ചെറിയ മീനുകളോട് പോകാൻ പറയുന്ന പിണറായി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, തുടർഭരണം ഉറപ്പാക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയപാർട്ടികളിലും സാമുദായിക സംഘടനകളിലും ജാതി- മത വോട്ടുബാങ്കുകളിലും ഉണ്ടാകാനിടയുള്ള ചലനങ്ങളും ഡാറ്റകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ലേഖകൻ

ദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനിരിക്കുമ്പോൾ കഥ പറയുമ്പോൾ എന്ന സിനിമയിലെ ഒരു രംഗം ആണ് ഓർമയിൽ വരുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് കഴിക്കാൻ പുഴമീൻ പിടിക്കാൻ ആറ്റിലിറങ്ങിയ സുരാജിന്റെ കഥാപാത്രം ‘ആ ചെറിയ മീനുകളോട് പോവാൻ പറ' എന്നുപറയുന്ന ഒരു രംഗം ഉണ്ട്. അതേപോലെ വലിയ മീനുകളെ ലക്ഷ്യമിട്ടു ചെറിയ മീനുകളോട് (ചെറിയ തോൽവികളോട്) പോകാൻ പറയുന്ന പിണറായിയെ ആണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ടത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കൈവരിച്ച ജയം ആരെയും അതിശയിപ്പിക്കുന്നതാണ്. ഭരണ വിരുദ്ധ വികാരം അതിജീവിച്ച്, ഭരിക്കുന്ന പക്ഷം ഇത്രയും ആധികാരികമായി ജയിച്ച മുൻകാലം പെട്ടെന്നൊന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. ഇത് കേരള രാഷ്ട്രീയത്തിൽ പുതിയ പാഠമാണ്. തിരഞ്ഞെടുപ്പ് ഫലം അപഗ്രഥിക്കുമ്പോൾ തെളിയുന്ന ചില പ്രവണതകളും അത് തുറന്നുതരുന്ന ചില സാധ്യതകളുമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

സാമൂഹിക ശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ച് അനുമാനങ്ങൾ (Hypothesis), വേണ്ട വിധത്തിലുള്ളള്ള ഡാറ്റ ശേഖരണത്തിന്റെയും അപഗ്രഥനത്തിന്റെയും പരിശോധനയുടേയും അടിസ്ഥാനത്തിൽൽ തെളിയിക്കേണ്ട ഒന്നാണ്. 2006 ൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇറക്കിയ കേരള പഠനം- കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു? എന്ന ഗവേഷണ ഗ്രന്ഥം, തിരഞ്ഞെടുപ്പ് കമീഷന്റെ ഇലക്ഷൻ സ്ഥിതി വിവരക്കണക്കുകൾ, മാധ്യമ റിപ്പോർട്ടുകൾ, പിന്നെ ഈ ലേഖകന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അപഗ്രഥനം നടത്തുന്നത്.

ഇപ്പോൾ തെരഞ്ഞെടുപ്പ്​ നടന്നാൽ എൽ.ഡി.എഫിന്​ നൂറിലേറെ സീറ്റ്​

ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ എൽ.ഡി.എഫിന് നൂറിലേറെ സീറ്റ് കിട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സാധാരണ പ്രാദേശിക വികാരങ്ങളും വ്യക്തി പ്രഭാവവും അടിസ്ഥാനമാക്കിയുള്ള വോട്ടിംഗ് ആണ് കണ്ടുവരാറ്. എന്നാൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വോട്ടിങ്ങിൽ ഇടതു- വലതു രാഷ്ട്രീയത്തിന് കിട്ടുന്ന ജനപിന്തുണയാണ് പ്രതിഫലിക്കാറ്. ഇത്തവണ ഇവിടിങ്ങളിലെ മിന്നുന്ന പ്രകടനം വരാൻ പോകുന്ന അസംബ്ലി ഇലക്ഷനിൽ എൽ.ഡി.എഫിന് ഒത്തിരി വിയർക്കേണ്ടി വരില്ല എന്ന സൂചന നൽകുന്നു.

ഇടതുമുന്നണിയെ സഹായിച്ച അഞ്ച് പ്രധാന ഘടകങ്ങൾ:
1. സർക്കാർ തുടരുന്ന ക്ഷേമ രാഷ്ട്ര (Welfare State) സങ്കൽപത്തിലുള്ളള്ള പദ്ധതികൾ. മെച്ചപ്പടുന്ന പൊതു ആരോഗ്യ, പൊതു വിദ്യാഭ്യാസ രംഗം, ക്ഷേമ പെൻഷനുകളുടെ കാര്യക്ഷമമായ വിതരണം, കോവിഡ് കാല സൗജന്യ കിറ്റ് വിതരണം എന്നിവ ചില ഉദാഹരണം.

2. കിഫ്ബി മസാല ബോണ്ട് എന്ന നവ സാമ്പത്തിക ഉപകരണം (Financial Instruments) വഴിയുള്ള വിഭവ സമാഹരണവും വിതരണവും. പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ, ഹൈടെക് ആവുന്ന പൊതു സ്‌കൂളുകൾ, എന്നിവ ചില ഉദാഹരണം.

3. പ്രളയം, നിപ്പ, കോവിഡ് കാലത്തു കാണിച്ച ക്രൈസിസ് മാനേജ്‌മെന്റ് മികവും നേതൃപാടവവും.

4. ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയത നേരിടുന്നതിൽ കാണിച്ച കർക്കശ്യവും സ്ഥിരതയും. കോൺഗ്രസിനെ നശിപ്പിച്ച മൃദു ഹിന്ദുത്വ സമീപനം തങ്ങളെയും ബാധിക്കാതിരിക്കാൻ പുലർത്തുന്ന ശ്രദ്ധ. ശബരിമല വിഷയം സുവർണാവസരം ആക്കി സംസ്ഥാനത്തെ കാവിവൽക്കരിക്കാൻ സംഘ്പരിവാർ ശ്രമിച്ചപ്പോൾ അതിനെ വിജയകരമായി ചെറുക്കാൻ എൽ.ഡി.എഫിനായി. സമുദായ നേതാക്കളുടെ അഭിപ്രായം വെച്ച് ഭരണത്തിന്റെ താക്കോൽസ്ഥാനം വീതംവെക്കാൻ മുതിരാതിരുന്നതും പൊതുസമൂഹം മതിപ്പോടെ കണ്ടു. ഭൂരിപക്ഷ- ന്യൂനപക്ഷ രാഷ്ട്രീയം കളിക്കുന്നവർ പിണറായി സർക്കാരിന് മറുപക്ഷത്തോട് പ്രീണന നയമാണെന്ന് ആരോപിക്കുമെങ്കിലും പൊതുവെ ഭരണഘടനയും മതനിരപേക്ഷതയും സർക്കാർ മുറുകെപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നുകാണാം.

5. നമ്മുടെ ജനാധിപത്യത്തിൽ ‘വര ആദ്യം കടക്കുന്നവൻ വാഴും' (First Past The Post) എന്നാവുമ്പോൾ സ്വീകരിക്കേണ്ട കക്ഷി രാഷ്ട്രീയ ബലതന്ത്രം തന്ത്രമായി (Stragegy) തന്നെ കൊണ്ടുനടന്നത്. വളരെ ചെറിയ ഭൂരിപക്ഷത്തിന് അസംബ്ലി ഇലക്ഷൻ ഫലം പോലും മാറിമറിയുമ്പോൾ മറുപക്ഷത്തെ കേരള കോൺഗ്രസ്- എം, എൽ.ജെ.ഡി തുടങ്ങിയ അതൃപ്തരെ കൂടെ കൂടിയതും നേട്ടമായി.

മുകളിൽ പറഞ്ഞ ഘടകങ്ങൾ പല അളവിലും തീവ്രതയിലും മിക്ക ജില്ലകളിൽ ഏശിയിട്ടുണ്ടാവും. എന്നാലും അധിക ജില്ലകളിലും ഒരേപോലെ ഏശിയിരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ നോക്കാം. 2006ൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇറക്കിയ കേരള പഠനം-കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു? എന്ന ഗ്രന്ഥം കേരളം എന്ന സാമൂഹ്യാവസ്ഥയെ മനസ്സിലാക്കാൻ ഉപകരിക്കും. ഈ പുസ്തകത്തിലെ ചില ഉൾക്കാഴ്ചകൾ (insights) കൂടി കടം കൊണ്ടിട്ടാണ് തുടർന്നുവരുന്ന നിരീക്ഷണങ്ങൾ.

തല്ലിൽ തോറ്റാലും യുദ്ധം ജയിക്കുന്ന പിണറായി

ഈ ഇലക്ഷനിൽ ഇടതുമുന്നണി സ്വീകരിച്ച ഒരു തന്ത്രം, തല്ലിൽ തോറ്റാലും യുദ്ധം ജയിക്കക്കണം (Lose the battle.Win the War) എന്നതാണ്. ഇതിൽ പ്രധാനം മലബാറിൽ ചില പഞ്ചായത്തുകളിൽ കണ്ട യു.ഡി.എഫ്- വെൽഫെയർ പാർട്ടി കൂട്ടുകെട്ടിനെ അന്തരീക്ഷത്തിൽ നിർത്തുക എന്നതായിരുന്നു. അങ്ങനെ പൊളിറ്റിക്കൽ ഇസ്‌ലാം, മതരാഷ്ട്ര വാദം തുടങ്ങിയവ കൊണ്ടുനടക്കുന്ന ജമാഅത്തെ ഇസ്‌ലാമി- വെൽഫെയർ പാർട്ടി കൂട്ടവും അവരുമായി കൂട്ടുകൂടിയ യു.ഡി.എഫ് അവിവേകവും വോട്ടർമാരുടെ മനസിന്റെ തുഞ്ചത്തു (Top of Mind) ഇടം പിടിച്ചു. ഈ ബാന്ധവത്തിൽ യു.ഡി.എഫിന് ചുരുക്കം പഞ്ചായത്തുകളിൽ നേട്ടം ഉണ്ടായപ്പോൾ ഇടതുമുന്നണിക്ക് മുക്കം പോലെ 25 വർഷമായി ഭരിക്കുന്ന മുൻസിപ്പാലിറ്റികളിൽ തിരിച്ചടി ഉണ്ടായി. എങ്കിൽ തന്നെയും തൃശൂർ മുതൽ തിരുവനന്തപുരം വരെ വലിയ അളവിൽ വിജയം കൊയ്യാൻ എൽ.ഡി.എഫിനു ഈ തന്ത്രവും മറ്റു അനൂകൂല ഘടകങ്ങളും വഴി കഴിഞ്ഞു.

ചെറിയ മീനുകളോട് പോകാൻ പറയുമ്പോൾ കൂടെ പോരുന്ന വലിയ നിക്ഷ്പക്ഷ വോട്ടുകളുടെ സ്ഥിതി പരിഷത്ത് പഠനം വഴി പരിശോധിക്കാം.

കേരളത്തിൽ ഒരേ മുന്നണിക്ക് വോട്ട് ചെയ്യുന്നവരുടെ ശതമാനം 67 ആണ് (എൽ.ഡി.എഫ്- യു.ഡി.എഫ്- ബി.ജെ.പി: 83%- 69%- 57%). ഈ പഠനം പ്രസിദ്ധികരിച്ച 2006ൽ നിന്ന് 2020 ലേക്ക് വരുമ്പോൾ ബി.ജെ.പിയിലുണ്ടായ വളർച്ച കണക്കിലെടുത്താലും ഇപ്പോഴത്തെ 30% വോട്ടർമാർ നിക്ഷ്പക്ഷ ഗണത്തിൽ പെട്ടവരാണ് എന്നുകരുതാം.

ഇനി കേരളത്തിലെ ജാതി മത ഘടന നോക്കാം.

ജനസംഖ്യയുടെ ഈ പൊതു ഘടനാഅനുപാതം നിക്ഷ്പക്ഷ വോട്ടർ ഗണത്തിൽ പ്രയോഗിക്കുമ്പോൾ 54 % ഹിന്ദുക്കളും 27 % മുസ്‌ലിംകളും 18 % ക്രിസ്തുമതക്കാരുമാണ് എന്ന് ഏതാണ്ട് കാണാം. അപ്പോൾ ഭൂരിപക്ഷമുള്ള നിക്ഷ്പക്ഷ ഹിന്ദു വോട്ടർമാരെ ആകർഷിക്കുന്ന നിലപാടുകൾ പുലർത്തുകയും അത് മൃദുഹിന്ദുത്വ നയത്തിലേക്കു പോകാതെ കരുതൽ വെക്കുകയും ചെയ്താൽ നിഷ്പക്ഷ വോട്ടർമാരുടെ സിംഹഭാഗവും പാട്ടിലാക്കാൻ പാർട്ടികൾക്ക് ആവും. എൽ.ഡി.എഫിന്റെ മുന്നാക്ക സംവരണം, ആന്റി നക്‌സൽ ഡ്രൈവുകൾ, ആന്റി- ജമാഅത്തെ ഇസ്‌ലാമി പ്രസ്താവങ്ങൾ എന്നിവ വലിയ അളവിൽ നിക്ഷ്പക്ഷ ഹിന്ദു വോട്ടർമാർക്ക് ഉള്ളതാണെങ്കിൽ ശക്തമായ ആന്റി- ആർ.എസ്.എസ് നിലപാടുകൾ, സി.എ.എ, ഗോവധ നിരോധനം തുടങ്ങിയവയോടുള്ള പരസ്യമായ എതിർപ്പ് തുടങ്ങിയവ ന്യൂനപക്ഷ നിഷ്പക്ഷ വോട്ടർമാർക്കുള്ളതാണ്. എൽ.ഡി.എഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവർക്കും ഇത്തരം നയങ്ങൾ മുഷിപ്പുണ്ടാക്കില്ല.

2015ലെ നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പേ എൽ.ഡി.എഫ് ഈ തന്ത്രം പയറ്റാൻ തുടങ്ങിയതാണ്. ഇപ്പോഴത് കൂടുതൽ ശക്തമാവുന്ന കാഴ്ചയാണ് കാണുന്നത്. മുസ്‌ലിം സ്വത്വരാഷ്ട്രീയം കളിക്കുന്ന ലീഗും ഈ സ്ട്രാറ്റജിയുടെ ഭാഗമായി അക്രമിക്കപ്പെടും. റിപ്പബ്ലിക്കൻ വികാരങ്ങൾ ലോകമൊട്ടുക്കും സ്വയം പ്രകാശിക്കുമ്പോൾ ഇത്തരം പുറമെ കാണിക്കൽ (Optics Management) പാർട്ടികൾ എടുക്കാൻ നിർബന്ധിരാവുന്നതു സ്വാഭാവികം. അതുകൊണ്ടു തന്നെ ചരിത്രത്തിൽ ഇടതുപക്ഷം ലീഗുമായി സഹകരിച്ചതും കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടി ഇടതിനെ അനൗദ്യോഗികമായി തുണച്ചതൊന്നും പുതിയ നിലപാടുകൾ സ്വീകരിക്കുന്നതിൽ ഇടതുമുന്നണിക്ക് മറയും തടയും ആവുന്നില്ല.

തുലോം ചെറിയ പാർട്ടിയായ തങ്ങളെ ഇടതു നേതാക്കൾ അകാരണമായി ഉന്നം വെക്കുന്നു എന്ന പരാതി വെൽഫെയർ പാർട്ടിക്ക് കുറച്ചായിട്ടുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ജമാഅത്തെ ഇസ്‌ലാമി അസി. അമീർ മുജീബ് റഹ്മാൻ തുടങ്ങിയവർ വാർത്താസമ്മേളനങ്ങളിലും ഫേസ്ബുക്ക് പോസ്റ്റിലും ഇത് പരാമർശിച്ചിക്കുകയും സി.പി.എമ്മിനെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. താമരശ്ശേരിയിൽ നടന്ന ഒരു പൊതുയോഗത്തിൽ സി.പി.എം കോഴിക്കോട് ജില്ല സെക്രെട്ടറി മോഹനൻ മാസ്റ്റർ കോഴിക്കോട് ആസ്ഥാനമായ ഇസ്‌ലാമിസ്റ്റ് തീവ്രവാദ സംഘടനകൾക്ക് നക്‌സലുകളുമായി ബന്ധമുണ്ടെന്നു ആരോപിച്ചത് ചർച്ചയായി. കഴിഞ്ഞ ഡി.സി. ബുക്‌സ് ലിറ്ററചേർ ഫെസ്റ്റിൽ നടന്ന സംവാദത്തിൽ, ഇ.പി. ജയരാജൻ ഇസ്‌ലാമിസ്റ്റ് - നക്‌സൽ ബന്ധം ആവർത്തിച്ച് വിവാദം കൊഴുപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകരായ അലനെയും താഹയെയും നക്‌സൽ ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സമയം കൂടിയായിരുന്നു അത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്- വെൽഫെയർ പാർട്ടി ബന്ധം മറ നീക്കിയ ഒന്നായിരുന്നു മുക്കം മുൻസിപ്പാലിറ്റി. 18 ,19 20, 21 ഡിവിഷനുകളിൽ വെൽഫെയർ പാർട്ടി വോട്ട് നിർണായകമാണ്. മുക്കത്തെ ചേന്ദമംഗലൂർ പ്രദേശമാണിത്. ഈ ലേഖകനും മുക്കം 21 ാം ഡിവിഷനിലെ വോട്ടറാണ്. ഇവിടങ്ങളിലെ യു.ഡി.എഫ്- വെൽഫെയർ പാർട്ടി പോസ്റ്ററുകൾ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് പി.എ. മുഹമ്മദ് റിയാസ് ‘യു.ഡി.ഫ് എന്ന മുന്നണിയിലെ സെക്കുലർ വാദികളെ, നിങ്ങൾക്ക് എൽ.ഡി.എഫിലേക്ക് സ്വാഗതം ' എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായിരുന്നു അടുത്ത വിവാദം. യു.ഡി.എഫ് നേതാക്കൾ ജമാഅത്തെ ഇസ്‌ലാമി അമീറിനെ സന്ദർശിച്ചതും വാർത്തയായി. ശരാശരി മലയാളി ജമാഅത്തെ ഇസ്‌ലാമിയെ ഇസ്‌ലാമിസ്റ്റ് സ്വഭാവമുള്ള മതരാഷ്ട്രവാദികളുടെ കൂട്ടമായിട്ടാണ് കാണുന്നത്.

മത- ജാതി വിശ്വാസം അനുസരിച്ചുള്ള മുന്നണി ഘടന

കേരള പഠനത്തിൽ സാമ്പത്തികം, മതം, ജാതി, പ്രദേശം അനുസരിച്ചുള്ള മുന്നണിഘടന പറയുന്നത് ഇങ്ങനെയാണ്:

മുകളിലെ പട്ടികയിൽ നിന്ന് കേരളത്തിലെ ജനസംഖ്യയിൽ 42 % ന്യൂനപക്ഷം ആവുമ്പോൾ എൽ.ഡി.എഫിന്റെ ജനപിന്തുണയിൽ 30 % മേ നൂന്യപക്ഷ വിഭാഗങ്ങളുള്ളൂ. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ, എൽ.ഡി.എഫിനെ പിന്തുണക്കുന്നവരിൽ 70% ശതമാനവും ഹിന്ദുക്കൾ ആണെന്നർഥം. എന്നാൽ യു.ഡി.എഫിന് 61% ആണ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ള പിന്തുണ. കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ കുറെയൊക്കെ മുസ്‌ലിംലീഗ്, കോൺഗ്രസ്, കേരള കോൺഗ്രസ് പാർട്ടികൾക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ വോട്ടുകളിൽ സി.പി.എം, കോൺഗ്രസ്, സി.പി.ഐ തുടങ്ങിയ പാർട്ടികൾ പങ്കു പറ്റുന്നുണ്ടെങ്കിലും സി.പി.എം തന്നെയാണ് നല്ലൊരു വിഹിതവും എടുക്കുന്നത്.

എന്നാൽ ഈ സ്ഥിതിയിൽ കാര്യമായ മാറ്റം 2014 മുതൽ ഉണ്ടാവുന്നതായി കാണാം. നരേന്ദ്ര മോദി സർക്കാരിന്റെ വരവും കോൺഗ്രസിന്റെ ജഡത്വവും മുസ്‌ലിംലീഗിന്റെ ഉപരിവർഗ ദുർമേദസും മുസ്‌ലിം മധ്യ-അടിസ്ഥാന തട്ടുകളുമായുള്ള വ്യതിചലനവും, മുസ്‌ലിം ന്യൂനപക്ഷങ്ങളിൽ ഇനി എന്ത് എന്ന ചിന്തയും അരക്ഷിതാവസ്ഥയും ണ്ടാക്കിയിട്ടുണ്ട്. ഈ ശൂന്യതയിലേക്കാണ് പിണറായി വിജയൻ കടന്നു വരുന്നത്. ഇപ്പോൾ ലീഗിന്റെ കോട്ട മണ്ഡലങ്ങൾ ഒഴിച്ചുനിർത്തിയാൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ മറ്റിടങ്ങളിൽ എൽ.ഡി.എഫിനെ പിന്തുണക്കുന്നു എന്നുവേണം കാണാൻ. എൽ.ഡി.എഫ് തുടർച്ചയായി നേടുന്ന തിരഞ്ഞെടുപ്പ് വിജയവും, മലബാറിൽ പിണറായി പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ മുമ്പ് കാണാത്ത വിധത്തിലുള്ള ജനത്തിന്റെ ഒഴുക്കും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നിക്ഷ്പക്ഷ വോട്ടുകൾ വിധി നിർണയിക്കുമ്പോൾ

2016 ലെ നിയമസഭാ ഇലക്ഷനിൽ 10,000 വോട്ടോ അതിൽ താഴെയോ മാത്രം മാർജിനിൽ വിജയിച്ച സീറ്റുകളുടെ കണക്കു നോക്കാം:

58 സീറ്റുകളിൽ ഭൂരിപക്ഷം 10,000 മോ അതിൽ കുറവോ ആണ്. നിഷ്പക്ഷ വോട്ടുകളുടെ ജില്ലാ തിരിച്ചുള്ള കണക്ക് താഴെ കൊടുക്കുന്നു*:

60 ലക്ഷത്തിൽ കൂടുതൽ വരുന്ന ഈ മൊത്തം നിക്ഷ്പക്ഷ വോട്ടുകൾ 140 നിയോജക മണ്ഡലങ്ങളിൽ വരുമ്പോൾ ഏകദേശം 43000ഓളം വരും.ഈ നിഷ്പക്ഷ വോട്ടുകൾ പ്രശ്‌നാധിഷ്ഠിതമായി ഇതുവരെ ഇരു പക്ഷത്തേക്കും മാറുന്നത് കൊണ്ട് ആണ് ഓരോ 5 വർഷം കൂടുമ്പോഴും കേരളത്തിൽ മുന്നണികൾ മാറി മാറി ഭരണം പിടിക്കുന്നത്.

ഉദാഹരണമായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലം എടുക്കാം*.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ഇവിടെ 3008 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ലീഗിന് കഷ്ടിച്ചു കടന്നുകൂടാൻ എൽ.ഡി.എഫിനെ തുണച്ച നിഷ്പക്ഷ വോട്ടർമാരിൽനിന്ന് 1505 പേരെ മാത്രം ആകർഷിക്കാനായിരുന്നേൽ ഫലം മാറിമറിഞ്ഞേനെ. അതായത്, നിക്ഷ്പക്ഷ വോട്ടർമാരുടെ 1.1 % ചാഞ്ചാട്ടം (swing ) മാത്രം മതി ചിത്രം മാറാൻ . 1.9 % ചാഞ്ചാട്ടം ലീഗിന് 1965 വോട്ടിന്റെ ഭൂരിപക്ഷം കൊടുത്തേനെ. ചുരുക്കിപ്പറഞ്ഞാൽ നിഷ്പക്ഷ വോട്ടുകളുംചെറിയ പാർട്ടികളുമായുള്ള പ്രാദേശിക നീക്കുപോക്കുകളും തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കും.

*ഇവിടെ പാർട്ടി സ്ഥിര വോട്ട് -നിഷ്പക്ഷ വോട്ട് എന്നത് 70:30 എന്ന പൊതു അനുപാതം വെച്ചാണ് എടുത്തിട്ടുള്ളത്. ഇതിന്റെ കൃത്യത ഓരോ മണ്ഡലത്തിലെയും സവിശേഷതകളും സൂചനകളും കൃത്യമായി ഉപയോഗപ്പെടുത്തിയാൽ കൈകാര്യം ചെയ്യുന്നതേയുള്ളൂ.

ചെറിയ മീനുകളും നിഷ്പക്ഷരുടെ സോഷ്യൽ എഞ്ചിനീയറിംഗും

പിണറായി ചെറിയ മീനുകളോട് പോകാൻ പറയുമ്പോൾ, നിഷ്പക്ഷ വോട്ടുകളുടെ ഒരു എൽ.ഡി.എഫ് അനുകൂല സോഷ്യൽ എഞ്ചിനീയറിംഗ് ആണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 2015ൽ തുടങ്ങി പടിപടിയായി ശക്തിയാർജിച്ച ഈ സോഷ്യൽ എഞ്ചിനീയറിംഗ് ഇപ്പോൾ വീണ്ടും സംസ്ഥാന ഭരണം എൽ.ഡി.എഫിനു സമ്മാനിക്കാൻ കൂടുതൽ സാധ്യത കൊടുക്കുന്ന തലത്തിലേക്ക് വിടർച്ച സംഭവിച്ചിരിക്കുന്നു. തുലോം ചെറിയ മീനുകളായ ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ നിക്ഷ്പക്ഷ വോട്ടുകൾ എൽ.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു.

ഭൂരിപക്ഷ വർഗീയതയെ കർക്കശമായി നേരിടുന്നത് ന്യൂനപക്ഷ വോട്ടുകൾ മുമ്പെന്നും ഇല്ലാത്ത വിധത്തിൽ എൽ.ഡി.എഫിനു നേടിക്കൊടുക്കുന്നു. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, പിന്നീട് വന്ന പല പഞ്ചായത്ത്, അസംബ്ലി ഉപതിരഞ്ഞെടുപ്പുകൾ, 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവയിൽ എൽ.ഡി.എഫ് പൊതുവെ നേടിയ മുൻതൂക്കം ഈ സോഷ്യൽ എഞ്ചിനീയറിംഗ് എൽ.ഡി.എഫിനു നല്ല ലാഭം കൊടുക്കുന്നുണ്ടെന്നു തെളിയിക്കുന്നു.

ഇതിന് അപവാദം, 2020ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രമാണ്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിനുള്ള പരിമിത വേഷം, കേരളത്തിലെ ശക്തമായ ആന്റി മോദി വികാരം, രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്ക് മൽസരിക്കാനുള്ള വരവ്, മോദി പോയി രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവും എന്ന പ്രചാരണം, ശബരിമല വിവാദത്തിലെ അതൃപ്തി എന്നിവ എൽ.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ വിനയായി. എങ്കിലും ഇപ്പോൾ ഈ ‘ചെറുമീൻ തന്ത്രം'വും സാമൂഹിക ക്ഷേമ പദ്ധതികളും നേരത്തെ എണ്ണിയ മറ്റു ഘടകങ്ങളും എൽ.ഡി.എഫിന്റെ നില സംസ്ഥാന-പഞ്ചായത്തു തലത്തിൽ ഭദ്രമാക്കുന്നു.

ചെറുമീൻ തന്ത്രത്തിലെ സോഷ്യൽ എഞ്ചിനീയറിംഗ് അപകടം തിരിച്ചറിഞ്ഞ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ലീഗ് നേതാക്കളും എല്ലാം ഈ ബന്ധം ഇല്ലെന്ന് സമർത്ഥിക്കാൻ കഷ്ടപ്പെട്ടു. എന്നാൽ എം.എം. ഹസൻ ബന്ധം ഉണ്ടെന്നും പറഞ്ഞു. അടുത്ത കാലത്ത് വട്ടിയൂർക്കാവും (നിയമസഭ) വടകരയും (ലോക്‌സഭ) മത്സരിച്ചു ജയിച്ച മുരളീധരന് ഒറ്റ- ഇരട്ട ദിവസതന്ത്രം പുറത്തിറക്കേണ്ടിവന്നു. അതായത്, ഒറ്റ ദിവസങ്ങളിൽ (odd days) ബന്ധം ഉണ്ടെന്നു പറയുമ്പോൾ ഇരട്ട ദിവസം (even days) ബന്ധം ഇല്ലെന്നു പറയലാണ് ഈ തന്ത്രം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇവരുടെ പേടി ശരിയെന്നു ബോധ്യപ്പെടുകയും ചെയ്തു.

മുന്നണി സമവാക്യങ്ങൾ: ചില പ്രവചനങ്ങൾ

Prediction is very difficult, especially if it's about the future!
ഫിസിക്‌സിൽ നോബൽ സമ്മാനം നേടിയ നീൽസ് ബോർ എന്ന ശാസ്ത്രജ്ഞൻ പറഞ്ഞ വാക്കുകളാണിത്. ഭാവി പ്രവചിക്കുമ്പോൾ മുഖത്തേക്ക് മുട്ടയേറ് കിട്ടനാണ് സാധ്യത കൂടുതൽ. എന്നാലും ചില പ്രവചങ്ങൾ നിരത്തട്ടെ.

1. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ (വലിയ സാധ്യതയുള്ള) തോൽവി യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. സംഘപരിവാർ പാളയത്തിലേക്ക് ചില നേതാക്കൾ ചേക്കറും. ബി.ജെ.പിക്ക് വലിയ മീനുകളെ കിട്ടുമെങ്കിൽ കേരളത്തിലെ കോൺഗ്രസ് അപ്രധാനമാവും. ഒരുനാൾ എ.ഐ.സി.സിയിൽ നിന്ന് ബന്ധം ഉപേക്ഷിച്ച ഒരു കേരള പ്രദേശ് കോൺഗ്രസ് ഉണ്ടായാലും അത്ഭുതം ഇല്ല.

2. സംഘ പരിവാറിന്റെ ‘പ്രൊജക്റ്റ് 2026' എന്ന, കേരള ഭരണം 2026 ൽ പിടിക്കുക എന്ന തന്ത്രം വരും വർഷങ്ങളിൽ നിറഞ്ഞാടും. അൽഫോൻസ് കണ്ണന്താനത്തെ എൽപ്പിച്ചിരുന്ന ക്രിസ്ത്യൻ ബെൽറ്റ്, എ.പി. അബ്ദുള്ളക്കുട്ടിയെ ഏൽപ്പിച്ചിരിക്കുന്ന മുസ്‌ലിം ബെൽറ്റ്, ടി.പി. സെൻകുമാർ- സുഭാഷ് വാസു എന്നിവരെ ഏൽപിച്ചിരുന്ന ഈഴവ- തിയ്യ ബെൽറ്റ് എന്നിവയിൽ അവർക്കുണ്ടാക്കാവുന്ന മുന്നേറ്റം കണ്ടുതന്നെ കാണണം. ഈ മുന്നേറ്റം കാഴ്ചവെക്കാനായാൽ എൽ.ഡി.എഫിനും എൻ.ഡി.എക്കും ശേഷം പതിയെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.

3. വരും തിരഞ്ഞെടുപ്പുകളിൽ യുഡിഫ് + വെൽഫെയർ പാർട്ടി സഖ്യ സാധ്യത കുറവാണ്. പ്രാദേശിക ധാരണകൾ ഉണ്ടാവാമെങ്കിലും അത് അങ്ങനെ തന്നെയായി തുടരും. ഇതിന് ഔദ്യോഗിക അംഗീകാരം ഉണ്ടാവില്ല.
4. എൽ.ഡി.എഫും യു.ഡി.എഫും കൂട്ടാതെയാവുമ്പോൾ വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‌ലാമിയും തങ്ങൾ ഇതുവരെ ചെയ്തിരുന്ന ഗാലറിയിലിരുന്ന് കളി കണ്ട് കമന്റ് പാസാക്കുന്ന വേഷത്തിലേക്ക് മടങ്ങും. എന്നാൽ അവർ തനിയെ നടത്തുന്ന സാമൂഹ്യ ഇടപെടലുകൾ തുടരും.

5. ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം പത്രം, മീഡിയവൺ ചാനൽ, സോഷ്യൽ മീഡിയ തുടങ്ങിയ ഗാലറിയിലിരുന്ന് ഇവർ പറയുന്ന കമന്റുകളിൽ ചിലത് എൽ.ഡി.എഫ്, യു.ഡി.എഫ് പക്ഷങ്ങൾ ശ്രദ്ധിക്കാനും അതിൽ ചിലവ ഏറ്റെടുക്കാനും നിർബന്ധിതരാവും.

6. തദ്ദേശ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ കൂടുതൽ നേടിയ എസ്.ഡി.പി.ഐ, അതേപോലെ വെൽഫെയർ പാർട്ടി ഇടപെടലുകൾ മുസ്‌ലിം ലീഗിനെ തുറന്നു കാണിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും. ഉപരിവർഗ ദുർമേദസ്സ് ബാധിച്ച ലീഗ് എന്തുചെയ്യണം എന്നറിയാതെ ഉഴറും. കൂടാതെ കോൺഗ്രസിന്റെ ജഡത്വം തങ്ങളുടെ രാഷ്ട്രീയ ഭാവി എന്ത്, എങ്ങോട്ട് എന്ന ആശയക്കുഴപ്പം ലീഗിൽ നിറയ്ക്കും.

7. കെ.ടി. ജലീൽ, പി.ടി.എ. റഹീം തുടങ്ങിയ നേതാക്കളെ വെച്ച് ലീഗ് കോട്ടകൾ ഇളക്കാൻ നോക്കുന്ന ഇടതിന് ചില മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞേക്കാം. ലീഗ് പറ്റെ കിടപ്പിലാവുകയാണെങ്കിൽ അതിന്റെ ഗുണം ഇടത്- കെ.ടി. ജലീൽ- പി.ടി.എ. റഹീം പക്ഷം എടുക്കുമോ അതോ എസ്.ഡി.പി.ഐ കൊണ്ട് പോകുമോ എന്ന് മതനിരപേക്ഷ കേരളം ആശങ്കയോടെ വീക്ഷിക്കും. എസ്.ഡി.പി.ഐയുടെ വളർച്ച ഭൂരിപക്ഷ വർഗീയതയെ വളർത്താൻ മാത്രമേ ഉപകരിക്കൂ.

വരുന്ന ദശകത്തിൽ നമ്മൾ മുകളിൽ പറഞ്ഞ പലതിനും സാക്ഷികളാവും എന്ന് ജോലിയുടെ ഭാഗമായി കേരളത്തിന്റെ രാഷ്ട്രീയ, മാധ്യമ, കൺസ്യൂമർ മനസ്സും ബന്ധപ്പെട്ട പലതരം ഡാറ്റാസെറ്റുകളും അപഗ്രഥിച്ചതിൽനിന്ന് തോന്നുന്നു.


Comments