നേമം ഇത്തവണ പഴയ നേമമായിരിക്കില്ല

ബി.ജെ.പിയുടെ വോട്ടുഷെയറിലേക്ക് കടന്നുകയറാൻ പറ്റിയ സ്ഥാനാർഥിയാണ് കെ. മുരളീധരൻ. ബി.ജെ.പിക്ക് വോട്ടുചെയ്യുന്ന സവർണ ഹിന്ദു വിഭാഗങ്ങൾക്കൊപ്പം മുസ്ലിം, നാടാർ വോട്ടുകൾ കൂടി അദ്ദേഹത്തിന് സമാഹരിക്കാൻ കഴിഞ്ഞാൽ ഒരേയൊരു മണ്ഡലം ബി.ജെ.പിക്ക് നഷ്ടമാകും. അതായത്, ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ കേന്ദ്രീകരണം മുരളീധരനാണ് ഗുണം ചെയ്യാൻ പോകുന്നത്.

Election Desk

പ്രചാരണത്തിന്റെ രണ്ടു ഘട്ടങ്ങൾ പിന്നിട്ടപ്പോൾ നേമത്ത് മൂന്ന് സ്ഥാനാർഥികളും മണ്ഡലം ഇളക്കിമറിച്ചുകഴിഞ്ഞു. സിറ്റിങ് സീറ്റിൽ, കുമ്മനം രാജശേഖരന്റെ പ്രചാരണത്തിന് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ദേശീയ നേതാക്കളെത്തി. സംസ്ഥാന സർക്കാറിനെതിരായ ആക്ഷേപങ്ങളാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയം.

നേമം എങ്ങനെയെങ്കിലും നിലനിർത്തുക എന്ന ബി.ജെ.പി വാശി മണ്ഡലത്തിലുടനീളം കാണാം. വോട്ട് ധ്രുവീകരണത്തിന് പാർട്ടി ആസൂത്രണം ചെയ്ത ശബരിമല പോലുള്ള പ്രചാരണ വിഷയങ്ങൾ അത്ര ക്ലച്ചുപിടിച്ചിട്ടില്ല. മാത്രമല്ല, കുമ്മനം രാജശേഖരനുമായി തന്നെ താരമത്യപ്പെടുത്തി, സിറ്റിങ് എം.എൽ.എ ഒ. രാജഗോപാൽ നടത്തിയ ചില പരാമർശങ്ങൾ ബി.ജെ.പി ക്യാമ്പിൽ അതൃപ്തി പുകയ്​ക്കുന്നുണ്ട്.

കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആ പാർട്ടിയുടെ വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, ഇത്തവണ കുമ്മനം രാജശേഖരന് ആ വോട്ടുകൾ ലഭിക്കാൻ സാധ്യതയില്ലെന്നുമാണ് രാജഗോപാൽ പറഞ്ഞത്.

അതായത്, കുമ്മനത്തിന് ഇത്തവണ ജയിക്കാൻ പാർട്ടി വോട്ടുകൾ തന്നെ വേണ്ടിവരും എന്നർഥം. 2016ൽ സി.പി.എമ്മിലെ വി. ശിവൻകുട്ടിയെ 8671 വോട്ടിനാണ് രാജഗോപാൽ തോൽപ്പിച്ചത്. ശിവൻകുട്ടിക്ക് 41.39 ശതമാനം വോട്ട് കിട്ടിയപ്പോൾ ബി.ജെ.പിക്ക് 47.46 ശതമാനം വോട്ടാണ് കിട്ടിയത്. പാർട്ടി ബാഹ്യമായ വോട്ടുകൾ രാജഗോപാലിന് കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഒപ്പം, ഏറെ ദുർബലനായ യു.ഡി.എഫ് ഘടകകക്ഷി കൂടിയായപ്പോൾ, കോൺഗ്രസ് വോട്ടുകളിൽ ഒരു പങ്കും രാജഗോപാലിന് കിട്ടി. യു.ഡി.എഫ് സ്ഥാനാർഥിയായ ജനതാദൾ- യുവിന്റെ വി. സുരേന്ദ്രൻ പിള്ള മൂന്നാം സ്ഥാനത്തായിരുന്നു, വെറും 9.70 ശതമാനം വോട്ട്.

രാജഗോപാലിന് കോൺഗ്രസ് വോട്ടുകൾ സ്വഭാവികമായി കിട്ടിയതല്ല എന്ന വിവരം അടുത്ത പുറത്തുവരികയും ചെയ്തു. അതായത്, കോൺഗ്രസ് പച്ചയായി നേമത്ത് വോട്ടുകച്ചവടം നടത്തിയെന്ന രാജഗോപാലിന്റെ വെളിപ്പെടുത്തൽ തെളിയിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടന്ന വോട്ടുകച്ചവടം സ്ഥാനാർഥിയായിരുന്ന വി. സുരേന്ദ്രൻ പിള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും നേമത്ത് യു.ഡി.എഫ് കാഴ്ചക്കാരായിരുന്നു. കോൺഗ്രസ് ഒരുക്കിക്കൊടുത്ത ആ ഗ്യാപിലാണ് ബി.ജെ.പി പിടിച്ചുകയറിയത്. എന്നാൽ, ഇത്തവണ കോൺഗ്രസ് വോട്ടുകൾ കച്ചവടം ചെയ്യപ്പെടില്ല. കാരണം, നേമത്ത് കോൺഗ്രസിന്റെ ലക്ഷ്യം ജയമല്ലാതെ മറ്റൊന്നുമല്ല. കെ. മുരളീധരന്റെ സ്ഥാനാർഥിത്വം കോൺഗ്രസിന്റെ ഒരു കേരള അജണ്ട എന്ന നിലയ്ക്കാണ് പാർട്ടി പ്രചരിപ്പിക്കുന്നത്.

അതായത്, മുരളീധരനുമാത്രമല്ല, മുന്നണിക്കും അതൊരു ജീവന്മരണപോരാട്ടമാണ്. അപ്പോൾ, ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുന്ന ചില ഘടകങ്ങളുണ്ട്. ഒന്ന്, കോൺഗ്രസ് വോട്ടിന്റെ അഭാവം. രണ്ട്, രാജഗോപാലിന്റെ വ്യക്തി പ്രഭാവം കുമ്മനം രാജശേഖരന് ഇല്ലാത്തതിനാൽ, പാർട്ടിക്കുപുറത്തുള്ള വോട്ടുകൾ കിട്ടാൻ സാധ്യതയില്ല. ഏറ്റവും പ്രധാനം, ബി.ജെ.പിയുടെ വോട്ടുഷെയറിലേക്ക് കടന്നുകയറാൻ പറ്റിയ സ്ഥാനാർഥിയാണ് കെ. മുരളീധരൻ എന്നതാണ്.

ബി.ജെ.പിക്ക് വോട്ടുചെയ്യുന്ന സവർണ ഹിന്ദു വിഭാഗങ്ങൾക്കൊപ്പം മുസ്ലിം, നാടാർ വോട്ടുകൾ കൂടി അദ്ദേഹത്തിന് സമാഹരിക്കാൻ കഴിഞ്ഞാൽ ഒരേയൊരു മണ്ഡലം ബി.ജെ.പിക്ക് നഷ്ടമാകും. അതായത്, ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ കേന്ദ്രീകരണം മുരളീധരനാണ് ഗുണം ചെയ്യാൻ പോകുന്നത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പുമാണ് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്ന കണക്കുകൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശശി തരൂരിനെതിരെ ബി.ജെ.പിയുടെ കുമ്മനം രാജശേഖരൻ നേമത്ത് നേടിയത് 12,041 വോട്ടിന്റെ ഭൂരിപക്ഷമാണ്. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേമം നിയോജകമണ്ഡലത്തിൽ വരുന്ന 23 ഡിവിഷനുകളിൽ 14 ഇടത്ത് ബി.ജെ.പിയും ഒമ്പതിടത്ത് എൽ.ഡി.എഫുമാണ് ജയിച്ചത്. ഒരു വാർഡുപോലും യു.ഡി.എഫിന് ലഭിച്ചില്ല. എന്നാൽ, ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ- തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പാറ്റേൺ ആവർത്തിക്കാറില്ല. മാത്രമല്ല, കോൺഗ്രസിന് മത്സരം അഭിമാനപ്രശ്നമായതോടെ, എൽ.ഡി.എഫിനെയാണ് അവർ എതിർസ്ഥാനത്തുനിർത്തുന്നത്. അത് രാഷ്ട്രീയ വോട്ടുകളുടെ ഒരു ഏകീകരണം കൂടി നേമത്തുണ്ടാക്കാൻ സാധ്യതയുണ്ട്.

അതിനിടെ, വ്യാജവോട്ടുപരാതി വ്യാപകമാണ്. നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ മാത്രമായി 35,032 വ്യാജവോട്ടുകളുടെ പട്ടികയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പുകമീഷന് കൈമാറിയിരിക്കുന്നത്.

ഇടതുപക്ഷത്തിനും കോൺഗ്രസിനും ശക്തമായ വോട്ടുബേസുള്ള മണ്ഡലമാണ് നേമം. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥി എ. സദാശിവൻ പി.എസ്.പിയിലെ വിശ്വംഭരനെ തോൽപ്പിച്ചു. 1960ൽ വിശ്വംഭരനായിരുന്നു ജയം. 1965ൽ സി.പി.എം സ്ഥാനാർഥിയായിരുന്ന എം. സദാശിവനെ കോൺഗ്രസിലെ നാരായണൻ നായർ തോൽപ്പിച്ചു. 1967ൽ എം. സദാശിവന് വീണ്ടും ജയം.
1970ൽ സദാശിവനെ പി.എസ്.പി സ്ഥാനാർഥി ജി. കുട്ടപ്പൻ തോൽപ്പിച്ചു. 1977ൽ പള്ളിച്ചൽ സദാശിവനെ കോൺഗ്രസ് സ്ഥാനാർഥി എസ്. വരദരാജൻ നായർ തോൽപ്പിച്ചു. 1980ൽ കോൺഗ്രസ്- ഐയിലെ ഇ. രമേശൻ നായർ വരദരാജൻ നായരെ തോൽപ്പിച്ചു.

1982ൽ നേമത്തെ ശ്രദ്ധാകേന്ദ്രമാക്കിയ ഒരു മത്സരം നടന്നു. കെ. കരുണാകരൻ മാളക്കൊപ്പം നേമത്തും മത്സരിച്ച് ജയിച്ചു. പിന്നീട്, നേമത്തുനിന്ന് രാജിവെച്ചു. 1987ൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.ജെ. തങ്കപ്പൻ വി.എസ്. മഹേശ്വരൻ പിള്ളയെയും 1991ൽ സ്റ്റാൻലി സത്യനേശനെയും തോൽപ്പിച്ചു. 1996ൽ എൽ.ഡി.എഫിലെ വെങ്ങാനൂർ ഭാസ്‌കരൻ കോൺഗ്രസിലെ കെ. മോഹൻകുമാറിനെ തോൽപ്പിച്ചു. 2001, 2006 വർഷങ്ങളിൽ വെങ്ങാനൂർ ഭാസ്‌കരനെ തോൽപ്പിച്ച് എൻ. ശക്തൻ മണ്ഡലം പിടിച്ചു. 2011ൽ ഒ. രാജഗോപാലും വി. ശിവൻകുട്ടിക്കായിരുന്നു ജയം. ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തായി.


Comments