Photo : K K Shailaja Teacher, FB Page

പിണറായി സർക്കാറിൽ എത്ര ഇടതുപക്ഷമുണ്ട്​?

ധനികവർഗ രാഷ്ട്രീയ- സാമ്പത്തികയുക്തിയിലേക്ക് അതിവേഗം പതിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. വിപ്ലവപ്പാർട്ടിയുടെ സംഘടനാ അച്ചടക്കം ആവശ്യപ്പെടുകയും മുതലാളിത്തത്തിന്റെ സാമ്പത്തികയുക്തികൾ നടപ്പാക്കുകയും ചെയ്യുന്നൊരു സംഘടനയും അതിന്റെ നേതൃത്വവും മാരകമായൊരു മിശ്രിതമാണ്.

ടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിൽ തുടർച്ചയായി രണ്ടാംവട്ടവും അധികാരത്തിൽ വന്നത്​, ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇടതുപക്ഷത്തിനുമാത്രമല്ല ജനാധിപത്യ രാഷ്ട്രീയചേരിയ്ക്കാകെയും നിർണായകമായിരുന്നു. ഇന്ത്യയിൽ വലതുപക്ഷ രാഷ്ട്രീയം ഏറ്റവും ഹിംസാത്മക ഘട്ടത്തിലേയ്ക്ക് നീങ്ങാനുള്ള തയ്യാറെടുപ്പ്​ നടത്തുകയാണ്. 2019-ൽ, കേന്ദ്രത്തിൽ രണ്ടാംതവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതോടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ജനാടിത്തറ (Mass base) കൂടുതൽ ഉറപ്പിക്കപ്പെട്ടു. ഒപ്പം, ഹിന്ദുത്വരാഷ്ട്രീയവും കോർപറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ട് കാര്യമായ വെല്ലുവിളി കൂടാതെ അധികാരസംവിധാനത്തിന്റെ എല്ലാ മേഖലകളിലും ദൃഢമായി. ഒപ്പം, പുതിയ സൂക്ഷ്മമായ പ്രവർത്തനമേഖലകൾ തുറക്കുകയും ചെയ്തു.

രാജ്യത്തിന്റെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും പിന്തിരിപ്പനായ സർക്കാർ വിധേയത്വത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യ എന്ന ആശയത്തെത്തന്നെ അതിനുള്ളിൽനിന്ന്​ തകർക്കാൻ കഴിയും എന്ന രാഷ്ട്രീയപദ്ധതിയാണ് സംഘപരിവാർ നടപ്പാക്കുന്നത്. കൊളോണിയൽ വിരുദ്ധ ദേശീയ വിമോചനസമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയത്തെ അതിന്റെ നേർവിപരീതമായ രാഷ്ട്രീയ പ്രത്യശാസ്ത്രം കൊണ്ട് പിടിച്ചെടുത്ത സംഘപരിവാറിന്റെ അധികാരാരോഹണം തന്നെ ഇന്ത്യ ഇല്ലാതാവുകയാണ് എന്നതിന്റെ രാഷ്ട്രീയപ്രഖ്യാപനമായിരുന്നു.

2019-ൽ, കേന്ദ്രത്തിൽ രണ്ടാംതവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതോടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ജനാടിത്തറ (Mass base) കൂടുതൽ ഉറപ്പിക്കപ്പെട്ടു. / Photo : Fb Page, Narendra Modi.

മുഖ്യധാരാ രാഷ്ട്രീയ പ്രതിപക്ഷം തീർത്തും ദുർബലമായ ശബ്ദങ്ങൾ മാത്രമാണ് മോദി സർക്കാരിന്റെ ആദ്യഘട്ടങ്ങളിൽ പുറപ്പെടുവിച്ചിരുന്നത്. അതിന്റെ പ്രധാന കാരണം; മോദിയുടെ സാമ്പത്തികനയങ്ങൾ അതിനുമുമ്പ് ഭരിച്ച യു.പി.എ. സർക്കാരിൽനിന്ന്​ വിഭിന്നമല്ല എന്നതും സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെ മതേതരത്വത്തിന്റെ ഉറച്ച രാഷ്ട്രീയനിലപാടുകൊണ്ട് എതിർക്കാതെ മൃദുഹിന്ദുത്വ തട്ടിപ്പുകൊണ്ട് നേരിടാൻ കഴിയും എന്ന ഇടതുപക്ഷമൊഴിച്ചുള്ള രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ നിലപാടുകളുമായിരുന്നു.
ഇന്ത്യയുടെ ഫെഡറൽ ഘടനയെ എല്ലാതരത്തിലും ദുർബലമാക്കുകയും ഹിന്ദുത്വ രാഷ്ട്രീയ, സാംസ്‌കാരിക ദേശീയത എന്ന നിലയിൽ മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ പരമാധികാരം എന്ന നിലയിലേയ്ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ മാറ്റുകയും ചെയ്യുന്നതിന്റെ വേഗം മോദി സർക്കാർ അതിവേഗം കൂടിക്കൊണ്ടിരിക്കുന്നു.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിരന്തര സംവാദങ്ങളും സമരങ്ങളും പലതലങ്ങളിൽ ഉയർത്തിക്കൊണ്ടുവരികയും ധനികവർഗത്തിന്റെ കൈയാളുകളായി മാറിയ നേതൃത്വത്തെ പരസ്യമായി വിചാരണ ചെയ്യുകയുമാണ് വേണ്ടത്.

ഈയൊരു ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് 2016-ലും അതിന്റെ തുടർച്ചയായി 2021-ലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ കേരളത്തിൽ അധികാരത്തിൽ വരുന്നത്. ദേശീയ രാഷ്ട്രീയത്തിൽത്തന്നെ നിർണായക രാഷ്ട്രീയസന്ദേശം നൽകുന്ന തെരഞ്ഞെടുപ്പുവിജയങ്ങളായിരുന്നു അവ.

ഇടതുപക്ഷത്തെയും വിശിഷ്യാ സി.പി.എം., സി. പി.ഐ. എന്നീ മുഖ്യധാരാ കമ്യൂണിസ്റ്റ് കക്ഷികളെയും സംബന്ധിച്ചാണെങ്കിൽ അവയുടെ അസ്തിത്വത്തിന്റെ ഏതാണ്ട് അവസാന ലായമായി കേരളം മാറി. പശ്ചിമബംഗാളിൽ 34 വർഷത്തെ തുർച്ചയായ ഭരണത്തിനുശേഷം 2011-ൽ കനത്ത തോൽവിയേറ്റുവാങ്ങിയ ഇടതുമുന്നണി, തുടർന്നിങ്ങോട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും താഴേക്ക് കുത്തനെ വീണുകൊണ്ടിരുന്നു. സി.പി.എമ്മിന്റെ സംഘടനാസംവിധാനമാകട്ടെ ലോക്കൽ സമ്മേളനങ്ങൾ പോലും നടത്താൻ കഴിയാത്തവിധം തകർന്നു. ഓരോ തെരഞ്ഞെടുപ്പുകളിലും പാർട്ടി അണികളും അനുഭാവികളും ബി.ജെ.പി.യിലേയ്ക്കും തൃണമൂൽ കോൺഗ്രസിലേയ്ക്കും ചേക്കേറിക്കൊണ്ടിരുന്നു. ഭരണം നഷ്ടപ്പെട്ട 2011-ലെ തെരഞ്ഞെടുപ്പിൽ 41% വോട്ടുണ്ടായിരുന്ന ഇടതുമുന്നണിക്ക് 2014-ലെ ലോക്‌സഭാ തെരഞ്ഞടുപ്പിൽ 29.9% ആയി കുറഞ്ഞു. 2016-ലെ നിയമസഭാ തെരഞ്ഞടുപ്പിൽ വോട്ടുവിഹിതം 26% ആയി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 292 അംഗ നിയമസഭയിലേയ്ക്ക് ഒരംഗത്തെപ്പോലും ജയിപ്പിക്കാൻ ഇടതുമുന്നണിക്കായില്ല- വോട്ടുവിഹിതം കേവലം 5.6%.

പശ്ചിമബംഗാളിൽ 34 വർഷത്തെ തുർച്ചയായ ഭരണത്തിനുശേഷം 2011-ൽ കനത്ത തോൽവിയേറ്റുവാങ്ങിയ ഇടതുമുന്നണി, തുടർന്നിങ്ങോട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും താഴേക്ക് കുത്തനെ വീണുകൊണ്ടിരുന്നു. സി.പി.എമ്മിന്റെ സംഘടനാസംവിധാനമാകട്ടെ ലോക്കൽ സമ്മേളനങ്ങൾ പോലും നടത്താൻ കഴിയാത്തവിധം തകർന്നു

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ തോൽപ്പിച്ച് ബി.ജെ.പി. വിജയിക്കുക കൂടി ചെയ്തതോടെ കേരളമെന്ന ഒരൊറ്റ ഭൂപ്രദേശത്തെ പാർട്ടി സംഘടനയും ഭരണവും ഇടതുപക്ഷത്തെയും ഇടതുമുന്നണിയെയും സംബന്ധിച്ച് ജീവന്മരണ പോരാട്ടം തന്നെയായി.

കേരളത്തിന്റെ അതിരുകൾക്കപ്പുറത്തും നിർണായകപ്രസക്തിയുണ്ടായിരുന്ന ഒരു തെരഞ്ഞെടുപ്പ് വിജയമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത് എന്നുകാണാം. പിണറായി വിജയൻ മുഖ്യമന്ത്രിയായ ആദ്യ എൽ.ഡി.എഫ്. സർക്കാർ വലിയ രാഷ്ട്രീയപ്രതിസന്ധിയും പ്രകൃതിക്ഷോഭങ്ങളും കോവിഡ് മഹാമാരിയും ഉണ്ടാക്കിയ രാഷ്ട്രീയ- സാമൂഹ്യ സാഹചര്യങ്ങളുടെ നേർസൃഷ്ടിയല്ലാത്ത പ്രതിസന്ധികളും നേരിട്ടു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച്​, കേരളചരിത്രത്തിൽത്തന്നെ ഏറ്റവും സൂക്ഷ്മവും വിപുലവുമായ തരത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ഭീഷണി തെരുവുകളിൽ മൂർത്തരൂപമാർജിച്ചു. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയ്ക്കും അത് നടപ്പാക്കും എന്ന് പ്രഖ്യാപിച്ച സർക്കാരിനുമെതിരെ ഇടതുപക്ഷ കക്ഷികളൊഴിച്ച് മറ്റെല്ലാ വിഭാഗങ്ങളും ‘ശബരിമല ലഹള’യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. യു.ഡി.എഫ്. അതിൽ ബി.ജെ.പി.യുമായി ഒരു തെരഞ്ഞെടുപ്പ് മത്സരം പോലെ ഹിന്ദു വർഗീയത ആളിക്കത്തിക്കാൻ അണിനിരന്നതോടെ കേരളത്തിന്റെ മതേതര- സാമൂഹ്യ ജീവിതത്തിന്റെയും രാഷ്ട്രീയബോധ്യങ്ങളുടെയും സകല ശക്തിദൗർബല്യങ്ങളും വെളിവാവുകയായിരുന്നു. സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും ‘ശബരിമല ലഹള’യെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ നേരിട്ടെങ്കിലും തങ്ങൾ ആചാരങ്ങൾക്കെതിരല്ല എന്ന മട്ടിൽ ദേവസ്വം മന്ത്രിയും ദേവസ്വം സമിതി അധ്യക്ഷനുമൊക്കെ എല്ലാ ദിവസവും സന്തുലനം പാലിക്കാൻ ബുദ്ധിമുട്ടി. ഇടതുപക്ഷ അണികളിൽപ്പോലും ഇത്തരം കാര്യങ്ങളിലുള്ള ചാഞ്ചാട്ടം എത്ര ശക്തമാണ് എന്നത് കേരളത്തിന് സംഭവിക്കാവുന്ന രാഷ്ട്രീയാപകടത്തിലേയ്ക്കുള്ള ഒരു സൂചന കൂടിയായിരുന്നു

ബിന്ദു അമ്മിണി, കനകദുർഗ

എല്ലാ വിലക്കുകളും അതിജീവിച്ച്​ ശബരിമലയിൽ കയറിയ രണ്ടു സ്ത്രീകൾ- ബിന്ദു അമ്മിണിയും കനകദുർഗയും - ഇപ്പോഴും വേട്ടയാടപ്പെടുകയാണ് എന്നത് ഇക്കാര്യത്തിൽ കേരളീയസമൂഹത്തിന്റെ രാഷ്ട്രീയദാർഢ്യം തീർത്തും ദുർബലമാണ് എന്നുതന്നെ കാണിക്കുന്നു. എങ്കിൽപ്പോലും ഹിന്ദുത്വരാഷ്ട്രീയം അതിന്റെ എല്ലാ യാഥാസ്ഥിതിക ജാതിഹിന്ദു ജീർണതയോടുംകൂടി ഇളകിയിരമ്പിയപ്പോൾ അതിനെതിരുനിൽക്കുന്ന ഒരു രാഷ്ട്രീയം എൽ.ഡി.എഫ്. സർക്കാർ എടുത്തു എന്നത് പുരോഗമനപരമായ നിലപാടായിരുന്നു.

ഇതിനൊപ്പം, സ്‌കൂൾതല പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ സർക്കാരിനുകഴിഞ്ഞു. അത് തുടരുന്നുമുണ്ട്. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവാരത്തകർച്ചയും ദീർഘവീക്ഷണമില്ലായ്മയും സാമ്പ്രദായിക പ്രശ്‌നങ്ങളുടെ ഇരട്ടിപ്പുമൊക്കെയായി പതിവ് ദയനീയാവസ്ഥ തന്നെയാണ് ഇപ്പോഴുമെന്ന്​ കാണാം.

പൊലീസിൽ വരുത്തുന്ന പരിഷ്‌കാരത്തിലൊരു രാഷ്ട്രീയബോധം ഉണ്ടാക്കുന്ന രാഷ്ട്രീയ ചുമതല കൈയൊഴിയുകയാണ് എൽ.ഡി.എഫ്. സർക്കാരും അതിലെ ഇടതുകക്ഷികളും ചെയ്തത്. പൊലീസ് എന്നത് കേവലം ഉദ്യോഗസ്ഥനിയന്ത്രണം മാത്രം ആവശ്യമുള്ള സംവിധാനമാണ് എന്ന് വരുത്തിത്തീർത്തു.

എന്നാൽ, നേരത്തെ പറഞ്ഞ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിസന്ധി നേരിടാനുള്ള ഒരു പരിപാടിയുടെ ഭാഗമായല്ല കേരളത്തിലെ സർക്കാർ പ്രവർത്തിച്ചത് എന്നതാണ് പ്രധാന പ്രശ്‌നം. അതാകട്ടെ 2021-ലെ തുടർഭരണക്കാലത്ത് കൂടുതൽ മൂർച്ചയോടെ തെളിയുകയും ചെയ്യുന്നു. ആധുനിക ജനാധിപത്യ സമൂഹം എന്നതിലേയ്ക്കുള്ള കേരളീയസമൂഹത്തിന്റെ തട്ടിയും തടഞ്ഞുമുള്ള യാത്രയിൽ അതിന്റെ രാഷ്ട്രീയ ജനാധിപത്യ പൗരാവകാശങ്ങൾക്ക് ഏറെ മുറിവേൽപ്പിച്ച ഒന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ.

കേരളത്തിലെ പൊലീസ് സംവിധാനം ജനാധിപത്യവിരുദ്ധമായ രീതിയിലാണ് എല്ലാക്കാലത്തും ജനങ്ങളോട് പെരുമാറിയിട്ടുള്ളത്. പൊലീസിനെ ജനാധിപത്യവത്കരിക്കുക എന്നത് ഇടതുപക്ഷത്തിന്റെ ഒരു രാഷ്ട്രീയ അജണ്ടയാണ്. സമൂഹത്തിലെ ഉപരിവർഗത്തെ സംബന്ധിച്ച് പൊലീസ് ആത്യന്തികമായി അവരുടെ സ്വത്തുടമസ്ഥതയെ സംരക്ഷിക്കുകയും ഭരണകൂടത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്തുകയും ചെയ്യുന്ന ഒരു മർദനോപാധിയാണ്. അതുകൊണ്ടുതന്നെ പൊലീസ് സംവിധാനത്തെ ജനാധിപത്യവത്കരിക്കുക എന്നതൊരു രാഷ്ട്രീയപരിപാടി കൂടിയാണ്. അതിന്, ജനങ്ങൾക്കുമുകളിൽ പരമാധികാരവും മർദനാധികാരവുമുള്ള ഒരു സവിശേഷാവകാശം പൊലീസിനുണ്ട് എന്ന അവസ്ഥ മാറണം. ഇത്തരമൊരു ധാരണ ബഹുജനങ്ങൾക്കിടയിൽ സ്വീകാര്യതയാർജിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. അതായത്, പൊലീസ് അതിക്രമങ്ങളെ സ്വാഭാവികമായിക്കാണാൻ അവർ ശീലിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പൊലീസിനെ ജനാധിപത്യവത്കരിക്കുക എന്നുപറയുമ്പോൾ ജനങ്ങളെ രാഷ്ട്രീയവത്കരിക്കുക എന്നുകൂടിയാണ് അതിനർഥം. പൗരാവകാശങ്ങളും സമൂഹമെന്ന നിലയിൽ കൂട്ടായ ജനാധിപത്യാധികാരങ്ങളുമുള്ള ഒന്നാണ് പൊതുസമൂഹമെന്ന രാഷ്ട്രീയബോധം ജനങ്ങൾക്കുണ്ടാവുന്നതിലൂടെയാണ് പൊലീസിന്റെ ജനാധിപത്യവത്കരണത്തിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. പൊലീസിൽ വരുത്തുന്ന പരിഷ്‌കാരത്തിലൊരു രാഷ്ട്രീയബോധം ഉണ്ടാക്കുന്ന രാഷ്ട്രീയ ചുമതല കൈയൊഴിയുകയാണ് എൽ.ഡി.എഫ്. സർക്കാരും അതിലെ ഇടതുകക്ഷികളും ചെയ്തത്. പൊലീസ് എന്നത് കേവലം ഉദ്യോഗസ്ഥനിയന്ത്രണം മാത്രം ആവശ്യമുള്ള സംവിധാനമാണ് എന്ന് വരുത്തിത്തീർത്തു.

പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്ന ഓരോ ഘട്ടത്തിലും അസാധാരണമായ ആവേശത്തോടെ പൊലീസിന്റെ ത്യാഗത്തെക്കുറിച്ച്​പ്രതിഭാഷണം നടത്താനാണ് പൊലീസ് വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തുനിഞ്ഞത്

പൊതുസമൂഹത്തെയും അതിലെ ഇടതുപക്ഷത്തെയും പരമാവധി നിശബ്ദരും വിധേയരുമാക്കി നിർത്തിയതിലൂടെ പൊലീസിനുനേരെ ഉയരാറുള്ള സാമാന്യമായ വിമർശനങ്ങളെപ്പോലും കണക്കിലെടുക്കേണ്ടാത്ത ഒരു നിലയിലേയ്ക്ക് പൊലീസ് മാറി. പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്ന ഓരോ ഘട്ടത്തിലും അസാധാരണമായ ആവേശത്തോടെ പൊലീസിന്റെ ത്യാഗത്തെക്കുറിച്ച്​പ്രതിഭാഷണം നടത്താനാണ് പൊലീസ് വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തുനിഞ്ഞത്. ഇത് വാസ്തവത്തിൽ പൊലീസ് സംവിധാനത്തെ ന്യായീകരിക്കുന്ന ഒന്നായി ചുരുക്കിക്കാണേണ്ടതില്ല. സമൂഹത്തിൽനിന്ന്​അധികാരകേന്ദ്രങ്ങൾക്കും അവയുടെ നടപടികൾക്കുമെതിരെ ഉയരുന്ന എതിർപ്പുകളെയും വിയോജിപ്പുകളെയും വിമതപ്രതിഷേധങ്ങളെയും ഇല്ലാതാക്കുക എന്ന സമഗ്രാധിപത്യ ഭരണകൂട സ്വഭാവമാണിത്. സമ്പൂർണവിധേയത്വമൊഴികെ മറ്റൊന്നും നിങ്ങളിൽ നിന്ന്​ പ്രതീക്ഷിക്കുന്നില്ല എന്നാണതിന്റെ സാമൂഹ്യ പരാവർത്തനം.

​ജനാധിപത്യവിരുദ്ധമെന്ന് സി.പി.എം. ദേശീയനേതൃത്വം പാർലമെൻറിലെ ചർച്ചകളിലും പൊതുരാഷ്ട്രീയ പ്രതികരണങ്ങളിലുമെല്ലാം ആവർത്തിച്ചുപറഞ്ഞ യു.എ.പി.എ. പോലൊരു നിയമം കേരളത്തിൽ രാഷ്ട്രീയപ്രവർത്തകർക്കെതിരെ പിണറായി വിജയൻ സർക്കാർ പ്രയോഗിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് നടത്തിയ പൗരാവകാശ- മനുഷ്യാവകാശലംഘനങ്ങൾ ഇത്തരത്തിലുള്ള രാഷ്ട്രീയസന്ദേശമാണ് നൽകിയത്. കോവിഡ് പോലൊരു മഹാമാരി ജനങ്ങൾ ശീലിച്ചുവന്ന ജീവിതരീതികൾ മുഴുവനായും പിടിച്ചുലച്ചതായിരുന്നു. അതുകൊണ്ടുതന്നെ അതിനെ നേരിടാനുള്ള ശ്രമങ്ങൾ ഏറെ സങ്കീർണവുമാണ്. ഒറ്റയടിക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ച്​ ലക്ഷക്കണക്കിന് മനുഷ്യരെ നിരാശ്രയരായി നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് പലായനം ചെയ്യിക്കാനും അടച്ചുപൂട്ടിയ ജീവിതത്തിനുമുന്നിൽ പകച്ചിരിക്കാനും നിർബന്ധിതരാക്കിയ മോദി സർക്കാർ മഹാമാരിയെ നേരിട്ടവിധത്തിലല്ല അതിനെ കൈകാര്യം ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഒരു ജനാധിപത്യസമൂഹത്തിനു സംശയമുണ്ടാകേണ്ട കാര്യമില്ല. കേരളത്തിലും രോഗം ഒരു ക്രിമിനൽ കുറ്റമാണ് എന്ന മട്ടിലാണ് സർക്കാർ സംവിധാനം സമീപിച്ചത്. മഹാമാരിയുടെ കാലത്ത് ആളുകൾക്കുമുന്നിൽ സഹായവുമായി വരേണ്ടത് ആരോഗ്യപ്രവർത്തകരാണ്. എന്നാൽ ഭീഷണിയും മർദനവുമായി പൊലീസുകാർ തെരുവിൽ നിറഞ്ഞ കേരളം, ഭരണകൂടത്തിന്റെ ഹീനമായ സാധ്യതകളാണ് കാണിച്ചുതന്നത്. അനുസരിക്കൂ ഞങ്ങൾ രക്ഷിക്കാം, പ്രതിഷേധിച്ചാൽ ശിക്ഷിക്കും എന്നതായിരുന്നു സർക്കാർ സന്ദേശം.

ജനാധിപത്യവിരുദ്ധമെന്ന് സി.പി.എം. ദേശീയനേതൃത്വം പാർലമെന്റിലെ ചർച്ചകളിലും പൊതുരാഷ്ട്രീയ പ്രതികരണങ്ങളിലുമെല്ലാം ആവർത്തിച്ചുപറഞ്ഞ യു.എ.പി.എ. പോലൊരു നിയമം കേരളത്തിൽ രാഷ്ട്രീയപ്രവർത്തകർക്കെതിരെ പിണറായി വിജയൻ സർക്കാർ പ്രയോഗിച്ചു

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും കേന്ദ്രസർക്കാരിന്റെയും സമീപനം ഇതുതന്നെയായിരുന്നു. ലോകത്ത് പലയിടങ്ങളിലും മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭരണകൂടങ്ങൾ കൂടുതൽ സമഗ്രാധിപത്യസ്വഭാവം ആർജിക്കുന്നതായും നാം കണ്ടു. എന്തുകൊണ്ടാണ് ഒരു ഇടതുപക്ഷ സർക്കാർ ഇത്തരം ഘട്ടത്തിൽ വലതുപക്ഷ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ അതേ സ്വഭാവം പ്രദർശിപ്പിക്കുകയും അതിനെ രാഷ്ട്രീയമായി ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്​ എന്നതാണ് ചോദ്യം. അതാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വിലയിരുത്തലിനുള്ള അടിസ്ഥാന മാനദണ്ഡവും. നിങ്ങൾ എത്രത്തോളം ഇടതുപക്ഷമാണ് എന്നതാണ് ചോദ്യം. ആ ചോദ്യം നിരന്തരം ചോദിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും.

ജനാധിപത്യവിരുദ്ധമെന്ന് സി.പി.എം. ദേശീയനേതൃത്വം പാർലമെൻറിലെ ചർച്ചകളിലും പൊതുരാഷ്ട്രീയ പ്രതികരണങ്ങളിലുമെല്ലാം ആവർത്തിച്ചുപറഞ്ഞ യു.എ.പി.എ. പോലൊരു നിയമം കേരളത്തിൽ രാഷ്ട്രീയപ്രവർത്തകർക്കെതിരെ പിണറായി വിജയൻ സർക്കാർ പ്രയോഗിച്ചു. അതിനെതിരെ ഉയർന്ന എതിർപ്പുകളെയും തികഞ്ഞ ജനാധിപത്യവിരുദ്ധതയോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. പൊലീസ്​ അതിക്രമങ്ങളെക്കുറിച്ചുള്ള എല്ലാ സംവാദങ്ങളിൽ നിന്നും തന്ത്രപൂർവം ഒഴിഞ്ഞുമാറുകയും നിശബ്ദത പാലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി മാവോവാദികളാണെങ്കിൽ യു.എ.പി.എ. ചുമത്തും എന്ന മട്ടിൽ രംഗത്തുവന്നത് രാഷ്ട്രീയപ്രതിഷേധങ്ങളോടുള്ള സമഗ്രാധിപത്യ ഭരണകൂടത്തിന്റെ രീതിയാണ്.

ഒരു ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ കേരളത്തിൽ നടന്നത് എട്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ്. വൈത്തിരിയിൽ സി.പി. ജലീലിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തെക്കുറിച്ച് സംശയരഹിതമായ തെളിവു ലഭിച്ചിട്ടും സർക്കാർ യാതൊരു നടപടിയും എടുത്തില്ല. പകരം, ആദിവാസി മേഖലകളിൽ പൊലീസ് രാജ് നടപ്പാക്കുന്നതിന്​ പൊലീസിൽ 123 ഗോത്രവിഭാഗക്കാരെ പ്രത്യേകം നിയമിക്കുകയാണ് സർക്കാർ ചെയ്തത്. മാവോവാദിവിരുദ്ധ പ്രവർത്തനങ്ങൾക്കാണ്​ ഈ​ ഗോത്രസേന രൂപീകരിച്ചിരിക്കുന്നത്​ എന്നാണ്​ സർക്കാർ ഭാഷ്യം. മാവോവാദികളെ അടിച്ചമർത്താൻ ആദിവാസി സേന എന്ന മട്ടിൽ ‘സൽവാ ജുദും’ എന്ന സായുധസേനയുണ്ടാക്കിയ ബി.ജെ.പി.- കോൺഗ്രസ് സർക്കാരുകളുടെ സമീപനത്തിന്റെ അതേ യുക്തിയിലാണ് ഈ നീക്കവും എന്നത് വലിയ അപകടസൂചനയാണ്.

പ്രവാസിപ്പണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലേയ്ക്കും ഒരുപോലെയല്ല എത്തിയത്. ദലിതർ ഏതാണ്ട് മുഴുവനായും ഈ പ്രക്രിയയ്ക്ക് പുറത്തായിരുന്നു. മറ്റുള്ളവരിലും ഏതാണ്ട് 17 ശതമാനം കേരളീയ കുടുംബങ്ങളാണ് പ്രവാസിപ്പണത്തിന്റെ ഗുണഭോക്താക്കളായത്.

വികസനത്തിന് രാഷ്ട്രീയമില്ലെന്ന മുദ്രാവാക്യത്തിന് കേരളത്തിൽ മിക്കപ്പോഴും കക്ഷിഭേദമില്ലാതായിട്ടുണ്ട്. യഥാർഥത്തിൽ, വികസനത്തിൽ രാഷ്ട്രീയം പാടില്ലേ?
വികസനത്തിൽ ആദ്യവും അവസാനവും വേണ്ടത് രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം എന്താണ് എന്നതാണ് നിർണായക ചോദ്യം. പല രൂപത്തിലും മുതലാളിത്ത വികസനത്തിന്റെ പ്രചണ്ഡപ്രചാരണങ്ങൾക്കിടയിലും ലോകമൊട്ടാകെ മനുഷ്യർ ചോദിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നുമല്ല. അസമത്വത്തിന്റെ ഏറ്റവും ക്രൂരമായ കാലത്തിലൂടെ ലോകം കടന്നുപോകുമ്പോൾ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും മാത്രമല്ല, മുതലാളിത്തവ്യവസ്ഥിതിയുടെ സാമ്പത്തികയുക്തിയെ വിശാലാർഥത്തിൽ അംഗീകരിക്കുന്നവർ പോലും ഈ ചോദ്യം ഉയർത്തുകയാണ്.

അസമത്വമാണ് ലോകത്തെല്ലായിടത്തും എല്ലാ കാലത്തും സമരങ്ങളുടെ മൂലകാരണം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞതോടെ, പലതരം ഭൗമ രാഷ്ട്രീയ സമവാക്യങ്ങളും വിമോചന പോരാട്ടങ്ങളിലൂടെ ഉദയം കൊണ്ട സർക്കാരുകളും അവയുടെ ഉയർച്ചതാഴ്ചകളും പിന്നീട്, ആഗോളീകരണവും നവഉദാരവല്ക്കരണവും അതിന് പുതിയ മാനങ്ങൾ നൽകി. ഏറ്റവുമൊടുവിൽ അസമത്വത്തിന്റെ കൊടുമുടികളായ പെറുവിലും ചിലിയിലും അസമത്വവും അതിന്റെ പൂരകമായ ഖനന കുത്തകകളുണ്ടാക്കുന്ന പരിസ്ഥിതിനാശവും രാഷ്ട്രീയാധികാരത്തിൽ അവർക്കുള്ള കനത്ത സ്വാധീനവും ഇടതുപക്ഷമുന്നേറ്റത്തിന് ഇടനൽകി.

കണ്ണൂർ അഴീക്കലിൽ ലോക്ഡൗൺ ലംഘിച്ചവരെ കണ്ണൂർ എസ്.പി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഏത്തമിടീച്ച് ശിക്ഷിക്കുന്നു (2020).

നവലിബറൽ നയങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ഇന്ത്യയിലും അസമത്വം ഭീകരമായിട്ടുണ്ട്. കേവലം 10 ശതമാനം വരുന്നവരാണ് രാജ്യത്തിന്റെ വരുമാനത്തിന്റെ 57 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത്. ഇതിൽതന്നെ ഒരു ശതമാനം പേരുടെ കൈയിലാണ് 22 ശതമാനം ദേശീയ വരുമാനവും 33 ശതമാനം സമ്പത്തും. താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ കൈയിൽ ദേശീയ വരുമാനത്തിന്റെ 13 ശതമാനം മാത്രമാണുള്ളത്. ഇത്തരത്തിൽ യാതൊരു സാമ്യവുമില്ലാത്ത ജനവിഭാഗങ്ങളാണ് ഇന്ത്യയുടെ അതിരുകൾക്കുള്ളിൽ ജീവിക്കുന്നത്. സ്വാഭാവികമായും അവരുടെ വികസനമുൻഗണനകളും വികസനത്തിന്റെ രാഷ്ട്രീയവും തമ്മിൽ വൈരുധ്യമുണ്ടാവുക സ്വാഭാവികമാണ്; അഥവാ ആ വൈരുധ്യം രൂക്ഷമായേ മതിയാകൂ.

മധ്യവർഗവും പാപ്പരാകുന്ന നിലയിലേയ്ക്ക് മൂലധന വ്യവസ്ഥ കൂടുതൽ കുഴപ്പത്തിലായിട്ടുണ്ട്. ധനിക, ദരിദ്ര കർഷകർ രാജ്യത്ത് തോളോടുതോൾ ചേരുന്നത് യാദൃശ്ചികമല്ല.

കേരളത്തിലും സമ്പത്തിന്റെ കേന്ദ്രീകരണവും വിതരണത്തിലെ അസമത്വവും രൂക്ഷമാണ്. ഇതിനെ മറച്ചുപിടിക്കുന്ന ഒരു സംഗതി, അടിസ്ഥാന ജീവിതസൗകര്യങ്ങളിലെ സാർവത്രികവത്കരണം ജനങ്ങളെ സാമാന്യമായ ജീവിതനിലവാരം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നുണ്ട് എന്നതാണ്.
സാമാന്യമായി നോക്കിയാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയോ ഭൂപ്രദേശങ്ങളെയോ അപേക്ഷിച്ച് മെച്ചപ്പെട്ട സാമൂഹ്യനീതി ജനങ്ങൾക്ക്​ലഭ്യമാക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. അതിന്​ ചരിത്രപരമായ നിരവധി രാഷ്ട്രീയ- സാമ്പത്തിക ഘടകങ്ങളുണ്ട്. ജാതി- ജന്മി വിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ മുദ്രാവാക്യങ്ങളോടും സംസ്ഥാനരൂപീകരണകാലത്ത് ഉയർന്ന ആശയങ്ങളോടും വലിയതോതിൽ ചേർന്നുനില്ക്കുന്ന സിദ്ധാന്തവല്ക്കരണവും പ്രയോഗവും ഇവിടെ എന്നും സജീവമായിരുന്നു. അങ്ങനെ വളർത്തിയെടുത്ത പൊതുസംവിധാനങ്ങളുടെ പിൻബലത്തിലാണ്, സാമ്പ്രദായിക വളർച്ചാക്കണക്കിൽ അഥവാ ചരക്കുത്പാദന തോതിൽ പിന്നിൽ നിൽക്കുമ്പോൾതന്നെ, ജീവിതഗുണതയിൽ ലോകോത്തര നിലവാരത്തിലെത്തിയത്​. പൊതുവിൽ അവ കേരളത്തിന് നൽകിയത് ആത്മാഭിമാനമുള്ള പൗരജീവിതത്തിനാവശ്യമായ അടിസ്ഥാനഘടകങ്ങളുടെ സാർവത്രികലഭ്യതയായിരുന്നു എന്നുപറയാം.

അതോടൊപ്പം, ഗൾഫ് രാഷ്ട്രങ്ങളിലേയ്ക്കുള്ള അവിദഗ്ധ തൊഴിലാളികളുടെ വലിയതോതിലുള്ള കുടിയേറ്റവും അത് സാമ്പത്തികരംഗത്തുണ്ടാക്കിയ ഉണർവും ജീവിതത്തെ സാമാന്യമായ സൗകര്യങ്ങളോടെ നിലനിർത്തി. ഇതുണ്ടാക്കിയ മാറ്റം അധികവും പുറത്തുനിന്നു വരുന്ന ഉത്പന്നങ്ങളുടെ വലിയതോതിലുള്ള ഉപഭോഗം, സേവനമേഖലയുടെ വളർച്ച, നിർമാണമേഖലയിലെ ഉണർവ്​ എന്നിവയിലൂടെയായിരുന്നു. സാർവത്രികമായ അടിസ്ഥാനസൗകര്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, പൊതുഗതാഗതം തുടങ്ങിയവ വളർന്നെങ്കിലും വ്യാവസായികമേഖലയിലോ പ്രാഥമികമേഖലയായ കൃഷിയടക്കമുള്ളവയിലോ ഗണ്യമായ യാതൊരു ഉണർവും ഉണ്ടാക്കിയില്ല. പ്രവാസിപ്പണം ഒരു പ്രത്യേകതരം ഉപഭോക്തൃസമൂഹമായി കേരളത്തെ മാറ്റുകയും ചെയ്തു. പൊതുവിൽ സമ്പദ്ഘടന ആഭ്യന്തര ഉത്പാദനവുമായി പൊരുത്തമില്ലാത്ത ഉപഭോഗമാതൃകകളിലേയ്ക്ക് വികസിച്ചു. പ്രവാസിപ്പണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലേയ്ക്കും ഒരുപോലെയല്ല എത്തിയത്. ദലിതർ ഏതാണ്ട് മുഴുവനായും ഈ പ്രക്രിയയ്ക്ക് പുറത്തായിരുന്നു. മറ്റുള്ളവരിലും ഏതാണ്ട് 17 ശതമാനം കേരളീയ കുടുംബങ്ങളാണ് പ്രവാസിപ്പണത്തിന്റെ ഗുണഭോക്താക്കളായത്.

പ്രയോഗത്തിൽ പല കുറവുണ്ടായിരുന്നുവെങ്കിലും, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വരവോടെ കൂടുതൽ ശക്തിപ്പെട്ട പൊതുസംവിധാനങ്ങളുടെയും ജനാധിപത്യവത്കരണത്തിന്റെയും കരുത്തിലാണ് സാമൂഹ്യനീതിയിലധിഷ്ഠിതമായ ജീവിതചുറ്റുപാട് ഒരുപരിധിവരെ നിലനിർത്താനും പ്രളയത്തെയും മഹാമാരിയെയും ഭേദപ്പെട്ട നിലയിൽ അഭിമുഖീകരിക്കാനും കഴിഞ്ഞത്‌ / Photo : Dr.T.M Thomas Isaac, FB Page

സമ്പത്തുത്പാദനത്തിലെ ഈ പിന്നാക്കാവസ്ഥ തുടർന്നാൽ, കൈവരിച്ച ജീവിതഗുണതയും നഷ്​ടപ്പെടുമെന്ന തിരിച്ചറിവ്​ പിന്നീടുണ്ടായി. ഏതാണ്ടിതേ കാലത്തുതന്നെ മൂലധനവ്യവസ്ഥ പ്രതിസന്ധിയെ അതിജീവിക്കാൻ രാജ്യത്തും ലോകത്തും നവലിബറലിസത്തിലേയ്ക്ക് ചേക്കേറുന്നുണ്ട്. അത് ഉത്പാദനത്തിന്റെ കെട്ടഴിച്ചുവിടുമെന്നും ആ വളർച്ച സാധാരണ ജനങ്ങളിലേയ്ക്കും അരിച്ചിറങ്ങി മെച്ചപ്പെട്ട സമൂഹം രൂപപ്പെടുമെന്നും സമർഥിക്കപ്പെട്ടു. അതല്ല, നമ്മുടെ മാർഗമെന്നും വിഭവാധിഷ്ഠിതവും സ്ഥലീയമായ ആസൂത്രണത്തിലും ഊന്നുന്ന, അവയിലൊക്കെ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുന്ന, അധികാരത്തിന്റെ കേന്ദ്രീകരണത്തിനുപകരം വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്ന സുസ്ഥിരമായ വികസനപാതയാണ് നമുക്ക് വേണ്ടതെന്നും പ്രഖ്യാപിക്കപ്പെട്ടു. സുസ്ഥിരത, പങ്കാളിത്തം, തുല്യത, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി എന്നിവ വികസനത്തിന്റെ മാനദണ്ഡങ്ങളും മുഖമുദ്രകളുമായി കുറിക്കപ്പെട്ടു.

പ്രയോഗത്തിൽ പല കുറവുണ്ടായിരുന്നുവെങ്കിലും, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വരവോടെ കൂടുതൽ ശക്തിപ്പെട്ട പൊതുസംവിധാനങ്ങളുടെയും ജനാധിപത്യവത്കരണത്തിന്റെയും കരുത്തിലാണ് സാമൂഹ്യനീതിയിലധിഷ്ഠിതമായ ജീവിതചുറ്റുപാട് ഒരുപരിധിവരെ നിലനിർത്താനും പ്രളയത്തെയും മഹാമാരിയെയും ഭേദപ്പെട്ട നിലയിൽ അഭിമുഖീകരിക്കാനും കഴിഞ്ഞത്‌. കേരളത്തിന്റെ പുനർനിർമിതിയെ സംബന്ധിച്ച ചർച്ചയിലും ആ ധാര സജീവമായിരുന്നു. വ്യക്തിയുടെ നിലനിൽപ്പ്​ സമൂഹത്തിന്റെ ആരോഗ്യത്തിലാണെന്ന്​ ഏവരും തിരിച്ചറിഞ്ഞ കാലം. അതൊക്കെ നൈമിഷികമായിരുന്നു. മധ്യവർഗത്തിന്റെ വ്യക്ത്യാധിഷ്ടിത ചിന്തകൾക്കും മൂലധന വികസന സ്വപ്നങ്ങൾക്കും വീണ്ടും പ്രാമുഖ്യമായി. അത് പൊതുബോധമായി മാറുന്നുണ്ട്.

ഇവിടെ ഒഴുക്കിനൊപ്പം നില്ക്കാം. കൈയടിയും നേടാം. പക്ഷേ, മധ്യവർഗവും പാപ്പരാകുന്ന നിലയിലേയ്ക്ക് മൂലധന വ്യവസ്ഥ കൂടുതൽ കുഴപ്പത്തിലായിട്ടുണ്ട്. ധനിക, ദരിദ്ര കർഷകർ രാജ്യത്ത് തോളോടുതോൾ ചേരുന്നത് യാദൃശ്ചികമല്ല. മധ്യവർഗത്തിന്റെ വികസനമോഹങ്ങളിൽ ഉയർത്തപ്പെടുന്ന സൗധങ്ങൾ അന്തിമമായി കോർപറേറ്റുകളിൽ എത്തിച്ചേരുന്ന സ്ഥിതിയാണ്. അത്തരം വികസനരീതികൾ സുസ്ഥിരമാകുന്നില്ല.

സി.പി. ജലീൽ

സമ്പത്തുത്പാദന, വിപണന, വിതരണ സംവിധാനങ്ങളുടെയും അതിനു പൂരകമായി വരുന്ന സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളുടെയും ആവശ്യം നിർവഹിക്കാൻ പര്യാപ്തമായ ഗതാഗതസംവിധാനമാണ് ഓരോ പ്രദേശത്തും ആസൂത്രണം ചെയ്യപ്പെടേണ്ടത്. അങ്ങനെയെങ്കിൽ എന്തുതരത്തിലുള്ള സമൂഹത്തെയാണ് വിഭാവനം ചെയ്യുന്നതെന്ന ചോദ്യം ആദ്യം അഭിമുഖീകരിക്കണം. ഇന്ന് ആഗോള സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും നയിക്കുന്ന മൂലധനവ്യവസ്ഥ ജീർണാവസ്ഥയിലാണ്. ലോക ചരക്കുത്പാദന വ്യവസ്ഥയുടെ ആനൂകൂല്യങ്ങൾ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന വൻകിട രാഷ്ട്രങ്ങൾ തന്നെ പിടിച്ചുനിൽക്കാൻ ബദ്ധപ്പെടുകയാണ്. പ്രകൃതിയെയും മനുഷ്യനെയും കൂടുതൽ ക്രൂരമായി ചൂഷണം ചെയ്യുകയാണ്. പുതിയ മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനം കൊണ്ടുവരുന്ന പ്രളയവും വരൾച്ചയും പോലുള്ള ദുരിതങ്ങൾ, വളരുന്ന അസമത്വം എന്നിവക്കെതിരെ നിരന്തരം കരുതിയിരിക്കേണ്ടിവരുന്നു. ഇനി കേവലമായ ദുരന്തനിവാരണം മതിയാകില്ല.

മെച്ചപ്പെട്ട ജീവിതഗുണതയും സുസ്ഥിരതയും ഉറപ്പുവരുത്താൻ പുതുസമൂഹ നിർമിതി വേണ്ടേ? കമ്പോളം പതിവുപോലെ മനുഷ്യരെ കൈവിടുമെന്ന് ലോകജനതയിൽ നല്ലൊരു പങ്കിനും ബോധ്യമായിട്ടുണ്ട്. ദൗർഭാഗ്യവശാൽ, അതിൽ ഗണ്യമായൊരു വിഭാഗത്തിനും ബദൽ സമൂഹനിർമിതിയിൽ വേണ്ടത്ര വിശ്വാസം പോരാ. സാമൂഹ്യമാറ്റത്തിൽ ഇനിയും മൂലധനവ്യവസ്ഥയുടെ രസക്കൂട്ടുകളെത്തന്നെ ആശ്രയിക്കണമെന്നും ആ വളർച്ചയുടെ ഗുണങ്ങൾ സ്വാഭാവികമായി സമസ്ത ജനവിഭാഗങ്ങളിലേയ്ക്കും അരിച്ചിറങ്ങുമെന്നും ആ നിലയിൽ വളർന്നുവരുന്ന ‘ആധുനികർ' പുതുസമൂഹനിർമിതിയുടെ മുന്നണിയിൽ എത്തുമെന്നും കരുതുന്ന ചിന്താധാര കേരളമുൾപ്പെടെ ലോകത്തെല്ലായിടത്തും ശക്തമാണ്. ഫലത്തിൽ കമ്പോളത്തിന് പ്രകൃതിയെയും മനുഷ്യനെയും വിട്ടുകൊടുക്കുന്നു. ആർക്കുവേണ്ടി, എന്ത്, എത്രമാത്രം ഉത്പാദിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് മിക്കവാറും മൂലധനം മാത്രമായിരിക്കും. അത് പൊതുതീരുമാനമായി അവതരിപ്പിക്കപ്പെടാം.

കേരളത്തിന്റെ സേവനമേഖലകളിൽ വേണ്ടത്ര ആസൂത്രണമില്ലാതെ വികസനം എന്ന പേരിൽ കെട്ടിയെഴുന്നള്ളിക്കുന്ന വലിയ വാണിജ്യസമുച്ഛയങ്ങൾ, മാളുകൾ, പടുകൂറ്റൻ നിർമിതികൾ തുടങ്ങിയവയുടെ പളപളപ്പിൽ മധ്യവർഗം കുറെ നാളേയ്ക്ക് നിർവൃതിയടയടയും. അവിടവിടെ മധ്യവർഗത്തിലൊക്കെ ചില ഗുണഭോക്താക്കൾക്കുണ്ടാകാവുന്ന, ഊതിവീർപ്പിക്കപ്പെടുന്ന വളർച്ചകൾ രേഖപ്പെടുത്താം. നവലിബറൽ കാലത്ത് ലോകത്ത് പലപ്പോഴായി കണ്ടതുപോലെ അവയെല്ലാം പൊടുന്നനെ പൊട്ടിപ്പോകുന്ന സോപ്പുകുമിളകളാണെന്ന് ബോധ്യമായിട്ടുണ്ട്. ഏറെ നാളൊന്നും കേരളത്തിനു മുന്നോട്ടുപോകാനാവില്ല. അതിന്റെ അവസാനത്തെ വിൽപനമേളകളിലൊന്നാണ് ഇപ്പോൾ നടക്കുന്നതെന്ന് പറയാം, അതായത് ഒരു കട- കാലിയാക്കൽ മേള.

കേരള സർക്കാർ മുഖ്യ വികസന അജണ്ടയായി അവതരിപ്പിക്കുന്ന കെ-റെയിൽ/ സിൽവർലൈൻ അർധ അതിവേഗ തീവണ്ടി പദ്ധതി ഇത്തരത്തിലുള്ള കെട്ടുകാഴ്ചാ വികസന സങ്കൽപത്തിന്റെ ഭാഗമാണ്. അത് പ്രകൃതിവിഭവങ്ങളുടെയും പൊതുസമൂഹത്തിന്റെ സമ്പത്തിന്റെയും ചൂഷണത്തിനുവേണ്ടിയുള്ളതാണ്​, ആ ചൂഷണം കേവലം ന്യൂനപക്ഷമായ ധനികർക്കുവേണ്ടിയുള്ളതുമാണ്. അർധ അതിവേഗ തീവണ്ടിയിൽ സഞ്ചരിക്കും എന്ന് കെ-റെയിൽ അധികൃതർ കരുതുന്ന യാത്രക്കാരിൽ നിലവിലെ സാധാരണക്കാരായ തീവണ്ടിയാത്രക്കാരോ ബസ് യാത്രക്കാരോ ഇല്ല എന്നത്​, ഈ പദ്ധതി ആർക്കുവേണ്ടിയാണ് എന്ന സംശയം ബലപ്പെടുത്തുന്നുമുണ്ട്. അതായത്, പൊതുപണം ഉപയോഗിച്ച്​ ഒരു ചെറു ന്യൂനപക്ഷം ധനികർക്ക് അതിവേഗ യാത്ര തരമാക്കിക്കൊടുക്കാൻ കേരളത്തെപ്പോലെ സാമ്പത്തികപ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനം തലവെച്ചുകൊടുക്കണോ എന്നത് ചെറിയ പ്രശ്‌നമല്ല. നേരെമറിച്ച്, ആത്യന്തികമായി സമ്പത്തുത്പാദിപ്പിക്കുന്നവരുടെ അന്യവത്കരണം ഇല്ലാതാക്കുന്ന, കമ്പോളത്തിനുപകരം മനുഷ്യനുവേണ്ടി നിലകൊള്ളുന്ന, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുധ്യാത്മകബന്ധത്തിന്റെ താളലയങ്ങൾ അറിയുന്ന, നീതിയും തുല്യതയും ലക്ഷ്യമാക്കുന്ന വികസന ചട്ടക്കൂടിലാണ് ഗതാഗതവികസനവും രൂപപ്പെടേണ്ടത്. അതാണ് കേരളത്തിന്റെ വ്യതിരിക്തതയ്ക്ക് അനുയോജ്യം. മാത്രമല്ല, ദേശീയതലത്തിലെ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുടെ രൂപപ്പെടലിൽ കേരളത്തിന്റെ സുപ്രധാന പങ്കുനിർവഹിക്കാൻ ഈ രാഷ്ട്രീയദൃഢത അത്യാവശ്യമാണുതാനും.

നവലിബറൽ കാലത്തെ സൂക്ഷ്മവും സ്ഥൂലവുമായ സമസ്യകളുടെ പാരസ്പര്യം കണ്ടറിയുന്ന സമഗ്രമായ പൊതുവികസന പരിപ്രേക്ഷ്യത്തിൽ വേണം കേരളത്തിന്റെ ജീവസന്ധാരണ, വാസ പ്രതിസന്ധികളെ വിലയിരുത്തുവാൻ. അങ്ങനെയൊരു ചട്ടക്കൂട്ടിലേക്ക് ഉത്പാദന, സാമൂഹ്യ പ്രവർത്തനങ്ങളെ കൊണ്ടുവരുന്നതിന് പൊതു ഇടപെടൽ അനിവാര്യമാണ്.

കേരളത്തിന്റെ മനുഷ്യ- പ്രകൃതി വിഭവങ്ങളെ ആസൂത്രിതവും സുസ്ഥിരവുമായ നിലയിൽ വിനിയോഗിക്കുന്നതിനും പാരിസ്ഥിതികമായ സുസ്ഥിരതയ്ക്കും ഭൂരിപക്ഷ ജനതയുടെ ദീർഘകാല ജീവിതഗുണതയ്ക്കും ഉതകുന്ന ഒരു ജനകീയ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിലും പൊതുബോധത്തിൽ ഉറപ്പിക്കുന്നതിലും സമയം അതിക്രമിച്ചിരിക്കുകയാണ്. ഉദാഹരണത്തിന്, കാർഷികമേഖലയും പരമ്പരാഗതമേഖലയും ആദായകരമാകാൻ ഉത്പാദന, സംസ്‌കരണ, വിപണന മേഖലകൾ ഉൾക്കൊള്ളുന്ന കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും അടങ്ങുന്ന ആധുനിക സാമൂഹ്യ ഉത്പാദന വിപണന സംവിധാനങ്ങളും അവയുടെ സംസ്ഥാനവ്യാപകമായ ശൃഖലകളും വളരുകയും അത് സാമ്പത്തിക, സാമൂഹ്യ കേരളത്തിന്റെ മുഖമുദ്രയായി ഉറപ്പിക്കുകയും വേണം. അത്തരം വ്യത്യസ്ത ഉത്പാദന വിപണന മേഖലകൾ വേണം.
എന്നാൽ ഇത്തരത്തിലൊരു സാമൂഹ്യ വികസന കാഴ്ചപ്പാടല്ല എൽ.ഡി.എഫ്. സർക്കാർ മുന്നോട്ടുവെക്കുന്നത്. ധനികർ കൂടുതൽ ധനികരാകുമ്പോൾ അവരിൽനിന്ന്​ കിനിഞ്ഞിറങ്ങുന്ന സമ്പത്ത് താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന മുതലാളിത്ത വളർച്ചാ സിദ്ധാന്തത്തിന്റെ മാതൃകയാണ് കേരള സർക്കാരും പിൻപറ്റുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ- സമ്പദ് വ്യവസ്ഥയിൽ ഇത്തരത്തിലൊരു വികസനസങ്കല്പം വാങ്ങാൻ പാകത്തിലൊരു പുത്തൻ വർഗം (The New Class) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് സമ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, സാമ്പത്തിക- രാഷ്ട്രീയ - അധികാര വ്യവസ്ഥയുടെ മേൽത്തട്ടിലുള്ള പല വിഭാഗങ്ങൾ തമ്മിലുള്ള ഒരു കൂട്ടുകെട്ടാണ്. അവർക്ക് പ്രാപ്യമായ, അവരിൽ കുറെ പേർക്ക് ഭാവിയിൽ പ്രാപ്യമാകും എന്ന് കണക്കുകൂട്ടാവുന്ന സാമൂഹ്യ- സാമ്പത്തിക സംവിധാനത്തെ മൊത്തം ജനങ്ങളുടെയും ചെലവിൽ നടത്തിച്ചെടുക്കുക എന്നതാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരത്തിലൊരു ധനികവർഗ രാഷ്ട്രീയ- സാമ്പത്തികയുക്തിയിലേയ്ക്ക് അതിവേഗം പതിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ.

മറ്റെന്നെത്തക്കാളും ശക്തമായി വലതുപക്ഷ രാഷ്ട്രീയശൈലി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയശരീരത്തിൽ കയറിക്കൂടിയ ഒരു കാലമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. എങ്ങനെയാണോ എതിർശബ്ദങ്ങളെ അടിച്ചമർത്താനും തങ്ങളുടെ അപ്രമാദിത്വത്തെ ഉയർത്തിപ്പിടിക്കാനും വലതുപക്ഷം പ്രചാരണ രാഷ്ട്രീയതന്ത്രങ്ങൾ ഉപയോഗിച്ചത്, ഏതാണ്ടതൊക്കെത്തന്നെ കേരളത്തിലെ ഇടതുപക്ഷനേതൃത്വവും ഉപയോഗിക്കുന്നു എന്നതൊരു വലിയ വഴിത്തിരിവാണ്. അങ്ങനെയാണ് ‘ചരിത്രപുരുഷനായ നരേന്ദ്ര മോദി’യുടെ അതേ മാതൃകയിൽ ‘കാരണഭൂതനായ പിണറായി വിജയൻ’ സൃഷ്ടിക്കപ്പെടുന്നത്. എതിരഭിപ്രായങ്ങളെല്ലാം മാനസികനില തെറ്റലും ചിത്തഭ്രമവും ആണെന്ന അധിക്ഷേപം ഉയരുന്നത്. അതായത്, കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഏകനാഥൻ ഉണ്ടെന്ന തരത്തിൽ അതിന്റെ സംഘടനാസംവിധാനം ജീർണിക്കുകയും അതേ ജീർണത കേരളത്തിന്റെ പൊതുസമൂഹത്തിലേയ്ക്കും പകർത്തുകയും ചെയ്യുക എന്നതാണ് ഇപ്പോൾ നടക്കുന്നത്.

ലോകത്ത് ഇടതുപക്ഷത്തിന്റെ വീണ്ടെടുക്കൽ നടക്കുന്നത് കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ട പ്രസ്ഥാനങ്ങളിലൂടെയാണ്. ജനാധിപത്യവത്കരണം എന്നത് രാഷ്ട്രീയത്തിന്റെ ജനാധിപത്യവത്കരണമാണ്. അത് സ്വാഭാവികമായും സംഘടനകളിലും കടന്നുവരേണ്ടിവരും. എന്നാൽ ഈ ജനാധിപത്യവത്കരണത്തെ വളരെ കൗശലത്തോടെ, നാടോടുമ്പോൾ നടുവേ ഓടണം എന്ന യുക്തിയിൽ നവ-ലിബറൽ സാമ്പത്തികയുക്തിയിലേയ്ക്ക് കൂട്ടിക്കെട്ടുന്ന പിന്തിരിപ്പൻ പരിപാടിയാണ് കേരളത്തിൽ നടക്കുന്നത്. അത് ഒരേസമയം സംഘടനയെയും അതിന്റെ ഉൾപ്പാർട്ടി ജനാധിപത്യത്തെയും ഏറ്റവും സങ്കുചിതമായ ഞെരുക്കത്തിലേയ്ക്ക് തള്ളിനിർത്തുകയും എന്നാൽ സാമ്പത്തികനയങ്ങളുടെയും മുതലാളിത്ത വികസന മാതൃകയുടെയും കാര്യത്തിൽ മറ്റുവഴികളില്ലാത്ത ‘പ്രായോഗികത’കളാകുകയും ചെയ്യുന്നു. വിപ്ലവപ്പാർട്ടിയുടെ സംഘടനാ അച്ചടക്കം ആവശ്യപ്പെടുകയും മുതലാളിത്തത്തിന്റെ സാമ്പത്തികയുക്തികൾ നടപ്പാക്കുകയും ചെയ്യുന്നൊരു സംഘടനയും അതിന്റെ നേതൃത്വവും മാരകമായൊരു മിശ്രിതമാണ്.

കേരള സർക്കാർ മുഖ്യ വികസന അജണ്ടയായി അവതരിപ്പിക്കുന്ന കെ-റെയിൽ/ സിൽവർലൈൻ അർധ അതിവേഗ തീവണ്ടി പദ്ധതി കെട്ടുകാഴ്ചാ വികസന സങ്കൽപത്തിന്റെ ഭാഗമാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വർഗസമരം എന്നത് ഭൂമിയ്ക്കുവേണ്ടി, ഭൂമിയിലെ വിഭവങ്ങളുടെ ഉടമസ്ഥതയ്ക്കും അതിന്റെ നീതിയുക്തമായ വിനിയോഗത്തിനും വേണ്ടി മഹാഭൂരിപക്ഷം മനുഷ്യർ മുതലാളിത്തവുമായി നടത്തുന്ന സമരം കൂടിയാണ്. മുതലാളിത്ത മാതൃകയെ തള്ളിപ്പറയാത്ത, ശാസ്ത്രജ്ഞരടക്കം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ ഇപ്പോൾ വികസിത മുതലാളിത്ത രാജ്യങ്ങളും ആഗോള ധനികന്യൂനപക്ഷവും പിന്തുടരുന്ന മുതലാളിത്ത ‘വളർച്ച' എന്ന മായപ്പൊന്മാനിന് ഇനി ഇതേരീതിയിൽ ഓടാനാകില്ല എന്നതാണ് വസ്തുത. വികസനത്തിന്റെയും വളർച്ചയുടെയും മുതലാളിത്ത സങ്കൽപനങ്ങളെത്തന്നെത്തന്നെ നിരാകരിക്കുകയും ജനാധിപത്യത്തിന്റെ അടിത്തറയിൽ മുഴുവൻ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒരു വികസന സങ്കല്പനം സൃഷ്ടിച്ചെടുക്കുകയും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഇടതുപക്ഷം ഇടതുപക്ഷമാകുന്നത്. അതാണ് ആഗോളതലത്തിൽ ഇന്ന് ഇടതുപക്ഷ സംവാദങ്ങളിൽ ഉയർത്തുന്ന പ്രധാന രാഷ്ട്രീയവും.

ഇത്തരത്തിലൊരു രാഷ്ട്രീയം മുന്നോട്ടുവെക്കുന്നില്ല എന്നുമാത്രമല്ല അതിന്റെ എതിർപക്ഷത്തേയ്ക്ക് കൂടുതൽ കൂടുതൽ ചായുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ഇന്ത്യൻ ഇടതുപക്ഷം പൊതുവിൽ നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് അത് സ്വയം നഷ്ടപ്പെടുത്തിയ ബഹുജനാടിത്തറയാണ്. ഈ ബഹുജനാടിത്തറ ഒരൊറ്റ ദിവസം കൊണ്ടോ എന്തെങ്കിലും തരത്തിലുള്ള ക്ഷേമപദ്ധതികൾ കൊണ്ടോ അല്ല ഉണ്ടാകുന്നത്. വ്യവസ്ഥയുടെ ഘടനാപ്രശ്നങ്ങളിൽ സമൂലമായ എതിർപ്പിന്റെ പക്ഷത്തുനിന്ന്​ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോഴാണ് ഈ ബഹുജനാടിത്തറ ഉണ്ടാകുന്നത്. എന്നാൽ സർക്കാർ കാര്യാലയങ്ങളിലെ സേവനങ്ങൾക്ക് ശുപാർശ പറയലാണ് ജനങ്ങൾക്കിടയിൽ നടത്തേണ്ട രാഷ്ട്രീയപ്രവർത്തനമെന്നാണ് ഇപ്പോൾ ഉരുത്തിരിഞ്ഞ പാർട്ടി സംഘടനയുടെ രീതി. റേഷൻ കാർഡിൽ പേരുചേർക്കാൻ കോൺഗ്രസുകാരനും സഹായിക്കാം. എന്നാൽ കമ്യൂണിസ്റ്റുകാർ നടത്തുന്ന രാഷ്ട്രീയപ്രവർത്തനം അത് മാത്രമല്ല, ജനങ്ങളെ നിരന്തരമായി വർഗബോധമുള്ള രാഷ്ട്രീയസമരങ്ങളിലേയ്ക്ക് ചേർത്തുനിർത്തുകയും അങ്ങനെ സമൂഹത്തിന്റെ രാഷ്ട്രീയബോധത്തെ വർഗരാഷ്ട്രീയത്തിന്റെ മാർക്‌സിസ്റ്റ് നിലപാടുകൾക്കൊപ്പം കൊണ്ടുവരികയും ചെയ്യുക എന്നതാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയസംഘടന ചെയ്യേണ്ടത്. എന്നാൽ കേരളത്തിൽ നമ്മൾ കാണുന്നത് കേവല വ്യക്തിപൂജയുടെയും അധികാരകേന്ദ്രങ്ങളിലെ അഴിമതികളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെയുമൊക്കെ പരിമിതവൃത്തങ്ങളിൽക്കിടന്നു കറങ്ങുന്ന പാർട്ടി സംഘടനയെയാണ്​.

കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഏകനാഥൻ ഉണ്ടെന്ന തരത്തിൽ അതിന്റെ സംഘടനാസംവിധാനം ജീർണിക്കുകയും അതേ ജീർണത കേരളത്തിന്റെ പൊതുസമൂഹത്തിലേയ്ക്കും പകർത്തുകയും ചെയ്യുക എന്നതാണ് ഇപ്പോൾ നടക്കുന്നത്

ഇടതുപക്ഷം എന്ന ആശയവും കമ്യൂണിസ്റ്റ് പാർട്ടിയും മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്ര സമീപനങ്ങളും സജീവമായി നിലനിൽക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത ആവശ്യമാണ്. അത്തരത്തിലൊരു ചരിത്രപരമായ ചുമതല തിരിച്ചറിയാൻ കഴിയാതെപോയ പിടിപ്പുകെട്ട നേതൃത്വമാണ് നിലവിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. മൂന്നുതിപറ്റാണ്ടു ഭരിച്ച ഒരു സംസ്ഥാനത്ത് കേവലം അഞ്ചുശതമാനം വോട്ടുവിഹിതമുള്ളൊരു പാർട്ടിയായി മാറാൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം എത്രമാത്രം അത്യധ്വാനം ചെയ്തിരിക്കണം! അത്തരത്തിലൊരു പ്രശ്‌നം ചർച്ചചെയ്യാനുള്ള രാഷ്ട്രീയശേഷി പോലും ഇപ്പോഴും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം പ്രകടിപ്പിക്കുന്നില്ല. പകരം, ഉപരിവർഗത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക യുക്തികളിലേയ്ക്ക് ചേർന്നുനിന്ന്​ തടി രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയാണ് നമുക്ക് കാണാൻ കഴിയുക.

ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ വീണ്ടെടുക്കുക എന്നതുകൂടിയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുനേരെയുള്ള വിമർശനങ്ങളുടെ ലക്ഷ്യമാകേണ്ടത്. കമ്യൂണിസ്റ്റ് പാർട്ടികളിൽ പിന്തിരിപ്പന്മാരും വർഗവഞ്ചകരും ധനികവർഗവുമൊക്കെ ആധിപത്യം നേടുക എന്നത് ചരിത്രത്തിൽ സാധ്യമായ കാര്യങ്ങളാണെന്ന് കാണാം. അതിനർഥം ഇടതുപക്ഷമോ കമ്യൂണിസ്റ്റ്- മാർക്‌സിസ്റ്റ് വിചാരക്രമമോ ഇല്ലാതായി എന്നല്ല. അത്തരക്കാർ ആധിപത്യം നേടിയ പാർട്ടിയെ അപ്പാടെ തള്ളിക്കളയണമെന്നുമല്ല. അത്തരം തള്ളിക്കളയലുകളും വിശുദ്ധവും പൂർണ ശരി നിറഞ്ഞതുമായ പാർട്ടിയ്ക്കുവേണ്ടിയുമുള്ള അന്വേഷണവും കേവലമായ വിശുദ്ധവാദവും സംന്യാസയുക്തിയിലുള്ള ജ്ഞാനാന്വേഷണവുമായി മാറും. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിരന്തര സംവാദങ്ങളും സമരങ്ങളും പലതലങ്ങളിൽ ഉയർത്തിക്കൊണ്ടുവരികയും ധനികവർഗത്തിന്റെ കൈയാളുകളായി മാറിയ നേതൃത്വത്തെ പരസ്യമായി വിചാരണ ചെയ്യുകയുമാണ് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഇതെല്ലാം അതീവദുഷ്‌ക്കരമായ രാഷ്ട്രീയ ചുമതലകളാണ്. പൊതുസമൂഹത്തിൽ ഇടതുപക്ഷത്തിന്റെ സംഘടനാരൂപം തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യസംവാദത്തിനും എതിരായ എതിർപ്പുകളുയർത്താൻ ശ്രമിക്കുമ്പോൾ പ്രത്യേകിച്ചും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments