നാട്ടിക: എൽ.ഡി.എഫ് മണ്ഡലം, ആഞ്ഞുവലിച്ചാൽ...

2001ൽ ടി.എൻ. പ്രതാപൻ കൃഷ്ണൻ കണിയാംപറമ്പിലിനെ അട്ടിമറിച്ച ഒരു ചരിത്രം ഇത്തവണ ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

Election Desk

തൃശൂർ ജില്ലയിലെ ഉറച്ച എൽ.ഡി.എഫ് മണ്ഡലമാണെങ്കിലും ഒന്ന് ഇളക്കിമറിച്ചാൽ യു.ഡി.എഫിന് സ്വന്തമാക്കാനാകുമെന്ന് മുമ്പ് തെളിയിച്ചിട്ടുണ്ട് നാട്ടിക. സി.പി.ഐയിലെ കൃഷ്ണൻ കണിയാമ്പറമ്പിൽ തുടർച്ചയായി മൂന്നുതവണ ജയിച്ചശേഷം, നാലാം തവണ കോൺഗ്രസിലെ പുതുമുഖമായിരുന്ന ടി.എൻ. പ്രതാപനോടാണ് കാലിടറിയത്. തുടർച്ചയായ രണ്ടുവർഷം പ്രതാപൻ നാട്ടിക എം.എൽ.എയായി. പിന്നീടാണ്, മണ്ഡല പുനർനിർണയത്തിനുശേഷം, 2011ലും 2016ലും സി.പി.ഐയടെ ഗീത ഗോപി ജയിച്ചുകയറിയത്.

2011ൽ നാട്ടിക പട്ടികജാതി സംവരണ മണ്ഡലമായി. ചേർപ്പ് മണ്ഡലത്തിലുണ്ടായിരുന്ന ചേർപ്പ്, അവിണിശ്ശേരി, ചാഴൂർ, പാറളം, താന്ന്യം പഞ്ചായത്തുകൾ നാട്ടികയിലേക്കും വല്ലച്ചിറ പുതുക്കാട്ടേക്കും മാറി. നാട്ടികയിലുണ്ടായിരുന്ന ഏങ്ങണ്ടിയൂരിനെ ഗുരുവായൂരിലേക്കും വാടാനപ്പള്ളിയെ മണലൂരിലേക്കും മാറ്റി. ഇത് രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിയെന്നു പറയാം. തുടർന്നുനടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനായിരുന്നു ജയം.

2011ൽ ഗീത ഗോപി 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.എം.പിയിലെ വികാസ് ചക്രപാണിയെ തോൽപ്പിച്ചത്. 2016ൽ അവർ ഭൂരിപക്ഷം വർധിപ്പിച്ചു, കോൺഗ്രസിലെ കെ.വി. ദാസനെ 26,777 വോട്ടിനാണ് തോൽപ്പിച്ചത്. എന്നാൽ, ഈ പ്രകടനം ഇത്തവണ അവർക്ക് തുണയായില്ല. ജില്ല, സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള വടംവലിക്കൊടുവിലാണ് ഗീത ഗോപിക്കുപകരം എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് സി.സി. മുകുന്ദനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാന നേതൃത്വം ഗീതക്ക് അനുകൂലമായ വാദങ്ങളാണ് നിരത്തിയത്: ജില്ലയിൽ ഒരു വനിത സ്ഥാനാർഥി വേണം. ജില്ല എക്‌സിക്യൂട്ടീവ് തയാറാക്കിയ പട്ടികയിൽ മുൻതൂക്കം മുകുന്ദനായിരുന്നു. ഗീതയെ അംഗീകരിക്കാൻ ജില്ലയിലെ വനിത നേതാക്കളടക്കം വിസമ്മതിച്ചപ്പോൾ സംസ്ഥാന നേതൃത്വത്തിന് വഴങ്ങേണ്ടിവന്നു. കഴിഞ്ഞ തവണയും ഗീത ഗോപിക്കെതിരെ പാർട്ടിയിൽ പടയൊരുക്കമുണ്ടായിരുന്നു. പോസ്റ്റർ പ്രചാരണം വരെ വിമതർ നടത്തി.

അന്തിക്കാട് സ്വദേശിയായ മുകുന്ദൻ തൊഴിലാളി യൂണിയൻ രംഗത്ത് മികച്ച പ്രതിച്ഛായയുള്ള നേതാവാണ്. ഉറച്ച സീറ്റിൽ ഹാട്രിക് നേടാനാകുമെന്നാണ് സി.പി.ഐ പ്രതീക്ഷ.

യൂത്ത് കോൺഗ്രസ് നേതാവും പുതുമുഖവുമായ സുനിൽ ലാലൂരാണ് കോൺഗ്രസ് സ്ഥാനാർഥി. സുനിലിന്റെ സ്ഥാനാർഥിത്വവുമായും ബന്ധപ്പെട്ട് തുടക്കത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടായിരുന്നുവെങ്കിലും പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോൾ യു.ഡി.എഫിൽ അസ്വാരസ്യങ്ങളില്ല. റോഡ് ഷോയിലൂടെയും മറ്റും സുനിൽ ശക്തമായ പ്രചാരണമാണ് കാഴ്ചവക്കുന്നത്. 2001ൽ ടി.എൻ. പ്രതാപൻ കൃഷ്ണൻ കണിയാംപറമ്പിലിനെ അട്ടിമറിച്ച ഒരു ചരിത്രം ഇത്തവണ ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

കഴിഞ്ഞ തവണ സി.പി.ഐയിടെ പടലപ്പിണക്കൾക്കിടക്കും ഗീത ഗോപിക്ക് ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിഞ്ഞത് മണ്ഡലത്തിലെ എൽ.ഡി.എഫ് വോട്ടുകളുടെ സ്വാധീനം വ്യക്തമാക്കുന്നു. ഇത് മറികടക്കുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് ഒരു സാഹസം തന്നെയായിരിക്കും.
2016ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി ടി.വി.ബാബു 33,650 വോട്ട് നേടിയിരുന്നു.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

ബി.ജെ.പിയിലെ എ.കെ. ലോചനൻ ആണ് ഇത്തവണ എൻ.ഡി.എ സ്ഥാനാർഥി.
അതിനിടെ, സി.പി.ഐ സ്ഥാനാർഥിക്കെതിരെ ബി.ജെ.പി മുഖപത്രം ഒരു സൂത്രം കാണിച്ചു. സി.സി. മുകുന്ദന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, അദ്ദേഹം മരിച്ചതായി ജന്മഭൂമി പത്രത്തിലെ ചരമപേജിൽ സിംഗിൾ കോളം വാർത്ത വന്നു. ജന്മഭൂമിയായതുകൊണ്ടാകാം, ചരമവാർത്തയായിട്ടുപോലും ആരും അത് അത്ര വിശ്വാസത്തിലെടുത്തില്ല. എങ്കിലും സി.പി.ഐ, പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
1957 മുതൽ 2016 വരെ നടന്ന 15 തിരെഞ്ഞെടുപ്പുകളിൽ എട്ടു തവണ ഇടതുപക്ഷത്തിനായിരുന്നു ജയം.

1957ൽ കോൺഗ്രസിന്റെ കെ.എസ്. അച്യുതനും 1960ൽ കെ.ടി. അച്യുതനുമാണ് ജയിച്ചത്. 1967ൽ സി.പി.എമ്മിലെ ടി.കെ. കൃഷ്ണൻ നാട്ടിക പിടിച്ചു. 1970ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലെ വി.കെ. ഗോപിനാഥനാണ് ജയിച്ചത്. 1977 മുതൽ രണ്ടുവർഷം സി.പി.ഐയിലെ പി.കെ. ഗോപാലകൃഷ്ണൻ. 1982ൽ കോൺഗ്രസിലെ സിദ്ധാർഥൻ കാട്ടുങ്ങൽ. 1987 മുതൽ തുടർച്ചയായി മൂന്നുവർഷം സി.പി.ഐ നേതാവ് കൃഷ്ണൻ കണിയാംപറമ്പിൽ. 2001ൽ സി.പി.ഐ കുത്തക പൊളിച്ച് ടി.എൻ. പ്രതാപൻ. 2006ലും പ്രതാപൻ ജയം ആവർത്തിച്ചു.


Comments