വിശ്വാസത്തകർച്ചയും ആശയക്കുഴപ്പവും; പ്രതിസന്ധിയിലാണ് കോൺഗ്രസ്

ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായ നയവും തന്ത്രവും പരിപാടിയും അതിശക്തമായി ഉയർത്തിപ്പിടിച്ചുകൊണ്ടേ കോൺഗ്രസ്സിനും യു.ഡി.എഫിനും ഇടതുമുന്നണിക്കു ബദലായി നിൽക്കാൻ കഴിയൂ. രണ്ടോ മൂന്നോ നേതാക്കളെ മുന്നിൽനിർത്തി പരീക്ഷണം നടത്തിയതുകൊണ്ടുമാത്രം ഇതു സാധിച്ചെടുക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കും.

മുഖ്യശത്രുവാണെങ്കിലും കോൺഗ്രസിന് സി.പി.എമ്മിന്റെ ആദർശശുദ്ധിയിൽ നല്ല വിശ്വാസമായിരുന്നു എന്നു വേണം കരുതാൻ. കേരള കോൺഗ്രസി (എം) നെ എൽ.ഡി.എഫിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതുവരെ ആ വിശ്വാസം നിലനിന്നു. കെ.എം. മാണിയുടെ പാർട്ടി, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷം കൊണ്ട് ഉണ്ടാക്കിയ ചീത്തപ്പേര് ആ പാർട്ടിയുടെ ചരിത്രത്തിൽ ഇല്ലാത്തതാണ്. മദ്യക്കോഴയും നോട്ടെണ്ണൽ യന്ത്രവും ഉൾപ്പെടെ നിരവധി അപവാദങ്ങൾ...കോടികളുടെ കൊടുക്കൽ വാങ്ങലുകൾ.. എല്ലാം തുറന്നുകാട്ടി സി.പി.എം നടത്തിയ സമരങ്ങൾക്കും അണികൾ വാങ്ങിക്കൂട്ടിയ ലാത്തിയടികൾക്കും കൈയും കണക്കുമില്ല. ആ കെ.എം. മാണിയെ വിശുദ്ധവേഷം കെട്ടി എൽ.ഡി.എഫിലേക്കു കൊണ്ടുവരാൻ സി.പി.എം തീരുമാനിക്കുന്ന പ്രശ്‌നമില്ല, തീരുമാനിച്ചാൽ സി.പി.എം അണികൾ അതു സഹിക്കില്ല, അവർ കലാപം ചെയ്യും എന്നെല്ലാം ധരിച്ചിരിക്കുകയായിരുന്നു കോൺഗ്രസ്. ഇതിൽപരം വലിയ ഒരബദ്ധം കോൺഗ്രസ് നേതൃത്വത്തിനു പറ്റാനില്ല.

മാണിക്കുശേഷമുള്ള കേരള കോൺഗ്രസ്സിനെ കോൺഗ്രസ് ലവലേശം വകവെച്ചിരുന്നില്ല. ജോസ് കെ.മാണി എങ്ങുപോകാൻ എന്നവർ പുച്ഛത്തോടെ ചോദിച്ചുകൊണ്ടിരുന്നു. മുന്നണി ഏകോപനസമിതിയിൽനിന്ന് കേരള കോൺഗ്രസ്സിനെ നേരത്തെ ഇറക്കിവിടുകയും ചെയ്തിരുന്നു. ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് ചാടുകയും സി.പി.എം അവരെ രക്തഹാരമണിയിച്ച് സ്വീകരിക്കുകയും ചെയ്തപ്പോഴേ കോൺഗ്രസുകാർക്ക് ബോധം തെളിഞ്ഞുള്ളൂ.

മുന്നണി മാറ്റത്തിന് ശേഷം എ.കെ.ജി സെന്ററിലെത്തിയ ജോസ്. കെ. മാണി എ. വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം

സി.പി.എമ്മും തങ്ങളെപ്പോലെ അധികാരം നേടാൻ ഏതു ചളിക്കുഴിയിലും ഇറങ്ങും എന്നവർക്ക് അപ്പോഴേ ശരിക്കും ബോധ്യമായുള്ളൂ. ലവലേശം തത്ത്വദീക്ഷയില്ലാത്ത നടപടി ഉണ്ടായിട്ടും സി.പി.എമ്മിനകത്ത് ഒരിലയും ഇളകിയില്ല. ആരും വിമർശിച്ചതേയില്ല. മുൻപ് വിമതശബ്ദമുയർത്തിയവരുടെ അനുഭവങ്ങൾ എല്ലാവരുടെയും മനസ്സിലുണ്ടല്ലോ. പോരാത്തതിന് ഇപ്പോൾ യു.എ.പി.എയും ഉണ്ട്. അതുകൊണ്ട് എല്ലാവരും മൗനം ദീക്ഷിച്ചു. അപശബ്ദമൊട്ടും ഉയർന്നില്ല. ഭരണത്തുടർച്ചയുടെ മധുരമനോജ്ഞ നാളുകളിലുണ്ടാകാൻ പോകുന്ന മഹാസുഖമോർത്താവണം അണികൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുക.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ പരാജയത്തിന്റെ പൂർണകാരണം കേരള കോൺഗ്രസിന്റെ മുന്നണിമാറ്റമാണ് എന്നു പറയാനാവില്ല. വേറെയും നിരവധി കാരണങ്ങളുണ്ട്. മധ്യകേരളത്തിലെ ക്രിസ്ത്യൻ വോട്ട് മാത്രമല്ല ഉത്തരകേരളത്തിലെ കുറെ മുസ്‌ലിം വോട്ടും ഇടതുപക്ഷത്തേക്കു നീങ്ങി എന്നതും നിഷേധിക്കാൻ കഴിയില്ല. മാസങ്ങളായി അലയടിച്ച പിണറായി വിരുദ്ധ മാധ്യമതരംഗം ഇടതുപക്ഷത്തിന്റെ ബലം കുറക്കുകയല്ല കൂട്ടുകയാണ് ചെയ്തത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആടിയുലഞ്ഞ ഇടതുമുന്നണിയാണ് ഇപ്പോൾ കരുത്താർജിച്ച് നെഞ്ചുവിരിച്ച് നിയമസഭ തിരഞ്ഞെടുപ്പിന് പോർവിളി ഉയർത്തുന്നത്. യു.ഡി.എഫ് ആവട്ടെ, ഇങ്ങനെ ആത്മവിശ്വാസം ലവലേശമില്ലാതെ ഒരു നിയമസഭ തിരഞ്ഞെടുപ്പിനെ മുമ്പൊരിക്കലും നേരിട്ടിരിക്കാൻ ഇടയില്ല.

അറിയാതെ സംഭവിച്ച വൻജയം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വൻവിജയത്തിൽ യു.ഡി.എഫ് നേതൃത്വം വലിയ പങ്കൊന്നും വഹിച്ചിട്ടില്ലല്ലോ. അത് അവർ അറിയാതെ സംഭവിച്ചതായിരുന്നു. സംസ്ഥാനത്തെയും ദേശീയതലത്തിലെയും സംഭവവികാസങ്ങൾ വോട്ടർമാരെ യു.ഡി.എഫ് പക്ഷത്തേക്ക് തള്ളിയിടുകയാണ് ചെയ്തത്. സംഘപരിവാർ രാജ്യഭരണം പിടിക്കുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിൽ പോകട്ടെ, അവരുടെ ശക്തി കുറക്കുകയയെങ്കിലും ചെയ്യാം എന്ന ഒറ്റ ചിന്തയോടെ ന്യൂനപക്ഷ മതവിഭാഗക്കാരും ഇടതു-മതേതര പക്ഷത്തുള്ളവരും കോൺഗ്രസിനു വോട്ടുചെയ്തു. കേരളത്തിലെ രാഹുൽഗാന്ധി സാന്നിധ്യം അതിനു ബലമേകി.

ലോക്സഭ തെരഞ്ഞെടുപ്പിൽ സംഘപരിവാർ ശക്തി കുറക്കുകയയെങ്കിലും ചെയ്യാം എന്ന ചിന്തയോടെ ന്യൂനപക്ഷ മതവിഭാഗക്കാരും ഇടതു-മതേതര പക്ഷത്തുള്ളവരും കോൺഗ്രസിനു വോട്ടുചെയ്തു. കേരളത്തിലെ രാഹുൽഗാന്ധി സാന്നിധ്യം അതിനു ബലമേകി

ശബരിമല തീർത്ഥാടനപ്രശ്‌നത്തിൽ സി.പി.എം സ്വീകരിച്ച നിലപാട് വലിയൊരു വിശ്വാസിവിഭാഗത്തെ അമർഷത്തിലാഴ്ത്തിയിരുന്നു. തെറ്റു ചെയ്താൽ മാത്രമല്ല ശരി മോശമായ രീതിയിൽ ചെയ്താലും അബദ്ധമാവും. ശബരിമല വിഷയത്തിൽ അങ്കക്കലി ബാധിച്ച് സമനില നഷ്ടപ്പെട്ട് സംസ്ഥാനം മുഴുവൻ തെരുവിൽ പേക്കൂത്തു നടത്തിയ ബി.ജെ.പിക്കു വോട്ട് ചെയ്യാൻ ഭക്തരുടെ മനസ്സാക്ഷി സമ്മതിച്ചുകാണില്ല. ഇടതുഭരണത്തെ ഞെട്ടിക്കാൻ നല്ലത് യു.ഡി.എഫിന് വോട്ടുചെയ്യുകയാണ് എന്ന് ഹിന്ദുവിശ്വാസികളും നിശ്ചയിച്ചു. 20-ൽ പത്തൊമ്പതും സീറ്റ് ജയിച്ചതിൽ കോൺഗ്രസ് നേതൃത്വം തീർത്തും ‘നിരപരാധി'കളാണ്!

അതല്ല ഇപ്പോഴത്തെ സ്ഥിതി. വലിയ പ്രതിസന്ധിയെ ആണ് കോൺഗ്രസ് നേരിടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വൻവിജയത്തിനു കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നതു പോലെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ വൻപരാജയത്തിനും കാരണം കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. തെറ്റു കണ്ടെത്തിയാലല്ലേ തിരുത്താൻ പറ്റൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല നിയമസഭ തിരഞ്ഞെടുപ്പ് എന്നു പറയാമെന്നു മാത്രം. ഉറച്ച കക്ഷിവോട്ടിന്റെ തോത് കേരളത്തിൽ കുറഞ്ഞുവരികയാണ്. അമ്പതിനായിരം വോട്ടുവരെ ഓരോ മണ്ഡലത്തിലും മാറുന്നു എന്നാണ് ചില വോട്ടുകണക്ക് പഠനങ്ങളിൽ കണ്ടത്. അഞ്ചു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ കുറ്റവും കുറവുകളും പറയുന്നതുകൊണ്ടുമാത്രം അടുത്ത അഞ്ചു വർഷം കേരളം ഭരിക്കാൻ ജനങ്ങൾ യു.ഡി.എഫിനെ ചുമതലപ്പെടുത്തണമെന്നില്ല. വ്യത്യസ്തവും ജനങ്ങൾക്ക് സ്വീകാര്യവുമായ ഒരു നേതൃത്വത്തെയും കർമപദ്ധതിയെയും ജനങ്ങൾക്കു മുന്നിൽ വെക്കുകയാണ് വേണ്ടത്. അത് ഏതായാലും ഇതുവരെ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.

യു.ഡി.എഫ് നേരിടുന്നത് നേതൃത്വപരമായ പ്രശ്‌നങ്ങളാണ്. രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി ഇതാണ് ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നു ഉറക്കെ വിളിച്ചുപറയാൻ യു.ഡി.എഫിനു ധൈര്യം പോര

ഏറ്റവും ഗൗരവമുള്ളത് നേതൃത്വപരമായ പ്രശ്‌നങ്ങളാണ്. രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി ഇതാണ് ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നു ഉറക്കെ വിളിച്ചുപറയാൻ യു.ഡി.എഫിനു ധൈര്യം പോര. 2011-ലെ അവസ്ഥയല്ല ഇന്നുള്ളത്. അന്ന്, അങ്ങനെ പറയാതെ പറഞ്ഞുകൊണ്ടാണ് യു.ഡി.എഫ് ഉമ്മൻചാണ്ടിയിലേക്ക് ജനശ്രദ്ധ തിരിച്ചത്. സ്വാഭാവികമായ ഭരണവിരുദ്ധവികാരം വി.എസ് ഭരണകാലത്തും ഉണ്ടായി. ചെറിയ ഭൂരിപക്ഷത്തിന് യു.ഡി.എഫിനു ജയിക്കാനായി. ജാതീയമോ മതപരമോ ആയ പരിഗണനകൾ വന്നാലും രമേശ് ചെന്നിത്തല ദുർബലമായ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് എന്നവർ കരുതുന്നു. ചെന്നിത്തലയാണോ നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നാരെങ്കിലും ചോദിച്ചാൽ...അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല, ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയുമൊക്കെ മത്സരിക്കുന്നുണ്ടല്ലോ.... എന്ന മറുപടി നൽകി ചോദിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുകയാണ് കോൺഗ്രസ് നയം. ഈഴവ-ക്രിസ്ത്യൻ വോട്ടുകൾ കിട്ടാൻ അതുമതി എന്നവർ കരുതുന്നുണ്ടാവാം. അഞ്ചുവർഷം പ്രതിപക്ഷനേതാവായി പ്രവർത്തിച്ചതിന്റെ മാർക്ക് നോക്കി ജനങ്ങൾ ആരെയും മുഖ്യമന്ത്രിയാക്കില്ല. അത് അല്പമെങ്കിലും അവകാശപ്പെടാനാവുക വി.എസ് അച്യുതാനന്ദന് മാത്രമാണ്.

ഭക്ഷണം ഉറപ്പാക്കുന്നത് വെറും തന്ത്രമല്ല

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സംഘടനാ മെഷിനറിക്ക് ഇടതുമുന്നണിക്കൊപ്പം എത്താൻ കഴിഞ്ഞില്ല. സമീപകാല അഴിമതിക്കഥകളും വിവാദങ്ങളുമൊന്നും എൽ.ഡി.എഫ് വിരുദ്ധവികാരം സൃഷ്ടിക്കാൻ പര്യാപ്തമായില്ല.

പണിയും വരുമാനവും ഇല്ലാതെ പട്ടിണിയെ നേരിട്ട് അന്തംവിട്ടിരിക്കുന്ന പാവങ്ങൾക്ക് മൂന്നു നേരം ഭക്ഷണം ഉറപ്പാക്കുന്നത് വെറും തന്ത്രമായി മാത്രം ആരും കാണുകയില്ല

പ്രളയകാലത്തും നിപ കാലത്തും ഇപ്പോൾ കൊറോണ കാലത്തും എൽ.ഡി.എഫ് മന്ത്രിസഭ സ്വീകരിച്ച നടപടികൾ കക്ഷിരഹിതരായ സാധാരണക്കാർക്കും തൃപ്തി നൽകിയിരുന്നു. സമൂഹത്തിലെ ദുർബലർക്ക് ധനസഹായം നേരിട്ട് എത്തിക്കുക എന്നത് പല ഭരണകൂടങ്ങളും വിജയകരമായി നടപ്പാക്കിയ പരിപാടിയാണ്. ഇടതു മുന്നണിക്ക് അതിന്റെ പ്രയോജനം മുഴുവനായും കിട്ടി. സാധാരണ കാലത്ത് ഇതു വെറും തന്ത്രമായേ ജനം കാണൂ. പക്ഷേ, പണിയും വരുമാനവും ഇല്ലാതെ പട്ടിണിയെ നേരിട്ട് അന്തംവിട്ടിരിക്കുന്ന പാവങ്ങൾക്ക് മൂന്നു നേരം ഭക്ഷണം ഉറപ്പാക്കുന്നത് വെറും തന്ത്രമായി മാത്രം ആരും കാണുകയില്ല.

ഖുർആൻ പോലും കരുവാക്കി

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയ മറ്റൊരു പ്രധാന പ്രശ്‌നം കേന്ദ്ര ഇടപെടലാണ്. ഇടതു മന്ത്രിസഭയെ തകിടംമറിക്കാനും നേതാക്കളെ അപകീർത്തിപ്പെടുത്താനും കേന്ദ്രസർക്കാറും ബി.ജെ.പി യും നടത്തിക്കൊണ്ടിരുന്ന, ഇപ്പോഴും തുടരുന്ന നടപടികൾക്കൊപ്പം നിൽക്കുകയല്ലേ കോൺഗ്രസ്സും ചെയ്യുന്നത് എന്ന ചോദ്യം ഇടതുപക്ഷക്കാരിൽ നിന്നു മാത്രമല്ല, പ്രതിപക്ഷത്തു നിൽക്കുന്നവരിൽനിന്നും ഉയർന്നുവന്നിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടായി എന്നുറപ്പാണ്. ഇടതുഭരണത്തെ അപകീർത്തിപ്പെടുത്താൻ ഖുർആൻ പോലും കരുവാക്കി എന്ന എന്ന തോന്നൽ ന്യൂനപക്ഷവിഭാഗങ്ങൾക്കുണ്ടായെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല. കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥം വാങ്ങുന്നത് കള്ളക്കടത്തുപോലൊരു നീചകൃത്യമായി ചിത്രീകരിച്ചത് വിശ്വാസികളുടെ നെഞ്ചിൽ കുത്തുന്നതായി. ഉപഹാരമായി മതഗ്രന്ഥങ്ങൾ നൽകുന്നത് കുറ്റമല്ല. നാളെ ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബസി അവിടത്തെ സർക്കാറിന്റെ അറിവോടെ ഹിന്ദുക്കൾക്കു ഭഗവത്ഗീത നൽകിയാൽ അതൊരു കുറ്റകൃത്യമാകുമോ? മതഗ്രന്ഥം കൊടുക്കുന്നതിൽ നിഗൂഢതകളൊന്നുമില്ല.

മന്ത്രി കെ. ടി. ജലീൽ. കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥം വാങ്ങുന്നത് കള്ളക്കടത്തുപോലൊരു നീചകൃത്യമായി ചിത്രീകരിച്ചത് വിശ്വാസികളുടെ നെഞ്ചിൽ കുത്തുന്നതായി

ഇതിനെയെല്ലാം വേർതിരിച്ചുകാണാനോ വിവേകപൂർവം കൈകാര്യം ചെയ്യാനോ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ബി.ജെ.പി നടത്തുന്ന മുസ്‌ലിംവിരുദ്ധ നടപടിയിൽ കോൺഗ്രസും പങ്കാളികളായെന്നും, അവരും ബി.ജെ.പിയും തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമില്ലെന്നും കുറെ വോട്ടർമാർക്കു തോന്നിയെങ്കിൽ അവരെ കുറ്റം പറയാനാവില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അമിത് ഷാ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി പരമാവധി ദ്രോഹം ചെയ്യുന്നുണ്ട് എന്ന് കേന്ദ്ര കോൺഗ്രസ് നേതൃത്വവും സംസ്ഥാന ഘടകങ്ങളും പലവട്ടം മുറവിളി കൂട്ടിയിട്ടുണ്ട്. കേരളത്തിലും കേന്ദ്രം അതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.

ജമാഅത്തെ ഇസ്​ലാമി ബാന്ധവം

കുറച്ചു മുസ്‌ലിം വോട്ട് പ്രതീക്ഷിച്ച് ഉണ്ടാക്കിയ വെൽഫെയർ പാർട്ടി കൂട്ടുകെട്ടും യു.ഡി.എഫിനു തിരിച്ചടിയായി. വെൽഫെയർ പാർട്ടി ജമാഅത്തെ ഇസ്‌ലാമിയുടെ പാർട്ടി രൂപമാണ് എന്ന് എല്ലാവർക്കും അറിയാം. ജമാഅത്തെ ഇസ്‌ലാമി അതിന്റെ ജന്മകാലം മുതൽ പറഞ്ഞതൊന്നുമല്ല വെൽഫെയർ പാർട്ടി ഇപ്പോൾ പറയുന്നത്. ജമാഅത്തെ ഇസ്‌ലാമി പണ്ടു പറഞ്ഞതൊന്നും ഇപ്പോൾ പറയുന്നില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുപോലും മതവിരുദ്ധമാണെന്ന് ഇവർ പണ്ട് കരുതിയതാണ്. ബഹുഭൂരിപക്ഷം ഹിന്ദു- ക്രിസ്ത്യൻ വോട്ടർമാർക്ക് ഇതിനെക്കുറിച്ചൊന്നും വലിയ പിടിപാടുണ്ടാകാൻ സാധ്യതയില്ല. പക്ഷേ, സാധാരണ മുസ്‌ലിംകൾക്ക് അറിയാം, ജമാഅത്തെ ഇസ്‌ലാമി എന്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് എന്ന്. സാധാരണ മുസ്‌ലിംകൾക്ക് ആ പ്രസ്ഥാനത്തിനൊപ്പം നിൽക്കാനാവില്ല. അവർ അതിനനുസരിച്ച് തിരഞ്ഞെടുപ്പിൽ പ്രതികരിച്ചിട്ടുണ്ടാവാം. കേന്ദ്രത്തിലെ കോൺഗ്രസ് ഭരണകൂടം ജമാഅത്തെ ഇസ്‌ലാമിയെ രണ്ടുതവണ നിരോധിച്ചത് എന്തിനായിരുന്നു എന്നു ചോദിച്ചാൽ മുല്ലപ്പള്ളി രാമചന്ദ്രൻ എന്തു മറുപടിയാണ് നൽകുക? ഈ സഖ്യവും വെളുക്കാൻ തേച്ചുണ്ടാക്കിയ പാണ്ട് തന്നെയാണ്.

മുസ്‌ലിം -ക്രിസ്ത്യൻ സ്പർദ്ധ വളർത്തുന്നു

മുസ്‌ലിം -ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ശത്രുത വളർത്തി ക്രിസ്ത്യാനികളെ ആകർഷിക്കുക എന്നൊരു തന്ത്രം ബി.ജെ.പി ഇവിടെ പയറ്റുന്നുണ്ട്. രണ്ടും ന്യൂനപക്ഷ മതങ്ങളാണെങ്കിലും അവരുടെ താൽപര്യങ്ങൾ ഒന്നല്ല. രണ്ടുകൂട്ടരും തമ്മിൽ ചില വാശികളും നിലവിലുണ്ട്. സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെയും മറ്റു പല കേന്ദ്ര നടപടികളുടെയും അടിസ്ഥാനം മുസ്‌ലിം പിന്നാക്കനില ആണെങ്കിലും പരിഹാരനടപടികൾ വരുമ്പോൾ സാമൂഹികമായി മുന്നിൽനിൽക്കുന്ന ക്രിസ്ത്യൻ ജനവിഭാഗമാണ് കൂടുതൽ ആനുകൂല്യങ്ങൾ പറ്റുന്നത് എന്ന ആക്ഷേപം മുസ്ലിംസംഘടനകൾ ഉയർത്താറുണ്ട്. ഇപ്പോൾ ഒരു വിഭാഗം ക്യസ്ത്യൻ പുരോഹിതന്മാരും സംഘടനകളും പ്രധാനമന്ത്രിയുമായും ഭരണകക്ഷി വക്താക്കളുമായും നേരിട്ടും ബി.ജെ.പി നേതാക്കളുടെ സാന്നിദ്ധ്യത്തിലും ചർച്ചകൾ നടത്തുന്നു. എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നത് മുസ്‌ലിം ജനവിഭാഗമാണ് എന്നാണ് ക്രിസ്ത്യൻ സംഘടനകളുടെ പരാതി.
എന്തായാലും, അടുത്ത നാളിൽ ഒരു ക്രിസ്ത്യൻ ബിഷപ്പിൽനിന്നുണ്ടായ അത്യപൂർവമായ നടപടി ഈ പുതിയ സംഘർഷത്തിന്റെ തനിനിറം കാട്ടുന്നു.

മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിൽ ഐസക്ക് വർഗീസിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് കാനം രാജേന്ദ്രന് നൽകിയ കത്തിന്റെ പകർപ്പ്‌

മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥിയായി ഒരു ക്രിസ്ത്യൻ വ്യവസായിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് കത്ത്. പാലക്കാട് ബിഷപ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറിക്ക് അയച്ച ഈ കത്തുപോലൊന്ന് മുൻപ് ഏതെങ്കിലും മതമേധാവി ഏതെങ്കിലും പാർട്ടി നേതാവിന് അയച്ചതായി കേട്ടിട്ടില്ല. ഇപ്പോൾ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്കാണ് ഇതയച്ചിട്ടുള്ളത്. ആ മണ്ഡലത്തിൽ സിറ്റിങ്ങ് എം.എൽ.എ മുസ്‌ലിംലീഗിന്റെ പ്രതിനിധിയാണെന്ന കാര്യം കൂടി കൂട്ടിവായിക്കുമ്പോഴേ ഇതിന്റെ പ്രസക്തിയും പ്രധാന്യവും ഗൂഢോദ്ദേശ്യവും ശരിക്കും മനസ്സിലാകൂ. സംസ്ഥാന രാഷ്ട്രീയവും അതിൽ മതമേധാവികൾ ചെലുത്തുന്ന സ്വാധീനവും എത്രത്തോളം വരുന്നു എന്നറിയാൻ കൂടുതൽ ഉദാഹരണങ്ങൾ വേണ്ട.

പി.കെ.കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കു തിരിച്ചുവരുന്നത് ഇനി വരാനിടയുള്ള യു.ഡി.എഫ് ഭരണത്തിൽ കൂടുതൽ സ്വാധീനമുറപ്പിക്കാനുള്ള മുസ്‌ലിംകളുടെ ശ്രമത്തിന്റെ ഭാഗമാണ് എന്ന് ഹിന്ദുത്വ- ക്രൈസ്തവ സംഘടനക്കാരുടെ പ്രചാരണം പരസ്യമായിത്തന്നെ നടക്കുന്നു. കോൺഗ്രസിനെ വളരെ ദോഷകരമായി ബാധിക്കുന്ന ഈ പുതിയ പ്രതിഭാസങ്ങളെ നേരിടാൻ അവർക്ക് ഉറച്ച നിലപാടോ തന്ത്രങ്ങളോ ഇല്ല. ഇനിയും ഒരു ടേം കൂടി ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കി ക്രിസ്ത്യാനികളെയും, കുഞ്ഞാലിക്കുട്ടിക്കു നല്ല പകിട്ടുള്ള അധികാരപദവി നൽകി മുസ്‌ലിംകളെയും ഒപ്പം കൂട്ടാം എന്നു കോൺഗ്രസ് നേതാക്കളിൽ പലരും വിശ്വസിക്കുന്നുണ്ടാവാം.

ചെന്നിത്തലയോ ഉമ്മൻചാണ്ടിയോ?

തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കേരളത്തിലെ മുന്നണികൾക്കൊന്നും ഇല്ല. എന്നാൽ, ആളുകളുടെ ആ നിൽപ്പ് കണ്ടാൽ അറിയാം ആരെയാണ് മുഖ്യമന്ത്രിയാക്കാൻ ഉദ്ദേശിക്കുന്നത് എന്ന്. ഫലപ്രഖ്യാപനത്തിനു ശേഷം അങ്ങനെതന്നെ സംഭവിക്കണമെന്നില്ല.

ജയിച്ചാൽ ആരു മുഖ്യമന്ത്രിയാകും എന്നു പറയാതിരിക്കുകയാണ് നല്ല തന്ത്രം എന്ന് കോൺഗ്രസ് കരുതുന്നു. അത് പാർട്ടിയുടെ ഒരു ദൗർബല്യത്തെ മറികടക്കാനുള്ള മറ്റൊരു ദൗർബല്യമാണ്

ഇരു മുന്നണികളുടെയും കാര്യത്തിൽ ഇതാണ് അവസ്ഥ. രമേശ് ചെന്നിത്തല കേരളത്തിലെ പാർട്ടിയുടെ ഏക അനിഷേധ്യ നേതാവല്ല. അഞ്ചുവർഷം അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു. പക്ഷേ, ഉമ്മൻചാണ്ടിക്കു അതാവാമായിരുന്നു. അദ്ദേഹം ആ ചുമതല രമേശിന് വിട്ടുകൊടുത്തതാണ് എന്നും ഓർക്കണം. ഇത്തവണ കോൺഗ്രസ്, അഥവാ ജയിച്ചാൽ ആരു മുഖ്യമന്ത്രിയാകും എന്നു പറയാതിരിക്കുകയാണ് നല്ല തന്ത്രം എന്നവർ കരുതുന്നു. അത് പാർട്ടിയുടെ ഒരു ദൗർബല്യത്തെ മറികടക്കാനുള്ള മറ്റൊരു ദൗർബല്യമാണ് എന്നല്ലാതെ എന്തു പറയാൻ.

പ്രതിപക്ഷ മുക്ത ഭാരതം?

എന്തു ചെയ്തും മുഴുവൻ സംസ്ഥാനങ്ങളും കൈപ്പിടിയിലാക്കുക എന്നതാണ് ബി.ജെ.പി ദേശീയലക്ഷ്യം. കോൺഗ്രസ് മുക്ത ഭാരതം മാത്രമല്ല, പ്രതിപക്ഷ മുക്ത ഭാരതം ആണവർ ലക്ഷ്യം വെക്കുന്നത്. ഇടതുപക്ഷത്തിന് ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ നിൽക്കാൻ കഴിയുന്ന സംസ്ഥാനങ്ങൾ കേരളവും ത്രിപുരയും മാത്രമാണ്. തങ്ങളും ഇടതുമുന്നണിയും തമ്മിലാണ് ഇപ്പോൾ മത്സരം നടക്കുന്നത് എന്ന ബി.ജെ.പി പൊങ്ങച്ചം വിലപ്പോവില്ലായിരിക്കാം. കോൺഗ്രസ്സല്ല തങ്ങളാണ് യഥാർത്ഥ മാർക്‌സിസ്റ്റ് വിരുദ്ധ പോരാളികൾ എന്നു ബോധ്യപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. ഇതു വിജയിച്ചാൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്കു തള്ളാം എന്നവർ കരുതുന്നു. സി.പി.എമ്മും ഇതു തന്നെയാണ് ആഗ്രഹിക്കുന്നത്.

ദേശീയതലത്തിൽ മാത്രമല്ല, കേരളമൊഴിച്ചുള്ള മിക്കവാറും സംസ്ഥാനങ്ങളിലും കോൺഗ്രസും സി.പി.എമ്മും ഒരേ മുന്നണിയിലെ കൂട്ടുകക്ഷികളാണ്. ഒരു കാലത്തും അത്തരമൊരു അവസ്ഥ കേരളത്തിൽ ഉണ്ടാവില്ല എന്നു പറയാൻ കോൺഗ്രസ്സിനോ സി.പി.എമ്മിനോ സാധിക്കുമോ? ബി.ജെ.പിയിൽ നിന്നു വ്യത്യസ്തമായ നയവും തന്ത്രവും പരിപാടിയും അതിശക്തമായി ഉയർത്തിപ്പിടിച്ചുകൊണ്ടേ കോൺഗ്രസ്സിനും യു.ഡി.എഫിനും ഇടതുമുന്നണിക്കു ബദലായി നിൽക്കാൻ കഴിയൂ. രണ്ടോ മൂന്നോ നേതാക്കളെ മുന്നിൽനിർത്തി പരീക്ഷണം നടത്തിയതുകൊണ്ടു മാത്രം ഇതു സാധിച്ചെടുക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കും.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം ഒരു മണ്ഡലത്തിൽ ശരാശരി 3300 ആണ്. നേരത്തെ സൂചിപ്പിച്ചതു പോലെ മുപ്പതു ശതമാനത്തോളം വോട്ടർമാർ വരെ വ്യത്യസ്ത പക്ഷങ്ങളെ മാറിമാറി തുണക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഒരു തിരഞ്ഞെടുപ്പു ഫലവും എക്കാലത്തേക്കുമുള്ള ഫലമല്ല. ഇതു നാം പല വട്ടം കണ്ടിട്ടുള്ളതാണ്.

Comments