മൃദുതാലിബാനിസത്തിലേക്ക് ചുവടുമാറുന്ന ഡോ. എം.കെ.മുനീർ

കേരളത്തിലെ ഇസ്​ലാമിക് രാഷ്ട്രീയത്തിന്റെ വഴി ജനാധിപത്യ പാതയിലാണോ അതോ താലിബാൻ മാർഗ്ഗത്തിലോ എന്നതാണ് ചോദ്യം. നിർഭാഗ്യവശാൽ മുനീറിനേപ്പോലെ പുരോഗമന പരിവേഷമുള്ള ഒരു നേതാവ് ഇപ്പോൾ മുന്നോട്ടു വെക്കുന്നത് മുദുതലിബാനിസമാണ് എന്ന് പറയാതെ വയ്യ.

മുസ്​ലിംലീഗ് എന്ന മതയാഥാസ്ഥിതിക പാർട്ടിക്കകത്ത് പുരോഗമനത്തിന്റെ തീവെളിച്ചമെത്തിക്കുന്നതിൽ എന്നും മുമ്പിൽ നിന്ന നേതാവാണ് എം. കെ. മുനീർ. ഡോക്ടർ ആയിരിക്കുമ്പോഴും ആധുനിക സമൂഹങ്ങളെ പഠിക്കുന്നതിലും യാഥാസ്ഥിതികതയോട് നിരന്തരമേറ്റുമുട്ടി മുസ്​ലിംലീഗിനെ ഒരു ജനാധിപത്യ പാർട്ടിയായി അടയാളപ്പെടുത്തുന്നതിലുമൊക്കെ വലിയ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ ചിന്തിക്കുന്ന ഓരോ മനുഷ്യനും ചോദിക്കുന്നത്; മുനീറിനിതെന്തു പറ്റി എന്നാണ്.

എം. എസ്. എഫിന്റെ ഒരു ക്യാമ്പിൽ അദ്ദേഹം നടത്തിയ പ്രസംഗം ജന്റർ ന്യൂട്രാലിറ്റി എന്ന കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നതായിരുന്നു. പണ്ട് വിവാദങ്ങളെത്തുടർന്ന് പിൻവലിച്ച ‘മതമില്ലാത്ത ജീവൻ' എന്ന പാഠഭാഗവും പരാമർശ വിഷയമായി. പാഠപുസ്തകങ്ങളിലൂടെ മതവിരോധവും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നു എന്ന പഴയ ആരോപണവും അദ്ദേഹം പൊടി തട്ടിയെടുത്തു. വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളേയും കാവിവൽക്കരിക്കുകയും ഹിന്ദുരാഷ്ട്രത്തിലേക്ക് രാജ്യം കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ് മുനീറിന്റെ ആരോപണം എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

രാഹുൽ ഈശ്വർ. / Rahul Ishwar, Fb Page
രാഹുൽ ഈശ്വർ. / Rahul Ishwar, Fb Page

ചാനൽ ചർച്ചകളിൽ മുനീറിന് പിന്തുണയുമായി വരുന്നത് രാഹുൽ ഈശ്വറിനെ പോലുളള സംഘപരിവാർ സഹയാത്രികരാണെന്നതും കൗതുകമുണർത്തുന്നു. ജന്റർ ന്യൂട്ടാലിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും സമൂഹത്തിൽ സജീവമല്ലാത്ത ഒരു സമയത്ത്, വിശേഷിച്ച് ജന്റർ ന്യൂട്രാലിറ്റി യൂനിഫോം വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തന്നെ വ്യക്തമാക്കിയശേഷം, മുനീർ ഇതുപോലൊരു പ്രശ്‌നം അകാലത്തിൽ ഉന്നയിക്കുന്നതെന്തിന് എന്ന ചോദ്യം പ്രസക്തം തന്നെയാണ്.

മുനീറിന്റെ മനസ്സിലെന്താണ്​?

മുനീറിന്റെ ഉദ്ദേശ്യശുദ്ധിയെ ന്യായമായും സംശയിക്കാവുന്ന നിലയിലായിരുന്നു രണ്ടാം ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്​താവങ്ങൾ. മാർക്‌സിസത്തെ കടന്നാക്രമിക്കുക മാത്രമല്ല, ലോകമാരാധിക്കുന്ന മാർക്‌സിസ്റ്റ് ആചാര്യന്മാരെ നിന്ദ്യമായ നിലയിൽ വ്യക്തിപരമായി അധിക്ഷേപിക്കാനും മുനീർ മുതിർന്നു. ഇത്തരം നീക്കങ്ങളിലൂടെ മുസ്​ലിംലീഗിലും മറ്റ് മുസ്​ലിം സംഘടനകളിലും താരപരിവേഷം നേടിയെടുക്കുകയാണ് മുനീർ ലക്ഷ്യം വെക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ട്. മുസ്​ലിംലീഗിനെ ഇടതുമുന്നണിയിലെത്തിക്കാൻ അതിശക്തമായ നീക്കങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്നുവരികയാണെന്നും ഇതിനെ പ്രതിരോധിക്കാൻ കഴിയും വിധം അണികളിൽ ശക്തമായ മാർക്‌സിസ്റ്റ് വിരോധം കത്തിച്ചെടുക്കാനാണ് മുനീർ ശ്രമിക്കുന്നത് എന്നഭിപ്രായമുള്ളവരും ലീഗ് നേതൃനിരയിൽ തന്നെ ധാരാളമായുണ്ട്.

വി. ശിവൻകുട്ടി. / Photo : V Sivankutty, Fb Page
വി. ശിവൻകുട്ടി. / Photo : V Sivankutty, Fb Page

മുസ്​ലിം ലോകം രണ്ട് വഴികളിൽ പിരിഞ്ഞു കൊണ്ടിരിക്കുമ്പോൾ മുനീറിനെപ്പോലൊരു നേതാവ് ഏത് പാത സ്വീകരിക്കുന്നു എന്നത് കേരളത്തെ സംബന്ധിച്ച്​ അതീവ പ്രധാനമാണ്. ആന്തരിക ഇസ്​ലാമിൽ ‘ജനാധിപത്യം'
എന്ന ആധുനിക മൂല്യബോധത്തിന് ഇടമുണ്ടോ എന്ന പ്രശ്‌നം വിവിധ കോണുകളിൽ നിന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. അപ്പോഴും ലോകമാകെയുള്ള മുസ്​ലിം സംഘടനകളിൽ വലിയൊരു പങ്കും മുന്നോട്ടുള്ള വഴിയിൽ ജനാധിപത്യത്തിന്റെ പാതയാണ് അഭികാമ്യം എന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതായി കാണാം. യു. എ. ഇ ഉൾപ്പെടെ നിരവധി ഇസ്​ലാമിക രാജ്യങ്ങൾ കൈക്കൊള്ളുന്ന നടപടികൾ ഈ ദിശയിലാണ്. എന്നാൽ ‘ഇസ്​ലാമിനെ അതിന്റെ ആദിമ വിശുദ്ധിയിലേക്ക് തിരികെ നടത്തുകയാണ് ' എന്നവകാശപ്പെട്ട്​ തീവ്ര നിലപാടുകൾ സ്വീകരിക്കുന്ന താലിബാനും അനുബന്ധ ഐ. എസ്. രാഷ്ട്രീയവും ഭൂമുഖത്ത് സജീവമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം കേരളമുൾപ്പടെയുള്ള ദേശങ്ങളിലെ രാഷ്ട്രീയ- മത ഘടനകളെ സ്വാധീനിക്കുന്നുമുണ്ട്. അപ്പോൾ പിന്നെ എം. കെ. മുനീർ എന്ന രാഷ്ട്രീയനേതാവിന്റെ പൊളിറ്റിക്കൽ കരിയറിനെ ഇതെങ്ങിനെയൊക്കെ ബാധിക്കുമെന്ന ചോദ്യത്തേക്കാൾ പ്രസക്തം, അത് കേരളത്തെ എങ്ങിനെയൊക്കെ സ്വാധീനിക്കുന്നു എന്നതാണ്. കേരളത്തിലെ ഇസ്​ലാമി ക് രാഷ്ട്രീയത്തിന്റെ വഴി ജനാധിപത്യ പാതയിലാണോ അതോ താലിബാൻ മാർഗ്ഗത്തിലോ എന്നതാണ് ചോദ്യം. നിർഭാഗ്യവശാൽ മുനീറിനേപ്പോലെ പുരോഗമന പരിവേഷമുള്ള ഒരു നേതാവ് ഇപ്പോൾ മുന്നോട്ടു വെക്കുന്നത് മുദുതലിബാനിസമാണ് എന്ന് പറയാതെ വയ്യ.

Photo : Wikimedia Commons
Photo : Wikimedia Commons

അദ്ദേഹം രണ്ടും കല്പിച്ചാണ് വിവാദവാൾ വീശുന്നത് എന്ന് നിലപാടുകൾ പരിശോധിച്ചാൽ മനസ്സിലാകും. ഒരു മതദർശനത്തിന് മാർക്‌സിസത്തോടുള്ള അപരിഹാര്യമായ വിയോജിപ്പുകൾ ആർക്കും മനസ്സിലാകും. മാർക്‌സിസം വലിയ തോതിൽ പൊളിച്ചെഴുത്തുകൾക്ക്​ വഴിയൊരുക്കുന്നതിൽ പരാജയപ്പെട്ടാൽ ബാഹ്യ ഇടപെടലേതുമില്ലാതെ തന്നെ കാലഹരണപ്പെടുകയും മൃതമായിത്തീരുകയും ചെയ്യും എന്ന കാര്യത്തിലും സംശയമില്ല. അതേക്കുറിച്ചൊക്കെയുള്ള വിശദ ചർച്ചകളും
അനിവാര്യമാണ്. അതിനുപകരം മുനീർ ചെയ്യുന്നത് തികച്ചും അസംബന്ധവും വ്യക്തിപരവുമായ ശകാരപദങ്ങളുപയോഗിച്ച് മാർക്‌സ്, എംഗൽസ്, ലെനിൻ എന്നിവർക്കുമേലെ അധിക്ഷേപം ചൊരിയുകയാണ്. ‘മാർക്‌സ് അലക്കുകയും കുളിക്കുകയും പല്ലുതേക്കുകയുമൊന്നും ചെയ്യാത്ത വൃത്തികെട്ട മനുഷ്യനായിരുന്നു' എന്ന് മുനീർ പറയുന്നു. മാർക്‌സാകട്ടെ ലോകത്തിനു മുമ്പിൽ അറിയപ്പെട്ടത്, അദ്ദേഹത്തിന്റെ ദാർശനിക സംഭാവനകളും അതിന് വേണ്ടി അദ്ദേഹം അനുഭവിച്ച സമാനതകളില്ലാത്ത ത്യാഗത്തിന്റേയും പേരിലാണ്. അവയൊക്കെ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്.

ഏതാനും വർഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായ ബി. ബി. സി, മനുഷ്യന്റെ ഈ കാലഘട്ടത്തെ, ആധുനിക യുഗത്തെ, ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാര് എന്ന് കണ്ടുപിടിക്കാൻ, ലോകമാകെ വർഷങ്ങൾ നീണ്ട സർവ്വേ നടത്തിയിരുന്നു. അങ്ങനെയവർ യുഗപുരുഷനായി തെരഞ്ഞെടുത്തത് കാൾ മാർക്‌സിനെയായിരുന്നു. കാൾ മാർക്‌സിനുതാഴെ മാത്രമായിരുന്നു പ്രവാചകന്മാർക്കും മറ്റു ദാർശിനികന്മാർക്കും ഗാന്ധി ഉൾപ്പെടെയുള്ളവർക്കുമൊക്കെ ലഭിച്ച സ്ഥാനം. ബി.ബി. സി എല്ലായ്‌പോഴും മാർക്‌സിസത്തിനെതിരെ മുതലാളിത്തപക്ഷത്ത് അണിനിരന്ന മാധ്യമ സ്ഥാപനമായിട്ടും കാൾ മാർക്‌സിനെ ഒഴിവാക്കി മറ്റൊരാളെ യുഗപുരുഷനായി തെരഞ്ഞെടുക്കാൻ അവർക്കായില്ല. ഇനി ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്ത പുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടത് കാൾ മാർക്‌സിന്റെ മൂലധനം എന്ന കൃതിയായിരുന്നു. രണ്ടാം സ്ഥാനത്താണ് ബൈബിൾ. ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ മാർക്‌സിസവുമായി ബന്ധപ്പെട്ടവയാണ്. മാർക്‌സിനുശേഷം മാർക്‌സിനെ അനുകൂലിച്ചോ, എതിർത്തോ അല്ലാതെ, മറ്റൊരു ചിന്താപദ്ധതികൾക്കും നിലനിൽക്കാനാവുന്നില്ല.

കാൾ മാർക്‌സ്. / Photo : Wikimedia Commons
കാൾ മാർക്‌സ്. / Photo : Wikimedia Commons

മാർക്‌സിസത്തെ തള്ളിപ്പറയുന്ന മാർക്‌സിസ്റ്റ് വിരുദ്ധർ പോലും മുതലാളിത്ത വ്യവസ്ഥയെ പഠിക്കുന്നതിന് എല്ലാ കാലത്തും ഉപയോഗിച്ചത് മാർക്‌സിന്റെ സിദ്ധാന്തങ്ങളാണ്. ഇതൊക്കെ അദ്ദേഹം സാധിച്ചത്, ഭൂമുഖത്ത് ജീവിച്ചത്, ഇനിയൊരു മനുഷ്യനുപോലും ചിന്തിക്കാൻ കഴിയാത്ത ദാരിദ്ര്യവും ത്യാഗവും അനുഭവിച്ചു കൊണ്ടാണ്. ഏംഗൽസ് എന്നൊരാൾ സഹായത്തിനില്ലായിരുന്നെങ്കിൽ എന്നോ മരിച്ച് മണ്ണടിഞ്ഞ് പോകുമായിരുന്ന ഒരാൾ. ഇവയൊക്കെ രേഖപ്പെടുത്തപ്പെട്ട അവിതർക്കിതമായ ചരിത്രമാണ്. ഇങ്ങനെയൊരു ചരിത്ര പുരുഷനേയാണ് മുനീർ നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിക്കുന്നത്. എന്നാൽ താൻ നേതാവായ മുസ്​ലിംലീഗ് എന്നൊരു പാർട്ടിയേയോ അതിന്റെ നേതാക്കളേയോ ഈ നിലയിൽ വിലയിരുത്താൻ ശ്രമിച്ചാൽ എന്തായിരിക്കും അവസ്ഥ? അദ്ദേഹമൊരു പക്ഷേ ചർച്ചയെ ഇങ്ങനെയൊക്കെ വഴിതിരിച്ചുവിട്ട് തന്റെ ലക്ഷ്യം നേടാൻ ആഗ്രഹിക്കുന്നുണ്ടാവും. ഞാനേതായാലും ആ കുഴിയിൽ വീഴാനില്ല.

മുനീറിന്റെ പാർട്ടിയുടെ നേതാവായിരുന്ന സീതിഹാജിയുടെ ചില കമന്റുകൾ മലയാളികൾ നന്നായി ആസ്വദിച്ചിട്ടുണ്ട്. ഒരു പക്ഷേ ഇന്നും പലരും അതൊക്കെ ഓർക്കാറുമുണ്ട്. കാട് വെട്ടിനശിപ്പിക്കുന്നത് കൊണ്ട് മഴ കുറയുമെങ്കിൽ കടലിൽ മഴ പെയ്യുന്നതെങ്ങിനെ എന്നായിരുന്നു ഹാജിയുടെ ‘ന്യയമായ'ചോദ്യം. അതേ നിലവാരത്തിൽ നിന്നാണ് ‘പിണറായി വിജയൻ എന്തിനാണ് ഭാര്യയെ പാന്റ്‌സ് ധരിപ്പിക്കുന്നത്, പകരം ഇങ്ങേർക്ക് സാരിയുടുത്താൽ പോരെ' എന്ന മുനീറിന്റെ ചോദ്യം. ആ കേവലയുക്തി ആസ്വദിക്കാൻ കേരളത്തിൽ ധാരാളമാളുകളുള്ളതുകൊണ്ടാണല്ലോ എം. എസ്. എഫുകാർ കൂകിയാർത്തതും സോഷ്യൽ മീഡിയയിൽ ഇതൊക്കെ നിറഞ്ഞാടിയതും.

മര- ജീവി-ത്തോലുകളും ഇലകളുമൊക്കെയായിട്ടായിരിക്കുമല്ലോ പ്രാകൃത (Primitive) മനുഷ്യൻ വസ്ത്രബോധത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാവുക. അവിടെ അത് എന്തെങ്കിലും മറയ്ക്കാനാകാനിടയില്ല. അവിടെനിന്നിങ്ങോട്ട് ഇന്നു വരെയുള്ള വസ്ത്രവൈവിധ്യങ്ങളെ മനസ്സിലാക്കാനുള്ള ചരിത്രബോധം മുനീറിനെപ്പോലൊരാൾക്ക് ഇല്ലാതിരിക്കാൻ സാദ്ധ്യതയില്ല. മനുഷ്യന്റെ ഭക്ഷണരീതികൾ, ഭൂപ്രകൃതി, കാലാവസ്ഥ, കുടിയേറ്റം, പലായനം, യുദ്ധങ്ങൾ, അധ്വാനരീതികൾ, ശാസ്ത്രം, സാങ്കേതിക വിദ്യകൾ, അറിവ്, ആചാരാനുഷ്ടാനങ്ങൾ, സംസ്‌കാരം എന്നിവ നിരന്തരം മാറുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ചാണല്ലോ വസ്ത്രവിതാനങ്ങളിലും മാറ്റമുണ്ടായത്. ഈ സ്വാഭാവിക വികാസത്തിന് പ്രതിരോധം തീർക്കാനും വിലക്കുകൾ പണിയാനും മതം, പ്രത്യശാസ്ത്രം, അധികാരം എന്നിവ നിരന്തരം പരിശ്രമിച്ചിട്ടുമുണ്ട്. സ്വകാര്യസ്വത്തോ വർഗ്ഗാധികാരമോ ഇല്ലാത്ത കാലത്തുനിന്ന്, വികസിച്ച് ഇതു രണ്ടും മേധാവിത്തം ചെലുത്തുന്ന ഒരു സമൂഹമുണ്ടായതുമുതലാണ്, ഇന്ന് നാം പുരുഷാധിപത്യം എന്നുവിളിക്കുന്ന ആണാധികാര മേൽക്കോയ്മയും സ്ത്രീ അടിമത്തവുമൊക്കെ രൂപം കൊണ്ടത് എന്ന് ചരിത്രം പഠിക്കുന്ന ആർക്കുമറിയാം. അതുമുതൽ പുരുഷന്റെ സ്വകാര്യസ്വത്തായ സ്ത്രീ, അവന് സമ്മതമുള്ള വസ്ത്രങ്ങളേ ധരിക്കാൻ പാടുള്ളൂ എന്ന നിഷ്‌കർഷയിലായി. ആണായ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമുള്ള, തനിക്ക് സമ്പൂർണ വിനിമയാധികാരങ്ങളുള്ള, തന്റെ സ്വകാര്യ സ്വത്തായ ശരീരം മാത്രമായി സ്ത്രീയെ മാറ്റിത്തീർത്ത നിലയിലാണ് എല്ലാ വർഗ്ഗ സമുദായങ്ങളും നിലനിന്നതും ഇന്നും നിലനിൽക്കുന്നതും. തനിക്ക് ഭോഗിക്കാനുള്ള, തനിയ്ക്ക് ഭക്ഷണം തയാറാക്കി തരാനുള്ള, തന്റെ എച്ചിൽ കഴിക്കാനും കഴുകാനുമുള്ള, അടിവസ്ത്രമുൾപ്പെടെ അലക്കിവെളുപ്പിക്കാനുള്ള ഒരു ബഹുമുഖ യന്ത്രം മാത്രമാണ് പെണ്ണ്. അതുകൊണ്ടാണ് തനിക്ക് ഭോഗിക്കാനുള്ള അവസരത്തിലൊഴിച്ച്, പെണ്ണിനെ കറുത്ത വസ്ത്രങ്ങളിൽ പൊതിഞ്ഞുകൊണ്ടു നടക്കുന്നത്.

കാലമിപ്പോൾ അതിവേഗം മാറുകയാണ്. ആണും പെണ്ണും വിപരിതങ്ങളാണെന്നും, പരസ്പരം നിഷേധിക്കുന്നവയാണെന്നുമൊക്കെയുള്ള പ്രാകൃത ദാർശിനികതയിൽ നിന്ന്​ അതൊരുപാട് വളർന്നു. അത്തരം കാഴ്ചപ്പാടുകളെ നിഷേധിച്ചെങ്കിലും, സത്തയിൽ അവിടെ തന്നെ കുരുങ്ങി നിന്ന ക്ലാസിക്കൽ മാർക്‌സിസത്തിനും ഇന്നൊരുപാട് വികാസമുണ്ടായി. സ്ഥിതിസമത്വത്തിന്റെ ഒരു പുതിയ ദാർശനികത ലോകമാകെ വികസിക്കുകയാണ്. ഇവിടെ ലോകമാകെ നടക്കുന്ന പഴയ ദാർശനികതയും പുതിയതും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന വേദികളിലൊന്ന് (Platform) ആണധികാര നിഷേധം തന്നെയാണ്. അതിൽ തന്നെ നമ്മുടെ പ്രത്യക്ഷങ്ങളിലേക്ക് എളുപ്പത്തിൽ കടന്നുവരുന്ന ഒന്ന് ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്ത്രീകളുടെ അവകാശവുമാണ്.

മുനീർ കേവല യുക്തിയിൽ കയ്യടി വാങ്ങാൻ പറഞ്ഞ സാരിപുരാണം പോലും അത്ര നിഷ്‌കളങ്കമല്ല. അത് പിണറായി വിജയനെ കൂടി സാരി ഉടുപ്പിച്ചോ, സ്‌കൂളുകളിലും കോളേജുകളിലും ആൺകുട്ടികളെ കൂടി ചുരിദാർ ധരിപ്പിച്ചോ പരിഹരിക്കാവുന്ന വിഷയവുമല്ല. എത്ര അസൗകര്യങ്ങളും അസ്വസ്ഥതകളുമുണ്ടെങ്കിലും പുരുഷൻ നിശ്ചയിച്ചുനൽകിയ വസ്ത്രം ധരിക്കാൻ പെണ്ണ് ബാദ്ധ്യസ്ഥമായിരുന്നു. ഇപ്പോഴവർ ഇതൊക്കെ വലിച്ചു പറിച്ചു കളയാനും സ്വാതന്ത്ര്യം അനുഭവിക്കാനും വെമ്പി നിൽക്കുകയാണ്. തങ്ങളുടെ ആത്മാവിഷ്‌കാരങ്ങൾക്കുചേർന്ന വസ്ത്രങ്ങൾ തെരെഞ്ഞെടുക്കാൻ അവർ ബോധത്തിലും അബോധത്തിലുമായി തീരുമാനിച്ചുറപ്പിക്കുകയാണ്. ഒരു വിനോദയാത്രക്കിടയിൽ കാണുന്ന വെള്ളച്ചാട്ടത്തിൽ ആണുങ്ങളെല്ലാം അടിവസ്ത്രം മാത്രം ധരിച്ചു കുളിക്കുന്നു. (ഒരു വസ്ത്രവും ധരിക്കാതെ അച്ഛനും അമ്മയും മുതിർന്നതും അല്ലാത്തതുമായ മക്കളും ഒരുമിച്ച് നീന്തിത്തുടിച്ച് കുളിക്കുന്ന ഇടങ്ങളും ലോകത്തിലൊരുപാടുണ്ട്. ഇന്ത്യയിൽ പോലുമുണ്ട്. അവിടെയൊന്നും ആരും ഒന്നും ഒളിഞ്ഞു നോക്കുന്നില്ല. സദാചാരം ഇടിഞ്ഞു വീഴുന്നുമില്ല) ആണിന് തങ്ങളുടെ ജനനേന്ദ്രിയം നേരിട്ട് കാണാനിടവരരുത് എന്നതൊഴിച്ച് മറ്റ് ശരീരഭാഗങ്ങളാകെ ആര് കാണുന്നതിനും പ്രയാസമില്ല. പെണ്ണിനോ അവരുടെ ജനനേന്ദ്രിയം മാത്രമല്ല; മാറിടങ്ങൾ, വയർ ഭാഗങ്ങൾ, നിതംബം, തുടഭാഗങ്ങൾ, എന്തിന് ചിലപ്പോൾ മുഖം പോലും പുരുഷന്മാർ കാണാൻ പാടില്ലാത്തതുകൊണ്ട് അവർക്ക് വെള്ളച്ചാട്ടത്തിൽ കുളിക്കാനവകാശമില്ല. അതൊക്കെ കണ്ടാൽ പുരുഷന് ലൈംഗിക ഉത്തേജനം ഉണ്ടാകും എന്നതാണ് പ്രശ്‌നം. എന്നാൽ പുരുഷൻ ഏതാണ്ട് നഗ്‌നനായിതന്നെ കുളിക്കുമ്പോൾ അത് കാണുന്ന പെണ്ണിന് ലൈംഗിക ഉത്തേജനം ഉണ്ടാവും എന്നത് വിഷയമേയല്ല. അവർക്കുവേണമെങ്കിൽ അവിടെ നിന്ന് മാറിപ്പോകാമെന്ന് മാത്രം.

Photo : Wikimedia Commons
Photo : Wikimedia Commons

പുതിയ തലമുറ ഇത്തരം കീറിപ്പറിഞ്ഞ സദാചാരമൊന്നും ഇനിയും അംഗീകരിച്ചുതരാൻ തയാറാവില്ല. അവരും ആണിനെപ്പോലെ വെള്ളത്തിലിറങ്ങും. ഏതാണ്ട് നഗ്‌നമായി തന്നെ കുളിക്കും. ആണിന് അത് കണ്ട് ലൈംഗികത ഉണരുന്നുണ്ടെങ്കിൽ അവർക്ക് മാറിപ്പോകാം. അല്ലെങ്കിൽ ഒന്നിച്ച് ആർത്തുല്ലസിച്ച് കുളിക്കാം. ലൈംഗികത പാപമായോ അപരാധമായോ പുതിയ തലമുറ കാണുന്നില്ല. തങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വസ്ത്രങ്ങൾ മനുഷ്യർ പൊതുവായി ഉപേക്ഷിക്കുക തന്നെയാണ്. എന്തുകൊണ്ട് മുണ്ടുകളും ലുങ്കികളുമൊക്കെ പുതുതലമുറയിലെ ആൺകുട്ടികൾ പോലും ഉപേക്ഷികുന്നു? അവർക്ക് താല്പര്യം ചെറിയ ട്രൗസറുകളൊക്കെയാണ്. അവർക്കത് സൗകര്യമായി അനുഭവപ്പെടുന്നു. മുണ്ടും ലുങ്കിയുമൊക്കെയാകുമ്പോൾ അടിവസ്ത്രം നിർബന്ധം. ചൂടുകാലത്തൊക്കെ അതുണ്ടാക്കുന്നു അസ്വസ്ഥത വലുതാണ്. എന്നാൽ ഒരു ട്രൗസറായാൽ ഇത്തരം പൊല്ലാപ്പില്ല. സാരിപുരാണം പറഞ്ഞ എം. കെ. മുനീർ ബർമുഡ ധരിച്ച് കാലുകളും മാറിടവുമൊക്കെ കാണിച്ച് നിൽക്കുന്ന ചിത്രം അച്ചടിച്ച് വന്നത് ഞാൻ കണ്ടിട്ടുണ്ട്. ‘ഞങ്ങൾ ആണുങ്ങൾക്ക് ഇതൊക്കെയാവാം. നിങ്ങൾ പെണ്ണുങ്ങൾക്ക് പാടില്ല’ എന്നുപറഞ്ഞാൽ, പോയി പണി നോക്കാൻ പറയും പുതുതലമുറയിലെ പെൺകുട്ടികൾ. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലും വാരികകളിലുമൊക്കെ സിനിമാ നടികളും, മോഡലുകളും കലാലയ വിദ്യാർത്ഥികളുമൊക്കെ പങ്കുവെക്കുന്ന ചിത്രങ്ങൾ മുനീർ സാഹിബ് കാണാറുണ്ടോ? അവർക്കേറ്റവുമിഷ്ടം ബ്രാലെസ്സ് ചിത്രങ്ങൾ പങ്കുവെക്കാനാണ്. അവരിൽ താങ്കളുടെ മതത്തിൽ പെട്ടവരും ധാരാളമുണ്ട്. ഇറുകിയ വസ്ത്രം ധരിച്ച് തുട കാണിച്ച് സാനിയാ മിർസാ ബാൻറ്​മിന്റൺ കളിച്ചു കൂടാ എന്ന് ഫത്വയിറക്കിയ പുരോഹിത സമൂഹവും നമുക്കിടയിലുണ്ട്. മതപരമായ വിലക്കുകളിൽ വലഞ്ഞ് പർദ്ദ ധരിക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികൾ വണ്ടിയിൽ കയറിയ ഉടനെ പർദ്ദയൂരി ബാഗിൽ തിരുകുന്നതും യാത്രകളിലൊക്കെ ജീൻസും സ്ലീവ് ലെസ് ടോപ്പുമൊക്കെയിട്ട് അടിച്ചു പൊളിക്കുന്നതുമൊന്നും മുനീറിന് അറിയാത്തതാണോ?

ബാലുശ്ശേരി ഹൈസ്‌കൂളിലെ കുട്ടികൾ ജന്റർ ന്യൂട്രൽ എന്ന നിലയിൽ പാന്റ്‌സും ഷർട്ടും ധരിച്ചതിനെ മുനീർ വിമർശിക്കുന്നത് കണ്ടു. പാൻസും ഷർട്ടും എന്നെന്നേക്കുമുള്ള ജെന്റർ ന്യൂട്രൽ വസ്ത്രങ്ങളാണ് എന്നൊന്നും അഭിപ്രായമില്ല. പക്ഷേ ഒരു സ്‌കൂളിനകത്ത് ആണിനേയും പെണ്ണിനേയും വസ്ത്രം കൊണ്ട് വേർതിരിക്കുന്നതിനെതിരായ പ്രതിരോധം തന്നെയാണത്. ഇന്നലെ വരെ തങ്ങൾ ധരിച്ച വസ്ത്രത്തേക്കാൾ അത് ഒരുപാട് സൗകര്യപ്രദമാണ് എന്ന് മുഴുവൻ പെൺകുട്ടികളും പറയുന്നു. നാളെ കുറേക്കൂടി ജെന്റർ ഫ്രീയും സൗകര്യ പ്രദവുമായ വസ്ത്രത്തിലേക്ക് അവിടെ കാര്യങ്ങൾ മാറുമായിരിക്കും. മുനീർ സാഹിബ് പക്ഷേ അറിയേണ്ട ഒരു കാര്യമുണ്ട്, ഈ ജന്റർ ന്യൂട്രൽ വസ്ത്രത്തിനെതിരെ മതപൗരോഹിത്യ ശക്തികൾ പുറത്ത് സമരം നടത്തുമ്പോൾ അകത്ത് അവരുടെ തന്നെ മക്കൾ പാന്റ്‌സും ഷർട്ടും ധരിച്ച് തുള്ളിച്ചാടുകയായിരുന്നു. പുറത്ത് പ്രാസംഗികനായെത്തിയ ഒരാളുടെ മകൾ ‘ബാപ്പ എന്തു വേണമെങ്കിലും പ്രസംഗിക്കട്ടെ, എനിക്കീ പാന്റും ഷർട്ടും മതി' എന്നുപറഞ്ഞ കഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുനീർ ചോദിക്കുന്നത് ഇതെങ്ങനെ ജന്റർ ന്യൂട്രലാകും, പാൻറ്​സ്​ ഇഷ്ടപ്പെടാത്തവർക്ക് അവർക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അവകാശം വേണ്ടേ എന്നാണ്. എം കെ മുനീർ സൗകര്യപൂർവ്വം മറച്ചുവെക്കുന്ന ഒരു കാര്യമുണ്ട്. ഇത് യൂണിഫോം ആണ്. ഒരു പൊതു ഇടത്തിൽ എല്ലാവർക്കും പൊതുവായി സ്വീകാര്യമായ വസ്ത്രം, നിറം എന്നിവ സ്വീകരിക്കുന്നതിനെയാണ് നാം യൂണിഫോം എന്ന് പറയുന്നത്. അത് നിശ്ചയിച്ച ശേഷം, അതിൽ വ്യക്തിപരമായ താൽപര്യത്തിനനുസരിച്ച് മാറി ധരിക്കാനുള്ള സ്വാതന്ത്യം വേണം എന്ന് പറയുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്? മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള സ്‌കൂള്യൂളിൽ ഇപ്പോൾ നിശ്ചയിച്ച യൂണിഫോമിൽ നിറത്തിലും രൂപത്തിലും ഓരോരുത്തരുടെ ഇംഗിതത്തിനനുസരിച്ച് മാറ്റം വരുത്താൻ നിങ്ങൾ അനുവദിക്കാറുണ്ടോ? നിങ്ങളുടെ കീഴിലുള്ള ചില സ്ഥാപനങ്ങളിൽ ഇപ്പോൾ തന്നെ ആണിനും പെണ്ണിനും ഒരേ നിറത്തിലുള്ള പേന്റ്‌സും ഷർട്ടും യൂണിഫോമായി നിശ്ചയിച്ചിട്ടുണ്ട്. വർഷങ്ങളായി അവർ ഒരേ തരത്തിലുള്ള പാന്റ്‌സും ഷർട്ടും ധരിച്ചിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായോ? പോട്ടെ നിങ്ങളുടെ വളണ്ടിയർ സംഘടനക്ക് നിങ്ങൾ നിശ്ചയിച്ച ഒരു യൂണിഫോമുണ്ട്. അതിൽ ഓരോരുത്തരുടേയും സൗകര്യത്തിനനുസരിച്ച് മാറ്റം വരുത്തി 'ജനാധിപത്യവൽകരി,ക്കാമോ?

സാനിയ മിർസ. / Photo : Sania Mirza, Fb Page
സാനിയ മിർസ. / Photo : Sania Mirza, Fb Page

പ്രശ്‌നമിതാണ്; കമല ടീച്ചർ ഉൾപ്പെടെ സ്ത്രീകളും പെൺകുട്ടികളും ഇന്ന് ധരിക്കുന്ന വസ്ത്രങ്ങൾ അവരുടെ സൗകര്യം കണക്കിലെടുത്ത് അവർ സ്വയം വികസിപ്പിച്ചവയല്ല. പുരുഷാധിപത്യസമൂഹം നിശ്ചയിച്ചതും നിർമിച്ചതും പുരുഷാധിപത്യ, മേധാവിത്ത സംസ്‌കാരത്തിന് വിധേയമായി ധരിക്കേണ്ടി വന്നതുമാണ്. അതുകൊണ്ടാണ് മുനീർ സാഹിബ് ചോദിക്കുന്നത്, ‘എന്തുകൊണ്ടാണ് കമല ടീച്ചറെ പാൻറ്​ ഉടുപ്പിക്കുന്നത്, പിണറായി വിജയന് സാരി ധരിച്ചാൽ പോരേ' എന്ന്. ഭാഷയിൽ പോലുമുള ആണധികാര വിന്യാസം ശ്രദ്ധിക്കൂ. കമല ടീച്ചറെ പാൻറ്​ ഉടുപ്പിക്കുകയാണ്. ആര്? പിണറായി വിജയൻ എന്ന പുരുഷൻ. അദ്ദേഹത്തിന് സാരിയുടുത്തുകൂടെ എന്ന് ചോദിക്കുമ്പോൾ അത് ഒരു പുരുഷൻ സ്വയം ചെയ്യുന്നതാണ്. അതല്ലാതെ കമല ടീച്ചർ എന്ന സ്ത്രീ ഉടുപ്പിക്കുകയല്ല. പുരുഷൻ സ്വയം ഉടുക്കുകയാണ്. സ്ത്രീയെ ഉടുപ്പിക്കുകയും. ഭാഷയിലും പ്രവൃത്തിയിലുമുള ആണധികാര ചിഹ്നങ്ങൾ നമുക്കിങ്ങനെ എത്ര വേണമെങ്കിലും പെറുക്കിയെടുക്കാം.

അതുകൊണ്ട്, മുനീർ സാഹിബ് എത്രയാഗ്രഹിച്ചാലും ഒരു പുരുഷനെ കൊണ്ട് സാരി ധരിപ്പിച്ചോ, ആൺകുട്ടികളെ ചുരിധാർ ഉടുപ്പിച്ചോ പ്രശ്‌നം പരിഹരിക്കാനാവില്ല. ഒരു സമൂഹം പുരുഷാധിപത്യ സംസ്‌കാരം കയ്യൊഴിഞ്ഞ് സ്വതന്ത്രവും ജനാധിപത്യപരവുമായ ഒന്നായി പരിവർത്തിപ്പിക്കപ്പെടുമ്പോൾ സ്വാഭാവികമായും അതനുസരിച്ച വസ്ത്രങ്ങൾ വികസിച്ചുവരികയാണ് ചെയ്യുക. അവയൊക്കെ ലളിതവും സുഖാനുഭൂതികൾ പകരുന്നതുമായ വസ്ത്രങ്ങളായിരിക്കും. വസ്ത്രത്തിന്റെ ധർമം പെണ്ണിന്റെ ശരീരഭാഗങ്ങൾ അവകാശിയായ പുരുഷനുമാത്രം സൗകര്യമായി കാണാനുള്ള നിലയിൽ നിർമിച്ചെടുക്കുന്നതല്ല. മറ്റുള്ളവരിൽനിന്ന് കെട്ടിപ്പൊതിഞ്ഞ് മറച്ചുവെക്കുന്ന തരത്തിലായിരിക്കണം വസ്ത്രങ്ങൾ എന്നത് പ്രാകൃതമാണ്. അത് ഒരാധുനിക സമൂഹം കുടഞ്ഞുകളയും എന്ന കാര്യത്തിലും സംശയമില്ല. ധരിക്കുന്ന ആളിന്ന് അതെത്രമാത്രം സ്വീകാര്യവും സൗകര്യപ്രദവുമാണ് എന്നതാണ് പ്രധാനം. നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അത് കാണാതിരിക്കാനുള്ള സൗകര്യം നിങ്ങൾക്കുണ്ടല്ലോ. സ്ത്രീയുടേയും പുരുഷന്റേയും ശരീരം അവർക്ക് പരസ്പരം കാണാനും ആസ്വദിക്കാനും ചേർന്ന് നിൽക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ കഴിയുംവിധം തന്നെയാണ് പ്രകൃതി ഡിസൈൻ ചെയ്തിട്ടുള്ളത്. സ്ത്രീയുടെ ശരീര ഭാഗങ്ങൾ ഏതെങ്കിലും എതിർലിംഗത്തിലുള്ളയാൾ കണ്ടുപോയാൽ സദാചാരം തകരും എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. ജീവിതത്തിലേ സദാചാര വിലക്കുകളുള്ളൂ. സാഹിത്യത്തിലും മതഗ്രന്ഥത്തിലുമൊന്നുമില്ല. കഴുതക്കാമം കരഞ്ഞുതീർക്കുന്നു എന്നുപറയുന്ന പോലെ ജീവിതത്തിൽ കഴിയാത്തത് സാഹിത്യത്തിൽ അനുഭവിക്കുന്നു. മനുഷ്യന്റെ ശരീരഘടനയും അവയവങ്ങളുമൊക്കെ ചില പ്രത്യേക കാലങ്ങളിലും പ്രായത്തിലും ലൈംഗിക പ്രചോദനം സൃഷ്ടിക്കും വിധം തന്നെയാണ് പ്രകൃതി ആവിഷ്‌കരിച്ചിരികുന്നത്. അതൊന്നും തെറ്റല്ല. കളിമണ്ണിൽ മനുഷ്യരൂപമുണ്ടാക്കി മൂക്കിലൂടെ ജീവനൂതിക്കൊടുത്താണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്നാണല്ലോ ഇസ്​ലാമിക വിശ്വാസം. അപ്പോൾ പിന്നെ ദൈവം മനുഷ്യർക്കുവേണ്ടി ‘അദ്ദേഹത്തി'ന്റെ ഇംഗിതമനുസരിച്ച് സൃഷ്ടിച്ച മനുഷ്യാകാരത്തെ കാണാൻ അനുവദിക്കാത്ത വിധം കെട്ടിപ്പൊതിയുന്നതിന്റെ സംഗത്യമെന്താണ്? ഈ പറഞ്ഞതിനർത്ഥം നമ്മളെല്ലാവരും ഇനി മുതൽ ഉടുമുണ്ട് പറിച്ചെറിഞ്ഞ് നടക്കണമെന്നല്ല. അങ്ങനെ ചെയ്താൽ നിലവിലുള്ള നിയമമനുസരിച്ച് അകത്താകുകയും ചെയ്യും. നഗ്‌നതാ പ്രദർശനം ലോകത്ത് പല രാജ്യങ്ങളിലും ഇപ്പോഴും കുറ്റകരമാണ്. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ആ സമൂഹം വികസിപ്പിച്ച ആചാരമര്യാദകൾ പാലിക്കാൻ നാം ബാദ്ധ്യസ്ഥരായിരിക്കും. അതിനർത്ഥം ആചാരമര്യാദകൾ ആചന്ദ്രതാരം നിലനിൽക്കുമെന്നല്ല. അവ നിരന്തരമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കും. അത്തരം പരിഷ്‌കർത്താക്കളെയാണ് നവോത്ഥാന നായകർ എന്നൊക്കെ വിളിക്കുന്നത്. പ്രകൃതിയിലേയും സമൂഹത്തിലേയും എല്ലാ മാറ്റങ്ങളും സാവധാനത്തിലുള്ള മാറ്റം, എടുത്തു ചാട്ടം (Evalution and Revolution) എന്ന തത്വപ്രകാരമായിരിക്കും. സമൂഹത്തിലുണ്ടാവുന്ന സാവധാനത്തിലുള്ള മാറ്റം ഒരു ഘട്ടം കഴിയുമ്പോൾ എടുത്തുചാട്ടമായി അല്ലെങ്കിൽ ഒരു വിപ്ലവമായി സമൂഹത്തെ പുതുക്കിപ്പണിയും. ഈ പ്രക്രിയയിൽ ബോധപൂർവം ഇടപെടാൻ ശേഷിയുള്ള ജീവിയാണ് മനുഷ്യൻ. ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ മുനീർ സാഹിബിനേപ്പോലുള്ളവർ യാഥാസ്ഥിതികമായി നോക്കിക്കാണരുത്. എന്നാൽ ആകെ ഒരു പുതുക്കിപ്പണിയലിന് സമയാമായോ എന്ന് ചോദിച്ചാൽ ഒരു പക്ഷേ ആയിട്ടുണ്ടാവില്ല. എങ്കിലും നാം ഒരു പരിവർത്തന ഘട്ടത്തിലാണ് എന്ന് നിസ്സംശയം പറയാം.

ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ ബാലുശ്ശേരി ഗവ. സ്കൂളിലെ വിദ്യാർഥികൾ
ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ ബാലുശ്ശേരി ഗവ. സ്കൂളിലെ വിദ്യാർഥികൾ

നമ്മുടെ വസ്ത്രധാരണ രീതിയിൽ വന്ന ഏറ്റവും സമകാലികമായ മാറ്റങ്ങൾ മാത്രം പരിശോധിച്ചാൽ നമുക്കിത് മനസ്സിലാകും. രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിൽ എത്ര ശതമാനം ആളുകളാണ് വസ്ത്രം ധരിച്ചിരുന്നത്? ഏത് തരത്തിലുള്ള വസ്ത്രമാണവർ ധരിച്ചത്? കേരളത്തിൽ സ്ത്രീകൾ മാറുമറച്ച് വസ്ത്രം ധരിക്കാൻ തുടങ്ങിയതെപ്പാഴാണ്? സി.കേശവൻ സ്വാതന്ത്ര്യത്തിനുശേഷം തിരു- കൊച്ചി സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ ആത്മകഥയിൽ, ഭാര്യക്ക് ബ്ലൗസ് ധരിക്കണമെന്ന് ആഗ്രഹം തോന്നിയതും സ്വകാര്യമായി ബ്ലൗസ് എത്തിച്ചു കൊടുത്തതും മുറിക്കകത്ത് കയറി വാതിലടച്ച് ബ്ലൗസ് ധരിച്ചു നോക്കിയതും അമ്മ കണ്ടുപിടിച്ചതും ആകെ പുലിവാലായതുമൊക്കെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അന്ന് മാറ് മറക്കുന്നതായിരുന്നു കൊള്ളരുതായ്മ.

എന്റെ കുട്ടിക്കാലത്ത് തൊട്ടടുത്ത ക്ഷേത്രത്തിൽ നായർ യുവതികൾ ബ്ലൗസ് ധരിക്കാതെ താലപ്പൊലിയെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മുസ്​ലിം സ്ത്രീകൾ അന്ന് കാച്ചിയും ഉമ്മച്ചിക്കുപ്പായവുമാണ് ധരിച്ചിരുന്നത്. പർദ്ദയൊന്നും ഞങ്ങളുടെ നാട്ടിൻപുറത്തുണ്ടായിരുന്നേയില്ല. ഇന്നിപ്പോൾ മലയാളി മങ്കമാർ എന്നൊക്കെപ്പറഞ്ഞ് കസവുവേഷ്ടിയും മുണ്ടും കസവുസാരിയുമൊക്കെ ധരിച്ചു കാണാറുണ്ട്. സാരി കേരളീയ വേഷമാണോ? അല്ല. അത് ആന്ധ്രയിൽ നിന്നും കർണ്ണാടകത്തിൽ നിന്നുമൊക്കെയാണ് കേരളത്തിലെത്തിയത്. നമ്മുടെ ചുമർചിത്രങ്ങളും, ശില്പങ്ങളുമൊക്കെ പരിശോധിച്ചാൽ പുരുഷന്മാരും സ്ത്രീകളുമൊക്കെ ധരിച്ചിരുന്ന വസ്ത്രത്തിന്റെ രൂപം നമുക്ക് മനസ്സിലാകും. ലൈംഗികത പാപമായി അത്തരം സമൂഹങ്ങൾ സ്വീകരിച്ചിരുന്നില്ലെന്നും വ്യക്തമാകും. പൊതുവേ ആണോ പെണ്ണോ മാറ് മറച്ചിരുന്നില്ല. അന്താരിയ, ഉത്തരീയ, സ്ഥാൻപട്ട, കുഞ്ചുകി എന്നിങ്ങനെയൊക്കെയാണ് പഴയ കാലത്തെ വസ്ത്രങ്ങൾ അറിയപ്പെട്ടത്. അവയിലൊക്കെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയാണ് നാം ഇന്നത്തെ നിലയിലെത്തിയത്. വസ്തുതയിതൊക്കെയായിരിക്കുമ്പോൾ ‘ഞങ്ങളുടെ' സ്ത്രീകൾ എന്ത് ധരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും, പരപുരുഷമാരാരും അവരെ കാണരുത്, ഒന്നിച്ചിടപഴകരുത്, മറകെട്ടിത്തിരിച്ച ഇരുട്ടിലേ സ്ത്രീകളിരിക്കാവൂ എന്നൊക്കെ പറയുന്നത് എന്തൊരസംബന്ധമാണ്?

ഈ പറയുന്നതൊക്കെ അരാജകത്തമാണ്; ഇത്തരം ജീവിതരീതി കുത്തഴിഞ്ഞതാണ്, അത് കുടുംബബന്ധങ്ങൾ തകർക്കും എന്നൊക്കെ വിലപിക്കുന്നവരുണ്ട്. നാം ഒരു പരിവർത്തന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പഴയ ഒരു ജീവിതരീതി തകരുന്നതും നമുക്ക് പരിചിതമല്ലാത്ത പുതിയതൊന്ന് കടന്നുവരുന്നതും പൊതുവായി പല ആശയക്കുഴപ്പങ്ങൾക്കും കാരണമാവും. വിശേഷിച്ച് പഴയ തലമുറകൾക്കിടയിൽ, എല്ലാം തകർന്നു കുഴപ്പമാകുകയാണ് എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യും. കൈവരുന്ന സ്വാതന്ത്ര്യം കരുതി ഉപയോഗിക്കാൻ കഴിവില്ലാത്ത പലരും ചിലപ്പോൾ സ്വാതന്ത്ര്യത്തിന്റെ എരിതീ വെളിച്ചത്തിൽ എരിഞ്ഞടങ്ങിയെന്നും വരാം. ഇതൊക്കെ ചരിത്രത്തിലെ അനിവാര്യതകൾ തന്നെയാണ്. കാലത്തെ ശരിയായി മനസ്സിലാക്കി, ശാസ്ത്രീയമായി ഇടപെടുക മാത്രമാണ് നമുക്ക് ചെയ്യാനാവുക. ഉദയസൂര്യനെ പഴമുറം കൊണ്ട് മറയ്ക്കാം എന്ന് കരുതുന്നതുപോലെ യാഥാസ്ഥിതിക നിലപാടുകളിൽ അളളിപ്പിടിച്ചിരുന്ന് മാറ്റങ്ങളെ പ്രതിരോധിച്ചു കളയാം എന്നു കരുതുന്നത് മൗഢ്യമാണ്. അരാജകത്വം എന്നത് എന്തോ മോശം കാര്യമാണ് എന്നാണ് സമൂഹം പൊതുവേ വിവക്ഷിക്കുന്നത്. എന്നാൽ അതിന്റെ വാച്യാർത്ഥം രാജനില്ലാത്ത അവസ്ഥ എന്നാണ്. അതായത് ഭരണാധികരികളും ഭരണീയരുമില്ലാത്ത അവസ്ഥ. കാൾ മാർക്‌സ് ഭരണകൂടം കൊഴിഞ്ഞു പോകുന്ന അവസ്ഥയെക്കുറിച്ചൊക്കെ വിഭാവനം ചെയ്തില്ലേ? അതുതന്നെ. ഒരു മനുഷ്യന്റേയും സ്വാതന്ത്ര്യത്തെയും, ആത്മാവിഷ്‌കാരങ്ങളേയും ഭരണകൂടങ്ങളാലോ അലിഖിത കീഴ് വഴക്കങ്ങളാലോ നിയന്ത്രിക്കപ്പെടേണ്ടതില്ലാത്ത, മനുഷ്യൻ എന്ന പദം തന്നെ ഉദാത്തമായി തീരുന്ന അവസ്ഥയാണ് രാജാവിനാൽ, ഭരണകൂടങ്ങളാൽ ഭരിക്കപ്പെടാത്ത ‘അരാജകാവസ്ഥ'. അതൊരു മോശം കാര്യമോ കാലമോ ആയിരിക്കില്ല. സ്വപ്നമോ യാഥാർത്ഥ്യമോ എന്നതൊക്കെ കാലം തെളിയിക്കേണ്ടതാണെങ്കിലും. അതേപോലെ തന്നെയാണ് കുടുംബത്തേക്കുറിച്ചുളള കാഴ്ചപ്പാടുകളും.

കാച്ചിയും ഉമ്മച്ചിക്കുപ്പായവുമണിഞ്ഞ മുസ്ലിം സ്ത്രീകൾ. / Photo : Wikimedia Commons
കാച്ചിയും ഉമ്മച്ചിക്കുപ്പായവുമണിഞ്ഞ മുസ്ലിം സ്ത്രീകൾ. / Photo : Wikimedia Commons

‘കൂടുമ്പോൾ ഇമ്പമുള്ളത്' എന്നൊക്കെ ഉദാത്തവൽക്കരിച്ച് വിശദീകരിക്കാമെങ്കിലും, കുടുംബം എന്നത് കൂടുമ്പോൾ അത്ര ഇമ്പമുള്ളതൊന്നുമല്ല. അത് തീർച്ചയായും ആണധികാരത്തിന്റേയും സ്ത്രീവിരുദ്ധതയുടേയും ഭരണകൂടരൂപം തന്നെയാണ്. അതിനർത്ഥം ഇപ്പോൾ തന്നെ കുടുംബം തകർക്കണമെന്നുമല്ല. പൊളിച്ചെഴുത്തുകൾ ഇവിടേയും അനിവാര്യം തന്നെയാണ്. സ്ഥിതിസമത്വ ആധുനികതയിലേക്ക് വികസിച്ചു കൊണ്ടിരിക്കുന്ന എല്ലാ സമൂഹങ്ങളും ഇത്തരം ഇരുണ്ട ഘടനകളെയെല്ലാം പൊളിച്ചുപണിതുകൊണ്ട് തന്നെയാണ് മുന്നേറുന്നത്. എം. കെ. മുനീറിനേപ്പോലെ ആധുനികതയുടെ വെളിച്ചം ധാരാളമായി അനുഭവിച്ച ഒരാൾ യാഥാസ്ഥിതികതയുടെ വക്താവായി ചുരുങ്ങരുത്. ഒരു പക്ഷേ മുസ്​ലിം ലീഗ് പോലെ മതയാഥാസ്ഥികതക്ക് വലിയ ഇടമുള്ള ഒരു സ്ഥലത്ത് പിടിച്ചു നിൽക്കാൻ ഇതൊക്കെ അനിവാര്യമായിരിക്കാം. പക്ഷേ അത് ജനാധിപത്യത്തിന്റെ പാതയിൽ മുന്നറിയ ഒരു സമൂഹത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു നടത്തുകയാണ് ചെയ്യുന്നത് എന്നറിയണം. കേരളം പോലൊരു സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കും. മൃദുതാലിബാനിസത്തിന്റെ വക്താവായി ഒരിക്കലും അറിയപ്പെടേണ്ട ഒരാളല്ല ഡോ.എം കെ മുനീർ.


Summary: കേരളത്തിലെ ഇസ്​ലാമിക് രാഷ്ട്രീയത്തിന്റെ വഴി ജനാധിപത്യ പാതയിലാണോ അതോ താലിബാൻ മാർഗ്ഗത്തിലോ എന്നതാണ് ചോദ്യം. നിർഭാഗ്യവശാൽ മുനീറിനേപ്പോലെ പുരോഗമന പരിവേഷമുള്ള ഒരു നേതാവ് ഇപ്പോൾ മുന്നോട്ടു വെക്കുന്നത് മുദുതലിബാനിസമാണ് എന്ന് പറയാതെ വയ്യ.


എൻ. വി. ബാലകൃഷ്ണൻ

എഴുത്തുകാരൻ. 'മതം ലൈംഗികത മൂലധനം പരിസ്ഥിതി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments