മോദിയുടെ വിരുന്നും
പ്രേമചന്ദ്രന്റെ രാഷ്ട്രീയവും

‘മോദി വിരുന്നി’നെ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് ഇനിയും വിശദീകരിക്കേണ്ടിവരും. കാരണം, കൊല്ലം ലോക്സഭാ മണ്ഡലം സി.പി.എമ്മിന്റെ പ്രധാന ഉന്നമാണ്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനെതിരെ വലിയ വിജയം നേടിയ ആളാണ് പ്രേമചന്ദ്രൻ. അത്തരമൊരു സ്ഥാനാർഥിക്കുനേരെ വീണു കിട്ടിയ ഒരായുധം കൂടിയാണ് സി.പി.എമ്മിനെ സംബന്ധിച്ച് ഈ വിരുന്ന്.

ഫെബ്രുവരി പത്തിന് ബജറ്റ് സമ്മേളനം തീരുന്ന ദിവസം ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും എം.പിമാരെ പാർലമെന്റിലെ കാന്റീനിലേക്ക് ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ പാർട്ടി നേതാക്കളായിരുന്നു ക്ഷണിക്കപ്പെട്ടവരെല്ലാം. അക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിയും ആർ.എസ്.പി നേതാവുമായ എൻ.കെ പ്രേമചന്ദ്രനും ഉണ്ടായിരുന്നു. ബി.ജെ.പി എം.പിമാരായ ഹീന ഗാവിത്, എസ്. ഫാങ്നോൺ കൊന്യാക്, ജംയാങ് സെറിങ് നങ്യാൽ, എൽ.മുരുകൻ, ടി.ഡി.പി എം.പി രാം മോഹൻ നായിഡു, ബി.എസ്.പി എം.പി റിതേഷ് പാ​ണ്ഡെ, ബി.ജെ.ഡി എം.പി സസ്മിത് പത്ര എന്നിവരും പ്രേമചന്ദ്രനൊപ്പം മോദിയുടെ വിരുന്നിനുണ്ടായിരുന്നു.

മോദിയുടെ വിരുന്നിലെ പ്രേമചന്ദ്രന്റെ പങ്കാളിത്തം കേരളത്തിൽ വലിയ ചർച്ചയും വിവാദവുമായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞ പ്രേമചന്ദ്രനെ സി.പി.എമ്മാണ് അതിരൂക്ഷമായി വിമർശിച്ചത്. കൊല്ലത്ത് ഇത്തവണ ‘മോദി വിരുന്ന്’ ഒരു പ്രധാന കാമ്പയിനായി വരികയും ചെയ്യും എന്നത് ഏതാണ്ട് ഉറപ്പാകുകയും ചെയ്തു. രാഷ്ട്രീയം വിഷയമേ ആകാത്ത വെറുമൊരു സൗഹൃദവിരുന്നായാണ് പ്രേമച​ന്ദ്രൻ മോദി ഒരുക്കിയ വിരുന്നിനെ വിശദീകരിക്കുന്നത്:

എൻ.കെ പ്രേമചന്ദ്രൻ

അപ്രതീക്ഷിതമായിരുന്നു മോദിയുടെ ക്ഷണമെന്നാണ് പ്രേമചന്ദ്രൻ ട്രൂകോപ്പിയോടു പറഞ്ഞത്: 'കാണണമെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. എന്നാൽ സ്ഥലത്തെത്തിയപ്പോഴാണ് അദ്ദേഹം ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതാണെന്ന് മനസിലായത്'.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എം.പിമാർക്കൊപ്പം പാർലമെന്റ് കാന്റീനിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന്റെ ചിത്രങ്ങൾ മോദി തന്നെ എക്‌സിലും പങ്കുവെച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പാർട്ടികളുടെ നേതാക്കളോടൊത്ത് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു. പാർലമെന്റിലെ സഹപ്രവർത്തകർക്കും കൂട്ടായ്മയ്ക്കും സഹകരണത്തിനും നന്ദി എന്നാണ് സന്ദർശനത്തിനുശേഷം മോദി എക്‌സിൽ കുറിച്ചത്.

സന്ദർശനത്തിനിടെ മോദി രാഷ്ട്രീയ പരാമർശങ്ങൾഒന്നും നടത്തിയില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു: 'മോദിയുടെ ജീവിതാനുഭവങ്ങളെയും ദിവസേനയുള്ള ചര്യകളെയും കുറിച്ചാണ് സംസാരിച്ചത്. ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കുകയായിരുന്നെന്ന തോന്നൽ പോലും ഇല്ലാത്ത സൗഹൃദാന്തരീക്ഷമായിരുന്നു. ആ സന്ദർശനം സന്തോഷകരമായ അനുഭവം തന്നെയായിരുന്നു, അതിൽ ഒരു സംശയവുമില്ല'

പ്രധാനമന്ത്രി നരേന്ദ്ര മോദി

'ഭക്ഷണത്തിന് വിളിച്ചാൽ പോവുകയെന്നത് മര്യാദയാണ്. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചാൽ തീരുന്നതല്ല രാഷ്ട്രീയം' എന്ന് പ്രേമചന്ദ്രൻ ആവർത്തിക്കുന്നു.
ഫെബ്രുവരി പത്ത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പാർലമെന്റിലെ അവസാന ദിവസമായിരുന്നു. വരും ദിവസങ്ങളിൽ രാജ്യം തിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് കടക്കും. ഇത് മുന്നിൽ കണ്ടാണ് എൽ ഡി എഫിന്റെ നീക്കമെന്നും പ്രേമചന്ദ്രൻ പറയുന്നു.

മോദിയുടെ വിരുന്നിനു തൊട്ടുപുറകേ, ലോക്സഭയിൽ മോദി സർക്കാറിനെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 2004 മുതൽ 2014 വരെ പത്തുകൊല്ലം രാജ്യം ഭരിച്ച യു.പി.എ സർക്കാരിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ ഇപ്പോൾ തള്ളിക്കളയുന്നത് നീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തുകൊല്ലത്തിനുശേഷം അതിനായി ധവളപത്രം അവതരിപ്പിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും അത് ജനാധിപത്യത്തിന് യോജിച്ചതുമല്ലെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. ആർ.എസ്.പി ഉൾപ്പടെയുള്ള കക്ഷികളുള്ള വിശാല പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് - സി പി എം ഭിന്നതകളെ വിമർശിക്കാൻ മറുവശത്തുനിന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞത്, ഇവർ തമ്മിൽ തിരുവനന്തപുരത്ത് ഗുസ്തിയും ദില്ലിയിൽ ദോസ്തിയുമാണെന്നായിരുന്നു.

പ്രഹ്ലാദ് ജോഷി

എന്നാൽ കേരളത്തിലെ നീക്കങ്ങൾ തന്ത്രപരമായ രാഷ്ട്രീയമാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20ൽ 20 സീറ്റും 'ഇന്ത്യാ' മുന്നണി നേടുമെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു. കേരളത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ പ്രേമചന്ദ്രൻ കേരളം ബി ജെ പിക്ക് അന്യമായി തുടരുമെന്നും കൂട്ടിച്ചേർത്തു.

‘‘സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും മറ്റ് ആശയക്കുഴപ്പമുള്ളപ്പോഴുമാണ് ധവളപത്രം കൊണ്ടുവരാറുള്ളത്. എന്നാൽ കഴിഞ്ഞ യു പി എ സർക്കാരിനെ അപമാനിക്കാനായിരുന്നു ഈ ധവള പത്രം. നിങ്ങൾ അവതരിപ്പിക്കുന്ന രാഷ്ട്രീയമല്ല ഇന്ത്യയിലുള്ളത്. താഴെ തട്ടിലുള്ള വികാരം നിങ്ങൾക്ക് മനസ്സിലാകുന്നില്ല. തൊഴിലില്ലായ്മ കാരണം താഴെ തട്ടിലുള്ള ജനങ്ങൾ വലയുകയാണ്. പെട്രോളിന്റെ വില വർദ്ധന കാരണം ജനം പൊറുതി മുട്ടുന്നു. വിലക്കയറ്റം കൂടുന്നു. ദാരിദ്രം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇതിനെല്ലാം പരിഹാരം കാണുന്നതിന് പകരം മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാണ് നിങ്ങൾ ഇപ്പോഴും ശ്രമിക്കുന്നത്’, പ്രേമചന്ദ്രൻ പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

പ്രേമചന്ദ്രന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിശക്തമായ സുരക്ഷാകവചമാണ് ഒരുക്കിയത്. പിണറായിയെ രാഷ്ട്രീയമായി എതിർക്കമ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവും എം.എൽ.എമാരും പ​ങ്കെടുക്കാറുണ്ടെന്നും അതുപോലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രേമചന്ദ്രന് ക്ഷണമുണ്ടായതെന്നുമാണ് വി.ഡി. സതീശൻ പറഞ്ഞത്.

എന്തായാലും ഈ വിരുന്നിനെ ഇനിയും പ്രേമചന്ദ്രൻ വിശദീകരിക്കേണ്ടിവരും. കാരണം, കൊല്ലം ലോക്സഭാ മണ്ഡലം സി.പി.എമ്മിന്റെ പ്രധാന ഉന്നമാണ്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനെതിരെ വലിയ വിജയം നേടിയ ആളാണ് പ്രേമചന്ദ്രൻ. അത്തരമൊരു സ്ഥാനാർഥിക്കുനേരെ വീണു കിട്ടിയ ഒരായുധം കൂടിയാണ് സി.പി.എമ്മിനെ സംബന്ധിച്ച് ഈ വിരുന്ന്.

Comments