2009 ലാണ് The Frock - Coated Communist: The Revolutionary Life of Fredrich Engels എന്ന ഗ്രന്ഥം പുറത്തുവന്നത്. ബ്രിട്ടീഷ് ചരിത്രകാരനായ ട്രിസ്ട്രാം ഹണ്ട് എഴുതിയ ആ പുസ്തകം ഫ്രെഡറിക് എംഗൽസിന്റെ
ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആധുനികമായ പഠനഗ്രന്ഥമായിരുന്നു.
അതിനുശേഷം പതിനൊന്നുവർഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ എംഗൽസിനെപ്പറ്റി എടുത്തുപറയത്തക്ക മറ്റു പഠനകൃതികളൊന്നും പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല. ഇന്ന് എംഗൽസിന്റെ ഇരുനൂറാം ജന്മദിനമാണ്. (1820 നവംബർ 28നാണ് എംഗൽസ് ജനിച്ചത്.) എന്നിട്ടും പ്രസാധകലോകം പറയത്തക്ക പുസ്തകങ്ങളൊന്നും തയ്യാറാക്കിയതായി കാണുന്നില്ല. അതേസമയം ഇതേ കാലത്തിനിടയിൽ കാൾ മാർക്സിനെപ്പറ്റി ഒരു ഡസനിലധികം രചനകൾ വെളിച്ചംകണ്ടു കഴിഞ്ഞു. ഇതെന്തുകൊണ്ടാണ്? യഥാർത്ഥത്തിൽ ഒരു തമസ്ക്കരണത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇതിൽ പുതുമയൊന്നുമില്ല. ഇരുവരുടെയും ജീവചരിത്രങ്ങൾ തേടി ഗൂഗിളിൽ അന്വേഷിച്ച് പോയാലും വളരെ പെട്ടന്ന് ഇതു മനസ്സിലാക്കാൻ കഴിയും.
ഇരുപതാം നൂറ്റാണ്ടിൽ മാത്രം മാർക്സിനെപ്പറ്റി നൂറോളം സമഗ്രപഠനസ്വഭാവമുള്ള ജീവചരിത്രങ്ങൾ പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ
ആദ്യ രണ്ടുപതിറ്റാണ്ടു പിന്നിടുമ്പോൾ ഒരു ഡസനോളം രചനകൾ വെറെയും വന്നുകഴിഞ്ഞു. എന്നാൽ എംഗൽസിന്റെ കാര്യം മറിച്ചാണ്. ഗൂഗിളിന്റെ
സഹായം തന്നെ തേടിയാൽ രണ്ടുനൂറ്റാണ്ടിലും കൂടി ഒരു ഡസനോളം കൃതികളേ എംഗൽസിനെക്കുറിച്ചുള്ളതായി കണ്ടെത്താനാവൂ. അവയിൽ തന്നെ സമഗ്രമെന്ന് പറയാവുന്നവ വളരെ കുറവും. 2006ൽ പി.ഗോവിന്ദപ്പിള്ള നല്ലൊരു എംഗൽസ് ജീവചരിത്രം മലയാളത്തിലെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. എംഗൽസിന്റെയും മാർക്സിന്റെയും കാര്യത്തിലെ ഈ വൈരുദ്ധ്യം യാദൃശ്ചികമായി എന്റെ ശ്രദ്ധയിൽപ്പെട്ടതാണെങ്കിലും അത് ചില സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരാണ് പ്രധാനി എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്ന ധൈഷണിക കൂട്ടുകെട്ടായിരുന്നു മാർക്സിന്റെയും എംഗൽസിൻേറ
തുമെന്ന് ട്രിസ്ട്രാം ഹണ്ട് പുതിയ ജീവചരിത്രത്തിൽ എടുത്തുപറയുന്നുണ്ട്. മാർക്സിനെപ്പറ്റി രചിക്കപ്പെട്ട പ്രധാന കൃതികളിലെല്ലാം തുല്യസ്ഥാനം എംഗൽസും പങ്കിട്ടെടുക്കുന്നുമുണ്ട്. എന്നിട്ടും ഒരു വിവേചനം സംഭവിച്ചുകൊണ്ടിരിക്കുന്നു.
അതിൽ ഏറ്റവുമധികം ദുഃഖിക്കുക സാക്ഷാൽ കാൾ മാർക്സ് തന്നെയാവും.
കാൾ മാർക്സ് 1860 കളിൽ ഫ്രെഡറിക് എംഗൽസിന് എഴുതിയ ഒരു കത്തിലെ വാചകം ഇതായിരുന്നു: "I am always following in your footsteps.’ പത്തൊമ്പതാം നൂറ്റാണ്ടിലെ അസാധാരണമായ ആ ബൗദ്ധിക സൗഹൃദത്തിന്റെ സാക്ഷ്യപത്രമാണ് ഈ വരികൾ. ലോകത്തെ തൊഴിലാളിവർഗത്തിന്റെ വിധി മാറ്റിയെഴുതിയ ആ സൗഹൃദത്തെ പുതിയ കാലം വേണ്ടത്ര മാനിക്കുന്നില്ലെന്നാണോ? ഈ രണ്ടുപേർക്കും കമ്യൂണിസത്തിന്റെ
ചരിത്രത്തിൽ അനന്യമായ സ്ഥാനമുണ്ട്. ഒറ്റയ്ക്കായാണ് പ്രവർത്തിച്ചിരുന്നുവെങ്കിൽ സമാന ചിന്തകൾ പങ്കിട്ട രണ്ട് മഹാപ്രതിഭകൾ എന്ന നിലയിൽ ബൗദ്ധികചരിത്രത്തിൽ ഇടംനേടി ഒതുങ്ങിപ്പോകുമായിരുന്ന ഇവരുടെ കൂട്ടായ്മ ലോകത്തിന്റെ യെന്നല്ല, മാനവരാശിയുടെ ഭാവിജീവിതത്തെ തന്നെ വിപ്ലവകരമായി മാറ്റിമറിച്ചു. ഇവർ കൂട്ടായി നിർമ്മിച്ച ആശയപ്രപഞ്ചത്തോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടു മാത്രമാണ് പിന്നീടിങ്ങോട്ട് സമൂഹം യാത്ര തുടർന്നത്. അവർ നിർമ്മിച്ചെടുത്ത ശാസ്ത്രീയ സോഷ്യലിസം പിന്നിട് മാർക്സിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടെങ്കിലും അതിൽ എംഗൽസും നിറഞ്ഞുനിന്നിരുന്നു.
പ്രമുഖ ട്രോട്സ്കിയിസ്റ്റായി അറിയപ്പെട്ട ബ്രിട്ടീഷ് സോഷ്യലിസ്റ്റ് നേതാവ് ടോണി ക്ലിഫ് എംഗൽസിന്റെ സംഭാവനകളെ സ്മരിച്ച് പറഞ്ഞ ഒരു വാചകം ഇതാണ്. " ... but l am happy, by the way, to call ourselves Marxists, because it is much easier to pronounce than Engelsists!’.
രണ്ടു പേർ കൂട്ടായി സംഭാവന ചെയ്ത് നിർമിച്ചെടുത്ത ഒരു സിദ്ധാന്തം ഒരാളിന്റെ പേരിൽ മാത്രമായി അറിയപ്പെടുന്നതിലെ വൈരുദ്ധ്യം കാണാതെ പോകരുത് എന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. ഇരുവരേയും താരതമ്യം ചെയ്താൽ പല കാര്യത്തിലും മുമ്പേ നടന്നവൻ എംഗൽസായിരുന്നു എന്നും ടോണി ക്ലിഫ് വിശദമാക്കുന്നുണ്ട്. മാർക്സ് ആകട്ടെ അക്കാര്യത്തിലെല്ലാം ആഴത്തിൽ പോവുകയും ചെയ്തു. വ്യക്തതയിലും എംഗൽസായിരുന്നു കേമൻ എന്ന് അദ്ദേഹത്തന്റെ രചനകൾ സാക്ഷ്യം പറയുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രണ്ടു പേരുടെയും പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. യഥാർത്ഥത്തിൽ മാനിഫെസ്റ്റോ എഴുതിയത് മാർക്സാണ്. എന്നാൽ അതിന്റെ രൂപരേഖ ഏംഗൽസിൻേറതായിരുന്നു..
Principles of Communism എന്നായിരുന്നു എംഗൽസ് തയ്യാറാക്കിയ ആദ്യരേഖയുടെ പേര്. അവ തമ്മിൽ താരതമ്യം ചെയ്താൽ കമ്യൂണിസം നേരിടുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ എംഗൽസിന്റെ ഈ പ്രാഥമിക രേഖയിൽ കാണാൻ കഴിയും. മാനിഫെസ്റ്റോയിലുള്ളതെല്ലാം അതിലുണ്ടുതാനും. സോഷ്യലിസം ആഗോളതലത്തിൽ വികസിക്കേണ്ടതുണ്ടെന്നും ഒരു രാജ്യത്തു മാത്രമായി വിജയം കാണുക പ്രയാസമാണെന്നും എംഗൽസ് അതിലെഴുതി. അന്തരാഷ്ട്ര സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യം അന്നേ അദ്ദേഹം മുന്നിൽക്കണ്ടിരുന്നു. മാർക്സ് സമൂഹത്തെ പഠിക്കുവാൻ തുടങ്ങും മുമ്പേ എംഗൽസ് ആ വഴിക്ക് നടന്നിരുന്നു. മാർക്സിനു ശേഷവും എംഗൽസ് അത് തുടർന്നുകൊണ്ടിരുന്നു.
മാർക്സിന്റെ മരണശേഷമാണ് എംഗൽസിന്റെ പ്രശസ്തമായ The Origin of the Family, Private Property and the State (1884) പുറത്തുവന്നത്. മാർക്സുമായി പരിചയപ്പെടുന്നതിനു മുമ്പാണ് എംഗൽസ് The Condition of the Working Class എന്ന പഠന ന്രന്ഥം എഴുതിയത്. മാർക്സ് തയ്യാറാക്കി വെച്ചിരുന്ന കുറിപ്പുകളുടെ കൂമ്പാരത്തിൽ നിന്ന് മൂലധനമെന്ന മഹദ് കൃതിയുടെ രണ്ടാം ഭാഗം തയ്യാറാക്കിയതും എംഗൽസാണ്. തന്റെ ചങ്ങാതി അവശേഷിപ്പിച്ച കർത്തവ്യങ്ങളെല്ലാം തന്നെ അദ്ദേഹം ഭംഗിയായി പൂർത്തിയാക്കി. തുടർന്ന് ലോക തൊഴിലാളി പ്രസ്ഥാനത്തെ ഒറ്റയ്ക്ക് നയിച്ചു. രണ്ടാം ഇന്റർനാഷണൽ സമ്മേളനം സൂറിച്ചിൽ വെച്ച് നടത്തി. അങ്ങനെ നിരന്തരം കർമ്മനിരതനായി മുന്നേറി. അദ്ദേഹത്തിന്റെ എഴുപതാം പിറന്നാളിന് ആശംസ നേർന്ന് ജി.വി. പ്ലഹാനോവ് സോഷ്യൽ ഡെമോക്രാറ്റ് എന്ന പത്രത്തിൽ എഴുതിയത് ഇങ്ങനെയായിരുന്നു: "തൊഴിലാളി വർഗത്തിന് നൽകിയ സേവനത്തിന്റെ
കാര്യത്തിൽ ഇന്ന് എംഗൽസിനോടു താരതമ്യപ്പെടുത്താവുന്നവരാരുമില്ല.'
റഷ്യയിലെ സോഷ്യലിസ്റ്റ് നേതാവായ ലാവ്റോവ് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു: "സോഷ്യലിസത്തിന്റെ ചരിത്രത്തിൽ കാൾ മാർക്സിനോടൊപ്പം മായാത്ത അക്ഷരങ്ങളിൽ മുദ്രിതമായ ഏക നാമധേയയാണ് അങ്ങയുടേത്. ആ മഹാപുരുഷന്റെ പേരിനോടൊപ്പമാണെങ്കിലും, അതുകൊണ്ട് അങ്ങയുടെ പേരിന്റെ തിളക്കം ഒട്ടും മങ്ങുന്നില്ല.'
മാർക്സിസിന്റെ പേരിനൊപ്പം ചേർന്നു നിന്നിരുന്ന എംഗൽസിനെ പിന്നീടിങ്ങോട്ട് ആരെല്ലാമോ ചേർന്ന് മുറിച്ചു മാറ്റാൻ ശ്രമിച്ചിരുന്നുവോ? ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയോടെ അത്തരമൊരു സാധ്യതയൊരുങ്ങി എന്നു വേണം സംശയിക്കാൻ. എംഗൽസിന്റെ ചില ചിന്തകളെ വേറിട്ടെടുത്ത് വിമർശിക്കുവാൻ ചില ഭാഗങ്ങളിൽ നിന്ന് ശ്രമങ്ങളുണ്ടായി. വൈരുധ്യാത്മകതയേക്കാൾ യാന്ത്രികമായ ശാസ്ത്രവാദത്തെ പ്രതിഫലിപ്പിക്കാൻ എംഗൽസ് ശ്രമിച്ചു എന്നതായിരുന്നു പ്രധാന വിമർശനം. മാർക്സിസത്തിൽ നിന്നും മാർക്സിന്റെ വൈരുധ്യാത്മകതയിൽ നിന്നും എംഗൽസ് വ്യതിചലിക്കുന്നു എന്ന വാദത്തിന് ചിലരിതുപയോഗിച്ചു.
എംഗൽസിന്റെ വിനയവും മാർക്സിനോടുള്ള സ്നേഹവും കൂടിച്ചേർന്നപ്പോൾ എംഗൽസിനെ രണ്ടാമനോ, അവഗണിക്കാവുന്നവനോ ആക്കാൻ പ്രയാസമുണ്ടായില്ല. ഇക്കാര്യത്തെപ്പറ്റി പി.ഗോവിന്ദപ്പിള്ള ഫ്രെഡറിക് എംഗൽസ് എന്ന ജീവചരിത്രത്തിൽ പറയുന്നത് നോക്കുക: "ഈ അതിവിനയം യാഥാർത്ഥ്യങ്ങളെ വിഴുങ്ങിക്കളയുന്ന അതിശയോക്തിയായി പരിണമിച്ച് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഉത്ഭവവികാസങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തന്നെ വികലമാക്കുന്നു.’ ഇങ്ങനെ ഉയർന്നുവന്ന സംശയങ്ങളെയെല്ലാം വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തുന്നതിന് ചില അക്കാദമിക് പണ്ഡിതർ നേതൃത്വം കൊടുത്തു. അത് വിജയംകണ്ടു എന്നുവേണം മനസ്സിലാക്കാൻ. എംഗൽസ് മുദ്രാവാക്യങ്ങളിൽ നിന്നുപോലും ഇല്ലാതായിത്തുടങ്ങി.
വിസ്മയിപ്പിക്കുന്ന സ്നേഹമാണ് മാർക്സിനോടും കുടുംബത്തോടും എംഗൽസ് പുലർത്തിയത്. മാർക്സിന്റെ മരണശേഷവും അത് പൂർവാധികം ഭംഗിയോടെ തുടരുകയും ചെയ്തു. ലെനിൻ പറഞ്ഞതുപോലെ, പുരണങ്ങളിൽപ്പോലും ഇത്രയും സ്നേഹം പറഞ്ഞു കേട്ടിട്ടില്ല. അതേസമയം മാർക്സിന്റെ ഒരു സഹായി എന്ന നിലയിലേക്ക് സ്വയം ചുരുങ്ങാൻ എംഗൽസ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒന്നിന്റെയും അവകാശവാദം എംഗൽസ് ഉന്നയിച്ചില്ലെന്നല്ല; അംഗീകരിച്ചുമില്ല.
മാർക്സിന്റെ മഹാപാണ്ഡിത്യത്തെയും പ്രതിഭയേയും എല്ലായ്പ്പോഴും എടുത്തു കാണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തൻേറത് അപ്രധാന പങ്കാണ് എന്ന് എഴുതിവെക്കുകയും ചെയ്തു. മാർക്സിന്റെ നിഴലിൽ നിന്നുകൊണ്ട് തന്നെ പ്രതീക്ഷാനിർഭരമായ ഭാവിയ്ക്കു വേണ്ടി ജീവിതാന്ത്യം വരെ പോരാടുകയും ചെയ്തു. ഇതൊക്കെ കൃത്യമായി അറിയപ്പെടുന്ന ചരിത്ര വസ്തുതകളാണ്. എന്നിട്ടും ആ ഓർമ നിലനിൽക്കപ്പെടുന്നില്ല.
പുതിയ ജീവചരിത്രകാരനായ ട്രിസ്ട്രാം ഹണ്ടും ഈ പ്രശ്നത്തെപ്പറ്റി തന്റെ
പുസ്തകത്തിൽ സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്. പ്രമുഖ മാർക്സിസ്റ്റ് പണ്ഡിതനായ നോർമൻ ലെവെനിലെയെ ഉദ്ധരിച്ചു കൊണ്ട് ഈ ജീവചരിത്രകാരൻ പറയുന്നത്, സ്റ്റാലിന്റെ കാലത്ത് നിലനിന്നിരുന്ന മാർക്സിസം എംഗൽസിൻേറതു മാത്രമായിരുന്നു എന്ന് ലോകം തെറ്റിദ്ധരിക്കാനിടയായി എന്നാണ്. പ്രയോഗത്തിലെ മാർക്സിയൻ വൈകൃതങ്ങൾ എംഗൽസിന്റെ സൃഷ്ടിയായിരുന്നുവെന്ന് ചിലരൊക്കെ പ്രചരിപ്പിച്ചു. എന്നാൽ എംഗൽസ് ഇത് മുന്നിൽ കണ്ടിരുന്നുവെന്നും സോഷ്യലിസത്തിലേക്കുള്ള എടുത്തുചാട്ടം അപകടകരമായിരിക്കുമെന്ന് അവസാന കാലത്ത് എംഗൽസ് സൂചന നൽകിയിരുന്നു എന്നും ട്രിസ്ട്രാം ഹണ്ട് ചൂണ്ടിക്കാട്ടുന്നു.
തെറ്റുപറ്റിയത് എംഗൽസിനല്ലെന്നും അധികാര മോഹിയായ ലെനിനായിരുന്നുവെന്നും ഈ ജീവചരിത്രകാരൻ പറഞ്ഞുവെക്കുന്നു. എംഗൽസിന്റെ തിരിച്ചറിവുകളെ അവഗണിച്ച്, തയ്യാറാവാത്ത ഒരു സമൂഹത്തെ സോഷ്യലിസത്തിലേക്കു വലിച്ചിഴക്കുകയായിരുന്നു ലെനിൻ. അതിന്റെ അനന്തരഫലങ്ങളെ എംഗൽസിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം പിന്നീടു നടക്കുകയും ചെയ്തു. മാർക്സിനോടൊപ്പം തന്നെ എംഗൽസും ഓർമിക്കപ്പെടേണ്ടതുണ്ട് എന്നാണ് ബ്രിട്ടനിലെ യുവചരിത്രകാരനായ ഹണ്ട് ഈ എംഗൽസ് ജീവചരിത്രത്തിലൂടെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.
എംഗൽസില്ലാതെ മാർക്സോ മാർക്സില്ലാതെ എംഗൽസോ നിലനില്ക്കാൻ ആഗ്രഹിച്ചിരുന്നില്ല. ‘പ്രതിഭാദ്വന്ദം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കൂട്ടായ്മയുടെ ഫലമായാണ് ശാസ്ത്രീയ സോഷ്യലിസം എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം സൃഷ്ടിയ്ക്കപ്പെട്ടത്. സത്യത്തിൽ എംഗൽസിനെ പുർണമായും മനസ്സിലാക്കിയ ഒരേ ഒരാൾ കാൾ മാർക്സായിരുന്നു. തനിക്കുവേണ്ടി തന്റെ ചങ്ങാതി ചെയ്ത ആത്മത്യാഗത്തെപ്പറ്റി മാർക്സ് പൂർണബോധവാനായിരുന്നു. എംഗൽസിന്റെ
ബഹുമുഖമായ വൈജ്ഞാനിക താൽപര്യങ്ങളെ മാർക്സ് തിരിച്ചറിയുകയും യഥേഷ്ടം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഏതു സമയത്തും സംശയ നിവാരണങ്ങൾക്കും വിവരശേഖരണത്തിനും ഉതകുന്ന ഒരു സർവവിജ്ഞാനകോശമാണ് എംഗൽസ് എന്നും മാർക്സ് വിശേഷിപ്പിച്ചു.
ഇതൊന്നും തിരിച്ചറിയാതെ എംഗൽസിനെ ഒറ്റപ്പെടുത്തി വിമർശിക്കാൻ ശ്രമിക്കുന്നത് ചരിത്രപരമായി തെറ്റാണെന്ന് മാത്രമല്ല, മാർക്സിനോടു ചെയ്യുന്ന അവഹേളനവുമാണ്. എംഗൽസിനെതിരേ ഉയർത്തുന്ന വിമർശനങ്ങളിൽ മാർക്സിനെ പ്രതിചേർക്കാത്തത് അദ്ദേഹം എംഗൽസിനു മുമ്പേ മരിച്ചു എന്ന യാദൃശ്ചികത കൊണ്ടാവാനേ തരമുള്ളൂ. താത്വിക പ്രതിഭയും തർക്കിക പ്രതിഭയും ചേർന്ന എംഗൽസിന്റെ സുവ്യക്തമായ ചിത്രം, പ്രക്ഷോഭകാരിയായ പോരാളിയുടെ ചിത്രം ഇനിയും സുവ്യക്തമായി ലോകം തിരിച്ചറിയേണ്ടതുണ്ട്. പുതിയ ആശയങ്ങൾ വാർത്തെടുക്കുന്നതിലും നിരീക്ഷണപാടവത്തിലും ഗഹനമായ സത്യങ്ങൾ വിശകലനം ചെയ്യുന്നതിലും ഫ്രെഡറിക് എംഗൽസ് മറ്റാർക്കും പിറകിലായിരുന്നില്ല. എംഗൽസ് പിറകിലാണെന്നു ആരൊക്കെ വാദിച്ചാലും മാർക്സ് അതംഗീകരിച്ചു തരില്ല.
ഇരുനൂറാം ജന്മവാർഷികത്തിൽ എംഗൽസിനെ പഴയ ചങ്ങാതിയോട് ചേർത്തുനിർത്തി വേണം പഠിക്കാൻ. ചരിത്രത്തിലെ ആ അപൂർവ്വ കൂട്ടായ്മയെ ഭിന്നിപ്പിച്ച് വായിച്ചെടുക്കാൻ ശ്രമിക്കുന്നത് രണ്ടു പേരോടും ചെയ്യുന്ന അപരാധമായിരിക്കും. ശരിക്കും അവരാവശ്യപ്പെടുന്നത് ഒരു ദ്വന്ദ്വ ജീവചരിത്രമാണ്. ശാസ്ത്രീയ സോഷ്യലിസത്തിന്റെ
സ്ഥാപകാചാര്യരായ കാൾ മാർക്സിനെയും ഫ്രെഡറിക് എംഗൽസിനേയും വസ്തുതാപരമായി തിരിച്ചറിയുക എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. കാരണം കാലത്തിന്റെ
ഗതി ശാസ്ത്രീയമായി പ്രവചിക്കുന്നതിൽ അവർക്കു തുല്യരായി മറ്റാരും ഈ ഭൂമുഖത്ത് ഇനിയും പിറന്നിട്ടില്ല. കാലപ്പഴക്കം അവരുടെ പ്രതിഭയിൽ മങ്ങലേൽപ്പിച്ചിട്ടുമില്ല. രണ്ടു മഹാധിഷാണശാലികളുടെ പാരസ്പര്യത്തിന്റെ ചരിത്രം പോറലേൽക്കാതെ ഇനിയും സംരക്ഷിയ്ക്കപ്പെടണം.
ഫ്രെഡറിക് എംഗൽസ് ജീവിതരേഖ
1820 നവംബർ 28: ജർമനിയിലെ ബാർമനിൽ ജനനം.
അച്ഛൻ: ഫ്രെഡറിക് എംഗൽസ് - പരുത്തി വ്യവസായിയായിരുന്നു. അമ്മ: എലിസബത്ത്
1842- നവംബറിൽ മാർക്സിനെ പരിചയപ്പെട്ടു.
1845- ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ സ്ഥിതി എന്ന കൃതി പ്രസിദ്ധീകരിച്ചു.
1847- ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ ഒന്നാം കോൺഗ്രസിൽ പങ്കെടുത്തു.
1848- കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ലണ്ടനിൽ പ്രസിദ്ധീകരിച്ചു.
1866- മാർക്സിന്റെ മൂലധനം പ്രസിദ്ധീകരിക്കപ്പെട്ടു. അതേക്കുറിച്ച് എംഗൽസിന്റെ
ലേഖനങ്ങൾ വിവിധ പത്രങ്ങളിൽ വന്നു.
1880 - സോഷ്യലിസം: സാങ്കൽപികവും ശാസ്ത്രീയവും എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
1883- മാർക്സിന്റെ മരണം.
1884- കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്ന കൃതി പ്രസിദ്ധീകരിച്ചു.
1885-മാർക്സിന്റെ മൂലധനം രണ്ടാം ഭാഗം തയ്യാറാക്കി അവതാരികയോടെ പ്രസിദ്ധീകരിച്ചു.
1889- രണ്ടാം ഇൻറർനാഷണലിന്റെ സ്ഥാപനം - പാരീസിൽ
1891- ജർമ്മനിയിലെ സോഷ്യലിസം എന്ന കൃതി പ്രസിദ്ധീകരിച്ചു.
1894- മൂലധനം മൂന്നാം ഭാഗം തയ്യാറാക്കി ആമുഖത്തോടെ പ്രസിദ്ധീകരിച്ചു.
1895- ആഗസ്റ്റ് 5 ന് ഈസ്റ്റ് ബോൺ കടൽക്കരയിലെ വിശ്രമസ്ഥലത്തുവെച്ച് മരണം.
Sources
The Frock - Coated Communist- The Revolutionary Life of Friederich Engels by Tristram Hunt - (Allen Lane Publishers 2009)
ഫ്രെഡറിക് എംഗൽസ്: സ്നിഗ്ദ്ധനായ സഹകാരി, വരിഷ്ഠനായ വിപ്ലവകാരി - പി.ഗോവിന്ദപ്പിള്ള (ചിന്ത പബ്ലിഷേഴ്സ് - 2006)
The Two Marxisms by Alvin W. Gouldner (Macmillan Publishers 1980)
Engel's contribution to Marxism - a speech by Tony Cliff - 1996 (www.counterfire.org