കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഭരണം നിലനിർത്തി എൻ.ആർ കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെട്ട എൻ.ഡി.എ സഖ്യം. ആകെയുള്ള 30-ൽ 12 സീറ്റുകൾ നേടി എൻ.ആർ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി നാല് സീറ്റുകൾ നേടി. തമിഴ്നാട്ടിൽ വലിയ തിരിച്ചടി നേരിട്ട ഡി.എം.കെ പുതുച്ചേരിയിൽ 5 സീറ്റുകൾ നേടി പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആദ്യ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ടിവികെയും രണ്ട് സീറ്റുകളുമായി തങ്ങളുടെ സാന്നിധ്യമറിയിച്ചു. വലിയ തിരിച്ചടി നേരിട്ടത് കോൺഗ്രസ്സാണ്. പാർട്ടിക്ക് ആകെ ലഭിച്ചത് ഒരേയൊരു സീറ്റ് മാത്രമാണ്. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ അഡ്വ. ടി. അശോക് കുമാർ മാഹിയിൽ വിജയിച്ചു.
പുതുച്ചേരിയിൽ ഇത്തവണ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടന്നത്. 30 അംഗ നിയമഭയിലേക്ക് വോട്ട് ചെയ്തത് ഏകദേശം പത്ത് ലക്ഷത്തോളം വോട്ടർമാരാണ്. 89.85 ശതമാനമായിരുന്നു പുതുച്ചേരിയിലെ പോളിംഗ് ശതമാനം. തമിഴ്നാടിന് സമാനമായി മൂന്ന് മുന്നണികൾ തമ്മിലാണ് ഇവിടെയും മത്സരം നടന്നത്. കോൺഗ്രസിന് വലിയ മേൽക്കൈ ഉണ്ടായിരുന്ന പുതുച്ചേരിയിൽ, പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ് അധികാര കൈമാറ്റത്തിന് കാരണമായത്. 2021-ലെ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ എൻ. രംഗസ്വാമി കോൺഗ്രസ് വിട്ടത്. അദ്ദേഹം രൂപീകരിച്ച ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് ബി.ജെ.പിയുമായി സഖ്യത്തിൽ എൻ.ഡി.എ മുന്നണിയായി 2021-ൽ നേടിയത് 16 സീറ്റുകൾ. കോൺഗ്രസ് എംഎൽഎമാരെയും നേതാക്കളെയും കൂറുമാറ്റിയുള്ള ബി.ജെ.പിയുടെ തന്ത്രം വിജയിക്കുന്നതാണ് 2021-ൽ കണ്ടത്.
ഇത്തവണ നടന്നത് ത്രികോണ കക്ഷി പോരാട്ടമാണ്. ഒരു ഭാഗത്ത് ഭണകക്ഷിയായ ഓൾ ഇന്ത്യാ എൻ.ആർ കോൺഗ്രസ് - ബി.ജെ.പി സഖ്യം. മറുഭാഗത്ത് പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും ഡിഎംകെയും ചേർന്ന സെക്യുലർ പ്രോഗ്രസീവ് സഖ്യം. ഇതിന് പുറമെ വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ മൂന്നാം മുന്നണിയെന്ന നിലയിലും മത്സരിച്ചു. എൻ.ഡി.എ സഖ്യം പുതുച്ചേരിയിൽ ഭരണം നിലനിർത്തുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. 16 മുതൽ 20 വരെ അല്ലെങ്കിൽ 20-ന് മുകളിൽ സീറ്റുകൾ എൻ.ഡി.എയ്ക്ക് ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകൾ. അതിനോട് അടുത്ത് നിൽക്കുന്ന ഫലം തന്നെയാണ് ഉണ്ടായത്. 6 മുതൽ 12 വരെ സീറ്റുകളാണ് കോൺഗ്രസ് - ഡി.എം.കെ. സഖ്യത്തിന് പ്രവചിച്ചിരുന്നത്. ടിവികെ 2 മുതൽ 4 സീറ്റുകൾ വരെ നേടാമെന്നുമായിരുന്നു പ്രവചനം.
