഞാൻ അവ സ്വീകരിച്ചത്. ബുദ്ധദർശനത്തിൽ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സ്ഥാനമുണ്ട്. മാനവികതയുടെയോ മതത്തിന്റെയോ മറ്റൊരു പേരും, സ്വാതന്ത്ര്യം, സമത്വം ഇവയുടെ നിരാസത്തിനെതിരെയുള്ള ഒരേയൊരു പ്രതിരോധവുമായ സാഹോദര്യത്തിനു ബുദ്ധൻ പരമമായ സ്ഥാനം കൊടുക്കുകയും ചെയ്തു.'' ഇന്ത്യൻ ഭരണഘടനയുടെ അവസാന കരട്, അസംബ്ലിയിൽ അവതരിപ്പിച്ചുകൊണ്ട് 1949 നവംബർ 26ന് സംസാരിച്ചപ്പോൾ അംബേദ്ക്കർ പറഞ്ഞത് പാർലമെന്ററി ഭരണസമ്പ്രദായം "വീണ്ടും' സ്വീകരിച്ചതോടെ ഇന്ത്യ അതിന്റെ ബൗദ്ധപാരമ്പര്യത്തിലേക്കു തിരിച്ചത്തിയിരിക്കുന്നു എന്നാണ്. (Ambedkar, Buddhism and Democracy, Christophe)

ഭരണഘടനാ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയുടെ അവസാന ഡ്രാഫ്റ്റ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന് കൈമാറുന്നു.. / Photo: Wikimedia Commons

അഹിംസയെ അടിസ്ഥാന പ്രമാണമാക്കുന്നതിലൂടെയാണ് സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഒത്തുചേരുന്ന ജനായത്തം ബുദ്ധപദ്ധതിയുടെ നെടുംതൂണയി നിൽക്കുന്നത്. "റിപ്പബ്ലിക്കൻ പാരമ്പര്യം നമ്മുടെ രാജ്യത്തിന്റെ ബുദ്ധിവൈഭവത്തിനു അന്യമായതാണെന്നു പറയാൻ പറ്റില്ല. നമ്മുടെ ചരിത്രം മുതൽ ഇത് നമ്മോടൊപ്പമുണ്ട്. പാണിനിയും മെഗസ്തനിസും കൗടില്യനും പ്രാചീന ഇന്ത്യയിലെ റിപ്പബ്ലിക്കുകളെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. മഹാനായ ബുദ്ധൻ തന്നെ കപിലവസ്തു എന്ന റിപ്പബ്ലിക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ പരമാധികാരത്തെപ്പറ്റി ഏറെ എല്ലാവരും പറഞ്ഞിട്ടുണ്ട്. അന്തിമ പരമാധികാരമാകട്ടെ ധാർമ്മിക നിയമങ്ങളിലും മനുഷ്യ മനഃസാക്ഷിയിലും നിലയുറപ്പിച്ചതാണെന്നു നാം ശരിവെയ്ക്കുന്നു. ജനങ്ങളും രാജാക്കളും അതിനു ദാസരാണ്. ധർമ്മം അഥവാ നീതിയാണ് രാജാക്കന്മാരുടെ രാജാവ്.' (Influence of Buddhism on Indian Constitution. Dr. S.H. Hosamani) എന്നുകൂടി ഭരണഘടന അവതരിപ്പിച്ചുകൊണ്ട് അംബേദ്ക്കർ ഓർമ്മിപ്പിക്കുകയുണ്ടായി. ധർമ്മം, സത്യം, നീതി എന്നിവയുടെ ചിരന്തനപ്രതീകമായ അശോകസ്തംഭം നമ്മുടെ ഭരണഘടനയുടെ ഒന്നാംപേജിൽ തന്നെ രാജ്യത്തിന്റെ ഔദ്യോഗികചിഹ്നമായി ചേർത്തതിനും, ദേശീയപതാകയിൽ ബുദ്ധന്റെ ധർമ്മചക്രം മധ്യത്തിൽ വിളങ്ങുന്നതിനും കാരണമായത് അംബേദ്ക്കർ ഉൾപ്പെടെയുള്ള നമ്മുടെ ഭരണഘടനാശിൽപികൾ ബൗദ്ധസംസ്‌ക്കാരവും ജനായത്തവും തമ്മിലുള്ള പൊക്കിൾക്കൊടിബന്ധം ആഴത്തിൽ ഉൾക്കൊണ്ടതിനാലത്രേ.

ഹിംസയുടെ രഹസ്യകാമുകർ

പ്രസിദ്ധ ഇറ്റലിയൻ ചിന്തകനായ നോർബെട്ടോ ബോബ്യോ (Norberto Bobbio) പറയുന്നു: എല്ലാ പങ്കാളികളും "ചില കളിനിയമങ്ങൾ' അംഗീകരിച്ചുകൊണ്ട്, തർക്കങ്ങൾ തീർപ്പാക്കാൻ കായികശക്തിയെന്നതിനേക്കാൾ യുക്തിനിഷ്ഠമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്ന ഭരണരീതിയാണ് ജനായത്തം. അക്രമം ഇല്ലാതാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ജനായത്തത്തിൽ വിശ്വാസമില്ലാതെ ആയുധമെടുക്കുന്നവരോടു പോലും, സഹോദരഭാവേന തോളിൽ കൈയിട്ട്, യുക്തിപരമായ കൂടിയാലോചനകളിലൂടെ നീതി ലഭ്യമാക്കുന്ന അഹിംസാദർശത്തിന്റെ ഈ ഉത്കൃഷ്ടരൂപം അതിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നവരെയെല്ലാം ദൈവികതയിലേക്ക് ഉയർത്തുന്നു. എന്നാൽ 'ചില കളിനിയമങ്ങൾ' അനുസരിച്ചു ജനായത്തത്തെ പുലർത്താൻ നിയുക്തരായ ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ തന്നെ അതിനെ അക്രമരഹിതമാക്കുന്നതിൽ നാൾ ചെല്ലുന്തോറും അമ്പേ പരാജയപ്പെടുകയും, സമൂഹത്തിൽ അക്രമം നീതിയുടെ സ്ഥാനത്തു കയറിക്കൂടാൻ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങളുടെ ആഭ്യന്തര ചുമതലയുള്ള കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, പാർലമെന്റിൽ ഒരു ചോദ്യത്തിനു മറുപടിയായി ഇങ്ങനെ എഴുതി നൽകി: "നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ രേഖയിൽ 2017-2019 കാലത്ത് രാഷ്ട്രീയകാരണങ്ങളാൽ 230 പേർ ഇന്ത്യയിൽ കൊല്ലപ്പെട്ടു. ഇതിൽ 24 കൊലകൾ നടന്നത് കർണാടകത്തിലും 15 എണ്ണം വീതം നടന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.' കേരളത്തിലെ പോലീസ് കണക്കുകൾ പ്രകാരം 1978-1981 കാലയളവിൽ 30നും 40നും ഇടയിലാണ് രാഷ്ട്രീയക്കൊലകളെങ്കിൽ, 1983-2009 ൽ ഇതേ കാരണത്താൽ 91പേരുടെ ജീവനെടുക്കപ്പെട്ടു. 2000-2016 ൽ കണ്ണൂർ ജില്ലയിൽ മാത്രം കൊന്നത് 69 പേരെയാണ്. അതേ വർഷങ്ങളിൽ രാഷ്ട്രീയ കണക്കുതീർക്കലുകളിൽ കേരളത്തിലാകെ 172 പേർ മരിച്ചുവീണു. ഇക്കഴിഞ്ഞ ഡിസംബർ 19ന് ആലപ്പുഴയിൽ 12മണിക്കൂർ വ്യത്യാസത്തിൽ 2 പേരെ കൊന്നു. രണ്ടാഴ്ച മുമ്പ് ഇടുക്കി ഗവൺമെന്റു കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയം വഴി ഒരു യുവാവ് കൊലക്കത്തിക്കിരയായി.

ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരുടെ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ

ജനായത്തത്തിനു ഉത്തമമാതൃകയാകേണ്ട രാഷ്ട്രീയപ്പാർട്ടികൾ ഹിംസയുടെ ദശാവതാരങ്ങളായി തക്കം കിട്ടുമ്പോഴൊക്കെ എതിർശക്തികളെ ഉന്മൂലനം ചെയ്ത്, സമൂഹത്തെയാകെ അക്രമത്തിന്റെ ആരാധകരാക്കി, ധർമ്മത്തിന്റെ അശോകസ്തംഭവും ചക്രവും ഔദ്യോഗിക മുദ്രയാക്കിയ ഇന്ത്യൻ ജനഭരണവ്യവസ്ഥയെ സ്വയം ശിഥിലമാക്കാൻ കാരണമെന്ത്?

താൻ വെടിയേറ്റു മരിക്കുന്നതിനു മൂന്നു ദിനം മുമ്പ് ഗാന്ധിജി എഴുതിയ കുറിപ്പ്, പിന്നീട് 1948 ഫെബ്രുവരി 2നു "ഹരിജൻ' പത്രത്തിൽ അച്ചടിച്ചു (His Last Will and Testament) വന്നതിങ്ങനെയാണ്: "ഇന്നത്തെ രൂപത്തിലുള്ള കോൺഗ്രസിന്റെ ഉപയോഗം ഇല്ലാതായതിനാൽ അത് പിരിച്ചുവിട്ട് ഒരു ലോക സേവക് സംഘമായി മാറണം.' കോൺഗ്രസ് എന്ന പ്രസ്ഥാനം എന്നെന്നേക്കുമായി ഇല്ലാതാകണമെന്നല്ല പകരം അധികാരകൈമാറ്റം എന്ന ലക്ഷ്യം സാധിച്ചിരിക്കുന്നതിനാൽ രൂപത്തിലും ഭാവത്തിലും സംഘടന ഉടച്ചുവാർക്കേണ്ടതിനെപ്പറ്റി കോൺഗ്രസ് നേതൃത്വത്തിൽ 1946 മുതൽ തന്നെ നടന്നുവന്ന ചർച്ചകളുടെ ഭാഗമായിരുന്നു ഗാന്ധിജിയുടെ ഈ നിർദ്ദേശം. ജയപ്രകാശ് നാരായൺ, ജെ.ബി.കൃപലാനി, റാംമനോഹർ ലോഹ്യ എന്നിവരെല്ലാം അവരവരുടെ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ അവതരിപ്പിച്ചുപോന്നിരുന്നു അക്കാലത്ത്. യുറോപ്യൻ മാതൃകയിൽ അധികാരം നേടുക എന്ന ലക്ഷ്യം കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ട സംഘടന ഇനിമേൽ, ഇന്ത്യയിലെ സാധാരണ സമൂഹത്തിലേക്ക് അധികാര വികേന്ദ്രീകരണം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കണം എന്നതായിരുന്നു ഈ ചർച്ചയുടെ കാതൽ. കാരണം യൂറോപ്യൻ ജനാധിപത്യമാതൃക സ്റ്റേറ്റിനെ രക്ഷകർത്താവായി അവരോധിച്ച് , അതിൽ അധികാരമെല്ലാം അർപ്പിച്ച്, അതിന്റെ പരിരക്ഷണത്തിൽ പൗരസമൂഹം സസുഖം കഴിയുന്ന സങ്കല്പമാണ്. "ബാല്യത്തിൽ പിതാവും യൗവ്വനത്തിൽ ഭർത്താവും വാർധക്യത്തിൽ മകനും സംരക്ഷിക്കുന്നതിനാൽ സ്ത്രീ'ക്കു സുഖമല്ലേ, പിന്നെ സ്വാതന്ത്ര്യം എന്തിന് എന്നു ചോദിക്കുന്ന മനുസ്മൃതിയിലും യൂറോപ്യൻ സ്റ്റേറ്റിന്റെ ഈ മനോഭാവം കാണാം. സ്വാതന്ത്ര്യമെന്നാൽ സുരക്ഷിതത്വം എന്ന ചെറിയ അർത്ഥത്തിനപ്പുറത്തേക്ക് കടക്കാൻ മൂലധനത്ത (Capitalism) ത്തിന്റെ ആൺ ഉപഭോഗമനസ്‌ക്കതയ്ക്കു ഒപ്പം വളർന്ന പാശ്ചാത്യ ഡമോക്രസിക്കു പറ്റുന്നില്ല എന്നതാണ് ഇതിന്റെ പരിമിതി. ഗാന്ധിജിയും അംബേദ്ക്കറും ലോഹ്യയുമടങ്ങിയ ഇന്ത്യൻ മനസ്സ്, സ്റ്റേറ്റിനെ പൗരസമൂഹത്തിന്റെ ഉപഭോഗതൃഷ്ണയെ തീർക്കുന്ന സർവ്വാധികാരിയായ പിതൃബിംബമായല്ല കാണുന്നത്. അധികാരങ്ങൾ പരമാവധി കുറയുകയും സ്വയംഭരണത്തിന് സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന സംവിധാനമായി ജനായത്ത ഭരണകൂടത്തെ അവർ വിഭാവനം ചെയ്തു. കാരണം അധികാര കേന്ദ്രീകരണം ഫലത്തിൽ ഹിംസയിലേക്കും ജനഭരണ നിരാസത്തിലേക്കുമാണ് നമ്മെ നയിക്കുക. അധികാരത്തെ അന്തിമലക്ഷ്യമായി കൊണ്ടാടുന്നതും ആൺരക്ഷാകർത്തൃത്വം പേറിയതുമായ രാഷ്ട്രീയപ്പാർട്ടികൾ എല്ലാം തന്നെ ഹിംസയെ ഉള്ളിൽ പൂജിക്കുന്നവരാണ്. അവർ പൗരസമൂഹത്തെ അധികാരത്തിലേക്കുള്ള പെൺവിഭവമായി കാണുന്നു. പെണ്ണിനെ തട്ടിയെടുത്തു വരുതിയിൽ വെയ്ക്കാൻ ആണുങ്ങൾ തമ്മിലുള്ള അങ്കത്തിന്റെ അനിവാര്യതയാണീ ഭരണാധികാരക്കൊലകൾ.

വെടിയേറ്റു മരിക്കുന്നതിനു മൂന്നു ദിനം മുമ്പ് ഗാന്ധിജി എഴുതിയ കുറിപ്പിൽ ഇങ്ങനെ പറയുന്നുണ്ട്: "ഇന്നത്തെ രൂപത്തിലുള്ള കോൺഗ്രസിന്റെ ഉപയോഗം ഇല്ലാതായതിനാൽ അത് പിരിച്ചുവിട്ട് ഒരു ലോക സേവക് സംഘമായി മാറണം.'' എന്ന്. / Photo: Wikimedia Commons

ഭരണകൂടാധികാരമാണ് പരമപ്രധാനമെന്നും അധികാരത്തിലെത്താൻ ഹിംസ അനുപേക്ഷണീയമെന്നും പ്രാഥമികപാഠമായി ധരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ പെരുകുന്തോറും, ഹിംസയെ സമൂഹശരീരത്തിൽ നിന്നും ഒഴിച്ചു നിർത്താൻ മനുഷ്യസമൂഹം കണ്ടെത്തിയ ജനായത്തമെന്ന ഉദാത്തമായ സംഘാടനം പൊള്ളയായ ചെണ്ടകൊട്ടലായി അസഹ്യമായിത്തീരുന്നു. മാർക്‌സിസ്റ്റു രാഷ്ട്രീയപ്പാർട്ടികൾ ഇന്ത്യൻ പാർലമെന്ററി പ്രക്രിയയിൽ പ്രവേശിക്കുന്നത് കമ്മ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രം എന്ന രീതിയിലാണ്. അഹിംസയെയും അതിന്റെ രാഷ്ട്രീയാവിഷ്‌ക്കാരമായ ജനഭരണത്തെയും അവർ ആന്തരികമായി ആദരിക്കുന്നില്ലെന്നു മാത്രമല്ല അത് ഒടുവിൽ "വിപ്ലവം തോക്കിൻകുഴലിലൂടെ' എന്നു ചുവരെഴുതുന്നിടം വരെ എത്തുകയും ചെയ്തിട്ടുണ്ട്. ആണ്, അധികാരം, ഭരണകൂടം, അക്രമം എന്നീ യൂറോ കേന്ദ്രിതവും മൂലധന പ്രചോദിതവുമായ തമ്മിൽക്കൊളുത്തുകളിൽ നിന്നും കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾ വിമോചിതരായിട്ടില്ലെന്നു മാത്രമല്ല അക്രമത്തിലൂടെ അധികാരം നിലനിർത്തേണ്ടത് ആദർശമായും, അഹിംസ ശുദ്ധമണ്ടത്തരവും ആണത്തമില്ലാത്ത ഭീരുത്വമായും അവഹേളിക്കപ്പെടുകയും ചെയ്യുന്നു. കാരണം പാർട്ടികളുടെ ഓരോ അതിക്രമവും നാളത്തെ കമ്മ്യൂണിസ്റ്റു സ്വർഗ്ഗത്തിനായുള്ള പോരാട്ടങ്ങളായിട്ടാണ് വാഴ്ത്തപ്പെടുന്നത്. കേഡർപാർട്ടി സംവിധാനം തന്നെ ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിന്റെ സൈനികാനുകരണമത്രേ. ജനായത്തത്തേക്കാൾ ഉന്നതമെന്നു അവർ വിശ്വസിക്കുന്ന മറ്റൊരു ലോകത്തിനായി നടത്തുന്ന സമരത്തിൽ ഹിംസാഹിംസകൾ അപ്രസക്തമാണവിടെ. ഒരാൾ അത്തരം ഒരു സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ നല്ല നാളേയ്ക്കു വേണ്ടി സമർപ്പിച്ച ജീവത്യാഗിയായി അംഗീകരിക്കപ്പെടുന്നു. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്താൽ രൂപംകൊണ്ട ഹിന്ദുത്വപരിവാരങ്ങളും അവയുടെ പാർട്ടി ഘടനയെ സ്വാംശീകരിച്ചിരിക്കുന്നതാകട്ടെ അടിമുടി ജനായത്ത വിരുദ്ധമായ യൂറോപ്യൻ ഫാസിസ്റ്റു രൂപങ്ങളിൽ നിന്നാണ്. മാത്രമല്ല ബൗദ്ധധർമ്മത്തിനെതിരെ ജാതിവ്യവസ്ഥയെ ബലപ്പെടുത്തി ആയുധശക്തിയിൽ ഭാരതീയ ജനായത്ത പാരമ്പര്യത്തെ അതിന്റെ നേർവിപരീതദിശയിലേക്കു നയിക്കുന്നതിൽ മുന്നേ തന്നെ പരിചയവും ഇക്കൂട്ടർക്കുണ്ട്. ശത്രുനിഗ്രഹത്തിനായി പത്തുകൈയിലും പത്തുതരം ആയുധമേന്തിയ ദൈവങ്ങളുടെ സമകാലിക ദൗത്യം നിർവ്വഹിക്കുന്നവരാണ് തങ്ങളെന്നു വാദിച്ച് നവബ്രാഹ്‌മണ്യശക്തികൾ അവരുടെ എല്ലാ അഹമ്മതികളെയും ന്യായീകരിക്കുന്നു. തെരഞ്ഞടുപ്പു പാർട്ടികളുണ്ടാക്കി ഹിന്ദുത്വവാദികൾ പാർലമെന്ററി ചട്ടക്കൂടിൽ ഭാഗമയിരിക്കുന്നത് അതിനെ ദുർബ്ബലപ്പെടുത്തി ഹിന്ദുത്വസ്വർഗ്ഗം കൊണ്ടുവരാനാണ്. അക്രമം മാർഗ്ഗമാക്കാതെ ഇതു സാധിക്കാത്തതിനാൽ, അക്രമത്തിൽ ഏർപ്പെടുന്നവരെല്ലാം അവിടെ നായകപദവിയിൽ അവരോധിക്കപ്പെടുകയും ആയുധപരിശീലനം ആദർശമായിരിക്കുകയും ചെയ്യുന്നു. ഗാന്ധിവധത്തിൽ പങ്കാളിയായ ഗോപാൽ ഗോഡ്‌സെ- നാഥൂറാം ഗോഡ്‌സെയുടെ സഹോദരൻ പരസ്യമായി പറഞ്ഞത് അതിൽ പങ്കുചേരാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു എന്നാണല്ലോ.

ഏറ്റവും പുതിയതായി, ചില ഇസ്ലാമിക് തീവ്രസംഘടനകളും അവരുടെ അധികാര ലക്ഷ്യത്തിനുള്ള അടവുമാർഗ്ഗമാക്കി ജനഭരണ സമ്പ്രദായത്തിലേക്കു കടന്നുവന്നിരിക്കുന്നു. ഇവരും, നാളെ അവരുടെ മാത്രം സ്വർഗ്ഗം ഉണ്ടാകുമെന്നു ദൃഢബോധ്യത്താൽ പ്രചോദിതരും അതിലേക്കുള്ള മാർഗ്ഗത്തിൽ ഹിംസയെ അനിവാര്യതയായി സാധൂകരിക്കുന്നവരുമാണ്. ഇപ്രകാരം ജനായത്തത്തെ ഇടത്താവളമായോ ചവിട്ടുപടിയായോ മാത്രം മുതലാക്കുന്നതും, കേഡർ ശൈലിയിൽ മഹത്വം കാണുന്നതും, സൈന്യസ്വഭാവത്തിൽ അഭിമാനിക്കുന്നതും, മറെറന്തിനേക്കാളും വലുത് എനിക്കെന്റെ പാർട്ടിയാണെന്നൊരാൾ പറയുമ്പോൾ ഉൾപുളകം തോന്നുന്നതുമായ മനോഃഘടനയിലേക്കു ഇന്ത്യൻ സമൂഹം നിപതിച്ചിരിക്കുമ്പോൾ അക്രമം നമ്മുടെ നിത്യഭക്ഷണം പോലെ സ്വാഭാവികമായി തോന്നുന്നു. അതുകൊണ്ട് ഹിംസയുടെ ഈ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കണമെങ്കിൽ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം അല്പമാത്രമെങ്കിലും പേറുന്ന കോൺഗ്രസിനും അർദ്ധ കേഡർ പാർട്ടിയായി സ്വയം മാറാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത ഗതികേടിലേക്ക് എത്തപ്പെട്ടിരിക്കുന്നു. ആയതിന്റെ സന്നാഹങ്ങളിലാണ് അവരുമിപ്പോൾ. യഥാർത്ഥത്തിൽ മറ്റൊരു ലോകം സൃഷ്ടിക്കാനായി ഹിംസയെ ലാളിക്കുന്ന കേഡർ പാർട്ടി ഘടനകളിൽ നിന്നും ജനായത്തം പുലരുക അസാധ്യമാണ്. അതുകൊണ്ട് പാർലമെന്ററി സമ്പ്രദായത്തിനു യോജിച്ചവിധം എല്ലാ സംഘടനകളും അവയുടെ അകത്തളങ്ങളെ ഉടച്ചുവാർക്കുകയാണ് വേണ്ടത്.

ആണ്, അധികാരം, ഭരണകൂടം, അക്രമം എന്നീ യൂറോ കേന്ദ്രിതവും മൂലധന പ്രചോദിതവുമായ തമ്മിൽക്കൊളുത്തുകളിൽ നിന്നും കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾ വിമോചിതരായിട്ടില്ലെന്നു മാത്രമല്ല അക്രമത്തിലൂടെ അധികാരം നിലനിർത്തേണ്ടത് ആദർശമായും, അഹിംസ ശുദ്ധമണ്ടത്തരവും ആണത്തമില്ലാത്ത ഭീരുത്വമായും അവഹേളിക്കപ്പെടുകയും ചെയ്യുന്നു.

ജനായത്ത മൂല്യങ്ങൾ അതിന്റെ പുതുശോഭയിൽ തെളിഞ്ഞു കത്തിയ നെഹ്രുയുഗത്തിനു ശേഷമാണ് വീണ്ടും ഹിന്ദുത്വവാദികൾ അവരുടെ സ്വപ്നപദ്ധതികളുമായി കേരളത്തിൽ കേഡർ പ്രവർത്തനം വ്യാപിപ്പിച്ചു തുടങ്ങുന്നത്. കമ്മ്യൂണിസം കേന്ദ്രലക്ഷ്യമാക്കി കേഡർശൈലിയിൽ നിർമ്മിക്കപ്പെട്ട ഇടതുപ്രസ്ഥാനവുമായി കായികമായി ഏറ്റുമുട്ടുന്നതിലൂടെയാണ് അതിവിടെ വളരുന്നതും. മറുഭാഗത്ത് പാർട്ടിക്കുവേണ്ടി പോരാടി മരിക്കുന്നത് അതേവിധം തന്നെ ആദർശമായി പുകഴ്ത്തപ്പെടുന്നതിനാൽ ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കാൻ വരുന്നവരെ അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ടാണ് പാർട്ടി അതിന്റെ ശക്തികേന്ദ്രങ്ങൾ സംരക്ഷിച്ചത്. പിന്നീട് ജനഭരണമൂല്യങ്ങളുടെ പരിശീലനവേദിയായ കലാലയങ്ങളെ, സംവാദങ്ങൾക്കു പകരം കായികശക്തികൊണ്ടു ലാവണങ്ങൾ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന അക്രമത്തിന്റെ കോമഡികളാക്കി യുവത്വത്തെ വഴിതെറ്റിച്ചുകൊണ്ട് 1960-1970 കളോടെ അധികാരാസക്തിയുടെ രാഷ്ട്രീയം ഇവിടെ വളർന്നു പന്തലിച്ചു. ചുവപ്പിന്റെ കോട്ടയിലേക്കു സ്വാഗതം, കാവിയുടെ മണ്ണിലേക്കു സ്വാഗതം എന്നീ സംബോധനകൾ തന്നെ ഹിംസാത്മകവും ഏകാധിപത്യപരവുമാണ്. പാർലമെന്ററി വ്യവസ്ഥയിൽ പാർട്ടികൾക്കു അന്തിമമായി ഒരേ ഒരു കൂറേ ഉണ്ടാകാവൂ, അത് ജനായത്തത്തോടു മാത്രമാണ്. അതിനാൽ തന്നെ ഈ കൂറ് ഒരേസമയം അഹിംസയോടുമാകണം.

ജനഭരണ സംവിധാനത്തിന്റെ അട്ടിപ്പേറവകാശവും പരിപോഷണവും മൂലധനാസക്ത വ്യവസ്ഥ (Capitalism) യുടേതാണെന്നു പലരും കരുതുന്നുവെങ്കിലും ഇവ രണ്ടും അടിസ്ഥാനപരമായി വിപരീതാശയങ്ങളിൽ നിലകൊള്ളുന്നവയാണ്. സമത്വവും സാഹോദര്യവും വിട്ട് മൂലധനത്തിന്റെ കേന്ദ്രീകരണം മാത്രമേ മൂലധനാസക്ത വ്യവസ്ഥ ലാക്കാക്കുന്നുള്ളൂ. അതിന് അധികാര വികേന്ദ്രീകരണം കളഞ്ഞ് അധികാര കേന്ദ്രീകരണമാണാവശ്യം. രാജ്യത്ത് ശതകോടീശ്വരരുടെ ആസ്തി പെരുകുന്നതിനൊത്ത് നമ്മുടെ ഫെഡറൽ സമ്പ്രദായത്തിന്റെ ശിഖരങ്ങളും വെട്ടിക്കൊണ്ടിരിക്കുന്നു. ഇന്ന് ആഗോള മൂലധനത്തിന്റെ സ്വെെര്യവിഹാരം സർവ്വ അതിരുകളും തട്ടിനീക്കി മുന്നേറണമെങ്കിൽ, ഭരണകൂടാധികാരത്തെ ജനാധികാരവിരുദ്ധമായി മുൻകോളനി നാടുകളിൽ പ്രത്യേകിച്ചും ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ജനങ്ങളിൽ നിന്നും അധികാരം ഭരണകൂടം പിടിച്ചെടുക്കുന്തോറും അത് കരസ്ഥമാക്കുന്നതിനുള്ള പരസ്പരമത്സരങ്ങൾ പാർട്ടികൾ തമ്മിലും പാർട്ടികൾക്കകത്തും മുറുകും. തന്നെയുമല്ല പാർട്ടിക്കകത്തുള്ള കിടമത്സരത്തിനു പരിഹാരം കാണുന്നതിനായി പാർട്ടികൾ ആഭ്യന്തരമായി കൂടുതൽ ജനായത്തവിരുദ്ധവും അച്ചടക്കത്തിന്റെ ശ്മശാനഭൂമിയുമാകും. ഇത് വീണ്ടും പാർട്ടികൾ തമ്മിലുള്ള അക്രമസംഘട്ടനത്തിനും കൊലകൾക്കും ആക്കം കൂട്ടുകയും ചെയ്യും. ഒരുവശത്ത് ആഗോളമൂലധനവും, അവർക്ക് ഓശാന പാടാൻ പറ്റിയ വിധത്തിൽ ഭരണകൂടത്തിന്റെ ജനഭരണവിരുദ്ധ ഭാവവും, ഏഷ്യ-ആഫ്രിക്ക-ലാറ്റിൻ അമേരിക്കകളിൽ ബലപ്പെടുന്നുവെങ്കിൽ, മറുവശത്ത് പാർട്ടികൾ അവയുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാൻ ജനായത്തത്തെ വെറും ഉപാധിയായി കണ്ട് അതിന്റെ അന്തഃസത്തയെ അവഹേളിച്ചു, പൗരസമൂഹത്തെ വേട്ടമൃഗത്തെപ്പോലെ ഭയവിഹ്വലരാക്കി അവരുടെ ബലിഷ്ഠകരങ്ങളിൽ മാത്രം അഭയം കിട്ടുന്നവരുമാക്കുന്നു.

ഈ വിധം പാർട്ടികളും ഭരണകൂടവും ജനായത്തത്തെ കൈയൊഴിഞ്ഞ് ഹിംസയുടെ നിത്യവിളക്കുവെപ്പുകാരായി മാറുമ്പോൾ കക്ഷിരാഷ്ട്രീയ കുടുക്കിൽ നിന്നും പൗരസമൂഹം കുതറിമാറി കീഴാള ജനായത്തത്തിലേക്കു നടന്നുകയറുന്നതാണ് കർഷകസമരത്തിൽ ഇന്ത്യ കണ്ടത്. സഹനസമരത്തിൽ അചഞ്ചലരായി നിന്നുകൊണ്ട് അധികാരം അന്തിമമായി പൗരസമൂഹത്തിനാണെന്ന് ഈസമരം കാട്ടിക്കൊടുത്തു. ഇതാണ് അംബേദ്ക്കർ പറഞ്ഞ ധർമ്മത്തിന്റെ ജനഭരണ വ്യവസ്ഥ. പാർട്ടിയോ കൊടിയോ നാളത്തെ സ്വർഗ്ഗമോ അല്ല വലുത്, അതിലും മുകളിലാണ് ഇന്നത്തെ ജനായത്തം. അത് ഒരു ഭരണക്രമം മാത്രമല്ല, സമത്വവും നീതിയും ധർമ്മവും ആധാരമാക്കുക വഴി അത് അത്യുന്നതമായ സാമ്പത്തിക ദർശനവുമാണ്. അതിനാൽ ജനായത്തത്തിന്റെ പാഠങ്ങൾ പാർട്ടികളെയും ഭരണകൂടത്തെയും പഠിപ്പിക്കുകയാണ് ധർമ്മബോധമുള്ള ജനതയുടെ ഉത്തരവാദിത്വം. അതാണ് കീഴാള ജനായത്തം. ധർമ്മവും നീതിയും അഹിംസയും ഭരണകൂടത്തിൽ നിന്നും കൈനീട്ടി വാങ്ങുന്നതല്ല, അവ ജനങ്ങളിൽ നിന്നും ഭരണകൂടത്തിലേക്കും രാഷ്ട്രീയപ്പാർട്ടികളിലേക്കും സംക്രമിപ്പിക്കുന്നതാണ്.

Comments