രാജീവൻ പറയുന്നതല്ല കറുത്ത മാർക്‌സിസം

അതിവൈകാരികതയിൽനിന്നും മാർക്‌സ് രചനകളുടെ പദാനുപദ പരിഭാഷക്കും അപ്പുറം കേരള മാർക്‌സിയൻ ചിന്ത വികസിക്കുന്നില്ല. മാറ്റമില്ലാതെ നിൽക്കുന്ന ഇത്തരം നിലപാടുകളോടുള്ള കലഹം കൂടിയാണ് പ്രൊഫ. എം. കുഞ്ഞാമൻ നടത്തുന്നത്. പ്രൊഫ. കുഞ്ഞാമന്റെ നിലപാടുകളോട് വിയോജിച്ച് കൊണ്ട് ബി. രാജീവൻ 'തിങ്കിൽ' എഴുതിയ ലേഖനത്തിനുള്ള മറുപടി.

പ്രൊഫ. എം. കുഞ്ഞാമൻ അദ്ദേഹത്തിന്റെ ജീവചരിത്ര രേഖയിലെ ഒരധ്യായത്തിൽ, മാർക്‌സിസം വർഗേതര സമൂഹങ്ങളുടെ മുന്നേറ്റങ്ങളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്ന് നീരീക്ഷിച്ചിരുന്നു. അദ്ദേഹം തന്റെ നീരിക്ഷണങ്ങൾ അവതരിപ്പിച്ചത് പരമ്പരാഗത മാർക്‌സിസ്റ്റ് രീതിയെ അടിസ്ഥാനപ്പെടുത്തിയല്ല, സെഡ്രിക് റോബിൻസൺ എഴുതിയ ബ്ലാക്ക് മാർക്‌സിസം പോലെയുള്ള പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. എന്തുകൊണ്ട് അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്ക് മാർക്‌സിസം ഒരു വിമോചന പ്രത്യശാസ്ത്രമായി അനുഭവപ്പെടുന്നില്ല എന്നാണ് കുഞ്ഞാമൻ അഭിപ്രായപ്പെട്ടത്.

ബ്ലാക്ക് മാർക്സിസം - കവർ
ബ്ലാക്ക് മാർക്സിസം - കവർ

ലോകത്തെ അടിമവ്യവസ്ഥയുടെ ചരിത്രം, അടിമകളുടെ മോചനം എന്നിവയെക്കുറിച്ചും കറുത്ത വർഗക്കാരോടുള്ള യൂറോപ്യൻ, ഇസ്ലാമിക നാഗരികതകളുടെ സമീപനത്തെകുറിച്ചുമുള്ള ഗൗരവമായ നീരീക്ഷണങ്ങൾ സെഡ്രിക് റോബിൻസൻ മുന്നോട്ട് വക്കുന്നുണ്ട്. അടിമകളോടും വംശീയതയോടുമുള്ള ഇസ്ലാം-യൂറോപ്യൻ നാഗരികതകളുടെ സമീപനത്തെയും ഇതിൽ ഇസ്ലാമിക നാഗരികതയുടെ ഗുണപരമായ ചരിത്രത്തേയും റോബിൻസൺ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. യൂറോപ്പിൽ അടിമകളെ കച്ചവടച്ചരക്കാക്കി മൂലധനം സ്വരൂപിക്കപ്പെട്ട കാലത്ത് ഇസ്ലാമിക നാഗരികത അടിമകളോടുള്ള സമീപനത്തെക്കുറിച്ചും അടിമകളുടെ മോചനത്തെക്കുറിച്ചും വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടുവെച്ചിരുന്നു എന്ന് റോബിൻസൺ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ യൂറോപ്യൻ കാഴ്ച്ചപ്പാടിൽ അടിമകളെ കേവല ബന്ധിത തൊഴിലാളികളായി മാത്രം പരിഗണിക്കുക വഴി അതിനുപിന്നിലെ വംശീയതയും നീഗ്രോ എന്ന സമൂഹത്തിന്റെ ചരിത്രവും പോരാട്ടങ്ങളും മനുഷ്യർ എന്ന നിലയിൽ ഒരു ജനതക്ക് നഷ്ടപെട്ട ആത്മാഭിമാനത്തെയും രേഖപ്പെടുത്താൻ മാർക്‌സിയൻ സിദ്ധാന്തത്തിന് കഴിഞ്ഞില്ല എന്ന് റോബിൻസൺ അഭിപ്രായപ്പെടുന്നുണ്ട്. ഈ കാഴ്ചപ്പാടാണ് പ്രഫ. കുഞ്ഞാമൻ പങ്കിടുന്നതും മുന്നോട്ട് വച്ചതും. ഈ പുസ്തകത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ നീരീക്ഷണങ്ങൾ പലപ്പോഴായി ഈ ലേഖകനോട് പങ്കുവെച്ചിട്ടുള്ളതാണ്.

മാർക്‌സ് യൂറോപ്പിന് പുറത്തുള്ള ജനങ്ങളെക്കുറിച് വളരെയേറേ പഠിച്ചിട്ടുണ്ട് എന്നും കുഞ്ഞാമനെപ്പോലുള്ള, സെഡ്രിക് റോബിൻസണിനെ പോലെയുള്ള ചിന്തകർക്ക് അത് മനസ്സിലാകാത്തതുകൊണ്ടാണ് ഇത്തരം മാർക്‌സിസ്റ്റ് വിരുദ്ധ ചിന്തയുണ്ടാകുന്നത് എന്നുമുള്ള, ബി. രാജീവനെപോലെയുള്ളവരുടെ നിലപാടുകളാണ് മാറേണ്ടത്.

അതുകൊണ്ടുതന്നെ ബി. രാജീവന്റെ നീരീക്ഷണവും കുഞ്ഞാമന്റെ ചരിത്രവായനയുടെ കുറവ് നികത്താനെന്നവണ്ണം മാർക്‌സിന്റെ ലേഖനങ്ങൾ ആധരമാക്കികൊണ്ടുള്ള വിശദമായ മറുപടിയും കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ ചിന്തകരിലെ ആശയപരവും ബൗദ്ധികപരവുമായ നിശ്ചലാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്.

കുഞ്ഞാമന്റെ നീരീക്ഷണം കേവലം മാർക്‌സിസ്റ്റ് സിദ്ധാന്തത്തെ അന്ധമായി വിശ്വസിച്ചുകൊണ്ടുള്ളതല്ല, പകരം മാർക്‌സിയൻ കാഴ്ചപ്പാട് തന്നെ മുന്നോട്ട് വയ്ക്കുന്ന ചില രീതിശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുകൂടിയാണ്. എന്നാൽ കേരളത്തിലടക്കമുള്ള ഇടതു സംഘടിത-ഇടതു ബുദ്ധിജീവികൾ മറ്റാരെക്കാളും മാർക്‌സിന്റെ രചനകളെ പരിചയമുള്ളവരും പദാനുപദ വിവർത്തനത്തിന് കഴിവുള്ളവരുമാണ്, അതുകൊണ്ട് തന്നെയാണ് ഗൗരവമായ ഒരു ചർച്ചക്കിടമില്ലാത്തവിധം വിശ്വാസികളെ പോലെ ഒരു തരത്തിലുള്ള വിമർശനത്തിനും തയ്യാറാകാതെ മാർക്‌സിസത്തെ പരിശുദ്ധമായ ഒന്നായി കാണുന്നത്. അതുകൊണ്ട് തന്നെയാണ് കുഞ്ഞാമൻ, ഇ.എം.എസ് അടക്കമുള്ളവർ കേവലം പരിഭാഷകർ മാത്രമായിരുന്നു എന്നും അതൊക്കെകൊണ്ടാണ് യാന്ത്രിക വാദത്തിനപ്പുറം ഒരു മാർക്‌സിയൻ ചിന്താപദ്ധതി കേരളത്തിൽ രൂപപ്പെടാതെ പോയത് എന്നും വാദിച്ചത്.

എം. കുഞ്ഞാമൻ
എം. കുഞ്ഞാമൻ

ബി.രാജീവന്റെ മറുപടി ഒരർത്ഥത്തിൽ കുഞ്ഞാമൻ പറഞ്ഞതിനെ സാധൂകരിക്കുന്നുണ്ട്. ഒരു കാര്യത്തിൽ രാജീവനോട് യോജിക്കുന്നുണ്ട്, കാരണം എന്താണ് വർഗേതര സമരം എന്ന് കൃത്യമായി വിശദീകരിക്കാൻ കുഞ്ഞാമൻ ശ്രമിച്ചിട്ടില്ല. അത് കൊണ്ട് തന്നെ പലപ്പോഴായി അദ്ദേഹവുമായുള്ള ചർച്ചകളിൽനിന്ന് മനസിലാക്കിയ ചില നിരീഷണങ്ങളാണ് ഈ ലേഖകനും വിശദീകരിക്കാൻ ശ്രമിക്കുന്നത്.

വർഗം എന്ന സാമ്പത്തിക കേന്ദ്രീകൃതമായ യഥാർഥ്യത്തെയല്ല കുഞ്ഞാമൻ വിശദീകരിക്കാൻ ശ്രമിച്ചത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്, അതിനുകാരണം യൂറോപ്പിലുള്ളതു പോലെയുള്ള ഒരു മുതലാളിത്തമല്ല ലോകത്തെ ഇതര സമൂഹങ്ങളിൽ ഉണ്ടായിരുന്നത് എന്ന സെഡ്രിക് റോബിൻസന്റെ നീരീക്ഷണം തന്നെയാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ച സമൂഹങ്ങളിൽ പോലും തൊഴിലാളിവർഗം ബൂർഷ്വാ സാംസ്‌കാരിക ബോധത്തെ നിഷേധിച്ചിരുന്നില്ല എന്ന ഗൗരവമായ ഒരു വിഷയത്തെക്കൂടി ചേർത്ത് വെച്ചുകൊണ്ടാണ് സെഡ്രിക് റോബിൻസൺ കറുത്ത മാർക്‌സിസം എന്ന ആശയം അവതരിപ്പിക്കുന്നത്. പ്രൊഫ. കുഞ്ഞാമനും ഈ ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇതൊരു യാഥാർത്ഥ്യമാണ്. സംഘടിത തൊഴിലാളി വർഗം വിപ്ലവത്തിന്റെ മുന്നണി പോരാളികളായി തീരുമെന്ന ലെനിനിസ്റ്റ് നിലപാട് ലോകത്തൊരിടത്തും നടപ്പിലാക്കപ്പെട്ടില്ല എന്ന വസ്തുതയെ നിഷേധിക്കാൻ കഴിയില്ല. മുഖ്യധാരാ ഇടതുചിന്തകർ അധികം പരിഗണിക്കാതെ പോകുന്ന ഒരു വിഷയവും കൂടിയാണിത്. അതിനൊരു കാരണം, നിലവിലെ സാഹചര്യത്തിൽ എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു എന്ന് വിശദീകരിക്കാൻ ഇടതുചിന്തകർക്കും കഴിയുന്നില്ല. കേരളത്തിൽ തന്നെ ഇതിനുദാഹരമുണ്ട്. ചെങ്ങറ സമരത്തെ എതിർത്തത്തത് സി.ഐ.ടി.യു യൂണിയനാണ്, ആദിവാസി സമരം തകർക്കാൻ ഇടതു പാർട്ടികൾ മുന്നിൽ നിർത്തിയത് തൊഴിലാളികളെയാണ്. സംഘടിത തൊഴിലാളി വർഗത്തെ ബൂർഷ്വാവൽക്കരിക്കുന്നതിനപ്പുറം പാർലമെന്ററി ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയാണ് കുഞ്ഞാമൻ ചൂണ്ടിക്കാണിച്ചത്. വർഗേതര സമരങ്ങൾ എന്ന് നിർവചിച്ചത് ഇതുതന്നെയാണ്. എന്നാൽ അത് കൃത്യമായി രേഖപ്പെടുത്താൻ കുഞ്ഞാമൻ ശ്രമിച്ചില്ല എന്നത് വസ്തുതയാണ്. അതുകൊണ്ടാണ് ബി. രാജീവൻ കൂടുതൽ ചിന്തിക്കാതെ കുഞ്ഞാമന് മാർക്‌സിസം മനസിലായില്ല എന്ന രീതിയിൽ പ്രതികരിച്ചതും.

ഇത്തരം അതിവൈകാരികതയിൽനിന്നും മാർക്‌സ് രചനകളുടെ പദാനുപദ പരിഭാഷക്കും അപ്പുറം കേരള മാർക്‌സിയൻ ചിന്ത വികസിക്കുന്നില്ല. പലപ്പോഴും സംഘടിത പ്രസ്ഥാനങ്ങളുടെ ദൈനംദിന നിലനിൽപ്പിനപ്പുറം മാർക്‌സിയൻ ആശയത്തിന് ആഴത്തിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ല. ഇവിടെ മാർക്‌സിസത്തിന് ഒരു തിരിച്ചുവരവില്ല എന്ന കുഞ്ഞാമന്റെ നീരീക്ഷണം ഗൗരവമായ ചർച്ചക്ക് വിധേയമാക്കേണ്ടത് തന്നെയാണ്. എന്നാൽ ബി. രാജീവന്റെ നീരീക്ഷണം തന്നെ തികച്ചും യാന്ത്രികമായി പോയി. ഈ കാര്യത്തിൽ ബി. രാജീവന്റെ അംബേദ്കർ വായനപോലും പരിമിതമായിപ്പോയി എന്ന് പറയേണ്ടിവരും.

ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ

അംബേദ്കർ, ദേശം എന്ന ആശയത്തെ നിഷേധിക്കാത്ത ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ജാതിയെക്കുറിച്ചുള്ള ഇന്ത്യൻ സാമൂഹിക-മത സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തികൊണ്ടാണ് നിർവചിച്ചത്. ഇന്ത്യയിലെ കീഴാള സമൂഹത്തിന് വേണ്ടത് വർഗ്ഗസമരത്തിൽ അടിസ്ഥാനപ്പെടുത്തിയ സാമ്പത്തിക വിമോചനത്തെക്കാൾ, ജാതിയെ തന്നെ ഉന്മൂലനം ചെയ്യുക എന്നതാണ്. അന്നും ഇന്നും ഇന്ത്യൻ സഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾക്കുപോലും ജാതി ഉന്മൂലനത്തിന്റെ പ്രാധാന്യം മനസ്സിലാകാതെ പോകുന്നത്, നേരത്തെ സൂചിപ്പിച്ച തൊഴിലാളി വർഗ്ഗം ഇന്നും ജാതിഘടന സൃഷ്ടിച്ച ഉപരിവർഗ ബോധത്തിൽ നിന്ന് മോചിതരല്ല എന്നത് കൊണ്ടുകൂടിയാണ്.

മാർക്‌സിസം തങ്ങളുടെ മോചനത്തിനുവേണ്ടിയാണ് എന്ന് ഇന്നത്തെ തൊഴിലാളി വർഗത്തിനോ, കീഴാള വിഭാഗത്തിനോ അവരുടെ ജീവിതാനുഭവം കൊണ്ട് ബോധ്യപ്പെടുന്നില്ല എന്ന സത്യം കുഞ്ഞാമൻ ഉറക്കെ വിളിച്ചു പറഞ്ഞു എന്നുമാത്രം കരുതിയാണ് മതി. എന്നാൽ ബി. രാജീവൻ, ലോകത്തെ കറുത്തവനും വെളുത്തവനും സ്ത്രീകളും, തൊഴിലാളികളും മുതലാളിത്തം സൃഷ്ടിക്കുന്ന ചൂഷണത്തിനേതിരെയുള്ള വിമോചനത്തിനായി മാർക്‌സിസത്തെ ആശ്രയിക്കുന്നു എന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുന്നുണ്ട്. അതുവഴി കുഞ്ഞാമന്റെ നിരീക്ഷണം ശീതയുദ്ധാനന്തരമുണ്ടായ ആഗോള വലതുപക്ഷ ഗൂഢാലോചനയായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്.

സംഘടിത തൊഴിലാളി വർഗത്തെ ബൂർഷ്വാവൽക്കരിക്കുന്നതിനപ്പുറം പാർലമെന്ററി ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയാണ് കുഞ്ഞാമൻ ചൂണ്ടിക്കാണിച്ചത്. വർഗേതര സമരങ്ങൾ എന്ന് നിർവചിച്ചത് ഇതുതന്നെയാണ്.

ഇവിടെയാണ് മാർക്‌സിസത്തെ ഒരുതരം പരിപൂർണ്ണ സിദ്ധാന്തമായി കാണുന്ന ഭക്തിപ്രസ്ഥാനങ്ങളെ വിലയിരുത്തേണ്ടത്. പാർട്ടി ബുദ്ധിജീവികൾക്കും മധ്യവർഗ ബുദ്ധിജീവികൾക്കും അവരവരുടെ സാമൂഹിക അധികാരത്തെ നിലനിർത്തിക്കൊണ്ട്, എല്ലാത്തരം ഉപരിവർഗ ബന്ധങ്ങളെയും നിലനിർത്തികൊണ്ട്, ഇടതു ചിന്തകരായി നിലനിൽക്കാൻ കഴിയുകയും മുഖ്യധാരാ പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്ത്രം ബാധ്യതയായി തീരുകയും ചെയ്യുന്ന ഒരു കാലത്താണ് ബി. രാജീവൻ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നത്, അതുകൊണ്ട് കൂടിയാണ് മാർക്‌സിസം അടിസ്ഥാനവർഗത്തിന് വിമോചന പ്രത്യശാസ്ത്രമല്ലാതെയായി മാറുന്നത്. കുഞ്ഞാമൻ ഇതിനെ മാർക്‌സിയൻ പ്രത്യശാത്രത്തിന്റെ പ്രശ്‌നമാണോ അതോ പ്രസ്ഥാനങ്ങളുടെ ആശയപാപ്പരത്തമാണൊ എന്ന് വിശദീകരിക്കുന്നില്ല. വേണമെങ്കിൽ കുഞ്ഞാമന്റെ ജീവിതാനുഭത്തിൽനിന്നും ആഴത്തിലുള്ള വായനാനുഭത്തിൽ നിന്നും രൂപപ്പെട്ടതാകാം.

ബി. രാജീവൻ
ബി. രാജീവൻ

ബി. രാജീവൻ വിശദീകരിക്കാൻ ശ്രമിച്ചതല്ല കീഴാള മാർക്‌സിസം എന്നുകൂടി ഉറപ്പിച്ചു പറയേണ്ടതുണ്ട്, കാരണം അത്തരത്തിൽ കേവലം സൈദ്ധാന്തികമായി രൂപപ്പെടുന്നതല്ല കീഴാള മാർക്‌സിസം. ബ്ലാക്ക് മാർക്‌സിസം പോലെയുള്ള പഠനങ്ങൾ ചൂണ്ടിക്കാട്ടുന്ന, സംഘടിതമല്ലാത്ത, പലപ്പോഴും പ്രാദേശികമായ ജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുന്ന മുന്നേറ്റങ്ങളാണ് കീഴാള മാർക്‌സിസം. ഇതിന് ഏകീകൃത സ്വഭാവമില്ല, മുതലാളിത്തത്തോടുള്ള സമീപനവും പാർലമെന്ററി ഇടതുപക്ഷം സ്വീകരിക്കുന്നത് പോലെയുള്ളതല്ല. അതുകൊണ്ടുതന്നെ കീഴാള മാർക്‌സിസം എന്നത് ഒരു ആഗോള സിദ്ധാന്തമല്ല, പകരം പ്രാദേശിക യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ മാർക്‌സിന്റെ തനത് രചനകൾ കൊണ്ട് ബി. രാജീവൻ വിശദീകരിക്കാൻ ശ്രമിച്ച കീഴാള മാർക്‌സിസം സാമ്പ്രദായിക ഇടതു ബുദ്ധിജീവികളുടെ ചിന്തകൾക്ക് പുറത്തു വികസിക്കുന്ന ഒന്നാണ്. മാർക്‌സ് യൂറോപ്പിന് പുറത്തുള്ള ജനങ്ങളെക്കുറിച് വളരെയേറേ പഠിച്ചിട്ടുണ്ട് എന്നും കുഞ്ഞാമനെപ്പോലുള്ള, സെഡ്രിക് റോബിൻസണിനെ പോലെയുള്ള ചിന്തകർക്ക് അത് മനസ്സിലാകാത്തതുകൊണ്ടാണ് ഇത്തരം മാർക്‌സിസ്റ്റ് വിരുദ്ധ ചിന്തയുണ്ടാകുന്നത് എന്നുമുള്ള, ബി. രാജീവനെപോലെയുള്ളവരുടെ നിലപാടുകളാണ് മാറേണ്ടത്. മാറ്റമില്ലാതെ നിൽക്കുന്ന ഇത്തരം നിലപാടുകളോടുള്ള കലഹം കൂടിയാണ് കുഞ്ഞാമൻ നടത്തുന്നത്.

Comments