അവർക്ക് പേടിയാണ്, നെഹ്റുവിനെ

77-ാം സ്വാതന്ത്ര്യദിനത്തിലാണ്, നെഹ്റുവിന്റെ സ്മരണയിലുള്ള 'നെഹ്റു മെമ്മോറിയൽ മ്യൂസിയം & ലൈബ്രറി'യുടെ പേരുമാറ്റി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയമാക്കിയത്. ഇപ്പോഴിതാ, സംസ്ഥാന പട്ടികയിലുള്ള ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻനീക്കം നടത്തുന്നു. അക്കാദമിക് സമൂഹത്തെ നിയന്ത്രിക്കാനും അക്കാദമിക് പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.

വാട്സ്ആപ് യൂണിവേഴ്സിറ്റികളിലൂടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്തുന്ന നുണക്കഥകൾ തുടർച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ് സംഘപരിവാർ സൈബർ ഗ്രൂപ്പുകൾ. തങ്ങളുടെ ഹിന്ദു രാഷ്ട്രവാദത്തിനെതിരെ ആധുനിക ദേശീയതയുടെയും മതനിരപേക്ഷതയുടെയും പടവാളായി നിലകൊണ്ട നെഹ്റുവിനെ അവർക്കെല്ലാകാലത്തും ഭയമായിരുന്നു. ഏറ്റമൊടുവിൽ നെഹ്റുവിന്റെ പേരിലുള്ള സ്മാരകങ്ങളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റുന്ന ത്വരിതനീക്കങ്ങളിലാണവർ.

ഡിസ്കവറി ഓഫ് ഇന്ത്യയും ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററിയുമൊക്കെ എഴുതിയ നെഹ്റുവിനെ പോലുള്ള ഒരു ധൈഷണിക പ്രതിഭയെ ചാണകത്തിൽ പ്ലൂട്ടോണിയം തെരയുന്ന സംഘ്പരിവാറിന് എങ്ങനെ സഹിക്കാനാവും.

77-ാം സ്വാതന്ത്ര്യദിനത്തിലാണ്, നെഹ്റുവിന്റെ സ്മരണയിലുള്ള 'നെഹ്റു മെമ്മോറിയൽ മ്യൂസിയം & ലൈബ്രറി'യുടെ പേരുമാറ്റി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയമാക്കിയത്. സ്ഥാപനത്തിന്റെ ചെയർപേഴ്സണായ നൃപേന്ദ്രമിശ്ര തന്നെയാണ് ഈ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചരിത്രപ്രസിദ്ധമായ തീൻമൂർത്തി കാമ്പസിലാണ് ഈ സ്വയംഭരണ കാമ്പസ്. 1948 ആഗസ്റ്റ് മുതൽ 1964 മെയ് 27 വരെ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻമൂർത്തിഭവൻ. കഴിഞ്ഞ ജൂൺപകുതിയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിന്റെ (ഇദ്ദേഹമാണ് മ്യൂസിയം & ലൈബ്രറി സൊസൈറ്റി വൈസ് പ്രസിഡണ്ട്) അധ്യക്ഷതയിൽ ചേർന്ന യോഗമാണുപോലും ഈ തീരുമാനമെടുത്തത്. കേന്ദ്രമന്ത്രിമാരായ അമിത്ഷായും നിർമല സീതാരാമനും അനുരാഗ് ഠാക്കൂറുമെല്ലാം അടങ്ങുന്ന 29 പേർ അംഗങ്ങളാണ് സൊസൈറ്റിയിൽ.

നൃപേന്ദ്രമിശ്ര

സംഘപരിവാർ നെഹ്റുവിനെയും ഗാന്ധിയെയും മുഗളചരിത്രത്തെയുമെല്ലാം ഭയപ്പെടുന്നതുകൊണ്ടാണ് അവരുടെ ഓർമ്മകൾ മായ്ച്ചുകളയാൻ സ്ഥാപനങ്ങളുടെയും റോഡുകളുടെയും നഗരങ്ങളുടെയും പേരുമാറ്റൽ പതിവ് പരിപാടിയാക്കിയിരിക്കുന്നത്. ചരിത്രസ്മരകങ്ങളെയും നേതാക്കളെയും ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകൾ. ചരിത്രത്തെയും സംസ്കാരത്തെയും കാവിവൽക്കരിച്ച് ഹിന്ദുരാഷ്ട്രനിർമ്മിതിക്കാവശ്യമായ പ്രത്യയശാസ്ത്രപരിസരം നിർമ്മിച്ചെടുക്കാനുള്ള അങ്ങേയറ്റം വിജ്ഞാനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളിലൂടെയാണ് ഒമ്പതുവർഷമായി ഇന്ത്യ കടന്നുപോകുന്നത്.

മോദി അധികാരത്തിൽവന്നശേഷം ഇന്ത്യയുടെ അഭിമാനങ്ങളായ അക്കാദമിക് സ്ഥാപനങ്ങളെ സംഘപരിവാർ നിയന്ത്രണത്തിലാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. സ്വതന്ത്രമായ അക്കാദമിക് സമൂഹത്തെ നിയന്ത്രിക്കാനും അക്കാദമിക് പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.

രാഷ്ട്രനിർമ്മിതിയുടെ ചരിത്രത്തെ ആധുനികവും ജനാധിപത്യപരവുമാക്കുന്നതിൽ നെഹ്റുവിന്റെ പങ്ക് അനിഷേധ്യമാണ്. മത, ജാതി യാഥാസ്ഥിതികതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയിൽനിന്ന് ഇന്ത്യൻ സമൂഹത്തെ ഒരാധുനിക സമൂഹമാക്കി മാറ്റാനാണ് നെഹ്റു ശ്രമിച്ചത്. അതിന് വിജ്ഞാനോത്സുകവും സ്വതന്ത്രവുമായ അക്കാദമിക് സമൂഹം ആവശ്യമാണെന്ന് നെഹ്റു കരുതി.

ആ ഉൾക്കാഴ്ചയിലാണ് അദ്ദേഹത്തിന്റെ മുൻകൈയിൽ സർവ്വകലാശാലകളും നെഹ്റു മ്യൂസിയം പോലുള്ള കാമ്പസുകളും സ്ഥാപിച്ചത്. സ്വതന്ത്രമായ അക്കാദമിക് സമൂഹമെന്നത് ഏതു രാജ്യത്തിന്റെയും ജനാധിപത്യം നിലനിർത്തുന്നതിലും വിപുലമാക്കുന്നതിലുമുള്ള മുന്നുപാധിയാണ്. അക്കാദമിക് സമൂഹങ്ങളെ നിയന്ത്രിച്ചും പ്രവർത്തിക്കാനനുവദിക്കാതെയുമാണ് ലോകത്തെല്ലായിടത്തും എല്ലാ സമൂഹങ്ങളിലും സമഗ്രാധിപത്യത്തിലേക്കോ ഫാഷിസത്തിലേക്കോ പതിച്ചതെന്നതാണ് ചരിത്രം.

ജവഹർലാൽ നെഹ്റു

എല്ലാ വിജ്ഞാനോൽപാദനകേന്ദ്രങ്ങളെയും ഹിന്ദുത്വവൽക്കരിക്കുകയെന്നതാണ് ആർ.എസ്.എസ് അജണ്ട. ആ അജണ്ടയിൽനിന്നാണ് സംസ്ഥാന പട്ടികയിലുള്ള ലൈബ്രറികളെ ഇപ്പോൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കം നടത്തുന്നത്. കഴിഞ്ഞദിവസം ദൽഹിയിൽ നടന്ന ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസ് വേദിയിലാണ് ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായത്. അതിനെ അതിശക്തമായി കേരളം എതിർക്കുകയും ചെയ്തു.

വിദ്യാഭ്യാസമേഖലയെ സമ്പൂർണമായി കേന്ദ്രീകരിക്കാനും വാണിജ്യവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിച്ചിരിക്കുന്നത്. യാതൊരു അക്കാദമിക് യോഗ്യതയുമില്ലാത്തവരെ ആർ.എസ്.എസുകാരും മോദി ഭക്തരുമാണെന്ന കാരണത്താൽ മാത്രമാണ് ചരിത്ര, സാമൂഹ്യശാസ്ത്ര കൗൺസിലുകളുടെ അധ്യക്ഷന്മാരാക്കിയത്. യു.ജി.സി അധ്യക്ഷനായ ജഗദീഷ്‌കുമാർ ആർ.എസ്.എസിന്റെ വിജ്ഞാനഭാരതി പ്രവർത്തകൻ മാത്രമായിരുന്നു. വിജ്ഞാനഭാരതിയെന്നത് ചാണകത്തിൽ പ്ലൂട്ടോണിയമുണ്ടെന്നും പൗരാണിക ഇന്ത്യയിൽ കാണ്ഡകോശസിദ്ധാന്തവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിക്കുന്ന വർഗീയ വിദ്വേഷികളുടെ സംഘടനയാണ്.

ജഗദീഷ്‌കുമാർ

വിദ്യാഭ്യാസത്തെ തങ്ങളുടെ ഹിന്ദുരാഷ്ട്രനിർമ്മിതിക്കുള്ള പ്രത്യയശാസ്ത്ര ബോധനത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ്. ചരിത്രത്തെ അടിമുടി മാറ്റിയെഴുതാനും ഐതിഹ്യങ്ങളെയും കെട്ടുകഥകളെയും ചരിത്രമാക്കാനുമുള്ള പ്രതിലോമപരമായ നീക്കങ്ങളുടെ ഭാഗമാണ് ശാസ്ത്രാവബോധത്തിനും ജനാധിപത്യത്തിനുംവേണ്ടി നിലകൊണ്ട നെഹ്റുവിന്റെ പേര് സ്മാരകങ്ങളിൽനിന്ന് ചുരണ്ടിക്കളയുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രത്തിലെ മറ്റെല്ലാം സേച്ഛാധിപതികളെയുമെന്നപോലെ താനാണ് രാഷ്ട്രമെന്ന് വിശ്വസിക്കുന്ന മോദിക്ക്, ചരിത്രം സൃഷ്ടിച്ച മഹാനുഭാവന്മാരുടെ പേരുകളെ പോലും ഭയമാണ്. ചാതുർവർണ്യപ്രോക്തമായ വരേണ്യബോധവും അസഹിഷ്ണുതയുമാണ് ആ പ്രത്യയശാസ്ത്രം. അതുകൊണ്ടുതന്നെ ആധുനിക ജനാധിപത്യ മൂല്യങ്ങളുടെയും രാഷ്ട്രീയ സംസ്കാരത്തിന്റെയും ഉജ്ജ്വലപ്രകാശം പരത്തിയ നെഹ്റുവിനെയും നെഹ്റുവിന്റെ ആശയങ്ങളിലൂടെ രൂപംകൊണ്ട ഭരണഘടനയെയും നെഹ്റുവിന്റെ തലമുറകൾ രൂപപ്പെടുത്തിയ ചരിത്രത്തെയുമെല്ലാം മോദി ഭരണകൂടത്തിന് ഭയമാണ്.

Comments