ആർ. ശങ്കർ, എം.എസ്. ഗോൾവാൾക്കർ, മന്നത്ത് പത്മനാഭൻ

മന്നം- ശങ്കർ- ഗോൾവാൾക്കർ:
ഒരു അവിശുദ്ധ വിമോചന സമര സഖ്യം

മന്നത്തിന്റെയും ശങ്കറിന്റെയും നേതൃത്വത്തിലാണ് കേരളീയസമൂഹത്തിൽ ഹിന്ദുവർഗ്ഗീയവാദത്തിന്റെ വേരോട്ടം ശക്തമാകുന്നതിനുള്ള പശ്ചാത്തലം ഒരുക്കപ്പെട്ടത്. 1958 മെയ് 13ന്​ ഗോൾവാൾക്കർക്ക് എറണാകുളത്ത് കൊടുത്ത സ്വീകരണയോഗത്തിൽ അധ്യക്ഷൻ മന്നമായിരുന്നു. വിമോചന സമരത്തിനുമുന്നോടിയായി കേരളത്തിൽ നടന്ന വർഗീയ സംഘാടനത്തെക്കുറിച്ച്​ ഒരു അന്വേഷണം. മന്നത്ത്​ പത്മനാഭനെപ്പോലുള്ളവർ ‘നവോത്​ഥാന നായകരായി’ പ്രതിഷ്​ഠിക്കപ്പെടുന്ന പുതിയ സാഹചര്യത്തിൽ, 2013ൽ എഴുതിയ ഈ ​ലേഖനം ​പ്രസക്തമാകുന്നു.

ഫാസിസത്തെയും സ്റ്റാലിനിസത്തെയും ഒരേപോലെ ആക്രമിക്കുന്നതിൽ മുൻകൈ നേടുന്നതിലൂടെ ലിബറൽ രാഷ്ട്രീയചിന്തക്ക് രണ്ടാം ലോകയുദ്ധത്തിനുശേഷം ഒരു പുതുജന്മം ലഭിച്ചു. ഫാസിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും ജനാധിപത്യധ്വംസനത്തിന് കീഴ്‌പ്പെട്ട ലോകത്തെ, സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിലേക്ക് നയിക്കാൻ പോന്ന ഒരേയൊരു പ്രതീക്ഷയായി ലിബറൽ ജനാധിപത്യചിന്ത മുന്നിലേക്കുവന്നു. എന്നാൽ ഫാസിസത്തേയും സ്റ്റാലിനിസത്തേയും കുറിച്ചുള്ള പേടിപ്പെടുത്തുന്ന ആഖ്യാനങ്ങളുടെ ആവർത്തനങ്ങൾകൊണ്ട് ലിബറൽ മുതലാളിത്തത്തിന്റെ സ്വാതന്ത്ര്യചിന്തക്ക് ഇനിയും രംഗമദ്ധ്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

കാരണം, ലിബറൽ മുതലാളിത്ത ചിന്തക്ക് സാധൂകരണം നൽകിയിരുന്ന രാഷ്ട്രീയസാമ്പത്തിക ഘടനകൾ തന്നെ ഇന്ന് പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയ ആഗോള സാമ്രാജ്യഘടനയിലേക്കുള്ള മുതലാളിത്ത വ്യവസ്ഥയുടെ ഉദ്ഗ്രഥനവും പരിവർത്തനവും പഴയ രാഷ്ട്രീയ സാമൂഹ്യസ്ഥാപനങ്ങളുടെ ധർമങ്ങളെയും മൗലികമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ആഗോള സാമ്രാജ്യത്വ മൂലധനത്തിന് ദേശീയ ഭരണകൂടങ്ങളുടെയും സിവിൽ സമൂഹങ്ങളുടെയും ഇടനിലയില്ലാതെ തന്നെ ജീവിതത്തിലേക്കും പ്രകൃതിയിലേക്കും നേരിട്ടു കടന്നുചെല്ലാനും പിടികൂടാനും കഴിയുന്നു. അതുപോലെ തന്നെ അതിനെതിരായ ജീവിതത്തിന്റെ ചെറുത്തുനില്പുശൈലികളും മാറിയിരിക്കുന്നു. ഭരണകൂട മാതൃകയിലുള്ള ശ്രേണീബന്ധങ്ങളിലധിഷ്ഠിതമായ ബദൽ അധികാരത്തിന്റെ ബൃഹദ് പാർട്ടി ഘടനകളുടെ ഇടനിലകളില്ലാതെ തന്നെ ചൂഷണത്തെ ചെറുക്കാൻ പോന്ന നൂതന കർത്തൃത്വരൂപങ്ങളെ ജീവിതം ആവിഷ്‌കരിക്കാൻ തുടങ്ങിയിരിക്കുന്നു.

വിമോചനസമരം അവസാനിക്കാറായ ദിവസങ്ങളിൽ പോലും കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ ഓർമ്മിപ്പിച്ചുകൊണ്ട് ശങ്കറിനെ പിന്തിരിപ്പിക്കാൻ നെഹ്രു ശ്രമിച്ചിരുന്നു.

ഈ സാഹചര്യത്തിൽ പഴയ സിവിൽ സമൂഹത്തിന്റെ സ്ഥാനം രാജ്യാന്തര കോർപറേറ്റുകളും എൻ. ജി. ഒകളും ഏറ്റെടുക്കുകയും പഴയ പേരുകളിൽ പുതിയ പ്രവർത്തന രീതികൾ പരീക്ഷിക്കാൻ തുടങ്ങുകയും ചെയ്യുന്നു. പൗരസമൂഹത്തിന്റെ നിലനില്പിനുതന്നെ നേരിടേണ്ടിവരുന്ന ഈ വെല്ലുവിളി പഴയതരത്തിലുള്ള എല്ലാ പൗര- വ്യക്തി സ്വാതന്ത്ര്യവാദങ്ങളെയും അപ്രസക്തമാക്കുന്നു. വ്യക്തിയുടെ സ്വയംബോധത്തെയോ വ്യക്തിസത്താ സങ്കല്പത്തെയോ ആശ്രയിക്കുന്ന വ്യക്തിവാദങ്ങൾ കാലഹരണപ്പെടുകയും മനുഷ്യരുടെ വ്യക്തിത്വങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്ന നൂതന കർതൃത്വങ്ങളിലൂടെ ജീവിതം മുന്നേറാൻ തുടങ്ങുകയും ചെയ്യുന്നു. പഴയ വ്യക്തി / സമൂഹ വൈരുദ്ധ്യത്തിനു ചുറ്റും കറങ്ങുന്ന വ്യക്തിവാദികളും സമൂഹസത്താവാദികളും ഒരേപോലെ പ്രതിസന്ധിയിലാകുന്ന ഒരു സന്ദർഭമാണിത്.

എം. ജി. എസ്. നാരായണൻ, ടി. ടി. ശ്രീകുമാർ

അതിനാൽ നൂതന കർതൃത്വരൂപങ്ങളിലൂടെ കമ്യൂണിസത്തിലേക്ക് കുതികൊള്ളുന്ന (കിനാവു കാണുകയല്ല) നൂതന ജീവിതശക്തിസങ്കരങ്ങളെ അവർ പേടിക്കുന്നു. പുതിയ കർതൃത്വരൂപങ്ങളിലേക്ക് വഴിതുറക്കേണ്ട സ്വത്വബോധങ്ങളെ പഴയ സ്വത്വസത്താസങ്കല്പങ്ങളിൽ പൂട്ടിയിടാൻ അവർ തിടുക്കം കൊള്ളുന്നു. മാർക്‌സിസത്തെ സ്റ്റാലിനിസമായി ലഘൂകരിക്കുകയും പഴയ കമ്യൂണിസ്റ്റ് വിരുദ്ധചിന്തയുടെ പ്രേതങ്ങളെത്തന്നെ അതിനായി പുനരാവാഹിക്കാനുള്ള മന്ത്രവാദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ എം. ജി. എസ്. നാരായണൻ മുതൽ ടി. ടി. ശ്രീകുമാർ വരെയുള്ള ഒരു സംഘം ലിബറൽ ബുദ്ധിജീവികളാണ് ഇതിനു മുൻനിരയിലുള്ളത്. ഇവർ കേരളത്തിലെ ലിബറൽ മുതലാളിത്ത പൗരസമൂഹത്തിന്റെ രൂപപ്പെടലുമായി ബന്ധപ്പെട്ട സമരങ്ങളെ മാത്രം ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളായി ചിത്രീകരിക്കുകയും കേരളത്തിൽ ദരിദ്രരും ചൂഷിതരും അധഃസ്ഥിതരും സംഘടിതമായി നടത്തിയ സമരങ്ങളെ മുഴുവനും സ്റ്റാലിനിസ്റ്റുകൾ നേതൃത്വം കൊടുത്ത ജനാധിപത്യവിരുദ്ധ സമരങ്ങളായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഇത്തരമൊരു വേർതിരിക്കൽ ലിബറൽ ബുദ്ധിജീവികളെ സംബന്ധിച്ച്​ സ്വാഭാവികമാണെങ്കിലും അതിലടങ്ങിയിരിക്കുന്നത് രാഷ്ട്രീയ സിദ്ധാന്തരൂപങ്ങൾക്കുപരി ഏതു സമരത്തിലും അതിന്റെ ഉള്ളടക്കമായി പ്രവർത്തിക്കുന്ന ജനകീയ രാഷ്ട്രീയാഭിലാഷങ്ങളുടെ അന്ധമായ തിരസ്കാരമാണ്.

കേരളത്തിൽ ലിബറൽ മുതലാളിത്ത പ്രസ്ഥാനങ്ങൾ നയിച്ച സമരങ്ങളൊക്കെ ജനാധിപത്യസമരങ്ങളും കമ്യൂണിസ്റ്റുകാർ നയിച്ച സമരങ്ങളൊക്കെ ജനാധിപത്യവിരുദ്ധ സമരങ്ങളുമായിരുന്നു എന്ന് വേർതിരിക്കുന്ന ചരിത്രശാസ്ത്രത്തിന്റെ യുക്തി കേവലം രൂപമാത്രപരമോ പ്രത്യക്ഷവാദപരമോ ആയ ഒന്നാണ്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്റ്റാലിനിസ്റ്റ് വൈരുദ്ധ്യവാദത്തിന്റെ ചട്ടക്കൂടിൽ നിന്ന്​ പുറത്തുവരാനാവാതെ ഉദാരവാദത്തിലേക്കും തീവ്രവാദത്തിലേക്കും ചാഞ്ചാടി പിളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമായി ഇന്നും തുടരുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇന്ത്യൻ ദേശീയ മുതലാളിമാരുടെ പാർട്ടിയായ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം ഇന്ത്യയിലെ ദരിദ്രകർഷകരും തൊഴിലാളികളുമടങ്ങുന്ന കീഴാളരുടെ സ്വാതന്ത്ര്യതൃഷ്ണയുടെ മുന്നേറ്റമായിരുന്നു എന്ന് നമുക്കറിയാം. അതുപോലെ ഇന്ത്യൻ മുതലാളിമാരുടെ താല്പര്യങ്ങൾക്കപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ച കമ്യൂണിസ്റ്റുകാർ നേതൃത്വം കൊടുത്ത സമരങ്ങളിലും അവയുടെ ചാലകശക്തിയും ഉള്ളടക്കവുമായി പ്രവർത്തിച്ചത് ചൂഷണം ചെയ്യപ്പെടുന്നവരും മർദ്ദിക്കപ്പെടുന്നവരും അടങ്ങുന്ന അടിത്തട്ടിലുള്ള ബഹുജനസഞ്ചയമാണ്. കാരണം ചരിത്രത്തിന്റെ വിധാതാക്കൾ ആത്യന്തികമായി ജനങ്ങളാണ്, പാർട്ടികളല്ല.

അതിനാൽ, കേരളത്തിൽ ലിബറൽ മുതലാളിത്ത പ്രസ്ഥാനങ്ങൾ നയിച്ച സമരങ്ങളൊക്കെ ജനാധിപത്യസമരങ്ങളും കമ്യൂണിസ്റ്റുകാർ നയിച്ച സമരങ്ങളൊക്കെ ജനാധിപത്യവിരുദ്ധ സമരങ്ങളുമായിരുന്നു എന്ന് വേർതിരിക്കുന്ന ചരിത്രശാസ്ത്രത്തിന്റെ യുക്തി കേവലം രൂപമാത്രപരമോ പ്രത്യക്ഷവാദപരമോ ആയ ഒന്നാണ്. അതായത് ചക്രവർത്തിമാരുടെയോ രാജാക്കന്മാരുടെയോ സ്വാഭാവവിശേഷങ്ങളെ ആസ്പദമാക്കി ചരിത്രരചന ചെയ്യുന്നതുപോലെ തന്നെയാണ് ചില പാർട്ടികളുടെയോ പാർട്ടി നേതാക്കന്മാരുടെയോ സവിശേഷതകൾ ചരിത്രത്തിന്റെ നിയാമകസത്തയായി കണ്ടുകൊണ്ട് ചരിത്രത്തെ വ്യാഖ്യാനിക്കുന്നത്.

സർ. സി. പി. രാമസ്വാമി അയ്യർ

ഇത്തരത്തിലുള്ള ഒരു ചരിത്രവ്യാഖ്യാനത്തെയാണ് ഇവിടെ പുനഃപരിശോധനക്ക് വിധേയമാക്കുന്നത്. കോളനിവാഴ്ചക്കാലത്ത് പുതുതായി രൂപപ്പെട്ടു തുടങ്ങിയ പൊതുസമൂഹത്തിലെ പൗരാവകാശങ്ങൾക്കുവേണ്ടി ദിവാൻ ഭരണത്തിനെതിരെ ആധുനിക വിദ്യാഭ്യാസവും സമ്പത്തും ആർജ്ജിച്ച വിവിധ ജാതികളുടെ മേൽത്തട്ടിൽ നിന്നുയർന്നുവന്ന സമരങ്ങളെ കേരളത്തിലെ ജനാധിപത്യസമരങ്ങളായി ഉയർത്തിക്കാട്ടുമ്പോൾ, പിൽക്കാലത്ത് ഒന്നുമില്ലാത്തവരും പട്ടിണിക്കാരുമടങ്ങുന്ന കീഴ്ത്തട്ടിലുള്ളവർ ജീവിതസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സമരങ്ങളെ സ്റ്റാലിനിസ്റ്റുകൾ നടത്തിയ ജനാധിപത്യവിരുദ്ധ സമരങ്ങളായി ചരിത്രത്തിൽനിന്ന് തള്ളിക്കളയാൻ ശ്രമിക്കുന്ന രീതി കേരളത്തിൽ സമീപകാലത്തായി വളരെ ശക്തി പ്രാപിച്ചിട്ടുണ്ട്.

തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി സ്റ്റേറ്റ് കോൺഗ്രസ്സിനെ വശപ്പെടുത്താനും കീഴ്‌പ്പെടുത്താനും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സ്റ്റേറ്റ് കോൺഗ്രസിൽ പിളർപ്പുണ്ടാക്കുന്നതിനുള്ള തന്ത്രങ്ങളാണ് ദിവാൻ സർ. സി. പി. രാമസ്വാമി അയ്യർ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചത്.

ലിബറൽ ജനാധിപത്യത്തിലേക്കുള്ള തിരിച്ചുപോക്കാണ് സ്റ്റാലിനിസത്തിൽ നിന്നുള്ള മുന്നോട്ടുപോക്ക് എന്നുവാദിക്കുന്ന ഒരു രാഷ്ട്രീയസിദ്ധാന്തമാണ് ഈ സമീപനത്തിന്റെ പിൻബലം. ഈ യുക്തിയനുസരിച്ച് കേരളത്തിൽ ഭൂപരിഷ്‌കരണം നടത്താനും കൊടുംപട്ടിണിയിൽ പതിച്ചുപോയ അധ്യാപകർക്ക് നേരിട്ട് ശമ്പളംകൊടുക്കാനും വേണ്ടി ഭൂനയ ബില്ലും വിദ്യാഭ്യാസ ബില്ലും രൂപപ്പെടുത്തിയ കമ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെ ഭൂഉടമകളുടെയും സ്കൂൾ മാനേജർമാരുടെയും നേതൃത്വത്തിൽ നടന്ന വിമോചനസമരമാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തിൽ നടന്ന ഏറ്റവും മഹത്തായ ജനാധിപത്യസമരം. ഇതു തെളിയിക്കുന്നതിനുവേണ്ടി സമീപകാലത്ത് ടി. ടി. ശ്രീകുമാർ എഴുതിയ ഒരു ലേഖനത്തിൽ (മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 647) ദിവാൻ സർ. സി. പി.യുടെ വിദ്യാഭ്യാസദേശസാത്കരണനയവും 1957 ലെ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ വിദ്യാഭ്യാസബില്ലും ഒരേ ന്യൂനപക്ഷവിരുദ്ധ സമീപനത്തിന്റെ തുടർച്ചയാണെന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നു. അതനുസരിച്ച്, സി. പി.യുടെ വിദ്യാഭ്യാസനയത്തിനെതിരെ കത്തോലിക്കാ മാനേജ്‌മെൻറ്​ ഉയർത്തിയ എതിർപ്പും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ നടന്ന വിമോചനസമരവും ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടി നടന്ന ജനാധിപത്യസമരങ്ങളാണ്. ഒറ്റനോട്ടത്തിൽ സാമാന്യബുദ്ധിക്ക് നേരെന്നുതോന്നാവുന്ന ഒരു വാദമാണിത്.

വിമോചന സമരാനുകൂലികൾ (1958). / Photo: Keralaculture.org

രണ്ടു വ്യത്യസ്ത ചരിത്രഘട്ടങ്ങളിലെ രണ്ടു വ്യത്യസ്ത ഗവൺമെന്റുകൾ, അതായത് കൊളോണിയൽ കാലത്തെ ഒരു ഏകാധിപത്യ ഗവൺമെന്റും സ്വതന്ത്ര ഇന്ത്യയിലെ ഒരു ജനാധിപത്യഗവൺമെന്റും വ്യത്യസ്ത താല്പര്യങ്ങളോടെ അവതരിപ്പിച്ച രണ്ടു വിദ്യാഭ്യാസനയങ്ങളെ അവയുടെ പിന്നിൽ പ്രവർത്തിച്ച ശക്തികളുടെ വിരുദ്ധ സ്വഭാവത്തെ അവഗണിച്ച്​, ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണിത്.

ബ്രിട്ടീഷ് ഭരണം അവസാനിക്കാറായ ഘട്ടത്തിൽ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി സ്റ്റേറ്റ് കോൺഗ്രസ്സിനെ വശപ്പെടുത്താനും കീഴ്‌പ്പെടുത്താനും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സ്റ്റേറ്റ് കോൺഗ്രസിൽ പിളർപ്പുണ്ടാക്കുന്നതിനുള്ള തന്ത്രങ്ങളാണ് ദിവാൻ സർ. സി. പി. രാമസ്വാമി അയ്യർ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചത്. സ്റ്റേറ്റ് കോൺഗ്രസിനുപിന്നിൽ നിലകൊണ്ട ഒരു വലിയ ശക്തി ക്രൈസ്​തവ സമുദായമായിരുന്നു. അവരെ കോൺഗ്രസിൽ നിന്നും അകറ്റുക എന്ന ലക്ഷ്യം വച്ചുകൊണ്ട് രാമസ്വാമി അയ്യർ പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു പുതിയ പ്രാഥമിക വിദ്യാഭ്യാസ നയം.

1945 സെപ്തംബർ 12-ാം തീയതി ഈ വിദ്യാഭ്യാസനയം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തുവന്നു. പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവും ആക്കുക; അതിനുവേണ്ടി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചുമതലയും നിയന്ത്രണവും സർക്കാർ ഏറ്റെടുക്കുക; പൊതുജനങ്ങളുടെ സംഭാവനകൾ കൊണ്ട് നിർമിച്ചിട്ടുള്ള സ്കൂൾ കെട്ടിടങ്ങൾ നിയമപ്രകാരം ഇപ്പോഴുള്ള ട്രസ്റ്റികളിൽ നിന്ന്​വേർപെടുത്തി പൊതുആവശ്യങ്ങൾക്ക് ഉപയോഗിക്കുക; മതപഠനം എന്ന പ്രധാന ഉദ്ദേശ്യത്തോടുകൂടി നടത്തപ്പെടുന്ന സ്കൂളുകൾക്ക് സർക്കാർ ധനസഹായം നൽകാതിരിക്കുക തുടങ്ങിയവയായിരുന്നു ആ ഉത്തരവിന്റെ ഉള്ളടക്കം.

അവർണ ജാതികളുടെ അവകാശത്തിനുവേണ്ടി നിലകൊണ്ട ഒരു പുരോഗമന സോഷ്യലിസ്റ്റ് ആയതുകൊണ്ടല്ല രാമസ്വാമി അയ്യർ ക്ഷേത്രപ്രവേശനത്തിന് മുൻകൈ എടുത്തത്. ഈഴവരും ക്രിസ്ത്യാനികളും മുസ്​ലിംകളും ഒന്നിച്ചുചേർന്ന സംയുക്ത രാഷ്ട്രീയസഭയിൽ നിന്ന്​ പിറവിയെടുത്ത സ്റ്റേറ്റ് കോൺഗ്രസിനെ അതിന്റെ തൊട്ടിലിൽ വച്ചുതന്നെ ഞെരിച്ചുകൊല്ലാനായിരുന്നു

ഉത്തരവാദഭരണ പ്രക്ഷോഭവുമായി മുന്നോട്ടുവന്ന സ്റ്റേറ്റ് കോൺഗ്രസിനെ നിർവീര്യമാക്കുന്നതിന്​ സി. പി. പുറത്തെടുത്ത അടവുകൾ ബഹുവിധങ്ങളാണ്. ഭീഷണി, അറസ്റ്റ്, മർദ്ദനം, നിരോധനം, സമാന്തരസംഘടന, നിയമനിർമ്മാണം ഇങ്ങനെ നീളുന്നു ആ അടവുകൾ. അക്കൂട്ടത്തിലൊന്നാണ് ഈ പ്രാഥമിക വിദ്യാഭ്യാസനയവും. ഈ വിദ്യാഭ്യാസനയത്തിന്റെ പാറയിൽ തട്ടി സ്റ്റേറ്റ് കോൺഗ്രസ് തകരുമെന്നായിരുന്നു സി. പിയുടെ കണക്കുകൂട്ടൽ. കോൺഗ്രസിനെ ശിഥിലമാക്കാനുള്ള വഴി ക്രിസ്ത്യാനികളെ കൂട്ടുപിടിക്കലാണ് എന്നായിരുന്നെങ്കിൽ സി. പി. അതു ചെയ്യുമായിരുന്നു.

ഒരു ചരിത്രസംഭവമെന്ന നിലയിൽ അഖിലേന്ത്യാ പ്രശസ്തിയാർജ്ജിച്ച ക്ഷേത്രപ്രവേശന വിളംബരം നടത്താൻ തിരുവിതാംകൂർ രാജാവിനെ ഉപദേശിച്ചത് സി. പി. രാമസ്വാമി അയ്യരാണ്. അവർണ ജാതികളുടെ അവകാശത്തിനുവേണ്ടി നിലകൊണ്ട ഒരു പുരോഗമന സോഷ്യലിസ്റ്റ് ആയതുകൊണ്ടല്ല രാമസ്വാമി അയ്യർ ക്ഷേത്രപ്രവേശനത്തിന് മുൻകൈ എടുത്തത്. ഈഴവരും ക്രിസ്ത്യാനികളും മുസ്​ലിംകളും ഒന്നിച്ചുചേർന്ന സംയുക്ത രാഷ്ട്രീയസഭയിൽ നിന്ന്​ പിറവിയെടുത്ത സ്റ്റേറ്റ് കോൺഗ്രസിനെ അതിന്റെ തൊട്ടിലിൽ വച്ചുതന്നെ ഞെരിച്ചുകൊല്ലാനായിരുന്നു സി. പി. യുടെ പദ്ധതി. എന്നാൽ സി. പി.യുടെ കണക്കുകൂട്ടലിനെ തെറ്റിച്ചുകൊണ്ട് സി. കേശവന്റെയും ടി. എം. വർഗിസിന്റെയും പി. കെ. കുഞ്ഞിന്റെയും ആനി മസ്​ക്രീന്റെയും പട്ടത്തിന്റെയും ഒക്കെ നേതൃത്വത്തിൽ സംയുക്ത രാഷ്ട്രീയസഭ സ്റ്റേറ്റ് കോൺഗ്രസായി പരിണമിച്ച് ഉത്തരവാദഭരണ പ്രക്ഷോഭവുമായി അന്തരീക്ഷത്തിൽ നിറഞ്ഞു.

സി. കേശവൻ, ടി.എം. വർഗീസ്, പി.കെ. കുഞ്ഞ്, ആനി മസ്ക്രീൻ

രാജ്യം മുഴുവൻ ദൃശ്യമായ ഈ ഉണർവ്വ് സി. പി. യെ പരിഭ്രാന്തനാക്കി. ഈ സന്ദർഭത്തിലാണ് രാജപക്ഷപാതിയും യാഥാസ്ഥിതിക ബ്രാഹ്മണനും ആണെങ്കിലും അധികാരമോഹിയായ രാമസ്വാമി അയ്യർ തന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റുന്നതിന്​, തിടുക്കത്തിൽ താണജാതികൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാൻ രാജാവിനെ ഉപദേശിച്ചത്. ഈ പുരോഗമന നടപടിയിലൂടെ താണജാതികളെ, വിശേഷിച്ചും ഭൂരിപക്ഷം വരുന്ന ഈഴവരെ സ്റ്റേറ്റ് കോൺഗ്രസ്സിൽ നിന്ന്​ അടർത്തി മാറ്റുക എന്ന രാഷ്ട്രീയലക്ഷ്യമാണ് സി. പി.ക്കുണ്ടായിരുന്നത്. ക്ഷേത്രപ്രവേശനവിളംബരത്തെ തുടർന്ന് എസ്.എൻ. ഡി. പി യോഗം സി. പിക്ക് ഒരു വമ്പിച്ച സ്വീകരണം നൽകിയപ്പോൾ തന്റെ തന്ത്രം ഫലിച്ചു എന്ന് സി. പി. കരുതുകയും ചെയ്തു. തുടർന്നുണ്ടായ സംഭവങ്ങൾ ഇവിടെ പ്രസക്തമല്ല. പറഞ്ഞുവരുന്നത് ഇതുപോലെ തന്റെ രാഷ്ട്രീയലക്ഷ്യത്തിന്​ എന്തു നയം സ്വീകരിക്കുവാനും സി. പി. തയ്യാറാകുമായിരുന്നു എന്നും അത്തരത്തിൽ സ്റ്റേറ്റ് കോൺഗ്രസിലെ ഒരു പ്രധാനകക്ഷിയായ കത്തോലിക്കരെ അതിൽ നിന്നകറ്റാൻ സി. പി. കൈക്കൊണ്ട ഒരു നടപടി ആയിരുന്നു ഈ പ്രാഥമിക വിദ്യാഭ്യാസനയം എന്നുമാണ്.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ കാര്യത്തിലെന്ന പോലെ പ്രാഥമികവിദ്യാഭ്യാസ നയത്തിലും തന്റെ ലക്ഷ്യം നേടാൻ സി. പി.ക്ക് കഴിഞ്ഞില്ല. എന്നാൽ പ്രാഥമിക വിദ്യാഭ്യാസനയം സ്റ്റേറ്റ് കോൺഗ്രസിന്റെ കെട്ടുറപ്പിന് വെല്ലുവിളിയായിത്തീരത്തക്കവിധം ചില അഭിപ്രായഭിന്നതകൾ കോൺഗ്രസിനുള്ളിൽ സൃഷ്ടിക്കുക തന്നെ ചെയ്തു.

പിൽക്കാലത്ത് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിന്റെ പേരിൽ വിമോചനസമരത്തിന് നേതൃത്വം കൊടുത്ത എൻ. എസ്. എസും, എസ്.എൻ. ഡി. പിയും സർ സി. പി.യുടെ പ്രാഥമികവിദ്യാഭ്യാസനയത്തെ സർവ്വാത്മനാ സ്വാഗതം ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിനുള്ളിൽ തന്നെ സി. പി.യുടെ വിദ്യാഭ്യാസനയത്തെ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗമുണ്ടായിരുന്നു. പലരും കരുതുന്നതു പോലെ മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിനെ എന്ന പോലെ സി. പി.യുടെ പ്രാഥമിക വിദ്യാഭ്യാസനയത്തെ സ്റ്റേറ്റ് കോൺഗ്രസ് ഒറ്റക്കെട്ടായി എതിർക്കുകയല്ല ഉണ്ടായത്.

ജോസഫ് മുണ്ടശ്ശേരി

സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന പട്ടം താണുപിള്ള തന്നെ സി. പി.യുടെ വിദ്യാഭ്യാസനയത്തെ സ്വാഗതം ചെയ്തു. പട്ടത്തിന്റെ നിലപാട് ക്രിസ്ത്യാനികളെ അസ്വസ്ഥരാക്കി. അവരിൽ ചിലർ പരസ്യമായി തന്നെ പട്ടത്തിനെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നു. ‘‘അനന്തരകാലങ്ങളിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ ശൈഥില്യത്തിനും പട്ടം താണുപിള്ളയുടെ രാജിക്കും വഴിതെളിച്ച സംഭവങ്ങളുടെ ബീജം അതിൽ ദർശിക്കുവാൻ വായനക്കാർക്ക് കഴിയും'' എന്നാണ് സി. നാരായണപിള്ള അതിനെക്കുറിച്ച് പറയുന്നത്. അദ്ദേഹം ഇങ്ങനെ തുടരുന്നു: ‘‘വിദ്യാഭ്യാസം ദേശസാൽക്കരിക്കണമെന്നുള്ളതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് താണുപിള്ള തുറന്നു പ്രസ്താവിച്ചത് കത്തോലിക്കാ കേന്ദ്രങ്ങളിൽ ഒട്ടുവളരെ അസ്വസ്ഥതയ്ക്ക് കാരണമാക്കിയിരുന്നു. ഗവൺമെൻറിന്റെ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനെതിരായി സ്റ്റേറ്റ് കോൺഗ്രസ്സിന്റെ വീക്ഷണഗതി വേണ്ടത്ര തിരിച്ചുവിടുവാൻ കഴിഞ്ഞില്ലെന്ന് കത്തോലിക്കർ പരാതിപ്പെട്ടിരുന്നു. കത്തോലിക്കർക്ക് അവരുടെ കുഞ്ഞുങ്ങളെ മതപരമായ അടിസ്ഥാനത്തിലും അന്തരീക്ഷത്തിലും വിദ്യാഭ്യാസം ചെയ്യിക്കുവാനുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന ഉപാധിക്കു വിധേയമായി ദിവാൻജിയുടെ വിദ്യാഭ്യാസ പരിഷ്‌കരണപദ്ധതിയെ സ്റ്റേറ്റ് കോൺഗ്രസ് അനുകൂലിക്കുകയാണുണ്ടായത്.''

സർ സി. പി.യുടെ വിദ്യാഭ്യാസനയം സൃഷ്ടിച്ച ഈ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ കൊല്ലത്തുവച്ച് സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ഒരു സംസ്ഥാന സമ്മേളനം നടന്നു. ആ സമ്മേളനത്തിൽ പട്ടം താണുപിള്ളയും കൂട്ടരും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. അതിനേക്കാൾ വാശിയോടുകൂടി ക്രൈസ്​തവ നേതാക്കന്മാരും വിദ്യാഭ്യാസനയത്തെ എതിർത്തു. കോൺഗ്രസിനെ ഈ വിപത്തിൽ നിന്ന് രക്ഷിക്കാൻ സി. കേശവൻ, കുമ്പളത്തു ശങ്കുപ്പിള്ള തുടങ്ങിയ ചില നേതാക്കന്മാർ മുന്നോട്ടുവന്നു.

സർ സി. പി. സ്റ്റേറ്റ് കോൺഗ്രസിനെ ശിഥിലമാക്കാൻ വേണ്ടിയാണെങ്കിലും കത്തോലിക്കാ സമുദായത്തെ ഇരയാക്കാൻ ശ്രമിച്ചതിനുപിന്നിൽ നിശ്ചയമായും മതപരമായ ഒരു ലക്ഷ്യമുണ്ട്.

ഈ പ്രതിസന്ധിയെക്കുറിച്ച് കുമ്പളത്തു ശങ്കുപ്പിള്ള തന്റെ സ്മരണകളിൽ പറയുന്നത് ഇങ്ങനെയാണ്: ‘‘കൊല്ലം സമ്മേളനത്തിൽ ഈ പ്രതിസന്ധിഘട്ടം എങ്ങനെ തരണം ചെയ്യാം എന്നുള്ള ആലോചന എല്ലാവരിലും കടന്നുകൂടി. മെസേഴ്‌സ് എ. ജെ. ജോൺ, ഇ. ജോൺ ഫിലിപ്പോസ്, കെ. എം. കോര, പി. ടി. ചാക്കോ, പി. ജെ. സെബാസ്റ്റ്യൻ, മിസിസ്സ് ആനി മസ്​ക്രീൻ, വർഗീസ് അഗസ്റ്റിൻ മുതൽപേർ വിദ്യാഭ്യാസനയത്തെ വാശിയായിത്തന്നെ എതിർത്തു സംസാരിച്ചു. സി. കേശവൻ മുതൽ പേർ അവരുടെ വാദം ശരിയാണെന്ന് സമർത്ഥിച്ചു. സർ സി. പി.യുടെ വലയിൽ കുടുങ്ങി വിദ്യാഭ്യാസനയത്തിന്റെ പേരിൽ കോൺഗ്രസ് സംഘടനകളിൽ വേണ്ടാത്ത കുഴപ്പങ്ങൾ ഉണ്ടാക്കരുതെന്ന് അവരെല്ലാം ഒറ്റക്കെട്ടായി വാദിച്ചു.''

ആ സമ്മേനത്തിനൊടുവിൽ സി. കേശവൻ പ്രമേയം അവതരിപ്പിച്ച് പ്രസംഗിച്ചു. കോൺഗ്രസിന്റെ ഈ ഔദ്യോഗിക പ്രമേയം വിദ്യാഭ്യാസനയത്തെ തീർത്തും എതിർക്കുകയാണെന്ന് പറഞ്ഞുകൂടാ. സി കേശവനും മറ്റും വിദ്യാഭ്യാസം ദേശസാൽക്കരിക്കാൻ ഒരു ജനാധിപത്യഗവൺമെന്റിന് മാത്രമേ അവകാശമുള്ളൂ എന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്.
ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം കൂടി വ്യക്തമാക്കാനുണ്ട്. സർ സി. പി. സ്റ്റേറ്റ് കോൺഗ്രസിനെ ശിഥിലമാക്കാൻ വേണ്ടിയാണെങ്കിലും കത്തോലിക്കാ സമുദായത്തെ ഇരയാക്കാൻ ശ്രമിച്ചതിനുപിന്നിൽ നിശ്ചയമായും മതപരമായ ഒരു ലക്ഷ്യമുണ്ട്. എന്നാൽ ഇത് മതനിരപേക്ഷമായ ആധുനികഭരണകൂടങ്ങൾ ന്യൂനപക്ഷമതങ്ങളോട് കൈകൊള്ളുന്ന സമീപനത്തെ ആസ്പദമാക്കിയുള്ള ഒന്നല്ല. ഭരണകൂടവും മറ്റൊരു അധികാരകേന്ദ്രമായ ഭൂരിപക്ഷമതവും തമ്മിലുള്ള അധികാരവിഭജനത്തിന്റെ അടിസ്ഥാനത്തിൽ മതനിരപേക്ഷത കൈവരിക്കുന്ന ആധുനിക ഭരണകൂടങ്ങൾ ന്യൂനപക്ഷവിരുദ്ധമായി പ്രവർത്തിക്കുന്നതായാണ് കാണുന്നത്. ആധുനിക ജനാധിപത്യത്തിന്റെ ആഗോളകേന്ദ്രമായ ഫ്രാൻസിൽ പോലും മുസ്​ലിം പെൺകുട്ടികൾ സ്കൂളിൽ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ സമീപകാലത്ത് നിയമം പാസാക്കിയതുപോലെ. തിരുവിതാംകൂർ ഭരണകൂടം സി. പി.യിലൂടെ ഇത്തരത്തിലുള്ള ഒരു വിവേചനമല്ല ന്യൂനപക്ഷമതങ്ങളോടും അവർണ്ണരോടും കാണിച്ചത്. അതിനുകാരണം തിരുവിതാംകൂറിലേത് ഒരു മതനിരപേക്ഷ ഭരണകൂടമായിരുന്നില്ല എന്നതാണ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം / Photo: Wikimedia Commons

ബ്രിട്ടീഷ് കോളനി മേധാവികൾക്ക് കീഴ്‌പ്പെട്ട ഒരു ഹിന്ദു തിയോക്രാറ്റിക് പാവ ഭരണകൂടമായിരുന്നു തിരുവിതാംകൂറിലേത്. ശ്രീപത്മനാഭൻ എന്ന ഹിന്ദുദൈവത്തിൽ പരമാധികാരം സമർപ്പിക്കപ്പെട്ടിരിക്കയാൽ തിരുവിതാംകൂറിലെ ഭരണയന്ത്രം ഒന്നാകെ ഹൈന്ദവവത്കരിക്കപ്പെട്ട ഒന്നായിരുന്നു. അക്കാരണത്താലാണ് തിരുവിതാംകൂറിൽ അവർണരും അഹിന്ദുക്കളും ഭരണയന്ത്രത്തിൽ നിന്ന്​ മറ്റെങ്ങുമില്ലാത്തവിധം പാടെ പുറംതള്ളപ്പെട്ടിരുന്നത്.
തിരുവിതാംകൂറിലെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് റവന്യൂവും ദേവസ്വവും കൂടിചേർന്ന ഒരു ഭരണവകുപ്പായിരുന്നു. ആധുനിക ഭരണകൂടങ്ങളുടെ മാതൃകയിൽ തിരുവിതാംകൂറിൽ ഭരണകൂടം മതമുക്തമായിരുന്നില്ല എന്നർത്ഥം. അഹിന്ദുക്കൾക്കും അവർണർക്കും പ്രവേശിക്കാനാവാത്ത ദേവസ്വം റവന്യൂവകുപ്പിൽ ലയിച്ചുനിന്നതുകൊണ്ട് സവർണ ഹിന്ദുക്കൾക്കല്ലാതെ മറ്റാർക്കും ഭരണയന്ത്രത്തിൽ സ്പർശിക്കാനാവുമായിരുന്നില്ല. കാരണം ഭരണകൂടത്തിന്റെ പ്രധാന കടമകൾ അഹിന്ദുക്കൾക്കും അവർണർക്കും പ്രവേശനമില്ലാത്ത ക്ഷേത്രാചാരങ്ങളോടും ചടങ്ങുകളോടും ഊട്ടുപുരകളോടും ബ്രാഹ്മണസദ്യകളോടും ബന്ധപ്പെട്ടവയായിരുന്നു.

ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടിക്കുവേണ്ടി നടന്ന എല്ലാ ജനാധിപത്യപ്രക്ഷോഭങ്ങളിലും അത്തരം സമരങ്ങളെ അട്ടിമറിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുകയും അങ്ങനെ രാജാവിന്റെയും ദിവാന്റെയും പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്ത ഒരു സംഘടനയായിരുന്നു മന്നത്തിന്റെ നേതൃത്വത്തിലുള്ള എൻ എസ്. എസ്.

മതവും ഭരണകൂടവും ഐക്യപ്പെട്ടിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന് ഭരണകൂടത്തെ മതനിരപേക്ഷമായ പൊതുസ്ഥാപനമായി പുറത്തുകൊണ്ടുവരാനും ദേവസ്വത്തിൽ നിന്ന് റവന്യു അടക്കമുള്ള വകുപ്പുകളെ മോചിപ്പിച്ച് ഏവർക്കും പ്രവേശനമുള്ള ഭരണയന്ത്രം നിലവിൽ വരുത്താനുമാണ് തിരുവിതാംകൂറിൽ അഹിന്ദുക്കളും അവർണരും ഒത്തുചേർന്ന് നിവർത്തനപ്രക്ഷോഭവും ഉത്തരവാദഭരണസമരവും നടത്തിയത്. ദിവാൻ സർ. സി. പി. രാമസ്വാമി അയ്യരാകട്ടെ ശ്രീപത്മനാഭദാസനായ രാജാവിനെത്തന്നെ കേന്ദ്രമാക്കിയുള്ള പഴയ ഭരണകൂടത്തെ ചില ബാഹ്യ പരിഷ്‌കാരങ്ങളോടെ അങ്ങനെതന്നെ നിലനിർത്താനാണ് ശ്രമിച്ചത്. അതിനാൽ സ്റ്റേറ്റ് കോൺഗ്രസിനെ ശിഥിലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സർ. സി. പി. പ്രയോഗിച്ചത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ദേശസാൽക്കരണമെന്ന മതേതരനയമല്ല, മറിച്ച് അന്യമതസ്ഥാപനങ്ങളെ പിടിച്ചെടുക്കാനുള്ള ഒരു തിയോക്രാറ്റിക് ഭരണകൂടത്തിന്റെ അലിഖിതമായ അവകാശത്തിന്റെ അധികാരത്തെയാണ്.
അതുകൊണ്ടാണ് പ്രാഥമിക വിദ്യാഭ്യാസനയത്തെ തുടർന്ന് സ്റ്റേറ്റ് കോൺഗ്രസിലുണ്ടായ ഭിന്നത പരിഹരിക്കാൻ, വിദ്യാലയങ്ങളെ ദേശസാൽക്കരിക്കാൻ ഒരു ജനാധിപത്യഗവൺമെന്റിനുമാത്രമേ കഴിയുകയുള്ളൂ എന്ന് കണ്ടെത്തി സ്റ്റേറ്റ് കോൺഗ്രസ് ദിവാന്റെ ദേശസാൽക്കരണത്തിനെതിരെ പ്രമേയം പാസാക്കിയത്.

എന്തായിരുന്നു വിമോചനസമരം?

ഇനി പരിശോധിക്കാനുള്ളത് വിമോചനസമരത്തിന് പ്രധാന കാരണമായിത്തീർന്ന വിദ്യാഭ്യാസബിൽ സി. പി.യുടെ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയായിരുന്നോ, വിമോചനസമരം കേരളത്തിൽ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി നടന്ന മഹത്തായ ഒരു ജനാധിപത്യസമരമായിരുന്നോ, എന്നു തുടങ്ങിയ ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് ആദ്യമായി വിമോചന സമരത്തിന് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യവിഭാഗങ്ങൾ ഏതെല്ലാമായിരുന്നു എന്നും അവരെ അതിന്‌ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമായിരുന്നു എന്നും വിശദമായി അന്വേഷിക്കേണ്ടതുണ്ട്.

വിമോചന സമരത്തിൽ പങ്കെടുക്കാൻ ചങ്ങനാശേരിയിലേക്ക് ലോറിയിൽ എത്തുന്ന പ്രവർത്തകർ

വിമോചനസമരത്തോടെ ‘ഭാരതകേസരി’ എന്ന പദവിയിലേക്കുയർന്ന മന്നത്ത് പത്മനാഭനായിരുന്നു വിമോചന സമരത്തിന് നേതൃത്വം കൊടുത്ത ‘കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി' എന്ന പ്രസ്ഥാനത്തിന്റെ നായകൻ. അദ്ദേഹം നായർ സർവ്വീസ്​ സൊസൈറ്റിയുടേയും അനിഷേധ്യനായ നേതാവായിരുന്നു. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടിക്കുവേണ്ടി നടന്ന എല്ലാ ജനാധിപത്യപ്രക്ഷോഭങ്ങളിലും അത്തരം സമരങ്ങളെ അട്ടിമറിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുകയും അങ്ങനെ രാജാവിന്റെയും ദിവാന്റെയും പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്ത ഒരു സംഘടനയായിരുന്നു മന്നത്തിന്റെ നേതൃത്വത്തിലുള്ള എൻ എസ്. എസ്. അതായത് അവർണ ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളായ അഹിന്ദുക്കളെയും ഭരണത്തിൽ നിന്നും സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും പാടെ മാറ്റിനിർത്തുന്നതിനുവേണ്ടി പ്രവർത്തിച്ച ഒരു ന്യൂനപക്ഷവിരുദ്ധപ്രസ്ഥാനത്തിന്റെ ആചാര്യനും നേതാവുമായിരുന്നു മന്നത്ത് പത്മനാഭൻ.

ക്രിസ്ത്യൻ- മുസ്​ലിം- ഈഴവ സമുദായങ്ങൾ ചേർന്ന് തിരുവിതാംകൂറിൽ രൂപപ്പെടുത്തിയ പിന്നാക്ക- ന്യൂനപക്ഷ പ്രസ്ഥാനമായിരുന്നു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന് മുന്നോടിയായി നിലവിൽ വന്ന ‘സംയുക്ത രാഷ്ട്രീയ മഹാസഭ.' സംയുക്ത സമുദായങ്ങൾ അവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിന്നുകൊണ്ട് തിരുവിതാകൂറിൽ നടത്തിയ നിവർത്തന പ്രക്ഷോഭത്തിൽ ആ സമരത്തെ തകർക്കുന്നതിനുവേണ്ടി ഗവൺമെൻറ്​ പക്ഷത്തുനിന്നു പ്രവർത്തിച്ച നായർ പ്രമാണികളിൽ പ്രമുഖൻ മന്നത്ത് പത്മനാഭനായിരുന്നു. സർ സി. പി.യും മന്നവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറ്റവും ഔദാര്യത്തോടെ സി. നാരായണപിള്ള തന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘‘സർ സി. പി. നായർ വർഗ്ഗീയവാദികളുടെ വാത്സല്യഭാജനമായിട്ടാണ് തിരുവിതാംകൂറിൽ വന്നത്. മന്നത്ത് പത്മനാഭൻ ഉൾപ്പെടെ പല നേതാക്കന്മാരെയും ദീർഘകാലത്തേക്ക് തന്റെ മാസ്മരശക്തി കൊണ്ട് കബളിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.''

മന്നവും ശങ്കറും എൻ. എസ്. എസിന്റെയും എസ്. എൻ. ഡി. പി.യുടേയും നേതാക്കന്മാർ എന്ന നിലയിൽ രണ്ടു സമുദായസംഘടനകളെയും ഹിന്ദു മഹാമണ്ഡലത്തിന്റെ കീഴിൽ ഒരൊറ്റ സംഘടനയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ആ ഹിന്ദു മഹാമണ്ഡലകാലത്താണ് മന്നം തന്റെ പേരിൽ നിന്ന്​ പിള്ള എന്ന ജാതിചിഹ്നം ഉപേക്ഷിച്ചത്.

ചുരുക്കത്തിൽ, നിവർത്തനപ്രക്ഷോഭകാലം മുതൽ തന്നെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ നിഷേധിക്കുന്നതിനും ഒരു രാഷ്ട്രീയശക്തി എന്ന നിലയിലുള്ള അവരുടെ സ്വാധീനത്തെ അസാധുവാക്കുന്നതിനും വേണ്ടി സദാ വ്യാപൃതനായിരുന്ന ഒരു സമുദായനേതാവാണ് മന്നത്ത് പത്മനാഭൻ. നിവർത്തനപ്രക്ഷോഭകാലത്തും ഗവൺമെൻറിന്റെയും ദിവാന്റെയും ഭാഗത്തുനിന്നുകൊണ്ട് മന്നം നടത്തിയ ന്യൂനപക്ഷവിരുദ്ധ പ്രവർത്തനങ്ങൾ പലതും കുപ്രസിദ്ധമാണ്. അതിന്റെ വിശദവിവരങ്ങളിലേക്കൊന്നും കടക്കുന്നില്ല.
എന്നാൽ ഉത്തരവാദഭരണ പ്രക്ഷോഭങ്ങൾക്കു ശേഷം വിമോചനസമരത്തിന് ഏതാണ്ട് ഒരു പതിറ്റാണ്ടുമുമ്പ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ ഹിന്ദുക്കളെ ഐക്യപ്പെടുത്തുന്നതിനുവേണ്ടി ‘ഹിന്ദു മഹാമണ്ഡലം' എന്നൊരു പ്രസ്ഥാനം തന്നെ മന്നത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. വിമോചനസമരത്തിന്റെ മറ്റൊരു പ്രധാന നേതാവായിരുന്ന ആർ. ശങ്കർ ആയിരുന്നു ഹിന്ദുമഹാമണ്ഡല രൂപീകരണത്തിൽ മന്നത്തിന് കൂട്ടായി നിന്നത്. മന്നവും ശങ്കറും എൻ. എസ്. എസിന്റെയും എസ്. എൻ. ഡി. പി.യുടേയും നേതാക്കന്മാർ എന്ന നിലയിൽ രണ്ടു സമുദായസംഘടനകളെയും ഹിന്ദു മഹാമണ്ഡലത്തിന്റെ കീഴിൽ ഒരൊറ്റ സംഘടനയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ആ ഹിന്ദു മഹാമണ്ഡലകാലത്താണ് മന്നം തന്റെ പേരിൽ നിന്ന്​ പിള്ള എന്ന ജാതിചിഹ്നം ഉപേക്ഷിച്ചത്.

മന്നത്ത് പത്മനാഭൻ / Photo: nss.org.in

ദേവസ്വംബോർഡ് അംഗങ്ങളെന്ന നിലയിൽ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെ ആധുനിക അഖിലഭാരത ഹിന്ദുമതത്തിന്റെ ഭാഗമാക്കാനുള്ള പരിപാടികൾ ആവിഷ്‌കരിച്ചത് മന്നവും ശങ്കറുമാണ്. ക്ഷേത്രങ്ങളിൽ ഗീതാപാരായണവും പുരാണപാരായണവും നടത്തുക, മതപ്രസംഗങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും ഉത്സവകാലത്തെ പ്രധാന പരിപാടി ആക്കുക, ബഹുജനങ്ങളെ ആകർഷിക്കുന്ന ഹൈന്ദവ സാംസ്കാരിക പരിപാടിയാക്കി ക്ഷേ​ത്രോത്സവങ്ങളെ മാറ്റുക, അതിനായി പുരാണകഥാപ്രസംഗങ്ങളും സംഗീതകച്ചേരികളും നടത്തുക തുടങ്ങിയ പുതിയ ക്ഷേ​ത്രോത്സവരീതി നടപ്പാക്കുന്നത് മന്നവും ശങ്കറും ചേർന്നാണ്. അതിനായി തിരുവിതാംകൂറിലെ എല്ലാ പ്രധാനക്ഷേത്രങ്ങളിലും ശങ്കറും മന്നവും നേരിട്ടുതന്നെ മതപ്രസംഗങ്ങൾ നടത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചു. ഇതുകൂടാതെ മന്നത്തിന്റെയും ശങ്കറിന്റെയും നേതൃത്വത്തിൽ ക്ഷേത്രങ്ങൾക്ക് പുറത്തും തിരുവിതാംകൂർ ഭാഗത്ത് ഹിന്ദുമതയോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. അങ്ങനെ ഒരു ഏകീകൃത ഹിന്ദുജനതയെ സൃഷ്ടിക്കുന്നതിനും ഹൈന്ദവതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി മന്നവും ശങ്കറും നടത്തിയ പ്രവർത്തനങ്ങൾ കോൺഗ്രസിനു തന്നെ ഭീഷണിയായിത്തീർന്നു. കോൺഗ്രസുകാർ മന്നത്തിന്റെയും ശങ്കറിന്റെയും ഹിന്ദുമഹാമണ്ഡല കൂട്ടുകെട്ടിനെ ഒരു സമാന്തരാധികാര കേന്ദ്രത്തിന്റെ ഉയർച്ചയായി കണ്ട് ഭയപ്പെട്ടു. ക്രിസ്ത്യാനികളായ കോൺഗ്രസുകാരിൽ നിന്നായിരുന്നു ഈ ഭയാശങ്കകൾ ഏറ്റവും ശക്തമായി പുറത്തേക്കുവന്നത്. ഈ സന്ദർഭത്തെ കുറിച്ചുള്ള സി. നാരായണപിള്ളയുടെ പ്രതികരണം നോക്കുക: ‘‘മന്നത്ത് പത്മനാഭനും ആർ. ശങ്കറും തമ്മിലുള്ള ദേവസ്വം ബോർഡിലെ സമാഗമം മൂർഖന്റെ വിഷവും കെമിക്കൽ വിഷവും തമ്മിലുള്ള സംയോജനം പോലെ മാരകമായിരുന്നു. മന്നവും ശങ്കറും മികച്ച വാഗ്​മികളാണ്. മന്നത്തിന്റെ അനുനാസികാപ്രസംഗങ്ങളുടെയും ശങ്കറിന്റെ സംഗീത പ്രസംഗങ്ങളുടേയും പ്രതിധ്വനി രാജ്യമൊട്ടുക്കു മുഴങ്ങാൻ തുടങ്ങിയതോടുകൂടി കോൺഗ്രസിന്റെ ശത്രുക്കൾ മുന്നോട്ടുവന്ന് അവർക്ക് ഹാർദ്ദമായ പിന്തുണ നൽകി. വിഷയം ഒന്നുതന്നെയായിരുന്നു. ക്രിസ്ത്യാനികളുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ടി. കെ.യെ പോലുള്ളവർ അവരുടെ ആയുധങ്ങൾ മാത്രമാണെന്നും ടി. എം. വർഗീസിന്റെ കുത്തിത്തിരിപ്പുകൾ നായർ സമുദായത്തിന്റെയും ഈഴവസമുദായത്തിന്റെയും താല്പര്യങ്ങൾക്ക് ഹാനികരമാണെന്നും അവർ ആവർത്തിച്ചു പ്രഖ്യാപിച്ചു.''

ശബരിമല ക്ഷേത്രം അഗ്നിക്കിരയായത്, ക്രിസ്ത്യാനികൾ കരുതിക്കൂട്ടി ചെയ്ത ഒരു വർഗീയ പ്രതികാരമാണെന്ന ഹിന്ദുക്കളുടെ സംശയം ആളിക്കത്തിക്കാനും അതിൽ നിന്ന് ഊർജം സംഭരിക്കാനും ശങ്കറിന്റെയും മന്നത്തിന്റെയും ഹിന്ദുമഹാമണ്ഡലത്തിനും ഡെമോക്രാറ്റിക് കോൺഗ്രസിനും കഴിഞ്ഞു.

ഇങ്ങനെ മന്നത്തിന്റെയും ശങ്കറിന്റെയും ഹൈന്ദവരാഷ്ട്രീയ പ്രവർത്തനങ്ങൾ ശാന്തമായി മുന്നേറുന്നതിനിടയിൽ 1949 നവംബർ 26-ാം തീയതി മധ്യതിരുവിതാംകൂർ സ്റ്റേറ്റ് കമ്മിറ്റി തിരുവനന്തപുരത്ത് ചേർന്ന് ശങ്കറിനെയും മന്നത്തെയും ദേവസ്വം ബോർഡിൽ നിന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കുന്നതിന് കാരണമായിത്തീർന്ന ഒരു പ്രമേയം അവതരിപ്പിച്ചു. അധികം താമസിയാതെ ആലപ്പുഴയിൽ ചേർന്ന കോൺഗ്രസ്​ സമ്മേളനം ശങ്കറിനെയും മന്നത്തെയും കോൺഗ്രസിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രമേയം പാസ്സാക്കി.
ഭൂരഹിതരും കർഷക തൊഴിലാളികളും മറ്റു ദരിദ്രവിഭാഗങ്ങളുമടങ്ങുന്ന സാധാരണക്കാർ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ രാഷ്ട്രീയജീവിതത്തിലേക്കുള്ള മുന്നേറ്റം തുടരുന്ന കാലമായിരുന്നു അത്.

ആർ. ശങ്കർ / illustration by Devaprakash

സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിനെ എതിർത്തിരുന്ന ഭൂഉടമകളും കച്ചവടക്കാരും കരാറുകാരും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖദറിട്ട് കോൺഗ്രസായി മാറുന്നകാലം. അങ്ങനെ ജനകീയപിന്തുണ ശോഷിച്ചു വന്നതുമൂലം ദുർബലമായിത്തീർന്ന കോൺഗ്രസിനെ മന്നത്തിനോ ശങ്കറിനോ പേടിയുണ്ടായിരുന്നില്ല. ശങ്കറിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെതിരെ ഡെമോക്രാറ്റിക് കോൺഗ്രസ്​ എന്നൊരു പാർട്ടി രൂപീകരിക്കപ്പെട്ടു. പാർട്ടിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ആയിടക്കാണ് ശബരിമല ക്ഷേത്രം അഗ്നിക്കിരയായത്. അതു ക്രിസ്ത്യാനികൾ കരുതിക്കൂട്ടി ചെയ്ത ഒരു വർഗീയ പ്രതികാരമാണെന്ന ഹിന്ദുക്കളുടെ സംശയം ആളിക്കത്തിക്കാനും അതിൽ നിന്ന് ഊർജം സംഭരിക്കാനും ശങ്കറിന്റെയും മന്നത്തിന്റെയും ഹിന്ദുമഹാമണ്ഡലത്തിനും ഡെമോക്രാറ്റിക് കോൺഗ്രസിനും കഴിഞ്ഞു. ഈ അന്തരീക്ഷത്തിലാണ് എൻ. എസ്. എസും, എസ്.എൻ. ഡി. പിയും ലയിച്ച് ഒരു കേരളീയ ഹൈന്ദവപ്രസ്ഥാനമായി മാറുന്നതിനുള്ള തീരുമാനമുണ്ടാവുന്നത്. 1959 മെയിൽ കൊല്ലത്തുവച്ച് ചേർന്ന എസ്. എൻ. ഡി. പി യോഗത്തിന്റെ വാർഷികസമ്മേളനം എൻ. എസ്​. എസ്- എസ്​. എൻ. ഡി. പി ലയനപ്രമേയം പാസാക്കി. ഈ പ്രമേയം ശ്രീനാരായണന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശത്തെ ഒരു വിശാല ഹൈന്ദവസമുദായ ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനമായി വ്യാഖ്യാനിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. ഇങ്ങനെ മന്നത്തിന്റെയും ശങ്കറിന്റെയും നേതൃത്വത്തിലാണ് കേരളീയ സമൂഹത്തിൽ ഹിന്ദുവർഗീയവാദത്തിന്റെ വേരോട്ടം ശക്തമാകുന്നതിനുള്ള പശ്ചാത്തലം ഒരുക്കപ്പെട്ടത് എന്ന് നേരെ നോക്കിയാൽ കാണാവുന്നതേയുള്ളൂ.

എന്നാൽ, എൻ. എസ്. എസ് -എസ്. എൻ. ഡി. പി ലയനം നടക്കാതെ പോയതിന്റെയും ഡെമോക്രാറ്റിക് കോൺഗ്രസും ഹിന്ദുമണ്ഡലവും മുന്നോട്ടു പോകാഞ്ഞതിന്റെയും കാരണം കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് സംഭവിച്ചുകൊണ്ടിരുന്ന അപചയവും ഇടതുപക്ഷ രാഷ്ട്രീയത്തിന് ലഭിച്ചു കൊണ്ടിരുന്ന ജനപിന്തുണയും ഒത്തുചേർന്ന് സൃഷ്ടിച്ച ഒരു ധ്രുവീകരണമാണ് യഥാർത്ഥത്തിൽ ഇതിനു കാരണമായിത്തീർന്നത്. ആ ധ്രുവീകരണം സംഭവിച്ചത് ഇങ്ങനെയാണ്:

ഖദർ ധരിച്ച പണക്കാരുടെ പാർട്ടിയായി പരിണമിച്ചുകഴിഞ്ഞ കോൺഗ്രസിനെ മന്നത്തിന്റെയും ശങ്കറിന്റെയും ഹിന്ദുമഹാമണ്ഡലം പൂർണമായി വിഴുങ്ങി. എന്നാൽ 52ലെ തെരഞ്ഞെടുപ്പിൽ ഇങ്ങനെ രൂപാന്തരപ്പെട്ട കോൺഗ്രസ്സിനെ തിരു-കൊച്ചിയിലെ താഴെ തട്ടിലുള്ള ജനങ്ങൾ അവഗണിച്ചു.

1952ൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് വന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഖദറിട്ട ജന്മിമാരുടെയും കോൺട്രാക്ടർമാരുടെയും കച്ചവടക്കാരുടെയും പാർട്ടിയായി ശോഷിച്ചുകൊണ്ടിരുന്ന കോൺഗ്രസ് പാളയത്തിൽ അങ്കലാപ്പാരംഭിച്ചു. നെടുമങ്ങാട്, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കിട്ടിയ തിരിച്ചടിയോർത്ത് അവർ തെരഞ്ഞെടുപ്പിനെ ഭയന്നു. ഇങ്ങനെ സ്വന്തം ജനപിന്തുണയിൽ വിശ്വാസമില്ലാതായ കോൺഗ്രസ് ഒടുവിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ടി ശങ്കറിന്റെയും മന്നത്തിന്റെയും മുന്നിൽ മടങ്ങിച്ചെന്ന് മുട്ടുകുത്തി മാപ്പപേക്ഷിക്കാനും അവരെ കോൺഗ്രസിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിലെ ഈ നാണംകെട്ട സംഭവം അതിൽ നേരിട്ടു പങ്കെടുത്ത സി. നാരായണപിള്ള തന്നെ വിവരിക്കുന്നത് നോക്കുക: ‘‘കൊല്ലം കൊട്ടാരത്തിലാണ് കോൺഗ്രസിന്റെ പാർലമെന്ററി ബോർഡ് ആദ്യം സമ്മേളിച്ചത്. സന്ധിദൂതന്മാർ അതിനു മുമ്പുതന്നെ മന്നം- ശങ്കർമാരുമായി നടത്തിയ കൂടിയാലോചനകളിൽ ലയനപരിപാടിയെപ്പറ്റി ചില ഒത്തുതീർപ്പുകളുണ്ടാക്കിയിരുന്നു. ആത്മാഭിമാനരഹിതവും പൗരുഷശൂന്യവും കോൺഗ്രസിന്റെ അന്തസ്സിനെ കെടുത്തുന്നതുമായ ഈ നിശ്ചയത്തിനു വഴങ്ങുകയല്ലാതെ പാർലമെന്ററി ബോർഡിന് നിർവ്വാഹമുണ്ടായിരുന്നില്ല.''

1952-ലെ തെരഞ്ഞെടുപ്പ് പ്രചാരണം.

ഈ ലയനത്തിന്റെ അർത്ഥമെന്താണ്? മന്നത്തിന്റെയും ശങ്കറിന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട ഹിന്ദുവർഗീയ സാംസ്കാരിക സംഘടനയായ ഹിന്ദു മഹാമണ്ഡലവും അതിന്റെ രാഷ്ട്രീയമുഖമായ ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടിയും തിരു- കൊച്ചി കോൺഗ്രസിൽ ലയിക്കുന്നു എന്നാണ് ഇതിനർത്ഥം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഖദർ ധരിച്ച പണക്കാരുടെ പാർട്ടിയായി പരിണമിച്ചുകഴിഞ്ഞ കോൺഗ്രസിനെ മന്നത്തിന്റെയും ശങ്കറിന്റെയും ഹിന്ദുമഹാമണ്ഡലം പൂർണമായി വിഴുങ്ങി. എന്നാൽ 52ലെ തെരഞ്ഞെടുപ്പിൽ ഇങ്ങനെ രൂപാന്തരപ്പെട്ട കോൺഗ്രസ്സിനെ തിരു-കൊച്ചിയിലെ താഴെ തട്ടിലുള്ള ജനങ്ങൾ അവഗണിച്ചു. 108 ൽ 46 സീറ്റുമാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. തമിഴ്‌നാട് കോൺഗ്രസ്സിനെ കൂട്ടുപിടിച്ചാണ് പിന്നീട് അല്പായുസ്സായ ഒരു മന്ത്രിസഭ കോൺഗ്രസിന് രൂപീകരിക്കാൻ കഴിഞ്ഞത്.
ഇങ്ങനെ ദേശീയതയുടെയും ജനാധിപത്യത്തിന്റെയും പാരമ്പര്യങ്ങൾ കൈവിട്ട ഒരു കോൺഗ്രസിന്റെ നേതാവെന്ന നിലയിലാണ് മന്നത്തോടൊപ്പം വിമോചനസമരത്തിന്റെ നേതൃത്വം ആർ. ശങ്കർ ഏറ്റെടുത്തത്.

ഹിന്ദുമഹാമണ്ഡലത്തിന്റെയും ഡമോക്രാറ്റിക് കോൺഗ്രസിന്റെയും തിരു- കൊച്ചി കോൺഗ്രസിലേക്കുള്ള ലയനം ശങ്കറിന്റെയും മന്നത്തിന്റെയും ഹിന്ദുമഹാമണ്ഡലസ്വപ്നങ്ങൾക്ക് ലഭിച്ച ഒരു രാഷ്ട്രീയ അംഗീകാരമായിരുന്നു. കോൺഗ്രസിൽ നിലനിന്നിരുന്ന ക്രിസ്ത്യൻ സ്വാധീനത്തോട് ആദ്യം മുതല്‌ക്കേ അസഹിഷ്ണുത ഉണ്ടായിരുന്ന ശങ്കറും മന്നവും വിമോചനസമരത്തിനു തൊട്ടുമുൻപും ആർ. എസ്. എസിനോട് ബന്ധപ്പെട്ട് ഹിന്ദു മഹാസഭയെന്ന ആശയം സജീവമായി തന്നെ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഹിന്ദുവർഗ്ഗീയവാദത്തിന്റെ വളർന്നുകൊണ്ടിരുന്ന ഭീഷണിയേക്കാൾ സ്വാതന്ത്ര്യലബ്ധിയുടെ ഗുണഭോക്താക്കളായി മാറിയ കായൽരാജാക്കന്മാരും തോട്ടമുടമകളും ആയ ക്രിസ്ത്യാനികളും ക്രിസ്തുമതനേതൃത്വവും തങ്ങളുടെ നിലനിൽപ്പിന് അപകടകാരിയായി കണ്ടത് കമ്യൂണിസത്തെയാണ്.

1958 ലെ, മന്നത്തിന്റെ ചില ഡയറിക്കുറിപ്പുകൾ അവർ നടത്തിക്കൊണ്ടിരുന്ന ഹിന്ദുവർഗീയ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. 1958 മാർച്ച് 14-ാം തീയതി മന്നം തന്റെ ഡയറിയിൽ ഇങ്ങനെ കുറിക്കുന്നു: ‘‘19-ാം തീയതി കൂടാൻ വിചാരിക്കുന്ന ഹൈന്ദവസഭയിൽ ആലോചിക്കാനുള്ള ഹിന്ദുമഹാസഭയെപ്പറ്റിയും ദേവസ്വം ബോർഡ് നിയമപരിഷ്‌കാരത്തിനുള്ള വ്യവസ്ഥയെപ്പറ്റിയും ആലോചിച്ചു.''

‘‘18-ാം തീയതി തിരുവനന്തപുരത്ത് ഹൈന്ദവസമ്മേളനം ആലോചന. 10 മണിക്ക് കമ്മിറ്റികൂടി. അഖില കേരള ഹൈന്ദവസമാജം സ്ഥാപിക്കണമെന്ന് തീരുമാനിച്ചു.''

മെയ് 13-ാം തീയതി ഗോൾവാൾക്കർക്ക് എറണാകുളത്ത് കൊടുത്ത സ്വീകരണയോഗത്തിൽ അധ്യക്ഷൻ മന്നമായിരുന്നു. അന്ന് ഡയറിയിൽ ഇങ്ങനെ കുറിച്ചു: ‘‘13-ാം തീയതി ഗോൾവാൾക്കറുടെ സ്വീകരണയോഗം. ഞാൻ അദ്ധ്യക്ഷൻ. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് വിമാനത്തിൽ രണ്ടു മണിക്ക് മുൻപെത്തി. അവിടെ നിന്ന് കാറിൽ എന്നെ പ്രഭുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഗുരുജിയുമൊരുമിച്ച് ടി. ഡി. ഹാളിലെത്തി. അവിടത്തെ ചടങ്ങിൽ പങ്കുകൊണ്ടു. 5 മണിക്ക് ആർ. എസ്. എസിന്റെ പൊതുയോഗം എന്റെ അദ്ധ്യക്ഷതയിൽ കൂടി. ഞാനും ഗുരുജിയും പ്രസംഗിച്ചു. രാത്രി 8 മണിക്ക് അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു.''

എന്നാൽ ഹിന്ദുവർഗ്ഗീയവാദത്തിന്റെ വളർന്നുകൊണ്ടിരുന്ന ഭീഷണിയേക്കാൾ സ്വാതന്ത്ര്യലബ്ധിയുടെ ഗുണഭോക്താക്കളായി മാറിയ കായൽരാജാക്കന്മാരും തോട്ടമുടമകളും ആയ ക്രിസ്ത്യാനികളും ക്രിസ്തുമതനേതൃത്വവും തങ്ങളുടെ നിലനിൽപ്പിന് അപകടകാരിയായി കണ്ടത് കമ്യൂണിസത്തെയാണ്. അതുകൊണ്ടാണ് കോൺഗ്രസിനുള്ളിലും പുറത്തും ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ഹിന്ദുമഹാസഭയുടെ നേതൃത്വവുമായി സമ്പന്ന കത്തോലിക്കരും സഭയും വിമോചനസമരത്തിൽ കൈകോർക്കാൻ ഒരുമ്പെട്ടത്.

എം.എസ്. ഗോൾവാൾക്കർ / Photo: golwalkarguruji.org

യഥാർത്ഥത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിനെ ഏറ്റവും അധികം ഭയപ്പെട്ടതും അതിനെ തകർക്കുന്നതിന് ആരുമായും കൂട്ടുകൂടാനും ഏതതിരുവരെ പോകാനും തയ്യാറായിരുന്നതും ഇവിടുത്തെ സാമുദായിക ന്യൂനപക്ഷ ബഹുജനങ്ങളായിരുന്നില്ല. അതിന് മുന്നിട്ടിറങ്ങിയത് എല്ലാ ജാതിയിലും മതത്തിലും പെട്ട പരിധിയിൽകവിഞ്ഞ ഭൂസ്വത്തുള്ള സമ്പന്നവിഭാഗമായിരുന്നു.
കമ്യൂണിസ്റ്റ് ഗവൺമെൻറ്​ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ ഉത്തരവുകളിലൊന്ന് കുടിയൊഴിപ്പിക്കൽ നിരോധന ഉത്തരവായിരുന്നു. ഭൂനയബില്ലിനു മുന്നോടിയായി വന്ന ഈ ഉത്തരവിന്റെ പ്രാധാന്യം, അത് കൊളോണിയൽ കാലം മുതൽ പറയരും പുലയരും ദരിദ്രഈഴവരും മറ്റുമടങ്ങുന്ന സ്വന്തമായി കൂരവെക്കാൻ ഒരു തുണ്ടു മണ്ണില്ലാത്ത പാവങ്ങൾ അനുഭവിച്ചുപോന്ന ഭൂസ്വാമിമാരുടെ പീഡനത്തിന് അന്ത്യം കുറിച്ചു എന്നതാണ്. വയൽവരമ്പുകളിലും മറ്റും കുടിൽ കെട്ടിപാർത്തിരുന്നവരെ ജന്മിമാരുടെ ഗുണ്ടകൾ കുടിയിറക്കിവിടുന്ന സംഭവങ്ങൾ അരനൂറ്റാണ്ടിനുമുമ്പ് തിരുവിതാംകൂറിൽ സർവ്വസാധാരണമായിരുന്നു. പറയരെയും പുലയരെയും മറ്റും ഭൂ ഉടമകൾ മനുഷ്യരായി കരുതിയിരുന്നില്ല എന്നതാണ് അതിനുകാരണം. കുട്ടനാട്ടിലെ വിസ്തൃതമായ കായൽ നിലങ്ങൾ സ്വന്തം ചോരയും വിയർപ്പും കൊണ്ട് നിർമിച്ച പുലയരെ ആ കായലുകളുടെ വരമ്പുറക്കാൻ വേണ്ടി ജീവനോടെ കുഴിച്ചിടുന്നതും ഭൂഉടമകളുടെ ആകൾ വേണ്ടവണ്ണം അനുസരിക്കാത്തവരെ തല്ലിക്കൊന്ന് ആഴക്കായലിൽ കല്ലുകെട്ടി താഴ്ത്തുന്നതും ഒന്നും കെട്ടുകഥകളായിരുന്നില്ല. ചങ്ങമ്പുഴയുടെ വാഴക്കുല മുതൽ തകഴിയുടെയും കേശവദേവിന്റെയും രചനകൾ തുടങ്ങി ജോൺ എബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ വരെയുള്ള കലാസൃഷ്ടികൾ ഇത്തരമൊരു ജീവിതസാഹചര്യത്തിന്റെ നിത്യസാക്ഷ്യങ്ങളാണ്.

'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ'ൽ അടൂർ ഭാസി

ഭൂമി ആധുനികസ്വകാര്യസ്വത്തായ കൊളോണിയൽ വാഴ്ചക്കാലം മുതൽ തുടർന്നുവന്ന മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ ഈ ഭൂ ഉടമാ മേധാവിത്വത്തിന്റെ ശിരസ്സിൽ പതിച്ച ആദ്യത്തെ അടിയായിരുന്നു കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കുടിയൊഴിക്കൽ നിരോധന ഉത്തരവ്. ഇതിനെത്തുടർന്ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ഭൂപരിഷ്‌കരണ ബില്ലായിരുന്നു തിരുവിതാംകൂറിലെ ഭൂസ്വാമിമാരെയും മലബാറിലെ ജന്മിമാരെയും വിറളി പിടിപ്പിച്ചത്. കൊളോണിയൽ കാലം മുതൽക്കേ തുടർന്നു വന്ന ജന്മി- കുടിയാൻ സംഘർഷങ്ങൾക്ക് വിരാമമിടുന്ന, ആധുനികജനാധിപത്യ മൂല്യങ്ങളെ പ്രത്യക്ഷത്തിൽ സാക്ഷാൽക്കരിക്കുന്ന ഒരു നിയമനിർമ്മാണമായിരുന്നു അത്. തെരഞ്ഞെടുപ്പും വോട്ടിങ്ങും മാത്രമല്ല ജനാധിപത്യം എന്നറിയുന്നവരെ സംബന്ധിച്ചിടത്തോളം ആധുനിക ജനാധിപത്യ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഇന്നും അതു നിലകൊള്ളുന്നു. സ്വാതന്ത്ര്യം കിട്ടി അറുപതുകൊല്ലം കഴിഞ്ഞിട്ടും ലോകത്തിലെ ഏറ്റവുമധികം ദരിദ്രകർഷകരും ഗ്രാമീണരുള്ള ഒരു രാജ്യമായിത്തന്നെ ഇന്ത്യ തുടരുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യലബ്ധിയുടെ തുടക്കത്തിൽ തന്നെ ഭൂരഹിതരുടെയും ദരിദ്രകൃഷിക്കാരുടെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രൂപം കൊണ്ട ഈ ബില്ലിന്റെ വിപ്ലവസ്വഭാവം ചരിത്രബോധമുള്ള ആർക്കാണ് തള്ളിക്കളയാൻ ആവുക.

ഭൂനയ ബില്ലിനെതിരെ കായൽ രാജാക്കന്മാരുടെയും വൻജന്മിമാരുടെയും നേതൃത്വത്തിൽ നടന്ന പ്രചാരവേലകളിൽ ഉന്നയിക്കപ്പെട്ട പ്രധാനവാദം അത് സ്വകാര്യസ്വത്തവകാശത്തെത്തന്നെ കടന്നാക്രമിക്കുന്ന ഒരു നിയമമാണ് എന്നതായിരുന്നു. ചെറുകിട ഭൂഉടമസ്ഥന്മാരെകൂടി തങ്ങളോടൊപ്പം നിർത്താൻ വേണ്ടിയാണ് ഭൂസ്വാമിമാർ ഇത്തരം ഒരു പേടി പരത്താൻ ശ്രമിച്ചത്. ഭൂമി തന്നെ ഇല്ലാത്തവർക്ക് കൂര വെക്കാനുള്ള അവകാശത്തിനുവേണ്ടി വാദിച്ച കമ്യൂണിസ്റ്റുകാരെക്കുറിച്ച് കേരളത്തിൽ വൻ ഭൂഉടമകൾ വളരെ നേരത്തെ തന്നെ ഇത്തരം ഒരു പ്രചാരണം ആരംഭിച്ചുകഴിഞ്ഞിരുന്നു. അതിലൊന്നായിരുന്നു തിരുവിതാംകൂറിൽ കായൽ രാജാക്കന്മാർ പ്രചരിപ്പിച്ച പതിമൂന്നര സെൻറ്​ സിദ്ധാന്തം. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ഭൂമി മുഴുവൻ തുല്യമായി വിതരണം ചെയ്യുമെന്നും അങ്ങനെയെങ്കിൽ തിരുവിതാംകൂറിലെ മൊത്തം ഭൂവിസ്തൃതിയെ ജനസംഖ്യകൊണ്ട് ഭാഗിച്ചാൽ ഓരോ ആൾക്കും കിട്ടുക 13.5 സെൻറ്​ ഭൂമിയായിരിക്കും എന്നതായിരുന്നു ആ സിദ്ധാന്തം.

കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ആദ്യ ഓർഡിനൻസുകളിൽ ഒന്ന് തൊഴിൽപ്രശ്‌നങ്ങളിൽ പോലീസ് നേരിട്ട് ഇടപെടുന്നതിനെ തടഞ്ഞുകൊണ്ടുള്ളതായിരുന്നു.

ഇടത്തരക്കാരായ ചെറുകിട ഭൂഉടമകളെകൂടി ഇങ്ങനെ പേടിപ്പിക്കുന്നതിലൂടെ അവരെ തങ്ങൾക്കുചുറ്റും നിർത്തുക കായൽ രാജാക്കന്മാരുടെയും തോടുടമകളുടെയും ആവശ്യമായിരുന്നു. അവരാണ് കമ്യൂണിസ്റ്റ് ഗവൺമെന്റിനെ യഥാർത്ഥത്തിൽ ഭയപ്പെട്ടത്. ഭൂപരിഷ്‌കരണബില്ലിനു മുമ്പുതന്നെ കമ്യൂണിസ്റ്റ് ഗവൺമെൻറ്​ വിദേശികളുടെ തോട്ടങ്ങൾ ദേശസാൽക്കരിക്കുന്നതിനുള്ള ഒരു നീക്കം നടത്തിയിരുന്നു. കേന്ദ്രഗവൺമെൻറ്​ തുടക്കത്തിൽ തന്നെ അതിന് എതിർവാദം ഉന്നയിച്ചതുകൊണ്ട് അതു നടന്നില്ല. എന്നാൽ ആ നീക്കം കേരളത്തിലെ തോട്ടം ഉടമകളേയും പരിഭ്രാന്തിയിലാഴ്ത്തി.

അതുപോലെതന്നെ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ആദ്യ ഓർഡിനൻസുകളിൽ ഒന്ന് തൊഴിൽപ്രശ്‌നങ്ങളിൽ പോലീസ് നേരിട്ട് ഇടപെടുന്നതിനെ തടഞ്ഞുകൊണ്ടുള്ളതായിരുന്നു. തൊഴിൽ പ്രശ്‌നങ്ങളിൽ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിക്കുന്ന രീതി അന്ന് സർവ്വസാധാരണമായിരുന്നു. തിരുവിതാംകൂറിലെ പല കായൽ രാജാക്കന്മാർക്കും ജന്മികൾക്കും സ്വന്തമായി ഉണ്ടായിരുന്ന ഗുണ്ടാപ്പടയുടെ ചെയ്തികൾ കുപ്രസിദ്ധമാണ്.

1957-ലെ ഇ.എം.എസ്. സർക്കാരിലെ മന്ത്രിമാർ / Photo: Wikimedia Commons

ഇങ്ങനെ കേരളത്തിലെ എല്ലാ ജാതികളിലും മതങ്ങളിലും പെട്ട കായൽ രാജാക്കന്മാരും തോട്ടം ഉടമകളും ജന്മികളും അടങ്ങുന്ന ഭൂപ്രഭുക്കന്മാർ അഭിമുഖീകരിച്ച അടിയന്തിര ആവശ്യമായിരുന്നു കമ്യൂണിസ്റ്റ് ഗവൺമെന്റിനെ താഴെ ഇറക്കുക എന്നത്. ഭൂപരിധിനിർണയവും കുടിയിറക്കുനിരോധനവും മറ്റുമടങ്ങുന്ന ദരിദ്രലക്ഷങ്ങൾക്ക് രക്ഷയായ നിയമങ്ങളുടെ പേരിൽ സമരം നടത്താൻ ജനങ്ങളെ കിട്ടില്ല എന്നവർക്കറിയാമായിരുന്നു. അങ്ങനെയാണ് സാധാരണ ജനങ്ങളെ അവരുടെ ലക്ഷ്യങ്ങൾക്കെതിരെ തന്നെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന, സ്വയം അടിച്ചമർത്തലിനെ വിമോചനമായി എണ്ണുന്ന ഫാസിസ്റ്റ് മനഃശാസ്ത്രത്തിന്റെ നിഷേധാത്മകതയെ എല്ലാ പ്രതിലോമകാരികളെയും പോലെ അവരും സമരോപാധിയാക്കാൻ തീരുമാനിച്ചത്. അങ്ങനെ ന്യൂനപക്ഷ-ഭൂരിപക്ഷമതങ്ങളും പിന്നാക്ക- മുന്നാക്ക ജാതികളും കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയിൽ ഒത്തുചേരുവാൻ ആഹ്വാനം ചെയ്യപ്പെട്ടു. ആ കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയെ സംബന്ധിച്ചിടത്തോളം ബഹുഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ മതവിശ്വാസികളുടെയോ പിന്നാക്ക ജാതികളുടെയോ യഥാർത്ഥമായ അവകാശങ്ങളോട് ബന്ധപ്പെട്ട ഒരു പ്രശ്‌നവും പ്രസക്തമായിരുന്നില്ല. അതുകൊണ്ടാണല്ലോ സി. പി.യുടെ കൂടെ ക്രിസ്ത്യാനിവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ച നായർ- ഈഴവ നേതൃത്വങ്ങളോട് കമ്യൂണിസ്റ്റ് ഭൂതത്തെ ചൊല്ലി ക്രിസ്തുമത മേധാവികൾക്ക് അനായാസം കൂട്ടുചേരാൻ കഴിഞ്ഞത്.

വിൽഹെം റീഹ്

അങ്ങനെ ന്യൂനപക്ഷങ്ങളുടെയും കീഴ്ജാതിക്കാരുടെയും മതപരവും ജാതിപരവും സാമ്പത്തികവുമായ യഥാർത്ഥ താത്പര്യങ്ങൾക്ക് വിരുദ്ധമായി, സവർണ- അവർണ ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നരുടെ താത്പര്യങ്ങൾക്ക് വേണ്ടി അണിനിരത്തപ്പെട്ട, കൂരവച്ചുകെട്ടാൻ ഒരു തുണ്ടുഭൂമി പോലുമില്ലാത്ത, എല്ലാ ജാതി- മതവിഭാഗങ്ങളിലും പെട്ട ഒട്ടേറെ പാവങ്ങളെക്കൊണ്ട്, മണ്ണിൽ പണിയെടുക്കുന്നതിന് ഭൂമിയിന്മേലുള്ള മനുഷ്യരുടെ അവകാശത്തെ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പ്രഖ്യാപിക്കുന്ന ചരിത്രരേഖയായ ഭൂനയബില്ലിനെതിരെ മുദ്രാവാക്യം വിളിപ്പിക്കാൻ ഈ കമ്യൂണിസ്റ്റ് വിരുദ്ധർക്ക് കഴിഞ്ഞു. ഭൂമിയില്ലാത്ത നായരും ഈഴവനും ക്രിസ്ത്യാനിയും ‘ഭൂനയബില്ല് അറബിക്കടലിൽ' എന്നു വിളിച്ചു. പാവപ്പെട്ട നായർ താനും ജന്മിയാണെന്ന് ഭാവിച്ച് ആ മുദ്രാവാക്യം മറ്റുള്ളവർക്ക് വിളിച്ചുകൊടുത്തു. വിമോചനസമരത്തിൽ പ്രവർത്തിച്ച ഈ സ്വയം അമർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്ന ആത്മനിഷേധത്തിന്റെ മനഃശാസ്ത്രപരമായ പൊരുൾ എന്തെന്ന് തിരിച്ചറിയാൻ ഫാസിസത്തിന്റെ മനഃശാസ്ത്ര​ത്തെക്കുറിച്ച് വിൽഹെം റീഹ് മുതൽ മീഷേൽ ഫൂക്കോ വരെയുള്ളവർ നടത്തിയ കണ്ടെത്തലിന്റെ വെളിച്ചത്തിൽ ഇന്ന് നമുക്ക് പ്രയാസമില്ല.

മിഷേൽ ഫൂക്കോ

വിദ്യാഭ്യാസ ബിൽ

എന്നാൽ ആത്മനിഷേധത്തിന്റെ ഈ നൈതികാവസ്ഥ സൃഷ്ടിക്കുന്നതിൽ ഏറ്റവും ശക്തമായ ഉപാധിയായിത്തീർന്നത് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബിൽ ആണ്. കേരളത്തിലെ അധ്യാപകസമൂഹത്തെ പട്ടിണിയിൽ നിന്ന് കരകയറ്റുകയും വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ അവരുടെ ആത്മാഭിമാനം ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു വിദ്യാഭ്യാസബില്ലിന്റെ പ്രധാനലക്ഷ്യം.

കേരളത്തിലെ സ്കൂളുകളിൽ 50 ശതമാനത്തിലധികം കത്തോലിക്കർ അടക്കമുള്ള പ്രൈവറ്റ് ഏജൻസികളാണ് നടത്തിയിരുന്നത്. ഈ സ്വകാര്യ സ്കൂളുകളുടെ മാനേജർമാർ സ്വന്തം ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം കൈകാര്യം ചെയ്യുന്ന രീതിയിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് സ്കൂൾ ഭരണം നടത്തിവന്നത്. അധ്യാപകരുടെ ശമ്പളം ഗവൺമെൻറ്​ ട്രഷറിയിൽ നിന്ന് വാങ്ങി വിതരണം ചെയ്യാനുള്ള അധികാരം മാനേജർക്കായിരുന്നു. ഈ അധികാരം മുതലെടുത്തു കൊണ്ടാണ് മാനേജർമാർ അധ്യാപകരെ പീഡിപ്പിച്ചത്. മാനേജർ കൊടുക്കുന്ന തുച്ഛമായ ശമ്പളം പറ്റിക്കൊണ്ട് പട്ടിണിയും യാതനയുമായി കഴിയുന്ന ഒരു വിഭാഗമായി അധ്യാപക സമൂഹം മാറി.

ജോലിയുള്ളപ്പോൾ മാനേജർ കൊടുക്കുന്ന കൂലികൊണ്ട് ജീവിക്കാൻ തന്നെ ബുദ്ധിമുട്ടിയ അധ്യാപകർക്ക് വെക്കേഷൻ കാലത്ത് മിക്ക സ്കൂളുകളിലും ശമ്പളം തന്നെ കൊടുത്തിരുന്നില്ല. ഇതിനെക്കുറിച്ചൊന്നും ചോദിക്കാനും പറയാനും ആരുമുണ്ടായിരുന്നില്ല.

ന്യൂനപക്ഷാവകാശത്തിൽ മറ്റുള്ളവരുടെ ഏതവകാശത്തെയും ധ്വംസിക്കാനുള്ള അവകാശവും അടങ്ങിയിരിക്കുന്നു എന്നു വാദിക്കുന്നത് ന്യൂനപക്ഷം എന്നത് ഒരു പ്രതിലോമരാഷ്ട്രീയ ശക്തിയായി പരിണമിക്കുമ്പോഴാണ്.

കേരളത്തിലെ അധ്യാപക ജീവിതത്തിന്റെ ഈ ദയനീയാവസ്ഥ മലയാള സാഹിത്യത്തിൽ ഒരു പ്രധാന പ്രതിപാദ്യമായി തീരത്തക്കവിധം രൂക്ഷമായിരുന്നു എന്ന് നാമോർക്കണം. വിശപ്പ് സഹിക്കവയ്യാതെ വിദ്യാർത്ഥിയുടെ പൊതിച്ചോറ് മോഷ്ടിച്ചു തിന്നേണ്ടിവരുന്ന വിധം ദാരിദ്യ്രത്തിൽ പെട്ടുഴലുന്ന, പൊതിമോഷണം കണ്ടുപിടിക്കപ്പെടുമ്പോൾ ആത്മാഭിമാനം പാടെ തകർന്നു പിടയുന്ന കാരൂർ കഥകളിലെ അധ്യാപകൻ, കേരളത്തിൽ ജീവിച്ചിരുന്ന ആയിരക്കണക്കായ അധ്യാപകരുടെ ജീവിതത്തിൽ നിന്ന് രൂപപ്പെട്ടവനാണ്.
കാരൂരിന്റെയും ചെറുകാടിന്റെയും അതുപോലെ മറ്റുപലരുടെയും കഥകളിലൂടെ ഇന്ന് നാം അറിയുന്ന അധ്യാപകരുടെ ജീവിതം അടിയന്തര പരിഹാരം അർഹിക്കുന്ന ഒരു പ്രശ്‌നമായിരുന്നു. ആ പ്രശ്‌നത്തിനുള്ള പരിഹാരമായിരുന്നു പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി കേരള നിയമസഭയിൽ അവതരിപ്പിച്ച വിദ്യാഭ്യാസബില്ല്.

ഇങ്ങനെ അധ്യാപകസമൂഹത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ പോന്ന ഒരു ജനാധിപത്യനിയമത്തെ ന്യൂനപക്ഷാവകാശധ്വംസനമായി കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി ഉയർത്തിക്കാട്ടി. ഒരു ജനാധിപത്യസമൂഹത്തിൽ അടിമവേല ചെയ്യിക്കാനും പീഡിപ്പിക്കാനുമുള്ള അവകാശം ഒരു ന്യൂനപക്ഷത്തിനുമില്ല. ന്യൂനപക്ഷാവകാശത്തിൽ മറ്റുള്ളവരുടെ ഏതവകാശത്തെയും ധ്വംസിക്കാനുള്ള അവകാശവും അടങ്ങിയിരിക്കുന്നു എന്നു വാദിക്കുന്നത് ന്യൂനപക്ഷം എന്നത് ഒരു പ്രതിലോമരാഷ്ട്രീയ ശക്തിയായി പരിണമിക്കുമ്പോഴാണ്.

വിമോചന സമരകാലത്തെ ഒരു ജാഥ. / Photo : Fb Page, Joseph Thumpassery.

എന്നാൽ വിമോചനസമരത്തിന് നേതൃത്വം കൊടുത്ത കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി വിദ്യാഭ്യാസബില്ലിനെ കേരളത്തിലെ ക്രൈസ്​തവരുടെ ന്യൂനപക്ഷാവകാശ ധ്വംസനത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടുന്നതിൽ വിജയിച്ചു. ഒരു തുണ്ടുഭൂമിയില്ലാത്ത നായരും താൻ നായരായതുകൊണ്ടുതന്നെ ജന്മിക്കു സമനാണെന്നു കരുതി ‘ഭൂനയബില്ല് അറബിക്കടലിൽ’ എന്നു മുദ്രാവാക്യം വിളിച്ചതുപോലെ, പട്ടിണിക്കാരായ അധ്യാപകരും മതത്തിന്റെ പേരിൽ വിദ്യാഭ്യാസബില്ലിനെതിരായ മുറവിളിയിൽ പങ്കുചേരാൻ പോന്നവിധം ധാർമ്മികമായി ക്ഷയിച്ച ഒരു ജീവിതാന്തരീക്ഷം സൃഷ്ടിക്കാൻ വിമോചനസമരനേതൃത്വത്തിന് കഴിഞ്ഞു.

അങ്ങനെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷവിരുദ്ധന്മാരും ഒരു ന്യൂനപക്ഷമതവിഭാഗത്തിന്റെ നേതൃത്വവും ചേർന്നുണ്ടാക്കിയ അവിഹിതമായ ഒരു കൂട്ടുകെട്ടിന്റെ സന്തതിയായിരുന്നു വിമോചനസമരം എന്നു കണ്ടെത്താൻ കമ്യൂണിസ്റ്റ് വിരുദ്ധർക്കല്ലാതെ മറ്റാർക്കും പ്രയാസമുണ്ടാവില്ല. കാരണം ഈ കൂട്ടുകെട്ടിനെ അംഗീകരിക്കാൻ അന്ന് ജനാധിപത്യവാദികളായ കോൺഗ്രസുകാർക്കുപോലും കഴിഞ്ഞിരുന്നില്ല എന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. എന്നിട്ടാണ് കേരളത്തിൽ നടന്ന ഏറ്റവും മഹത്തായ ഒരു ജനാധിപത്യ സമരത്തിന്റെ മാതൃകയായി ഇപ്പോൾ ആ വസ്തുതകളെയൊക്കെക്കുറിച്ചുള്ള മറവികളുടെ അനുഗ്രഹത്തിൽ ഉറക്കെ സ്തുതിക്കുന്നതിന് ചിലർ മുന്നോട്ടുവന്നിരിക്കുന്നത്.

കെ. പി. സി. സിയുടെ നിയന്ത്രണം പൂർണമായും തന്റെ കൈകളിൽ വന്നതോടെ കോൺഗ്രസിലെ ഇടതുപക്ഷ ജനാധിപത്യവാദികളെ മുഴുവൻ നിശ്ശബ്ദരാക്കാനും കോൺഗ്രസ് സംഘടനയെ വർഗീയവാദികളുടെ കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയിലേക്ക് താഴ്ത്തിക്കെട്ടാനും ശങ്കറിനു കഴിഞ്ഞു.

അതുകൊണ്ട് ആ മറന്നുപോയ ചില വസ്തുതകൾ ഓർമിപ്പിക്കുകയാണ്. കമ്യൂണിസ്റ്റു ഗവൺമെന്റിനോടുള്ള കേരളത്തിലെ കോൺഗ്രസ് സംഘടനകളുടെ സമീപനം തുടക്കത്തിൽ എന്തായിരുന്നു? സി. കെ. ഗോവിന്ദൻ നായരെ പോലെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ പലരും കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുടെ വിധ്വംസക പ്രവർത്തനങ്ങളോട് യോജിപ്പുള്ളവരായിരുന്നില്ല. 1959 ഏപ്രിൽ മൂന്നാം തീയതി ആർ. ശങ്കർ കെ. പി. സി. സി പ്രസിഡൻറ്​ പദം കരസ്ഥമാക്കുന്നതുവരെ കോൺഗ്രസ് ഒരു സംഘടനയെന്ന നിലയിൽ വിമോചനസമരത്തിൽ പങ്കെടുത്തിരുന്നില്ല. അതുവരെ ഹിന്ദുമഹാമണ്ഡലത്തിന്റെ (അല്ലെങ്കിൽ എസ്. എൻ. ഡി. പി. - എൻ. എസ്. എസ് നേതാക്കന്മാർ എന്ന നിലയിൽ മന്നത്തിന്റെയും ശങ്കറിന്റെയും) അനുയായികളും കത്തോലിക്കരും മാത്രമായിരുന്നു വിമോചന സമരത്തിന്റെ ആൾക്കാർ. കെ. പി. സി. സിയുടെ നിയന്ത്രണം പൂർണമായും തന്റെ കൈകളിൽ വന്നതോടെ കോൺഗ്രസിലെ ഇടതുപക്ഷ ജനാധിപത്യവാദികളെ മുഴുവൻ നിശ്ശബ്ദരാക്കാനും കോൺഗ്രസ് സംഘടനയെ വർഗീയവാദികളുടെ കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയിലേക്ക് താഴ്ത്തിക്കെട്ടാനും ശങ്കറിനു കഴിഞ്ഞു.
കോൺഗ്രസിനെ ഈ വിധം ജനാധിപത്യ വിരുദ്ധശക്തികളുടെ ചട്ടുകമാക്കുന്ന ശങ്കറിന്റെ പ്രവർത്തനത്തെ ഏറ്റവും അധികം എതിർത്തതും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചതും ജവഹർലാൽ നെഹ്രു തന്നെയാണ്.

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ഇം.എം.എസും ഗൗരിയമ്മയും (1958 )

വിമോചനസമരം അവസാനിക്കാറായ ദിവസങ്ങളിൽ പോലും കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ ഓർമ്മിപ്പിച്ചുകൊണ്ട് ശങ്കറിനെ പിന്തിരിപ്പിക്കാൻ നെഹ്രു ശ്രമിച്ചിരുന്നു. 1959 ജൂലൈ രണ്ടാം തീയതി നെഹ്രു തന്റെ ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് ശങ്കറിന് ഒരു സ്വകാര്യ കത്തെഴുതി. അതിങ്ങനെയാണ്:

എന്റെ പ്രിയപ്പെട്ട ശങ്കർ,
വിദ്യാഭ്യാസനിയമം സംബന്ധിച്ച് ശ്രീ. മന്നത്ത് പത്മനാഭൻ പ്രത്യക്ഷത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട് എനിക്ക് മനസ്സിലാക്കാനോ വിലമതിക്കാനോ കഴിയുന്നില്ല. നിങ്ങൾ സംസ്ഥാന ഗവൺമെന്റുമായി ചർച്ചയിൽ ഏർപ്പെടുന്നതിന് മുമ്പ് വിദ്യാഭ്യാസനിയമം പാടെ നിർത്തിവെക്കണമെന്ന് പറയുന്നത് ഉത്തരവാദിത്വബോധമുള്ളവർ സ്വീകരിക്കേണ്ടുന്ന ഒരു നിലപാടാണെന്ന് തോന്നുന്നില്ല. ആ നിയമത്തിലുള്ളതു മുഴുവനും എതിർക്കപ്പെടേണ്ടതും വിവാദപരവുമായ കാര്യങ്ങളാണെന്ന് പറയാൻ ആർക്കും സാധ്യമല്ല. ആകയാൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ആ നിയമത്തിലെ വിവാദപരമായ വകുപ്പുകൾ നടപ്പിൽ വരുത്തരുതെന്ന് പറയുകയാവും ശരി. പ്രസ്തുത നിയമം നടപ്പിൽ വരുന്നതിനെ ഒന്നോടെ നിർത്തിവെപ്പിക്കാനുള്ള ശ്രമം ജനരോഷത്തെ ക്ഷണിച്ചുവരുത്തുമെന്ന് ഞാൻ ബലമായി വിശ്വസിക്കുന്നു. പ്രത്യേകിച്ചും അത് അധ്യാപകരുടെ ഇടയിൽ വല്ലാത്ത വിദ്വേഷം ഉളവാക്കുമെന്നു മാത്രമല്ല, മറ്റുതരത്തിലും തിരിച്ചടിക്ക് കാരണമാകുമെന്നും പറയേണ്ടിയിരിക്കുന്നു.
കേരള സംസ്ഥാന രൂപീകരണത്തിനുമുമ്പ് മലബാർ ഭാഗത്ത് അധ്യാപകർക്ക് നേരിട്ടു ശമ്പളം നൽകുകയായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ. വിദ്യാഭ്യാസനിയമം പാടെ നിർത്തിവെച്ചാൽ ഈ ഏർപ്പാടുപോലും നിന്നു പോവുകയും തൽഫലമായി കുഴപ്പമുണ്ടാകുകയും ചെയ്യും.
കേരളത്തിൽ ചില പാർട്ടികൾ പുറപ്പെടുവിക്കുന്ന പ്രസ്താവനകളുടെ സ്വഭാവം എന്നെ ഉത്കണ്ഠാകുലനാക്കുന്നതുകൊണ്ടാണ് ഞാൻ നിങ്ങൾക്ക് ഈ കത്തെഴുതുന്നത്. ആ പാർട്ടികളുമായി കോൺഗ്രസ് ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അവ വീശുന്ന കരിനിഴൽ കോൺഗ്രസിന്റെ മേലും പതിക്കും. ഈ സംഗതികളിലെല്ലാം നമ്മൾ വളരെ കരുതൽ ഉള്ളവരായിരിക്കണം.
മന്നത്ത് പത്മനാഭൻ കർഷകബന്ധനിയമത്തേയും എതിർക്കുന്നു. ഈ വക കാര്യങ്ങളെ സംബന്ധിച്ചും കോൺഗ്രസിനു നിഷ്‌ക്രിയമായൊരു തീരുമാനം സ്വീകരിക്കാനാവില്ല.
നാലഞ്ചുദിവസങ്ങൾക്കുള്ളിൽ ഞാൻ ഒരു പത്രസമ്മേളനം നടത്താൻ ഇടയുണ്ട്. അപ്പോൾ ഈ സംഗതികളെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ എന്റെ അഭിപ്രായം ഞാൻ വെളിപ്പെടുത്തിയേക്കും.
ആത്മാർത്ഥതയോടെ നിങ്ങളുടെ
ജവഹർലാൽ നെഹ്രു
(ഒപ്പ്)

കെ. പി. സി. സി പ്രസിഡന്റായ ശങ്കറിന് നെഹ്രു അയച്ച ഈ കത്ത് അതൊരു സ്വകാര്യകത്താണെന്ന യുക്തിയിന്മേൽ അദ്ദേഹം സ്വകാര്യമായിത്തന്നെ വച്ചു. വിമോചനസമരം കഴിയുന്നതുവരെ ഈ കത്ത് ശങ്കറിന്റെ മേശക്കുള്ളിൽ ഇരുന്ന് വീർപ്പുമുട്ടി എന്നാണ് അത് പ്രസിദ്ധീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു ജീവചരിത്രകാരൻ എഴുതുന്നത്.

മൊറാർജി ദേശായിയും, ശ്രീമന്നാരായണനും ധേബാറും പന്തും ഇന്ദിരാഗാന്ധിയും എല്ലാം അടങ്ങുന്ന വിഭാഗം തുടക്കം മുതൽക്കു തന്നെ ഇന്ത്യൻ മുതലാളിത്ത ഭരണകൂടത്തിന്റെ അഖിലേന്ത്യാ ഭരണകുത്തകക്ക് കേരളത്തിൽ നിന്നേറ്റ ആദ്യപ്രഹരത്തിന്റെ വേദന അനുഭവിക്കുന്നവരായിരുന്നു.

എന്നാൽ നെഹ്രു നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ ഭരണകൂടത്തിന് മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു. ഇന്ദ്രനും വരുണനും പോലെ, ക്ഷത്രിയനും ബ്രാണനും പോലെ, ചക്രവർത്തിയും പുരോഹിതനും പോലെ ഭരണകൂടം എന്ന പ്രതിഭാസത്തിന് എപ്പോഴും വിരുദ്ധസ്വഭാവങ്ങളായ രണ്ട് മുഖങ്ങളുണ്ട്. വല വീശിപ്പിടിക്കുന്നതിന്റെയും മയക്കി മെരുക്കിയെടുക്കുന്നതിന്റേതുമായ രണ്ടുമുഖങ്ങൾ. ഈ ഭരണകൂട നരവംശശാസ്ത്രപ്രകാരം നെഹ്രുവിനെതിരെ നിലകൊണ്ട വിഭാഗം ശങ്കറിനെ പിന്തുണച്ചു. മൊറാർജി ദേശായിയും, ശ്രീമന്നാരായണനും ധേബാറും പന്തും ഇന്ദിരാഗാന്ധിയും എല്ലാം അടങ്ങുന്ന വിഭാഗം തുടക്കം മുതൽക്കു തന്നെ ഇന്ത്യൻ മുതലാളിത്ത ഭരണകൂടത്തിന്റെ അഖിലേന്ത്യാ ഭരണകുത്തകക്ക് കേരളത്തിൽ നിന്നേറ്റ ആദ്യപ്രഹരത്തിന്റെ വേദന അനുഭവിക്കുന്നവരായിരുന്നു. നെഹ്രു ശങ്കറിനുള്ള കത്തിൽ പറയുന്നതുപോലെ വിദ്യാഭ്യാസബില്ലിന്റെയോ ഭൂനയബില്ലിന്റെയോ ഉള്ളടക്കമെന്തെന്ന് ശ്രദ്ധിക്കാതെ ജനവികാരങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ച വിമോചനസമരപ്രസ്ഥാനത്തിന് ഇവർ തുടക്കത്തിൽ രഹസ്യമായും ഒടുവിൽ, പരസ്യമായും പിന്തുണ പ്രഖ്യാപിച്ചു.
അങ്ങനെ ശങ്കറിനെ ഈ ജനാധിപത്യവിരുദ്ധ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നെഹ്രു കത്തെഴുതിയതിന്റെ ഇരുപത്തിയെട്ടാം ദിവസം, രാഷ്ട്രപതി ഇടപെട്ട് കേരളത്തിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിനെ പിരിച്ചുവിട്ടു.


അനുബന്ധ കുറിപ്പുകൾ: 1. ബാലറ്റിലൂടെ കമ്യൂണിസ്റ്റുകാർ ഭരണത്തിൽ വരിക എന്നത് അഖിലേന്ത്യാതലത്തിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ഒരു രാഷ്ട്രീയസംഭവമായിരുന്നു. ശീതയുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അക്കാലത്ത് ഈ രാഷ്ട്രീയസംഭവത്തെ അമേരിക്ക അതർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുത്തിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. വിമോചന സമരത്തിൽ സി. ഐ. എ രാഷ്ട്രീയമായും സാമ്പത്തികമായും ഇടപെടുന്നതിനുള്ള തെളിവുകൾ അക്കാലത്തെ അമേരിക്കയുടെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന എൽസ്വർത്ത് ബങ്കർ തന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിലെ മറ്റൊരു അമേരിക്കൻ സ്ഥാനപതിയായിരുന്ന ഡാനിയൽ പാട്രിക് മൊയ്‌നിഹാൻ വിമോചനസമരത്തിലുള്ള സി. ഐ. എ ഇടപെടൽ വ്യക്തമായി തുറന്നുകാട്ടിയിട്ടുണ്ട്. അതുകൊണ്ട് ഉരുൾപൊട്ടലിനും ആദിവാസി സമരത്തിനും എല്ലാം പിന്നിൽ സി. ഐ. എ ഗൂഢാലോചന ആരോപിക്കുന്ന കമ്യൂണിസ്റ്റുകാരുടെ സ്ഥിരം ശൈലിയെ പരിഹസിക്കുന്നതു പോലെ വിമോചനസമരത്തിലുള്ള സി. ഐ. എയുടെ പങ്കിനെ തള്ളിക്കളയുന്നത് ശരിയായിരിക്കില്ല.

വിമോചനസമരത്തിനു മാത്രമല്ല അതിനുശേഷം കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സേവ് ഇന്ത്യാ മൂവ്‌മെന്റിനും സി. ഐ. എ പിന്തുണ നൽകിയിരുന്നു. വിമോചനസമരത്തിന്റെ വിജയപാഠങ്ങളെ ഏഷ്യയിൽ ഒന്നാകെ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമമായിരുന്നു അത്. അതിനോട് ബന്ധപ്പെട്ടാണ് ‘ഭാരതകേസരി മന്നം’ എം. ആർ. എയുടെ പ്രവർത്തനങ്ങൾക്കായി ലോകപര്യടനം നടത്തുന്നത്. ഈ പ്രസ്ഥാനത്തിൽ സഹകരിക്കുന്നതിനെ വിലക്കിക്കൊണ്ട് നെഹ്രു വീണ്ടും ശങ്കറിന് കത്തെഴുതി. സ്ഥലപരിമിതിമൂലം രാഷ്ട്രീയ പ്രാധാന്യമുള്ള ആ കത്ത് പ്രസിദ്ധീകരിക്കുന്നില്ല.

2. വിമോചനസമരത്തിന്റെ രാഷ്ട്രീയം വിശദീകരിക്കാൻ ശ്രമിക്കുന്ന ഈ പ്രബന്ധം കമ്യൂണിസ്റ്റ് പാർട്ടിയുടെയോ ഗവൺമെന്റിന്റെയോ പരിമിതികളും വീഴ്ചകളും മറച്ചുവയ്ക്കാനുള്ള ഒരു ശ്രമമല്ല. പാർട്ടിഘടനക്കപ്പുറം, ജനകീയരാഷ്ട്രീയാഭിലാഷങ്ങൾ കമ്മ്യൂണിസ്റ്റുകാരിലൂടെ എങ്ങനെ മുന്നോട്ടു വന്നു എന്നും അതിനെ ജനവിരുദ്ധ ശക്തികൾ എങ്ങനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നും പരിശോധിക്കുക മാത്രമാണ് ഇവിടെ ചെയ്തത്.

(ഡി.സി. ബുക്​സ്​ പ്രസിദ്ധീകരിച്ച ബി. രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കൽ’ എന്ന പുസ്​തകത്തിൽനിന്ന്​)


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments