റിച്ചാഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയിൽ നിന്നുള്ള രംഗം.

സ്വാതന്ത്ര്യചർച്ചക്കിടെ ആട്ടിൻകുട്ടിയുടെ
കാല്​ നേരെയാക്കാൻ പോയ ഗാന്ധി

നാട്ടുധാർമികതയുടെ രാഷ്​ട്രീയത്തെക്കുറിച്ച്

ആധുനിക രാഷ്ട്രനിർമിതിയിൽ സംഘടിതമതങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ ആത്മീയത ചെലുത്തുന്ന അവിഹിത ഇടപെടലുക​ളെ എങ്ങനെ പ്രതിരോധിക്കാം എന്ന നിരീക്ഷണം

റിച്ചാഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയിൽ ഇങ്ങനെയൊരു സീനുണ്ട്: രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഗാന്ധിയെ വാർദ്ധയിലെ സേവാഗ്രാം ആശ്രമത്തിൽ വെച്ച്​ സ്വാതന്ത്ര്യസമര നേതാക്കളായ നെഹ്രു, പട്ടേൽ, ജിന്ന, രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ കാണുന്നതാണ് സന്ദർഭം. ഇന്ത്യയെ സ്വതന്ത്രമാക്കാമെന്ന്​ ബ്രിട്ടൻ സമ്മതിച്ചിരിക്കുന്നു, എന്നാൽ, എപ്പോഴാണ് അധികാരമാറ്റം, എങ്ങനെയുള്ളതായിരിക്കും സ്വതന്ത്ര ഇന്ത്യ ഇതാണവരുടെ സംസാരവിഷയം. ഗൗരവമേറിയ ഈ സമയത്ത് ഒരു ചെറിയ പെൺകുട്ടി ആശ്രമമുറ്റത്ത് ഒരാട്ടിൻകുട്ടിയുമായി എത്തി, ‘ബാപ്പുജി, ഇവൻ വീണ്ടും മുടന്തുന്നു' എന്ന്​ ഗാന്ധിയോടു പറഞ്ഞു. ‘അതിന്റെ കാലിൽ ചതവുപറ്റിയിട്ടുണ്ട്, പുഴയിൽ കൊണ്ടുപോയി അവിടെ മണ്ണുപൊത്തണം, ഒരു നിമിഷം നിൽക്കൂ,' എന്നവൾക്കു മറുപടി കൊടുത്തിട്ട്​, നേതാക്കളുമായി പറഞ്ഞുവന്ന വിഷയം പെട്ടെന്ന്​ ഒന്നുരണ്ടു വാചകങ്ങളിൽ ഗാന്ധി അവസാനിപ്പിക്കുന്നു. ‘നിങ്ങൾ ക്ഷമിക്കുക, എനിക്കൊരത്യാവശ്യ കാര്യമുണ്ട്' എന്നുപറഞ്ഞ്​ പെൺകുട്ടിയുടെ പിന്നാലെ അദ്ദേഹം ഇറങ്ങിപ്പോകുന്നു. നേതാക്കളാകട്ടെ, ‘ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം' വന്നിട്ടെന്നപോലെ തികച്ചും അസ്വസ്ഥരായി, എന്നാൽ ഒന്നും പറയാൻ പറ്റാത്തതിന്റെ ദേഷ്യം ഉള്ളിലൊതുക്കുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ ആസന്നമായ സ്വാതന്ത്ര്യത്തെക്കുറിച്ച്​ ചർച്ച ചെയ്യുന്നതിനിടയിൽ, അതു പാതിയിൽ നിർത്തി, ആടിന്റെ കാല് നേരെയാക്കാൻ പെൺകുട്ടിയുടെ പിന്നാലെ പോകുന്ന ഗാന്ധിയെ അവർക്കാർക്കും ഉൾക്കൊള്ളാനായില്ല.

റിച്ചാഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയിൽ നിന്നുള്ള രംഗം.

ബ്രിട്ടീഷ് ഭരണത്താൽ അസ്തപ്രജ്ഞമായ ഭാരതത്തിന് രണ്ടുകാലിൽ നിൽക്കാൻ പറ്റുന്ന സ്വാതന്ത്ര്യത്തോളം തന്നെ പ്രാധാന്യം സേവാഗ്രാമിലെ കാലുളുക്കിയ ആട്ടിൻകുട്ടിക്ക് തന്റെ ഹൃദയത്തിൽ നൽകുന്ന ഗാന്ധിയെ ഒരു ചെറിയ സീൻ കൊണ്ടു പകർത്തിയതിനാലാകണം ആറ്റൻബറോയുടെ ഗാന്ധിച്ചിത്രം അനന്യമായി മാറിയത്. എവിടെ നിന്നാണ് ഗാന്ധിക്ക് അത്ര ഉദാരമായ സമമനസ്‌കത ആർജിക്കാനായത്? ഇത് ഇന്ത്യയിൽ അത്യപൂർവമായി അവതരിച്ച മഹാത്മാവിന്റെ മാത്രം പ്രത്യേകതയാണോ? അല്ലെന്നുവേണം പറയാൻ. അതിനു തെളിവായി ഗാന്ധിയുഗപ്രഭാവത്തിൽ പിറന്ന ചില സാഹിത്യസൃഷ്ടികൾ നമുക്കുണ്ട്. അവയിൽ പ്രധാനമാണ് പൊൻകുന്നം വർക്കിയെഴുതിയ ‘ശബ്ദിക്കുന്ന കലപ്പ’, തകഴിയുടെ ‘കൃഷിക്കാരൻ,' കാരൂരിന്റെ ‘ഉതുപ്പാന്റെ കിണർ’ എന്നീ കഥകളും ഇടശ്ശേരിയുടെ ‘മാപ്പില്ല' എന്ന ലഘുകവിതയും.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം തന്നെ പ്രാധാന്യം സേവാഗ്രാമിലെ കാലുളുക്കിയ ആട്ടിൻകുട്ടിക്കു തന്റെ ഹൃദയത്തിൽ നൽകുന്ന ഗാന്ധിയെ ഒരു ചെറിയ സീൻ കൊണ്ടു പകർത്തിയതിനാലാകണം ആറ്റൻബറോയുടെ ഗാന്ധിച്ചിത്രം അനന്യമായി മാറിയത്.

ശബ്ദിക്കുന്ന കലപ്പയിൽ ഔസേപ്പുചേട്ടൻ എന്ന ഇടനാടൻ കൃഷിക്കാരനും അയാളുടെ കണ്ണൻ എന്നു പേരായ കാളയും തമ്മിലുള്ള ആത്മബന്ധമാണ്​ നമ്മെ അതിശയിപ്പിക്കുന്നത്. നെൽകൃഷികൊണ്ട്​ കുടുംബം പുലർത്താൻ പറ്റാതായ സ്വാതന്ത്ര്യാനന്തരകാലമാണ് കഥയുടെ പശ്ചാത്തലം. കടംകയറി ഔസേപ്പുചേട്ടന് തന്റെ കൃഷിയിടം മാത്രമല്ല കണ്ണനെയും വിൽക്കേണ്ടിവന്നു. അയാൾ തിരുവിതാംകൂറിൽ നിന്ന്​ മണ്ണന്വേഷിച്ച്​ മലബാറിലേക്ക്​, ഉള്ളതു വിറ്റുപെറുക്കി പോകാൻ തയ്യാറാകുന്നു. ‘അതുവേണോ' എന്നയാളോട് കൂട്ടുകാർ ചോദിച്ചപ്പോൾ, ഔസേപ്പുചേട്ടൻ പറയുന്നതിങ്ങനെയാണ്: ‘എനിക്കിത്തിരി പച്ചമണ്ണു താ, മണ്ണില്ലാതെ ഞാനെന്തുചെയ്യും.'

നാട്ടിൽ കൃഷിചെയ്തു ജീവിക്കാൻ പറ്റിയില്ലെങ്കിൽ മറ്റെവിടെയെങ്കിലും മണ്ണന്വേഷിക്കുകയേ അയാൾക്കു വഴിയുള്ളൂ. അയാളൊരു കൃഷിക്കാരനാണ്. അത് ഒരു തൊഴിലെന്നതിനപ്പുറം മറ്റെന്തോ കൂടിയാണയാൾക്ക്. കുടിയേറ്റത്തിന്​തയ്യാറെടുക്കുന്നതിനിടയിൽ, മകളുടെ ആദ്യപ്രസവം കഴിഞ്ഞ്​, അവളെ ഭർത്തൃഗൃഹത്തിലേക്കു വിടാൻ ഔസേപ്പുചേട്ടന്റെ കൈയിൽ നയാപൈസയില്ല. ഭാര്യയുടെ ചില്ലറ സമ്പാദ്യമുണ്ടായിരുന്നതു വാങ്ങി, അതുകൊണ്ട് മകളെ പിറ്റേന്നു യാത്രയാക്കുന്നതിനായി, അവൾക്കു ചട്ടയും മുണ്ടും മേടിക്കാൻ അയാൾ നഗരത്തിലേക്കുപോയി. അവിടെ പെരുന്നാളിന്​ അറുക്കുന്നതിന്​ ചാപ്പകുത്തി നിർത്തിയിരിക്കുന്ന കാളക്കൂട്ടങ്ങൾക്കിടയിൽ ഔസേപ്പുചേട്ടൻ തന്റെ കണ്ണനെ കണ്ടെത്തുന്നു. എല്ലും തോലുമായ ആ അറവുമൃഗത്തിനെ, കൈയിലുണ്ടായിരുന്ന കാശുകൊടുത്ത് അയാൾ തിരികെ വാങ്ങി. നേരം ഇരുട്ടിയിട്ടും വീട്ടുകാരനെ കാണാതെ അമ്മയും മകളും നോക്കിയിരുന്നു. അവിടെ രാത്രി തന്നെ മകളുടെ ചട്ട തുന്നാൻ തുണി കൊണ്ടുപോകാനായി തയ്യൽക്കാരനും വന്നു നില്പുണ്ട്. അപ്പോഴാണ് കണ്ണനുമായി ഔസേപ്പുചേട്ടൻ വരുന്നത്. തുണിയൊന്നും വാങ്ങുയില്ലെന്നുകണ്ട് മകൾക്കും അമ്മയ്ക്കും സങ്കടവും ദേഷ്യവും വന്നു.
‘അപ്പനെന്നോടിതു ചെയ്യുമെന്ന്​ ഒരിക്കലും ഞാൻ കരുതിയില്ല' എന്നു മകൾ കാലുഷ്യപ്പെട്ടപ്പോൾ ഔസേപ്പുചേട്ടൻ മകളോടു പറയുന്നു, ‘മോളെ എനിക്കു നിന്നെപ്പോലെ തന്നെയാ അവനും.'
അയാൾ അതിനെ തൊഴുത്തിൽ കെട്ടി, അതിന്റെ കാലിലെ മുറവിൽ മരുന്നുവെച്ചു ശുശ്രൂഷിച്ചു. പിറ്റേന്നു രാവിലെ ഔസേപ്പുചേട്ടൻ തൊഴുത്തിൽ ചെന്നപ്പോൾ കണ്ണൻ മരിച്ചുകിടക്കുന്നു.

പൊൻകുന്നം വർക്കിയുടെ കഥ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ശബ്ദിക്കുന്ന കലപ്പ എന്ന ഹ്രസ്വ ചിത്രത്തിൽ നിന്ന്.

തകഴിയുടെ കൃഷിക്കാരൻ എന്ന കഥയിൽ കേശവൻ നായരാണ്​ മുഖ്യകഥാപാത്രം. അയാൾ കുട്ടനാട്ടിലെ ഒരു പരമ്പരാഗത പാട്ടക്കൃഷിക്കാരനാണ്. ഔതക്കുട്ടി എന്ന പുതുപണക്കാരൻ വന്ന്​ പാടങ്ങൾ പലതും വാങ്ങിക്കൂട്ടി, രാസവളമുപയോഗിച്ച്​ആധുനിക കൃഷി ചെയ്യുന്നു. കേശവൻ നായരുടെ നിലം കൂടി കൈക്കലാക്കുന്നതിനായി, അയാളുടെ കൃഷി നശിപ്പിക്കുന്നതിന്​ ഔതക്കുട്ടി ബോധപൂർവം ശ്രമിക്കുകയും വിജയിക്കുകയും, തുടർന്ന് ജന്മിയിൽനിന്ന്​ ആ നിലം ഔതക്കുട്ടി സ്വന്തമാക്കുകയും ചെയ്യുന്നു. തന്റെ ആകെയുള്ള ഉപജീവനമാർഗമായ വയൽ നഷ്​ടപ്പെട്ടതോടെ കേശവൻ നായർ സർവവിധത്തിലും തകരുന്നു. ഔതക്കുട്ടി ഭൂമി തട്ടിയെടുത്തത്​ നിസ്സഹായനായി നോക്കിനിൽക്കാനല്ലാതെ അയാൾക്കൊന്നും കഴിയുമായിരുന്നില്ല. എന്നിട്ട് കഥാന്ത്യത്തിൽ നാം കാണുന്നത് ദിവസവും രാവിലെ പാടത്തേക്കുപോകുന്ന കേശവൻ നായരെയാണ്. നിലം ഔതക്കുട്ടിയുടേതാണെങ്കിലും കേശവൻ നായർ അവിടെയെത്തി നെൽച്ചെടികളെ നോക്കും. അവയ്‌ക്കെന്തെങ്കിലും കേടുപാടു കണ്ടാൽ അതിനുവേണ്ടതു ചെയ്യാൻ ഉടമസ്ഥനോടു പറയും!

നാഗരികതയുടെ സാക്ഷരമായ കൊടുക്കൽവാങ്ങൽ യുക്തിയിൽ മനുഷ്യനു നഷ്ടപ്പെടുന്നതെന്താണോ അതാണ് നാട്ടുധാർമ്മികത. യാതൊന്നു കയ്യൊഴിഞ്ഞാലാണോ ആർക്കും ആധുനികനാകാൻ കഴിയുന്നത്, അതാണ് നാട്ടുധാർമ്മികത.

ഗാന്ധിയിലെന്നപോലെ ഔസേപ്പുചേട്ടനിലും കേശവൻ നായരിലും കുടികൊള്ളുന്ന അസാധാരണമായ മാനുഷികഭാവത്തെ ഏതു യുക്തിവെച്ചാണ് നമുക്കു മനസ്സിലാക്കാൻ കഴിയുക? അഥവാ, ചാവാറായ കണ്ണനെ തിരികെ വീട്ടിലേക്കു കൊണ്ടുവരുന്നതിനും, തന്റേതല്ലാതായിത്തീർന്ന നെൽച്ചെടികൾക്കടുത്തേക്ക്​ രാവിലെ പതിവുപോലെ പോകുന്നതിനും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ വേവലാതി പൂണ്ട നേതാക്കളെ തൽക്കാലം മറന്ന്​, ആട്ടിൻകുട്ടിയുടെ കാല് നേരെയാക്കാൻ തിരിക്കുന്നതിനും യഥാക്രമം ഔതക്കുട്ടിയെയും കേശവൻ നായരെയും ഗാന്ധിജിയെയും പ്രേരിപ്പിക്കുന്ന ചേതോവികാരം ഏതാണ്? ഒരു രാജ്യത്തിന്റെ സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ഈ പ്രവൃത്തികളെ എവിടെയാണ് അടയാളപ്പെടുത്താനാകുക? അല്ലെങ്കിൽ ഇത്തരം അത്യുദാത്തഭാവങ്ങൾ നമ്മളിൽ നിന്നും തീർത്തും ഇല്ലാതെയായാൽ എന്തായിരിക്കും ലോകത്തിന്റെ ഗതി?

പൊൻ കുന്നം വർക്കി, കാരൂര് നീലകണ്ഠപ്പിള്ള, തകഴി ശിവശങ്കരപ്പിള്ള

നാഗരികതയുടെ സാക്ഷരമായ കൊടുക്കൽവാങ്ങൽ യുക്തിയിൽ മനുഷ്യനു നഷ്ടപ്പെടുന്നതെന്താണോ അതാണ് നാട്ടുധാർമികത. യാതൊന്നു കൈയൊഴിഞ്ഞാലാണോ ആർക്കും ആധുനികനാകാൻ കഴിയുന്നത്, അതാണ് നാട്ടുധാർമികത. ഏതൊന്നിനാണോ കമ്പോളത്തിൽ എടുക്കാച്ചരക്കായി മൂല്യമില്ലാതാകുന്നത് അതാണ് നാട്ടുധാർമികത. ജീവിതത്തിൽ നിന്ന്​നാട്ടുധാർമികത ഇല്ലാതെയാകുന്തോറും നഷ്ടപ്പെടുന്ന ഒന്നിനെ, അഥവാ കണ്ടുകിട്ടിയ ഒരു പുരാവസ്തുവിനെയെന്നപോലെ അത് സാഹിത്യകൃതികളിൽ തിളക്കംവെച്ചു വരുകയും പുതിയ തലമുറയ്ക്കായി, മലയാളപാഠാവലികളിൽ ഭൂതകാലസ്മൃതികളായി പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

യഥാർഥത്തിൽ ബ്രാഹ്മണമതത്തിലേക്കു നാട്ടുധാർമികതയെ സന്നിവേശിപ്പിച്ചു അതിനെ പരിഷ്‌കരിച്ചു മാനുഷികമാക്കാനുള്ള ശ്രമമാണ് ഗാന്ധി നടത്തിയത്.

അധികാരത്തിന്റെയും കമ്പോളത്തിന്റെയും ഭാഷ ആവേശിക്കാത്ത അടിത്തട്ടു ജീവിതങ്ങൾ നിലനിൽക്കുന്നതുതന്നെ നാട്ടുധാർമികതയിലാണ്. ഗാന്ധിയിലേക്ക്​ഇതു വരാൻ കാരണം അദ്ദേഹം വേഷത്തിൽ മാത്രമല്ല ഭാവത്തിലും ഇന്ത്യയിലെ അധികാര/കമ്പോള നിരാസക്തരായ അടിത്തട്ടുജനതയുമായി ഐക്യപ്പെട്ടിരുന്നതുകൊണ്ടാണ്. സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പുമുള്ള സാഹിത്യലോകത്തിന്റെയും ഇഷ്ടപ്രമേയമായി നാട്ടുധാർമികതയെ ഉയർത്തുന്നതിൽ ഗാന്ധിയൻ മൂല്യങ്ങൾ സ്വാധീനിക്കുകയുണ്ടായി. കാരണം സംഘടിതമതത്തിനും പൗരോഹിത്യത്തിനും അപ്പുറത്തുള്ള അടിത്തട്ടുസമൂഹത്തിന്റെ മൂല്യബോധത്തിൽ നിന്നാണ് ഗാന്ധിയൻ ധാർമികത രൂപംകൊള്ളുന്നത്. എന്നാൽ നാട്ടുധാർമികതയെ സംഘടിതമതത്തിന്റെ വരമൊഴി സാഹിത്യത്തോടു കൂട്ടിച്ചേർക്കുക വഴി ഗാന്ധിജി, അതിന്റെ നാട്ടുവഴക്കത്തെ മുന്നിലേക്കു കൊണ്ടുവരികയുണ്ടായില്ല. ഭഗവത്ഗീതയോ പുരാണകൃതികളോ പാരായണം ചെയ്തിട്ടല്ല അടിത്തട്ടുസമൂഹങ്ങൾ നാട്ടുധാർമികതയുടെ പരമ്പരാഗത കൈയാളരായിത്തീർന്നത്. ഗാന്ധിജിയാകട്ടെ അധികാരത്തിന്റെയും സംഘടിത മതാശയങ്ങളുടെയും പ്രത്യയശാസ്ത്രപദ്ധതികളെ അടിത്തട്ടുജനതയുടെ നാട്ടുധാർമികതയുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുകയാണുണ്ടായത്. ഇത് നാട്ടുധാർമികതയുടെ പേറ്റൻറ്​ അധികാര നാഗരികതയുടെ സംഘടിതമതങ്ങൾക്കു മാത്രം അവകാശപ്പെട്ടവയായി തെറ്റിദ്ധരിക്കാൻ ഇടവരുത്തിയിട്ടുണ്ട്.

1888ൽ അരുവിപ്പുറം പ്രതിഷ്ഠ മുതൽ ഗുരു പ്രതികരിച്ചത് നമ്മെ ചൂഴ്ന്നുനിന്ന, രണ്ടുവശത്തുനിന്നുമുള്ള ആത്മീയതയുടെ ഹിംസയോടാണ്. / Photo: Keralaculture.org

യഥാർഥത്തിൽ ബ്രാഹ്മണമതത്തിലേക്കു നാട്ടുധാർമികതയെ സന്നിവേശിപ്പിച്ച് അതിനെ പരിഷ്‌കരിച്ചു മാനുഷികമാക്കാനുള്ള ശ്രമമാണ് ഗാന്ധിജി നടത്തിയത്. അടഞ്ഞതും അഴുകിയതുമായ മതാത്മകതയെ മറികടക്കുന്നതിനായി മറ്റൊരു വഴിയിലൂടെ കേരളത്തിൽ ശ്രീനാരായണഗുരുവും ഇതുതന്നെയല്ലേ പരിശ്രമിച്ചത്.

‘അരുളൻപനുകമ്പമൂന്നിനും പൊരുളൊന്നാണിതു ജീവതാരകം; അരുളുള്ളവനാണു ജീവി .....................

അരുളില്ലയതെങ്കിലസ്ഥിതോൽ- സിര നാറുന്നൊരുടമ്പുതാനവൻ;'

എന്നിങ്ങനെ ‘അനുകമ്പാദശക'ത്തിൽ ഗുരു എടുത്തുയർത്തിക്കാട്ടിയത് കരുണയുടെ ജീവൽപ്രാധാന്യമത്രേ. ഔസേപ്പുചേട്ടനിലും കേശവൻ നായരിലും ഗാന്ധിജിയിലും അലിഞ്ഞുചേർന്നിരുന്നതും അനുകമ്പയെന്ന പേരിൽ നിറയുന്ന ഇതേ നാട്ടുധാർമികത തന്നെയല്ലേ? ഗുരുവും ഗാന്ധിയും ജീവചൈതന്യമായി കണ്ട അൻപിന്റെ ധാർമികത അവരിലേയ്‌ക്കെത്തിച്ചതാകട്ടെ അവരെ ആഴത്തിൽ സ്വാധീനിച്ച ബൗദ്ധധർമ ബോധമാണ്. ഇന്ത്യയുടെ ജനായത്ത പരിവർത്തനയുഗത്തിൽ അവരിരുവരും തങ്ങളുടേതായ വഴിയിൽ ജനായത്തത്തിൽ അനുകമ്പയുടെ സ്ഥാനം എത്രമാത്രമെന്നു നമ്മെ അറിയിക്കുകയായിരുന്നു. അതുകൊണ്ടാണ് ഗാന്ധിച്ചിത്രത്തിൽ സ്വാതന്ത്ര്യത്തെപ്പറ്റിയും രാഷ്ട്രഭരണത്തെപ്പറ്റിയും ഭാവിജനായത്തത്തെപ്പറ്റിയും തലപുകഞ്ഞു ചർച്ച ചെയ്യുന്ന വേളയിൽ, ഭാരതത്തിന്റെ ശില്പികൾക്ക്​ അസ്വസ്ഥതയുണ്ടാക്കുമാറ് ഗാന്ധി, മുറിവേറ്റ ആടിനെ ചികിത്സിക്കാൻ ഇറങ്ങിപ്പോയത്. ഗുരുവാകട്ടെ കാരുണ്യത്തിന്റെ ബുദ്ധമാർഗത്തെ സർവമതത്തിലേയ്ക്കും രാഷ്ട്രാതിർത്തികളെ ഭേദിച്ചുകൊണ്ട് സന്നിവേശിപ്പിക്കുക എന്ന ആത്മീയദൗത്യമാണ് ഏറ്റെടുത്തത്. ഇരുവരും ജനായത്തം എന്ന രാഷ്ട്രീയപ്രക്രിയയെ സാർഥകമാക്കുന്നതിനായി അതിന്റെ വാഹകരായ രാഷ്ട്രീയ-മതനേതൃത്വങ്ങളെ നാട്ടുധാർമികതകൊണ്ട് ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതിനാണ് സ്വജീവിതമർപ്പിച്ചത്.

ഗുരുവും ഗാന്ധിയും ജീവചൈതന്യമായി കണ്ട അൻപിന്റെ ധാർമ്മികത അവരിലേയ്‌ക്കെത്തിച്ചതാകട്ടെ അവരെ ആഴത്തിൽ സ്വാധീനിച്ച ബൗദ്ധധർമ ബോധമാണ്. / Photo: publicdomainpictures.net

ഹിംസ അതിന്റെ പാരമ്യത്തിൽ അധികാരമായും പൗരോഹിത്യമായും അഴിഞ്ഞാടിയ പ്രാക് നാഗരിക ഇന്ത്യയിൽ വിവിധങ്ങളായ ഗോത്രസമൂഹങ്ങളിൽ അതിജീവനമന്ത്രമായി വർത്തിച്ചിരുന്ന കാരുണ്യത്തിന്റെ നാട്ടുധാർമികതകളെ സമാഹരിച്ച്​ ഒരു ജീവിതതത്ത്വശാസ്ത്രപദ്ധതിയാക്കി, അതുവഴി ഹിംസയുടെ താണ്ഡവത്തെ നിർവീര്യമാക്കുക എന്നതായിരുന്നു കൊട്ടാരം വിട്ടിറങ്ങിയ ഗൗതമന്റെ ലക്ഷ്യം. നാട്ടുജീവിതത്തിന്റെ ഈ ധാർമികശക്തി ഇന്നു നാമറിയുന്ന ആത്മീയതയിൽ നിന്ന്​ തുലോം വ്യത്യസ്തമാണ്.

നാട്ടാത്മീയത/ധാർമികത ഒരേ സമയം വ്യക്തിയിലും സമൂഹത്തിലും നമ്മുടെ ചുറ്റുപാടുകളിലും അധിഷ്ഠിതമായതാണ്. അത് വ്യക്തി, സമൂഹം, ബാഹ്യലോകം, ഇതരജീവികൾ എന്നിവ തമ്മിലുള്ള പാരസ്പര്യത്തിൽ ഉൾച്ചേർന്നതാണ്. പരസ്പരമുള്ള ബന്ധത്തിലും സമത്വത്തിലും അത് നിലയുറപ്പിക്കുന്നു. മനുഷ്യരായ നമ്മൾ നിലനിൽപ്പിന്റെ ചങ്ങലയിലെ ഒരു കണ്ണി മാത്രമാണെന്ന വിനയപൂർവമുള്ള തിരിച്ചറിവാണതെന്നു എറിക് റിസെക്‌സ് (Eric Ritskes) പറയുന്നു. (Indigenous Spirituality and Decolonization: Methodology for the Classroom- Eric Ritskes). അതുകൊണ്ടാണ് ചാകാറായ കാളയുമായി വീട്ടിലേക്കുവന്ന ഔസേപ്പുചേട്ടൻ, ‘മോളേ, എനിക്കു നിന്നെപ്പോലെ തന്നെയാണിവനും' എന്ന്​ മകളോട് ഇടറിയ സ്വരത്തിൽ പറയുന്നത്. ഇതേ പാരസ്പര്യം, പുലർച്ചെ പാടത്തേക്കു ചെന്നു നെൽച്ചെടികളെ പരിലാളിക്കുന്ന കേശവൻ നായരിലും കുടികൊള്ളുന്നു. ആധുനികാർഥത്തിൽ നമ്മളിന്ന് കൊണ്ടാടുന്ന ആത്മീയതയാകട്ടെ വ്യക്തിയും അയാളുടെ അലൗകികലോകവും തമ്മിലുള്ള ഇടപാടാണ്. അവിടെ വ്യക്തി ആത്മീയാനുഭവത്തിന് തെരഞ്ഞെടുക്കപ്പെട്ട അനുഗ്രഹീതനാകുന്നു. അവിടെ വ്യക്തിക്കുചുറ്റും സമൂഹവുമില്ല, സഹജീവാജീവലോകങ്ങളുമില്ല; ഇവയുടെ വേർപിരിക്കാനാവാത്ത ബന്ധവുമില്ല. പുറംലോകം വ്യക്തിയുടെ ആത്മീയാവകാശത്തെ തടസ്സപ്പെടുത്തുന്നവിധം എതിർനിൽക്കുകയാണവിടെ. താനും അപരവും എന്ന വൈരുദ്ധ്യമാണതിൽ കാണുന്നത്.

എറിക് റിസെക്‌സ്

അധികാരം, പൗരോഹിത്യം എന്നിവയാൽ വശത്താക്കി മലീമസമാക്കപ്പെട്ട നാട്ടുധാർമികതയെ അതിന്റെ വേരുകളിലേക്ക്​ തിരികെ നയിക്കുകയായിരുന്നു ബുദ്ധധർമം ചെയ്തതെങ്കിൽ, ആധുനികയുഗത്തിൽ കോളനിവാഴ്ചയോടെ സർവവ്യാപിയായി തീർന്ന അധികാരഹിംസയോടും അതിനു കുടപിടിക്കുന്ന സംഘടിതമതത്തോടും ബുദ്ധനിൽ നിറഞ്ഞ നാട്ടുധാർമികതയെ പുനരാനയിച്ചുകൊണ്ട്​ കരുണ അഭ്യർഥിക്കുകയായിരുന്നു ഗാന്ധിജിയും ശ്രീനാരായണഗുരുവും ചെയ്തത്. പൗരോഹിത്യത്തിന്റെ നാഗരികവും വ്യക്തികേന്ദ്രിതവും, ലോകവും നമ്മളും തമ്മിലുള്ള പാരസ്പര്യത്തെ മാനിക്കാത്തതുമായ ആത്മീയതയോടായിരുന്നല്ലോ പൊൻകുന്നം വർക്കിയും എതിർനിന്നത്. അതിനാൽ ശബ്ദിക്കുന്ന കലപ്പയിൽ ആധുനികവും നാഗരികവും മതാധിഷ്ഠിതവുമായ അധികാരോന്മുഖ ആത്മീയതയ്ക്കു മുകളിലായി ഔസേപ്പുചേട്ടന്റെ നാട്ടാത്മീയതയെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. തകഴിയുടെ കൃഷിക്കാരനിലാകട്ടെ അധികാരം, മൂലധനം, സയൻസ് എന്നീ ത്രികക്ഷി സംഖ്യത്തിന്റെ ഹിംസാത്മകമായ ഉല്പാദനവ്യവസ്ഥയ്ക്കുമേൽ പരാജിതനായ കേശവൻ നായരുടെ സ്വതസിദ്ധവും നിഷ്‌കപടവുമായ ധർമബോധത്തെ ഉറപ്പിക്കുകയാണ്. ‘എങ്ങാണ്ടെന്നോ കൊറേ പണം കൊണ്ടുവന്ന് നെല്ലൊണ്ടാക്കിയതുകൊണ്ട് ആരും കൃഷിക്കാരനാകത്തില്ല. നോക്കിക്കോ, നാളെ ഈ പാടത്ത് പുല്ലുകിളിർക്കത്തില്ല’ എന്ന്​ ഹിംസയുടെ സമ്പദ്ഘടനയെ ആമൂലാഗ്രം ദീർഘദർശനം ചെയ്ത് ആക്ഷേപിക്കുന്ന അതേ കേശവൻ നായരാണ്, ഔതക്കുട്ടിയുടേതായിത്തീർന്ന പാടത്ത് ദിവസവും ചെന്നു നെൽച്ചെടികളെ പരിലാളിച്ചു നിർവൃതികൊള്ളുന്നത്.

ആധുനികലോകത്ത് ആത്മീയത തന്നെ ഹിംസാത്മകമായിരിക്കുന്നു എന്ന ദർശനത്തിൽ ഗുരുവും ഗാന്ധിയും ഐക്യപ്പെട്ടിരിക്കുന്നു. ഹിംസാത്മകമായ ആത്മീയതയെ അഹിംസാത്മകമായ നാട്ടുധാർമികതയാൽ നിർവീര്യമാക്കുന്നതിനാണ് ഇരുവരും ബുദ്ധധർമത്തിൽ ശരണം തേടിയത്.

ഇന്ത്യയിൽ കോളനി വിരുദ്ധസമരങ്ങളിൽ സാമൂഹികവും രാഷ്ട്രീയവുമായ മോചനം എന്നതുപോലെ ധാർമികമായ വിമോചനം എന്നൊരു തലം കൂടിയുണ്ട്. സാമൂഹിക രാഷ്ട്രീയാവശ്യങ്ങളുടെ പ്രത്യക്ഷതയിൽ ഹിംസയുടെ ആത്മീയതയിൽനിന്നുമുള്ള വിമോചനസമരമാകട്ടെ ദൃശ്യമാക്കപ്പെടാതെ പോയി. 1888-ൽ അരുവിപ്പുറം പ്രതിഷ്ഠ മുതൽ ഗുരു പ്രതികരിച്ചത് നമ്മെ ചൂഴ്ന്നുനിന്ന, രണ്ടുവശത്തുനിന്നുമുള്ള ആത്മീയതയുടെ ഹിംസയോടാണ്. ഒന്ന് ബ്രാഹ്മണമതം എന്ന ജാതിവ്യവസ്ഥയും, രണ്ടാമത്തേത് ‘എന്നിലൂടെയല്ലാതെ നിനക്കു സ്വർഗഗരാജ്യമില്ല' എന്ന സെമിറ്റിക് മതത്തിന്റെ ദുശ്ശാഠ്യവുമാണ്. ‘സർവമതസാരമേകമാം' എന്നതിലൂടെ സർവലോകങ്ങളും തമ്മിലുള്ള സാഹോദര്യം ജന്മസംസ്‌കാരമായിട്ടുള്ള നാട്ടുധാർമികതയെയാണ് ഗുരു വെളിപ്പെടുത്തിയത്. ആധുനികലോകത്ത് ആത്മീയത തന്നെ ഹിംസാത്മകമായിരിക്കുന്നു എന്ന ദർശനത്തിൽ ഗുരുവും ഗാന്ധിയും ഐക്യപ്പെട്ടിരിക്കുന്നു. ഹിംസാത്മകമായ ആത്മീയതയെ അഹിംസാത്മകമായ നാട്ടുധാർമികതയാൽ നിർവീര്യമാക്കുന്നതിനാണ് ഇരുവരും ബുദ്ധധർമത്തിൽ ശരണം തേടിയത്. ഒരേസമയം, ആത്മീയതയുടെ ജനായത്തവത്കരണവും ജനായത്തത്തിന്റെ ധാർമികവത്കരണവുമാണവർ ഏറ്റെടുത്തത്. ഈ സാംസ്‌ക്കാരികപ്രകാശത്തിൽ ലോകത്തെ കാണാനുള്ള സൗഭാഗ്യം കിട്ടിയതിനാലാണ് പൊൻകുന്നം വർക്കിയുടെ ഔസേപ്പുചേട്ടൻ, മകൾക്ക് ചട്ടയും മുണ്ടും വാങ്ങാതെ, ആ കാശിന്​ അറവുകാലിയായ തന്റെ കണ്ണനെ തിരികെക്കൊണ്ടുവരുന്നത്.

ഇടശ്ശേരി ഗോവിന്ദന് നായർ / e-harikumar.com

കേരളത്തിൽ നാട്ടുധാർമികതയുടെ വീണ്ടെടുപ്പിന്റേതായ ഗുരു-ഗാന്ധി പ്രഭാവയുഗത്തിന്റെ അന്തസത്തയാകെ ആറ്റിക്കുറുക്കിയതാണ് ഇടശ്ശേരി എഴുതിയ മാപ്പില്ല എന്ന കവിത:

‘‘ചോരക്കൈവാളീനൂണാം അരിയൊരജകിശോ- രത്തെ മീളാൻ കുനിച്ചു- ള്ളോര കണ്ഠത്തിൽ നിന്നൂറിന മൃദുകരുണാ- വായ്പിലാഴുമ്പൊഴെല്ലാം, ‘ഹാ, രക്ഷയ്ക്കാത്മകർമം ശരണം, മിതരമി- ല്ലില്ല മാപ്പെ'ന്നഗീരിൻ ക്രൂരത്വത്താലുയർത്തപ്പെടുക ഹൃദയമേ, പിന്നെയും പിന്നെയും നീ.’’

ആട്ടിൻകിടാവിനെ രക്ഷിക്കാൻ വേണ്ടി പകരം തന്റെ ശിരസ്സു ബലിക്കല്ലിലേക്കു നീട്ടിക്കൊടുത്തവന്റെ കരുണാവായ്പ് എപ്പോഴൊല്ലാം മനസ്സിൽ നിറയുന്നുവോ, അപ്പോഴെല്ലാം, നമ്മുടെ ആത്മാവിനെ തന്നെ അർപ്പിക്കലല്ലാതെ മറ്റൊരു വഴിയും ലോകരക്ഷയ്ക്കില്ല എന്ന വചനത്തിന്റെ ക്രൂരതയാൽ അല്ലയോ എൻ ഹൃദയമേ, നീ പിന്നെയും പിന്നെയും ഉയർത്തപ്പെടട്ടെ. ആട്ടിൻകുട്ടിയുടെ ജീവനു സമാനമായി തന്റെ ജീവനെ ബലിയർപ്പിക്കുക എന്ന തന്നോടുതന്നെ മാപ്പില്ലാത്ത ക്രൂരതയാണ് ബുദ്ധന്റെ ഹൃദയൗന്നത്യം. (ഇവിടെ ആത്മത്യാഗമെന്നത്, അരയിൽ സ്‌ഫോടകവസ്തു തിരുകിയ ചാവേർപ്പണിയോ അതിർത്തിയിലെ വെടിവെപ്പുകൊലയോ ഒളിപ്പോരിലെ രക്തസാക്ഷിത്വമോ അല്ലെന്നോർക്കണം).

സംഘടിത മതസ്ഥാപനങ്ങളുടെ ഇടുങ്ങിയ തുരങ്കത്തിലൂടെ പുറത്തുവരുന്ന മതാത്മീയത നാട്ടുധാർമികതയുടെ മിമിക്രിയാണ്. പൗരോഹിത്യനിർമിതമായ ഈ ഹാസ്യാനുകരണത്തിലൂടെ മാത്രമേ ആധുനിക രാഷ്ട്രവ്യവസ്ഥയിൽ മനുഷ്യർക്ക്​ആത്മീയതയെപ്പറ്റിയുള്ള അറിവ് കിട്ടുന്നുള്ളൂ.

ബി.സി. ആറാം നൂറ്റാണ്ടിലും തന്റെ ബോധാദയത്തിൽ, നാട്ടുചരിത്രത്തിലെങ്ങും തെളിഞ്ഞു കത്തുന്ന നിരവധി ഔസേപ്പുചേട്ടനിൽ നിന്നും കേശവൻ നായരിൽ നിന്നുമാകണം ആത്മകർമ്മത്തിന്റെ നിർദയമായ ക്രൂരത്വം ഗൗതമബുദ്ധൻ സ്വാംശീകരിച്ചത്. അനുകമ്പയ്ക്കുവേണ്ടിയുള്ള രോദനത്തെ ഏറ്റുവാങ്ങുന്ന ആത്മസമർപ്പണത്തിന്റെ ഹൃദയൗന്നത്യത്തെയാണ് നാട്ടുധാർമികത എന്നുപറയുന്നത്. ആധുനികലോകത്തിന്റെ സർവനഷ്ടവും രാഷ്ട്രീയത്തിൽ നിന്നും മനുഷ്യബന്ധങ്ങളിൽ നിന്നും നാട്ടുധാർമികതയെ അകറ്റിനിർത്തുന്നതിലൂടെ വന്നുചേരുന്നതാണ്. ആധുനിക രാഷ്ട്രനിർമിതിയിൽ സംഘടിതമതത്തിന്റെ വ്യക്തികേന്ദ്രീകൃതമായ ആത്മീയതയെയല്ലാതെ നാട്ടുധാർമികതയെ അടുപ്പിക്കില്ല. കാരണം നാട്ടുധാർമികത ഇഹലോകത്തെ മാനുഷികമാക്കുന്നതിനുള്ളതാണെങ്കിൽ, മതാത്മീയതയാകട്ടെ പുണ്യപാപങ്ങൾ എന്ന പരലോകപ്രാപ്തി/ഭീതികളിൽ വ്യക്തിയെ ബന്ധിതനാക്കുന്നതും അതിനായി പൗരോഹിത്യത്തിന്റെ ആശ്രിതനാക്കുന്നതുമാണ്. അതുകൊണ്ട് അധികാരത്തിനും മൂലധനത്തിനും പൗരോഹിത്യത്തിന്റെ മതാത്മീയത പ്രിയപ്പെട്ടതായിത്തീരുന്നു.

സംഘടിത മതസ്ഥാപനങ്ങളുടെ ഇടുങ്ങിയ തുരങ്കത്തിലൂടെ പുറത്തുവരുന്ന മതാത്മീയത നാട്ടുധാർമികതയുടെ മിമിക്രിയാണ്. പൗരോഹിത്യനിർമിതമായ ഈ ഹാസ്യാനുകരണത്തിലൂടെ മാത്രമേ ആധുനിക രാഷ്ട്രവ്യവസ്ഥയിൽ മനുഷ്യർക്ക്​ആത്മീയതയെപ്പറ്റിയുള്ള അറിവ് കിട്ടുന്നുള്ളൂ. അങ്ങനെ, ആത്മീയത എന്നാൽ വ്യക്തിയും സംഘടിതമതസ്ഥാപനവും തമ്മിലുള്ള ഇടപാടിലൂടെ മാത്രം സാധ്യമാകുന്ന ഉത്പന്നമായി വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. ആത്മീയതയെന്നത് സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു ചരക്കായി, വിലകൊടുത്താൽ പൗരോഹിത്യം വഴി വ്യക്തിക്കു കരഗതമാകുന്ന കപടസായൂജ്യമായി. കാരൂരിന്റെ ‘ഉതുപ്പാന്റെ കിണർ' എന്ന കഥയിൽ പൗരോഹിത്യ മതാത്മീയതയെ കൈയൊഴിഞ്ഞു നാട്ടുധാർമികതയിലേക്കു തിരികെ പോകുന്നയാളാണ് ഉതുപ്പാൻ. അനാഥനായ ഉതുപ്പാനെ യേശുവിന്റെ സുവിശേഷങ്ങൾ സ്വാധീനിക്കുന്നതായി കഥാദ്യത്തിൽ പറയുന്നുണ്ടെങ്കിലും, അയാൾ മതസ്ഥാപനങ്ങളിൽ ഭാഗഭാക്കാകുന്നില്ല, പകരം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നഗരത്തിൽ ഇത്തിരി സ്ഥലം വാങ്ങി, അവിടെ ഒരു കിണർ കുഴിച്ച് അതിലെ വെള്ളം എല്ലാവർക്കും എടുക്കാൻ അവസരം ഒരുക്കുന്നു. തന്നെയുമല്ല കന്നുകാലികൾക്കു കുടിക്കുന്നതിനായി വലിയൊരു പാത്രം വെച്ച്, അതിൽ വെള്ളം കോരി നിറച്ചുവെയ്ക്കുക കൂടി ചെയ്യുന്നു.

വർക്കി, തകഴി, കാരൂർ ഇവരുടെ നാട്ടുധാർമികതാ പ്രകീർത്തനഗാഥകൾ അവസാനിക്കുന്നത് നായക കഥാപാത്രത്തിന്റെ ഭൗതികമായ പതനത്തിൽ, ഇടശ്ശേരി എഴുതിയതുപോലെ രക്ഷയ്ക്കുവേണ്ടിയുള്ള ആത്മകർമത്തിന്റെ ക്രൂരതയിലാണ്. അവരെല്ലാം സൂക്ഷ്മാർഥത്തിൽ, അധികാരവും മതപൗരോഹിത്യവും ചേർന്ന്​അനുകമ്പയെ ചോർത്തിക്കളഞ്ഞ രാഷ്ട്രവ്യവസ്ഥയിലേക്കു നാട്ടുധാർമികതയെ കുടിയിരുത്താൻ സമർപ്പിക്കുകയാണ്. തങ്ങളുടെ ആവാസവ്യവസ്ഥയെ ഛിന്നഭിന്നമാക്കി തങ്ങളെ ഏകാകികളാക്കിയ രാഷ്ട്രീയനയങ്ങളോട് ധാർമികസമരമാണ് അവർ നടത്തുന്നത്. ഈ സമരത്തിൽ നാട്ടുധാർമികതയുടെ ജയപതാക പാറിച്ചുകൊണ്ട് ആ പോരാളികൾ നിലംപതിക്കുന്നു. ഈ പതനം നമ്മെ വെടിയേറ്റുവീണ ഗാന്ധിയെക്കൂടി ഓർമിപ്പിക്കുന്നതാണ്. കാരണം മതാത്മീയതയും അധികാരവും ഒന്നുതന്നെയായിമാറി ലിബറൽ ജനായത്തം തന്നെ നിശ്ചേതനമായ ദശാസന്ധിയിൽ, അതിന്റെ ആദ്യത്തെയും അവസാനത്തെയും ശത്രു നാട്ടുധാർമികതയല്ലാതെ മറ്റൊന്നുമല്ലല്ലോ. അതുകൊണ്ട്, ജനായത്തം അതിന്റെ ആത്മാവിൽ ആവിഷ്‌കൃതമാകണമെങ്കിൽ നാട്ടുധാർമികതയുടെ രാഷ്ട്രീയത്തിലേക്കു നാം കടന്നുവരേണ്ടതുണ്ട്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments