മത്സരമില്ലാത്ത മഞ്ചേരി

സി.പി.ഐയുടെ സ്ഥാനാർഥിത്വം പെയ്‌മെന്റ് സീറ്റ് ആരോപണത്തിൽ വരെയെത്തി

Election Desk

മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ട എന്നുതന്നെ പറയാം.
1967 മുതൽ 2016 വരെ തുടർച്ചയായി ലീഗ് സ്ഥാനാർഥികളെ മാത്രമാണ് മഞ്ചേരി തെരഞ്ഞെടുത്തിട്ടുള്ളൂ. 2016ൽ എം. ഉമ്മർ 19,616 വോട്ടിനാണ് സി.പി.ഐയിലെ കെ. മോഹൻദാസിനെ തോൽപ്പിച്ചത്. 2011ൽ ഉമ്മറിന്റെ ഭൂരിപക്ഷം 29,079 വോട്ടായിരുന്നു. ഇത്തവണ ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായ യു.എ. ലത്തീഫാണ് യു.ഡി.എഫ് സ്ഥാനാർഥി. സി.പി.ഐ മത്സരിക്കുന്ന ഇവിടെ പി. അബ്ദുൽ നാസറാണ് (ഡിബോണ നാസർ) എതിരാളി. ലീഗിന് ഇത്തവണയും മഞ്ചേരിയിൽ ഈസി വാക്കോവറാണ്.

മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന ഏർപ്പാട് ലീഗിലില്ലെന്ന് സ്ഥാനാർഥിപ്രഖ്യാപനത്തിനുമുമ്പ് ഉമ്മർ പറഞ്ഞുനോക്കിയിരുന്നുവെങ്കിലും പാർട്ടി കേട്ടില്ല.

അപ്രതീക്ഷിതമായി, സി.പി.ഐയിലാണ് സ്ഥാനാർഥിത്വം വൻ വിവാദമായത്. അത് പെയ്‌മെന്റ് സീറ്റ് ആരോപണത്തിൽ വരെയെത്തി. ‘‘ഏറനാട്, മഞ്ചേരി സീറ്റുകൾ ഡബിൾ പേയ്മെന്റ് വാങ്ങി ലീഗ് നേതൃത്വത്തിന് അടിയറവ് വെച്ച സി.പി.ഐ നേതാവായ പി.പി. സുനീർ എന്ന ഇടതുപക്ഷ വഞ്ചകനെ തിരിച്ചറിയുക, പ്രതികരിക്കുക, കാലം നിങ്ങൾക്ക് മാപ്പുതരില്ല’’ എന്ന് എഴുതിയ പോസ്റ്ററുകൾ ഇടതുപക്ഷ സരേക്ഷണ വേദിയുടെ പേരിൽ മഞ്ചേരിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

അബ്ദുൽ നാസറിന് ജനങ്ങൾക്കിടയിൽ സ്വാധീനമില്ലെന്നും ലീഗുമായുള്ള ഒത്തുകളിയാണ് സ്ഥാനാർഥിത്വമെന്നുമാണ് ആരോപണം. സി.പി.ഐ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഡിബോണ നാസറിന്റെ നിയമസഭയിലേക്കുള്ള ആദ്യ മത്സരമാണിത്. മുസ്‌ലിം ലീഗിൽനിന്ന് രാജിവെച്ചാണ് അദ്ദേഹം സി.പി.ഐയിൽ ചേർന്നത്.

2019ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മഞ്ചേരി മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 36,048 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് പഞ്ചായത്തുകൂടി യു.ഡി.എഫ് പിടിച്ചെടുത്തതോടെ നാല് പഞ്ചായത്തുകളിലും മഞ്ചേരി നഗരസഭയിലും ഭരണം യു.ഡി.എഫിനാണ്.

2016 - നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

സി.എച്ച്. മുഹമ്മദ് കോയയെ 1980ലും 1982ലും നിയമസഭയിലെത്തിച്ച മണ്ഡലമാണ് മഞ്ചേരി. 1957ൽ രണ്ട് ജനപ്രതിനിധികളുണ്ടായിരുന്നു, കോൺഗ്രസിലെ പി.പി. ഉമ്മർകോയ മുസ്‌ലിം ലീഗിലെ നീലാമ്പ്ര മരക്കാർ ഹാജിയെ തോൽപ്പിച്ചു. മുസ്‌ലിം ലീഗിന്റെ എം. ചടയൻ കോൺഗ്രസിന്റെ ചെറിയ കാരിക്കുട്ടിയെയും തോൽപ്പിച്ചു. വിമോചന സമരത്തിനുശേഷം 1960ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പി.പി. ഉമ്മർകോയയും എം. ചടയനും വീണ്ടും ജയിച്ചു. 1984 മുതൽ 2016 വരെ എം.പി.എം. ഇസ്ഹാഖ് കുരിക്കൾ, പി.കെ. അബ്ദുറബ്ബ്, എം. ഉമ്മർ എന്നിവരാണ് എം.എൽ.എമാരായത്.
1961ലും 1971ലും മണ്ഡല പുനർനിർയണം. 2011ൽ മഞ്ചേരി നഗരസഭയെയും തൃക്കലങ്ങോട്, പാണ്ടിക്കാട്, കീഴാറ്റൂർ, എടപ്പറ്റ പഞ്ചായത്തകളെയും ചേർത്ത് ഒരു പുനർനിർണയം കൂടി.


Comments