നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത് പതിവ് യു.ഡി.എഫ്-എൽ.ഡി.എഫ് മൽസരമല്ല, മറിച്ച് മണ്ഡലത്തിൽ ബി.ജെ.പിയുടെ വർധിച്ചുവരുന്ന സ്വാധീനമാണ്.

തൃശ്ശൂരിൽ കാവിപ്പകർച്ച ആരുടെ ചെലവിൽ

ചരിത്രം പറയുമ്പോൾ എങ്ങനെ ഹിന്ദുത്വം വീറോടെ പോരടിക്കുന്ന മണ്ഡലമായി തൃശൂർ എന്നത് സുപ്രധാന വിഷയമാണ്.

രണതുടർച്ചയും ജനാധിപത്യവുമായും ബന്ധപ്പെട്ട ചർച്ചയാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ സമൂമാധ്യമങ്ങളിൽ നിറയെ. ചേരിതിരിഞ്ഞുള്ള കക്ഷി രാഷ്ട്രീയ വഴക്കായി അത് പരിണമിക്കുകയും ചെയ്യുന്നുണ്ട്. അതെന്തായായാലും മലയാളിയുടെ സഹവർത്തിത്വ മതേതര ജീവിതത്തിന്റെ തുടർച്ചയ്ക്ക്, ഭീഷണിയുയർത്തുന്ന ചില ഘടകങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാണ്. മുമ്പില്ലാത്ത വിധം പ്രാധാന്യം കിട്ടുന്ന തരത്തിൽ അവരുടെ സ്വാധീനം വർധിക്കുന്നതിന്റെ ലക്ഷണങ്ങളും സജീവമായി തന്നെയുണ്ട്.

സംഘ്പരിവാർ കേരളത്തിൽ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ജില്ലയിൽ പ്രധാനമാണ് തൃശ്ശൂർ. തിരുവനന്തപുരവും കാസർകോടും പോലെ പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ ഹിന്ദുത്വത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിച്ച സ്ഥലമായിരുന്നില്ല, തൃശ്ശൂർ മണ്ഡലവും ജില്ലയും. സംഘ്പരിവാരത്തെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയം പടർന്നുപന്തലിക്കാൻ പറ്റിയ സാഹചര്യം തൃശ്ശൂരിൽ ഉണ്ടായിട്ടുണ്ടാവണം. എന്തായാലും കേരള രാഷ്ട്രീയത്തിലെ പല അതികായരുടെ ജില്ലയും മണ്ഡവുമായിരുന്ന തൃശ്ശൂർ ഇപ്പോൾ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ്. തൃശൂരിന്റെ ചരിത്രം പറയുമ്പോൾ എങ്ങനെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ഹിന്ദുത്വം വീറോടെ പോരടിക്കുന്ന മണ്ഡലമായി എന്നത് സുപ്രധാന വിഷയമാണ്. സി. അച്യുതമേനോനും കെ. കരുണാകരനും അടക്കമുള്ള ഭരണാധികാരികളുടെ കേന്ദ്രം തൃശ്ശൂരാണ്. കേരളത്തിൽ സി.പി.ഐ ഏറ്റവും കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്ന ജില്ലകളിലൊന്നാണ് തൃശ്ശൂർ.

തേറമ്പിൽ രാമകൃഷ്ണനും തിരുവഞ്ചൂർ രാധാകൃഷ്ണനും (2014) / Photo: Therambil Ramakrishnan, Fb

ചരിത്രം നോക്കുമ്പോൾ തൃശ്ശൂർ നിയമസഭ മണ്ഡലത്തിന് ചെറിയ ചായ്‌വ്‌ യു.ഡി.എഫിനോടാണെന്ന് പറയാം. തൃശ്ശൂരിന്റെ ചരിത്രം കോൺഗ്രസിനൊപ്പമാക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് മുൻ സ്പീക്കർ കൂടിയായിരുന്ന തേറമ്പിൽ രാമകൃഷ്ണനാണ്. തൃശ്ശൂർ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ജയിച്ച നിയമസഭാംഗമാണ് അദ്ദേഹം; ആറ് തവണ.16 തവണ തെരഞ്ഞെടുപ്പ് നടന്ന തൃശ്ശൂരിൽ എട്ട് തവണ കോൺഗ്രസ് തന്നെ ജയിച്ചു. തേറമ്പിൽ രാമകൃഷ്ണൻ ആദ്യം നിയമസഭയിലെത്തുമ്പോൾ എൻ.ഡി.പി പ്രതിനിധിയായിരുന്നു. 1982 ലായിരുന്നു അത്. 1991 മുതൽ തുടർച്ചയായി 2011 വരെ അദ്ദേഹമായിരുന്നു നിയമസഭയിൽ തൃശ്ശൂരിനെ പ്രതിനിധീകരിച്ചത്. ഇങ്ങനെ പൊതുവിൽ നോക്കുമ്പോൾ തൃശ്ശൂർ പൂർണമായും ഏതെങ്കിലും ഒരു പക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണെന്ന് പറയാൻ കഴിയില്ല. എണ്ണത്തിൽ ചെറിയ മുൻതൂക്കം യു.ഡി.എഫിനുണ്ടെന്ന് പറയാം.

കഴിഞ്ഞ തവണത്തെ തോൽവിക്കുശേഷവും തൃശ്ശൂർ കേന്ദ്രീകരിച്ച് പത്മജ വേണുഗോപാൽ നടത്തിയ പ്രവർത്തനങ്ങൾ മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്

ഐക്യ കേരളം രൂപീകരിക്കപ്പെട്ടശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്വതന്ത്രനായി മൽസരിച്ച ഡോ. എ. ആർ. മേനോനാണ് ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് 2485 വോട്ടുകൾക്കായിരുന്നു മേനോന്റെ വിജയം. പിന്നീട് ഇ.എം.എസ് മന്ത്രിസഭയിൽ അമ്പാട്ട് രാവുണ്ണി മേനോൻ എന്ന എ.ആർ. മേനോൻ ആരോഗ്യമന്ത്രിയായി. ആദ്യം ചെറിയ ഭൂരിപക്ഷമായിരുന്നു തൃശ്ശൂരിന്റെ പ്രത്യേകത. 1960 ൽ കോൺഗ്രസിലെ ടി. എ. ധർമ്മരാജ അയ്യർ 463 വോട്ടുകൾക്കാണ് തൃശ്ശൂരിൽനിന്ന് ജയിച്ചത്. പിന്നീട് 1965 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തി. അന്ന് ടി.പി. സീതാരാമൻ 4205 വോട്ടിന് കോൺഗ്രസിനുവേണ്ടി സീറ്റ് നിലനിർത്തി. 1964ൽ പിളർപ്പിനുശേഷം 1967 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എം ആദ്യമായി തൃശ്ശൂരിൽ വിജയിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി ആദ്യമായി സ്വന്തം ചിഹ്നത്തിൽ തൃശ്ശൂരിൽനിന്ന് വിജയിക്കുന്നതും അന്നായിരുന്നു. സി.പി.എം സ്വതന്ത്രനായ ജോസഫ് മുണ്ടശ്ശേരി 1970 ൽ തൃശ്ശൂരിന്റെ പ്രതിനിധിയായി. മാറിയും മറഞ്ഞും ഇരു മുന്നണികളും വിജയിച്ച തൃശ്ശൂരിനെ കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിൽ ഒന്നാക്കി നിലനിർത്തിയത് തേറമ്പിൽ രാമകൃഷ്ണനായിരുന്നു. 1970 ൽ സംഘടന കോൺഗ്രസിന്റെയും പിന്നീട് എൻ.ഡി.പിയുടെയും സ്ഥാനാർത്ഥിയായി ഗുരുവായൂരിലും ചേർപ്പിലും മൽസരിച്ചെങ്കിലും അന്നൊന്നും ഭാഗ്യം തുണയ്ക്കാതിരുന്ന തേറമ്പിൽ തൃശ്ശൂരിലെത്തിയതോടെയാണ് പാർലമെന്ററി രാഷ്ട്രീയത്തിൽ വിജയക്കൊടി നാട്ടി തുടങ്ങിയത്. 1982 ൽ എൻ.ഡി.പി സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേർന്ന് കെ. കരുണാകരന്റെ വിശ്വസ്തനായി മാറുകയായിരുന്നു.

തൃശ്ശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. ബാലചന്ദ്രൻ പത്രിക സമർപ്പിക്കുന്നു

തേറമ്പിൽ രാമകൃഷ്ണൻ എത്തിയതോടെ തൃശ്ശൂർ കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിൽ ഒന്നായി മാറുകയായിരുന്നു. അതും സ്ഥിരമായി ഭൂരിപക്ഷം ഉയർത്തികൊണ്ടായിരുന്നു തേറമ്പിൽ തൃശ്ശൂരിനെ കീഴടക്കിയത്. 2006 ൽ വി.എസ്. തരംഗത്തിനിടയിൽ മാത്രമാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ അപവാദമുണ്ടായത്. 1991ൽ 7291 വോട്ടിന് ജയിച്ച തേറമ്പിൽ 2011 ൽ ഭൂരിപക്ഷം 16,169 ആക്കി ഉയർത്തി. ഇതിനിടയിൽ 2006ൽ മാത്രമാണ് ഭൂരിപക്ഷം കുറഞ്ഞത്. സി.പി.എമ്മിലെ എം.എം. വർഗീസിനെ 2596 വോട്ടുകൾക്കാണ് അദ്ദേഹം മറികടന്നത്. അതായത് തുടർച്ചയായി അഞ്ച് തവണ കോൺഗ്രസ് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിലാണ് 2016 ൽ അട്ടിമറി നടന്നത്.

കയ്പമംഗലമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റ് വിട്ട് സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ തൃശ്ശൂരിലെത്തിയപ്പോൾ എതിർ സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലായിരുന്നു. കെ. കരുണാകരന് തൃശ്ശൂരിലെ സ്വാധീനവും, തേറമ്പിൽ ഉണ്ടാക്കിയെടുത്ത അടിത്തറയും മതി പത്മജയ്ക്ക് എന്ന രാഷ്ട്രീയ വിലയിരുത്തലുകളെ കൂടിയാണ് സുനിൽകുമാർ 2016 ൽ അട്ടിമറിച്ചത്. 6987 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാൽനൂറ്റാണ്ടായി കോൺഗ്രസ് കുത്തകയാക്കിവെച്ച മണ്ഡലം സി.പി.ഐക്കുവേണ്ടി സുനിൽകുമാർ പിടിച്ചെടുത്തത്. കെ. കരുണാകരന്റെ കുടുംബത്തിലെ മുഴുവൻ പേരും തോറ്റ പ്രദേശം കൂടിയായി മാറി ഇതോടെ തൃശ്ശൂർ. കെ. കരുണാകരനെ 1996 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ വി. വി. രാഘവൻ 1980 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത് കേരള രാഷ്ട്രീയത്തിലെ വലിയ അട്ടിമറികളിലൊന്നായിരുന്നു. എന്നാൽ ആ വിജയം ഒരു അത്ഭുതമായിരുന്നില്ല, മറിച്ച് രാഷ്ട്രീയ വിജയമായിരുന്നുവെന്ന് വി. വി. രാഘവൻ വീണ്ടും തെളിയിച്ചു. 1998 ൽ മകൻ കെ. മുരളീധരനും പരാജയപ്പെട്ടു. 2016 ൽ കരുണാകരന്റെ മകൾ പത്മജയും കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന തൃശ്ശൂരിൽനിന്ന് 6987 വോട്ടിന് പരാജയപ്പെട്ടു.

കരുണാകരനെയും, മുരളീധരനെയും, പത്മജ വേണുഗോപാലിനെയും പരാജയപ്പെടുത്തിയ മണ്ഡലം കൂടിയാണ് തൃശ്ശൂർ

കേരളത്തിലെ കോൺഗ്രസിലെ ഒന്നാം കുടുംബമെന്ന് വിളിക്കാവുന്ന കരുണാകരനെയും മക്കളെയും അവരുടെതന്നെ തട്ടകത്തിൽ പരാജയപ്പെടുത്തിയ മണ്ഡലം കൂടിയാണ് തൃശ്ശൂർ. കേന്ദ്രഭരണം ഏകകക്ഷി ഭരണത്തിൽനിന്ന് കൂട്ടുകക്ഷി സർക്കാരിലേക്ക് മാറുന്നതിന്റെ ആദ്യ ഘട്ടത്തിലായിരുന്നു കരുണാകരനും മകൻ മുരളീധരനും പരാജയപ്പെട്ടത്.

ഇത്തവണയും പത്മജയെ രംഗത്തിറക്കിയിരിക്കുകയാണ് യു.ഡി.എഫ്. എന്നാൽ ഇടതുപക്ഷത്ത് വി.എസ്. സുനിൽകുമാറില്ല. പകരം സി.പി.ഐയിലെ പി. ബാലചന്ദ്രൻ തന്നെ മൽസരിക്കുന്നു. 2011 ൽ തേറമ്പിൽ രാമകൃഷ്ണനെതിരെ മൽസരിച്ചിരുന്ന ബാലചന്ദ്രൻ 16,279 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പ്രത്യക്ഷത്തിൽ ഒരു ഭരണവിരുദ്ധ വികാരം കാണാത്തതും വികസന നേട്ടങ്ങളും മണ്ഡലം നിലനിർത്താൻ സഹായകരമാകുമെന്ന് എൽ.ഡി.എഫ് കരുതുമ്പോൾ കഴിഞ്ഞ തവണത്തെ തോൽവിക്കുശേഷവും തൃശ്ശൂർ കേന്ദ്രീകരിച്ച് പത്മജ വേണുഗോപാൽ നടത്തിയ പ്രവർത്തനങ്ങൾ മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് 27410 വോട്ട് ലഭിച്ചു. അതായത് സുരേഷ് ഗോപിയുടെ താരപ്രഭാവം മാറ്റിനിർത്തിയാലും ബി.ജെ.പിക്ക് വലിയ തോതിലുള്ള വോട്ട് വർധന തൃശ്ശൂരിലുണ്ടാകുന്നുണ്ടെന്നതാണ് ഇത് കാണിക്കുന്നത്

എന്നാൽ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ തൃശ്ശൂരിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത് പതിവ് യു.ഡി.എഫ്-എൽ.ഡി.എഫ് മൽസരമല്ല, മറിച്ച് ബി.ജെ.പിയുടെ വർധിച്ചുവരുന്ന സ്വാധീനമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബി. ഗോപാലകൃഷ്ണന് ലഭിച്ചത് 24, 748 വോട്ടായിരുന്നു. അതിനുമുമ്പ് 2011 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചതാവട്ടെ 6697 വോട്ടും. അതായത് അഞ്ച് വർഷം കൊണ്ട് ബി.ജെ.പിയുടെ വോട്ടിലുണ്ടായ വർധന 13.52. 2006 ൽ തേറമ്പിൽ താരതമ്യേന നേരിയ ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി സുരേന്ദ്രൻ ആയിനിക്കുന്നത്തിന് ലഭിച്ചതാകട്ടെ 4723 വോട്ടും. അതായത് ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞടുപ്പുകളിൽ വോട്ടു കൂടിയെന്നത് മാത്രമല്ല, വളർച്ചാ നിരക്കിൽ വൻ വർധനയുണ്ടാകുന്നതായും കാണാം.

2016 ലെ തെരഞ്ഞെടുപ്പുപോലെ തന്നെ ഇക്കാര്യത്തിൽ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പും പ്രധാനമാണ്. സിനിമാതാരം സുരേഷ് ഗോപി സ്ഥാനാർത്ഥിയായതോടെ ശക്തമായ ത്രികോണ മൽസരമാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നടന്നത്. 2014 ൽ തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ ബി.ജെ.പിക്ക് ലഭിച്ചത് 1,02,681 വോട്ടുകളായിരുന്നു. അഞ്ച് വർഷത്തിനിപ്പുറം 2019 ൽ അത് 2,93, 822 വോട്ടായി. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് സുരേഷ് ഗോപിക്ക് ലഭിച്ചത് 37,641 വോട്ടായിരുന്നു. അതായത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളിലൊന്നായി തൃശ്ശൂർ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ നിയമസഭ മണ്ഡലത്തെ ആകെ കണക്കാക്കിയാൽ ബി.ജെ.പിക്ക് 27410 വോട്ട് ലഭിച്ചു. അതായത് സുരേഷ് ഗോപിയുടെ താരപ്രഭാവം മാറ്റിനിർത്തിയാലും ബി.ജെ.പിക്ക് വലിയ തോതിലുള്ള വോട്ട് വർധന തൃശ്ശൂരിലുണ്ടാകുന്നുണ്ടെന്നതാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷനിൽ ആറ് ഡിവിഷനുകൾ മാത്രം കിട്ടിയതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
ഇത്തവണ സുരേഷ് ഗോപി തന്നെയാണ് സ്ഥാനാർഥിയെന്നത് ബി.ജെ.പിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. കഴിഞ്ഞതവണ മൽസരിച്ച പത്മജ വേണുഗോപാൽ വീണ്ടും ജനവിധി തേടുന്നു. തന്റെ ആദ്യ തെരഞ്ഞെടുപ്പ് ജയത്തിനായുള്ള തീവ്ര ശ്രമങ്ങളാണ് പത്മജ നടത്തുന്നത്. എന്നാൽ സുരേഷ് ഗോപി തന്റെ താരപ്രഭാവം കൊണ്ടും രാഷ്ട്രീയമായും നേടുന്ന വോട്ടുകൾ ആരുടെ സാധ്യതകളെയാണ് ബാധിക്കുക?. കേരളത്തിൽ ഇതുവരെ ബി.ജെ.പിക്ക് മേൽക്കൈ കിട്ടിയ മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ വോട്ടുകൾ കുറയുന്ന പ്രവണതയാണ് പൊതുവിൽ കാണാറ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് അത് കണ്ടതാണ്. നേമത്ത് വേറെയും കാരണങ്ങളുണ്ടായിരുന്നുവെന്ന് വസ്തുതയാണ്. അതല്ല തൃശ്ശൂരിലെ യാഥാർത്ഥ്യം. ശക്തമായ ത്രികോണ മൽസരമാണ് ഇവിടെ. കഴിഞ്ഞ തവണ ബി.ജെ.പിയിലെ ഗോപാലകൃഷ്ണൻ പിടിച്ച വോട്ടുകളാണ് പത്മജയ്ക്ക്, കോൺഗ്രസിന്റെ ഉറച്ചതെന്ന് കരുതുന്ന മണ്ഡലം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു. ഇത് സൂചിപ്പിക്കുന്നത് ഇടതിൽനിന്നും വലതിൽനിന്നും ബി.ജെ.പിക്ക് വോട്ട് പോകാമെന്നാണ്. അതുകൊണ്ട് അവർക്ക് തൽക്കാലം ജയിക്കാൻ കഴിയില്ലെങ്കിലും സീറ്റ് നിലനിർത്താനുള്ള എൽ.ഡി.എഫിന്റെ ശ്രമത്തെയും വീണ്ടെടുക്കാനുള്ള യു.ഡി.എഫിന്റെ പ്രവർത്തനങ്ങളെയും അത് ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണത്തെ തൃശ്ശൂരിന്റെ പ്രാധാന്യം അതാണ്. ▮


എൻ. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments