Photo: Dilwar Mandal / Flickr

ഇന്ത്യൻ കമ്യൂണിസത്തിന്റെ
104 വർഷങ്ങൾ

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ വിമോചന പ്രവർത്തനങ്ങൾക്കാവശ്യമായ ഉൾക്കാഴ്ചകളും പ്രായോഗിക പ്രവർത്തനങ്ങളും ആവിഷ്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സന്ദർഭം കമ്യൂണിസ്റ്റുകാരോട് ആവശ്യപ്പെടുന്നത്. അതിനാവശ്യമായ രീതിയിൽ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ പങ്കിനെയും പ്രാധാന്യത്തെയും തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറ്റിനാലാം വാർഷികദിനത്തിൽ കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ 104-ാം വാർഷികദിനമാണ് ഇന്ന്. 1920 ഒക്ടോബർ 17-നാണ് താഷ്കെന്റ് നഗരത്തിൽ പാർട്ടിയുടെ പ്രഥമഘടകം രൂപം കൊള്ളുന്നത്. ഇന്ത്യൻ കമ്യൂണിസത്തിന്റെ 104-ാം വാർഷികം കടന്നു പോകുന്നത് സ്വാതന്ത്ര്യത്തിനും ആധുനിക ജനാധിപത്യ സമൂഹത്തിനും സ്ഥിതിസമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രസ്മരണകളെ ഉണർത്തിക്കൊണ്ടാണ്. ഇന്ത്യയെന്ന ആശയത്തെ, സ്വതന്ത്ര പരമാധികാര സങ്കൽപത്തെ, ജനാധിപത്യ മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ അജണ്ടയിലേക്ക് കൊണ്ടുവന്നത് ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു. കമ്യൂണിസ്റ്റുകാരായിരുന്നു.

1920-ലെ അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ പരിപൂർണ്ണ സ്വാതന്ത്ര്യത്തിന്റെയും 1929-ലെ ഗോഹട്ടി എ.ഐ.സി.സി സമ്മേളനത്തിൽ മതനിരപേക്ഷ ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തിലുള്ള റിപ്പബ്ലിക്കൻ ആശയങ്ങൾ അവതരിപ്പിച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു. കമ്യൂണിസ്റ്റുകാരനായ ഹസ്രത് മൊഹാനിയാണ് ബ്രിട്ടന് കീഴിലുള്ള പുത്രികാപദവിയല്ല പരിപൂർണ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന പ്രമേയം അഹമ്മദാബാദ് എ.ഐ.സി.സിയിൽ അവതരിപ്പിച്ചത്. ഹിന്ദുമഹാസഭയും മുസ്ലീംലീഗും ഉയർത്തിയ മതരാഷ്ട്ര നിലപാടുകളെ തള്ളിക്കൊണ്ട് ഗോഹട്ടി എ.ഐ.സി.സിയിൽ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന കാഴ്ചപ്പാട് പ്രമേയമായി അവതരിപ്പിച്ചത് എം.എൻ.റോയിയാണ്. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യയെന്ന ആശയത്തിന്റെയും രൂപകൽപനയിൽ നിർണ്ണായകമായ പങ്കാണ് കമ്യൂണിസ്റ്റുകാർക്കുള്ളത്.

കമ്യൂണിസ്റ്റുകാരനായ ഹസ്രത് മൊഹാനിയാണ് ബ്രിട്ടന് കീഴിലുള്ള പുത്രികാപദവിയല്ല പരിപൂർണ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന പ്രമേയം അഹമ്മദാബാദ് എ.ഐ.സി.സിയിൽ അവതരിപ്പിച്ചത്.
കമ്യൂണിസ്റ്റുകാരനായ ഹസ്രത് മൊഹാനിയാണ് ബ്രിട്ടന് കീഴിലുള്ള പുത്രികാപദവിയല്ല പരിപൂർണ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന പ്രമേയം അഹമ്മദാബാദ് എ.ഐ.സി.സിയിൽ അവതരിപ്പിച്ചത്.

ഇന്ന് ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് വെല്ലുവിളികളെ പ്രതിരോധിക്കുന്നതും ഹിന്ദുത്വ ഫാഷിസത്തിനെതിരെ, അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളിലും അതിന് പിറകിലെ മൂലധന ബന്ധങ്ങളിലും പ്രതിരോധം തീർക്കാനുള്ള ഇടപെടലുകൾക്ക് ദിശാബോധം നൽകുന്നതും കമ്യൂണിസ്റ്റുകാരാണ്. എന്തൊക്കെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം മാറിവരുന്ന സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാനും ഫാഷിസ്റ്റ് അധികാര ശക്തികളെ പുറന്തള്ളാനുമുള്ള സൈദ്ധാന്തികവും രാഷ്ട്രീയവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ വാർഷികദിനം കടന്നുപോകുന്നത്.

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ വിമോചന പ്രവർത്തനങ്ങൾക്കാവശ്യമായ ഉൾക്കാഴ്ചകളും പ്രായോഗിക പ്രവർത്തനങ്ങളും ആവിഷ്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സന്ദർഭം കമ്യൂണിസ്റ്റുകാരോട് ആവശ്യപ്പെടുന്നത്. അതിനാവശ്യമായ രീതിയിൽ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ പങ്കിനെയും പ്രാധാന്യത്തെയും തിരിച്ചറിയേണ്ടതുണ്ട്. താഷ്കെന്റ് നഗരത്തിൽ ഒത്തുകൂടിയ ഇന്ത്യൻ വിപ്ലവകാരികളാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമഘടകത്തിന് രൂപം കൊടുക്കുന്നത്. ഒക്ടോബർ വിപ്ലവത്തിലും മൂന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ കോളനിരാജ്യങ്ങളിലെ വിപ്ലവങ്ങളെ സംബന്ധിച്ച സിദ്ധാന്തങ്ങളിലും മാർഗ്ഗനിർദ്ദേശങ്ങളിലും ആകൃഷ്ടരായ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായവരായിരുന്നു താഷ്കെന്റിൽ ഒത്തുകൂടിയ വിപ്ലവകാരികൾ. ബ്രിട്ടീഷ് മർദ്ദകവാഴ്ചക്കെതിരായി വ്യത്യസ്ത വിപ്ലവസംഘടനകളുടെ ഭാഗമായി നടന്ന സാഹസികമായ സമരങ്ങളുടെ പേരിൽ വേട്ടയാടപ്പെട്ടവരും വിദേശരാജ്യങ്ങളിൽ രാഷ്ട്രീയ അഭയാർത്ഥികളായി കഴിഞ്ഞവരുമായിരുന്നു അവരെല്ലാം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സവർണ ജന്മിത്വ, ഉപരിവർഗ അടിത്തറകളിൽ നിന്നുയർന്നു വന്ന നേതാക്കളുടെ അനുരഞ്ജനവാദപരമായ നിലപാടുകളിൽ അസംതൃപ്തരായ ഈ വിപ്ലവകാരികൾ ഒക്ടോബർ വിപ്ലവത്തിന്റെ മാതൃകയിൽ ഇന്ത്യയിലും ബ്രിട്ടീഷ് ഭരണകൂടത്തിനും ജന്മി നാടുവാഴിത്ത ശക്തികൾക്കുമെതിരെ ഒരു സാമൂഹ്യവിപ്ലവം സംഭവിക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു. ബ്രിട്ടീഷ് അധികാരത്തിന് കീഴിലെ പുത്രികാപദവിക്കപ്പുറം സ്വാതന്ത്ര്യത്തിന് അർത്ഥം കല്പിക്കാനോ സാമ്രാജ്യത്യ ശക്തികളോട് സ്വാതന്ത്ര്യം അവകാശപ്പെടാനോ ധൈര്യപ്പെടാത്ത ദേശീയ പ്രസ്ഥാനത്തിന്റെ വർഗപരവും രാഷ്ട്രീയവുമായ പരിമിതികളെ ചോദ്യം ചെയ്തും ഭേദിച്ചുകൊണ്ടുമാണ് കമ്യുണിസ്റ്റുപാർട്ടി രൂപീകരണത്തിലൂടെ ഇന്ത്യൻ വിപ്ലവകാരികൾ പൂർണ്ണ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ദിശാബോധം ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് നൽകിയതെന്ന് പറയാം.

താഷ്കെന്റ് നഗരത്തിൽ ഒത്തുകൂടിയ ഇന്ത്യൻ വിപ്ലവകാരികളാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമഘടകത്തിന് രൂപം കൊടുക്കുന്നത്.
താഷ്കെന്റ് നഗരത്തിൽ ഒത്തുകൂടിയ ഇന്ത്യൻ വിപ്ലവകാരികളാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമഘടകത്തിന് രൂപം കൊടുക്കുന്നത്.

സ്വരാജ് എന്നത് പരമാധികാര പൂർണമായ രാഷ്ട്രമെന്ന അർത്ഥകല്പനയിലേക്ക് വികസിക്കുന്നത് കമ്യൂണിസ്റ്റ് ഇടപെടലുകളോടെയാണ്. മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം, സാമൂഹ്യനീതി തുടങ്ങിയ ആശയങ്ങളും അത് സാക്ഷാൽക്കരിക്കാനാവുന്ന ഭരണഘടന രൂപപ്പെടുത്താനുള്ള ഭരണഘടനാ അസംബ്ലി എന്ന മുദ്രാവാക്യവും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയിലേക്ക് കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും കമ്യൂണിസ്റ്റുകാരാണ്. ഇന്നിപ്പോൾ രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങളും സാമൂഹ്യനീതി തത്വങ്ങളും ചോദ്യം ചെയ്യപ്പെടുകയും തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ ശതാബ്ദിയാഘോഷങ്ങളിലൂടെ രാജ്യം കടന്നുപോകുന്നത്.

ഇന്ത്യൻ കമ്യൂണിസത്തിന്റെ വളർച്ചയുടെയും അത് നടത്തിയ ത്യാഗപൂർണമായ സമരങ്ങളുടെയും അതിന്റെ ഫലമായ രക്തസാക്ഷിത്വങ്ങളുടെയും അനുഭവങ്ങളും പാഠങ്ങളുമെല്ലാം വിശകലന വിധേയമാക്കപ്പെടുന്ന സന്ദർഭം കൂടിയാണിത്. കമ്യൂണിസ്റ്റു പാർടിയുടെ ഒരു നൂറ്റാണ്ടിലേറെ കാലത്തെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ വിശകലനങ്ങളും പാഠങ്ങളും ആത്മ വിമർശനപരമായ സ്വാംശീകരണങ്ങളും വർത്തമാന പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന പ്രത്യയ ശാസ്ത്രബോധ്യമായി ഉൾക്കൊള്ളേണ്ട സമയം. നവലിബറൽ നയങ്ങൾക്കും ഹിന്ദുത്വ ഫാഷിസത്തിനുമെതിരായ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന ചരിത്രസ്മരണയാണ്.

1958-ൽ ന്യൂ ഡൽഹിയിലെ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ബോംബെ മേയറായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എസ്. മിരാജ്കറിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത മഹാരാഷ്ട്ര സമിതിയിലെ അംഗങ്ങൾ.
1958-ൽ ന്യൂ ഡൽഹിയിലെ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ബോംബെ മേയറായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എസ്. മിരാജ്കറിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത മഹാരാഷ്ട്ര സമിതിയിലെ അംഗങ്ങൾ.

പരാജയപ്പെട്ട മുതലാളിത്തവ്യവസ്ഥക്ക് പകരം ലോകം സോഷ്യലിസത്തിന്റെയും മാർക്സിസത്തിന്റേതുമായ ബദൽ സമീപനങ്ങളുടെ പ്രസക്തി തിരിച്ചറിയുന്ന മുതലാളിത്ത പ്രതിസന്ധിയുടെ കാലം കൂടിയാണിത്. മുതലാളിത്ത പ്രതിസന്ധിയും കുടിയേറ്റ വിരുദ്ധതയും വംശീയതയും സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിക്കു മുമ്പിൽ ലോകമെമ്പാടുമുള്ള മുതലാളിത്ത ഭരണകൂടങ്ങൾ പകച്ചുനില്ക്കുകയാണ്. കഴിഞ്ഞുപോയ മഹാമാരിയുടെ കാലത്ത് കോർപ്പറേറ്റ് കൊള്ളയ്ക്കുള്ള അവസരമാക്കുകയാണ് മുതലാളിത്ത ഭരണകൂടങ്ങൾ ലോകമെമ്പാടും ചെയ്തിട്ടുള്ളത്. കോവിഡിനെ അവസരമാക്കി കോർപ്പറേറ്റുകൊള്ളയ്ക്ക് ഗതിവേഗം കൂട്ടുന്ന നടപടികളും നിയമപരിഷ്കരണങ്ങളും അടിച്ചേല്പിക്കുകയാണ് ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാറും ചെയ്തത്.

ഭരണഘടനയെയും പാർലമെന്റിനെയും അപ്രസക്തമാക്കികൊണ്ട് കൊളോണിയൽ കാലത്തെ കടത്തിവെട്ടുന്ന അധികാര പ്രയോഗങ്ങളാണ് ഹിന്ദുത്വവാദികളുടെ ഭരണകൂടം നടത്തികൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും സ്ത്രീകളെയും വിമർശകരായ ബുദ്ധിജീവികളെയും കരിനിയമങ്ങൾ ഉപയോഗിച്ചു വേട്ടയാടുന്നു. ഫെഡറൽ അധികാരങ്ങളെ കാറ്റിൽ പറത്തി സംസ്ഥാന സർക്കാറുകളെയും രാഷ്ട്രീയ എതിരാളികളെയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുന്നത് പതിവ് പരിപാടിയായി കഴിഞ്ഞിരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കുനേരെ ബുൾഡോസറുകൾ ഉരുളുകയാണ്. അവരുടെ മദ്രസകളും താമസസ്ഥലങ്ങളും ആരാധനാലയങ്ങളും രാജ്യവ്യാപകമായി തകർക്കപ്പെടുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അനുഭവഗതികളിലൂടെ രാജ്യം ആർജ്ജിച്ച രാഷ്ട്രപരമാധികാരവും സ്വാശ്രയത്വവും തകർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ കമ്യൂണിസത്തിന്റെ വളർച്ച, നേട്ടങ്ങൾ, തിരിച്ചടികൾ, ജനാധിപത്യ ഇന്ത്യക്കായുള്ള പോരാട്ടങ്ങൾ നേരിടുന്ന പുതിയ വെല്ലുവിളികൾ എന്നിവയെല്ലാം ആഴത്തിലുള്ള വിശകലനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ന്യൂനപക്ഷങ്ങൾക്കുനേരെ ബുൾഡോസറുകൾ ഉരുളുകയാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അനുഭവഗതികളിലൂടെ രാജ്യം ആർജ്ജിച്ച രാഷ്ട്രപരമാധികാരവും സ്വാശ്രയത്വവും തകർന്നുകൊണ്ടിരിക്കുന്നു.
ന്യൂനപക്ഷങ്ങൾക്കുനേരെ ബുൾഡോസറുകൾ ഉരുളുകയാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അനുഭവഗതികളിലൂടെ രാജ്യം ആർജ്ജിച്ച രാഷ്ട്രപരമാധികാരവും സ്വാശ്രയത്വവും തകർന്നുകൊണ്ടിരിക്കുന്നു.

ലോകപ്രശസ്തനായ ഇന്ത്യൻ വിപ്ലവകാരിയും മൂന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ തുർക്കിസ്ഥാൻ ബ്യൂറോവിന്റെ ചുമതലക്കാരനുമായ സഖാവ് എം.എൻ റോയ് വിളിച്ചുചേർത്ത യോഗത്തിലാണ് സഖാവ് മുഹമ്മദ് ഷെഫീഖ് സെക്രട്ടറിയായി പാർട്ടി ഘടകം രൂപീകരിച്ചത്. സഖാക്കൾ റോയ്, അബനി മുഖർജി, എം.പി.ടി ആചാര്യ, മുഹമ്മദലി, അബ്ദുറബ്, എവ്ലിൻ റോയ്, ഫോസിഗിറ്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. താഷ്കെന്റിലെ വർക്കേഴ്സ് യൂണിവേഴ്സിറ്റിയിലും ഇന്ത്യൻ വിപ്ലവകാരികൾക്കായി സ്ഥാപിച്ച ട്രെയിനിംഗിൽ നിന്നും ആയിരക്കണക്കിന് പേരാണ് വിദ്യാഭ്യാസം നേടിയതും സൈനിക പരിശീലനം പൂർത്തീകരിച്ചതും. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനു പുതിയ ദിശാബോധവും ബഹുജനാടിത്തറയും ഉണ്ടാക്കി ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്താനുള്ള ഇടപെടലുകളാണ് പാർട്ടി നടത്തിയത്.

അതിന് തുടക്കമിട്ടുകൊണ്ട് 1921-ൽ അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ 36-ാം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു മാനിഫെസ്റ്റോ എന്ന പേരിൽ ഒരു നയരേഖ തയ്യാറാക്കി വിതരണം ചെയ്തു. എം.എൻ റോയിയുടെയും അബനിമുഖർജിയുടെയും പേരിലിറക്കിയ ഈ മാനിഫെസ്റ്റോയ്ക്ക് വലിയ സ്വീകരണം സമ്മേളന പ്രതിനിധികളിൽ നിന്നുണ്ടായി. അതിന്റെ പ്രതിഫലനമെന്നോണം ഹസ്റത് മൊഹാനി പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം കൊണ്ടുവന്നതോടെയാണ് ബ്രിട്ടന് കീഴിലെ ഒരു പുത്രികാപദവിക്ക് വേണ്ടിയല്ല പരമാധികാര പൂർണ്ണമായ സ്വതന്ത്രരാജ്യം എന്ന സങ്കല്പവും അതിനു വേണ്ടിയുള്ള പോരാട്ടവും ദേശീയ പ്രസ്ഥാനത്തിൽ ചർച്ചയാവുന്നത്.

എം.എന്‍. റോയി
എം.എന്‍. റോയി

കമ്യൂണിസ്റ്റുപാർട്ടിയുടെ ആവിർഭാവത്തിന്റെയും വളർച്ചയുടെയും ചരിത്രം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ധീരോദാത്തവും ത്യാഗപൂർണവുമായ പോരാട്ടങ്ങളുടെ ചരിത്രവുമായി ചേർന്നുനിൽക്കുന്നതാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിരവധി കേസുകളിൽ പ്രതികളായവരും ബ്രിട്ടീഷ് ജയിൽ ചാടിയവരും സർക്കാർ തലയ്ക്ക് വിലയിട്ടവരുമായ ഇന്ത്യൻ വിപ്ലവകാരികൾക്ക് യൂറോപ്പിലും അമേരിക്കയിലുമെല്ലാം രാഷ്ട്രീയ അഭയാർത്ഥികളായി പോകേണ്ടി വന്നു. അവർ അവിടങ്ങളിലെ ഇന്ത്യക്കാരെ സംഘടിപ്പിക്കുകയും ദേശീയ സ്വാതന്ത്ര്യത്തിനായി ലോകമെമ്പാടുമുള്ള വിമോചന പ്രസ്ഥാനങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകൂടം കുറ്റവാളികളായി മുദ്രകുത്തി വേട്ടയാടിയ ആ വിപ്ലവകാരികളിൽ ചിലരാണ് ഒക്ടോബർ വിപ്ലവത്തിനു ശേഷം ലെനിനെ കാണുന്നതും മൂന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ കോളനി രാജ്യങ്ങളുടെ വിമോചന സിദ്ധാന്തങ്ങളുടെ ഉൾക്കാഴ്ചയിൽ നിന്നും ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നതും.

സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്നത് കൊളോണിയൽ ആധിപത്യം അവസാനിപ്പിച്ച് തൊഴിലാളികളുടെയും കർഷകരുടെയും മർദ്ദിത ജനസമൂഹങ്ങളുടെയും ക്ഷേമപൂർണ്ണമായ വ്യവസ്ഥയുടെ കൂടി നിർമ്മിതിയായി കണ്ട ഇന്ത്യൻ വിപ്ലവകാരികളാണ് സാർവ്വ ദേശീയ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചത്. അവർ സാമ്രാജ്യത്വ വിരുദ്ധമായ ജനകീയ ദേശീയതയും ചൂഷണരഹിതമായ ഒരു സമൂഹവും വിഭാവനം ചെയ്തവരായിരുന്നു. ബംഗാളിലെ അനുശീലൻ, യുഗാന്തർ സംഘടനകളുമായി ബന്ധപ്പെട്ട് സാഹസികമായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തവർ, പഞ്ചാബിലെ ഗദ്ദർ പാർട്ടി വിപ്ലവകാരികൾ തുടങ്ങിയവർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അനുരഞ്ജനരഹിതമായ സമരത്തിലൂടെ (പ്രധാനമായും സായുധ സമരങ്ങളിലൂടെ) സ്വാതന്ത്ര്യം നേടണമെന്ന് ചിന്തിച്ചവരായിരുന്നു.

തൊഴിലാളി കർഷക വിഭാഗങ്ങൾക്കിടയിൽ യൂണിയനുകളും സമരങ്ങളും വളർത്തിയെടുത്ത് ദേശീയ പ്രസ്ഥാനത്തെ ബൂർഷാ ഭൂപ്രഭു വർഗങ്ങളിൽ നിന്ന് മോചിപ്പിച്ച് അധ്വാനിക്കുന്ന വർഗ്ഗങ്ങളുടെ അടിത്തറയുള്ള ബഹുജന രാഷ്ട്രീയ പ്രസ്ഥാനമാക്കണമെന്ന് ചിന്തിച്ചവരും കമ്മ്യൂണിസ്റ്റുകരായിരുന്നു. കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചില ജേണലുകളും തൊഴിലാളി യൂണിയൻ നേതാക്കളും 1861-ലെ ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷന്റെ രൂപികരണത്തെ വളരെ ആവേശത്തോടെയാണ് കണ്ടത്. സാർവ്വദേശീയ തൊഴിലാളിവർഗത്തിന് ഒരു പൊതുസംഘടനയുണ്ടായതും അതിന് മാർക്സും എംഗൽസും നൽകുന്ന സൈദ്ധാന്തികവും രാഷ്ട്രീയവുമായ നേതൃത്വവും ഇന്ത്യൻ വിപ്ലവകാരികൾ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. മാർക്സും എംഗൽസും മുന്നോട്ടുവെച്ച, തൊഴിലാളിവർഗത്തിന് സ്വന്തവും സ്വതന്ത്രവുമായ ഒരു രാഷ്ട്രീയ കക്ഷിയാവാൻ കഴിയണമെന്ന ആശയം ഇന്ത്യയിലെ തൊഴിലാളി പ്രവർത്തകരിലും വലിയ സ്വാധീനമുണ്ടാക്കി. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർടിയിലൂടെ മാർക്സും എംഗൽസും തൊഴിലാളിവർഗ പാർടിയെന്ന സങ്കല്പത്തിന് മാതൃക സൃഷ്ടിച്ചു.

ഒന്നാം ഇന്റർനാഷണലും 1871-ലെ പാരീസ് കമ്യൂണും ഇന്ത്യൻ വിപ്ലവകാരികളിൽ വലിയ സ്വാധീനമുണ്ടാക്കിയതായി കാണാം. അക്കാലത്ത് ലണ്ടനിലായിരുന്ന ദാദാഭായ് നവറോജി അവിടുത്തെ തൊഴിലാളിവർഗ വിപ്ലവ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തുകയും അവരുമായി നടത്തിയ ചർച്ചകളുടെയും ഫലമെന്നോണമാണ് 'ദാരിദ്ര്യവും ബ്രിട്ടീഷിതര ഇന്ത്യൻ ഭരണവും' എന്ന പുസ്തകമെഴുതുന്നത്. 1871-ൽ തന്നെ കൊൽക്കത്തയിൽ നിന്നുള്ള വിപ്ലവകാരികൾ ഒന്നാം ഇന്റർനാഷണലിന്റെ ഒരു ഇന്ത്യൻ ഘടകം സ്ഥാപിക്കണമെന്ന ആവശ്യവുമായി മാർക്സിനെ ബന്ധപ്പെടുന്നുണ്ട്. കൊളോണിയൽ കൊള്ളയും ദേശീയ അടിമത്വവും തമ്മിലുള്ള ബന്ധത്തെ തുറന്നുകാണിക്കുന്ന സമ്പദ്ശാസ്ത്ര വിശകലനങ്ങൾ നവറോജി മുന്നോട്ട് വെക്കുന്നത് മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്ര ആശയങ്ങളുടെ കൂടി സ്വാധീനഫലമാണെ് ഇ.എം.എസ് നിരീക്ഷിക്കുന്നുണ്ട്.

ഒക്ടോബർ വിപ്ലവത്തോടെ ഇന്ത്യൻ വിപ്ലവകാരികളും പല വഴികളിലൂടെ റഷ്യയുടെ പല ഭാഗങ്ങളിലായി എത്തിച്ചേർന്നിരുന്നു. ലെനിനും മറ്റു സോവിയറ്റ് നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബർ വിപ്ലവത്തോടെ ഇന്ത്യൻ വിപ്ലവകാരികളും പല വഴികളിലൂടെ റഷ്യയുടെ പല ഭാഗങ്ങളിലായി എത്തിച്ചേർന്നിരുന്നു. ലെനിനും മറ്റു സോവിയറ്റ് നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബർ വിപ്ലവത്തോടെ ഇന്ത്യൻ വിപ്ലവകാരികളും പല വഴികളിലൂടെ റഷ്യയുടെ പല ഭാഗങ്ങളിലായി എത്തിച്ചേർന്നിരുന്നു. ലെനിനും മറ്റു സോവിയറ്റ് നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ലണ്ടനിലെയും പാരീസിലെയും വിപ്ലവ ഗ്രൂപ്പുകളിലെ പല സഖാക്കളും ലെനിനെ കണ്ട് നേരിട്ട് ചർച്ചകൾ നടത്തി. രണ്ടാം ഇന്റർനാഷണലിൽ ഇന്ത്യൻ പ്രതിനിധികൾ നടത്തിയ പ്രസംഗം സാർവ്വദേശീയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. വിപ്ലവത്തോടെ റഷ്യയെ ഇന്ത്യൻ വിപ്ലവകാരികൾ സ്വാഭാവിക സഖ്യകക്ഷിയായി കാണുകയും സഹായം തേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൗലവി ബർക്കത്തുള്ള പേർഷ്യൻ ഭാഷയിൽ 'ബോൾഷെവിസവും ഇസ്ലാമിക രാഷ്ട്രങ്ങളും' എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിക്കുത്. നിരവധി പൗരസ്ത്യ ഭാഷകളിലേക്ക് ആ കൃതി വിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യയിലെയും മധ്യേഷ്യയിലെയും വിപ്ലവകാരികൾക്കിടയിൽ ഈ പുസ്തകം സോവിയറ്റ് യൂണിയനെ സംബന്ധിച്ച് വ്യക്തതയും ധാരണയും ഉണ്ടാക്കുന്നതിന് സഹായകമായി.

1954-ലെ ഫുഡ് മൂവ്‌മെന്റ്
1954-ലെ ഫുഡ് മൂവ്‌മെന്റ്

18,000 ഓളം ഇന്ത്യക്കാർ താമസിച്ചിരുന്ന താഷ് കെന്റിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള പ്രവർത്തനങ്ങളിൽ അബ്ദുൾറബ് പേഷാരിയും ആചാര്യയും അബനി മുഖർജിയും എം.എൻ റോയിയും നിർദ്ദേശങ്ങൾ നൽകിയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും നേതൃത്വപരമായ പങ്ക് വഹിച്ചു. 1921-ലെ അഹമദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ അവതരിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരുമാനിഫെസ്റ്റോ എന്ന രേഖയിലൂടെ ദേശീയ പ്രസ്ഥാനത്തെ ബഹുജന അടിത്തറയിൽ കെട്ടിപ്പടുക്കാനും തൊഴിലാളി, കർഷകസമരങ്ങൾ ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന നയ സമീപനം മുന്നോട്ട് വെച്ചു. ഭൂപരിഷ്ക്കരണമെന്ന ആശയം കോഗ്രസിന്റെ അജണ്ടയാവണമെന്ന് ആവശ്യപ്പെട്ടു.

മൗലവി ബർക്കത്തുള്ള
മൗലവി ബർക്കത്തുള്ള

1925-ൽ കാൺപൂരിൽ വിവിധ കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ സമ്മേളിച്ചു. വിവിധ ഗ്രൂപ്പുകളെ എകോപിപ്പിക്കുതിനായി ഇന്ത്യയിലാകെ പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം കൊടുക്കാൻ ശിങ്കാരവേലു ചെട്ടിയാർ പ്രസിസന്റും എസ്.വി ഘാട്ടെ സെക്രട്ടറിയുമായി കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു. നിസഹകരണ ഖിലാഫത് സമരത്തെ തുടർന്ന് വർഗീയ ശക്തികൾ ദേശീയ പ്രസ്ഥാനത്തെ ശിഥിലമാക്കാൻ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചപ്പോൾ വർഗീയക്കതിരെ ശക്തമായ കാമ്പയിൻ ഏറ്റെടുത്തതും കമ്യൂണിസ്റ്റുകാരായിരുന്നു. തെലുങ്കാന, തേഭാഗ, വർളി, റോയൽ നേവി സമരം, നിരവധി തൊഴിലാളി കർഷക സമരങ്ങൾ അങ്ങനെ സംഭവിച്ചതാണ്.

1920 മുതൽ 2024 വരെയുള്ള ഇന്ത്യയുടെ ചരിത്രം അനിഷേധ്യമായ കമ്യൂണിസ്റ്റ് ഇടപെടലുകളുടെയും സമരങ്ങളുടെയുമാണ്. ഫെഡറലിസം, ഭാഷാ സംസ്ഥാനം, ഭൂപരിഷ്ക്കരണം, പൊതുമേഖല, ആസൂത്രണം, സാമൂഹ്യനീതി, ലിംഗനീതി, വർഗീയതക്കെതിരായ മതനിരപേക്ഷ രാഷ്ടീയം, മതദേശീയതക്കെതിരായ ബഹുത്വത്തെ ഉൾക്കൊള്ളുന്ന ജനാധിപത്യ ദേശീയത തുടങ്ങി ഇന്ത്യയെ രൂപപ്പെടുത്തിയ മഹത്തായ ആധുനിക ആശയങ്ങളും പൗരസങ്കല്പങ്ങളും കമ്യൂണിസ്റ്റ് ഇടപെടലുകളിലൂടെ കൂടി വളർന്ന് വികസിച്ചതും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാപിക്കപ്പെട്ടതുമാണ്. ഇന്ന് ഹിന്ദുത്വത്തിലധിഷ്ഠിതമായ മോദി ഭരണകൂടത്തിനെതിരെ ബഹുജനങ്ങളെയാകെ അണിനിരത്താനുള്ള ഇടപെടലുകളാണ് ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. അതിനാവശ്യമായ രീതിയിൽ പാർലമെന്ററിയും പാർലമെന്റേതരവുമായ സമരങ്ങൾ വികസിപ്പിക്കാനും വിശാലമായ ജനകീയ ഐക്യം വളർത്തിയെടുക്കാനുമുള്ള ഇടപെടലുകളാണ് വർത്തമാനം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

Comments