കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കോൺഗ്രസ് അടക്കമുള്ള വിശാല മതേതര മുന്നണിയിൽ അണിനിരന്നേ മതിയാകൂ

ശരദ് പവാർ എന്ന പരിചയസമ്പന്നനായ നേതാവിന്റെ നേതൃത്വത്തിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു. വലിയ ചിന്തകളിൽ മമതാ ബാനർജി (ബംഗാൾ), സ്റ്റാലിൻ (തമിഴ്‌നാട്), ചന്ദ്രശേഖര റാവു (തെലങ്കാന) എന്നിവരും ചർച്ചകളുടെ ഭാഗമായിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യയിൽ കോൺഗ്രസ് അടക്കമുള്ള വിശാല മതേതര മുന്നണിയിൽ അണിനിരന്നേ മതിയാകൂ. അവരുടെ ശക്തി കഴിഞ്ഞ നാളുകളിൽ ഇന്ത്യയിലാകെ ചോർന്നുപോയത് ഈ ഒരുമിച്ചുചേരലിന് വഴിയൊരുക്കിയേക്കും- ഡോ. എം.കെ. മുനീർ എഴുതുന്നു.

ബി.ജെ.പി. എന്ന ജനാധിപത്യവിരുദ്ധശക്തി ഇന്ത്യ എന്ന ഏകശിലാ സങ്കൽപത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ അതിനെ ചെറുക്കാനുള്ള വീര്യം പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയിലൂടെ സാധ്യമാകുമോ എന്ന ചോദ്യം വിശദമായ വിശകലനങ്ങൾക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ത്യൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സംസ്ഥാനങ്ങളിൽ നിന്ന്​രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമെല്ലാം 2024-ലെ പൊതുതെരഞ്ഞെടുപ്പിന്റെ കാഹളം ഉയർത്തിക്കഴിഞ്ഞു. കോൺഗ്രസ്, മറ്റു പ്രതിപക്ഷകക്ഷികൾ, എല്ലാം ചേർന്ന് ഒരു ശക്തമായ പ്രതിപക്ഷം രൂപപ്പെടുമോ എന്നതാണ് ചോദ്യം. ഒന്നിച്ചുചേരാൻ വിസമ്മതിച്ചുനിൽക്കുന്ന, വിഘടിച്ചുനിൽക്കുന്ന ഈ പ്രതിപക്ഷത്തിന്​, യാഥാർഥ്യബോധത്തോടെ പൊതുശത്രുവിനെ നേരിടാൻ എങ്ങനെ സാധ്യമാകും എന്നതാണ് ആശങ്ക.
കോൺഗ്രസ് തന്നെയാണ്​ എല്ലാ പോരായ്മകളെയും ഉൾക്കൊണ്ടുതന്നെ പ്രതിപക്ഷനിരയിലെ പ്രതീക്ഷ. അകത്തുനടക്കുന്ന അനഭിലഷണീയമായ ഉൾപ്പോര് എല്ലാവരിലും ഒരു മടുപ്പുണ്ടാക്കുന്നതാണ് എന്നത് ശരിതന്നെ. അതിലെ അതികായരായ പല നേതാക്കളും പാളയം മാറിയതും ദൗർഭാഗ്യകരം തന്നെ. എങ്കിലും ബി.ജെ.പി.യുടെ മനസ്സിൽ ഇപ്പോഴും കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉപേക്ഷിച്ചിട്ടില്ല എന്നതിനാൽ ഇത് കോൺഗ്രസിന്റെ ഇപ്പോഴും നിലനിൽക്കുന്ന ശക്തിയിൽ അവർക്കുള്ള ഭയചിന്തയെ ഓർമപ്പെടുത്തുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ പണാധിപത്യവും അവിശുദ്ധ രാഷ്ട്രീയനീക്കവും കോൺഗ്രസിനെയും പ്രാദേശിക പ്രസ്ഥാനങ്ങളായ ശിവസേനയെയും ജനതാദൾ സെക്കുലറിനെയും ഒറ്റയ്ക്ക് മറികടക്കാൻ ബി.ജെ.പി.യെ സഹായിച്ചു (രാജസ്ഥാനിലൊഴികെ). രാജസ്ഥാനിൽ ഗെലോട്ടും സച്ചിൻ പൈലറ്റും ബി.ജെ.പി. കോർപറേറ്റ് നീക്കത്തെ ചെറുത്തുനിന്നു എന്നത് ആശ്വാസകരമാണ്. എന്നാലും, പൂർണ ആരോഗ്യത്തിലല്ല മറികടന്നത് എന്നത് ആശങ്കാജനകമാണ്. രാജ്യസഭിയിലേക്ക് യു.പി.യിൽ ആർ.എൽ.ഡി.യുമായി ചേർന്ന് എസ്.പി. നടത്തിയ പ്രകടനം പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തിയിലേക്ക് വിരൽചൂണ്ടുന്നു. കപിൽ സിബലിനെ നിർത്തി ജയിപ്പിച്ചത്. ആർ.എസ്.എസ്., ബി.ജെ.പി. കൂട്ടുകെട്ടിനുള്ള മധുരമായ മറുപടിയും, പുതുതായി രൂപംകൊണ്ട പ്രതിപക്ഷ കൂട്ടായ്മയുടെ പരീക്ഷണശാലയായി പരിഗണിക്കാവുന്നതുമാണ്. ശരദ് പവാർ എന്ന പരിചയസമ്പന്നനായ നേതാവിന്റെ നേതൃത്വത്തിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു. വലിയ ചിന്തകളിൽ മമതാ ബാനർജി (ബംഗാൾ), സ്റ്റാലിൻ (തമിഴ്‌നാട്), ചന്ദ്രശേഖര റാവു (തെലങ്കാന) എന്നിവരും ചർച്ചകളുടെ ഭാഗമായിട്ടുണ്ട്.

ശരത് പവാർ, മമതാ ബാനർജി, സ്റ്റാലിൻ, ചന്ദ്രശേഖര റാവു
ശരത് പവാർ, മമതാ ബാനർജി, സ്റ്റാലിൻ, ചന്ദ്രശേഖര റാവു

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യയിൽ കോൺഗ്രസ് അടക്കമുള്ള വിശാല മതേതര മുന്നണിയിൽ അണിനിരന്നേ മതിയാകൂ. അവരുടെ ശക്തി കഴിഞ്ഞ നാളുകളിൽ ഇന്ത്യയിലാകെ ചോർന്നുപോയത് ഈ ഒരുമിച്ചുചേരലിന് വഴിയൊരുക്കിയേക്കും. ഇതിൽ ഉദ്ധവ് താക്കറെയെ എവിടെ നിർത്തും എന്നത് ഒരു പ്രശ്‌നമാണ്. ഇവർ തീവ്ര ഹിന്ദുത്വചിന്ത വെടിയാത്തതുകൊണ്ടുതന്നെ ബി.ജെ.പി.യുടെ ‘ബി’ ടീമായേ പരിഗണിക്കാനാകൂ.

ഇതിനിടയിൽ, പ്രതിപക്ഷകക്ഷികൾക്ക് ശക്തമായ ഒരു പ്രതിരോധം തീർക്കാൻ, ഭാവിയിലേക്ക് ഉപയോഗിക്കാൻ പറ്റിയ പല വിഷയങ്ങളും വീണുകിട്ടിയിരുന്നു. കർഷക സമരം അങ്ങനെ ഒരവസരമായിരുന്നു. പക്ഷെ എല്ലാ പ്രതിപക്ഷകക്ഷികളും ഒരുമിച്ചുനിന്ന് ആ പോരാട്ടത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല.

ഇനി ഇവരിൽ ആരെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടും എന്നതും പ്രശ്‌നമാണ്. രാഹുലോ, സ്റ്റാലിനോ, പവാറോ, മമതയോ എന്നൊന്നും ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. കോൺഗ്രസ് അവരുടെ വിട്ടുപോയ എല്ലാ അധികാരവും തിരിച്ചുകൊണ്ടുവരേണ്ടതുണ്ട് എന്ന ഒരു പൊതുവികാരമുണ്ട്. മുസ്‌ലിം ലീഗ് അതിന്റെ രാഷ്ട്രീയ സത്യസന്ധത പാലിച്ച്​, കോൺഗ്രസിനോടൊപ്പമുണ്ടാകും എന്നതാണ് ഇതുവരെ കൈക്കൊണ്ട നിലപാട്. അതിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെന്ന് തോന്നിയിട്ടില്ല.

മോദിയുടെ ഭരണം നാഗ്പുർ നിയന്ത്രണത്തിലായ സാഹചര്യത്തിൽ ഇന്ത്യയുടെ ഭാവിചിന്തകളുടെ തലസ്ഥാനം ഡൽഹിയിലേക്ക് തന്നെ കൊണ്ടുവരിക എന്നതാണ് പ്രതിപക്ഷകക്ഷികൾക്ക് ചെയ്യാനുള്ള പ്രഥമദൗത്യം. പ്രാദേശിക കക്ഷികളാകുമ്പോൾ അത് എത്രമാത്രം സാധ്യമാകും എന്ന സംശയം നിലനിൽക്കുന്നുണ്ട്.


Summary: ശരദ് പവാർ എന്ന പരിചയസമ്പന്നനായ നേതാവിന്റെ നേതൃത്വത്തിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു. വലിയ ചിന്തകളിൽ മമതാ ബാനർജി (ബംഗാൾ), സ്റ്റാലിൻ (തമിഴ്‌നാട്), ചന്ദ്രശേഖര റാവു (തെലങ്കാന) എന്നിവരും ചർച്ചകളുടെ ഭാഗമായിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യയിൽ കോൺഗ്രസ് അടക്കമുള്ള വിശാല മതേതര മുന്നണിയിൽ അണിനിരന്നേ മതിയാകൂ. അവരുടെ ശക്തി കഴിഞ്ഞ നാളുകളിൽ ഇന്ത്യയിലാകെ ചോർന്നുപോയത് ഈ ഒരുമിച്ചുചേരലിന് വഴിയൊരുക്കിയേക്കും- ഡോ. എം.കെ. മുനീർ എഴുതുന്നു.


ഡോ. എം.കെ. മുനീർ

എം.എല്‍.എ., മുസ്‍ലിം ലീഗ് ലീഡര്‍

Comments