പുരോഹിതരും പള്ളികളും ഇവിടെ ചു​ട്ടെരിക്കപ്പെടാത്തത്​ രക്തസാക്ഷികളുള്ളതുകൊണ്ടാണ്​ എന്ന്​ പാംപ്ലാനി പിതാവ്​ അറിയണം

കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ചോര കൊണ്ട് ഊട്ടിയുറപ്പിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനമുള്ളത് കൊണ്ടാണ് പുരോഹിതരും കന്യാസ്ത്രീകളും പള്ളികളും ഒക്കെ ഇവിടെ ‘സംഘി’കളാൽ ചുട്ടെരിക്കപ്പെടാത്തത് എന്ന് പാംപ്ലാനിക്ക് മനസിലായില്ലെങ്കിലും സഭയിലെ വിവരമുള്ളവർക്കെല്ലാമറിയാം.

ലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ സംഘപരിവാർ ഭൂതം ആവേശിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് വിരോധം മൂത്ത് തിരുമേനിയിപ്പോൾ രക്തസാക്ഷികളെ അധിക്ഷേപിക്കാനും എന്തും വിളിച്ചുപറയാനുമുള്ള നില തെറ്റിയ അവസ്ഥയിലാണ്.

കണ്ടവരോടൊക്കെ കലഹിച്ച് വെടികൊണ്ടും അടികൊണ്ടും പോലീസിനെ കണ്ട് ഓടി പാലത്തിൽ നിന്ന് വീണ് മരിച്ചവരെയൊന്നും രക്തസാക്ഷിയായി കാണാനാവില്ലെന്നാണ് തിരുമേനിയുടെ പുതിയ വെളിപ്പെടുത്തൽ. ബി.ജെ.പിക്ക് കേരളത്തിൽ നിന്ന്​ എം.പിയില്ലാത്ത സങ്കടം തീർക്കാനിറങ്ങിയ ബിഷപ്പിന് വിശ്വാസികളിൽ നിന്ന്​ കണക്കിന് കിട്ടിയതാണ്. മണിപ്പൂരിലും ഛത്തീസ്ഗഢിലും ക്രിസ്ത്യാനിയായി ജീവിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് സംഘികൾ സമ്മാനിച്ചിരിക്കുന്നതെന്നൊന്നും പാപ്ലാനി തിരുമേനിയറിഞ്ഞിരിക്കില്ല!

എന്തും വിളിച്ചുപറയാമെന്നൊക്കെ വിചാരിക്കുന്ന പാംപ്ലാനിമാർക്ക് ക്രൈസ്തവസഭയുടെ പോലും ചരിത്രമറിയാനിടയില്ല. ആദ്യകാല ക്രൈസ്തവ സഭയെ കമ്യൂണിസ്റ്റു ആദർശാത്മകതയുടെ പ്രചാരകരായി കണ്ട മാർക്സിനെയും എംഗൽസിനെയൊന്നും തിരുമേനി കേട്ടിരിക്കാനൊന്നും ഇടയില്ല. പിൽക്കാലത്ത് റോമാ സാമ്രാജ്യത്തിൻ്റെ ഔദ്യോഗിക മതമായി ക്രൈസ്തമാറിയതോടെയാണ് അതിൻ്റെ അപചയവും ആരംഭിച്ചത്. അപ്പോഴും ക്രിസ്തുദേവൻ്റെ ആദർശ പ്രചോദനത്താൽ വൈദിക സുവിശേഷ സമൂഹത്തിലൊരു വിഭാഗം മനുഷ്യരാശിയുടെ നന്മക്കായി പൊരുതി കൊണ്ടേയിരുന്നുവെന്നതാണ് ചരിത്രം. ലാറ്റിനമേരിക്കയിലെ അമേരിക്കൻ അധിനിവേശത്തിനെതിരായ പോരാട്ടഭൂമികളിൽ കമ്യൂണിസ്റ്റുകാർക്കൊപ്പം രക്തസാക്ഷിത്വം വരിച്ച പുരോഹിതർ എത്രയോ ഉണ്ട്​. എൽസാൽവഡോറിലും നിക്കാരഗ്വയിലും അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ അവരുടെ കൂലിപ്പട്ടാളത്തിനെതിരെ കമ്യൂണിസ്റ്റുകാർക്കൊപ്പം തോക്കെടുത്ത് പൊരുതിയവരുടെ പാരമ്പര്യം ലാറ്റിനമേരിക്കൻ സഭകൾക്കുണ്ട്. പാംപ്ലാനിമാർ മനുഷ്യ വിമോചനത്തിനായി പൊരുതിവീണ നീതിമാന്മാരായ രക്തസാക്ഷികളെ അപമാനിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പയെ പോലെ, സോഷ്യലിസ്റ്റ് ആഭിമുഖ്യവും നിശിതമായ മുതലാളിത്ത വിമർശനവും പുലർത്തുന്ന സഭാതലവൻ്റെ കാലത്താണെന്നതാണ് വിരോധാഭാസം.

ഭഗത്​സിങ്​ മുതൽ ഗാന്ധിജി വരെയുള്ള സ്വാതന്ത്ര്യ സമരക്കാരൊക്കെ ബ്രിട്ടീഷ് പുണ്യാളന്മാരോട് വഴക്കിന് പോകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോയെന്നൊക്കെ ‘സംഘി’കളൊടൊപ്പം ചേർന്നാൽ പാംപ്ലാനിമാർക്ക് തോന്നാം. പാംപ്ലാനിമാരുടെ മുൻഗാമികളിൽ ചിലർ, കത്തോലിക്കാ സഭയിലെ പുണ്യാളന്മാർ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യരുതെന്ന് പറഞ്ഞവരാണല്ലോ. അവരുടെ കുറ്റകരമായ ചരിത്രം നമ്മുടെ മുമ്പിലുണ്ടല്ലോ.

ഈ കേരളം മണിപ്പൂരും ഛത്തീസ്ഗഢമാവാതെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നത്, നൂറു കണക്കിന് കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ജീവനിലും ചോരയിലും ദൃഢീകരിക്കപ്പെട്ട മതനിരപേക്ഷതയിലാണ്. അവരുടെ ചോര കൊണ്ട് ഊട്ടിയുറപ്പിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനമുള്ളത് കൊണ്ടാണ് പുരോഹിതരും കന്യാസ്ത്രീകളും പള്ളികളും ഒക്കെ ഇവിടെ ‘സംഘി’കളാൽ ചുട്ടെരിക്കപ്പെടാത്തത് എന്ന് പാംപ്ലാനിക്ക് മനസിലായില്ലെങ്കിലും സഭയിലെ വിവരമുള്ള വർക്കെല്ലാമറിയാം.

Comments