'എ ബിഡ് ഫോർ ബംഗാൾ' ചിത്രത്തിൽ നിന്ന്

എ ബിഡ് ഫോർ ബംഗാൾ

ചുവന്ന ബംഗാളിനെ എങ്ങനെ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വർഗീയത ആളിക്കത്തിച്ച് ഛിദ്രശക്തികൾ ഹിന്ദുത്വത്തിന്റെ കാവി പുതപ്പിക്കുന്നതിൽ മുന്നേറി എന്ന് വിശകലനം ചെയ്യുന്ന ഡോക്യുമെന്ററിയാണ് എ ബിഡ് ഫോർ ബംഗാൾ.

ന്ത്യാ വിഭജനത്തിന്റെ രക്തരൂഷിതമായ ഒരു ഏടാണ് സ്വാതന്ത്ര്യപ്രാപ്തിയുടെ അടുത്ത നാളുകളിലെ ബംഗാളിന്റെ ചരിത്രം. ഇന്നത്തെ ബംഗ്ലാദേശ് ആയ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നിങ്ങോട്ടും പശ്ചിമ ബംഗാളിൽ നിന്നങ്ങോട്ടും കനത്ത അഭയാർത്ഥി പ്രവാഹമുണ്ടായി. ഹിന്ദു- മുസ്​ലിം വർഗീയ സംഘർഷത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ പതാക ദൽഹിയിലുയരുമ്പോൾ കലാപം ശമിപ്പിക്കാനുള്ള തീവ്രയത്‌നവുമായി ഗാന്ധിജി നവ്ഖാലിയിലായിരുന്നു. അക്രമത്തിന്റെ തേരോട്ടത്തിൽ ജന്മദേശവും തങ്ങളുടേതായ സ്വത്വവുമെല്ലാം നഷ്ടപ്പെട്ട്​ ദയനീയമായി പലായനം ചെയ്യേണ്ടി വന്ന മനുഷ്യർ അനുഭവിച്ച യാതനകളുടെ ഓർമകൾ ഇന്ത്യയിലെ മറ്റേത് പ്രദേശത്തുമുള്ളതിനെക്കാൾ ശക്തമായി ദീർഘകാലം നിലനിന്നത് ബംഗാളികളുടെ മനസ്സിലാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് അടുത്ത ദിവസങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ അക്രമങ്ങൾ അവസാനിപ്പിക്കാനായി ബംഗാളിൽ 73 മണിക്കൂർ നീണ്ട നിരാഹാരസമരത്തിലേർപ്പെട്ട ഹുസൈൻ ഷഹീദ് സുഹ്റാവർദി, ഗാന്ധി തുടങ്ങിയവർ. / Photo : Wikimedia Commons
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് അടുത്ത ദിവസങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ അക്രമങ്ങൾ അവസാനിപ്പിക്കാനായി ബംഗാളിൽ 73 മണിക്കൂർ നീണ്ട നിരാഹാരസമരത്തിലേർപ്പെട്ട ഹുസൈൻ ഷഹീദ് സുഹ്റാവർദി, ഗാന്ധി തുടങ്ങിയവർ. / Photo : Wikimedia Commons

ഹിന്ദുത്വപ്പോരാളികളായ ആർ.എസ്.എസ്​ അവരുടെ മുസ്​ലിം വിരുദ്ധ രാഷ്ട്രീയമുന്നേറ്റങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ആളുകളുടെ ഈ നോവിക്കുന്ന ഓർമകളെ ജ്വലിപ്പിച്ചുനിർത്തിയായിരുന്നു. ഓർമകളുടെ ഈ രാഷ്ട്രീയം ചുവന്ന ബംഗാളിനെ എങ്ങനെ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വർഗീയത ആളിക്കത്തിച്ച് ഛിദ്രശക്തികൾ ഹിന്ദുത്വത്തിന്റെ കാവി പുതപ്പിക്കുന്നതിൽ മുന്നേറി എന്ന് വിശകലനം ചെയ്യുന്ന ഡോക്യുമെന്ററിയാണ് കസ്തൂരി ബസുവും ദ്വൈപായൻ ബാനർജിയും ചേർന്ന് 2021ൽ പൂർത്തിയാക്കിയ എ ബിഡ് ഫോർ ബംഗാൾ. പീപ്പിൾസ് ഫിലിം കലക്റ്റീവ്, പീപ്പ്ൾസ് സ്റ്റഡി സർക്കിൾ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക സംഘങ്ങളുടെ സ്ഥാപകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും പ്രതിരോധസിനിമയുടെ വക്താക്കളുമായ ആക്റ്റിവിസ്റ്റുകളാണ് ഈ ചലച്ചിത്രത്തിന്റെ സ്രഷ്ടാക്കൾ. 2018ൽ ഇവരുടെ സരോജ് ദത്ത & ഹിസ് ടൈംസ് എന്ന ചിത്രത്തിന് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലുൾപ്പെടെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. സിനിമകൾ നിർമിക്കുന്നതിനു പുറമെ ‘പ്രതിരോധേർ സിനിമ’ എന്ന പേരിൽ ബംഗാളിയിൽ മികച്ച ഒരു ചലച്ചിത്ര പ്രസിദ്ധീകരണം കൂടി ഈ ദമ്പതികൾ നടത്തുന്നുണ്ട്. 2021ലെ കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സന്ദർഭത്തിൽ ‘ബി.ജെ.പിക്ക് വോട്ടില്ല' എന്ന ശക്തമായ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിൽ ഇവർ നേതൃത്വപരമായ പങ്ക് വഹിച്ചു. 2018തൊട്ട് ഇവർ സിനിമാ ചിത്രീകരണവും ഈ പ്രചാരണപരിപാടിയും ഒരേ സമയത്തുതന്നെ മുന്നോട്ട് കൊണ്ടുപോവുന്നത് ഈ ചിത്രത്തിൽ കാണാം.

ദ്വൈപായൻ ബാനർജിയുടെ അച്ഛൻ അഭയാർത്ഥി പ്രവാഹകാലത്ത് ആർ.എസ്.എസ്. പ്രവർത്തകനായിരുന്നു. ഗാന്ധിജി വധിക്കപ്പെട്ടതിനെത്തുടർന്ന്, ആ വധത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച സംഘത്തോട് എന്നേക്കുമായി അദ്ദേഹം വിട പറഞ്ഞു. കസ്തൂരി ബസുവിന്റെ അച്ഛൻ ധാക്കയിൽ നിന്ന്​ കുടിയേറിയ ഒരു എഞ്ചിനിയറായിരുന്നു. മുസ്​ലിം ഭൂരിപക്ഷപ്രദേശമായ അവിടെ എത്ര സൗഹൃദത്തോടെയാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. സംവിധായകരുടെ കുടുംബവുമായി നേരിട്ടു ബന്ധമുള്ള ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് സ്വാതന്ത്ര്യസമര ഘട്ടത്തിലെ സ്മരണകൾ ചിത്രത്തിൽ ഉണർത്തുന്നത്.

സരോജ് ദത്ത & ഹിസ് ടൈംസ് എന്ന ചിത്രത്തിന് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലുൾപ്പെടെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.
സരോജ് ദത്ത & ഹിസ് ടൈംസ് എന്ന ചിത്രത്തിന് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലുൾപ്പെടെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.

ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ ഉന്നതശീർഷരായ പ്രതിഭകളുടെ നേതൃത്വത്തിൽ വലിയ ഒരു സാംസ്‌കാരിക നവോത്ഥാനം നടന്ന സംസ്ഥാനമാണ് ബംഗാൾ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്ക് വഹിച്ച എത്രയോ മഹാരഥന്മാർ ബംഗാളിൽ നിന്നാണ്​. കേരളത്തെപ്പോലെ, സ്വാതന്ത്ര്യസമരത്തെത്തുടർന്ന് ഇടതുപക്ഷ പുരോഗമന ശക്തികൾക്ക് നല്ലതുപോലെ വേരോട്ടം ലഭിച്ച ഒരു പ്രദേശവുമാണ് ബംഗാൾ. വിഭജനത്തെത്തുടർന്ന് അഭയാർത്ഥി പ്രവാഹം നടക്കുന്ന കാലത്ത് ഇടതുപക്ഷം ദുരിതമനുഭവിക്കുന്ന ജനതയുടെ പക്ഷത്ത് നിലയുറപ്പിക്കുകയും മതേതരമായ നിലപാട് ശക്തമായി ഉയർത്തിപ്പിടിക്കുകയും ചെയ്തതുമൂലമാണ് ഹിന്ദുത്വത്തിന്റെ അസഹിഷ്ണുതയും വെറുപ്പും കലർന്ന സമീപനത്തിന് അവിടെ ഒട്ടും സ്വീകാര്യത ലഭിക്കാതെ പോയത്. 1980കൾ വരെയും കൽക്കത്തയിൽ മതപരമായ ഘോഷയാത്രകളിൽപ്പോലും കാവിക്കൊടികളല്ല; ചുവന്ന കൊടികളാണ് പാറിയിരുന്നത്. സർവമത സൗഹാർദ്ദത്തിന്റെ അന്തരീക്ഷം അവിടെ നിലനിന്നിരുന്നു. പുരോഗമനാശയങ്ങളുടെ സ്വാധീനം വളരെ വലുതായിരുന്നു. എന്നാൽ സംഘപരിവാറിന്റെ ആർ.എസ്.എസും, സാംസ്‌കാരിക മുഖമുള്ള മറ്റ് സംഘങ്ങളും ക്രമേണ ശക്തിയാർജിച്ചുവരുന്നുണ്ടായിരുന്നു. എന്നാൽ അപ്പോൾ പോലും ജനസംഘത്തിന് / ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ പോന്ന സ്വാധീനമൊന്നും അവർക്ക് നേടാൻ കഴിഞ്ഞില്ല.
ആർ.എസ്.എസിന് സ്വാധീനമുണ്ടായിരുന്ന വടക്കൻ മേഖലകളിൽ വിശ്വഹിന്ദു പരിഷത്, ഭജരംഗ് ദൾ, ദുർഗാവാഹിനി എന്നിങ്ങനെ സമൂഹത്തിൽ യുവാക്കൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ശക്തമായി അവരുടെ പരിശീലന, പ്രചാരണ പരിപാടികൾ നടത്തുന്നുണ്ടായിരുന്നു. മതത്തിന്റെ മറവിൽ ഫാസിസ്റ്റ് രാഷ്ട്രീയത്തെ സമൂഹത്തിൽ കുത്തിച്ചെലുത്തുന്ന അവരുടെ പരിപാടികളിൽ, അതറിയാതെ പലരും പങ്കാളികളായി.

'എ ബിഡ് ഫോർ ബംഗാൾ' ചിത്രത്തിൽ നിന്ന്
'എ ബിഡ് ഫോർ ബംഗാൾ' ചിത്രത്തിൽ നിന്ന്

ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രത്തിനുള്ള കാമ്പയിനാരംഭിക്കുകയും വാജപേയിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭ വരികയും ചെയ്തതൊന്നും ബംഗാളിൽ ഹിന്ദുക്കളെ ഇളക്കിമറിക്കാൻ അത്രയധികം സഹായകമായില്ല. എന്നാൽ, 2014ൽ നരേന്ദ്രമോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ സ്ഥിതിഗതികൾ മാറി. ഹിന്ദുത്വത്തിന്റെ ജയ് ശ്രീറാം വിളികൾ എതിരാളികളെ ഭീഷണിപ്പെടുത്തുന്ന ആക്രോശങ്ങളായി. ബി.ജെ.പി.യുടെ പ്രകടനങ്ങളും ജാഥകളും സാമാന്യജനങ്ങൾക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ച്​ അക്രമാസക്തമായി. ബംഗാളിൽ ഹിന്ദു വീടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കൃഷ്ണാഷ്ടമി, ഗണേശപൂജ പോലുള്ള ആഘോഷങ്ങൾ തെരുവുകളിലൂടെ അക്രമം നടത്തിക്കൊണ്ട് ഘോഷയാത്ര നടത്താനുള്ള അവസരങ്ങളാക്കി പിന്നീട് ബി.ജെ.പി. മാറ്റിയെടുത്തു. കടുത്ത മുസ്​ലിം വിദ്വേഷം പ്രകടിപ്പിക്കാൻ ഘോഷയാത്രകൾ അവർ പള്ളികൾക്കരികിലൂടെയാക്കി. മോദി, അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയ നേതാക്കളെ ആനയിച്ചുകൊണ്ടുവന്ന് വൻ റാലികളും സമ്മേളനങ്ങളും നടത്തുവാനും, ഹിന്ദുത്വത്തിന്റെ വിജൃംഭിത വീര്യത്തോടെ സ്വയം മറന്ന് തെരുവുകളിൽ അട്ടഹസിക്കുകയും അപസ്മാരം ബാധിച്ച മട്ടിൽ പെരുമാറുകയും ചെയ്യുന്ന ബി.ജെ.പി അണികളെ സൃഷ്ടിച്ചെടുക്കാനും അവർക്ക് കഴിഞ്ഞു. അമിത് ഷായുടെ വരവേല്പുമായി ബന്ധപ്പെട്ട റാലി നടക്കുമ്പോൾ, യാതൊരു പ്രകോപനവുമില്ലാതെ പ്രകടനക്കാർ ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകർക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാസാഗർ കോളജിലെ വിദ്യാർത്ഥികൾക്ക് നേരെ ജാഥാംഗങ്ങൾ കല്ലേറും അക്രമവും നടത്തുന്നു.

2019ൽ വമ്പിച്ച ഭൂരിപക്ഷത്തോടെ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നു. ബംഗാളിൽ ബി.ജെ.പിക്ക് രണ്ട് എം.പിമാരുണ്ടായിരുന്നത് ഇപ്പോൾ 16 ആയിക്കഴിഞ്ഞിരുന്നു. സാംസ്‌കാരിക സംഘടനകളിലൂടെ സാവധാനത്തിലെങ്കിലും സ്ഥിരമായി നടത്തിയ ആസൂത്രിത നീക്കങ്ങളിലൂടെയാണ് ബി.ജെ.പി. ക്ക് ബംഗാളിൽ ഈ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്. ഒപ്പം, മോദി തരംഗവും സഹായകമായി. ബംഗാളി രാഷ്ട്രീയത്തിൽ ഇടതുപക്ഷ ഭരണത്തിന് സംഭവിച്ച അപചയവും അവരെ തുണച്ച ഒരു ഘടകമാണ്. തൃണമൂൽ കോൺഗ്രസിന്റെ അവസരവാദപരമായ നിലപാടുകളും അവർക്ക് തുണയായി.

പതിമൂന്നാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ ദീർഘ ഡോക്യുമെൻററി വിഭാഗത്തിൽ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന 'എ ബിഡ് ഫോർ ബംഗാൾ' ൻറെ സംവിധായകരായ കസ്തൂരി ബസുവും ദ്വൈപായൻ ബാനർജിയും
പതിമൂന്നാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ ദീർഘ ഡോക്യുമെൻററി വിഭാഗത്തിൽ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന 'എ ബിഡ് ഫോർ ബംഗാൾ' ൻറെ സംവിധായകരായ കസ്തൂരി ബസുവും ദ്വൈപായൻ ബാനർജിയും

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ, അവരുടെ നേതാക്കളുടെ പ്രസംഗങ്ങൾ, ജനങ്ങളുടെ മനോഭാവത്തിൽ വരുന്ന മാറ്റങ്ങൾ ഇതെല്ലാം ചലച്ചിത്രത്തിൽ വസ്തുനിഷ്ഠമായി ചിത്രീകരിക്കുന്നുണ്ട്. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കി ബംഗ്ലാദേശിൽനിന്ന് കുടിയേറിയവരെ അതിൽ നിന്നൊഴിവാക്കുമെന്ന് അമിത് ഷാ പരസ്യമായി പ്രഖ്യാപിക്കുന്നു. ബംഗ്ലാദേശിൽനിന്ന് പണ്ടേ കുടിയേറിയ ജനവിഭാഗങ്ങൾക്കിടയിൽ ഇത് സ്വാഭാവികമായും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. എത്രയോ ആളുകൾ ഈ ഒരു ഭീതിയാൽ ആത്മഹത്യ ചെയ്യുന്നുണ്ട്. ഭജരംഗബലി (ഹനുമാൻ)യുടെ വേഷമണിഞ്ഞ് ആവേശപൂർവ്വം സംഘപരിവാറിനുവേണ്ടി പതിവായി പ്രകടനം നടത്താറുള്ള ഒരു മനുഷ്യന്റെ പൗരത്വനഷ്ടഭീതി മൂലമുള്ള ആത്മഹത്യയുണ്ടാക്കുന്ന പ്രതികരണങ്ങൾ ചിത്രത്തിലുണ്ട്.

എ ബിഡ് ഫോർ ബംഗാളിലെ ഒരു രംഗം
എ ബിഡ് ഫോർ ബംഗാളിലെ ഒരു രംഗം

ലക്ഷക്കണക്കിന് വ്യാജ സന്ദേശങ്ങൾ ഓരോ നിയോജക മണ്ഡലത്തിലേക്കും വാട്ട്‌സാപ്പിൽ അയക്കുക എന്നതാണ് ബി.ജെ.പി.യുടെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ഒന്ന്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എത്രയോ രഹസ്യ കേന്ദ്രങ്ങൾ അവർ ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സജ്ജമാക്കിയ ഇത്തരം ഐ.ടി.സെല്ലുകളുടെ പ്രവർത്തനത്തെക്കുറിച്ച് ആ ജോലി ചെയ്യുന്ന ഒരു വിദഗ്ദ്ധനുമായുള്ള അഭിമുഖം ഈ ചിത്രത്തിലുണ്ട്.
സമൂഹത്തിൽ വർഗീയത പടർത്തുകയും ഇസ്​ലാമോഫോബിയ വളർത്തുകയും പൗരത്വ ബില്ലിന്റെ ഭേദഗതിയിലൂടെ ആളുകളുടെ പൗരത്വം നിഷേധിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിരോധിക്കുവാൻ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പ്രചരണം ആരംഭിക്കുന്നു. 2021 ൽ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ്. ജനകീയ പ്രക്ഷോഭങ്ങൾ നടത്തുന്നവർ ‘ബി. ജെ. പി ക്ക് വോട്ടില്ല' എന്ന് പ്രഖ്യാപിക്കുന്ന കാമ്പയിൻ ആരംഭിച്ചു. വ്യാപകമായി പ്രതിരോധ പരിപാടികൾ നടന്നു. ഏതെങ്കിലും സംഘടിത പ്രസ്ഥാനത്തിന്റെ മുൻകയ്യിലല്ലാതെ, സ്വാഭാവികമായ ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തിൽ നിന്നാണ് പ്രക്ഷോഭം ഉയർന്നത്.

രബീന്ദ്രനാഥ ടാഗോർ
രബീന്ദ്രനാഥ ടാഗോർ

പരമ്പരാഗത രീതിയിൽ തിരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നവർ ബി.ജെ.പിക്ക് വൻ നേട്ടം പ്രവചിച്ചു. പണത്തിന്റെയും മാധ്യമ പിന്തുണയുടെയും കുത്തൊഴുക്ക് ബി.ജെ.പിക്ക് അനുകൂലമാണെന്ന തോന്നൽ ശക്തിപ്പെടുത്തി. എന്നാൽ ഫലം വന്നപ്പോൾ ബി.ജെ.പി നേരത്തേ പ്രബലമായിരുന്ന ഇടങ്ങളിൽപ്പോലും അവർക്ക് തിരിച്ചടി നേരിട്ടു. അവരുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ആപ്പീസുകൾ മൂകമായി. ജനകീയ പ്രതിരോധം ഫലം കണ്ടു. ബി.ജെ.പി മിക്ക സീറ്റുകളിലും തോറ്റതിന്റെ നേട്ടം മമതയുടെ തൃണമൂൽ കോൺഗ്രസിനാണ് ലഭിച്ചത്. ‘ബി.ജെ.പിക്കെതിരായ ഈ വിജയം താത്കാലികമായി ജനങ്ങൾക്ക് ആശ്വാസമായി. എന്നാൽ ആശ്വാസം താത്കാലികം മാത്രമാണ്' എന്ന് ചിത്രം എടുത്തുപറയുന്നുണ്ട്. കോർപ്പറേറ്റ് വത്കരണവും നിയോലിബറൽ നയങ്ങളും ഇടതുപക്ഷത്തെ ക്ഷീണിപ്പിച്ചു. നയങ്ങളിൽ ഏറെ വ്യത്യസ്തത പുലർത്താത്ത തൃണമൂലും ബി.ജെ.പിയും തമ്മിലായിരിക്കും ഇനിയുള്ള തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ മുഖ്യമായും നടക്കുക എന്നതാണ് ബംഗാളിലെ യാഥാർത്ഥ്യം.

എങ്കിലും, ബി.ജെപിക്കെതിരെ നേടിയ താത്കാലിക വിജയം പോലും പ്രതീക്ഷ നൽകുന്നുണ്ട്. ജനങ്ങൾ അവരുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ സമരങ്ങളിലൂടെയും തിരഞ്ഞെടുപ്പിലൂടെയും പ്രകടിപ്പിച്ചാൽ അവരെ തോല്പിക്കാം എന്ന ശുഭപ്രതീക്ഷ ചിത്രം നൽകുന്നുണ്ട്. അപ്പോഴും, കാര്യങ്ങൾ അത്ര സുഗമമല്ല എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെറ്റായ പ്രതീക്ഷകൾ പ്രയോജനം ചെയ്യില്ല. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അതിനെ നേരിടണം. ഇതാണ് ചിത്രം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും ഗോമാതാവിനെ കേന്ദ്രീകരിച്ചുള്ള അവരുടെ പ്രചാരണങ്ങളെയും ദേശീയഭാഷയെന്ന പേരിൽ ഹിന്ദി അടിച്ചേല്പിക്കുന്നതിനെയും ദൈവങ്ങളെ സസ്യഭുക്കുകളാക്കുന്നതിനെയും ഒക്കെ എതിർക്കാനുള്ള ഒരു പ്രവണത ബംഗാളി സംസ്‌കാരത്തിൽ ഉൾച്ചേർന്നുകിടക്കുന്നുണ്ട് എന്നത് സംഘികൾക്ക് ഏറെ വിഷമം സൃഷ്ടിക്കുന്നുണ്ട്. മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള മൃദുഹിന്ദുത്വ പ്രവണത കോൺഗ്രസിലും തൃണമൂലിലും ഉണ്ടെങ്കിലും അത് ബി.ജെ.പി.യെയാണ് സഹായിക്കുക. ബംഗാളി മദ്ധ്യവർഗവും ഇടതുപാർട്ടികളും ഇപ്പോഴും രാഷ്ട്രീയത്തിൽ മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ് എന്ന് സംവിധായകർ പറയുന്നുണ്ട്.

‘‘സാംസ്‌കാരിക പ്രവർത്തനത്തിലൂടെ ജനങ്ങൾക്കിടയിൽ വേരാഴ്ത്തി പിന്നെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള അജണ്ടകൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ സമ്മതി നേടിയെടുക്കാൻ ബി.ജെ.പി. നടത്തിയ ശ്രമങ്ങളുടെ പരിണതഫലമാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്: സമൂഹത്തിന്റെ ഫാസിസവത്കരണവും നഗ്‌നമായ വർഗ്ഗീയതയും - ഇതുണ്ടാക്കുന്ന അസ്വാസ്ഥ്യത്തിൽ നിന്നാണ് സിനിമയുടെ പിറവി. രാഷ്ട്രീയമാണ് അതിന്റെ ചാലകശക്തി. ഞങ്ങൾ ആക്റ്റിവിസ്റ്റുകളാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയമായ ഡോക്യുമെന്ററികളാണ് ഞങ്ങൾ ഉണ്ടാക്കുന്നത്’’- വിശാലമായ ഒരു ജനപക്ഷ പ്രതിരോധ രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ അവർ മുന്നോട്ട് വെക്കുന്നത്. ബംഗാളിനോട് പല കാര്യങ്ങളിലും സമാനതയുള്ള കേരളത്തിന് ഈ ചിത്രത്തിൽ നിന്ന്​ പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയണം.

പീപ്പ്ൾസ് ഫിലിം കലക്റ്റീവ് ബംഗാളിന്റെ നേതൃത്വത്തിൽ നടന്ന ചലച്ചിത്ര പ്രദർശനത്തിൽ നിന്ന്
പീപ്പ്ൾസ് ഫിലിം കലക്റ്റീവ് ബംഗാളിന്റെ നേതൃത്വത്തിൽ നടന്ന ചലച്ചിത്ര പ്രദർശനത്തിൽ നിന്ന്

‘‘കസ്തൂരിയും ദ്വൈപായനും ചേർന്ന് ആദ്യം നിർമ്മിച്ച ചിത്രം നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത് അപ്രത്യക്ഷനായ പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് കവിയുമായിരുന്ന സരോജ് ദത്തയെക്കുറിച്ചായിരുന്നു. ഭരണകൂടം പ്രോത്സാഹിപ്പിച്ച ഹിംസയുടെ ഒരുദാഹരണമാണ് ആ തിരോധാനം എന്ന് ചിത്രം പറയുന്നു. ഹിന്ദുത്വ ശക്തികൾ എങ്ങിനെ അവരുടെ സുസംഘടിതമായ പ്രചരണത്തിലൂടെ സാവധാനത്തിലും അദൃശ്യമായും ബംഗാളിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിലേക്ക് തുളഞ്ഞു കയറിക്കൊണ്ടിരിക്കുന്നു എന്ന് അനാവരണം ചെയ്യുന്ന ചിത്രമാണ് എ ബിഡ് ഫോർ ബംഗാൾ. ആർ.എസ്.എസിന്റെ ഐ.ടി.സെല്ലിലുൾപ്പെടെ ചിത്രം നമ്മെ കൊണ്ടു ചെല്ലുന്നു. ചില പ്രത്യേകസന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന പാട്ടുകളുടെ വരികൾ പോലും നേരത്തെ നിശ്ചയിച്ചുറപ്പിക്കും. ബുരാ ബസാറിലെ ആഘോഷവേളയിൽ പാടിയ പാട്ടുകൾ നരേന്ദ്ര മോദിയെക്കുറിച്ചും പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തെക്കുറിച്ചും പരാമർശങ്ങളുള്ളതായിരുന്നു’’ എന്ന് കസ്തൂരി ചൂണ്ടിക്കാട്ടുന്നു. (ചന്ദ്രിമാ ഭട്ടാചാര്യ; ദി ടെലഗ്രാഫ് 10/11/19).

ഈ ആക്ടിവിസ്റ്റ് സംവിധായകർ കൂടി മുൻകൈയെടുത്തു സ്ഥാപിച്ച പീപ്പ്ൾസ് ഫിലിം കലക്റ്റീവ് ബംഗാളിന്റെ ഉൾപ്രദേശങ്ങളിലും ഫാക്റ്ററികളിലും സ്‌കൂളുകളിലുമൊക്കെ ചലച്ചിത്ര പ്രദർശനങ്ങളും ചർച്ചകളും നടത്തുന്നുണ്ട്. മൂന്നാം സിനിമയുടെ സ്വാധീനമുള്ള ഈ സംവിധായകർ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശക്തമായ ഒരു മാദ്ധ്യമമായാണ് സിനിമയെ കാണുന്നത്. ദ്വൈപായൻ പറയുന്നു: ‘‘സിനിമയ്ക്ക് അർത്ഥമുണ്ട്. എവിടെ, എങ്ങിനെ അത് പ്രദർശിപ്പിക്കുന്നു എന്നത് പ്രധാനമാണ്. കാഴ്ച തന്നെ മാറ്റത്തിന് പ്രേരകമാവും. കാരണം, യാഥാർത്ഥ്യവുമായി പ്രേക്ഷകർക്ക് നേരിട്ടു ബന്ധപ്പെടാൻ അതിലൂടെ കഴിയുമല്ലോ.’’

​കസ്തൂരി പറയുന്നു: ‘‘ഞങ്ങൾ നേരിട്ട് ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ടാവില്ല. പക്ഷെ ആളുകളുടെ ബോധത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പെട്ടെന്ന് എന്തെങ്കിലും നേട്ടങ്ങളുണ്ടാവില്ല; ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണിത്. ദൈനംദിന ജീവിതത്തിന്റെ രാഷ്ട്രീയമാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നത്.’’ (കുനാൽ റായ്, ദി ഹിന്ദു, 12/7/19.)

സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ ആശയതലതിൽത്തന്നെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സമഗ്രമായി നേരിടുകയാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നീക്കുപോക്കുകളിലൂടെ മാത്രം പരാജയപ്പെടുത്താൻ കഴിയാത്തവിധത്തിൽ ഹിന്ദുത്വം ശക്തി പ്രാപിച്ചുകഴിഞ്ഞു എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. എ ബിഡ് ഫോർ ബംഗാൾ നൽകുന്ന പാഠം അതാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments