ഹിന്ദുത്വം, ഇടതുപക്ഷം, മമത, ബംഗാളിൽനിന്നുള്ള വാർത്തകളുടെ രാഷ്ട്രീയം

‘‘ഇടതുപക്ഷത്തിന് എല്ലാ സാമൂഹ്യ വിഭാഗങ്ങളിലേയും പിന്തുണ നഷ്ടമായിരിക്കുന്നു. സെൻട്രൽ ലെഫ്റ്റ് പോസിഷനിൽ ഇപ്പോൾ മമതയാണ് നിൽക്കുന്നത്. സമീപകാലത്തൊന്നും ഇടതിന് ബംഗാളിൽ ഒരു തിരിച്ചുവരവുണ്ടെന്ന് ഞാൻ കരുതുന്നില്ല’’- ബംഗാൾ രാഷ്​​ട്രീയം ആഴത്തിൽ പഠിച്ച മാധ്യമപ്രവർത്തകൻ സ്‌നിഗ്‌ദേന്ദു ഭട്ടചാര്യ ‘തിങ്കി’ന്​ നൽകിയ അഭിമുഖം

നൂറ്റാണ്ടിൽ ബംഗാൾ രാഷ്ട്രീയത്തിൽ സംഭവിച്ച രണ്ട് പ്രധാന സംഭവങ്ങളെപറ്റി വിശദമായി പഠിച്ച മാധ്യമ പ്രവർത്തകനാണ് സ്‌നിഗ്‌ദേന്ദു ഭട്ടചാര്യ. ഇടതു ഭരണത്തിന് അന്ത്യം കുറിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്നായ ലാൽഗഡിലെ മാവോയിസ്റ്റ് മുന്നേറ്റങ്ങളും, പൊലീസ് അതിക്രമവും മുൻനിർത്തി, അദ്ദേഹം എഴുതിയ ലാൽഗഡ് ആന്റ് ദി ലെജൻറ്​ ഓഫ് കിഷൻജി, ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുമുള്ള പ്രധാന പഠന പുസ്തകമാണ്. ബംഗാളിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ ചരിത്ര പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന മിഷൻ ബംഗാൾ എ സാഫ്രൺ എക്‌സിപെരിമെന്റ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. ബംഗാളിൽ മമതാ ബാനർജി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചും ഇടതുപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സ്‌നിഗ്‌ദേന്ദു ഭട്ടചാര്യ ഈ ഇ മെയിൽ അഭിമുഖത്തിൽ

എൻ.കെ. ഭൂപേഷ്: നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ നടത്തിയ പ്രചണ്ഡ പ്രചാരണവും ചില മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളും ബംഗാൾ ഇത്തവണ സംഘ്പരിവാർ കീഴടക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാൽ അതിന് കടകവിരുദ്ധമായ ഫലമാണ് പുറത്തുവന്നത്. എന്താണ് തൃണമൂൽ കോൺഗ്രസിന് അനുകൂലമായി ഇത്ര ആധികാരികമായ വിധിയെഴുത്തുണ്ടാകാൻ കാരണമെന്നാണ് താങ്കൾ കരുതുന്നത്?

സ്‌നിഗ്‌ദേന്ദു ഭട്ടചാര്യ: ബി.ജെ.പിയ്ക്ക് രണ്ട് പ്രതീക്ഷകളാണുണ്ടായിരുന്നത്. ഒന്ന് തൃണമൂൽ കോൺഗ്രസിനെതിരായ വോട്ടുകൾ തങ്ങൾക്കനുകൂലമായി കേന്ദ്രീകരിക്കുമെന്നത്.

രണ്ടാമത്​, വോട്ടർമാരിൽ ധ്രൂവികരണം ഉണ്ടാകുമെന്നും ഹിന്ദുവോട്ടർമാർ തങ്ങൾക്ക് പിന്നിൽ കേന്ദ്രീകരിക്കുമെന്നും അവർ കരുതി. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇതിന് തീർത്തും വിരുദ്ധമായ കാര്യങ്ങളാണ്. സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ കേന്ദ്രീകരണം തൃണമൂലിന് അനുകൂലമായി സംഭവിച്ചു. അതുപോലെ ബി.ജെ.പിയുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ഹിന്ദു വോട്ടർമാർ മതാടിസ്ഥാനത്തിൽ സംസ്ഥാനത്തെ മിക്കയിടങ്ങളിലും ധ്രുവീകരിക്കപ്പെട്ടില്ല. ഇതിനുപുറമെ ബംഗാളി തദ്ദേശീയ വികാരവും ബി.ജെ.പിക്കെതിരായി. ബി.ജെ.പിയുടെ സാംസ്‌ക്കാരിക അധിനിവേശത്തെ നാട്ടുകാരിൽ ചിലർ ഭയന്നിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ ഏറെയും വന്നത് വടക്കെ ഇന്ത്യയിൽനിന്നുള്ള നേതാക്കളായിരുന്നുവെന്നതുകൊണ്ടുകൂടിയാണ് ഇതുസംഭവിച്ചത്. തെരഞ്ഞെടുപ്പ് പോരാട്ടം ബംഗാളികളും പുറത്തുനിന്ന് വന്നവരും തമ്മിലാണെന്നായിരുന്നു തൃണമൂൽ പ്രചാരണം. ഇത് ജനങ്ങൾ ഒരളവ് വരെ വിശ്വസിച്ചുവെന്ന് വേണം കരുതാൻ.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രം പിഴച്ചുവെന്നതുകൊണ്ടുണ്ടായ പരാജയമാണോ ഇത്?. തൃണമൂൽ കോൺഗ്രസിലെ ഏറ്റവും പ്രമുഖരായവരെയും മമതയുടെ വിശ്വസ്​ഥർ എന്നു കരുതുന്നവരെ പോലും അടർത്തി മാറ്റിയുള്ള നീക്കമായിരുന്നല്ലോ ബി.ജെ.പി കുറച്ചേറെ കാലമായി നടത്തിയത്.

യഥാർത്ഥത്തിൽ ഇപ്പോഴത്തെ അവരുടെ അവസ്ഥയ്ക്ക് ബി.ജെ.പിയ്ക്ക് മറ്റാരെയും കുറ്റപ്പെടുത്താനില്ല. ഇത്ര വലിയ തോതിൽ ടി.എം.സിയുടെ പിന്നിൽ മുസ്‌ലിം
വോട്ടുകൾ ധ്രൂവീകരിക്കപ്പെട്ടതിനുകാരണം ബി.ജെ.പിയുടെ സമീപനങ്ങളാണ്. കുടിയേറ്റക്കാരും ജിഹാദികളുമാണ് മുസ്‌ലിംകൾ എന്ന ബി.ജെ.പിയുടെ അങ്ങേയറ്റം അക്രമോൽസുകമായ പ്രചാരണം തൃണമൂലിന് പിന്നിൽ അണിനിരക്കാൻ മുസ്‌ലിംകളെ നിർബന്ധിതരാക്കി. അതുപോലെ ബി.ജെ.പി നടത്തിയ മറ്റ് പല പ്രചാരണങ്ങളും അവർക്ക് തിരിച്ചടിയാണുണ്ടാക്കിയത്.

ഉത്തർപ്രദേശിലെ പോലെ ആൻറി റോമിയ സ്‌ക്വാഡ് ഉണ്ടാക്കുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയും സരസ്വതി പൂജയ്ക്കും വാലൻറയിൻ ദിനത്തിലുമെല്ലാം ആൺ- പെൺ സുഹൃത്തുക്കൾ ഒന്നിച്ചുപുറത്തിറങ്ങരുതെന്ന ഹിന്ദുത്വ സംഘടനകളുടെ വെല്ലുവിളിയും മുന്നറിയിപ്പുമെല്ലാം വിപരീത ഫലങ്ങളാണ് ഉണ്ടാക്കിയത്. ചുരുക്കിപ്പറഞ്ഞാൽ ഹിന്ദുത്വ എന്ന ബ്രാൻറ്​ തന്നെ ബംഗാളിൽ വലിയ വിഭാഗം ജനങ്ങളെ ബി.ജെ.പിയുടെ എതിരാളികളാക്കി.

അധികാരം കിട്ടിയില്ലെങ്കിലും ബി.ജെ.പിയ്ക്ക് 38 ശതമാനം വോട്ട്​ ലഭിച്ചു. ബംഗാളിലെ ഏക പ്രതിപക്ഷവും അവരാണ്. ബംഗാളിലെ ബി.ജെ.പിയുടെ വളർച്ച പരിഗണിച്ചാൽ അടുത്ത അഞ്ച് വർഷം നിർണായകമാണ്. മമതയ്ക്ക് ബി.ജെ.പിയുടെ ഈ വളർച്ചയെ എങ്ങനെ തുടർന്നും പ്രതിരോധിക്കാൻ കഴിയുമെന്നാണ് താങ്കൾ കരുതുന്നത്?

ഇപ്പോഴത്തെ സാഹചര്യം വെച്ച് പറയുകയാണെങ്കിൽ, ഏറ്റവും പ്രധാനം 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പാണ്. 2026 ലെ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഫലം തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കും. അടുത്ത തെരഞ്ഞെടുപ്പ് ഫലത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ബി.ജെ.പി അതിന്റെ വർഗീയ പ്രചാരണം തീവ്രമാക്കും. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് അവർ വർഗീയമായ നിറം നൽകാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

മമതാ ബാനർജി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളിൽ ഒരു വലിയ വിഭാഗം മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് സാമൂഹ്യ ക്ഷേമപദ്ധതികളുടെ അടിസ്ഥാനത്തിലാണ് വോട്ടു ചെയ്തത് എന്നത് അവരെ നിരാശരാക്കുന്നുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളിൽ ഒന്ന് മുസ്‌ലിംകൾ അവരുടെ സമുദായത്തിന് വോട്ടു ചെയ്തുവെന്നും ഹിന്ദുക്കൾ സർക്കാർ പദ്ധതികൾക്ക് വോട്ട് ചെയ്തുവെന്നുമാണ്. മമത ബാനർജിയെ സംബന്ധിച്ചാണെങ്കിൽ ഹിന്ദുത്വ പ്രചാരണം നേരിടാനും മുസ്‌ലിംകളെ ചേർത്തുനിർത്താനും അറിയാം. മുസ്‌ലിംകളുടെ വിശ്വാസം ആർജ്ജിച്ച്​ ഹിന്ദുത്വ വർഗീയതയെ നേരിടുകയാണ് അവർ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി അതാണ് അവർ കൂടുതലായി ചെയ്തുകൊണ്ടിരുന്നത്. ഇനിയും അതു തന്നെ തുടരുകയെന്നത് എളുപ്പമല്ല. സംസ്ഥാനത്ത് ഒരു വർഗീയ ലഹള ഉണ്ടാവാതിരിക്കാനും തടയാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ബി.ജെ.പിയ്ക്ക് അനുകൂലമായി സംഭവിക്കാനുള്ളത് ഒരു വർഗീയ കലാപം മാത്രമാണ്. അത് തടയാനാണ് മമത ശ്രദ്ധിക്കേണ്ടത്.

മമതയുടെ ഭരണം ഒരു ദശാബ്ദം പൂർത്തിയാക്കുന്നു. മുഖ്യമന്ത്രിയുടെ ജനപ്രിയതയുടെ ഒരു കാരണമായി വിലയിരുത്തുന്നത് അവർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളാണ്. ബംഗാളിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചും അതുപോലെ ആരോഗ്യം വിദ്യാഭ്യാസം പോലുള്ള മേഖലകളിലും എന്തു മാറ്റമാണ് മമതയുടെ 10 വർഷത്തെ ഭരണം വരുത്തിയത്?

സംസ്ഥാനത്തെ സാമൂഹ്യക്ഷേമ മേഖലകളിൽ മമത ബാനർജി വന്നതിൽ പിന്നെ നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി തുക ചെലവഴിക്കുന്നുണ്ട്. 2010-11ൽ മൊത്തം ചെലവിന്റെ 9.8 ശതമാനമായിരുന്നു സാമൂഹ്യ ക്ഷേമ മേഖലയിൽ ചെലവിട്ടതെങ്കിൽ 2018-19ൽ അത് 19.42 ആയി ഉയർന്നു. കന്യശ്രീ, ഖദ്യ സാഥി, രൂപശ്രി, തുടങ്ങിയ പദ്ധതികളും ചെറുകിട വ്യവസായങ്ങൾക്ക് നൽകിയ ഊന്നലുകളും ശ്രദ്ധേയമാണ്. ഗ്രാമീണ മേഖലയിലെ വ്യവസായങ്ങൾ, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സ്വയം സഹായ സംഘങ്ങൾക്ക് നൽകിയ പ്രോൽസാഹനങ്ങൾ എന്നിവ ഗ്രാമീണ സമ്പദ് മേഖലയിൽ ഉണർവുണ്ടാക്കി. എന്നാൽ ഇതൊക്കെ എത്രത്തോളം ജനങ്ങളുടെ വാങ്ങൽ ശേഷി കൂട്ടാൻ സഹായിച്ചിട്ടുണ്ടെന്നത് മനസ്സിലാക്കാനുള്ള കണക്കില്ല. എന്തായാലും, സംസ്ഥാനത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്ന കാര്യത്തിലും സർക്കാരിന് മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്.

താങ്കൾ നേരത്തെ സൂചിപ്പിച്ച പദ്ധതികളിൽ ചിലത് സ്ത്രീ ക്ഷേമം മുൻനിർത്തിയുളളതാണെന്ന് മനസ്സിലാക്കുന്നു. ടി.എം.സിയെ തെരഞ്ഞെടുപ്പിൽ സഹായിച്ച ഘടകങ്ങളിൽ സ്ത്രീകളുടെ പങ്ക് എത്രത്തോളമാണ്?

തീർച്ചയായും അതെ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ മാധ്യമപ്രവർത്തകർക്ക് മനസ്സിലായ ഒരു കാര്യം, സ്ത്രീകൾക്കിടയിൽ മമതാ ബാനർജിക്കുണ്ടായ സ്വീകാര്യതയാണ്. എനിക്ക് തന്നെ നേരിട്ട് അനുഭവമുള്ള ചില കാര്യങ്ങളുണ്ട്. ചില കുടുംബങ്ങളിലെ പുരുഷന്മാർ ബി.ജെ.പിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു. എന്നാൽ അവരുടെ സമ്മർദ്ദത്തിനിടയിലും സ്ത്രീകൾ തൃണമൂലിനെ പിന്തുണയ്ക്കുന്ന കാഴ്ച ചിലയിടങ്ങളിൽ കണ്ടു. "ദീദി ഞങ്ങൾക്കുവേണ്ടി നിന്നു' എന്ന് പറയുന്നവരെ കണ്ടു. അതുകൊണ്ട് തന്നെ ടി.എം.സിയുടെ വിജയത്തിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്നത് യാഥാർത്ഥ്യമാണ്.

ടി.എം.സി ഭരണത്തിനെതിരായ പ്രധാന ആരോപണങ്ങളിൽ ഒന്ന് അഴിമതിയയായിരുന്നു. പാർട്ടിയിലേയും സർക്കാരിലേയും അഴിമതി നിയന്ത്രിക്കാൻ എന്തെങ്കിലും നടപടി മമത സ്വീകരിച്ചിരുന്നുവോ? എന്തുകൊണ്ടാണ് അഴിമതി ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരുന്നത്?

ടി.എം.സിക്കെതിരെ ഏറ്റവും പ്രധാന അഴിമതി ആരോപണം ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടതായിരുന്നു. അതുപോലെ നാരദ ഒളി ക്യാമറ ഓപ്പറേഷനും ടി.എം.സി നേതാക്കളിലെ അഴിമതി വ്യക്തമാക്കുന്നതായിരുന്നു. ആരോപണം നേരിട്ട ഒരു സംസ്ഥാന തല നേതാവിനെതിരെയും തൃണമൂൽ കോൺഗ്രസ് നടപടി എടുത്തിട്ടില്ല. അതേസമയം, പ്രാദേശിക തലത്തിൽ മോശം പ്രതിച്ഛായ ഉള്ളവരെ മാറ്റി നിർത്തുകയും സ്വീകാര്യതയുള്ളവരെ കൊണ്ടുവരികയും ചെയ്തു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടി ആവർത്തിക്കാതിരുന്നതിന്റെ ഒരു കാരണം ഇതാണ്. പ്രാദേശിക തലത്തിലുണ്ടായേക്കാമായിരുന്ന ജനങ്ങളുടെ വിപ്രതിപത്തി ഇത്തരം നടപടികളിലൂടെ മറികടക്കാൻ മമതയ്ക്ക് കഴിഞ്ഞു.

രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ബംഗാളിൽ മമതയെ സഹായിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനവും സാന്നിധ്യവും മമതയ്ക്ക് ബി.ജെ.പിയുടെ വെല്ലുവിളി നേരിടുന്നതിന് സഹായകരമായിരുന്നുവോ?

തീർച്ചയായും വലിയ തോതിൽ സഹായകരമായി. ഞാൻ ഇതുമായി ബന്ധപ്പെട്ട് എഴുതിയിരുന്നു. ഒരു തലത്തിൽ പോരാട്ടം മമതയും മോദിയും തമ്മിലായിരുന്നുവെങ്കിൽ മറ്റൊരു തലത്തിൽ അത് അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലായിരുന്നു.

പ്രശാന്ത് കിഷോർ

യഥാർത്ഥത്തിൽ പ്രശാന്ത് കിഷോറായിരുന്നു ടി.എം.സിയുടെ പോൾ മാനേജർ. അദ്ദേഹത്തിന്റെ ഗ്രൂപ്പാണ് ടി.എം.സിയിലെ അടിസ്ഥാന ഘടകങ്ങൾ മുതലുള്ള പുനഃസംഘടന നടത്താൻ സഹായിച്ചത്. പ്രാദേശിക തലത്തിലും തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിലും പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ സംഘവും ടി.എം.സിയെ വലിയ തോതിൽ സഹായിച്ചു. അതുമാത്രമല്ല സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്താനും അത് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുമൊക്കെയുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചത് അദ്ദേഹമായിരുന്നു. അതുകൊണ്ട് തന്നെ വിജയത്തിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നത് വ്യക്തമാണ്

ഈ തെരഞ്ഞെടുപ്പിനെ ചരിത്രപ്രധാനമാക്കുന്നത് ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. ബംഗാൾ നിയമസഭയിൽ ഇടതുപക്ഷത്തിന്റെതായി ഒരു അംഗം പോലും ഇല്ല. ഇത്തരമൊരു അവസ്ഥയിൽ സി.പി.എം എത്തപ്പെട്ടതെങ്ങനെയാണ്?

തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചെറുക്കാൻ തീരുമാനിച്ചവർ തൃണമൂൽ കോൺഗ്രസിന് വോട്ടു ചെയ്തു. തൃണമൂലിനെ അധികാരത്തിൽനിന്ന് നീക്കം ചെയ്യണമെന്ന് ആഗ്രഹിച്ചവർ ബി.ജെ.പിയ്ക്കും വോട്ടുചെയ്തു.

പശ്ചിമബംഗാളിലെ സി.പി.ഐ.എം തൃണമൂൽ സംഘർഷത്തിൽ നിന്ന് (Narayangarh, 2015)

ഇതാണ് ബംഗാളിൽ സംഭവിച്ചത്. തീർച്ചയായും തന്ത്രപരമായും അടവുപരമായും ബംഗാളിൽ ഇടതുപക്ഷത്തിന് വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം. അതിലൊക്കെ ഇനിയും ചർച്ച നടക്കുകയും ചെയ്യും. പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല. തൃണമൂൽ കോൺഗ്രസ്, പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിട്ടപ്പോൾ അവർക്കൊപ്പം നിൽക്കാൻ സി.പി.എം നേതൃത്വത്തിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് സി.പി.എം അണികളിൽ ഏറെ പേരും ബി.ജെ.പിയിലേക്ക് മാറിയത്. പല കാര്യങ്ങളും സി.പി.എമ്മിനും ഇടതുപക്ഷത്തിനും എതിരായി വന്നു. മറ്റൊരു പ്രധാന കാര്യം കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന പാർട്ടിക്ക് സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ റോൾ വഹിക്കുന്നതിന് കൂടുതൽ സൗകര്യങ്ങളുണ്ടായിരുന്നു എന്നതാണ്. ബി.ജെ.പിയ്ക്ക് അതിന്റെ ഗുണം ലഭിച്ചു. അങ്ങനെ സാഹചര്യങ്ങൾ കൂടി സി.പി.എമ്മിന് എതിരായി വന്നു. ബംഗാളിൽ ഇടതുപക്ഷത്തെ മറികടന്ന് പ്രതിപക്ഷമാകാൻ ബി.ജെ.പിയെ സഹായിച്ചത് അവർക്ക് കേന്ദ്രത്തിൽ ഭരണം ഉണ്ടെന്നതായിരുന്നു. അവർക്കുള്ള അനുകൂല സാഹചര്യത്തെ മറികടക്കാൻ പാകത്തിലുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ ഇടതുപക്ഷവും പരാജയപ്പെട്ടു

അത്തരം സാഹചര്യങ്ങൾ ഉള്ളപ്പോഴും, തെരഞ്ഞൈടുപ്പിൽ സി.പി.എം സ്വീകരിച്ച നിലപാടുകളെ സി.പി.ഐ (എം.എൽ) ലിബറേഷനെ പോലുള്ള ഇടതു സഖ്യകക്ഷികളും വിമർശിച്ചിരുന്നു. തൃണമൂലിനെയും ബി.ജെ.പിയേയും ഒരേ പോലെ കാണുന്നതിനെയായിരുന്നു അവർ വിമർശിച്ചത്. അതുപോലെ മുസ്‌ലിം യാഥാസ്ഥിക പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യവും വിമർശനവിധേയമായി. ബി.ജെ.പിയ്ക്ക് ഇത്രയും സീറ്റുകൾ നേടാൻ കഴിഞ്ഞത് ത്രികോണ മൽസരം കാരണമാണോ?

സി.പി.എം ചെയ്ത വിഡ്ഢിത്തം ബി.ജെ.പിയെ എതിർക്കുന്നതിൽ ടി.എം.സിയുമായി മൽസരിക്കുന്നതിന് പകരം ടി.എം.സിയെ എതിർക്കുന്നതിൽ ബി.ജെ.പിയുമായി മൽസരിക്കുകയാണ് അവർ ചെയ്തത്. ഈ വിമർശനമാണ് സി.പി.എം ലിബറേഷൻ ഉന്നയിച്ചത്. അവർ മാത്രമല്ല ഇടതുമുന്നണിക്ക് പുറത്തുനിൽക്കുന്ന ചെറു ഇടതു സംഘങ്ങളും വ്യക്തികളും ബി.ജെ.പിയേയും തൃണമൂലിനെയും ഒന്നായി കാണുന്ന സി.പി.എം സമീപനത്തെ എതിർത്തിരുന്നു. സി.പി.എമ്മിന് സഖ്യമുള്ള ആർ.ജെ.ഡിയേയും കോൺഗ്രസിനെയും അപേക്ഷിച്ച് എന്ത് കൂടുതൽ ദോഷമാണ് ടി.എം.സിക്കുള്ളതെന്ന ചോദ്യമാണ് അവർ ചോദിച്ചത്.

അബ്ബാസ് സിദ്ദിഖി

അതുപോലെ അബ്ബാസ് സിദ്ദിഖി (അദ്ദേഹത്തിന്റെ ഇന്ത്യൻ സെക്യൂലർ ഫ്രണ്ടുമായാണ് സി,പി,എം മുന്നണിയുണ്ടാക്കിയത്) യുമായുള്ള രാഷ്ട്രീയ സഖ്യം രാഷ്ട്രീയ അവസരവാദപരമാണെന്നും ആക്ഷേപവും ഉയർന്നു. ഇതിന്റയൊക്കെ അടിസ്ഥാനത്തിൽ സി,പി,എമ്മിൽ വലിയ വിമർശനങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതേസമയം തന്നെ ത്രികോണ മൽസരമാണ് ബി,ജെ,പിയ്ക്ക് കൂടുതൽ സീറ്റുകൾ നേടികൊടുത്തതെന്ന് ഞാൻ കരുതുന്നില്ല. 2019 ൽ മാൽഡയിലും വടക്കൻ ദിനാജ്പൂരിലും അത്തരമൊരു സാഹചര്യമുണ്ടായിരുന്നു. ഇത്തവണ ത്രികോണ മൽസരം മൂലം ബി,ജെ,പിയ്ക്ക് സീറ്റുകൾ കൂടുതൽ കിട്ടിയെന്ന് കരുതുന്നില്ല

ടി.എം.സി അധികാരത്തിൽ വന്നതു മുതൽ സിപിഎം അണികൾ ആക്രമിക്കപ്പെടുകയായിരുന്നു. അവരുടെ ഓഫീസുകൾ പലതും ആക്രമിച്ചു നശിപ്പിക്കപ്പെട്ടു. അതേസമയം സി.പി.എം ഭരണത്തിലുണ്ടായിരുന്നപ്പോഴും ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ബംഗാൾ രാഷ്ട്രീയം ഇത്രയേറെ വയലന്റായിരിക്കുന്നത്?

സ്വാതന്ത്ര്യത്തിന്റെ കാലം മുതൽ തന്നെ ബംഗാളിൽ അക്രമം എന്നത് പൊതുവിൽ സ്വീകാര്യമായ ഒരു രാഷ്ട്രീയ പ്രവർത്തനമായിരുന്നുവെന്ന് പറയാം. പലതരത്തിലുള്ള വിപ്ലവ ഗ്രൂപ്പുകളുടെ കേന്ദ്രമായിരുന്നു അന്ന് മുതൽ ബംഗാൾ. അങ്ങനെയുള്ള വിപ്ലവകാരികൾ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി. സ്വാതന്ത്ര്യത്തിനുശേഷം ഭൂമിക്ക് വേണ്ടിയുള്ള വലിയ സമരങ്ങൾ ഉണ്ടായി. അതിൽ ചിലത് മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലാണ് നടന്നതെങ്കിൽ മറ്റ് ചിലതിന് നേതൃത്വം നൽകിയത് നക്‌സലൈറ്റുകളായിരുന്നു. സമൂഹം വർഗ വിഭജിതമായിരുന്നു. കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും തമ്മിൽ നിരന്തരം ഏറ്റുമുട്ടലുണ്ടായി. പശ്ചിമ ബംഗാൾ എന്നതിനെ ഒരു പാർട്ടി സമൂഹമെന്ന് പറയാറുണ്ട്. ഒരാളുടെ രാഷ്ട്രീയം അയാളുടെ അസ്​തിത്വത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഇവിടെ. അതേസമയം സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനത്ത് ജാതി മത സംഘർഷങ്ങൾ കുറവായിരുന്നുവെന്നതും വസ്തുതയാണ്.

മിഷൻ ബംഗാൾ എന്ന താങ്കളുടെ പുതിയ പുസ്തകത്തിൽ സ്വാതന്ത്യത്തിന് മുമ്പ് വർഗീയതയെ ഒരു ഘട്ടത്തിൽ തടഞ്ഞുനിർത്തിയത് സുഭാഷ് ചന്ദ്ര ബോസാണെന്ന് പറയുന്നുണ്ട്. എന്നാൽ ബോസ് ബംഗാൾ വിട്ടതോടെ വർഗീയതയെ ആ മട്ടിൽ ചെറുക്കാൻ ആളില്ലാതെ പോയെന്നും താങ്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം ജനസംഘിന് ബംഗാളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. വളരാൻ അനുകൂലമായ സാഹചര്യങ്ങളും ഉണ്ടായിട്ടും എങ്ങനെയാണ് വർഗീയതയെ ബംഗാൾ ഇത്രനാൾ ചെറുത്തുനിന്നത്?

വർഗീയതയ്ക്ക് സ്വാധീനം കൈവരാതെ പോയതിനുള്ള മുഖ്യ കാരണം ബംഗ്ലാദേശിൽനിന്നുള്ള ഹിന്ദു അഭയാർത്ഥികളെ ആകർഷിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞുവെന്നുളളതുകൊണ്ടാണ്. ഹിന്ദു അഭയാർത്ഥികളെ ആകർഷിക്കാൻ കഴിയുമെന്നായിരുന്നു ഹിന്ദുത്വ സംഘടനകൾ അന്ന് കരുതിയത്. 1950 കളിൽ ജനസംഘിനും ആർ.എസ്.എസിനും പ്രതിപക്ഷത്തിന്റെ റോളിൽ പോലും എത്താൻ കഴിയാതെ പിൻവാങ്ങേണ്ടിവന്നത് അങ്ങനെയാണ്.

ജീവിത പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങളും അവരെ കൂടുതലായി ജനങ്ങളിലേക്ക് അടുപ്പിച്ചു. ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് വെച്ചാൽ ഇടതുപക്ഷത്തിന് എല്ലാ സാമൂഹ്യ വിഭാഗങ്ങളിലേയും പിന്തുണ നഷ്ടമായിരിക്കുന്നു. സെൻട്രൽ ലെഫ്റ്റ് പോസിഷനിൽ ഇപ്പോൾ മമതയാണ് നിൽക്കുന്നത്. സമീപകാലത്തൊന്നും ഇടതിന് ബംഗാളിൽ ഒരു തിരിച്ചുവരവുണ്ടെന്ന് ഞാൻ കരുതുന്നില്ല

ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ബംഗാളിൽ ആക്രമണം തുടങ്ങിയിരുന്നു. ബി.ജെ.പി ഇതിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് താങ്കൾ എഴുതുകയും ചെയ്തു. അതേസമയം പാർട്ടിയിലെ ആക്രമികളെ നിയന്ത്രിക്കാൻ മമതയ്ക്ക് കഴിയുന്നില്ലെന്നത് ഒരു വസ്തുതയല്ലേ. അത് ബി.ജെ.പിയ്ക്കല്ലേ ഗുണം ചെയ്യുക?

ഇത്തവണ യഥാർത്ഥത്തിൽ അക്രമം ഏകപക്ഷീയമായിരുന്നില്ല. ഏകദേശം എട്ട് ടി.എം.സി പ്രവർത്തകർ ബി.ജെ.പിക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ബംഗാളിൽ അന്തരീക്ഷം സംഘർഷ ഭരിതമായിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പിയ്ക്ക് സംസ്ഥാനത്തെ സംഘർഷഭരിതമാക്കിയതിൽ ഉത്തരവാദിത്തമുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിൽ നടന്ന ആക്രമണങ്ങളിൽ നിന്ന്‌ / Photo: Twitter

അതേ സമയം ടി.എം.സി പ്രവർത്തകരാണ് സംസ്ഥാന വ്യാപമായി ആക്രമണം നടത്തിയതെന്നത് മറ്റൊരു വസ്തുതയാണ്. പലയിടത്തും ഏകപക്ഷീമായിട്ടാണ് ആക്രമണം നടന്നത്. നാല് ദിവസം കഴിഞ്ഞാണ് അക്രമികളെ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞത്. തീർച്ചയായും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ അത് തൃണമൂലിന് തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല

ഇനിയുള്ള ബംഗാൾ രാഷ്ട്രീയത്തിന്റെ ഗതി എന്തായിരിക്കുമെന്നാണ് താങ്കൾ കരുതുന്നത്?

പ്രവചനം വിഷമകരമാണ്. ദേശീയ രാഷ്ട്രീയ സാഹചര്യം ബംഗാളിൽ വലിയ സ്വാധീനം ചെലുത്തും. ആ അർത്ഥത്തിൽ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ ബംഗാളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.

Comments