കേന്ദ്രത്തിന്റെ ‘അർധരാത്രി ഓർഡിനൻസി’ന്റെ ലക്ഷ്യം ദൽഹി മാത്രമല്ല…

ദല്‍ഹിയിലെ ഉദ്യോഗസ്​ഥരുടെ നിയന്ത്രണാധികാരം ദൽഹി സർക്കാറിനാണ്​ എന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ രാഷ്​ട്രീയമായി നേരിടാൻ തയാറെടുക്കുകയാണ്​ ദൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. എന്നാൽ, കെജ്​രിവാളിനും ദൽഹിക്കും അപ്പുറത്തേക്ക്​ വ്യാപിക്കുന്ന ഒരു ലക്ഷ്യം ഈ ഓർഡിനൻസിനുപുറകിലുണ്ട്.

നങ്ങള്‍ തെരഞ്ഞെടുക്കുന്ന, പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഭരണഘടനാപരമായ ചട്ടക്കൂടിലുള്ള ഒരു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയും പലവിധ മാര്‍ഗങ്ങളിലൂടെ നിരാകരിക്കുകയും ചെയ്യുന്നതിനെതിരെയുള്ള അതിശക്തമായ താക്കീതു കൂടിയായിരുന്നു 2023 മെയ് 11-ന്​ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് Government of NCT of Delhi vs Union of India (2023) കേസില്‍ പുറപ്പെടുവിച്ച വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബഞ്ച് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒരു അധികാരത്തര്‍ക്കം തീര്‍പ്പാക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ഫെഡറല്‍ രാഷ്ട്രീയസ്വത്വത്തിന്റെ ഭരണഘടനാപരമായ ആധികാരികത ആവര്‍ത്തിച്ചുറപ്പിക്കുകകൂടിയാണ് ചെയ്തത്.

ഈ വിധിക്ക് അല്പദിവസങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്രയിലെ ശിവസേനാ സാമാജികരുടെ കൂറുമാറ്റവും അയോഗ്യതയും ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശ്വാസവോട്ട് നേടാന്‍ ആവശ്യപ്പെട്ടതും അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ മറ്റൊരു ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധിയും ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നതിനെതിരെയായിരുന്നു.

രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനുനേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ സ്വതന്ത്രാധികാരങ്ങള്‍ക്കുനേരെയും കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെയടക്കം ഉപയോഗിച്ച്​ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയും സംസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നിയമസഭക്ക്​ പുറത്തുള്ള അധികാരകേന്ദ്രമായി ഗവര്‍ണര്‍മാരും അതുവഴി കേന്ദ്രസര്‍ക്കാരും ഇടപെടുന്നതിനെതിരെയും കൃത്യമായ താക്കീതും മുന്നറിയിപ്പും ഉള്‍ക്കൊള്ളുന്നതും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ പ്രാധാന്യം ഭരണഘടനാപരമായി വ്യാഖ്യാനിക്കുന്നതുമായിരുന്നു ആ വിധി. സങ്കുചിതമായ അതിദേശീയതയുടെയും ഏകശില ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അതിന്റെ സമഗ്രാധികാര രാഷ്ട്രീയ ഭരണരൂപത്തിന്റെയും ഉപാസകരായ ബി.ജെ.പിക്കും അവരുടെ കേന്ദ്ര സര്‍ക്കാരിനും ഈ വിധികള്‍ കടുത്ത അസംതൃപ്തിയുണ്ടാക്കിയതില്‍ അത്ഭുതമില്ല. പ്രത്യേകിച്ച്​, രാജ്യത്തെ പരമ്മോന്നത ഭരണഘടനാ കോടതിയെ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ഉച്ചഭാഷിണിയാക്കി ചുരുക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കെ ഇത്തരത്തിലുള്ള ഭരണഘടനാ പ്രതിരോധങ്ങള്‍ അവരെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.

അതുകൊണ്ടുതന്നെ, ഏതുവിധത്തിലും ഇത്തരത്തിലുള്ള വിധികളെ മറികടക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ സമഗ്രാധിപത്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കും. അതിനവര്‍ക്ക് യാതൊരുവിധത്തിലുള്ള ജനാധിപത്യ മര്യാദയോ ഭരണഘടനാ മൂല്യങ്ങളോ തടസമാകില്ല എന്നതുകൂടി വ്യക്തമാക്കിക്കൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ കേസിലെ ഭരണഘടന ബഞ്ചിന്റെ വിധിയെ നിര്‍വ്വീര്യമാക്കാന്‍ വിധി വന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ Government of National Capital Territory of Delhi (GNCTD) (Amendment) Ordinance, 2023 പുറപ്പെടുവിച്ചത്.

Photo: flickr

സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ്​ ഉദ്യോഗസ്ഥരടക്കമുള്ള ഗ്രൂപ്പ് A ഉദ്യോഗസ്ഥരുടെയും ദൽഹി, ആന്തമാൻ ആൻറ്​ നികോബാർ ഐലൻറ്​ സിവിൽ സർവീസ്​ (DANICS) വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരുടെയും ദല്‍ഹി സര്‍ക്കാരിനുകീഴിലെ പദവികള്‍, നിയമനം, സ്ഥലംമാറ്റം മറ്റ് നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവയ്ക്കെല്ലാമുള്ള അധികാരം National Capital Civil Service Authority (NCCSA) എന്നൊരു പുതിയ സംവിധാനം രൂപപ്പെടുത്തി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് (എല്‍.ജി) അവസാന തീരുമാനത്തിനുള്ള അധികാരം നല്‍കുന്ന വിധത്തില്‍ പുതിയ നിയമം കൊണ്ടുവരികയാണ് ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

സുപ്രീംകോടതി വിധി സവിശേഷമായി കൈകാര്യം ചെയ്തതും അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയതും ദല്‍ഹി സര്‍ക്കാരിനുകീഴിലെ ‘സേവനം’ (Service) സംബന്ധിച്ച കാര്യങ്ങളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഡല്‍ഹി സര്‍ക്കാരിനുള്ള പൂര്‍ണ്ണമായ അധികാരത്തെക്കുറിച്ചാണ്. എല്‍.ജി വഴി കേന്ദ്ര സര്‍ക്കാരിനാണ് ദല്‍ഹിയുടെ ഉദ്യോഗസ്ഥസേവന കാര്യങ്ങളില്‍ പരമാധികാരമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ അതിവിശദമായി കാരണങ്ങള്‍ നിര്‍ത്തിയും ഭരണഘടനാപരമായി വ്യാഖ്യാനിച്ചും സുപ്രീംകോടതി തള്ളിക്കളഞ്ഞതാണ്. ആ വിധിയെ മറികടക്കാനാണ് പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്ക് പോലും വെക്കാതെ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

ദല്‍ഹി ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന

ദല്‍ഹിയില്‍ ഭരണത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ‘സംസ്ഥാന’ സര്‍ക്കാരുമായി (ദല്‍ഹി ഏതു രൂപത്തിലാണ് സംസ്ഥാനം, കേന്ദ്ര ഭരണ പ്രദേശം എന്നൊക്കെയുള്ള വിഭാഗങ്ങളില്‍ പെടുന്നതെന്നും ദല്‍ഹിയുടെ സംസ്ഥാന പദവി ഏതു തരത്തിലാണ് എന്നതും പുതിയ വിധിയിലും 2018-ലെ ഭരണഘടനാ ബഞ്ച് വിധിയിലും വ്യക്തമാക്കുന്നുണ്ട്) കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അധികാരത്തര്‍ക്കങ്ങള്‍ക്ക് മോദി സര്‍ക്കാരിനോളം പഴക്കമുണ്ട്. അടിസ്ഥാനപരമായി അതിലെ പ്രശ്‌നം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയോടും സംസ്ഥാനങ്ങളുടെ പരിമിതമെങ്കിലും ഭരണഘടനാപരമായ സ്വതന്ത്രാധികാരത്തോടുമുള്ള ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും എതിര്‍പ്പാണ്. ഇത് കേവലം തങ്ങള്‍ക്കെതിരായ രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തുന്ന കുത്തിത്തിരിപ്പുകളും അവിടുത്തെ ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും മാത്രമായല്ല കാണേണ്ടത്.

ഭരണഘടനയുടെ 69-ാം ഭേദഗതിയിലൂടെയാണ് (1991) ആര്‍ട്ടിക്കിള്‍ 239 AA വഴി ദല്‍ഹിക്ക് പ്രത്യേക പദവി നല്‍കുന്നത്. അത് ദല്‍ഹിയെ തെരഞ്ഞെടുപ്പിലൂടെ സ്വന്തം നിയമസഭയും സര്‍ക്കാരുമുള്ള പ്രദേശമാക്കി. അതുകൊണ്ടുതന്നെ ദല്‍ഹിയുടെ പ്രത്യേക പദവി കേന്ദ്രത്തിന് ദല്‍ഹിക്കു മുകളിലുള്ള അധികാരങ്ങളെ കൃത്യമായി നിജപ്പെടുത്തുകയും ചെയ്തു. ഈ ഭരണഘടനാ ഭേദഗതിയുടെ വ്യാഖ്യാനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനും തെരഞ്ഞെടുക്കപ്പെട്ട ദല്‍ഹി സംസ്ഥാന സര്‍ക്കാരിനെ പാവ സര്‍ക്കാരാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് 2018-ലും 2023- മെയ് 11-നും സുപ്രീംകോടതി വിധി നല്‍കിയത്. 2018-ലെ വിധിയില്‍ ‘സേവനം’ സംബന്ധിച്ച വിഷയങ്ങളിലുണ്ടായിരുന്ന ഭിന്നാഭിപ്രായത്തിന് വ്യക്തത വരുത്തുകയും അതില്‍ ദല്‍ഹി സംസ്ഥാന സര്‍ക്കാരിനുള്ള പൂര്‍ണ്ണമായ അധികാരം ഉറപ്പുവരുത്തുകയുമായിരുന്നു പുതിയ ഭരണഘടനാ ബഞ്ച് വിധി.

ഈ രണ്ടു വിധികളെയും അട്ടിമറിക്കുന്നതിന് യാതൊരു ജനാധിപത്യ, ഭരണഘടന ധാര്‍മ്മികതയുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രത്യക്ഷത്തില്‍ത്തന്നെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളെയെല്ലാം ലംഘിക്കുന്നതാണ്. ഓര്‍ഡിനന്‍സ് പ്രകാരം രൂപംകൊടുക്കുന്ന മൂന്നംഗ സമിതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി, സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. ഭൂരിപക്ഷമനുസരിച്ചായിരിക്കും സമിതി തീരുമാനങ്ങള്‍. യോഗം ചേരാന്‍ രണ്ടംഗങ്ങള്‍ മതി. എല്‍.ജിയുടെ അംഗീകാരത്തിന് വിധേയമായിരിക്കും തീരുമാനങ്ങള്‍. എല്‍.ജിക്ക് അഭിപ്രായഭിന്നതയുണ്ടെങ്കില്‍ അന്തിമ തീരുമാനം എല്‍.ജിയായിരിക്കും എടുക്കുക. അതായത് ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് തുല്യമായ അധികാരമാണ് രണ്ട് ഐ.എ.എസ്​ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. മാത്രവുമല്ല, കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ആ രണ്ടു പേരും കൂടി തീരുമാനിച്ചാല്‍ മുഖ്യമന്ത്രി വെറും കാഴ്ചക്കാരന്‍ മാത്രമായിരിക്കും. ഇന്ത്യന്‍ ജനാധിപത്യം ഭാവിയില്‍ മൊത്തത്തില്‍ നേരിടാന്‍ പോകുന്ന സംഘപരിവാര്‍ ഭരണക്രമത്തിന്റെ മാതൃകയായി ഇതിനെക്കാണാം.

തെരഞ്ഞെടുക്കപ്പെടുന്ന പ്രാതിനിധ്യ സര്‍ക്കാരിന് മുകളില്‍ കേന്ദ്ര സര്‍ക്കാരിന് എല്‍.ജി വഴിയോ ഉദ്യോഗസ്ഥര്‍ വഴിയോ അധികാരമേറ്റെടുക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിധി ഒരാഴ്ച തികയും മുമ്പ് അട്ടിമറിക്കാന്‍ ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് ഇറക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനയുമായി ബി.ജെ.പിക്കുള്ള രാഷ്ട്രീയ വൈരുധ്യം കൂടിയാണ് പുറത്തുവരുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും അതുവഴി ജനങ്ങള്‍ക്കുമാണ് പരമാധികാരമെന്ന് സുപ്രീംകോടതി വ്യക്തമാക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അതിനെ അട്ടിമറിക്കുന്നൊരു നിയമം കൊണ്ടുവരുന്നതിന്റെ വിരോധാഭാസം മനസിലാക്കാന്‍ ബി.ജെ.പിയുടെ രാഷ്ട്രീയസ്വഭാവം ജനാധിപത്യവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടായാല്‍ മതിയാകും. എങ്ങനെയാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും അതിന്റെ ബന്ധപ്പെട്ടിരിക്കുന്നത്?

ദല്‍ഹി നിയമസഭ മന്ദിരം

മൂന്ന് കൊളുത്തുകളുള്ള ഒരു ചങ്ങലയായാണ് ഈ ഉത്തരവാദിത്തത്തെ കോടതി വിശേഷിപ്പിക്കുന്നത് (Triple chain accountability). സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മന്ത്രിമാരോടും മന്ത്രിമാര്‍ പാര്‍ലമെന്റ് അല്ലെങ്കില്‍ നിയമസഭയോടും പാര്‍ലമെന്റ് അല്ലെങ്കില്‍ നിയമസഭാ ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്ന ഈ ത്രിതല ഉത്തരവാദിത്ത സംവിധാനം ആത്യന്തികമായി ജനങ്ങളുടെ പരമാധികാരം ഉറപ്പുവരുത്തുന്നു. ഇതൊരു ആദര്‍ശാത്മകമായ പറച്ചിലാണെന്ന് നമ്മുടെ ജീവിതാനുഭവങ്ങളില്‍ നിന്ന്​ അറിയാമെങ്കിലും ആദര്‍ശാത്മകമായ ലോകത്തിനുവേണ്ടിയുള്ളതാണ് ഭരണഘടന പോലും. അത് സാര്‍ത്ഥകമാകുക എന്നത് രാഷ്ട്രീയസമരത്തിലൂടെയാണ്.

മുഖ്യമന്തിയെ രണ്ട്​ ഐ.എ.എസ്​ ഉദ്യോഗസ്ഥരുടെ ഭൂരിപക്ഷ തീരുമാനം കൊണ്ട് മറികടക്കാന്‍ കഴിയുന്നൊരു ഭരണസംവിധാനം ഒരു സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതിന്റെ അര്‍ത്ഥം, ഈ രാജ്യത്ത് പ്രാതിനിധ്യ ജനാധിപത്യം ഇല്ലാതാക്കാനുള്ള സമഗ്രമായ സംഘപരിവാര്‍ പദ്ധതി മോദി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട് എന്നുകൂടിയാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239 AA -യുടെ ഉദ്ദേശ്യം കൃത്യമായി വ്യാഖ്യാനിച്ച്​ ഭരണഘടനയിലെ ഏഴാം പട്ടികയിലുള്ള സംസ്ഥാനങ്ങളുടെ മാത്രമായ നിയമനിര്‍മ്മാണ അധികാരവിഷയങ്ങളില്‍ ദല്‍ഹി സര്‍ക്കാരിന് നിയമനിര്‍മ്മാണ, ഭരണാധികാരം ഇല്ലാത്തവ ഏതൊക്കെയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പോലീസ്, പൊതുക്രമം, ഭൂമി എന്നിവയൊഴിച്ചുള്ള എല്ലാ വിഷയങ്ങളിലും ദല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണ് തീരുമാനമെടുക്കാനുള്ള അധികാരം. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവിഷയങ്ങളിലെ പട്ടികയില്‍ 1, 2, 18 എന്ന മേല്‍പ്പറഞ്ഞ വിഷയങ്ങളും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍ 64, 65, 66 എന്നിവയുമൊഴിച്ച്​, സംസ്ഥാനങ്ങള്‍ക്കുള്ള എല്ലാ അവകാശാധികാരങ്ങളും ദല്‍ഹി സര്‍ക്കാരിനുണ്ട്.

ഇത് ദല്‍ഹിയിലെ അധികാരത്തര്‍ക്കം മാത്രമായി തീര്‍പ്പാക്കുകയോ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുകയോ അല്ല കോടതി ചെയ്തത്. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വ്യാഖ്യാനം ഭരണഘടനയ്ക്കുള്ളതെന്നും അതെങ്ങനെയാണ് ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ അവിഭാജ്യഘടകമാകുന്നതെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. അതായത്, ഇന്ത്യന്‍ ഭരണഘടനയുടെ, അതുവഴി ഇന്ത്യയുടെ രാഷ്ട്രീയാസ്തിത്വത്തിന്റെ അടിത്തറയുണ്ടാക്കിയിരിക്കുന്നത് ഫെഡറലിസം എന്ന ആശയത്തെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്.

രാജ്യത്ത് രണ്ടു തലത്തിലുള്ള സര്‍ക്കാരുകളെ ജനം തെരഞ്ഞെടുക്കുന്നു. ഒന്ന് കേന്ദ്രത്തിലും മറ്റുള്ളവ സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നു. കേന്ദ്ര സര്‍ക്കാരിന് മാത്രം നിയമനിര്‍മ്മാണം നടത്താന്‍ കഴിയുന്ന വിഷയങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയമനിർമാണാധികാരമുള്ള വിഷയങ്ങള്‍, ഇരു സര്‍ക്കാരുകള്‍ക്കും നിയമനിർമാണാധികാരമുള്ള വിഷയങ്ങള്‍ എന്നിവയായി ഭരണഘടന ഈ അധികാരവിഭജനത്തെ വ്യക്തമാക്കുന്നു. അതായത്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ഭരണഘടന നല്‍കുന്നതാണ്. ഈ രണ്ടു സര്‍ക്കാരുകളുടെയും മുന്‍ഗണനാ ക്രമങ്ങള്‍ വ്യത്യസ്തമാകുന്നത് അങ്ങനെ സംഭവിച്ചുപോകുന്നതുകൊണ്ടല്ല, മറിച്ച് അവ വ്യത്യസ്തമാകാന്‍ ഉദ്ദേശിച്ചുള്ളതുകൊണ്ടാണെന്ന് ഈ വിധിയില്‍ കോടതി പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്നത് കേന്ദ്ര സര്‍ക്കാര്‍ എന്നതുപോലെത്തന്നെ ‘ഭരണഘടനാപരമായ അധികാരപരിധികള്‍ക്കുള്ളില്‍’ സ്വതന്ത്രാധികാരമുള്ള തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സംവിധാനമാണ്. അവയുടെ അധികാരങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ലംഘനമാണ്.

ഭരണഘടനാ നിര്‍മ്മാണസഭയില്‍ കേന്ദ്രത്തിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന താരത്തിലാണോ ഭരണഘടന എന്ന ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ബി.ആര്‍. അംബേദ്ക്കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം അതിന്റെ സത്തയിലുണ്ട് എന്ന് വ്യക്തമാക്കി; ‘നമ്മുടെ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങള്‍ അവയുടെ നിയമനിർമാണത്തിനോ ഭരണനിർവഹണത്തിനോ ഉള്ള ഏതെങ്കിലും അധികാരത്തിനു കേന്ദ്രത്തിനെ ആശ്രയിക്കേണ്ടതില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ സഹ-തുല്യരാണ്.’

ബൊമ്മയ് കേസിലെ (1994) വിധിയില്‍ ജസ്റ്റിസ് ജീവന്‍ റെഡ്ഡിയുടെ വിധിന്യായം, ഫെഡറലിസം എങ്ങനെയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാകുന്നത് എന്ന് പറയുന്നുണ്ട്. ഒപ്പം, സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ വാലില്‍ത്തൂങ്ങികളല്ലെന്നും ഭരണഘടനാപരമായി അവയ്ക്കനുവദിച്ച മേഖലകളില്‍ പരമാധികാരമുണ്ടെന്നും ജസ്റ്റിസ് ജീവന്‍ റെഡ്ഡി പറയുന്നു. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ഉരുത്തിരിയലും വികാസവുമെടുത്താല്‍ കൂടുതല്‍ കേന്ദ്രീകൃതമായ, കേന്ദ്ര സര്‍ക്കാരിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കാനുള്ള നീക്കത്തിനെതിരെയുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കു കൂടി ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കാണാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്തം അവസാനിക്കുന്നതുതന്നെ ഫെഡറലിസം സംബന്ധിച്ച പുതിയ രാഷ്ട്രീയ ഉണര്‍വ്വുകളുടെ കൂടി ഭാഗമായാണ്.

ജസ്റ്റിസ് ബി.പി. ജീവന്‍ റെഡ്ഢി

എന്നാല്‍ മോദി സര്‍ക്കാരിന്റെ വരവോടെ ഈ ഫെഡറല്‍ സ്വഭാവം വീണ്ടും ആക്രമണങ്ങള്‍ക്ക് വിധേയമായിത്തുടങ്ങി. ഒരു സമഗ്രാധിപത്യ സര്‍ക്കാരിനെ സംബന്ധിച്ച് ഫെഡറലിസം അംഗീകരിക്കാന്‍ കഴിയാത്ത ഭാരമാണ്. ഭരണപരമായി ജനങ്ങളുടെ വൈവിധ്യമാര്‍ന്ന തെരഞ്ഞെടുപ്പുകളെ ഉള്‍ക്കൊള്ളാന്‍ അതിന് സാധ്യമല്ല. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് തങ്ങളുടെ ഏകനേതാവ്, ഏക ഭാഷ, ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ ഏകശിലാരൂപത്തിലുള്ള ഭരണത്തിലേക്കുള്ള പോക്കില്‍ ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം എത്രയും വേഗം അവസാനിപ്പിക്കേണ്ട ഒന്നാണ്.

ഇതുകൂടാതെ സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിലും ഇന്ത്യയുടെ വൈവിധ്യങ്ങളെയോ നാനാത്വത്തെയോ അംഗീകരിക്കുന്നില്ല. ഹിന്ദുത്വത്തിനും അതിന്റെ ജാതിവ്യവസ്ഥയ്ക്കും പുറത്തുനില്‍ക്കുന്ന ഒരു ജനസമൂഹത്തെയും രാഷ്ട്രീയ,സാമൂഹ്യ ദര്‍ശനത്തെയും അതംഗീകരിക്കുന്നില്ല. ഇന്ത്യ എന്ന ആശയം രൂപപ്പെട്ടത് തന്നെ അപാരമായ വൈവിധ്യങ്ങളുടെ പരസ്പര സമ്മതത്തിലധിഷ്ഠിതമായ രാഷ്ട്രീയ ഐക്യത്തില്‍ നിന്നാണ്. ഒന്ന് മറ്റൊന്നിനു കീഴ്‌പ്പെട്ടു നില്‍ക്കേണ്ട ഒരു സ്വഭാവം അതിലുണ്ടായിരുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഹിന്ദി പശുപ്രദേശത്തിന്റെ മേല്‍ക്കോയ്മ ഇന്ത്യയില്‍ ഒരു യാഥാര്‍ത്ഥ്യമാണ് എന്നത് വളരെ പ്രകടമാണ്. ഇതിനെ ഒന്നുകൂടി രൂക്ഷമാക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്.

ഭരണഘടന ഇന്ത്യയുടെ വൈവിധ്യങ്ങളെയും വിവിധ ഭൂഭാഗങ്ങളുടെ വ്യതിരിക്തമായ ആവശ്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് രൂപപ്പെടുത്തിയതെന്ന് സുപ്രീം കോടതി ദല്‍ഹി സര്‍ക്കാര്‍ കേസിലും നിരീക്ഷിക്കുന്നുണ്ട്. സാധാരണ പ്രയോഗമായി ‘നാനാത്വത്തില്‍ ഏകത്വം’ എന്ന് പറഞ്ഞുപോവുകയല്ല, മറിച്ച്, അത് നമ്മുടെ ഭരണഘടനയുടെ ഘടനയില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ഒന്നാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

എന്നാല്‍, ഭരണഘടനയുടെ അന്തസത്തയെ ഇല്ലാതാക്കാനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ പ്രകടമായിത്തന്നെ നടത്തുന്ന ബി.ജെ.പിക്കും മോദി സര്‍ക്കാരിനും ഇത്തരം വ്യാഖ്യാനങ്ങളൊന്നും ബാധകമല്ല. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് പറയുമ്പോള്‍‘അടിസ്ഥാന ഘടന പ്രമാണം’ (Basic Structure doctrine) തന്നെ എടുത്തുകളയണമെന്നാണ് ബി. ജെ. പിയും സംഘപരിവാറും മോദി സര്‍ക്കാരും നിരന്തരം ആവശ്യപ്പെടുന്നത് എന്ന് നാം കാണുന്നുണ്ട്.

സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി ഒരു രാത്രിയില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് കൊണ്ട് അട്ടിമറിക്കുന്നു എന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിലെ പരസ്പര പരിശോധനയിലും സന്തുലനത്തിലും അധിഷ്ഠിതമായ ഭരണഘടനാ സംവിധാനം മോദി സര്‍ക്കാരിന് കീഴില്‍ നേരിടുന്ന അപകടത്തെയാണ് വെളിപ്പെടുത്തുന്നത്. പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണാധികാരം പരമമല്ലെന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്ന നിയമങ്ങളുണ്ടാക്കിയാല്‍ കോടതിക്ക് അവ റദ്ദാക്കാമെന്നും കേശവാനന്ദ ഭാരതി മുതലുള്ള നിരവധി വിധികളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് എന്ന വ്യാഖ്യാനത്തിലുള്‍പ്പെടുത്തി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് നല്‍കിയ വിധിയെ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിന് കേവലമൊരു ഓര്‍ഡിനന്‍സിലൂടെ മറികടക്കാന്‍ കഴിയുക എന്ന പ്രശ്നം ഉയരുന്നുണ്ട്.

Photo: Facebook / Arvind Kejriwal

ദല്‍ഹി സര്‍ക്കാരിന് നിയമനിര്‍മ്മാണാധികാരമുള്ള മേഖലകളില്‍ക്കൂടി പാര്‍ലമെന്റിന് നിയമനിർമാണാധികാരമുണ്ട് എന്ന 239 AA -യുടെ വ്യാഖ്യാനത്തെ സംസ്ഥാനത്തിന്റെ ഫെഡറല്‍ അധികാരങ്ങളെ പൂര്‍ണ്ണമായും കേന്ദ്രത്തിലേക്കും എല്‍.ജിയിലേക്കും ഉദ്യോഗസ്ഥരിലേക്കുമായി എടുത്തുമാറ്റുന്ന തരത്തിലേക്കെത്തുന്നത് ഭരണഘടനയേയും അതിനെ അധികരിച്ചുള്ള സുപ്രീംകോടതി വിധിയെയും സുപ്രീംകോടതിയുടെ ഭരണഘടനാ കോടതി എന്ന നിലയിലുള്ള അധികാരത്തെയും കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. ആത്യന്തികമായി അതില്ലാതാക്കുന്നത് ജനങ്ങള്‍ക്ക് തങ്ങളുടെ ഭരണക്രമത്തിനു മുകളിലുള്ള അധികാരത്തെയാണ്.

സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏതുതരം ഏറ്റുമുട്ടലാണ് ഇതുണ്ടാക്കുക എന്നത് കാണേണ്ടിയിരിക്കുന്നു. സുപ്രീംകോടതിയെ കേന്ദ്ര സര്‍ക്കാരിന്റെ ഏറാൻമൂളികളാക്കി മാറ്റാനുള്ള ശ്രമം വലിയളവില്‍ വിജയിച്ചെങ്കിലും ഇപ്പോഴും അതില്‍ നിന്ന്​ ലിബറല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിരോധങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നു കാണാം. മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഈ പുതിയ വെല്ലുവിളിയോട് ഈ ഓര്‍ഡിനന്‍സ്​ ചോദ്യം ചെയ്തു വരുമെന്നുറപ്പുള്ള ഹര്‍ജിയില്‍ കോടതി എന്ത് നിലപാടെടുക്കും എന്നത് നിര്‍ണ്ണായകമാണ്.

സുപ്രീംകോടതി ആറാഴ്ച വേനലവധിക്ക് പിരിഞ്ഞയുടനെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് മോദി സര്‍ക്കാര്‍ ഈ രാജ്യത്തെ ഭരിക്കാന്‍ ഉപയോഗിക്കുന്ന വക്രബുദ്ധിയുടെ അല്പത്തമാണ്. ജമ്മു കാശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി എടുത്തുകളയാനും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനും മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു തരത്തിലാണെങ്കിലും ഫെഡറലിസത്തിന്റെ അടിസ്ഥാന ഘടനാ ബന്ധം ഇവയില്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദല്‍ഹി സര്‍ക്കാരിന്റെ മുകളിലുള്ള നിയന്ത്രണത്തിന് നിയമപരമായി സാധൂകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിടുക്കത്തിന്, ദല്‍ഹിക്കപ്പുറത്തുള്ള ലക്ഷ്യങ്ങളുമുണ്ട്.

മോദി ഭരണത്തിനുകീഴില്‍ ഇന്ത്യക്ക് അതിവേഗം അതിന്റെ ബഹുസ്വരതയിലെ ഐക്യം നഷ്ടപ്പെടുകയാണ്. ദക്ഷിണേന്ത്യയും ഹിന്ദി പശുപ്രദേശവും തമ്മിലുള്ള അകലം കൂടിവരുന്നു. ഇന്ത്യ എന്ന ആശയം സാധ്യമാക്കിയത് ഭാഷാടിസ്ഥാനത്തിലും വ്യത്യസ്ത ഭൂവിഭാഗങ്ങളുടെ പ്രത്യേകതകളിലും അധിഷ്ഠിതമായ സംസ്ഥാനങ്ങളുടെ രൂപവത്ക്കരണത്തിലൂടെയാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയതോടെയാണ് വാസ്തവത്തില്‍ ഇന്ത്യയുടെ ദേശ- രാഷ്ട്ര നിര്‍മ്മാണം രാഷ്ട്രീയാടിസ്ഥാനത്തില്‍ ഒരു പരിധിവരെ പൂര്‍ത്തിയായത്. എന്നാലിപ്പോള്‍ ആ ഘടനയെ തകര്‍ക്കുകയും സംഘപരിവാറിന്റെ സമഗ്രാധിപത്യ ഹിന്ദുത്വ ഭരണകൂടത്തിന് കീഴില്‍ വൈവിധ്യങ്ങളും വൈജാത്യങ്ങളും ഗണിക്കപ്പെടാത്ത ഹിന്ദു ഇന്ത്യയാക്കി മാറ്റാനുമാണ് ശ്രമം.

ഇന്ത്യയില്‍ രണ്ടുതരം സര്‍ക്കാരുകളുണ്ട്. ഒന്ന് കേന്ദ്ര സര്‍ക്കാരും മറ്റൊന്ന് സംസ്ഥാന സര്‍ക്കാരുകളും. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ കുടിയാന്മാരോ അടിമകളോ അല്ല. അങ്ങനെയാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെയുള്ളൊരു രാജ്യം അതിന്റെ അതിരുകളെ പുനര്‍നിര്‍ണ്ണയിക്കും എന്നത് ചരിത്രത്തില്‍ ഒട്ടും വിദൂരമല്ലാത്ത അനുഭവങ്ങളാണ്.

Comments