ആത്മഹത്യ ചെയ്​ത യൂദാസും പ്രായമായി മരിച്ച യോഹന്നാനും രക്തസാക്ഷികളായിരുന്നോ, പാംപ്ലാനി പിതാവേ?

‘‘ക്രിസ്തുവിന്​ യൂദാസിന്റെ പകരക്കാരൻ മത്ഥിയാസ് ഉൾപ്പെടെ ആകെ 13 ശിഷ്യന്മാരാണുണ്ടായിരുന്നത്. അതിൽ യൂദാസ് ആത്മഹത്യ ചെയ്തു, യോഹന്നാൻ പ്രായമായി മരിച്ചതാണ്, രക്തസാക്ഷി ആയിരുന്നില്ല. ഒരു കാലത്ത് ബൈബിൾ വായിക്കരുത് എന്ന വിശ്വാസികളെ പഠിപ്പിച്ചിരുന്ന സഭയിൽ നിന്നു വന്ന പിതാവ് കാലം മാറിയത് അറിഞ്ഞില്ലെന്നുണ്ടോ?’’- തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്ക്ക് ഒരു തുറന്ന കത്ത്.

പ്രിയ പിതാവേ,

ആദ്യമേ ഒരു തിരുത്ത് പറയട്ടെ.
യേശുവിന്റെ 12 ശിഷ്യൻമാർ രക്തസാക്ഷികളായി എന്ന്​ പിതാവിനോട് ആരാണ് പറഞ്ഞുതന്നത്? ഏത് അരമനയിൽ നിന്നാണ് പഠിച്ചത്?

ക്രിസ്തുവിന്​ യൂദാസിന്റെ പകരക്കാരൻ മത്ഥിയാസ് ഉൾപ്പെടെ ആകെ 13 ശിഷ്യന്മാരാണുണ്ടായിരുന്നത്. അതിൽ യൂദാസ് ആത്മഹത്യ ചെയ്തു, യോഹന്നാൻ പ്രായമായി മരിച്ചതാണ്, രക്തസാക്ഷി ആയിരുന്നില്ല. ഒരു കാലത്ത് ബൈബിൾ വായിക്കരുത് എന്ന വിശ്വാസികളെ പഠിപ്പിച്ചിരുന്ന സഭയിൽ നിന്നു വന്ന പിതാവ് കാലം മാറിയത് അറിഞ്ഞില്ലെന്നുണ്ടോ?

ബൈബിളിനെ ഉദ്ധരിച്ച് സംസാരിക്കുമ്പോൾ അല്പം കൂടി സൂക്ഷ്മത വേണം എന്ന് ആദ്യമേ ഓർമിപ്പിക്കട്ടെ. ആഹാരം എല്ലിനിടയിൽ കുത്തുമ്പോൾ വായിൽ തോന്നിയത് രക്തസാക്ഷികളെക്കുറിച്ച് പറയരുത്.

‘‘തലയിൽ തോർത്തുമുണ്ടും കെട്ടി, ചെവിപിറകിൽ ഒരു ബീഡിയും തിരുകി പാടവരമ്പത്ത് നിവർന്നു നിന്ന് കൂലി ചോദിച്ചു വാങ്ങിയ മനുഷ്യർ’’ ഉണ്ടാക്കിയതാണ് ഈ കാണുന്ന കേരളം. പലരെയും ചെളിയിൽ ചവിട്ടി താഴ്ത്തി, ആർക്കും അവരുടെ പേര് പോലും അറിയില്ല. വരുന്ന തലമുറയ്ക്ക് മനുഷ്യനെപ്പോലെ ജീവിക്കാൻ വേണ്ടി പീഡനം സഹിച്ച് ജീവിതം കളഞ്ഞവരാണ് അവർ. അനീതിയോടും അസമത്വങ്ങളോടും പൊരുതി ജീവത്യാഗം ചെയ്ത പുണ്യാത്മാക്കൾ. ഈ നാടെങ്ങും അവരുടെ സ്മാരകങ്ങൾ ഉയർന്നു നിൽക്കുന്നുണ്ട്. ചരിത്രബോധമുള്ള മലയാളിയ്ക്ക് അവയെല്ലാം നിങ്ങളുടെ കുരിശും കുരിശുപള്ളിയും പോലെവിശുദ്ധമായ ഇടങ്ങളാണ്.

ഇന്ത്യയുടെ പല ഭാഗത്തുനിന്ന്​ ജോലിക്കാർ കേരളത്തിൽ വരുന്നത് ഇവിടെ മെച്ചപ്പെട്ട കൂലിയുള്ളതുകൊണ്ടാണ്. ഒരു മുതലാളിയും ജന്മിയും സൗജന്യമായി നൽകിയതല്ല പിതാവേ, സമരം ചെയ്തും അടികൊണ്ടും, ജീവൻ കളഞ്ഞും നേടിയതാണ്.

കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍, മഠത്തില്‍ അപ്പു, എന്നീ പേരുകളിൽ ഏതെങ്കിലും കേട്ടിട്ടുണ്ടോ? ആരും തോട്ടിൽ വീണതല്ല പിതാവേ- ഒരു തെളിവും ഇല്ലാതിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തൂക്കിക്കൊല്ലപ്പെട്ട ഞങ്ങളുടെ സഖാക്കളായിരുന്നു. പേരുകൾ പറഞ്ഞാൽ തീരില്ല പിതാവേ.

എന്റെ നാട്ടിലെ ഒരു പേര് കൂടി പറയാം. സഖാവ് കാമരാജ്. തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരത്തിൽ തോട്ടം ഉടമയുടെ ഗുണ്ടകള്‍ വെടി വച്ച് കൊന്നതാണ്, 1979- ല്‍. ഇത്തരം ഒരാളുടെ എങ്കിലും ജീവചരിത്രം വായിക്കണം, പിന്നെ ഇത്തരം വിവരക്കേട് വായിൽ വരില്ല.

ഒരു ജോലിയും ചെയ്യാതെ, ഒരു നേരമെങ്കിലും വിയർക്കാതെ ആഹാരം മലമാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങൾക്കൊക്കെ ചവിട്ടിത്തേയ്ക്കാനുള്ളതല്ല ഈ നാട്ടിലെ രക്തസാക്ഷികൾ.

പള്ളിയോടുചേർന്ന് പള്ളിക്കൂടം പണിത്, മലയാളിയുടെ വിദ്യാഭ്യാസത്തിലും അതുവഴിയുള്ള സാമൂഹിക മുന്നേറ്റത്തിലും സംഭാവന ചെയ്ത ക്രിസ്ത്യൻ പാതിരിമാരുടെ നിരയിൽ നിങ്ങളെപ്പോലുള്ള ചരിത്രബോധമില്ലാത്ത വിഷജീവികളെങ്ങിനെ കയറിപ്പറ്റി? വേണമെങ്കിൽ ജീവിക്കാവുന്ന സാഹചര്യമുണ്ടായിട്ടും, വർഗ്ഗസമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്ത് ചാടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെക്കുറിച്ച്, ഇനിമേൽ മര്യാദകെട്ട ഒരു വാക്കു പോലും മിണ്ടിയേ പോകരുത്​.

എന്ന്,

ജീവൻ കളഞ്ഞും പോരാടി പലരും നേടിത്തന്ന സൗകര്യങ്ങൾ സൗജന്യമായി അനുഭവിക്കുന്ന ഒരു മലയാളി.

Comments