കേരളത്തിലെ പതിനഞ്ചാമത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, നിർണ്ണായക മണ്ഡലങ്ങളായ നേമം, വടകര, പാല, മലമ്പുഴ എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യത്തെ കണക്കുകളും, ചരിത്ര പശ്ചാത്തലവും, അടിസ്ഥാന യാഥാർഥ്യങ്ങളും മുൻനിർത്തി വിശകലനം ചെയ്യുകയാണ് വെബ്‌സീൻ പാക്കറ്റ് 17-ൽ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങൾ.
മലമ്പുഴ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ മത്സരരംഗത്തെ അഭാവത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ, യു.ഡി.എഫിന്റെ സീറ്റ് കേട്ടുകേൾവി പോലുമില്ലാത്ത ഭാരതീയ നാഷണൽ ജനതാദളിന് നൽകി, 2016-ൽ രണ്ടാമതെത്തിയ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്ന സമീപനത്തെ ചോദ്യം ചെയ്യുകയാണ് ട്രൂകോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷൻ എഴുതിയ ലേഖനത്തിൽ. പിന്നീട് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് എസ്.കെ. അനന്തകൃഷ്ണനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ വിജയിച്ച കോൺഗ്രസ്, 2011ൽ സീറ്റ് മുന്നണിയിലെ ജനതാദൾ യുണൈറ്റഡിന് കൈമാറി ചിത്രത്തിൽ പോലുമില്ലാതിരുന്ന ബി.ജെ.പിക്കു വേണ്ടി നിലമൊരുക്കിയതും, 2016ൽ ഒ. രാജഗോപാൽ വിജയിച്ചതും മലമ്പുഴയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതിന് സമാനമാണെന്ന് ലേഖകൻ വിലയിരുത്തുന്നു.
""സംഘപരിവാർ പി.ആർ ഏജൻസികൾ സൗമ്യനാക്കി അവതരിപ്പിക്കാൻ എത്ര ശ്രമിച്ചാലും ഒ. രാജഗോപാലിന്റെ പതിന്മടങ്ങ് കടുപ്പമുള്ള സംഘപരിവാർ മുഖമാണ് കുമ്മനം രാജശേഖരൻ. നിലക്കൽ സംഘർഷകാലത്തും മാറാട് കലാപകാലത്തുമുള്ള കുമ്മനം രാജശേഖരന്റെ പ്രസംഗങ്ങളുടെ വീഡിയോകൾ ഏതെങ്കിലും ചാനൽ സ്റ്റുഡിയോകളിൽ അവശേഷിച്ചിരുന്നു എങ്കിൽ കുമ്മനത്തെ സൗമ്യനാക്കാനുള്ള സംഘപരിവാർ ശ്രമം സമ്പൂർണമായി പരാജയപ്പെട്ടേനേ. സംഘപരിവാർ എത്ര ശ്രമിച്ചാലും ഒ. രാജഗോപാലിന് ആവുന്നത്ര നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാൻ കുമ്മനത്തിന് കഴിയില്ല.''
വടകരയുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രം വരച്ചിടുന്ന രാഷ്ട്രീയഅകവേവുകളുടെ വടകരഎന്ന ലേഖനത്തിൽ, ആർ.എം.പി നേതാവ് കെ.കെ. രമയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിനെ പിന്തുണക്കുമോ എന്ന് ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളേയും അടിസ്ഥാനമാക്കി പരിശോധിക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ വി.കെ. ബാബു. ""2008-ൽ രൂപീകൃതമായശേഷം പതിമൂന്നു വർഷത്തെ ആർ.എം.പിയുടെ നിലപാടുകളും പരിണാമങ്ങളും ഇടതുപക്ഷ പ്രയോഗങ്ങളെ സംബന്ധിച്ച ഒരുപാട് സംവാദങ്ങൾക്കിടം കൊടുക്കുന്നുണ്ട്. നിലവിലെ ഇടതുപക്ഷ ജീർണതക്കെതിരെ പോരാടാനുറച്ച ഒരു പാർട്ടി കോൺഗ്രസ് പാളയത്തിൽ എത്തിച്ചേരുന്നതിലെ വിപര്യയങ്ങൾ, ഇടതുപക്ഷ പ്രയോഗങ്ങൾക്കിടയിലെ ജനാധിപത്യ ഇടം, പാർട്ടിക്കകത്തെ സമരവും പുറത്തെ സമരവും, ഇങ്ങനെ നിരവധി കാര്യങ്ങൾ. ചില സമരങ്ങൾ പ്രസ്ഥാനത്തിനകത്ത് ക്ഷമാപൂർവ്വം നടത്താൻ മാത്രമേ കഴിയൂ എന്നതാണോ ഈ അനുഭവങ്ങൾ കാണിക്കുന്നത്? ഇതുപോലുള്ള കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും ഉയരാത്ത അനേകം ചോദ്യങ്ങൾ ഇവിടെ ഉയരാവുന്നതാണ്. ''
തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിൽ ആന്തരിക ചർച്ചകൾക്ക് വഴിയൊരുക്കുന്നതും ആർ.എം.പിയുടെ ഭാവിയെ സംബന്ധിച്ച് നിർണായകവുമാവുമെന്നും ലേഖകൻ വിലയിരുത്തുന്നു.
കെ.എം. മാണിയുടെ മരണശേഷം എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും ഒരേപോലെ പ്രതിസന്ധിയിലാക്കിയ പാല മണ്ഡലത്തിലെ വിശേഷങ്ങളാണ് സർവോപരി പാലാക്കാര്യം എന്ന ലേഖനത്തിൽ മാധ്യമപ്രവർത്തകൻ ബി. ശ്രീജൻ ചർച്ച ചെയ്യുന്നത്. ""ജനാധിപത്യ പാർട്ടി എന്നാണ് പേരെങ്കിലും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ നടത്തിപ്പ് രീതിയാണ് കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്ക്. പാലായിലെ ഉപതിരഞ്ഞെടുപ്പ് പരാജയം ജോസിന്റെ നേതൃശേഷിയെ സംശയനിഴലിൽ ആക്കിയെങ്കിലും മാണിസാർ സ്ഥാപകനേതാവായ ഐക്യ ജനാധിപത്യ മുന്നണിയുമായി ബന്ധം വിടർത്താൻ തീരുമാനിച്ചത് നല്ല അസ്സല് ചൂതാട്ടമായിരുന്നു.''
ജോസ് കെ. മാണിയുടെ മുന്നണി മാറ്റവും, തുടർന്ന് മാണി സി. കാപ്പന്റെ യു.ഡി.എഫ് പ്രവേശവും പാലയുടെ രാഷ്ട്രീയചിത്രത്തിൽ എങ്ങനെ പ്രതിഫലിക്കും എന്ന് അന്വേഷിക്കുകയാണ് ലേഖകൻ.