സാക്ഷിയുടെ ഷൂസും ഫാഷിസത്തിന്റെ ഗോദയും

“ 40 ദിവസമാണ് ഞങ്ങൾ റോഡിൽ കിടന്നുറങ്ങിയത്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമുള്ളയാളുകൾ ഞങ്ങളെ പിന്തുണയ്ക്കാൻ എത്തിയിരുന്നു. ബ്രിജ് ഭൂഷൺ സിംഗിന്റെ ബിസിനസ്സ് പങ്കാളിയും അടുത്ത സഹായിയുമായ ഒരാൾ റസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. I quit wrestling “

ഒളിംപിക് മെഡൽ ജേതാവായ സാക്ഷി മാലിക് എന്ന അന്താരാഷ്ട്ര പ്രശസ്തയായ ഇന്ത്യൻ ഗുസ്തിതാരം തന്റെ ബൂട്ടുകൾ അഴിച്ചു വെച്ച് കരിയർ അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ബജ്റംഗ് പുനിയ തനിക്ക് കിട്ടിയ പത്മശ്രീ പുരസ്കാരം തിരിച്ചു നൽകുകയാണ് എന്ന് പ്രസ്താവിച്ചു. പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

WFl പ്രസിഡന്റായിരുന്ന, ബി.ജെ.പി എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ സ്വന്തം ആളാണ് ഇപ്പോൾ ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിംഗ്.

ഉജ്ജ്വലമായ കർഷക സമരത്തിന് ശേഷം മോദി രാജ്യത്ത് നടന്ന ഗംഭീര സമരമായിരുന്നു, ബ്രിജ്ഭൂഷൺ സിംഗിനെതിരെ ഗുസ്തിതാരങ്ങൾ നടത്തിയ മാസങ്ങൾ നീണ്ട സമരം. വലിയ രാഷ്ട്രീയ മാനങ്ങളുള്ളത്. സ്ത്രീകളുടെ അഭിമാനത്തിനു നേരെയുയർന്ന കയ്യേറ്റത്തെ ചോദ്യം ചെയ്തു കൊണ്ട് ഒരു എം.പിയ്ക്കെതിരെ, അതിശക്തനായ ബി.ജെ.പി. നേതാവിനെതിരെ ലൈംഗികാക്രമണം നടത്തിയെന്ന് ആരോപിച്ച് ഏഴ് ദേശീയ ഗുസ്തി താരങ്ങൾ

തെളിവുകൾ നൽകിക്കൊണ്ട് നടത്തിയ സമരം.

ഗുരുതരമായ ലൈംഗികാക്രമണ പരാതികളാണ് ഉന്നയിക്കപ്പെട്ടത്. 1500 പേജുള്ള കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസ്. ഗൗരവമേറിയ പരാതിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ച കേസ്.

വൈകാരികതയിൽ നിന്നും നിരാശയിൽ നിന്നും ഉണ്ടായ പ്രതികരണം എന്ന് തോന്നുമെങ്കിലും അത് സംഘപരിവാർ ഭരണകാലത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സങ്കീർണതകളെ, പ്രയോഗിച്ച് വിജയിച്ചു കൊണ്ടേയിരിക്കുന്ന നെറിയില്ലാത്ത നയതന്ത്രത്തെ, അതിന്റെ സൂക്ഷ്മമായി മെനഞ്ഞെടുക്കുന്ന ക്രമങ്ങളെ, കൗശല സ്വാധീനങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. കാരണം ഒരു ഫെഡറേഷന്റെ തെരഞ്ഞെടുപ്പിനെ പോലും സംഘപരിവാർ നയതന്ത്രം നേരിട്ട രീതി അത്രയും രാഷ്ട്രീയ സൂക്ഷ്മതയുള്ളതാണ്. ഭിന്നിപ്പിച്ച് വിജയിക്കലിന്റെ ചാണക്യതന്ത്രം അത് ആത്മവിശ്വാസത്തോടെ പയറ്റിയിട്ടുണ്ട്.

സാക്ഷിമാലിക്ക് തന്റെ കരിയർ അവസാനിപ്പിക്കാനെടുത്ത തീരുമാനത്തിലേക്ക് എത്തിയതിന്റെ ചരിത്രം നമുക്കറിയാം.

2022 ജനുവരിയിലാണ് സമര പരമ്പരയുടെ തുടക്കം. പരാതിയെത്തുടർന്ന് കായികമന്ത്രാലയത്തിന്റെ വിശദീകരണം തേടൽ, കായികമന്ത്രി അനുരാഗ് താക്കൂറുമായുള്ള താരങ്ങളുടെ കൂടിക്കാഴ്ചകൾ, അന്വേഷണം നടത്തുമെന്ന ഉറപ്പിൽ പ്രതിഷേധം പിൻവലിക്കൽ, ഫെഡറേഷന്റെ ആരോപണ നിഷേധം, ഫെഡറേഷൻ അസിസ്റ്റന്റ് സെകേട്ടറി വിനോദ് തോമറിന്റെ സസ്പെൻഷൻ, മേരികോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പരാതി പരിശോധനാ സമിതിയെ നിയോഗിക്കൽ, താരങ്ങളുടെ ആവശ്യപ്രകാരം ബബിത ഫോഗട്ടിനെക്കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം. ഇത്രയും ജനുവരിയിൽ നടന്നു. പിന്നീട് ഏപ്രിലിൽ സമരത്തിന്റെ രണ്ടാംഘട്ടം. 14 ന് റസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മത്സരത്തിനില്ലെന്ന് ബ്രജ്ഭൂഷൻ അറിയിച്ചു.

ഏപ്രിൽ 23 നാണ് പ്രായപൂർത്തിയാകാത്ത താരമുൾപ്പെടെ ഏഴ് ഗുസ്തിതാരങ്ങൾ പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ ഇടാത്തതിലും മേരികോമിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലുകൾ കായിക മന്ത്രാലയം പുറത്തുവിടാത്തതിലും

പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിന്റേയും ബജ്റംഗ് പുനിയ വിനേഷ് ഫോഗട്ടിന്റെയും നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവുന്നു. കർഷകർ സമരത്തെ പിന്തുണയ്ക്കുന്നു. രാഷ്ട്രീയ പാർട്ടികൾ സമരപ്പന്തലിൽ എത്തുകയും അതി ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. രാജ്യം മുഴുവൻ സമരം പ്രകമ്പനം സൃഷ്ടിക്കുന്നു..

പ്രതിഷേധം ശക്തമായതോടെ സമരത്തെ തകർക്കാൻ ബി.ജെ പിയും ആർ.എസ്.എസും കേന്ദ്രസർക്കാറും വലിയ ഇടപെടലുകൾ തുടങ്ങി. ഡൽഹി പൊലീസ്, കേസ് അട്ടിമറിയ്ക്കപ്പെടാവുന്ന വിധത്തിൽ സാങ്കേതികമായും നിയമപരമായുമുള്ള വീഴ്ചകൾ വരുത്തി. എഫ്.ഐ.ആറിൽ കുറ്റവാളിയായി രേഖപ്പെടുത്തപ്പെട്ടിട്ടും പോക്സോ കേസുണ്ടായിട്ടും ബ്രിജ് ഭൂഷൺ അറസ്റ്റ് ചെയ്യപ്പെട്ടില്ല. മാത്രമല്ല പ്രതിയുടെ സാന്നിധ്യത്തിലാണ് പരാതിക്കാരിയെ തെളിവെടുപ്പിന് കൊണ്ടു പോയതു പോലും. പ്രായപൂർത്തിയാവാത്ത താരം മജ്‌ട്രേറ്റിനു മുന്നിൽ നൽകിയ മൊഴി ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും പിൻവലിപ്പിച്ചു. പ്രധാനമന്ത്രിയോട് നേരിട്ട് പറഞ്ഞ കാര്യങ്ങൾ പോലും പ്രതിയായ ബ്രിജ് ഭൂഷൺ അറിഞ്ഞതായും അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ഗുസ്തി താരങ്ങൾ തന്നെ വെളിപ്പെടുത്തുന്ന സാഹചര്യമുണ്ടാവുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അർധരാത്രിയിൽ സമരക്കാരുമായി നേരിട്ട് ചർച്ച നടത്തുന്നു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെടുന്നു. പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും ഉപയോഗിച്ച് സമരം പിൻവലിക്കാൻ നിരന്തര സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സമരപ്പന്തൽ പോലും പൊലീസ് കയ്യേറി പൊളിച്ചു നീക്കുന്നു. ഒരവസരത്തിൽ തങ്ങൾക്കു കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ പോലും താരങ്ങൾ ഒരുങ്ങി. കർഷക നേതാക്കളിടപെട്ടാണത് പിൻവലിപ്പിച്ചത്. സമരത്തിൽ നിന്ന് താരങ്ങൾ പിൻമാറിയതായ പ്രതീതിയുണ്ടാക്കുന്നു. സമരത്തിന്റെ വാർത്തകൾ മറച്ചുവെച്ചു കൊണ്ട് ഗോദി മീഡിയ സർക്കാരിനെ പതിവുപോലെ സഹായിക്കുന്നു. പാർലമെന്റ് ഉദ്ഘാടന ദിവസം മാർച്ച് നടത്തിയ സമരക്കാർക്കെതിരെ കലാപക്കുറ്റം ചുമത്തുന്നു.

സമരത്തിന്റെ ഒരു ഘട്ടത്തിലും ബ്രിജ് ഭൂഷൺ എന്ന സംഘപരിവാറുകാരൻ പിന്നോട്ടു പോയിരുന്നില്ല. മറിച്ച് പോക്സോ നിയമത്തിന്റെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യം പരസ്യമായി ഉന്നയിക്കാൻ പോലും അയാൾക്കു കഴിഞ്ഞു. ഫെഡറേഷൻ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തണമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ ആവശ്യം. സർക്കാരത് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. ബ്രിജ് ഭൂഷന്റെ ബന്ധുക്കളോ കൂട്ടാളികളോ മത്സരിക്കരുത് എന്ന ആവശ്യം അട്ടിമറിക്കപ്പെട്ടു. എന്റെ ബന്ധുക്കൾ മത്സരിച്ചിട്ടില്ലല്ലോ എന്ന് തെരഞ്ഞെടുപ്പ് ദിവസം അപാര ആത്മവിശ്വാസത്തോടെ ബ്രിജ് ഭൂഷൺ മാധ്യമങ്ങളോട് ചോദിക്കുകയും ചെയ്തു. സഞ്ജയ് സിംഗാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും വിജയിച്ചത് ബ്രിജ് ഭൂഷണും അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും തന്നെയാണ്.

അയാൾ പറയുകയാണ് ഇതൊരു ജനാധിപത്യ രാജ്യമാണ്, ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്ന്. പ്രസിഡന്റുൾപ്പെടെ 15 സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 13 സ്ഥാനങ്ങളിലും സഞ്ജയ് സിംഗിന്റെ പാനലാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാന് ത്തേക്ക്, സമരം ചെയ്ത ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മത്സരിച്ച 2010 ലെ കോമൺവെൽത്ത് ഗെയിംസിലെ ഗോൾഡ് മെഡലിസ്റ്റ് കൂടിയായ അനിത ഷെയോറണിന് ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. സഞ്ജയ് സിംഗിന് നാൽപതും. വിജയിച്ച 13 സീറ്റിലും വലിയ ഭൂരിപക്ഷമാണ് സഞ്ജയ് സിംഗിന്റെ പാനൽ നേടിയത്. പക്ഷേ അനിത ഷെയോണിന്റെ പാനലിൽ മത്സരിച്ച രണ്ടു പേർ ദേവേന്ദർ സിംഗ് കഠിയാനും പ്രേംചന്ദ് ലോച്ചാബും 27 ഉം 32 ഉം വോട്ടുകൾ നേടി എന്നത് ഒരു സമവായ ഫോർമുല ചർച്ച അംഗങ്ങൾക്കിടയിൽ നടന്നു എന്നതിന്റെ തെളിവാണ്. ഈ പാറ്റേൺ സംഘപരിവാറിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. പ്രാദേശിക ഗ്രൂപ്പുകളിൽ വിള്ളലുണ്ടാക്കി, വോട്ടുകൾ ഭിന്നിപ്പിച്ച് വലിയ വിജയം ഉണ്ടാക്കുക എന്ന തന്ത്രം. ജനാധിപത്യത്തിന്റെ സാധ്യതകളെത്തന്നെ ഉപയോഗിച്ച് ഫാസിസ്റ്റ് ഭരണകൂടത്തെയും ഫാസിസ്റ്റ് ആധിപത്യത്തെയും ഏറ്റവും ചെറിയ അധികാര ഘടനകളിൽ പോലും സ്ഥാപിച്ചെടുക്കുന്ന രീതി. ഗുസ്തി താരങ്ങൾക്ക് രാജ്യത്തെ പ്രതിപക്ഷ പാർട്ടികകളുടെ പിന്തുണയുണ്ടായിരുന്നു. കർഷക നേതാക്കളുടേയും സ്ത്രീ സംഘടനകളുടേയും പിന്തുണയുണ്ടായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ ബോധവും ജനാധിപത്യ പ്രതീക്ഷയും ലൈംഗികാക്രമണം നേരിട്ട ഗുസ്തി താരങ്ങൾക്കും അവർക്കു വേണ്ടി മാസങ്ങളോളം തെരുവിൽ സമരം ചെയ്തവർക്കും ഒപ്പം തന്നെയായിരുന്നു. ജനാധിപത്യ ബോധമുള്ള മാധ്യമങ്ങളും അവർക്കൊപ്പമായിരുന്നു. പക്ഷേ ഒരു ഫെഡറേഷന്റെ തെരഞ്ഞടുപ്പിൽ ജയിക്കാനുള്ള ശേഷി ആ ജനാധിപത്യബോധത്തിനും ലിംഗ നീതിബോധത്തിനും ഉണ്ടായില്ല. ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയം എല്ലാത്തരം ജനാധിപത്യ മാനവിക ബോധങ്ങളെയും അട്ടിമറിക്കാനോ നിസ്സാരവൽക്കരിക്കാനോ ശേഷി നേടിയ സമഗ്രാധിപത്യ രാഷ്ട്രീയ ഗോദയായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാക്ഷി മാലിക്കിന്റെ നിരാശ ഇന്ത്യൻ ജനാധിപത്യത്തിന്റെ കണ്ണിലെ നനവ് കൂടിയാണ്. 2024 ൽ ഒരു പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ബ്രിജ്ഭൂഷണും സഞ്ജയ് സിംഗിനും മുന്നിൽ, അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും മുന്നിൽ സാക്ഷി മാലിക്ക് അഴിച്ചു വെച്ച നീല നിറമുള്ള ഷൂവിന്, ബജ്റംഗ് പുനിയ തിരച്ചു നൽകിയ പത്മശ്രീയ്ക്ക് ഇന്ത്യൻ ജനതയോട് ഇനിയും ജനാധിപത്യത്തെക്കുറിച്ചും സമരത്തെക്കുറിച്ചും പറയാൻ ബാക്കിയുണ്ട് എന്ന് പ്രതീക്ഷിക്കാം.

Comments