‘‘… അതിനാൽ ടിയാൻ ശിക്ഷാർഹനാണ്. ഈ സാഹചര്യത്തിൽ എച്ച്.എസ്.എസ്.ടി മലയാളം ശ്രീ പ്രേമചന്ദ്രൻ പി (പെൻ: 454873) യ്ക്ക് 1960 ലെ Kerala Civil Services (Classification, Control Ane Appeal) Rules ലെ ചട്ടം 11 (1) (i) ലെ ‘സെൻഷ്വർ’ എന്ന ശിക്ഷ നൽകി അച്ചടക്കനടപടി പൂർത്തീകരിച്ച് ഉത്തരവാകുന്നു.’’
ഒപ്പ്
ജീവൻ ബാബു കെ., ഐ.എ.എസ്
പൊതുവിദ്യാഭ്യാസ ഡയറക്ടർ.
അക്കാദമിക് വിഷയത്തിൽ ലേഖനമെഴുതിയതിൻ്റെ പേരിൽ ഇടതുപക്ഷ സർക്കാരിനാൽ താക്കീത് ചെയ്യപ്പെട്ട പി. പ്രേമചന്ദ്രന് ഇനി ഒരു മാസം തികച്ച് സർവ്വീസ് ബാക്കിയില്ല. അതിനിടയിൽ പ്രേമൻ മാഷ് താക്കീതിനാൽ നന്നാവുമോ എന്ന് പരീക്ഷിക്കുകയായിരിക്കും സർവീസ് ചട്ടങ്ങളുടെ ആരാധകരായ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് അദ്ദേഹവും. മാഷ് നിങ്ങളുദ്ദേശിക്കുന്ന തരത്തിൽ നന്നാവാൻ സാധ്യതയില്ല. രാജഭരണം പോയി ജനാധിപത്യം വന്നത് കൊട്ടാരംവാസികൾ അറിഞ്ഞിട്ടില്ലെങ്കിലും മാഷറിഞ്ഞിട്ടുണ്ട്.
പെറ്റിയായ ഈഗോയുടെ പുറത്ത്, അധികാരത്തിന്റെ ഒപ്പുകളുടേയും സീലുകളുടേയും പുറത്ത് നിങ്ങൾക്ക് താൽക്കാലികമായ ഒരു ആശ്വാസം തോന്നുന്നുണ്ടാവാം. പക്ഷേ പി.പ്രേമചന്ദ്രൻ മാഷെഴുതിയ അനേകമനേകം ലേഖനങ്ങൾ, പുസ്തകങ്ങൾ ഒക്കെ ഇവിടെത്തന്നെയുണ്ടാവും. പ്രേമൻ മാഷിനെ സെൻഷ്വർ ചെയ്യാൻ കാരണമായ ആ ലേഖനമില്ലേ, അത് ഇന്ന് ട്രൂകോപ്പി തിങ്ക് ഒന്നുകൂടെ പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് ആദ്യം പബ്ലിഷ് ചെയ്തതും ട്രൂകോപ്പി തിങ്കായിരുന്നല്ലോ. അന്ന് വായിച്ചവരും വായിക്കാത്തവരുമൊക്കെ വീണ്ടും വീണ്ടുമത് ഇപ്പോൾ വായിക്കുന്നുണ്ട്. വായിക്കട്ടെ. വായനാശീലം നല്ലതാണല്ലോ.
സാന്ദർഭികമായി ഒരു കാര്യം കൂടി പറയട്ടെ. എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അഞ്ചാമത് അന്തർദേശീയ പഠന കോൺഗ്രസ് അടുത്ത വർഷം നടക്കും. അതിന്റെ മുന്നോടിയായുള്ള സെമിനാർ പരമ്പര ഇന്നലെ കോഴിക്കോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 2015- ലാണ് നാലാമത് പഠനകോൺഗ്രസ് നടന്നത്. അതിൽ ഇപ്പോൾ സെൻഷ്വർ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പി. പ്രേമചന്ദ്രൻ ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു. അത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വിഷയമിതായിരുന്നു, ‘‘കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിവര വിനിമയ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രതിസന്ധികൾ’’. മുൻകാല പ്രാബല്യത്തോടെ ഈ പ്രതിസന്ധികളുടെ പേരിൽ കടുത്ത താക്കീതിന് ഉത്തരവിടുമോ എന്നറിയില്ല.
താക്കീത് ഒരു ശിക്ഷാ നടപടിയാണ്. ഒരാൾ കുറ്റം ചെയ്തു എന്ന് സ്ഥാപിക്കപ്പെടുകയാണ്. വിധി കൈപ്പറ്റിയ ശേഷം മാഷ് ഫേസ്ബുക്കിൽ എഴുതി,
“31 വര്‍ഷത്തെ സര്‍വ്വീസ് ഒരു സര്‍ക്കാര്‍ നടപടിയോടെ അവസാനിക്കുകയാണ്. ശിക്ഷ ചെറുതായാലും വലുതായാലും അതില്‍ ഒരു പ്രയാസവുമില്ല. അത് പക്ഷേ, ആ കുറ്റങ്ങളെ എന്നെന്നേക്കുമായി എനിക്കുമേല്‍ സ്ഥാപിക്കുന്നു. ഈ ശിക്ഷാവിധി ഒരു ചരിത്രരേഖയാവും. തീര്‍ച്ച. അക്കാദമികമായ ഒരു വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ലഭിക്കപ്പെട്ട ആദ്യത്തെ ശിക്ഷയാവും. ശിക്ഷയെക്കുറിച്ചല്ല അതിനാധാരമാക്കിയ ചട്ടങ്ങളുടെ സാധുത, അതില്‍ എനിക്കെതിരെ ചാര്‍ത്തപ്പെട്ട അതിനീചമായ കുറ്റാരോപണങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ചെയ്തുകൂടാത്തതായി അതിപ്പോഴും കരുതുന്ന കാര്യങ്ങള്‍, അതിലെ ചില വാക്യങ്ങള്‍... അത് കേരളീയ പൊതുസമൂഹം ഇന്നല്ലെങ്കില്‍ നാളെ ചര്‍ച്ച ചെയ്യപ്പെടും എന്നുതന്നെ വിചാരിക്കുന്നു.”
എന്നോ എടുത്തുകളയേണ്ട ഒരു ചട്ടത്തെ കൂട്ടുപിടിച്ചാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ സംഭാവനകൾ നൽകിയ ഒരധ്യാപകനെ ശിക്ഷിച്ചിരിക്കുന്നത്. പൊതുവിദ്യാഭാസ രംഗത്ത് ക്രിയാത്മകവിമർശകനായി പ്രേമൻ മാഷ് എല്ലാ കാലത്തും നിലനിന്നിട്ടുണ്ട്. മാഷിന്റെ ലേഖനങ്ങൾ, അക്കാദമിക് നയങ്ങൾക്ക്, പ്രയോഗങ്ങൾക്ക് ഒക്കെ നിശിത വിമർശനമായും തിരുത്തലായും, കൂട്ടിച്ചേർക്കലായും പ്രോത്സാഹനമായും മാർഗ്ഗരേഖയായും മാറിയിട്ടുണ്ട്. അദ്ദേഹമെഴുതിയ അസംഖ്യം ലേഖനങ്ങളാണതിന് തെളിവ്. അവയൊക്കെയും പബ്ലിക് ഡൊമൈനിൽ ലഭ്യമാണ്. അന്നൊന്നും, ഒരു സർക്കാരും പി. പ്രേമചന്ദ്രനെതിരെ വാളെടുത്തിട്ടില്ല. താക്കീത് ചെയ്തിട്ടില്ല.
ജനാധിപത്യത്തിന്റെ മനോഹാരിത, വിമർശനങ്ങളിലും അത് പറയാനുള്ള സ്വാതന്ത്ര്യത്തിലുമാണ് എന്ന ബോധം മിനിമം വിദ്യാഭ്യാസ വകുപ്പിലുള്ളവർക്കെങ്കിലും വേണം. വിപ്ലവചരിത്രങ്ങളുടെ വീരഗാഥകൾ പാടുമ്പോൾ വിദ്യാർത്ഥികളും അക്കാദമിക് സമൂഹവും എങ്ങനെ അത്തരം ചരിത്രങ്ങളുടെ ഭാഗമായെന്ന് ഓർക്കണം. സമരങ്ങളുടെയും വിമർശനങ്ങളുടേയും പേരിൽ ശിക്ഷിക്കപ്പെട്ടവരെ ആദരിക്കുന്ന ചരിത്രം, ഭരണകൂട ശിക്ഷകരെ ഒറ്റുകാരെന്നും വഞ്ചകരുമെന്നാണ് അടയാളപ്പെടുത്തിയതെന്നും ഓർക്കണം.
പ്രേമൻ മാഷ് ഇനി സർവ്വീസിൽ ഇരുന്നു കൊണ്ടായിരിക്കില്ല വിദ്യാഭ്യാസ പ്രവർത്തനം നടത്തുക. അതുകൊണ്ട് ഇപ്പോൾ സർവ്വീസിലിരിക്കുന്ന അധ്യാപകരടക്കമുള്ള സർക്കാർ ജീവനക്കാർ ആലോചിക്കണം, ചോദിക്കണം, പ്രതികരിക്കണം ഇങ്ങനെയൊരു നിയമം എന്തിനെന്ന്? വ്യക്തിവിരോധം തീർക്കാനും നിശ്ശബ്ദരാക്കാനുമുള്ള നിയമങ്ങളെ എങ്ങനെ പരിഷ്കരിക്കണമെന്ന് സംഘടനകളും ചിന്തിക്കണം.
സി.ബി.എസ്.ഇ ലോബിയോടുള്ള വിമർശനമായിരുന്നു ആ ലേഖനം. പക്ഷേ വേദനിച്ചത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വക്താക്കൾക്കും.
പ്രേമൻ മാഷ് ഉൾപ്പെട്ട അധ്യാപക സംഘടന അന്ന് കുട്ടികൾക്ക് വേണ്ടി സർവ്വീസ് ചട്ടമനുസരിച്ചു കൊണ്ട് ഒന്നും മിണ്ടിയിട്ടില്ല. പ്രേമൻ മാഷ്ക്ക് ലേഖനത്തിന്റെ പേരിൽ ഷോകോസ് കൊടുത്തപ്പോഴും അന്വേഷണം നടത്തിയപ്പോഴും സർവ്വീസ് ചട്ടം 60 A പ്രകാരം മൗനം പാലിച്ചിട്ടുണ്ട്. ഇപ്പോൾ നടപടിയെടുക്കുമ്പോഴും കെ.എസ്.ടി.എ സർവ്വീസ് ചട്ടം 60 A പ്രകാരം കൂട്ട നിശ്ശബ്ദതയിലാണ്.
മാഷ് പറഞ്ഞതുപോലെ ശിക്ഷയുടെ കാഠിന്യമല്ല, അതിലേക്ക് നയിച്ച കാരണങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ഇപ്പോൾ സർവ്വീസിലിരിക്കുന്നവർക്കാണ് ഇനി ചട്ടലംഘനങ്ങൾ നടത്താനുള്ളത്. ഈ നിശ്ശബ്ദതയ്ക്ക് ഒറ്റിന്റെ ശബ്ദമാണുളളത്.