എസ്.എം.എഫ്. ക്യാംപയിൻ കമ്യൂണിസത്തിനെതിരെ അല്ല, ഭൗതികവാദത്തിനും മതനിരാസത്തിനുമെതിരെയാണ്

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ നടത്തുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ ക്യാംപയിനുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ക്യാംപയിൻ കൺവീനറും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫെെസി കൂടത്തായി തിങ്കിനോട് സംസാരിക്കുന്നു.

അലി ഹെെദർ : "കമ്യൂണിസത്തിനെതിരെ ക്യാംപെയിനുമായി സമസ്ത' എന്ന തലക്കെട്ടിൽ മീഡിയ വൺ പുറത്ത് വിട്ട വാർത്തയുടെ സത്യാവസ്ഥ എന്താണ് ?

നാസർ ഫൈസി കൂടത്തായി : കമ്യൂണിസത്തിനെതിരെ ക്യാംപെയിൻ എന്ന് മീഡിയവൺ കൊടുത്ത ഹെഡിംഗ് ശരിയല്ല. കമ്യൂണിസത്തിനെതിരെ ഒരു ക്യാമ്പയിനും ഞങ്ങൾ നടത്തുന്നില്ല. ഞങ്ങൾ നടത്തുന്ന ക്യാംപെയിൻ മത നിരാസത്തിനെതിരെയാണ്. മതനിരാസത്തിനെതിരെയും അവകാശ സംരക്ഷണത്തിന് വേണ്ടിയും. അങ്ങനെ മൂന്നാല് വിഷയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ക്യാംപെയിനാണത്. അതിൽ ഒരു ടോപിക് ആണ് "വിശ്വാസമാണ് ആശ്വാസം' എന്നത്. അതിനകത്ത് വിശ്വാസത്തിനെതിരെ വരുന്ന എല്ലാ കാര്യങ്ങളും പറയുന്ന കൂട്ടത്തിൽ മതനിരാസബോധവും യുക്തിവാദവും പറയുന്നുണ്ട്. ഭൗതികവാദം പറയുന്നുണ്ട്.

അതിൽ തന്നെ വൈരുദ്ധ്യാത്മക ഭൗതികവാദം പറയുന്നുണ്ട്. ഈ വൈരുദ്ധ്യാത്മക ഭൗതികവാദം കമ്മ്യൂണിസത്തിന്റെ അടിത്തറയാണ് എന്ന് പറയുന്നുണ്ട്. ആ ഒരു വിഷമയമല്ലാതെ കമ്മ്യൂണിസത്തിനെതിരെയായി ഒന്നും പറയുന്നില്ല. ജിഫ്രി തങ്ങളുടെ ഫോട്ടോ വച്ച് മീഡിയവൺ പ്രചാരണം നടത്തിയെന്നേയുള്ളൂ. ജിഫ്രിതങ്ങൾ അതിൽ ഉത്തരവാദിയല്ല. ജിഫ്രി തങ്ങൾ ആ പരിപാടി ഉദ്ഘാടനം ചെയ്‌തെന്നേയുള്ളൂ.

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ "ലൈറ്റ് ഓഫ് മിഹ്റാബ്' എന്ന പേരിൽ ഇപ്പോൾ ഇങ്ങനെയൊരു ക്യാംപെയിൻ നടത്താനുള്ള കാരണം എന്താണ് ?

കൊറോണയെ തുടർന്ന് പള്ളികളിൽ നിന്ന് ആളുകൾ അകന്ന് നിൽക്കുന്ന സാഹചര്യമുണ്ട്. ആളുകളെ പള്ളിയിലേക്ക് അടുപ്പിക്കാനാണ് ക്യാംപെയിൻ. ആളുകൾക്ക് ആത്മീയമായ ഒരു പരിഹാരമാർഗമെന്ന നിലയിൽ ഇത്തരം പരീക്ഷണങ്ങളെ അതിജീവിക്കാൻ ഈമാനിക കരുത്ത് വേണമെന്ന ബോധവത്കരണമാണ് ഉദ്ദേശം. ഓരോ പരീക്ഷണങ്ങളിൽ നിരാശപ്പെടുക എന്നത് പരിഹാരമല്ല. അത്തരത്തിൽ മതപരമായ വിഷയങ്ങൾ പറയാനുള്ള ഒരു ക്യാംപെയിനാണ്. അങ്ങനെ പലകാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ആ പ്രസംഗത്തിന്റെ ഒരു ഭാഗമായി ഭൗതികവാദം വരുന്നുണ്ട്. ആ ഭൗതികവാദം വൈരുദ്ധ്യാത്മക ഭൗതികവാദമാവുന്നുണ്ട്. അത് കമ്മ്യൂണിസത്തിന്റെ അടിത്തറയാണെന്ന് പറഞ്ഞ് പോവുന്നുണ്ട്.

കമ്മ്യൂണിസ്റ്റുകാരോട് ഞങ്ങൾ അകൽച്ച പാലിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരായ ഒരുപാടു പേർ വിശ്വസികളാണ്. അവരിൽ ഭൂരിഭാഗം വിശ്വാസികളും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് എതിരാണ്. അവർക്ക് അതിനോട് യോജിപ്പില്ല. യോജിപ്പ് ഉണ്ടേൽ അവർ ഇസ്ലാമിൽ നിന്ന് പുറത്ത് പോയല്ലോ. കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമെന്ന് പറയുന്നത് അത് ഇസം ആണെന്നത് കൊണ്ടാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചല്ല. കമ്മ്യൂണിസം വേറെ കമ്മ്യൂണിസ്റ്റ് പാർട്ടി വേറെ. രണ്ടും രണ്ടായിട്ടാണ് നമ്മള് എടുക്കുന്നത്. ഓരോരുത്തർക്ക് അവരവരുടെ അവസ്ഥ അനുസരിച്ച് വായിച്ചെടുക്കാം.

എന്താണ് ഈ "ലൈറ്റ് ഓഫ് മിഹ്റാബ്' കൊണ്ട് ഉദ്ദേശിക്കുന്നത് ?

മിഹ്‌റാബ് എന്ന് പറയുന്നത് പള്ളിയിൽ ഇമാമ് നിൽക്കുന്ന സ്ഥലമാണ്. മിഹ്‌റാബിന്റെ വെളിച്ചം എന്ന നിലയിലാണ് ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പേര്.

ഈ ക്യാംപെയിനുമായി ബന്ധപ്പെട്ടുള്ള വാർത്ത പുറത്ത് വന്നതിന് ശേഷം ഉയരുന്ന വിമർശനങ്ങളെ എങ്ങനെ കാണുന്നു. ?

ക്യാംപെയിൻ രാഷ്ട്രീയപാർട്ടികളുമായി ബന്ധപ്പെടുത്തി വായിക്കേണ്ട കാര്യമില്ല. പാർടിയിലെ ഒരുപാട് അണികൾ സമസ്തയിലുണ്ട്. അവർ പോലും എതിർക്കുന്ന കാര്യമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. അതിനെ മാത്രമേ നമ്മൾ എതിർക്കുന്നുള്ളൂ മറ്റൊന്നും നമ്മൾ എതിർക്കുന്നില്ല.

ലൈറ്റ് ഓഫ് മിഹ്‌റാബ് ക്യാംപയിനെ കുറിച്ച് ഇ.കെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ കഴിഞ്ഞ ദിവസം വന്ന വാർത്ത

ഈ ക്യാംപെയിൻ കേരളത്തിലെ മുസ്ലിം സമുദായത്തിനകത്ത് എന്ത് റിസൽട്ട് ഉണ്ടാക്കുമെന്നാണ് കരുതുന്നത് ?

ഇപ്പോഴത്തെ സാമൂഹ്യാന്തരീക്ഷത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള ക്യാംപെയിനാണിത്. അത് പോലെ തന്നെ ആത്മീയമായ ഒരു ഉന്മേഷം നൽകുക എന്ന ഉദ്ദേശം കൂടിയാണുള്ളത്. അതിനെ ഹെഡ് ചെയ്യാതെ പ്രധാന ഉദ്ദേശം താഴോട്ട് മാറ്റിയിട്ട് കേവലം ഒരു കമ്മ്യൂണിസ്റ്റ് വിവാദം കൊണ്ട് വന്ന് ഈ വിഷയത്തെ വഴിതിരിച്ച് വിടുന്ന മാധ്യമ നിലപാടിനോട് പൂർണ വിയോജിപ്പാണ്.

വിഷയത്തിന്റെ നൂറിലൊരംശം മാത്രമേ ആ ഭാഗം വരുന്നുള്ളൂ. അതും പ്രാസംഗികന്മാർക്ക് ഉണ്ടാവേണ്ട ഒരു അവബോധം സംബന്ധിച്ച് നൽകിയ കുറിപ്പാണ്. പ്രാസംഗികന്മാർക്ക് ഇതിനെ സംബന്ധിച്ച് അറിവുണ്ടാവണം എന്ന് മാത്രമേ അതിൽ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ സർക്കുലറിന്റെ ഭാഗമായി ഇത് പറഞ്ഞിട്ടേയില്ല.

ഈ ക്യാംപയിൻ എങ്ങനെ നടത്താനാണ് ഉദ്ദേശിക്കുന്നത് ?

അതാത് സ്ഥലത്തെ സൗകര്യങ്ങൾ പരിഗണിച്ച് പള്ളികളിൽ വരുന്ന ആളുകളോട് ഇമാം പറയും. പ്രത്യേക വേദികൾ തയ്യാറാക്കാൻ പറ്റുന്ന സ്ഥലങ്ങളുണ്ടെങ്കിൽ അത് ചെറിയ ചെറിയ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രൊട്ടോക്കോൾ പാലിച്ച് കുടുംബയോഗങ്ങൾ സംഘടിപ്പിച്ച് കൊണ്ട് അങ്ങനെയും പറയും. ഇതാണ് ഓരോ മഹല്ലിലും ചെയ്യുന്നത്.

Comments