പാലക്കാട് കുടഞ്ഞെറിയും, വോട്ടിൽ പറ്റിയ വർണം

ഷാഫിയുമായി മികച്ച രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ പ്രമോദിന് കഴിഞ്ഞാൽ, ബി.ജെ.പിയുടെ വർഗീയധ്രുവീകരണ ശ്രമത്തിന് പാലക്കാട്ട് തടയിടാൻ കഴിയും. കാരണം, കോൺഗ്രസിനും ഇടതുപക്ഷത്തിനു മികച്ച വോട്ടുബേസുള്ള മണ്ഡലമാണിത്.

Election Desk

പൊതുവെ ഇടതുപക്ഷ ചായ്‌വാണെങ്കിലും കോൺഗ്രസിനെ വേണ്ടുവോളം തലോടിയിട്ടുണ്ട് പാലക്കാട്. തുടർച്ചയായി രണ്ടാം തവണയും പാലക്കാട് നഗരസഭ ഭരണം പിടിച്ചെടുത്ത ബി.ജെ.പിയാകട്ടെ, പാലക്കാടിനെ വിജയസാധ്യമയുള്ള മണ്ഡലമായാണ് കാണുന്നത്.

കടുത്ത മത്സരമാണെങ്കിലും ഈ ഘട്ടത്തിൽ മുൻതൂക്കം കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലിനാണ്. ത്രികോണ മത്സരമാക്കാൻ ബി.ജെ.പി ആഞ്ഞുപിടിക്കുന്നുണ്ടെങ്കിലും ഇ. ശ്രീധരന്റെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച ആവേശമുണ്ടാക്കിയിട്ടില്ല.

കഴിഞ്ഞ രണ്ടു തവണയും ഷാഫി പറമ്പിൽ തന്നെയാണ് ജയിച്ചത്. 2011ൽ ആദ്യ മത്സരത്തിൽ സി.ഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോൽപ്പിച്ചത്. 2016ൽ ഷാഫിയെ നേരിടാൻ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച എൻ.എൻ. കൃഷ്ണദാസിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും ദയനീയമാംവിധം അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഷാഫിയുടെ ഭൂരിപക്ഷം 17,438. 2011നേക്കാൾ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയർത്തി. ഷാഫി പറമ്പിലിന് ആകെ പോൾ ചെയ്ത വോട്ടിന്റെ 41.77 ശതമാനം ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എൻ.എൻ. കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സി.പി.എമ്മിനെ ഞെട്ടിച്ച സംഭവമായിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം; 3785. എൽ.ഡി.എഫിന് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫിയുടെ മികച്ച പ്രതിച്ഛായയെ നേരിടാൻ സി.പി.എമ്മും ഒരു യുവപോരാളിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്- ഓൾ ഇന്ത്യ ലേയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ്. എൻ.ജി.ഒ യൂണിയൻ സ്ഥാപക നേതാവ് ഇ. പത്മനാഭന്റെ മകനാണ് പ്രമോദ്, അമ്മ രാജമ്മയുടെ അ്ചഛൻ എം.പി. കുഞ്ഞിരാമൻ മാസ്റ്റർ കമ്യൂണിസ്്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ പുതുമുഖമെന്ന നിലക്ക് പ്രമോദിന് ഷാഫിക്കെതിരെ മികച്ച മത്സരം കാഴ്ചവെക്കാനാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.

ഷാഫിയുടെ സാധ്യതകൾക്കുമേൽ നിഴൽ വീഴ്ത്തുന്നത് കോൺഗ്രസിൽ മുൻ ഡി.സി.സി പ്രസിഡന്റായ എ.വി. ഗോപിനാഥ് ഉയർത്തിയ കലാപക്കൊടിയാണ്. 2011 മുതൽ പാലക്കാട്ടെ കോൺഗ്രസ് പുകയുകയാണ്. തന്റെ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾ തന്നോട് ആലോചിച്ചില്ല എന്നാണ് ഗോപിനാഥിന്റെ പരാതി. വിമതനീക്കത്തെതുടർന്ന് ഗോപിനാഥിനെ സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തി അനുനയനീക്കം നടത്തിയെങ്കിലും മുറുമുറുപ്പ് അയഞ്ഞിട്ടില്ല.

പാലക്കാട്ട് കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായെന്നും സീറ്റ് കച്ചവടം നടന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണങ്ങൾ. ലീഗ് ആവശ്യപ്പെടാതെ തന്നെ കോങ്ങാട് ലീഗിന് നൽകിയെന്നും പട്ടാമ്പി ചോദിച്ചിട്ട് കൊടുത്തില്ലെന്നും നെന്മാറ സി.എം.പിക്ക് കൊടുത്തുവെന്നുമൊക്കെയുള്ള പരാതികളാണ് ഗോപിനാഥിന്. എന്നാൽ, തെരഞ്ഞെടുപ്പുസമയത്ത് ഗോപിനാഥ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയാണ് എന്നായിരുന്നു ജില്ല നേതൃത്വത്തിന്റെ പ്രതികരണം. പാലക്കാട് ജില്ല നേതൃത്വത്തിനും ഷാഫിയുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2011ൽ ഷാഫി ആദ്യമായി മത്സരിക്കാൻ പാലക്കാട് വരുമ്പോൾ തുടങ്ങിയ പ്രശ്‌നമാണ്. എന്നിട്ടും കഴിഞ്ഞ തവണ അദ്ദേഹത്തിന് ഇരട്ടി ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിഞ്ഞത് എം.എൽ.എയുടെ ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു.

2016-നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

ബി.ജെ.പിയിലും പടലപ്പിണക്കങ്ങളുണ്ടായിരുന്നു 2016ൽ. തന്നെ പാർട്ടിയിലെ ചിലർ കരുതിക്കൂട്ടി തീരുമാനിച്ച് തോൽപ്പിച്ചതാണ് എന്ന് 2016ലെ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സി. കൃഷ്ണകുമാറിനെയാണ് സ്ഥാനാർഥിയാക്കാൻ പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നത്. അത് മറികടന്നാണ് ശോഭയെ മത്സരിപ്പിച്ചത്.
ഇത്തവണ ബി.ജെ.പിയിൽ അത്തരം മുറുമുറുപ്പുകളില്ലെങ്കിലും ‘മുഖ്യമന്ത്രി' സ്ഥാനാർഥിയായ ഇ. ശ്രീധരന് പ്രചാരണത്തിൽ മുന്നേറാനായിട്ടില്ല. അദ്ദേഹം പാർട്ടിയിൽ ചേർന്നപ്പോഴുള്ള ആവേശം സ്ഥാനാർഥിയായപ്പോൾ പാർട്ടിക്കാരിൽ കാണാനില്ല. മാത്രമല്ല, പാലവും റെയിൽപാതയും പണിയുന്നതിലെ മികവല്ല, വോട്ടിങ്ങിന്റെ മാനദണ്ഡം.
‘വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം' എന്നീ നാല് ‘വി' കളുമായാണ് ശ്രീധരൻ വോട്ടർമാരെ കാണുന്നത്.

വിശുദ്ധ ഭരണത്തിനുവേണ്ട ചില പൊടിക്കെകളൊക്കെ ഇതിനകം അദ്ദേഹം പരീക്ഷിച്ചു കഴിഞ്ഞു. വോട്ടർമാർ കാലുകഴുകുക, മുട്ടുകുത്തി വണങ്ങുക തുടങ്ങിയ ‘ഭാരതീയ സാംസ്‌കാരിക ധാർമിക' പൊടിക്കൈകൾ ശ്രീധരൻ നന്നായി ആസ്വദിക്കുന്നുണ്ട്. പ്രചാരണത്തിനിടെയാണ് ശ്രീധരനെ വോട്ടർമാർ മുട്ടുകുത്തി വണങ്ങുകയും കാൽ കഴുകുകയും ചെയ്തത്.

ശ്രീധരന് എല്ലാ പിന്തുണയും നൽകുമെന്ന് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്ത് അറിയിച്ചിട്ടുമുണ്ട്. ബിഷപ്പിന്റെ തുറന്ന പിന്തുണ യു.ഡി.എഫ് ക്യാമ്പുകളെ ആശങ്കയിലാക്കുന്നുണ്ട്. ഷാഫിയുമായി മികച്ച രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ പ്രമോദിന് കഴിഞ്ഞാൽ, ബി.ജെ.പിയുടെ വർഗീയധ്രുവീകരണ ശ്രമത്തിന് പാലക്കാട്ട് തടയിടാൻ കഴിയും. കാരണം, കോൺഗ്രസിനും ഇടതുപക്ഷത്തിനു മികച്ച വോട്ടുബേസുള്ള മണ്ഡലമാണിത്.

1957, 1960 വർഷങ്ങളിൽ കോൺഗ്രസിലെ ആർ. രാഘവമേനോനാണ് ജയിച്ചത്. 1967, 1970 വർഷങ്ങളിൽ സി.പി.എമ്മിലെ ആർ. കൃഷ്ണൻ. 1977 മുതൽ 1987 വരെ നാലുതെരഞ്ഞെടുപ്പുകളിൽ സ്വതന്ത്രനായും 1991ൽ കോൺഗ്രസ് സ്ഥാനാർഥിയായും സി.എം. സുന്ദരം ജയിച്ചു. 1996ൽ സി.പി.എമ്മിന്റെ ടി.കെ. നൗഷാദ്. 2001ൽ കോൺഗ്രസിലെ കെ. ശങ്കരനാരായണൻ. 2006ൽ സി.പി.എമ്മിലെ കെ.കെ. ദിവാകരൻ. 2011, 2016 തെരഞ്ഞെടുപ്പുകളിൽ ഷാഫി.
പാലക്കാട് നഗരസഭയെ കൂടാതെ മാത്തൂർ, പിരായിരി, കണ്ണാടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും ചെറിയ മണ്ഡലം.


Comments