സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ശ്രീലങ്കയുടെ ചരിത്രത്തിലെ വിപ്ലവകരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു രാഷ്ട്രീയ വഴിത്തിരിവാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ആ രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലും നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) എന്ന ഇടതുപക്ഷ രാഷ്ട്രീയ സഖ്യം ശ്രീലങ്കൻ ഭരണഘടനയെ തന്നെ നവീകരിക്കാൻ പോന്ന ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിരിക്കുന്നു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ഈ സവിശേഷ സംഭവത്തെ ശാശ്വതമെന്ന് പലരും കരുതുന്ന ലിബറൽ ജനാധിപത്യത്തിൻറെ വിജയമായോ തൊഴിലാളി വർഗ്ഗ വിപ്ലവ പാർട്ടി രാഷ്ട്രീയത്തിന്റെ ഒരു പുതിയ മുന്നേറ്റമായോ സാമാന്യവൽക്കരിച്ചു കൊണ്ടുള്ള ഒട്ടേറെ വിലയിരുത്തലുകൾ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. ഇന്ന് ആധിപത്യം പുലർത്തുന്ന സാമാന്യ രാഷ്ട്രീയ ബോധത്തെ സേവിക്കുന്നതിനും തൃപ്തിപ്പെടുത്തുന്നതിനും ഈ വിലയിരുത്തലുകൾ മതിയാവുമെങ്കിലും അതിനപ്പുറം ശ്രീലങ്കൻ ജനത ഇതിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ജനകീയ ബദൽ ജനാധിപത്യ അധികാരത്തിന്റെ നൂതന രാഷ്ട്രീയ മാനങ്ങളും ചരിത്ര സാധ്യതകളും വെളിപ്പെടുത്താൻ അവയ്ക്കാവില്ല. ഇതിനു കാരണം ഇത്തരം രാഷ്ട്രീയ ചിന്തകൾ ലോക രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഘടനാപരമായ വമ്പിച്ച മാറ്റങ്ങളെയും പുതിയ തരം സംഘർഷങ്ങളെയും ഉൾക്കൊള്ളാൻ ആവാത്ത പഴയ ലിബറൽ ജനാധിപത്യ സങ്കൽപങ്ങളിലോ പഴയ സോവിയറ്റ് സോഷ്യലിസ്റ്റ് രാഷ്ട്രീയ മാതൃകകളിലോ തളഞ്ഞു കിടക്കുന്നു എന്നതാണ്.
പരമ്പരാഗത ലിബറൽ ജനാധിപത്യത്തിന്റെ തുടർച്ച മാത്രമായി ഇന്നത്തെ ശ്രീലങ്കൻ രാഷ്ട്രീയ സംഭവത്തെ വിലയിരുത്തുന്നവർ, തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തിൽ വന്ന ഒരു പ്രസിഡണ്ടിനെ കൊട്ടാരം വിട്ട് ജീവനുംകൊണ്ട് ഒളിച്ചോടാൻ പ്രേരിപ്പിച്ച 2022-ലെ വിദ്യാർത്ഥി ബഹുജന കലാപത്തിന്റെ വിജയത്തിന് നേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. ഔപചാരിക ജനാധിപത്യ പ്രക്രിയയ്ക്ക് പുറത്തുനിന്ന് ഉയർന്നുവന്ന വിധ്വംസകംമെന്നോ ഭരണഘടനാ വിരുദ്ധമെന്നോ വിശേഷിപ്പിക്കാവുന്ന ബഹുജന കലാപത്തിന്റെ ഒരു ഉയർന്ന പരിണതി അല്ലാതെ മറ്റൊന്നുമല്ല ഇന്നത്തെ ശ്രീലങ്കൻ രാഷ്ട്രീയ പ്രതിഭാസം. ആ നിലയ്ക്ക് വ്യവസ്ഥാപിത ലിബറൽ ജനാധിപത്യത്തിൻറെ ‘ശാന്ത സുന്ദര’മായ ചട്ടക്കൂടിൽ ഒതുങ്ങുന്ന ഒന്നല്ല ശ്രീലങ്കൻ ജനത ഇന്ന് ആവിഷ്കരിച്ചിരിക്കുന്ന വിപ്ലവത്തിന്റെ രാഷ്ട്രീയം എന്നു പറയേണ്ടിവരും. അതുപോലെ തൊഴിലാളിവർഗ്ഗവിപ്ലവ പാർട്ടി രാഷ്ട്രീയത്തിന്റെ പുതിയൊരു മുന്നേറ്റമായി ഈ ശ്രീലങ്കൻ രാഷ്ട്രീയ സംഭവത്തെ ആഘോഷിക്കാൻ ശ്രമിക്കുന്നവർ വിസ്മരിക്കുന്ന വസ്തുതാപരമായ ഒരു ചോദ്യം, പാർലമെന്റിൽ കേവലം 3 സീറ്റിൽ ചുരുങ്ങി നിന്നിരുന്ന 27 പാർട്ടികൾ അടങ്ങിയ എൻ.പി.പി സഖ്യത്തിന് നേതൃത്വം കൊടുത്ത മാർക്സിസ്റ്റ് ലെനിലിസ്റ്റ് പാർട്ടിയായ ‘ജനതാ വിമുക്തി പെരുമുന’ ഈ തിരഞ്ഞെടുപ്പിൽ 159 സീറ്റിലേക്ക് എങ്ങനെ ഒറ്റയടിക്ക് കുതിച്ചുയർന്നു എന്നതാണ്. എന്തായാലും മൂന്നു സീറ്റിൽ നിന്ന് 159 സീറ്റിലേക്കുള്ള ഈ കുതിപ്പിന് കാരണം 1965ൽ രൂപംകൊണ്ട ജനതാ വിമുക്തി പെരുമനയുടെ വിപ്ലവ രാഷ്ട്രീയ തന്ത്രത്തിലേക്ക് ശ്രീലങ്കൻ ജനതയിൽ ബഹുഭൂരിപക്ഷത്തെയും ഒറ്റയടിക്ക് കൊണ്ടുവരാൻ കഴിഞ്ഞതാണെന്ന് അവർ പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല.
പിന്നെ എന്താണ് ശ്രീലങ്കയിൽ സംഭവിച്ചത്?അതായത് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെക്കാലമായി ജനങ്ങളെ തമ്മിൽ തല്ലിച്ചും കൊല്ലിച്ചും കൊള്ളയടിച്ചു പോന്ന മേലാള വർഗ്ഗ ഭരണകൂടത്തെ അട്ടിമറിച്ചു കൊണ്ട് ശ്രീലങ്കൻ ജനത നടത്തിയ വിപ്ലവത്തിന്റെ പുതിയ രാഷ്ട്രീയ ഉള്ളടക്കം എന്താണ്? ഭരണകൂട പരമാധികാര (Sovereignty) സങ്കല്പത്തിന്റെ അപ്രമാദിത്വത്തിലും അതീതത്വത്തിലും അധിഷ്ഠിതമായ എല്ലാത്തരം ആധുനിക ദേശീയ ജനാധിപത്യ ഭരണകൂടങ്ങളും ആഗോളവൽക്കരിക്കപ്പെട്ട മുതലാളിത്ത മൂലധനത്തിന്റെ സമഗ്ര ശക്തിക്ക് കീഴ്പ്പെട്ട് രൂപാന്തരപ്പെട്ടു കഴിഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ശ്രീലങ്കൻ ജനത ഇതിലൂടെ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന വിപ്ലവകരമായ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ചരിത്ര പ്രാധാന്യം എന്താണ്? പുതിയ ശ്രീലങ്കൻ രാഷ്ട്രീയ പ്രതിഭാസത്തെ ഇന്ന് കാലഹരണപ്പെട്ടു കഴിഞ്ഞ പഴയ രാഷ്ട്രീയപരികല്പനകളിലേക്ക് തിരുകി കൊള്ളിക്കുന്നതിന് പകരം ജനാധിപത്യത്തിൻറെ ഭാവി സാദ്ധ്യതകളിലേക്ക് വഴിതുറക്കുന്ന ഈ പുതിയ ചോദ്യങ്ങളാണ് ഈ സന്ദർഭത്തിൽ നാം ഉയർത്തേണ്ടത്.
ഈ ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിക്കുന്നതിന് ആമുഖമായി രണ്ടുവർഷം മുമ്പ് വിദ്യാർത്ഥികളും തൊഴിലാളികളും തൊഴിലില്ലാത്തവരും മർദ്ദിത ന്യൂനപക്ഷങ്ങളും എല്ലാം അടങ്ങുന്ന കീഴാള ജനവിഭാഗങ്ങൾ ആയിരക്കണക്കായി ഒത്തുചേർന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പട്ടാളവും കാഴ്ചക്കാരായി നിൽക്കെ രജപക്സെയുടെ കുടുംബവാഴ്ച അവസാനിക്കും വരെ മൂന്നുമാസക്കാലം പൊതുസ്ഥലങ്ങൾ കയ്യേറി തമ്പടിച്ചു നടത്തിയ കലാപ (Occupy Struggles) ത്തിലേക്ക് ശ്രീലങ്കൻ ജനതയെ നയിച്ച ജീവിത പശ്ചാത്തലം എന്തായിരുന്നു എന്ന് കാണേണ്ടതുണ്ട്. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ പഴയ ദേശരാഷ്ട്ര അതിർത്തികളെ അപ്രസക്തമാക്കിക്കൊണ്ട് മനുഷ്യരും പ്രകൃതിയും അടക്കം ഭൂമിയെ ഒന്നാകെ വരിഞ്ഞുമുറുക്കുന്ന ഒരു ആഗോള ശക്തിയായി ഉദ്ഗ്രഥിക്കപ്പെട്ടു കഴിഞ്ഞ മുതലാളിത്ത മൂലധനത്തിന് രജപക്സെ കുടുംബവാഴ്ച കാലത്ത് ശ്രീലങ്ക നിരുപാധികം പൂർണമായിത്തന്നെ തുറന്നു കൊടുക്കപ്പെട്ടിരുന്നു. നിത്യവൃത്തിക്ക് വേണ്ടി പണിയെടുക്കുന്ന സാധാരണ മനുഷ്യരെയും പ്രകൃതിയെയും പാടെ വിസ്മരിച്ചുകൊണ്ട് അടിസ്ഥാന സൗകര്യവികസനത്തിന്റെ പേരിൽ ഭരണക്കാർ അവരുടെ പാർട്ടിക്കും കൂട്ടാളികൾക്കും വികസനത്തിന്റെ വിഹിതം കൈപ്പറ്റുന്നതിന് വേണ്ടി ശ്രീലങ്കയെ വിദേശ മൂലധന പ്രവാഹത്തിൽ മൂടി. അങ്ങനെ ലോക ബാങ്ക്, എ. ഡി. ബി, ഐ .എം. എഫ്, ചൈനീസ് വികസന ഫണ്ട് എന്നിവയിൽ നിന്നൊക്കെ വൻതോതിൽ കടമെടുത്ത് ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട മട്ടമല വിമാനത്താവളവും ഹംബൻതോട്ട തുറമുഖവും പോലുള്ള വമ്പൻ പദ്ധതികൾ പൂർത്തിയാക്കി. അപ്പോഴേക്കും പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം സാധാരണ ജനങ്ങൾ നട്ടം തിരിയാൻ തുടങ്ങിയിരുന്നു. ഇന്ധനത്തിനും ഭക്ഷണത്തിനും വേണ്ടി മാത്രമല്ല കുടിവെള്ളത്തിന് പോലും ജനങ്ങൾ നീണ്ട ക്യൂവിൽ കാത്തു നിൽക്കേണ്ടി വന്നു. ഒട്ടേറെ പേർ ക്യൂവിൽ നിന്ന് കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. ഇങ്ങനെ ജീവിതം ഗതിമുട്ടിയ അവസ്ഥയിലാണ് ശ്രീലങ്കയുടെ അടിത്തട്ടിൽ നിന്ന് വിവിധ ജനവിഭാഗങ്ങൾ ഒരു പുതിയ രാഷ്ട്രീയ സംവിധാനമായി സ്വയം സംഘടിക്കുകയും ഭരണകൂടത്തിനും ഭരണക്കാർക്കും എതിരെ ഒരു ക്രിയാത്മക വിദ്ധ്വംസക ശക്തിയായി ഉയർത്തെഴുന്നേൽക്കുകയും ചെയ്തത്.
എന്നാൽ ജനങ്ങൾ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറുകയും ഭരണം വെച്ചൊഴിയാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്ത ഈ പ്രക്ഷോഭത്തെ പെട്ടെന്ന് ഉയർന്നുവന്ന് കെട്ടടങ്ങിയ വൈകാരികമായ ഒരു ആളിക്കത്തലായി കണ്ടുകൂടാ. മാത്രമല്ല ഇത് ഒരൊറ്റപ്പെട്ട സംഭവവും ആയിരുന്നില്ല. ദരിദ്രരും നിസ്സഹായരുമായ താഴെത്തട്ടിലെ ജനവിഭാഗങ്ങൾ അവരുടെ പഴയ രാഷ്ട്രീയ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് അതുകൊണ്ടുതന്നെ തങ്ങളുടെ സ്വാതന്ത്ര്യത്തെ സ്വന്തം ശരീരത്തിൽ ഏറ്റെടുത്തുകൊണ്ട് സംഘടിച്ചു മുന്നേറുന്ന സംഭവങ്ങൾ ഈയിടെ വിവിധ രീതികളിൽ ലോകമെങ്ങും ആവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് നമുക്കറിയാം.
2011 മുതൽ മധ്യ കിഴക്കൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും പല സ്വേച്ഛാധിപതികളെയും അധികാരമൊഴിയാൻ പ്രേരിപ്പിച്ച ഈ സംഘടിത സമര മാതൃക പിന്നീട് സാമ്പത്തികവും വംശീയവുമായ മറ്റുപല ആവശ്യങ്ങളെയും മുൻനിർത്തി യൂറോപ്പിലേക്കും അമേരിക്കയിലേക്കും വിവിധ രീതികളിൽ വ്യാപിക്കുകയുണ്ടായി. ഇതിനെ തുടർന്ന് നമ്മുടെ കാർഷിക മേഖലയെ ഒന്നാകെ കോർപ്പറേറ്റുകൾക്ക് അടിയറ വെയ്ക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ അട്ടിമറിക്കാൻ പോന്ന വിധം ഒരു വർഷക്കാലം തലസ്ഥാന നഗരിയിൽ തമ്പടിച്ചുകൊണ്ട് ഇന്ത്യൻ കർഷകർ രാഷ്ട്രീയ പാർട്ടികളുടെ ഒന്നും നേതൃത്വം ഇല്ലാതെ നടത്തിയ കുടിപാർപ്പ് സമരത്തിലും ഈ പ്രക്ഷോഭ മാതൃകയുടെ വിജയം നാം കണ്ടതാണ്. ശ്രീലങ്കയിലും നമ്മുടെ കാലത്തെ ഈ ബദൽ ജനാധിപത്യ രാഷ്ട്രീയ പ്രതിഭാസത്തിന്റെ ഉയർച്ചയും വിജയവും ആണ് പ്രസിഡൻറ് കൊട്ടാരം വിട്ട് ജീവനുംകൊണ്ട് നാടുകടന്നപ്പോൾ നാം കണ്ടത്. എന്നാൽ ഈ ജനമുന്നേറ്റം ശ്രീലങ്കയിലെ പഴയ സി.പി.ഐ. (എം എൽ) പാർട്ടി നയിക്കുന്ന ഒരു മുന്നണിയെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയിരിക്കുന്ന ഈ സന്ദർഭത്തിൽ അതിൻറെ സവിശേഷത കണക്കിലെടുത്തുകൊണ്ട് നാം ചർച്ച ചെയ്യേണ്ട ഒരു പ്രധാന വസ്തുതയുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ലോകമെങ്ങും ഉയർന്നുവന്ന പുതിയ ജനസഞ്ചയ ബദൽ ജനാധിപത്യ രാഷ്ട്രീയ പ്രതിഭാസങ്ങൾ എന്തുകൊണ്ട് അവയുടെ പുതിയ രാഷ്ട്രീയ ഉള്ളടക്കത്തിന് അനുസൃതമായ ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് രൂപം നൽകാനാവാതെ കെട്ടടങ്ങി പോവുകയോ പ്രതിലോമ ശക്തികൾക്ക് കീഴടങ്ങി പോവുകയോ ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് ആ വസ്തുത.
മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെ ലോകത്തിൻറെ ഭാവി നിർണയിക്കാൻ പോന്ന ഈ ജനസഞ്ചയ ബദൽ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അതിന്റേതായ ബദൽ അധികാര സ്ഥാപനങ്ങളും സംഘടനാ രൂപങ്ങളും ഇനിയും രൂപപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം ഈ സന്ദർഭത്തിൽ നാം കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ന് ആധിപത്യം പുലർത്തുന്ന ഭരണകൂട പരമാധികാര ജനാധിപത്യത്തിൻറെ എല്ലാ രൂപങ്ങളുടെയും രാഷ്ട്രീയ സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാരൂപങ്ങളും നൂറ്റാണ്ടുകളിലൂടെ മഹാ വിപ്ലവങ്ങളിലൂടെയും സമരപരമ്പരകളിലൂടെയും രൂപപ്പെട്ടു വന്നവയാണെന്ന് ഓർക്കണം. അതുമായി താരതമ്യം ചെയ്യുമ്പോൾ ജനസഞ്ചയ ബദൽ ജനാധിപത്യം ഒരു രാഷ്ട്രീയ വ്യവസ്ഥയായി വികസിക്കുന്നതിന്റെ ശൈശവദശയിൽ പോലും ഇന്ന് എത്തിയിട്ടില്ല. അതിനാൽ ഇന്ന് ഉയർന്നു വരാൻ തുടങ്ങുന്ന ഈ ബദൽ ജനാധിപത്യ അധികാര വ്യവസ്ഥ നൂറ്റാണ്ടുകളിലൂടെ ഭരണകൂട പരമാധികാരത്തിലും അരാജകത്വ ഭീതിയിലും അടിയുറച്ചു കഴിഞ്ഞ ലിബറൽ ജനാധിപത്യ വ്യവസ്ഥയെ മറികടന്ന് ഒരു പുതിയ രാഷ്ട്രീയ യാഥാർഥ്യമായി രൂപപ്പെടാൻ ശ്രമിക്കുന്നതിന്റെ അന്തരാള പരീക്ഷണഘട്ടത്തിന്റെ ആരംഭത്തിൽ മാത്രമാണ് എന്ന് പറയാം.
ശ്രീലങ്കയിൽ സ്വേച്ഛാധിപത്യത്തിനെതിരെ ഇന്ന് ഉയർന്നുവന്ന ജനസഞ്ചയ ജനാധിപത്യ സമരം ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ വിജയിച്ചെങ്കിലും സ്വന്തം രാഷ്ട്രീയ സ്ഥാപനങ്ങളുടെയും സംഘടനാ രൂപങ്ങളുടെയും അഭാവത്തിൽ സി.പി.ഐ. (എം എൽ) പാർട്ടിയായ ജെ. വി. പിയെ ഉയർത്തിയെടുത്ത് ലിബറൽ ജനാധിപത്യത്തിൻറെ ചട്ടക്കൂടിൽ പ്രതിഷ്ഠിക്കുന്ന ഒരു രാഷ്ട്രീയ പരീക്ഷണമാണ് ശ്രീലങ്കയിൽ ഇപ്പോൾ നടക്കുന്നത് എന്ന് പറയാം. അങ്ങനെ നോക്കുമ്പോൾ അരാജകത്വഭീതിയെ മറികടന്ന് പുറത്തുവന്ന ജനസഞ്ചയ സാമൂഹ്യ പ്രസ്ഥാനം, ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടി അടവുപരമായി നേതൃത്വം കൊടുക്കുന്ന ശ്രീലങ്കയിലെ പരമ്പരാഗത ലിബറൽ ജനാധിപത്യ ഭരണക്രമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിച്ചുകൊണ്ട് ബദൽ ജനാധിപത്യത്തിന്റെ ശക്തികളെ എങ്ങനെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യാമെന്നതിന്റെ പരീക്ഷണമാണ് ഇന്ന് ശ്രീലങ്കയിൽ നടക്കുന്നത്. ഈ പരീക്ഷണത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ കർതൃത്വം ഭരണകൂട പരമാധികാരമോ മാർക്സിസ്റ്റ് ലെനിസ്റ്റ് ബ്യൂറോക്രസിയോ അല്ല എന്നർത്ഥം. മറിച്ച് പ്രസിഡണ്ടിനെയും കൂട്ടരേയും ജീവനുംകൊണ്ട് ഒളിച്ചോടാൻ പാകത്തിൽ അവരുടെ കൊട്ടാരങ്ങളിലേക്ക് ഇരച്ചു കയറിയ ജനസഞ്ചയം പിന്നീട് തെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത ഭരണ യന്ത്രത്തിലേക്ക് ഇടിച്ചു കയറുകയും അതിനെ എങ്ങനെ ഒരു ബദൽ ശക്തിയായി പ്രവർത്തിപ്പി ക്കാമെന്ന് പരീക്ഷിക്കുകയും ആണ് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഇന്ന് സംഭവിക്കുന്നത്.
ജനസഞ്ചയ സാമൂഹ്യ പ്രസ്ഥാനം എന്ന ബദൽ അധികാര രാഷ്ട്രീയത്തിന് അതിന്റേതായ ശ്രേണീബദ്ധമല്ലാത്ത പുതിയ സംഘടനാരൂപങ്ങളും സ്ഥാപനങ്ങളും പഴയ നേതൃത്വ സങ്കൽപ്പങ്ങളെ തള്ളിക്കളയുന്ന പുതിയ നേതൃത്വ മാതൃകകളും ഇനിയും രൂപപ്പെട്ടു കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞല്ലോ. ഈ ശൂന്യതയിൽ ഭരണകൂടത്തെ ചെറുത്തുനിൽക്കുന്നു. ജനകീയ ബദൽ അധികാരത്തിന്റെ ശക്തികൾ പഴയ രാഷ്ട്രീയ ചട്ടക്കൂടിനെ പുതിയ രീതിയിൽ പ്രയോഗിക്കുന്നതിനു വേണ്ടിയുള്ള അപകടകരമായ പരീക്ഷണമാണ് ശ്രീലങ്കയിൽ നടക്കുന്നത് എന്നു പറയാം. ഭൂമിയെയും മാനവരാശിയും ഒന്നാകെ വിഴുങ്ങിയിരിക്കുന്ന ആഗോള മുതലാളിത്ത മൂലധനാധിപത്യത്തിൻ കീഴിൽ ഈ പരീക്ഷണത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാവില്ല എങ്കിലും ബദൽ ജനാധിപത്യ അധികാരം അടിത്തട്ടിലുള്ള ജനകോടികളിലൂടെ അതിൻറെ വിമോചകമായ സർഗാത്മക വിദ്ധ്വംസകതയിലേക്കും പൂർണ്ണതയിലേക്കും നടത്തുന്ന ശക്തമായ ഒരു കുതിപ്പായി അതിനെ കാണാവുന്നതാണ്.
ജനസഞ്ചയ ബദൽ
സമീപകാല ശ്രീലങ്കൻ രാഷ്ട്രീയനുഭവങ്ങളെ മുൻനിർത്തി ജനസഞ്ചയ ബദൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വർത്തമാനത്തെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ സ്വാഭാവികമായും അത് വിശ്വസനീയമായി തോന്നാൻ സാധ്യതയില്ല. ഇന്ന് ആധിപത്യം പുലർത്തുന്ന അധികാര സങ്കല്പത്തിൽ നിന്നും അതിൻറെ ജനാധിപത്യ സങ്കല്പത്തിൽ നിന്നും മാറി ചിന്തിക്കുക ശ്രമകരമായിരിക്കുന്നു എന്നതാണ് അതിന് കാരണം. ഭരണകൂട പരമാധികാരത്തിന്റെ അനിവാര്യതയിലും അരാജകത്വഭീതിയിലും അധിഷ്ഠിതമായ ലിബറൽ- സോഷ്യലിസ്റ്റ് ജനാധിപത്യ സങ്കല്പങ്ങളിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ ഭരണകൂട അധികാരത്തിനു ബദലായ ജനങ്ങളുടെ ജീവിതാധികാരത്തിന്റെയും ജനാധിപത്യത്തിന്റെയും സൈദ്ധാന്തിക പരികല്പനകളെ കണ്ടെത്താനും ഉയർത്തിയെടുക്കാനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്.
മുതലാളിത്ത സ്വകാര്യ സ്വത്ത് ഉടമസ്ഥരാകാൻ പാകത്തിലുള്ള അടഞ്ഞ വ്യക്തിസ്വത്വ കർത്തൃത്വങ്ങളുടെയും അവയുടെ സാമൂഹ്യരൂപങ്ങളുടെയും ഭദ്രതയെ സംരക്ഷിക്കാൻ മാത്രം പരിമിതമാക്കപ്പെട്ട ജനാധിപത്യമാണ് ലിബറൽ ജനാധിപത്യം. അതിനാൽ ലിബറൽ ജനാധിപത്യം മുതലാളിത്ത മൂലധന വ്യവസ്ഥയുടെ ആധിപത്യവുമായി അത്രമേൽ ഗാഢമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സംവിധാനമാണ്. ഇതിൽ നിന്ന് പുറത്തു കടക്കാൻ വേണ്ടി പരമാധികാരം ഭരണകൂടത്തിൽ നിന്നും മാറ്റി പാർട്ടിയിൽ കേന്ദ്രീകരിക്കുന്ന പരീക്ഷണമാണ് സോവിയറ്റ് സോഷ്യലിസ്റ്റ് ജനാധിപത്യ മാതൃക. ഈ രണ്ട് ജനാധിപത്യ സങ്കൽപ്പങ്ങളുടെയും പരിമിതികളെ ഭേദിച്ച് മുന്നേറാൻ ശക്തമായ ജനസഞ്ചയ ബദൽ ജനാധിപത്യ അധികാരത്തിന്റെ മൗലികതയുടെയും ഭിന്നതയുടെയും അടിസ്ഥാനം എന്തെന്ന് നോക്കാം.
മനുഷ്യർ തമ്മിൽ തല്ലുകയും പരസ്പരം കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്യുന്നു എന്ന് കരുതപ്പെടുന്ന പ്രാകൃത അവസ്ഥയിൽ നിന്നും അവരെ അച്ചടക്കമുള്ള പരിഷ്കൃത സമൂഹങ്ങൾ ആക്കി ഉയർത്തുന്നതിന് സാമൂഹ്യ ഉടമ്പടിയിൽ (Social Contract ) അധിഷ്ഠിതമായ ഒരു ഭരണകൂട പരമാധികാര ശക്തികേന്ദ്രം അനിവാര്യമാണെന്ന മുഖ്യധാരാ ആധുനിക രാഷ്ട്രമീമാംസയുടെ അടിസ്ഥാനത്തെത്തന്നെ അട്ടിമറിക്കുന്ന ഒന്നാണ് ഇന്ന് ഉയർന്നുവരുന്ന നേതൃരഹിത ജനകീയ മുന്നേറ്റങ്ങളുടെ രാഷ്ട്രീയം. പോലീസും കോടതിയും പട്ടാളവും മേലധികാരികളും നേതാക്കളുമില്ലാതെ മനുഷ്യർക്ക് പരസ്പരം നിയന്ത്രിക്കാനും സഹകരിക്കാനും സംഘടിക്കാനും കഴിയുമെന്നും അതിലൂടെ സ്വന്തം ജീവിതാധികാരത്തെ അതീത ഭരണകൂട കേന്ദ്രത്തിന് ബദലായ ഒരു രാഷ്ട്രീയ മഹാശക്തിയായി ഉയർത്തി എടുക്കുകസാധ്യമാണെന്നും തെളിയിക്കുകയാണ് ഇതിലൂടെ ജനങ്ങൾ ചെയ്യുന്നത്. ഇങ്ങനെ സമൂഹത്തിൻറെ ഭദ്രമായ നിലനിൽപ്പിന് ഭരണകൂട പരമാധികാരത്തിന്റെ അനിവാര്യതയെ സ്ഥാപിക്കുന്ന ആധുനിക രാഷ്ട്രമീമാംസയുടെ പ്രാകൃത/ പരിഷ്കൃത വൈരുദ്ധ്യസങ്കൽപത്തെ തള്ളിക്കളഞ്ഞുകൊണ്ട് പ്രകൃതി സഹജമായ ശക്തികളുടെ വികാസവും നവീകരണവും പരിണാമവും തന്നെയാണ് പരിഷ്കൃതി എന്ന് കണ്ടെത്തുകയും പരസ്പര വൈരമല്ല മറിച്ച് അവയെ മറികടക്കാൻ പോകുന്ന പരസ്പര ബന്ധരൂപങ്ങളാണ് സാമൂഹ്യ ജീവിതത്തിൻറെ അടിസ്ഥാനമെന്ന് വാദിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമീമാംസയാണ് ഈ ജനസഞ്ചയ ജനാധിപത്യ മുന്നേറ്റങ്ങളുടെ രാഷ്ട്രീയ സൈദ്ധാന്തിക അടിത്തറ. ഈ ബദൽ ആധുനിക രാഷ്ട്രമീമാംസ ആധുനിക ലിബറൽ രാഷ്ട്രീയ ചിന്തയ്ക്കെതിരെ ഉയർത്തിയെടുത്തത് ബെനിഡിറ്റ് സ്പിനോസഎന്ന മഹാനായ ബദൽ ആധുനികതയുടെ ചിന്തകനാണ്. ആധുനിക ഭരണകൂടത്തിന്റെ അച്ചടക്കാധികാരത്തിന് കീഴ്പ്പെട്ട് ജനങ്ങൾ മാന്യ പൗരസമൂഹം ആയി നിലകൊള്ളുന്നു എന്ന ധാരണയെയും മറികടന്ന് പ്രകൃതി സഹജമായ ജീവിതാധികാരത്തെ പരസ്പര ബന്ധങ്ങളുടെ ശാക്തീകരണത്തിലൂടെ വികസിപ്പിക്കുന്ന മനുഷ്യരുടെ ക്രിയാത്മക സാമൂഹ്യ സംഘാതത്തിന് സ്പിനോസ നൽകുന്ന പേരാണ് ജനസഞ്ചയം ( Multitude).
ഇങ്ങനെ ജീവിതത്തിൻറെ ശാക്തീകരണത്തിനായി മനുഷ്യരുടെ പരസ്പര പരസംക്രമണത്തിലൂടെ ( Mutual becomings) രൂപപ്പെടുന്ന വികസ്വര മനുഷ്യ സമൂഹത്തിൻറെ അന്ത:സ്ഥിത ( Immanent ) അധികാരത്തിന് സ്പിനോസ നൽകുന്ന പേരാണ് കേവല ജനാധിപത്യം ( Absolute Democracy ). അതാണ് മനുഷ്യൻറെ സാമൂഹ്യമായ ഉണ്മയെ എക്കാലത്തും നിർണ്ണയിക്കുന്ന നിതാന്തമായ ശക്തി വിശേഷം. അതിനാൽ ഭരണകൂട പരമാധികാരം എന്ന അതീതശക്തിക്ക് കീഴ്പ്പെട്ടു നിൽക്കുന്ന പൗരജനത എന്ന ആധുനിക പാശ്ചാത്യ മുഖ്യധാരാ സങ്കൽപത്തിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിസിദ്ധമായ ശക്തികളുടെ നിർമ്മാണാത്മകമായ പരിവർത്തനത്തിലൂടെ മനുഷ്യജീവിതം പ്രകൃതിയിൽ നിന്നും ആർജിക്കുന്ന അന്ത:സ്ഥിതാധികാരത്തിന്റെ സ്വച്ഛന്ദതയിലൂടെ മുന്നേറുന്ന മനുഷ്യ സമൂഹത്തെ നിർവചിക്കുന്നതിനു വേണ്ടിയാണ് സ്പിനോസ ‘ജനസഞ്ചയം’ എന്ന പരികൽപ്പന അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യ സമൂഹ ചരിത്രത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന രാഷ്ട്രീയ നരവംശശാസ്ത്രപരവും സാമൂഹ്യ സിദ്ധാന്തപരവുമായ ഒരു പരികല്പനയാണ് ജനസഞ്ചയം.
അതിനാൽ പലരും കരുതുന്നതുപോലെ വ്യവസ്ഥാപിത അച്ചടക്ക സമൂഹത്തിനുള്ളിൽ അതിൻറെ നിയമങ്ങൾ മറികടന്നു അധികാരം കയ്യിലെടുക്കുന്ന ആൾക്കൂട്ടമല്ല ജനസഞ്ചയം. മറിച്ച് അധികാരം തന്നെ ഏക രൂപവും മുകളിൽ നിന്ന് മാത്രം പ്രയോഗിക്കപ്പെടുന്ന ബലപ്രയോഗവുമാണെന്ന ഭരണകൂടാത്മക ( Statist ) ധാരണയെ ചെറുത്തുകൊണ്ട് അധികാരം എക്കാലത്തും മേലാളന്റെ അധികാരവും അതിൽ നിന്ന് ഭിനമായ കീഴാളന്റെ അധികാരവും തമ്മിലുള്ള ഒരു സംഘർഷത്മക ബന്ധമാണെന്ന് തെളിയിക്കുന്ന സാമൂഹിക രൂപമാണ് ജനസഞ്ചയം. ഇതു മാത്രമല്ല ഈ മേലാള / കീഴാള അധികാര ബന്ധത്തിൽ മേലാള അധികാരപ്രയോഗത്തെ ചെറുത്തുനിൽക്കുന്ന കീഴാള അധികാരമാണ് ആദ്യമേ നിലകൊള്ളുന്ന സഹജവും മൗലികവുമായ ജീവിത സ്വാതന്ത്ര്യത്തിന്റെ ശക്തി ( Primacy of Resistance )യെന്നും അതിന്മേൽ രണ്ടാമത് വരുന്ന ബലപ്രയോഗം മാത്രമാണ് മേലാള അധികാരം എന്നുമുള്ള സ്‌പിനോസിസ്റ്റ് കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ചെറുത്തുനിൽക്കുന്ന ജീവിതസ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകരൂപമാണ് ജനസഞ്ചയം എന്നുവരുന്നു. ആ നിലയ്ക്ക് അതൊരു ബദൽ ജനാധിപത്യ വർഗ്ഗ പരികല്പന തന്നെയാണ്. ആഗോളവൽക്കരിക്കപ്പെട്ട മുതലാളിത്ത മൂലധനം പഴയ ഫാക്ടറികളുടെ മതിൽക്കെട്ടുകൾ വിട്ട് മനുഷ്യജീവിതത്തെയും പ്രകൃതിയെയും ഒന്നാകെ ഊറ്റിക്കിടിക്കുന്ന, ഇതിനായി ലോകത്തെ മുഴുവൻ ഫാക്ടറി ആക്കിയിരിക്കുന്ന ഇക്കാലത്ത് വിവിധ രീതികളിൽ കൊള്ളയടിക്കപ്പെടുന്ന ജീവിതങ്ങളെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന ഒരു വർഗ്ഗപരികൽപ്പന.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ലോകമെങ്ങും വിവിധ രീതികളിൽ ഉയർന്നുകൊണ്ടിരിക്കുന്ന ഈ ബദൽ ജനാധിപത്യ പ്രസ്ഥാനത്തെ, ഇതെന്താണെന്ന് മനസ്സിലാക്കാനുള്ള സൈദ്ധാന്തികോപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഭരണകൂട വ്യവഹാരത്തിൽ അകപ്പെട്ടു കിടക്കുന്ന പൗര സമൂഹപ്രക്ഷോഭങ്ങളും നൈസർഗിക കലാപങ്ങളുമായി സങ്കോചിപ്പിക്കുകയോ അവഗണിക്കുകയോ ആണ് മാധ്യമങ്ങളും ലിബറൽ -ഇടതുപക്ഷ രാഷ്ട്രീയക്കാരും ചെയ്യുന്നത്. എന്നാൽ ഇന്ന് ലോക കീഴാള ബഹുജനത കേന്ദ്രീകൃത പരമാധികാരത്തിന്റെ അതീതത്വത്തിലും അനിവാര്യതയിലും ഊന്നി നിൽക്കുന്ന പഴയ രാഷ്ട്രീയ വ്യവഹാരങ്ങളെ വിട്ട് സ്വന്തം അന്ത:സ്ഥിത ജീവിതാധികാരത്തെ ഇടനിലക്കാരായ പാർട്ടികളും നേതാക്കളുമില്ലാതെ സ്വന്തം ശരീരങ്ങളുടെ സംഘാതത്തിൽ സ്വയം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുവരാൻ തുടങ്ങുകയാണ്.
ശ്രീലങ്കയിലെ രാഷ്ട്രീയ പരീക്ഷണങ്ങൾ
ഈ പശ്ചാത്തലത്തിൽ അതീത ഭരണകൂട പരമാധികാര കേന്ദ്രത്തിന്റെ അനിവാര്യതാ സങ്കല്പത്തെയും ജനങ്ങളിൽ ആഴത്തിൽ പ്രതിഷ്ഠിക്കപ്പെട്ട അരാജകത്വഭീതിയെയും മറികടന്നു കൊണ്ട് ബദൽ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പഴയ ലിബറൽ -സോവിയറ്റ് മാർക്സിസ്റ്റ് ചട്ടക്കൂടിനെ ആശ്രയിച്ച് നടത്തുന്ന ശ്രീലങ്കയിൽ നടത്തുന്ന ഈ പരീക്ഷണത്തിലൂടെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ആധുനിക ലിബറൽ ജനാധിപത്യം അടക്കമുള്ള എല്ലാ രാഷ്ട്രീയ സംവിധാനങ്ങളെയും സംഘടനാ സങ്കൽപ്പങ്ങളെയും തലകീഴ് മറിച്ചിടുന്ന ഒരു പൂർണ്ണ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിലേക്കാണ് ജനസഞ്ചയ സാമൂഹ്യ പ്രസ്ഥാനങ്ങൾ വാതിൽ തുറക്കാൻ ശ്രമിക്കുന്നത്. അത് ഇന്നോളം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലാത്ത ജനാധിപത്യത്തിൻറെ മൗലികമായ പൂർണ്ണതയിലേക്കുള്ള വാതിൽ തുറക്കൽ ആണെന്ന് പറയാം.
ജനങ്ങളുടെ പ്രതിനിധാനാത്മകമായ അധികാരമാണ് ജനാധിപത്യത്തിൽ പരമാധികാരമായി കേന്ദ്രീകരിക്കപ്പെടുന്നത് എന്നതാണ് ആധുനിക ലിബറൽ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയ്ക്ക് ആധാരമായ അടിസ്ഥാന സങ്കല്പം. ആധുനിക ലിബറൽ ജനാധിപത്യത്തിൻറെ വിപ്ലവകരവും പ്രതിലോമകരവുമായ രണ്ടു വശങ്ങൾ ഒരേസമയം ഈ ധാരണയിൽ പ്രവർത്തിക്കുന്നുണ്ട്. നിശ്ചയമായും പ്രതിനിധാനാത്മകമായ ജനാധിപത്യ അധികാര സങ്കല്പം രാഷ്ട്രീയ ചരിത്രത്തിൽ സംഭവിക്കുന്ന ചരിത്രപരമായ ഒരു കുതിച്ചുചാട്ടം ആണ്. പൗരന്മാർ നേരിട്ട് പങ്കെടുക്കുന്ന പൗരാണിക ജനാധിപത്യ സമ്പ്രദായങ്ങൾ, വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന വിസ്തൃതമായ ആധുനിക ദേശ രാഷ്ട്രങ്ങളിൽ അപ്രായോഗികമായി തീർന്നതിന്റെ പ്രതിസന്ധിയെ മറികടക്കാൻ ആണ് പ്രതിനിധാനാത്മകമായ ഒരു പരമാധികാര കേന്ദ്രം എന്ന കണ്ടുപിടിത്തം നടക്കുന്നത്. നൂറ്റാണ്ടുകളായി പൗരസമൂഹം ഭരണ കേന്ദ്രത്തിലേക്ക് അതിൻറെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പൗരസ്വാതന്ത്ര്യത്തിന്റെയും അധികാരത്തിലുള്ള അവരുടെ പങ്കുചേരലിന്റെയും മഹത്തായ സങ്കേതമായി തുടർന്ന് വരികയും ചെയ്യുന്നു. ഒരു വർഗ്ഗ സമൂഹത്തിൽ ജനാധിപത്യത്തിന് നിഷ്പ്പക്ഷമായി പ്രവർത്തിക്കാൻ ആകാത്തതുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന്റെ ജനാധിപത്യാധികാരം അതിന്റെ പാർട്ടിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു എന്നതാണ് മാർക്സിസ്റ്റ്- ലെനിനിസ്റ്റ് സമീപനം. എന്നാൽ, ഈ സങ്കേതത്തിൽ അന്തർഭവിച്ചിട്ടുള്ള വൈപരീത്യം ചരിത്രത്തിൽ കൂടെക്കൂടെ പുറത്തുവരുന്നത് നാം കാണുന്നുണ്ട്. ആധുനികകാലത്ത് ഏറ്റവും മനുഷ്യവിരുദ്ധമായ ഫാസിസ്റ്റ് - സമഗ്രാധിപത്യ വ്യവസ്ഥകൾ എല്ലാം ഈ ജനാധിപത്യ സങ്കേതങ്ങളിലൂടെ ആണ് പ്രയോഗത്തിൽ വന്നിട്ടുള്ളതെന്നും നമുക്കറിയാം.
ആധുനിക ലിബറൽ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന കാതലായ വൈപരീത്യം പൗരസമൂഹം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പിലൂടെ അതിൻറെ സ്വയംഭരണത്തിനുള്ള അധികാരം ഭരണാധികാരികളിലൂടെ പരമാധികാര ഭരണകൂടത്തിൽ യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്നില്ല എന്നതാണ്. പൗരസമൂഹം തങ്ങളെ ഭരിക്കാനും അതിനായി നിയമനിർമാണം നടത്താനും തീരുമാനങ്ങളെടുക്കാനുമുള്ള അധികാരമാണ് തെരഞ്ഞെടുപ്പിലൂടെ അവരുടെ പ്രതിനിധികളെ ഏൽപ്പിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള പ്രതിധാനാത്മക ബന്ധം യഥാർത്ഥത്തിൽ അവസാനിക്കുകയാണ്. പിന്നീട് പാർലമെന്റിലെ നിയമ നിർമ്മാണത്തിലും ഭരണപരമായ തീരുമാനങ്ങളിലും ഒന്നും ജനങ്ങൾക്ക് ഒരു പങ്കുമില്ല. അവരിൽ നിന്ന് വേർപെട്ട് അവർക്ക് അപ്രാപ്യമായ അകലത്തിലാണ് യഥാർത്ഥത്തിൽ അവർക്കു മേലുള്ള ഭരണം നടക്കുന്നത്. ജനങ്ങളും പ്രതിനിധി സഭകളും തമ്മിലുള്ള ഈ വിയോഗ (Disjunction) ത്തിന്റെ വിടവിലൂടെയാണ് സമൂഹത്തിൻറെ ഭദ്രതയ്ക്ക് അനിവാര്യം എന്ന് കരുതപ്പെടുന്ന ഭരണകൂട പരമാധികാര കേന്ദ്രം ഭരണവർഗങ്ങൾക്കുവേണ്ടി ജനങ്ങളുടെ ചെറുത്തുനിൽക്കുന്ന ജീവിത സ്വാധികാരത്തിന്മേൽ ഉദാരജനാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെ രൂപത്തിൽ ആധിപത്യം പുലർത്തുന്നത്. ഇത് വ്യക്തമാക്കുന്നത് ആധുനിക പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ ഒരു പുതിയ കണ്ടുപിടുത്തമായി പ്രത്യക്ഷപ്പെട്ട അധികാരത്തിന്റെ പ്രതിനിധാനം (Representation)ഒരു യാഥാർത്ഥ്യമല്ല എന്നാണ്. വിശേഷങ്ങളെ സാമാന്യവൽക്കരിക്കുന്ന അമൂർത്തീകരണത്തിലൂടെ പ്രവർത്തിക്കുന്ന ഒരു വിചിത്ര നാടകവേദിയാണ് പാർലമെൻററി ജനാധിപത്യം.
ഒരേസമയം ഓരോ പൗരനും താൻ തെരഞ്ഞെടുക്കുന്ന പ്രതിനിധിയിലൂടെ ഭരണത്തിൽ പങ്കാളിയാവുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും അതേസമയം അവരെ യഥാർത്ഥത്തിൽ ഭരണത്തിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യുന്നു എന്നതാണ് ഈ രാഷ്ട്രീയ സാങ്കേതികവിദ്യയുടെ രഹസ്യം. അതായത് ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും യഥാർത്ഥത്തിൽ വിജയിക്കുന്നത് ജനങ്ങൾ അല്ല മറിച്ച് അധികാരം കൈയാളുന്ന പാർട്ടികളുടെ നേതാക്കളാണ്. ജനങ്ങളുടെ ഭരണ വ്യവസ്ഥയോടുള്ള സംയോഗത്തെയും വിയോഗത്തെയും ഐക്യപ്പെടുത്തുന്ന ഈ സങ്കേതം ഴീൽ ദെലൂസും ( Gilles Deleuze )മറ്റും പറയുന്ന വിയുക്ത സംയോഗം ( Disjunctive synthesis) എന്ന ഗണത്തിൽ പെടുന്ന ഒന്നാണ് എന്നർത്ഥം.
റൂസ്സോയെയും ജെയിംസ് മാഡിസണെയും പോലുള്ള ആധുനിക ജനാധിപത്യത്തിൻറെ സൈദ്ധാന്തികർ തന്നെ ജനാധിപത്യസങ്കേതത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞിരുന്നു. ഭരണകൂടത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്നത് പൗരന്മാരുടെ വ്യക്തിപരമായ ഇച്ഛയല്ലെന്നും പൊതുവായ ഒരു സാമാന്യ ഇച്ഛ (General will)യാണെന്നും വ്യക്തികളുടെ യഥാർത്ഥ ഇച്ഛയെ പ്രതിനിധീകരിക്കുന്ന ജനാധിപത്യം ദേവന്മാരുടെ ലോകത്തു മാത്രമേ സാധ്യമാകൂ എന്നും റൂസ്സോ പറഞ്ഞത് ഈ തിരിച്ചറിവിൽ നിന്നാണ്. ജനാധിപത്യ ഭരണകൂടം ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് അതിന്റെ ഭദ്രതക്ക് നല്ലതെന്നു പറയുന്ന ജെയിംസ് മാഡിസണും ആധുനിക ജനാധിപത്യവും ജനങ്ങളും തമ്മിലുള്ള യഥാർത്ഥ അകൽച്ചയെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.
എന്നാൽ ജനസഞ്ചയ ജനാധിപത്യ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ആവിർഭാവം പാർലമെൻററി ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന അമൂർത്തവും അതുകൊണ്ടുതന്നെ അയഥാർത്ഥവുമായ പ്രതിനിധാനത്തെ മുർത്തജീവിതം കൊണ്ട് തള്ളിക്കളയാനാണ് ശ്രമിക്കുന്നത്. മനുഷ്യരുടെ സ്വകാര്യമായ ജീവിതവ്യാപാരങ്ങളെ മുഴുവൻ അരാഷ്ട്രീയമായ ഒരു തലത്തിലേക്ക് മാറ്റി നിർത്തിക്കൊണ്ട് മനുഷ്യരെ സാമാന്യ പൊതുസമൂഹത്തിലെ അമൂർത്ത പൗരൻ എന്ന ഗണത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ആ അമൂർത്ത പൗരവ്യക്തിത്വം ഭരണകൂടത്തിൽ പങ്കാളിയാകുന്നു എന്ന് സങ്കൽപ്പിക്കുകയും ചെയ്യുന്ന ലിബറൽ രാഷ്ട്രീയ സാങ്കേതിക വിദ്യയെയാണ് ഇവിടെ ജനസഞ്ചയ സാമൂഹ്യ പ്രസ്ഥാനങ്ങൾ തള്ളിക്കളയുന്നത്.
ലിബറൽ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ വൈപരീത്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് യഥാർത്ഥ ജനാധിപത്യത്തിലേക്ക് വാതിൽ തുറക്കാനുള്ള ജനസഞ്ചയെ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ മുന്നേറ്റം കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽക്കാണ് മുഖ്യധാരയിലേക്ക് വരാൻ തുടങ്ങുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ 60-കൾ മുതൽ, സമത്വമില്ലാത്ത സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ലിബറൽ ജനാധിപത്യത്തിന്റെ യും സ്വാതന്ത്ര്യമില്ലാത്ത സമത്വം വിഭാവന ചെയ്യുന്ന സോവിയറ്റ് സമഗ്രാധിപത്യ മാതൃകയുടെയും പരിമിതികൾക്കെതിരെ ലോകമെങ്ങും ഉയർന്നു വരാൻ തുടങ്ങിയ ബഹുജന വിദ്യാർഥി കലാപങ്ങളുടെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ ചെറുത്തു നിൽക്കുന്ന ബദൽ ജനാധിപത്യ അധികാരത്തിന്റെ ഒട്ടേറെ പുതിയ പ്രകാശന രൂപങ്ങൾ ലോകരാഷ്ട്രീയ വേദിയെ കയ്യടക്കുന്നത് നാം കാണുന്നുണ്ട്. ആധുനിക പൊതു പൗരസമൂഹ രാഷ്ട്രീയത്തിൻറെ അതിരുകളെ ഭേദിച്ച് സ്ത്രീകളുടെയും കറുത്തവരുടെയും ഗോത്ര സമൂഹങ്ങളുടെയും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളുടെയും ഒക്കെ വിമോചനത്തിന് വേണ്ടി ഉയർന്നുവന്ന സൂക്ഷ്മ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഇക്കൂട്ടത്തിൽ പെടുന്നവയാണ്. ലോകവ്യാപകമായി ഭിന്നരീതികളിൽ ഉയർന്നുവന്ന ഈ പുതിയ വിമോചന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമായ സവിശേഷത അവ ലിബറൽ ജനാധിപത്യത്തിൻറെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ജീവിതത്തിന്റെ സ്വകാര്യ/ പൊതുകാര്യ വിഭജനത്തെ തട്ടിമാറ്റിക്കൊണ്ട് സ്വകാര്യമെന്ന് കരുതപ്പെടുന്ന എല്ലാ ഭാവശക്തികളോടും തൃഷ്ണകളോടും കൂടി മനുഷ്യജീവിതത്തെ രാഷ്ട്രീയത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നു എന്നതാണ്.
വ്യക്തിപരമായത് രാഷ്ട്രീയമാണ് (Personal is Political) എന്ന സ്ത്രീ വിമോചന പ്രസ്ഥാനത്തിൻറെ മുദ്രാവാക്യം ചോദ്യം ചെയ്തതും അട്ടിമറിച്ചതും ലിബറൽ പൗര പൊതുസമൂഹ രാഷ്ട്രീയത്തിന്റെ അമൂർത്തീകരണത്തിൽ അടങ്ങിയിരിക്കുന്ന കാപട്യത്തെയാണ്. അതുപോലെ ആധുനിക സമൂഹങ്ങളിൽ അടിത്തട്ടിലേക്കും പാർശ്വങ്ങളിലേക്കും തള്ളിമാറ്റപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ലോകകീഴാള ജനത സൂക്ഷ്മ ജനാധിപത്യ ബദൽ അധികാരശക്തികളായി ഉയർന്നുവന്നത് അവരുടെയെല്ലാം വർണപരമോ വംശപരമോ മതപരമോ ജാതിപരമോ ലിംഗപരമോ ഒക്കെയായ പിൻതള്ളപ്പെട്ട സ്വകാര്യജീവിതലോകങ്ങളുടെ നിശബ്ദമാക്കപ്പെട്ട ശക്തികളെ ഉച്ചത്തിൽ മുന്നിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിലൂടെയാണ്. ഇങ്ങനെ ജീവിതത്തിൻറെ ഭാവശക്തികളിൽ നിന്നും തൃഷ്ണകളിൽ നിന്നും വെട്ടിമാറ്റപ്പെട്ട, ലിബറൽ പൊതു പൗര സമൂഹമെന്ന അമൂർത്തതയിലേക്ക് അടിച്ചമർത്തപ്പെട്ടവരുടെ മൂർത്തജീവിതം ഇരച്ചു കയറുന്നതോടെ യഥാർത്ഥത്തിൽ തകരുന്നത് ലിബറൽ ജനാധിപത്യത്തിന്റെ ചട്ടക്കൂടായി വർത്തിക്കുന്ന പ്രതിനിധാനാത്മക രാഷ്ട്രീയത്തിന്റെ വൈപരീത്യമാണ്. ഇതിലൂടെ സംഭവിക്കുന്നത് ഭരണകൂടാത്മക ശക്തിയായി പ്രവർത്തിച്ച അമൂർത്ത പൗര സമൂഹ പൊതുമണ്ഡലത്തിലേക്ക് അടിച്ചമർത്തപ്പെട്ട കീഴാള ജനസഞ്ചയം ഒരു മൂർത്ത ജീവിതശക്തിയായി, നിരുപാധിക ജനാധിപത്യത്തിന്റെ രാഷ്ട്രീയ ശക്തിയായി കടന്നുവരുന്നു എന്നതാണ്. ഇതോടെ ലിബറൽ ഭരണകൂട പരമാധികാരത്തിലേക്കുള്ള പൗരരുടെ അമൂർത്തപ്രതിനിധാനത്തിന്റെ സ്ഥാനത്ത് ജനങ്ങൾ അവരുടെ ജീവിതാധികാരത്തെ പ്രതിനിധാനം ചെയ്യുന്ന ബദൽ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയിലേയ്ക്ക് വാതിൽ തുറക്കുകയാണ് ചെയ്യുന്നത്.
ഇതോടൊപ്പം രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ ബന്ധത്തിലും പരിവർത്തനം സംഭവിക്കുന്നു. ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ സ്വയം പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പാർട്ടികൾക്ക് ജനങ്ങൾ വോട്ടു ചെയ്യുമ്പോൾ യഥാർത്ഥത്തിൽ അവർ പാർട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ (Strategy)ക്കാണ് വോട്ട് ചെയ്യുന്നത്. ആ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ ജനങ്ങൾക്ക് പങ്കില്ല. പാർട്ടികളെ നയിക്കുന്ന നേതൃത്വം ആണ് മുകളിൽ നിന്ന് തന്ത്രങ്ങൾ രൂപപ്പെടുത്തി ജനങ്ങളിൽ പ്രയോഗിക്കുന്നത്. എന്നാൽ ജനസഞ്ചയ ജനാധിപത്യ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തോടെ പാർട്ടികളുടെ ഇടനിലയില്ലാതെ തന്നെ ജനങ്ങൾ നേരിട്ട് അവരുടെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇവിടെ സംഭവിക്കുന്നത് പാർട്ടി കേന്ദ്രങ്ങളിൽ നേതാക്കന്മാർ രൂപം കൊടുത്തിരുന്ന രാഷ്ട്രീയ തന്ത്രങ്ങൾ താഴെ ജനങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ഇച്ഛകളുടെയും ഭാവശക്തികളുടെയും തലത്തിൽ രൂപമെടുക്കാൻ തുടങ്ങുന്നു എന്നതാണ്.
ഇങ്ങനെ രാഷ്ട്രീയ തന്ത്രങ്ങൾ ജനങ്ങൾ ഏറ്റെടുക്കാൻ തുടങ്ങുന്നതോടെ പ്രതിസന്ധിയിൽ ആവുന്നത് ജനപ്രതിനിധികൾ എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി ചിന്തിക്കാനും തീരുമാനമെടുക്കാനും ജനങ്ങളെ നയിക്കാനും ഭരിക്കാനും ആധുനിക രാഷ്ട്രീയത്തിൽ നിലവിൽ വരുന്ന നേതൃത്വ സങ്കല്പം കൂടിയാണ്. ജനങ്ങളുടെ ഇച്ഛയെ സംഘടിതമായി പ്രതിനിധീകരിക്കുന്നു എന്ന് സങ്കൽപ്പിക്കപ്പെടുന്ന എല്ലാത്തരം ആധുനിക രാഷ്ട്രീയ പാർട്ടികളും പരമാധികാര ഭരണകൂട മാതൃകയിൽ മുകളിൽ അധികാരം കേന്ദ്രീകരിക്കത്തക്കവിധം ശ്രേണീബദ്ധമായ ഘടനയിൽ സംഘടിപ്പിക്കപ്പെട്ടവയാണ്. പാർട്ടികൾക്ക് പുറത്തുനിന്ന് രൂപപ്പെട്ട വിവിധതരം ബദൽ ജനാധിപത്യ സാമൂഹ്യ പ്രസ്ഥാനങ്ങൾക്കു മുന്നിൽ ഇത്തരം കേന്ദ്രീകൃത രാഷ്ട്രീയ സംഘടനകളും അതിൻറെ നേതൃത്വവും കാഴ്ചക്കാരായി നോക്കി നിൽക്കുന്നതാണ് നാം കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യം മുതൽ കണ്ടു തുടങ്ങുന്നത്. ഇവിടെ സംഭവിക്കുന്നത് വിവിധ ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യവാഞ്ചയിലൂടെ രൂപപ്പെടുന്ന പുതിയ ജനസഞ്ചയ സാമൂഹ്യ പ്രസ്ഥാനങ്ങൾ തങ്ങൾക്ക് വേണ്ടി ചിന്തിക്കാനും രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാനും ഉള്ള അധികാരം നേതൃ കേന്ദ്രങ്ങളിൽ നിന്ന് തിരികെ പിടിക്കുന്നു എന്നതാണ്. അതായത് ജനാധിപത്യം സമര ശക്തിയായി മാറുമ്പോൾ നേതൃ കേന്ദ്രങ്ങൾ കുത്തകയാക്കിവെച്ച സമരതന്ത്രങ്ങൾ ജനങ്ങൾ തീരുമാനിക്കുകയും അധികാരമില്ലാത്ത ഒരു പുതിയ തരം നേതൃത്വം ആ തന്ത്രങ്ങൾ നടപ്പാക്കുന്നതിനുള്ള അടവുക ളുടെ പ്രയോക്താക്കളായി നിയോഗിക്കപ്പെടുകയും ആണ് ചെയ്യുന്നത്.
ജനസഞ്ചയ ജനാധിപത്യത്തിൽ സംഭവിക്കുന്ന ഈ തല തിരിച്ചിലിന്റെ മാതൃക ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിൽ തന്നെ നമുക്ക് കാണാവുന്നതാണ്. ഒരു നൂറ്റാണ്ട് മുമ്പ് കൊളോണിയൽ ചൂഷണത്തിൽ അമർന്നു കിടന്ന ഇന്ത്യൻ കർഷകർ അവരുടെ രക്ഷകനായ ഒരു നേതാവിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ചമ്പാരനിലെ കർഷകർ തങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് വേണ്ടി ഗാന്ധിയുടെ പിന്നാലെ നടന്നു യാചിച്ച് തങ്ങളുടെ രക്ഷകനായി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരുന്നത്. ഇന്ന് ഇന്ത്യൻ കർഷകർ കോർപ്പറേറ്റുകളുടെ ദല്ലാളായ നരേന്ദ്രമോദിക്കെതിരെ തങ്ങൾ നയിക്കുന്ന സമരത്തിൽ, നമ്മുടെ ഇടത്- വിപ്ലവ ലിബറൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അതിൻറെ വമ്പൻ നേതൃനിരയെയും കാഴ്ചക്കാരാക്കി നിർത്തിക്കൊണ്ട് സ്വന്തം സമരതന്ത്രം ആവിഷ്കരിക്കുകയും നേതൃത്വം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ കീഴ്മേൽ മറിച്ചിൽ ജനങ്ങൾ സ്വയം ആർജിക്കുന്ന ജനാധിപത്യ രാഷ്ട്രീയ ബോധത്തിന്റെ വികാസത്തിലൂടെ പഴയ ലിബറൽ ഇടത്- രാഷ്ട്രീയ മാതൃകകളെ തള്ളിക്കളഞ്ഞുകൊണ്ട് ജനാധിപത്യം സ്വാശ്രയത്വത്തിലേക്ക് വിമോചിതമാവാൻ തുടങ്ങുന്നതിനെയാണ് കാട്ടിത്തരുന്നത്.
ഈ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ആഗോള മൂലധന സാമ്രാജ്യത്തിന്റെ സാമന്തന്മാർക്കെതിരെ ഉയർന്ന ജനസഞ്ചയ പ്രക്ഷോഭവും അതിനെ തുടർന്നു നടക്കുന്ന ജനാധിപത്യ പരീക്ഷണവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്ക് കൂടി വെളിച്ചം വീശുന്നതാണെന്ന് പറയാം. ഇന്ത്യൻ ജനജീവിതത്തെയും സമ്പദ് വ്യവസ്ഥയെയും ആഗോള കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കാൻ കരാറെടുത്തിരിക്കുന്ന നരേന്ദ്രമോദിക്കും കൂട്ടർക്കും എതിരായ ബദൽ ജനാധിപത്യ ജനസഞ്ചയ പ്രക്ഷോഭങ്ങളുടെ പുതിയൊരു തരംഗം കർഷകരും വിദ്യാർത്ഥികളും ദളിതരും ന്യൂനപക്ഷങ്ങളും അടക്കമുള്ള കീഴാളജന വിഭാഗങ്ങളിൽ നിന്ന് എപ്പോഴാണ് ഉയരാൻ തുടങ്ങുന്നത് എന്ന് പറയാനാവില്ല. ജനങ്ങളെ ഭയന്ന് ജീവനും കൊണ്ട് ഒളിച്ചോടുന്ന സ്വേച്ഛാധിപതികളുടെ എണ്ണം വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് നരേന്ദ്രമോദിയും കൂട്ടരും എപ്പോഴാണ് ആ പട്ടികയിൽ പേര് ചേർക്കാൻ പോകുന്നതെന്നും പറയാനും ആവില്ല. അതുകൊണ്ട്, ഭാവിയിൽ ഇന്ന് ശ്രീലങ്കയിൽ നടക്കുന്ന ബദൽ ജനാധിപത്യ രാഷ്ട്രീയ പരീക്ഷണം ഉയർന്ന രൂപത്തിൽ ഇന്ത്യയിൽ ആവർത്തിച്ചു കൂടായ്കയില്ല. ചുരുക്കത്തിൽ, നരേന്ദ്രമോദി വാഴ്ചക്കെതിരെ സംഘടിച്ചു കഴിഞ്ഞ ഇന്ത്യാമുന്നണിയും ഇടതു പക്ഷ പ്രസ്ഥാനങ്ങളും ശ്രീലങ്കൻ രാഷ്ട്രീയ പ്രതിഭാസത്തിൽ ജനാധിപത്യത്തിന് സംഭവിച്ചിരിക്കുന്ന ഗുണപരമായ അന്തരത്തിലേക്ക് ഉറ്റു നോക്കേണ്ടതുണ്ട്.