സിനിമയെടുക്കുമ്പോൾ തലച്ചോറിനുള്ളിൽ വേണം ഒരു ഹിന്ദുത്വ എഡിറ്റർ

കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം വർഗ്ഗീയമായി വിഭജിക്കാൻ നടത്തുന്ന ഹീനമായ ശ്രമങ്ങളുടെ ഏറ്റവും പുതിയതും ഭീതിതവുമായ ഉദാഹരണത്തിന്റെ വാർത്ത പാലക്കാട്ടു നിന്ന് വന്നിട്ടുണ്ട്. കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്ര പരിസരത്ത് നടന്ന ഒരു സിനിമയുടെ ഷൂട്ടിംഗ് സംഘപരിവാറുകാർ തടഞ്ഞു. ഹിന്ദു-മുസ്ലിം പ്രണയമാണ് സിനിമയുടെ കഥ എന്നതുകൊണ്ടാണത്രേ തടഞ്ഞത്.

സംഘ പരിവാറുകാർ, സംഭവസ്ഥലത്തു നിന്നു പകർത്തിയിട്ടുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഷൂട്ടിംഗ് തടഞ്ഞവരുടെ ഭാഷയിൽ പറഞ്ഞാൽ, "മുസ്‌ലിം ലീഗിന്റെ കൊടി, പച്ചക്കൊടി, കമ്യൂണിസ്റ്റ് കൊടി' യൊക്കെ അമ്പല പരിസരത്ത് കൊണ്ടുവന്നതും മുസ്‌ലിം
വേഷം ധരിച്ച് ആളുകൾ അഭിനയിക്കുന്നതുമൊക്കെയാണ് സംഘപരിവാരത്തെ വിറളി പിടിപ്പിക്കുന്നത്. ദേശീയ ഹിന്ദുത്വയുടെ പ്രഖ്യാപിത ശത്രു ലിസ്റ്റിലുള്ള ആദ്യ രണ്ട് വിഭാഗങ്ങൾ, മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും. പച്ചക്കൊടിയും ചുവന്ന കൊടിയും ക്ഷേത്ര മുറ്റത്ത് ഒന്നിച്ചൊരു സിനിമാ ഷൂട്ടിംഗ് സ്ഥലത്ത് കണ്ടപ്പോൾ ഹിന്ദുത്വയുടെ കേരള ഘടകം കോപാകുലരായിരിക്കുന്നു.
ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഇത് കൃത്യമായി പറയുന്നുണ്ട്.

"ആ ക്ഷേത്രപരിസരത്ത് ഷൂട്ടിംഗിന്റെ പേരിൽ ഇവർ അഴിഞ്ഞാടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് കൊടിയും ചന്ദ്രക്കലയുള്ള പച്ചക്കൊടിയും നിറച്ച് തൊപ്പിയിട്ട വെള്ളവേഷധാരികൾ ക്ഷേത്രപരിസരത്ത് അഭിനയിച്ചു തിമിർക്കലായിരുന്നു ഉദ്ദേശം.' എന്നാണ് ഐക്യവേദി നേതാവിന്റെ വർഗ്ഗീയ വ്യാഖ്യാനം.

ഇതേതാണ് നാട് എന്ന് ചോദിക്കാൻ തോന്നുന്നില്ലേ? കേരളം തന്നെയാണ്. "ലൗ ജിഹാദ്' എന്ന, എവിടെ തൊട്ടാലും മുറിയാൻ പാകത്തിന് മൂർച്ചയുള്ള ആയുധത്തെ കേരളത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങളിലൊക്കെ കാവിക്കൊടിയും കെട്ടി കുത്തി നിർത്താൻ ശ്രമിക്കുകയാണ് സംഘപരിവാരം. ആ ശ്രമങ്ങൾക്ക് എല്ലാ മതത്തിൽ നിന്നുമുള്ള മൗലികവാദികളുടെ മാനസികവും പ്രായോഗികവുമായ പിന്തുണയുമുണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് കുട്ടികൾ ഒന്നിച്ചൊരു ഡാൻസ് കളിച്ച വീഡിയോ പ്രചരിച്ചപ്പോഴും ഹിന്ദുത്വ വാദികൾ ഇതേ ആയുധം പുറത്തെടുത്തിരുന്നു.

പാലക്കാട്ടെ സിനിമാ ഷൂട്ടിങ്ങിനെതിരെ സംഘ പരിവാരം നടത്തിയ അക്രമത്തിന്റെ വാർത്തകൾക്ക് കീഴിൽ കേരളീയർ ഹിന്ദുക്കളും മുസ്ലീങ്ങളുമായി സ്വയം വിഭജിച്ച് പരസ്പരം വെല്ലുവിളിക്കുന്നത് കാണാം. അവരുടെ എണ്ണം ഇരുഭാഗത്തും, നോക്കി നോക്കിയിരിക്കെ പെരുകുന്നതു കാണാം. മുഖമില്ലാത്ത മനുഷ്യരായിരുന്നു കുറച്ചു കാലം മുൻപ് വരെ പരസ്യമായി വർഗ്ഗീയത വമിപ്പിച്ചിരുന്നത് എങ്കിൽ ഇപ്പോഴതല്ല. വർഗ്ഗീയ വാദികൾ മാസ്കുകൾ അഴിച്ച് വെച്ചാണ് വർഗ്ഗീയപ്പോര് നടത്തുന്നത്.
പരസ്യ വർഗ്ഗീയ പ്രകടനം മോശമാണെന്ന ചിന്തകളിൽ നിന്നെല്ലാം നേതാക്കളും അണികളും കൂട്ടം കൂട്ടമായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ക്ഷേത്രങ്ങൾക്ക്, ആരാധനാലയങ്ങൾക്ക് ചുറ്റും വിശ്വാസത്തിന്റെ മാസ്ക് ധരിച്ച കൊടും വർഗ്ഗീയ വാദികൾ പല തരം ആയുധങ്ങളുമായി ഒരുങ്ങുകയാണ്.

വ്യത്യസ്ത മത ജാതി വിഭാഗങ്ങളിലുള്ളവരുടെ പ്രണയത്തേയും സൗഹൃദങ്ങളേയും ആവിഷ്കാരങ്ങളേയും ഒരു വശത്ത് തടയുമ്പോൾ ഇതിനു സമാന്തരമായി, ഇതേ കലാരൂപങ്ങളെയും സാഹിത്യത്തെയും ഉപയോഗിച്ച്, വർഗ്ഗീയതയുടെ സാംസ്കാരികാധിനിവേശവും എല്ലാ മതങ്ങളിലും നടക്കുന്നുണ്ട്. ഉത്സവപ്പറമ്പിലോ പള്ളിപ്പറമ്പിലോ നടക്കുന്ന നൃത്തനൃത്യ നാടകങ്ങൾ വഴിയല്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ആവിഷ്കാരങ്ങൾ. തങ്ങളുടേതല്ലാത്ത മതങ്ങളെയെല്ലാം ശത്രുപക്ഷത്തു നിർത്താൻ ക്രൂരമായി ഉദ്ബോധിപ്പിക്കുന്ന വീഡിയോകളും ഓഡിയോകളും ടെക്സ്റ്റുകളും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ കുടുംബ ഗ്രൂപ്പുകൾ വഴി ഓരോ വിശ്വാസിയുടെ കയ്യിലേക്കും നേരിട്ട് എത്തിക്കുന്ന വിഷഗുളികകൾ.

ശബരിമല പരസ്യമായി പ്രയോഗിച്ച് വിജയിച്ച ടെസ്റ്റ് ഡോസായിരുന്നു. ഇനിയിത്തരം ഡോസുകളുടെ എണ്ണം കൂടും, കൂട്ടും. പ്രകോപനങ്ങൾ കൂടും, നമ്മുടെ പൊതുവിടങ്ങളിൽ വർഗ്ഗീയതയുടെ അധികാരങ്ങൾ നിയന്ത്രണങ്ങൾ ഏറ്റെടുക്കും. അമ്പലമുറ്റങ്ങളിൽ നിന്ന് ബാൻഡ്സെറ്റുകൾ നിരോധിക്കപ്പെടുന്നുണ്ട്. അമ്പലപ്പറമ്പുകളിലെ ആൽത്തറകൾ പോലും ഹിന്ദുക്കൾക്ക് മാത്രമിരിക്കാവുന്ന സ്ഥലങ്ങളായി മാറുന്നുണ്ട്.

വർഗ്ഗീയത, നമ്മുടെ പാട്ടുകളേയും പറച്ചിലുകളേയും കവിതകളേയും കഥകളേയും നോവലുകളേയും എഴുത്തുകളേയും നാടകങ്ങളേയും സിനിമകളേയും നിയന്ത്രിക്കാനും നിശ്ചയിക്കാനും തുടങ്ങിയിട്ട് കുറച്ചു കാലമായി. ആ നിയന്ത്രണങ്ങൾക്ക് സാംസ്കാരിക ലോകം നൽകുന്ന മൗനാനുവാദം ഇനിയും തുടർന്നാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. നോവലെഴുതുമ്പോഴും തിരക്കഥയെഴുതുമ്പോഴും ആൽത്തറയിലിരിക്കുമ്പോഴും തലച്ചോറിനുള്ളിൽ ഒരു ഹിന്ദുത്വ എഡിറ്ററെ/ ഒരു വർഗ്ഗീയ എഡിറ്ററെ നിയമിക്കേണ്ടി വരുന്നതിൽപ്പരം വലിയൊരു ഗതികേട് ഒരാർടിസ്റ്റിനും എഴുത്തുകാർക്കും വരാനില്ല.

Comments