ഭരണഘടനയുടെ മൗലിക ഘടനയെ ആക്രമിക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിയമത്തിനുവേണ്ടിയുള്ള ഭരണഘടനാഭേദഗതികൾ അടിസ്ഥാനപരമായ ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും. അരനൂറ്റാണ്ടുമുമ്പ് കേശവാനന്ദ ഭാരതി കേസിൽ ഉന്നയിക്കപ്പെട്ട അതേ ചോദ്യം: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതികളില്ലാത്തതും അനിയന്ത്രിതവുമാണോ?

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം ലഭിച്ചതോടെ, പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അതിസങ്കീർണമായ ഈ നിയമനിർമാണത്തിന് 18 ഭരണഘടനാഭേദഗതികൾ വേണ്ടിവരും. അവയിൽ ചിലതിന് സംസ്ഥാന സർക്കാറുകളുടെ കൂടി അംഗീകാരവും വേണം.

ഭരണഘടനാ ഭേദഗതികൾക്ക് പാർലമെന്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നിർബന്ധമാണ്. അതായത്, 543 അംഗ ലോക്സഭയിൽ 362 പേരുടെ പിന്തുണ വേണം. അതുകൊണ്ടുതന്നെ ഇരുസഭകളിലും കേവല ഭൂരിപക്ഷം മാത്രമുള്ള എൻ.ഡി.എക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ഈ ബില്ല് പാസാക്കാനാകില്ല എന്നുറപ്പാണ്. കോൺഗ്രസ് അടക്കമുള്ള 15 രാഷ്ട്രീയ പാർട്ടികളും നിരവധി സംസ്ഥാന സർക്കാറുകളും അതിശക്തമായി എതിർക്കുന്നതിനാൽ തീർത്തും അപ്രായോഗികമായ നിർദേശമെന്ന നിലക്കാണ് ഇപ്പോൾ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നമ്മുടെ മുന്നിലുള്ളത്.

ഇനി, പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം സംഘടിപ്പിച്ചെടുക്കാൻ കഴിഞ്ഞെന്നിരിക്കട്ടെ; എങ്കിലും, ഈ നിയമത്തിനുവേണ്ടിയുള്ള ഭരണഘടനാഭേദഗതികൾ അടിസ്ഥാനപരമായ ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും. അരനൂറ്റാണ്ടുമുമ്പ് കേശവാനന്ദ ഭാരതി കേസിൽ ഉന്നയിക്കപ്പെട്ട അതേ ചോദ്യം:
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതികളില്ലാത്തതും അനിയന്ത്രിതവുമാണോ?
അതിന്, സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച് നൽകിയ വിധിയും ഏറെ പ്രധാനമാണ്. ഭരണഘടനയുടെ മൗലികഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികൾ കൊണ്ടുവരാനുള്ള അനിയന്ത്രിതമായ അധികാരം പാർലമെന്റിനില്ല എന്നാണ് 1973 ഏപ്രിൽ 24ന് ചീഫ് ജസ്റ്റിസ് എസ്.എം. സിക്രിയുടെ നേതൃത്വത്തിലുള്ള 13 അംഗ ഭരണഘടനാബെഞ്ച് അർഥശങ്കക്കിടയില്ലാത്തവിധം വിധിച്ചത്.

ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിക്കടി കൊണ്ടുവന്ന ഭരണഘടനാഭേദഗതികളെ മുൻനിർത്തിയായിരുന്നു ഈ വിധി.

പാർലമെന്റ് ഭരണഘടനയുടെ തന്നെ സൃഷ്ടിയാണ് എന്നതിനാൽ, ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ മാറ്റം വരുത്തുന്ന വിധത്തിൽപാർലമെന്റ് പാസാക്കുന്ന ഭേദഗതികൾ ഭരണഘടനാവിരുദ്ധമാണ് എന്നും അതുകൊണ്ടുതന്നെ അവ നിലനിൽക്കുന്നതല്ല എന്നും ഈ വിധിയിലൂടെയും തുടർന്നുള്ള നിയമവ്യാഖ്യാനങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

മാറ്റാനാകില്ല എന്ന് സുപ്രീംകോടതി വിധിച്ച ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളിലൊന്ന് ഫെഡറലിസം ആണ്. അതായത്, ഫെഡറലിസത്തെ ദുർബലമാക്കുന്ന ഭേദഗതി ഭരണഘടനാവിരുദ്ധമാണ്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരബന്ധത്തിനുള്ള കേവലമായ മാർഗരേഖയല്ല ഫെഡറലിസം. സംസ്ഥാനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ഭരണപരവുമൊക്കെയായ വൈവിധ്യമാണ് അതിന്റെ അന്തഃസത്ത.
വ്യത്യസ്ത തലങ്ങളിലുള്ള പൗരസമൂഹങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഐക്യമല്ല, മറിച്ച്, അവയുടെ അത്യന്തം ഭിന്നമായ ഐഡന്റിറ്റികൾ അംഗീകരിക്കുന്നതും ആ വ്യത്യസ്തകൾ നിലനിർത്തുന്നതുമായ രാഷ്ട്രീയ ഘടനയാണ് ഫെഡറലിസം.
മാത്രമല്ല, വിവിധ ജാതി- മത വിഭാഗങ്ങളും അവയുടെ പേരിലുള്ള കടുത്ത വിവേചനങ്ങളും അസമത്വങ്ങളും സാമ്പത്തികവും സാമൂഹികവുമായ അടിച്ചമർത്തലുകളുമെല്ലാം തെരഞ്ഞെടുപ്പ് പ്രക്രിയയെ ഏറെ സ്വാധീനിക്കുന്നവയാണ്. ഇവയെയെല്ലാം ഒറ്റയടിക്ക് ഒരു നിയമനിർമാണം കൊണ്ട് റദ്ദാക്കുന്നത്, ദേശീയതയെക്കുറിച്ചുള്ള യാന്ത്രികവും ഹിംസാത്മകവുമായ ഐഡിയോളജിയുടെ അടിച്ചേൽപ്പിക്കൽ കൂടിയാണ്.

ഫെഡറൽഘടനക്കുള്ള ഭരണഘടനാപരമായ സംരക്ഷണമാണ് തങ്ങളുടെ ദേശീയതാ സങ്കൽപ്പത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന് ആർ.എസ്.എസും ബി.ജെ.പിയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ, എങ്ങനെയെല്ലാം സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശം ഇല്ലാതാക്കാം എന്നതിന്റെ പരീക്ഷണകാലമായിരുന്നു കഴിഞ്ഞ പത്തുവർഷത്തെ ഒന്നും രണ്ടും മോദി ഭരണം. ജനകീയ സർക്കാറുകളെ അട്ടിമറിച്ചും ജനപ്രതിനിധികളെയും പ്രാദേശിക പാർട്ടികളെയും വിലയ്ക്കുവാങ്ങിയും എത്രയോ സംസ്ഥാനങ്ങളെ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ പരീക്ഷണശാലയാക്കി മാറ്റി. അതിന്റെ സ്വഭാവികമായ തുടർച്ചയാണ്, 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'.

ഈ സംവിധാനം എങ്ങനെയാണ് ഫെഡറൽ ഘടനയ്ക്ക് വിരുദ്ധമാകുന്നത്?

സ്വേച്ഛാധികാരങ്ങളുള്ള കേന്ദ്രത്തിനുകീഴിൽ സാമന്ത സ്വഭാവമുള്ള സംസ്ഥാനങ്ങൾ എന്ന അധികാര കേന്ദ്രീകരണമാണ് സംഭവിക്കാൻ പോകുന്നത്. സംസ്ഥാനങ്ങളുടെ പല അധികാരങ്ങളും പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കും. കാലാവധി പൂർത്തിയായതോ ഭൂരിപക്ഷം നഷ്ടപ്പെട്ടതോ ആയ നിയമസഭകൾ പിരിച്ചുവിടണമെന്ന് ഗവർണറോട് ആവശ്യപ്പെടാനുള്ള അധികാരം ഇപ്പോൾ മുഖ്യമന്ത്രിക്കാണ്. എന്നാൽ, പുതിയ നിയമം വന്നാൽ, മുഖ്യമന്ത്രിയുടെ ഈ അധികാരം പ്രധാനമന്ത്രിക്കായേക്കാം. ഒപ്പം, സംസ്ഥാന സർക്കാറുകളുടെ രൂപീകരണത്തിലും ഭരണനിർവഹണത്തിൽ പോലും കേന്ദ്രത്തിന് കൂടുതൽ നിയന്ത്രണം ചെലുത്താൻ കഴിയുന്ന സാഹചര്യമുണ്ടാകും.

സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്ഥാപന ഭരണകൂടങ്ങളുടെയും ഘടനയും അവയുടെ ജനാധിപത്യ പ്രാതിനിധ്യവും ഇടപെടലുകളും മാത്രമല്ല അവയുടെ പൊളിറ്റിക്കൽ കോമ്പോസിഷൻ പോലും ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. അവയെല്ലാം കേന്ദ്രത്തിന്റെ നിർവഹണ അധികാരത്തിലേക്ക് കേന്ദ്രീകരിക്കപ്പെടും.

ലോക്‌സഭാ, നിയമസഭാ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടർമാർക്കു മുന്നിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ വ്യത്യസ്ത മാനങ്ങളുള്ളവയാണ്. ഓരോ സംസ്ഥാനത്തും ഓരോ പഞ്ചായത്തിലുമുള്ള വ്യത്യസ്ത മണ്ഡലങ്ങളുടെയും അവയെ പ്രതിനിധീകരിക്കുന്ന മനുഷ്യരുടെയും പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും അർഹിക്കുംവിധം ഊന്നൽ ഒന്നിച്ചുനടത്തുന്ന പൊതുതെരഞ്ഞെടുപ്പിൽ ലഭിക്കില്ല എന്നുറപ്പാണ്. പകരം, കേന്ദ്രത്തിലെ ഭരണകക്ഷിക്ക് യഥാർഥ വിഷയങ്ങളെ ഹൈജാക്ക് ചെയ്ത്, കാമ്പയിനെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ എളുപ്പം കഴിയും. ഇപ്പോഴത്തെ അവസ്ഥയിൽ ബി.ജെ.പിക്ക് തദ്ദേശ സ്ഥാപനങ്ങളിലടക്കം ആധിപത്യം നേടിയെടുക്കാനുളള കുറുക്കുവഴി കൂടിയാണിത്.

ദേശീയപാർട്ടികളുടെ ഇത്തരത്തിലുള്ള സംസ്ഥാനതല സർവാധിപത്യം പ്രാദേശിക പാർട്ടികളെ തീർത്തും അപ്രസക്തരാക്കിക്കളയും. ഡി.എം.കെയും തെലുങ്കുദേശം പാർട്ടിയും തൃണമൂൽ കോൺഗ്രസുമെല്ലാം അവയുടെ രാഷ്ട്രീയ പ്രാതിനിധ്യങ്ങളിൽനിന്ന് പുറത്താക്കപ്പെടുന്നത് ഫെഡറലിസത്തിന് മാരകമായ മുറിവാണുണ്ടാക്കുക. ഈ നിർദേശം ബി.ജെ.പിയുടെ ഈഗോ സംരക്ഷിക്കാനുള്ളതാണെന്നും ഒരു പാർട്ടിയുടെ അധികാര ആർത്തിക്കുമുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന് കുനിഞ്ഞുനിൽക്കാനാകില്ലെന്നുമുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മുന്നറിയിപ്പ് ഈ ആശങ്കയിൽനിന്നുള്ളതാണ്.

ഇത്തരം കാതലായ ആശങ്കകളെക്കുറിച്ച്, ഈ നിർദേശം മുന്നോട്ടുവെക്കാൻ നിയോഗിക്കപ്പെട്ട രാംനാഥ് കോവിന്ദ് സമിതി നിശ്ശബ്ദത പുലർത്തുന്നു. പകരം, ചെലവുചുരുക്കൽ പോലെയുള്ള ഘടനാപരമായ ക്രമീകരണങ്ങളെക്കുറിച്ച് വാചാലമാകുകയും ചെയ്യുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരുന്നു, 2024-ൽ ഇന്ത്യയിൽ നടന്നത്. 1.35 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവഴിക്കപ്പെട്ടത്. എങ്ങനെയാണ്, എന്തിനുവേണ്ടിയാണ് ഇത്രയും ഉയർന്ന തുക ചെലവഴിക്കപ്പെടുന്നത് എന്നതിന്റെ പൊളിറ്റിക്കൽ ഓഡിറ്റിങ് അനിവാര്യമാണ്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാണ്, അവയിൽ തന്നെ ഭരണകക്ഷിയായ ബി.ജെ.പിയാണ് ഈ പണാധിപത്യത്തിന്റെ പ്രധാന കണ്ണി എന്നതിനാലാണ് പൊളിറ്റിക്കൽ ഓഡിറ്റിങ് അനിവാര്യമാകുന്നത്. എന്നാൽ, ചെലവ് നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാൻ പോലുമാകാത്ത സാഹചര്യമാണിപ്പോഴുള്ളത്. കാരണം, ജനങ്ങളുടെ ഇച്ഛക്കുമേൽ പണാധിപത്യം അടിച്ചേൽപ്പിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെയാകെ അട്ടിമറിക്കുന്നു. ഇലക്ടറൽ ബോണ്ട് എന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയിലെ ഒന്നാം പ്രതി കൂടിയായ ഒരു പാർട്ടിയുടെ സർക്കാറാണ് തെരഞ്ഞെടുപ്പുചെലവ് കുറക്കുക കൂടി ലക്ഷ്യമിട്ട് ഒരു നിയമം തന്നെ കൊണ്ടുവരാനൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ ചെലവ് കുറയുമെന്നത് ഒരു കെട്ടുകഥയാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഈ റിപ്പോർട്ടിൽ തന്നെ, ഓരോ 15 വർഷം കൂടുമ്പോഴും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കുമാത്രം 10,000 കോടി രൂപ വേണ്ടിവരുമെന്ന് പറയുന്നുണ്ട്. ആർക്കും ഭൂരിപക്ഷമില്ലെങ്കിലോ അവിശ്വാസപ്രമേയത്തിലൂടെ പുറത്താവുകയോ ചെയ്താൽ ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് മറ്റൊരു നിർദേശം. രാഷ്ട്രീയ അസ്ഥിരത സംസ്ഥാന സർക്കാറുകളെ അൽപായുസ്സാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അപ്പോൾ ഇടക്കാല തെരഞ്ഞെടുപ്പുകൾ ഇടയ്ക്കുമാത്രം നടക്കുന്ന ഒന്നല്ലാതായി മാറും.

മറ്റൊന്ന് ഇലക്ഷനുവേണ്ടിയുള്ള റിസോഴ്‌സുകളുടെ അഭാവമാണ്. ഇപ്പോൾ തന്നെ പല ഘട്ടങ്ങളിലായി പോളിങ് നടത്തേണ്ടിവരുന്നത് മനുഷ്യവിഭവശേഷിയുടെയും സാങ്കേതിക വിഭവങ്ങളുടെയുമെല്ലാം അഭാവം മൂലമാണ്. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടന്നാൽ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

ഇതെല്ലാം തെരഞ്ഞെടുപ്പ് ചെലവ് പതിന്മടങ്ങാക്കുകയാണ് ചെയ്യുക.

കഴിഞ്ഞ മോദി സർക്കാറുകൾ മറ്റു നിയമങ്ങളുടെ കാര്യത്തിൽ ചെയ്തതുപോലെ, തീർത്തും ഏകപക്ഷീയമായി ഈ നിർദേശത്തിൽ തീർപ്പുണ്ടാക്കാനാകില്ല എന്നുറപ്പാണ്. എന്നാൽ, ആദ്യ ഘട്ടത്തിൽ, പ്രതിപക്ഷത്തിനും പ്രാദേശിക പാർട്ടികൾക്കിടയിലും കടുത്ത ആശയക്കുഴപ്പമുണ്ടാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ചില പ്രാദേശിക പാർട്ടികളടക്കമുള്ളവർ നിർദേശത്തെ അനുകൂലിച്ചത്, നിരവധി പാർട്ടികൾ അഭിപ്രായം പറയാതെ മാറിനിൽക്കുന്നത്. എൻ.ഡി.എ ഘടകകക്ഷികളായ ജെ.ഡി-യു, എൽ.ജെ.പി എന്നിവ നിർദേശത്തെ പിന്തുണക്കുമ്പോൾ തെലുങ്കുദേശം പാർട്ടി ചില കാര്യങ്ങളിൽ വിശദീകരണം തേടിയിട്ടുണ്ട്, നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

പാർലമെന്റിലും പുറത്തും സമവായത്തിന്റെയും സംവാദത്തിന്റെയും ഭാഷയും പ്രയോഗവും പരിചയമില്ലാത്ത രാഷ്ട്രീയ സംവിധാനമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ളത് എന്നതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ദേശീയ സമവായത്തിന് സാധ്യതയില്ലെന്നു പറയാം. അപ്പോൾ, എന്തുകൊണ്ട് തീർത്തും അപ്രായോഗികമായ ഒരു നിർദേശം, മൂന്നാം മോദി സർക്കാറിന്റെ മുൻഗണനയായത് എന്ന് ആലോചിക്കേണ്ടിവരും.

ഒന്നിച്ച് നടന്നിരുന്ന ലോക്‌സഭാ- നിയമസഭാ തെഞ്ഞെടുപ്പുകൾ 1967-നുശേഷം അസാധ്യമായതിനുപുറകിൽ, അതുവരെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഏകകക്ഷി ഭരണത്തിന്റെ തകർച്ചക്ക് പ്രധാന പങ്കുണ്ട്. 1969-ൽ കോൺഗ്രസിലുണ്ടായ പിളർപ്പും തുടർന്ന് പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളുടെയും മൂവ്‌മെന്റുകളുടെയും പങ്കാളിത്തമുള്ള ദേശീയ പ്രതിപക്ഷത്തിന്റെ വരവുമാണ് ഒന്നിച്ചു നടത്തിയിരുന്ന തെരഞ്ഞെടുപ്പിനെ അപ്രായോഗികമാക്കിയ പ്രധാന ഘടകം.

സമാനമായ ഒരു രാഷ്ട്രീയ സാഹചര്യം ഇന്ന് ഇന്ത്യയിലുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക പാർട്ടികളുടെയും കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികളുടെയും യോജിപ്പിൽ നിലവിൽവന്ന 'ഇന്ത്യ' മുന്നണി, ദേശീയ പ്രതിപക്ഷമെന്ന നിലയ്ക്ക് നേടിയ അംഗീകാരമാണ് അതിൽ പ്രധാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തേക്കാളുപരി, ഇന്ത്യൻ ബഹുസ്വരതയെ, അതിന്റെ പലതരം പ്രാതിനിധ്യങ്ങളെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്ന രാഷ്ട്രീയ ഐഡന്റിറ്റിയെ യാഥാർഥ്യമാക്കാനായി എന്നതാണ് 'ഇന്ത്യ' മുന്നണിയുടെ പ്രാധാന്യം. അത്, ആർ.എസ്.എസും ബി.ജെ.പിയും മുന്നോട്ടുവക്കുന്ന എക്‌സ്‌ക്ലൂസീവ് ദേശീയതയുടെയും വ്യത്യസ്തകളെ റദ്ദാക്കുന്ന ദേശീയ ഐക്യ സങ്കൽപ്പത്തിന്റെയും ക്രിയാത്മക പ്രതിപക്ഷം കൂടിയാണ്. പാർലമെന്റിനുപുറത്തേക്കുകൂടി ഈയൊരു പ്രതിപക്ഷം വ്യാപിക്കുന്ന സാഹചര്യം ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രത്യയശാസ്ത്രപരമായി തന്നെ പേടിപ്പെടുത്തുന്നുണ്ട്.

അതുകൊണ്ടാണ്, ജാതി സെൻസസ് എന്ന വിഷയം അവഗണിക്കാനാകാത്തവിധം ദേശീയശ്രദ്ധയിൽ വന്നപ്പോൾ, അതിന്റെ യഥാർഥ ലക്ഷ്യം മറച്ചുപിടിച്ച്, 'ഹിന്ദു ഐക്യം', 'അഖണ്ഡത' എന്നീ ആശയങ്ങളുമായി ജാതി സെൻസസിനെ ആർ.എസ്.എസ് സമർഥമായി ബന്ധിപ്പിച്ചത്. ജാതിരഹിതമായ ഒരു ഹിന്ദു സമൂഹം എന്ന വ്യാജപ്രതീതി മുന്നോട്ടുവച്ച് അതിലെ 'അവിഭാജ്യ ഘടക'ങ്ങളെന്ന നിലയ്ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവരെ അവതരിപ്പിക്കുന്നതായിരുന്നു ആർ.എസ്.എസ് സൂത്രം.

ഇതേ സൂത്രമാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന നയത്തിലും ബി.ജെ.പി സ്വീകരിക്കാൻ പോകുന്നത്. ഇന്ത്യൻ ഫെഡറൽ രാഷ്ട്രീയ ഘടനയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ്, കേന്ദ്ര ഭരണത്തിൽ വന്നതുമുതൽ ബി.ജെ.പി 'ഒരു രാജ്യം' എന്ന കോൺസെപ്റ്റ് മുന്നോട്ടുവക്കുന്നത്. തങ്ങൾ ലക്ഷ്യം വെക്കുന്ന ഒരു എതിർപക്ഷത്തെ എളുപ്പം സൃഷ്ടിച്ച് അവരെ 'രാജ്യദ്രോഹി'കളാക്കാൻ കഴിയും എന്നതാണ് 'ഒരു രാജ്യം' എന്ന മധുരമനോജ്ഞസംജ്ഞക്കുപുറകിൽ ഒളിഞ്ഞിരിക്കുന്നത്.

പത്തുവർഷത്തിനിടെ തെരുവിലിറങ്ങിയ വിദ്യാർഥികളും കർഷകരും കലാകാരരും തൊഴിലാളികളുമെല്ലാം ഭരണകൂടവേട്ടയിൽ കൊല്ലപ്പെട്ടതും ആക്രമിക്കപ്പെട്ടതുമെല്ലാം ഈയൊരു 'രാജ്യനീതി'യുടെ പ്രയോഗത്തിലൂടെയാണ്. ആ 'രാജ്യനീതി' തന്നെയാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയവും മുന്നോട്ടുവക്കുന്നത്.

ബി.ജെ.പി സർക്കാർ, അതിന്റെ ഓരോ ശ്വാസത്തിലും പുറത്തുവിട്ടുകൊണ്ടിരിക്കുന്ന 'ഒരു രാജ്യം' അപകടം പിടിച്ച ഒരു രാജ്യമാണ്. അതിനെതിരെ, ഒരു യഥാർഥ രാജ്യം നിലനിൽക്കുന്നുണ്ട്, ആ രാജ്യത്തെ മുൻനിർത്തിവേണം 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' അടക്കമുള്ള സകല ദേശീയതാസൂത്രങ്ങൾക്കുമെതിരെ ചെറുത്തുനിൽക്കേണ്ടത്.

Comments