വി.എസിനെ അവസാനമായി കാണാൻ പുന്നപ്രയിൽ നിൽക്കുമ്പോൾ എനിക്കുതോന്നി, കേരളത്തിൽ ഇപ്പോൾ കമ്മ്യൂണിസത്തിന് ഒരു മുഖമുണ്ട്. അത് വി.എസ്. അച്യുതാനന്ദൻെറ മുഖമാണ്. ‘പ്രാണനിൽ പടർന്ന ഇരുട്ടിൽ നിസ്സഹായയായി നിന്ന വേളയിൽ’ കെ.കെ. രമയ്ക്ക് ആശ്വാസത്തിൻെറ കരസ്പർശമായി മാറിയ മുഖം. ‘പേരിനെ ശരിയടയാളമാക്കിയ നേതാവിനെ ഓർത്ത’ മഞ്ജു വാര്യർ നൽകിയ മുഖം. സമുദ്രത്തിൻെറ മാർത്തട്ടിനോട് ചേർന്നുനിൽക്കുമ്പോൾ മാത്രമാണ് തിരയായി മാറുന്നതെന്ന് മറക്കാത്ത ബോധ്യത്തിൻെറ മുഖം. അത് വി.എസിൻെറ മുഖമായിരുന്നു. വിമതനും വിധേയനുമായി വിളങ്ങിയ ഒരു പ്രതിഭാസത്തിൻെറ ഛായാചിത്രം. അതെ, അതാണ് കമ്മ്യൂണിസത്തിൻെറ പുന്നപ്രഭാഷ്യം.
കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ തെളിഞ്ഞത് വി.എസിൻെറ മുഖമായിരുന്നു. 21ാം നൂറ്റാണ്ടിലെ വിഷയങ്ങളെ അഭിസംബോധന ചെയ്ത വി.എസ് കേരളത്തിലെ പാർട്ടി നേരിട്ട വെല്ലുവിളികളെ ഏറ്റെടുക്കുകയായിരുന്നു. സ്ത്രീപീഡനം, സ്ത്രീതൊഴിൽ ചൂഷണം, സ്ത്രീ - പുരുഷ തൊഴിൽ വിവേചനം, കാലാവസ്ഥാ വ്യതിയാനം, ക്രോണി ക്യാപിറ്റലിസം, തുടങ്ങിയവയോട് ഏറ്റുമുട്ടി പരിക്കേറ്റ മുഖമായിരുന്നു അത്. പക്ഷേ, അത് തെരുവിൽ അലയുന്ന മനുഷ്യരുടെ, പാർശ്വവത്കൃതരുടെ മനസ്സിൽ പതിഞ്ഞു.
സമൂഹത്തിലെ ദരിദ്രരായ മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പങ്കാളിയാകാൻ കഴിഞ്ഞതാണ് തൻെറ സന്തോഷമെന്ന് പറഞ്ഞ വി.എസ്, ഓട്ടോറിക്ഷാ തൊഴിലാളികളുടെയും ചുമട്ട് തൊഴിലാളികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും പ്രിയ സഖാവാണ്. എൻെറ അയൽക്കാരനും കൂടെ നടക്കുന്നവനും കൂട്ടുകാരനുമായ കൃഷ്ണപ്രസാദിന് വി.എസ്. ദൈവതുല്യനാണ്. അവൻ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. പാർട്ടി അംഗമാണ്. വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ അവൻ പാർട്ടിയോട് കലഹിച്ചു. അവൻ വി.എസിനെ മത്സരിപ്പിക്കാൻ വേണ്ടി ജാഥ നടത്തി. പിറ്റേദിവസം എൻെറയടുത്തുവന്ന്, “മാഷേ, ഞാൻ ഇതൊക്കെ വിടുകയാണ്…” എന്നു പറഞ്ഞു.

ഞാനപ്പോൾ അവനോട് പറഞ്ഞു, “എൻെറ കാര്യം നീ നോക്കേണ്ട. എനിക്ക് പാർട്ടിയില്ലാതെയും ഇടതുപക്ഷക്കാരനായി ജീവിക്കാം. നിനക്കതു പറ്റില്ല. നിനക്ക് പാർട്ടി വേണം. ഇതല്ലെങ്കിൽ മറ്റൊന്ന്. അതുകൊണ്ട് ശാന്തമായി നമുക്ക് തീരുമാനമെടുക്കാം.”
അതവസാനിച്ചു, അവൻ പാർട്ടിയിൽ തുടർന്നു. ഇപ്പോഴും തുടരുന്നു. വി.എസ് അവന് അന്നും ഇന്നും ഒരു വികാരമാണ്. കരുതലിൻെറ, രക്ഷാകർതൃത്വത്തിൻെറ, നേരിൻെറ, ശരിയുടെ ഒരു വികാരം.
വി.എസിൻെറ മരണം ഞങ്ങൾ പ്രതീക്ഷിച്ചിരിക്കയായിരുന്നു. കുറച്ച് സീരിയസാണ് എന്ന് കേട്ടപ്പോൾ വി.എസിൻെറ സന്തതസഹചാരിയായിരുന്ന സുരേഷിനെ ഞാൻ ഫോണിൽ വിളിച്ചു. അപ്പോൾ സുരേഷ് തിരുവനന്തപുരത്തുണ്ടായിരുന്നു. പിന്നീട് മരണവാർത്ത വന്നു. ഞാനും കൃഷ്ണപ്രസാദും കൂടി വി.എസിനെ അവസാനമായി കാണാൻ ആലപ്പുഴയിലെ വീട്ടിലെത്തി. വീടിൻെറ മുന്നിലുള്ള കവലയിലെത്തിയപ്പോൾ സഖാക്കൾ പറഞ്ഞു, വീട്ടിലെ പ്രവേശനം തടഞ്ഞിരിക്കയാണ്. ശവമഞ്ചം പാർട്ടി ഓഫീസിലേയ്ക്ക് കൊണ്ടുപോവാൻ തുടങ്ങുന്നു. കവലയിൽ സാമാന്യം നല്ല തിരക്കാണ്. അപ്പോൾ അനൗൺസ്മെൻറ് വരുന്നു. അവിടെ നിന്ന് എല്ലാവരും മാറണം. വഴിയിൽ തടസ്സമുണ്ടാക്കരുത്, മാറണം. അവിടെനിന്ന് തിരിച്ച് നാഷണൽ ഹൈവേയിൽ എത്തി. പഴയിടം ജങ്ഷനിൽ കാത്തുനിന്നാണ് കണ്ടത്. അതിനുശേഷം വലിയ ചുടുകാട്ടിലും പാർട്ടി ഓഫീസിലും ലൈറ്റ് ഹൗസിനരികിലുള്ള മൈതാനിയിലും പോയി. ആ യാത്രയിൽ നിരവധി മനുഷ്യരെ കണ്ടു. അവരെല്ലാം സാധാരണക്കാരായിരുന്നു. പലരും എന്നെ തിരിച്ചറിഞ്ഞു. ചിരിച്ചു. കുശലം പറഞ്ഞു.
കമ്മ്യൂണിസം സ്നേഹം മാത്രമല്ല, ശത്രുവിനെ അടിച്ചൊതുക്കാനുള്ള ഹാമറാണ്. അതും വി.എസ് സാക്ഷ്യപ്പെടുത്തിയിരുന്നു.
വഴിയരികിൽ നിറഞ്ഞുനിന്ന കൂട്ടങ്ങളിൽ ഭൂരിപക്ഷവും ചെറുപ്പക്കാരായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിൻെറ പൊതുചിത്രം ചെറുപ്പത്തിൻേറതായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. വഴിയിൽ വി.ഐ.പികൾ ഉണ്ടായിരുന്നില്ല. പാടത്തുപണിയെടുക്കുന്ന സ്ത്രീകൾ, തൊഴിലുറപ്പുജോലിക്കാർ, സഖാക്കളും പ്രവർത്തകരും വാർഡ് മെമ്പർമാരുമൊക്കെ ആൾക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരും വി.എസിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നവർ. അതെ, അവരുടെ ഹൃദയത്തിൽ വി.എസ് ഉണ്ട്.
മടക്കയാത്രയിൽ കാറിൽവെച്ച് മൊബൈലിൽ ചില പോസ്റ്ററുകൾ കണ്ടു. അതിലൊന്ന്, ‘ഭൂമിയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റും യാത്രയായി’ എന്നതായിരുന്നു. ഞങ്ങൾ രണ്ടുപേരും അതിനെക്കുറിച്ച് ചർച്ചയായി. അവൻ എന്നോട് ചോദിച്ചു, “മാഷേ വി.എസ് ആണോ ഭൂമിയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്?”
അൽപനേരം കഴിഞ്ഞാണ് ഞാൻ അതിന് മറുപടി പറഞ്ഞത്; “അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്നത് ഒരു വലതുപക്ഷ വായനയാണ്. കമ്മ്യൂണിസം അതൊരു ആശയമാണ്. അതൊരു ആഗ്രഹമാണ്. ഓരോരുത്തരും അവരവരുടെ കഴിവുകൾ അനുസരിച്ച് പ്രവർത്തിക്കുന്നതും ഓരോരുത്തർക്കും അവരവരുടെ ആവശ്യങ്ങൾ അനുസരിച്ച് ലഭിക്കുന്നതുമായ ഒരു ജീവിതാവസ്ഥയുടെ ആശയമാണ് അത്. മാർക്സിസത്തെ ഒരു ഉപകരണമാക്കി ഇതിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. അവർക്ക് അവസാനമില്ല.”
മാവോ പറഞ്ഞത് നൂറുനൂറു പൂക്കൾ വിരിയട്ടെ എന്നാണ്. ‘ഓരോ സഖാവിൽ നിന്നും ഒരായിരം പേർ ഉയരും’ എന്നത് മലയാളത്തിൻെറ സ്വപ്നമായിരുന്നു. ഒരു വി.എസിൽനിന്ന് നൂറ് വി.എസുമാരുണ്ടാവും. ജനങ്ങൾ, ജനങ്ങൾ മാത്രമാണ് ലോകചരിത്രനിർമ്മിതിയുടെ ചാലകശക്തികളെന്നും കമ്മ്യൂണിസം പഠിപ്പിച്ച കാര്യമാണ്. ‘അധികാരം തോക്കിൻകുഴലിലൂടെ’ എന്ന് പറഞ്ഞതും മാവോ ആയിരുന്നു. ഇന്ന് നമുക്കറിയാം, അധികാരം വരുന്നത് ബാലറ്റിലൂടെയാണെന്ന്. അതനുസരിച്ച് നമ്മുടെ പാർട്ടികൾ മാറി. ഇതിനിടയിൽ വി.എസ് പറഞ്ഞുകൊണ്ടിരുന്നു, പാർട്ടി പ്രവർത്തകർ സത്യസന്ധരായിരിക്കണം. അവർ ആത്മാർത്ഥയോടെ മുന്നോട്ട് പോവണം. കമ്മ്യൂണിസം സ്നേഹം മാത്രമല്ല, ശത്രുവിനെ അടിച്ചൊതുക്കാനുള്ള ഹാമറാണ്. അതും വി.എസ് സാക്ഷ്യപ്പെടുത്തിയിരുന്നു.

കരുതലും കാവലും
വി.എസിൻെറ പോരാട്ടത്തിന് അസാധാരണമായ സൗന്ദര്യമുണ്ടായിരുന്നു. ഒറ്റയാൾ പോരാട്ടത്തിൻെറ കത്തുന്ന സൗന്ദര്യം. ജെ.സി.ബി ഒരു വിപ്ലവ പ്രതീകമായത് കേരളത്തിലാണ്. മറ്റൊരിടത്തും അങ്ങനെ ആവില്ല. മൂന്നാറിലെ ഭൂമി കയ്യേറ്റക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വി.എസ്. പഠിപ്പിച്ചു. മൂന്നാർ ഓപ്പറേഷൻ കേരളത്തിൻെറ പ്രകൃതിസംരക്ഷണത്തിൻെറ കരുതലായി മാറി. പശ്ചിമഘട്ട സംരക്ഷണം എന്നത് കേരളത്തിൻെറ ലക്ഷ്യമായി മാറിയത് അതുവഴിയാണ്. നിരവധി കയ്യേറ്റക്കാരുടെ റിസോർട്ട് പൊളിക്കാൻ ആരംഭിച്ചത് ഞെട്ടലോടുകൂടിയാണ് കേരളം കണ്ടത്. കേരളത്തിലെ ജനങ്ങൾ ആവേശപൂർവം കയ്യടിച്ചു. അതിന് അധികകാല ആയുസുണ്ടായില്ലെങ്കിലും അതൊക്കെ നടക്കുമെന്ന് ജനങ്ങൾക്ക് മനസ്സിലായി. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതാവിന് ഏത് ഭൂമാഫിയയെയും കോർപ്പറേറ്റ് ഭീമനെയും തകർക്കാൻ കഴിയും.
വി.എസിൻെറ സെക്രട്ടറി സുരേഷ് കുമാർ, ഇടുക്കി കലക്ടർ രാജു നാരായണസ്വാമി, ഐ.ജി. ഋഷിരാജ് സിങ്. മൂന്ന് കരിമ്പൂച്ചകൾ. 2007 മെയ് 11 കേരളത്തിൻെറ ചരിത്രത്തിൽ സുപ്രധാനമായിരുന്നു. നമ്മുടെ പരിസ്ഥിതിയ്ക്ക് കാവലായി ഒരാളുണ്ടെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടായി. തണ്ണീർത്തട സംരക്ഷണവും ആവാസവ്യവസ്ഥയുടെ കാവവലും വി.എസ് ഏറ്റെടുത്തു.
ഹിന്ദുത്വ രാഷ്ട്രീയത്തെയും ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തെയും വി.എസ് വെറുത്തു. അതിനെ രണ്ടിനെയും ഒരുപോലെ എതിർത്തു തോൽപ്പിക്കുന്നതിൽ വി.എസ് വാശി കാണിച്ചു.
സൂര്യനെല്ലി കേസിലെ പെൺകുട്ടിയുടെ കുടുംബം ആത്മഹത്യ ചെയ്യാതെ പോയത് വി.എസിൻെറ ഇടപെടൽ മൂലമായിരുന്നു. മാധ്യമപ്രവർത്തകനായ എം.പി. ബഷീറും സി.പി.എം നേതാവ് സുജ സൂസൻ ജോർജ്ജും അതിൻെറ സാക്ഷ്യങ്ങളാണ്. സൂര്യനെല്ലിക്കേസിൽ കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ഹൈക്കോടതിവിധി വരുന്നത്. ഏതാണ്ട് ഒട്ടു മിക്ക പ്രതികളെയും വെറുതെ വിട്ടും പീഡനത്തിനിരയായ പെൺകുട്ടി ബാലവേശ്യയാണെന്നും സൂചിപ്പിക്കുന്ന വിധി സ്ത്രീ പോരാട്ട ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നായിരുന്നു. വിധിക്കുശേഷം കുട്ടിയുടെ പിതാവ് അടുത്ത സുഹൃത്തിനോട് പറഞ്ഞത്, അദ്ദേഹവും മകളും ഇനി ജീവിച്ചിരിക്കില്ലെന്നാണ്. ഇരുവരും സി.പി.എമ്മുകാരായിരുന്നു. അതുകേട്ട സഖാവ് ഉടനെ വി.എസിനെ വിവരം അറിയിച്ചു. അൽപം കഴിഞ്ഞ് സൂര്യനെല്ലി പെൺകുട്ടി ജോലി ചെയ്തിരുന്ന പോസ്റ്റ് ഓഫീസിലേക്ക് വി.എസിൻെറ ഫോൺ വരുന്നു: “ഞാൻ അടുത്തദിവസം അടിമാലിയിൽ വരുന്നുണ്ട്. നിങ്ങൾ അവിടേയ്ക്ക് വരണം. സംസാരിച്ചതിനുശേഷം തീരുമാനം എടുക്കാം.”
വി.എസ് പറഞ്ഞതുപോലെ ചെയ്തു. അച്ഛൻ അദ്ദേഹത്തെ കാണാൻ ചെന്നു. മുറിയിലുള്ള എല്ലാവരെയും പുറത്താക്കി. കുട്ടിയുടെ അച്ഛനുമായി വി.എസ് സംസാരിച്ചു: “തോൽക്കരുത്. സുപ്രീം കോർട്ടിൽ കേസ് കൊടുക്കണം. പോരാട്ടം തുടരണം. ഞാനുണ്ട് കൂടെ.”
ആ വാക്കുകളാണ് ആ കുടുംബത്തെ ആത്മഹത്യയിൽനിന്ന് രക്ഷിച്ചത്. അതൊരു കരുതലായിരുന്നു. ഇന്നൊരു നേതാവിനും ചെയ്യാൻ തോന്നാത്ത കാര്യം. കുറച്ചുദിവസങ്ങൾക്ക് ശേഷം വി.എസ് ആ കുടുംബത്തിലെത്തി. അപ്പോൾ സുജയും കൂടെയുണ്ടായിരുന്നു. വി.എസ് വീട്ടിലെത്തി ആശ്വസിപ്പിച്ചശേഷം കയ്യിൽ കരുതിയ ഒരു ലക്ഷം രൂപ ആ അച്ഛന് നൽകി. അതുവാങ്ങാൻ അദ്ദേഹം മടിച്ചു. പട്ടിണിയും പരിവട്ടവുമായി ദുരിതത്തിലായിരുന്ന കുടുംബം അത് വാങ്ങാൻ മടിച്ചപ്പോൾ വി.എസ് പറഞ്ഞത്, “അവളുടെ മുത്തച്ഛൻ തരുന്നതാണെന്ന് കരുതിയാൽ മതി. എൻെറ പെൻഷൻ കാശിൽ നിന്ന് സ്വരുക്കൂട്ടിയതാണ്,” ആ കരുതലിൻെറ വാക്കുകൾ കുടുംബത്തിൻെറ കണ്ണ് നിറച്ചു. അവരത് വാങ്ങി.

അമ്മ പശുവാണെങ്കിൽ
അച്ഛൻ കാളയോ?
സംഘപരിവാർ രാഷ്ട്രീയത്തെ മനുഷ്യഭാഷയിൽ വെട്ടിക്കൂട്ടിയ മറ്റൊരു നേതാവ് വേറെയില്ല. വി.എസ് അടിമുടി കമ്മ്യൂണിസ്റ്റാണ് എന്നതിൻെറ തെളിവാണ് മതതീവ്രവാദ ശക്തികൾക്കെതിരെ അദ്ദേഹം നടത്തിയ ചടുലനീക്കങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തെയും ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തെയും വി.എസ് വെറുത്തു. അതിനെ രണ്ടിനെയും ഒരുപോലെ എതിർത്തു തോൽപ്പിക്കുന്നതിൽ വി.എസ് വാശി കാണിച്ചു.
ഒരിക്കൽ കോഴിക്കോട് നടന്ന മീറ്റിങ്ങിൽ പിണറായി വിജയൻ അബ്ദുൾ നാസർ മഅ്ദനിയെ യോഗവേദിയിലേക്ക് സ്വീകരിച്ചത് എഴുന്നേറ്റു നിന്നായിരുന്നു. ആ സ്റ്റാൻറിങ് ഒവേഷൻ മതനിരപേക്ഷ രാഷ്ട്രീയത്തിൻെറ മേൽ തെറിച്ച ചെളിപ്പാടായിരുന്നു. വി.എസ് മഅ്ദനിയുടെ പിന്തുണ സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. ‘സിമി’യുടെ പുതുരൂപമായ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ അത് മുസ്ലിം വിരുദ്ധതയായി ചിത്രീകരിക്കപ്പെട്ടു. ഇന്ന് വി.എസിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറയുന്ന വാർത്തയുടെ അടിത്തറ പോപ്പുലർ ഫ്രണ്ടിനെതിരെ വി.എസ് എടുത്ത നിലപാടാണ്. പൊളിറ്റിക്കൽ ഇസ്ലാം, പ്രൊഫ. ജോസഫ് മാഷിൻെറ കൈ വെട്ടിയെടുത്തത് മുഹമ്മദ് നബിയെ ആക്ഷേപിച്ചെന്ന് പറഞ്ഞായിരുന്നു. അതിൻെറ ഭയപ്പെടുത്തുന്ന സാമൂഹ്യ അന്തരീക്ഷത്തിൽ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വി.എസ് പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായി പ്രതികരിച്ചത്. 2040-ൽ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറ്റുമെന്ന് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച കാര്യം വി.എസ് അവതരിപ്പിച്ചതാണ് പിന്നീട്, കേരളം താമസിയാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറുമെന്ന് വി.എസ് പറഞ്ഞെന്നുപറഞ്ഞ് പ്രചരിപ്പിക്കുന്നത്. പ്രസംഗത്തിൻെറ ഒരു കഷ്ണം മുറിച്ചെടുത്ത് ഇപ്പോൾ മുസ്ലിം തീവ്രവാദികൾ അവർക്കുവേണ്ടിയും ഹിന്ദു തീവ്രവാദികൾ അവർക്കുവേണ്ടിയും ഉപയോഗിക്കുന്നു. വി.എസിൻെറ ആ പ്രസംഗം ഒരു ടു ഇൻ വൺ പ്രയോഗം ആയി മാറി. മുസ്ലിങ്ങൾക്കുവേണ്ടി സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കാൻ നടന്ന വി.എസിനെയാണ് മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത്.
ചെങ്ങറ ഭൂസമരത്തെ എതിർത്ത വി.എസിൻെറ നിലപാട് ദലിത് പോരാളികൾ ചോദ്യം ചെയ്യുന്നുണ്ട്. ഇന്നും അത് വി.എസിനെതിരെ ഉയരുന്ന ചോദ്യമാണ്.
ചെങ്ങറ ഭൂസമരത്തെ എതിർത്ത വി.എസിൻെറ നിലപാട് ദലിത് പോരാളികൾ ചോദ്യം ചെയ്യുന്നുണ്ട്. ഇന്നും അത് വി.എസിനെതിരെ ഉയരുന്ന ചോദ്യമാണ്. സാധുജനവിമോചന സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ ഭൂരഹിതരായ ദലിതരും ആദിവാസികളും നയിച്ച സമരത്തെയാണ് വി.എസ് തള്ളിയത്. സാമ്പത്തിക അടിത്തറയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലൂടെ മേൽത്തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നത് ഒരു മാർക്സിയൻ കാഴ്ച്ചപ്പാടാണ്. വർഗസമരത്തിലൂടെ അത് പരിഹരിക്കുമ്പോൾ ജാതി ഉൾപ്പെടെയുള്ള ഉപരിഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.എസ് കരുതിയോ? ചെങ്ങറ ഭൂസമരത്തിൽ വി.എസ് സ്വത്വരാഷ്ട്രീയത്തെ തള്ളുകയായിരുന്നു.
എന്നാൽ, പലയിടങ്ങളിലും ഈ പ്രത്യയശാസ്ത്രവിലക്ക് മറികടന്ന് വി.എസ് സഞ്ചരിച്ചു. കണ്ണൂരിലെ ആറളം ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യാൻ മുൻകൈ എടുത്ത വി.എസ് സർക്കാർ അവർക്കൊപ്പമാണെന്ന് രേഖപ്പെടുത്തി. പല ആദിവാസി - ദലിത് സമരങ്ങളിലും വി.എസ് സാന്നിദ്ധ്യം അവയെ ജനശ്രദ്ധയുടെ കേന്ദ്രത്തിൽ സ്ഥാപിച്ചു. പൊമ്പിളൈ ഒരുമൈ സമരം വി.എസിൻെറ സ്വീകാര്യതയെ അടയാളപ്പെടുത്തുന്നതായിരുന്നു. സമരവേദിയിലേക്ക് ചെന്ന എല്ലാ രാഷ്ട്രീയനേതാക്കളെയും സ്ത്രീകൾ തിരസ്കരിച്ചു. സമരപന്തലിൽ കയറാൻ അവർ അനുവദിച്ച ഏകനേതാവ് വി.എസ് ആയിരുന്നു. അതൊരു തിരിച്ചറിവായിരുന്നു. സ്ത്രീകൾക്കും ദരിദ്രർക്കും തങ്ങളുടെ സങ്കടങ്ങളും വേദനകളും വിഷമങ്ങളും ആവശ്യങ്ങളും പറയാൻ ഒരേ ഒരു അത്താണിയേ ഉള്ളൂ, അത് വി.എസ് ആണെന്ന തിരിച്ചറിവ്. ജനങ്ങളെ കേൾക്കാൻ മനുഷ്യപ്പറ്റിൻെറ ഒരു നേതൃത്വമാവശ്യമാണ്. അത് വി.എസിൽ പൂത്തുലഞ്ഞിരുന്നു.

സി.ഐ.ടി.യുവിനെ
ഇല്ലാതാക്കി
വി.എസിന് മറ്റ് പലരെയും പോലെ അധികാരമോഹം ഉണ്ടായിരുന്നു. ഒരു രാഷ്ട്രീയനേതാവിന് അത് ആവശ്യമാണ്. 1980 മുതൽ 1991 ഡിസംബർ വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ് ജനകീയനായിരുന്നില്ല. കോഴിക്കോട് സമ്മേളനത്തിലുണ്ടായ പൊതുതീരുമാനം, പാർലമെൻററി രംഗത്ത് പ്രവർത്തിക്കുന്നവർ സംഘടനാരംഗത്തേക്കും തിരിച്ചും മാറണമെന്നായിരുന്നു. പക്ഷേ, ഈ ധാരണ തെറ്റിച്ച് വി.എസ് നാലാം വട്ടവും സെക്രട്ടറിയാകാൻ കോഴിക്കോട് സമ്മേളനത്തിൽ മത്സരിച്ചു. പാർട്ടി നിർദ്ദേശിച്ച ഇ.കെ. നായനായിരുന്നു എതിർ സ്ഥാനാർത്ഥി. മത്സരത്തിൽ രണ്ട് വോട്ടിന് വി.എസ് നായനാരോട് തോറ്റു. നായനാരുടെ പിൻബലം സി.ഐ.ടി.യുവും ഇ.എം.എസുമായിരുന്നു. പിന്നീട് വി.എസിൻെറ യുദ്ധം സി.ഐ.ടി.യുവിനെതിരെ ആയിരുന്നു. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസിനെ സി.ഐ.ടി.യു പക്ഷം തോൽപ്പിച്ചു. അതിന് മുന്നിൽ നിന്നത് സഖാവ് ടി.കെ. പഴനിയായിരുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി.
96-ലെ വി.എസ് ‘മുരടൻ വി.എസ്’ ആയിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പിൽ തോറ്റത് അതുകൊണ്ടു കൂടിയായിരുന്നു. അദ്ദേഹത്തിൻെറ അന്നത്തെ വിവാദപ്രസംഗം ഏറെ ഏറെ ചർച്ച ചെയ്തതാണ്. നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുന്നു. മാരാരിക്കുളത്ത് വി.എസും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ആഞ്ചലോസും. “ഇപ്പുറത്ത് രണ്ട് റോസാപുഷ്പങ്ങൾ. അപ്പുറത്തോ… രണ്ട്…” , വി.എസിൻെറ തോൽവിയിൽ ആ പ്രസംഗം വലിയ പങ്കുവഹിച്ചു. അതോടൊപ്പം സ്വന്തം പാർട്ടിയുടെ അനിഷ്ടവും.
പാലക്കാടൻ തീക്കാറ്റിൽ അഴിമതിക്കാരായ സി.ഐ.ടി.യുക്കാർ എരിഞ്ഞുതീർന്നുവെന്നാണ് വി.എസ് പറഞ്ഞത്. അതോടെ കേരളത്തിൻെറ വ്യവസായമേഖലയായ കളമശേരി, ഏലൂർ പാർട്ടിസഖാക്കൾ, സി.ഐ.ടി.യു നേതാക്കൾ എല്ലാം പുറത്തായി. എറണാകുളം ജില്ലയിൽ സി.പി.എം ദുർബലമായി. പിന്നീട് ഇതുവരെ തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. സി.ഐ.ടി.യുവും അതോടെ മരണപ്പെട്ടു.
ഇതിന് വി.എസ് പ്രതികാരം തീർത്തത് 1998-ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലായിരുന്നു. അഴിമതിക്കാരുടെ കൂടാരമാണ് സി.ഐ.ടി.യു എന്ന് വി.എസ് സൃഷ്ടിച്ച പാർട്ടിയുടെ ഷാഡോ കമ്മിറ്റികൾ പ്രചാരണം ശക്തമാക്കി. സി.ഐ.ടി.യുവിനെ ശരിപ്പെടുത്താൻ കൊല്ലം സമ്മേളനത്തിൽ ശ്രമം നടന്നു. പക്ഷേ, പരാജയപ്പെട്ടു. എം.എം. ലോറൻസിനെ ബാലാനന്ദൻ എണ്ണി ജയിപ്പിച്ചുവെന്ന് വി.എസ് ഗ്രൂപ്പ് ആരോപിച്ചു. ഒരു വോട്ടിന് ജയിച്ച് ലോറൻസ് സംസ്ഥാനക്കമ്മിറ്റിയിൽ കടന്നുകൂടി. കൊല്ലം സമ്മേളനം യുദ്ധത്തിൻെറ ഡ്രസ്സ് റിഹേഴ്സൽ മാത്രമായിരുന്നു. യഥാർത്ഥ യുദ്ധം പാലക്കാട്ടാണ് നടന്നത്. സമ്മേളനത്തിൽ വെട്ടിനിരത്തൽ ഉണ്ടാവുമെന്ന് പരക്കെ അറിയാമായിരുന്നു. അതുകൊണ്ട് കേന്ദ്രനേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കൻ ശ്രമം ആരംഭിച്ചു. അതിൻെറ ഫലമായി സമ്മേളനത്തിനുമുമ്പ് തന്നെ സി.ഐ.ടി.യു നേതാവ് ഒ. ഭരതനെ വെട്ടിനിരത്തി. സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ വി.എസ് പക്ഷത്തുനിന്ന് 12 പേർ മത്സരിച്ചു. സി.ഐ.ടി.യുവിനെ വെട്ടിനിരത്താൻ പിണറായിയും കണ്ണൂർ ലോബിയും മുന്നിലുണ്ടായിരുന്നു. അങ്ങനെ സി.ഐ.ടി.യു നേതാക്കളായ എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, വി.ബി. ചെറിയാൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന് തുടങ്ങിയ പ്രമുഖരെ വെട്ടിപ്പുറത്താക്കി. അത് ചരിത്രപരമായ ഒരു ഉദകക്രിയയായിരുന്നു. കേരളത്തിൽ നിന്ന് സി.ഐ.ടി.യുവിനെ ഗളഹസ്തം ചെയ്തത് വി.എസ് ആയിരുന്നു. പാലക്കാടൻ തീക്കാറ്റിൽ അഴിമതിക്കാരായ സി.ഐ.ടി.യുക്കാർ എരിഞ്ഞുതീർന്നുവെന്നാണ് വി.എസ് പറഞ്ഞത്. അതോടെ കേരളത്തിൻെറ വ്യവസായമേഖലയായ കളമശേരി, ഏലൂർ പാർട്ടിസഖാക്കൾ, സി.ഐ.ടി.യു നേതാക്കൾ എല്ലാം പുറത്തായി. എറണാകുളം ജില്ലയിൽ സി.പി.എം ദുർബലമായി. പിന്നീട് ഇതുവരെ തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. സി.ഐ.ടി.യുവും അതോടെ മരണപ്പെട്ടു.

തോറ്റ വി.എസ്,
ജയിച്ച വി.എസ്
പാർട്ടി വെട്ടിപ്പിടിച്ച വി.എസിന് മലപ്പുറത്ത് അത് കൈവിട്ടുപോയി. ‘വിജയൻ മിന്നൽപ്പിണറായി’ മാറിയ മലപ്പുറം വി.എസിനെ നിർമ്മിച്ചു. അങ്ങനെ മാരാരിക്കുളത്തും മലപ്പുറത്തും തോറ്റ വി.എസ് കേരളത്തിൽ ജയിച്ച വി.എസായി മിന്നി. പ്രതിപക്ഷ നേതാവാകുന്നതോടുകൂടി പുതിയ വി.എസിൻെറ നിർമ്മിതി ആരംഭിക്കുകയാണ്. വിപുലമായ മീഡിയ എക്സ്പോഷർ നേടിക്കൊണ്ട് മേക്ക് ഓവർ നടത്താൻ അദ്ദേഹം അടങ്ങുന്ന സംഘത്തിന് സാധിച്ചു. ഒരു ഹീറോ വ്യത്യസ്തനാകുന്നത് അയാൾ നേടിയ നേട്ടത്തിൻെറ അടിസ്ഥാനത്തിലാണ്. അതേസമയം സെലബ്രിറ്റി വ്യത്യസ്തനാകുന്നത് അയാളുടെ ഇമേജ് കൊണ്ടും ട്രേഡ് മാർക്ക് കൊണ്ടുമാണ്. ഹീറോ സ്വയം നിർമ്മിക്കുമ്പോൾ സെലിബ്രറ്റിയെ മീഡിയ നിർമ്മിക്കുന്നു. അച്യുതാനന്ദൻ ഹീറോയും സെലിബ്രിറ്റിയും ആയിമാറി. ഈ അത്ഭുതസങ്കരമാണ് അച്യുതാനന്ദൻെറ അന്ത്യയാത്രയിൽ ആൾക്കൂട്ടം മഴയായി പെയ്തതിൻെറ അടിത്തറ. ഹീറോ ഒരു വലിയ മനുഷ്യനാണ്. സെലിബ്രറ്റി ഒരു വലിയ പേരാണ്. ഇതിൻെറ രണ്ടിൻെറയും സങ്കലനം വി.എസിൽ കാണാം. യഥാർത്ഥ ബിംബവും വ്യാജബിംബവും ചേരുന്ന ഒരു കളർഷോട്ടാണ് അത്.
പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ കാലം മാധ്യമത്തെ ഉപയോഗിക്കേണ്ടതിനെ കുറിച്ച് വി.എസ് പഠിച്ച കാലമാണ്. അതുകൊണ്ട് നാം ഇന്നുകാണുന്ന വി.എസിന് ഏതാണ്ട് 15 വർഷത്തെ പ്രായമേയുള്ളൂ.
ഭരണപക്ഷത്തെ ജാഗ്രതയിൽ നിർത്തുന്നതിനുള്ള സംവിധാനമാണ് പ്രതിപക്ഷമെന്ന് വി.എസ്. വ്യക്തമാക്കി. ഓരോ പ്രശ്നവും വി.എസ് ഏറ്റെടുക്കുകയായിരുന്നു. അത് പൊതുസമൂഹത്തിന് മുന്നിൽ വെക്കുന്നു. പിന്നീടത് സ്വന്തം പ്രശ്നമായി വി.എസ് കൊണ്ടുനടക്കുന്നു. തൻെറ പൊളിറ്റിക്കൽ കൺവിക്ഷൻ അതിനെ സ്വീകരിക്കുന്നതാണെങ്കിൽ അതിൻെറ അവസാനം വരെ അദ്ദേഹം ഉണ്ടായിരിക്കും. ഓരോ ദിവസവും മീഡിയയ്ക്ക് ആവശ്യമുള്ള വിഷയങ്ങൾ വി.എസ് കണ്ടെത്തി. അത് മീഡിയ ഉപയോഗിച്ചു. പിന്നീട് അതിനെ വി.എസ് ഉപയോഗിച്ചു. മീഡിയയും വി.എസും പരസ്പരം സഹായിക്കുകയും വളരുകയും ചെയ്യുന്ന പ്രതിഭാസമായി.
വി.എസ്. മാധ്യമങ്ങളുടെ സാധ്യതകൾ മനസ്സിലാക്കുകയായിരുന്നു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ കാലം മാധ്യമത്തെ ഉപയോഗിക്കേണ്ടതിനെ കുറിച്ച് വി.എസ് പഠിച്ച കാലമാണ്. അതുകൊണ്ട് നാം ഇന്നുകാണുന്ന വി.എസിന് ഏതാണ്ട് 15 വർഷത്തെ പ്രായമേയുള്ളൂ. ആ വി.എസിനെയാണ് നാം കൊണ്ടാടുന്നത്. ഒരു ഭൂതകാല വി.എസ് ഉണ്ട്. അത് ഈ പുതിയ വി.എസിൻെറ നിർമ്മിതിക്കുള്ള അസംസ്കൃതവസ്തു മാത്രമാണ്. പുന്നപ്ര വയലാറിൻെറ രക്തപ്പുഴയും ശവക്കൂനയും ആ പുതിയ വി.എസിൻെറ തലച്ചോറിനെയും ഹൃദയത്തെയും ഇടയ്ക്ക് ഷോക്കടിപ്പിച്ചു കൊണ്ടിരുന്നു. അതുകൊണ്ടാണ് വി.എസിൻെറ പൊതുസമൂഹത്തിലെ ഇടപെടലുകളെല്ലാം അടിസ്ഥാനവർഗചിന്തയിൽ വേരുറച്ചതും പാവപ്പെട്ടവരുടെ കണ്ണീരിൽ പടർന്നുനിറഞ്ഞതുമായത്.

പാർട്ടിയിലും സർക്കാരിലും പ്രതിസന്ധികൾ നേരിട്ടപ്പോൾ വി.എസിന് മനസ്സിലായി, ഇനി ജനങ്ങളോട് സംവദിക്കാനുള്ള മാർഗ്ഗം മാധ്യമങ്ങൾ വഴിയാണെന്ന്. കേരളത്തിലെ ഇതര രാഷ്ട്രീയ നേതാക്കളെ അതിശയിപ്പിക്കുന്ന തരത്തിൽ വി.എസ് മാധ്യമങ്ങളെ ഉപയോഗിച്ചു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ വി.എസ് ഏത് സമയത്തും ഒരു പ്രതിപക്ഷ മനഃസ്ഥിതി കാത്തുസൂക്ഷിച്ചു. മുഖ്യമന്ത്രിയായ വി.എസിന് സ്വന്തം പാർട്ടിയെ പ്രതിപക്ഷത്തുനിർത്തി രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടിവന്നു. ലാവ് ലിൻ കേസിൻെറ രേഖകൾ സംഘടിപ്പിച്ച് കേസ് ഫയൽ ചെയ്യാനാവശ്യമായ കരുക്കൾ നീക്കിയത് വി.എസ് തന്നെയായിരുന്നു. കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയപ്പോഴും വി.എസ് അത് ഉള്ളിൽ അംഗീകരിച്ചില്ല. ഒരു അപ്പക്സ് കോടതി ഇനിയുമുണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.
വി.എസ് എത്ര എതിർത്താലും ക്രോണി ക്യാപിറ്റലിസം സി.പി.എമ്മിനെ കൊന്നുകഴിഞ്ഞു. അതിൽ നിന്ന് ഇനി പാർട്ടിക്ക് പുറത്തുവരാനാവില്ല. പുതിയ കാലം, പുതിയ രാഷ്ട്രീയം. അതിൽ വി.എസ് അടയാളപ്പെടുന്നത് കീഴാളപോരാട്ടത്തിൻെറ സത്യുപാസകനായ പ്രോലിറ്റേറിയറ്റ് എന്ന നിലയിലായിരിക്കും. കറുപ്പും വെളുപ്പും ചേർന്നതാണ് ജീവചരിത്രങ്ങൾ. പക്ഷേ, അവയിൽ ചിലതെല്ലാം കത്തിജ്വലിച്ച് അടുത്ത തലമുറയിലേക്ക് അഗ്നി പകരാൻ ശേഷി കാണിക്കുന്നവയാണ്. വി.എസിൽ നമുക്ക് സിദ്ധാന്തങ്ങൾ വായിച്ചെടുക്കാൻ പ്രയാസമാണ്. പക്ഷേ, അതിൽ നിന്ന് വായിച്ചെടുക്കാൻ മാർക്സിസത്തിൻെറ പ്രയോഗധാരകൾ ധാരാളമുണ്ട്. സിദ്ധാന്തവും പ്രയോഗവും- അതാണ് മാർക്സിസത്തിൻെറ ജീവിതം. വി.എസ് മാർക്സിസ്റ്റ് പ്രാക്സിസിന്റെ സ്മാരകശിലയാണ്.
