സുരേഷ് ഗോപിയെ വെറുതെ വിടാം, സാനു മാഷിന് ഓര്‍മയുണ്ടോ പണ്ഡിറ്റ് കറുപ്പനെ

1938 മാര്‍ച്ച് 23ന് മരിച്ചു പോയ ഒരാളെ ഇന്നിപ്പോള്‍ കൊല്ലാന്‍ കഴിയുമോ?

അസംബന്ധ ചോദ്യമെന്ന് പറഞ്ഞ് എന്റെ ചോദ്യത്തെ തള്ളിക്കളയാന്‍ വരട്ടെ. കവിയും മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ എന്നറിയപ്പെട്ട കെ.പി. കറുപ്പനാണ് അത്തരമൊരു ദുര്‍ഗതി ഇപ്പോള്‍ വന്നുപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ഒരു പുരസ്‌കാരം സുരേഷ് ഗോപി എന്നൊരാള്‍ക്ക് കൊടുക്കുമ്പോള്‍ അതിനെ 'കൊല'യില്‍ കുറഞ്ഞ് മറ്റൊന്നുമാണെന്ന് വിശേഷിപ്പിക്കാന്‍ എനിക്ക് തോന്നുന്നില്ല. ജാതി വ്യവസ്ഥയ്ക്കെതിരെ ധീരമായ പോരാട്ടം നടത്തിയ, അധ:സ്ഥിത സമുദായങ്ങളുടെ പ്രിയപ്പെട്ട ആ പോരാളിയെ,

'ജാതിക്കുമ്മി' തുടങ്ങിയ വിപ്ലവാത്മക കാവ്യങ്ങള്‍ രചിച്ച പണ്ഡിറ്റ് കറുപ്പനെ ഇതില്‍ കൂടുതല്‍ അവഹേളിക്കാനിനിയെന്ത്?

'ഇക്കാണും ലോകങ്ങളീശ്വരന്റെ

മക്കളാണെല്ലാമൊരുജാതി

നീക്കി നിറുത്താമോ സമസൃഷ്ടിയെ?ദൈവം

നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ - തീണ്ടല്‍

ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ! '

എന്നൊക്കെയെഴുതിയ ധീരന്റെ ഓര്‍മ്മയെയാണ് വര്‍ഗീയതയോട് സന്ധി ചെയ്ത് ജീവിക്കുന്ന ഒരു സിനിമ നടന്റെ പ്രശസ്തിയെക്കൊണ്ട് കൊന്നുകളയാം എന്ന് ആരൊക്കയോ തീരുമാനിച്ചിരിക്കുന്നത്. കൊടുക്കുന്നവനും വാങ്ങുന്നവനും ഉളുപ്പില്ലാതെ പോയല്ലോ എന്ന ദു:ഖമാണെനിക്ക്. ഇത് നമ്മുടെ സമൂഹം എത്തി നില്‍ക്കുന്ന ദുരവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ്. പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത് പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയാണ്. ആരൊക്കെയാണ് അതിന്റെ പുറകിലെന്ന് നിശ്ചയമില്ല. അവര്‍ ആരായാലും അക്കൂട്ടരുടെ വിഷലിപ്തമായ തലച്ചോറിനെപ്പറ്റി ഇപ്പോള്‍ നല്ല ബോധ്യമായി എന്നേ പറയുവാനുള്ളൂ. പുരസ്‌കാരം ഈ മാസം 28ന് പ്രൊ. എം.കെ. സാനു സമ്മാനിക്കും എന്നാണ് വാര്‍ത്തയില്‍ കണ്ടത്. സാനുമാഷിങ്ങനെ നിരന്തരം ഞെട്ടിച്ചു കൊണ്ടിരുന്നാല്‍ കേരളം കഷ്ടത്തിലാകും!

കെ.പി. കറുപ്പന്‍

ഈ പുരസ്‌കാരത്തിലെ വൈരുധ്യത്തെ, വിരോധാഭാസത്തെ മനസ്സിലാക്കാനുള്ള, തിരിച്ചറിയുവാനുള്ള വിവേകം സാനുമാഷിന് കൈമോശം വന്നുവോ ? മാഷിന് കറുപ്പനെ നന്നായറിയാം. കായല്‍ സമ്മേളനത്തിന് നേതൃത്വം കൊടുത്ത കറുപ്പനെ സാനുമാഷിനല്ലെങ്കില്‍ മാറ്റരറിയാന്‍ ?

മാഷിന് പിഴച്ചിരിക്കുന്നത്, സുരേഷ് ഗോപിയെ അറിയുന്നതിലാണ്, അയാളുടെ രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതിലാണ്.

ഇത് നിശ്ചയമായും കരുതിക്കൂട്ടി ചെയ്യുന്ന കലാപരിപാടിയാണ്. എല്ലാ അര്‍ത്ഥത്തിലും ഇതൊരവഹേളനമാണ്. കേരള ലിങ്കണ്‍ എന്നു പോലും വിശേഷിപ്പിക്കപ്പെട്ട അരയ സമുദായ നേതാവിനെ, ബ്രാഹ്മണിക്കല്‍ ഹൈന്ദവികതയുടെ വെളിച്ചപ്പാടനിലൂടെ അവഹേളിക്കുകയാണ് ഉദ്ദേശം. പാവപ്പെട്ട മനുഷ്യര്‍ നടത്തിയ മഹാപോരാട്ടങ്ങളുടെ യഥാര്‍ത്ഥ മുഖത്തെ മായ്ച്ചു കളയുവാനുള്ള നീക്കമാണിത്. ദളിതരുടെ ചരിത്രത്തെ ഹിന്ദുത്വ വാദികള്‍ കൗശലപൂര്‍വ്വം കവര്‍ന്നെടുക്കുകയാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം.

അടുത്ത ജന്മം ബ്രാഹ്മണനാവണമെന്നാഗ്രഹിച്ചു ജീവിക്കുന്ന ഒരാളിന്റെ 'സാമൂഹ്യ സേവനങ്ങള്‍' പണ്ഡിറ്റ് കറുപ്പന്റെ പേരില്‍ ആദരിക്കപ്പെടുമ്പോള്‍ മലയാളിയായ ഞാന്‍ ചിരിക്കണോ അതോ കരയണോ? രണ്ടുമല്ല വേണ്ടത്. ചുറ്റിനുമുള്ള വിഷലിപ്തമായ അന്തരീക്ഷത്ത തിരിച്ചറിയുകയാണ്. ദീര്‍ഘായുസ്സിന്റെ നിറവില്‍ സാനുമാഷ് ഇത്തരം ഗൂഢാലോചനകളുടെ ചതിക്കുഴിയില്‍ വീഴരുത് എന്നേ അപേക്ഷിക്കാനുള്ളൂ.

സുരേഷ് ഗോപിയോട് പറയാന്‍ ഒന്നേയുള്ളൂ. പണ്ഡിറ്റ് കറുപ്പനെ അറിയാന്‍ സുരേഷ് ഗോപിയെന്ന നിങ്ങള്‍ ജന്മങ്ങള്‍ പലതും ജനിക്കേണ്ടി വരും. ആ പോരാട്ടത്തിന്റെ ഓര്‍മ്മകളെ അട്ടിമറിക്കാന്‍ നിങ്ങളുടെ അനുയായികളും മേലാളന്മാരും കൊട്ടിഘോഷിക്കുന്ന 'മഹാനടനങ്ങള്‍'ക്ക് കരുത്തില്ല. ഓര്‍മപ്പെടുത്തട്ടെ ഇത് കേരളമാണ്.

ചേരാനല്ലൂരിലെ പാപ്പുവിൻ്റെയും കൊച്ചുപ്പെണ്ണിൻ്റെയും മകനെ അറിയാൻ ചില്ലറ ജന്മങ്ങളും സ്ഥിരം വേഷംകെട്ടുകളും പോര

Comments