ജനാധിപത്യപൂർവ്വ
പാർലമെൻ്റിലെ
പാർട്ടിസംഭാവനകൾ

ഭരണപ്പാർട്ടിയുടെ ഭരണകൂട അധിനിവേശങ്ങൾ: അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പര തുടരുന്നു.

ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 3, അധ്യായം മൂന്ന്:

▮

വോട്ടധിഷ്ഠിത തെരഞ്ഞെടുപ്പും രാഷ്ട്രീയപ്പാർട്ടികളും ജനാധിപത്യത്തിലെ അവിഭാജ്യ സ്ഥാപനങ്ങളായിട്ടാണ് നാം കരുതുന്നത്. ഇവയെ മാറ്റിനിർത്തിയാൽ പിന്നെ ജനാധിപത്യം തന്നെ ഇല്ലാതാകുന്നതായി അനുഭവപ്പെടുന്നു. എന്നാൽ ചരിത്രം നമ്മോടു പറയുന്നത്, സാർവ്വത്രിക വോട്ടവകാശത്തിലൂടെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകൾ സ്ഥാപിതമാകുന്നതിനു മുമ്പേ, വോട്ടധിഷ്ഠിത തെരഞ്ഞെടുപ്പും രാഷ്ട്രീയപ്പാർട്ടികളും നിലവിലുണ്ടായിരുന്നു എന്നാണ്. ആധുനിക ഡെമോക്രസിയുമായി ബന്ധപ്പെടാത്ത ഒരു പ്രവർത്തന കാലഘട്ടം വോട്ടധിഷ്ഠിത തെരഞ്ഞെടുപ്പിനും രാഷ്ട്രീയപ്പാർട്ടികൾക്കും ഉണ്ട്. ജനാധിപത്യം സാക്ഷാത്‌ക്കരിക്കുക എന്ന ലക്ഷ്യംവെച്ചു രൂപീകൃതമായ സ്ഥാപനങ്ങളല്ല ഇവ രണ്ടും.

സാർവ്വത്രിക വോട്ടവകാശത്തിനു മുമ്പുതന്നെ യൂറോപ്യൻ നഗരങ്ങൾ, മതസംഘങ്ങൾ, യൂണിവേഴ്സിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ ഇലക്ഷൻ സമ്പ്രദായം ഉണ്ടായിരുന്നു. ആധുനിക ജനാധിപത്യത്തിനു മുമ്പുള്ള സ്ഥാപനങ്ങളിൽ വോട്ടെടുപ്പ് തുല്യപൗരത്വത്തിന്റെ അടിസ്ഥാനത്തിലുള്ള അധികാര വിതരണമായിരുന്നില്ല. നിലവിലുള്ള പദവി വ്യത്യാസങ്ങൾക്കും കൂട്ടായ്മകളുടെ സാമൂഹിക സ്ഥാനങ്ങൾക്കും അനുസൃതമായി വോട്ടവകാശം ക്രമീകരിക്കപ്പെട്ടിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് പരമ്പരാഗത അധികാരക്രമത്തെ നിർബന്ധമായും ഇല്ലാതാക്കുന്ന ഒരു ഉപാധിയല്ലായിരുന്നു; പല സന്ദർഭങ്ങളിലും അതിന്റെ പരിധിക്കുള്ളിൽ അധികാരത്തർക്കങ്ങൾ പരിഹരിക്കാനും അധികാരവിതരണത്തിന് അംഗീകാരം നൽകാനും അതിന് കഴിഞ്ഞിരുന്നു. (Olivier Christin, Vox Populi: A History of Voting Before Universal Suffrage). പരമ്പരാഗത സ്ഥാനകൈമാറ്റം, നറുക്കെടുപ്പ് എന്നിങ്ങനെയുള്ള രീതികളിൽ ഒന്നു മാത്രമായിരുന്നു അന്ന് ഇലക്ഷനും. അതിന് മറ്റു രീതികളേക്കാൾ മേന്മയൊന്നും മധ്യകാല സമൂഹം കണ്ടിരുന്നില്ലെന്ന് ഒലിവിയർ ക്രിസ്റ്റിൻ പറയുന്നു.

രാജഭരണഇംഗ്ലണ്ടിൽ 17-ാം നൂറ്റാണ്ടിൻ്റെ ആദ്യകാലത്തും പാർലമെൻ്റ് അംഗങ്ങളെ തീരുമാനിക്കുന്നതിൽ ചില ഘട്ടങ്ങളിൽ ഇലക്ഷൻ നടന്നിരുന്നു. അവിടെയും വോട്ടവകാശം പരിമിതവും നിയന്ത്രിതവുമായിരുന്നു. ഭരണഘടനാ മാറ്റങ്ങൾ വഴി 17 -ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ പാർലമെൻ്റിലേക്ക് അധികാരം കൂടുന്നതിനൊത്ത് ഇലക്ഷനുകളുടെ എണ്ണം കൂടുന്നതും കാണാം. ഈ സന്ദർഭങ്ങളിലൊന്നും ഇലക്ഷൻ ഡെമോക്രസിയുമായി ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത്. പകരം, ഭരിക്കാൻ യോഗ്യരായ ഒരു ചെറുവിഭാഗത്തിനകത്തെ തർക്കങ്ങൾക്കുള്ള രമ്യമായ പോംവഴിയായിരുന്നു അത്. ഭൂവുടമസ്ഥത, സ്വജനപക്ഷപാതം, പ്രാദേശിക സ്വാധീനം എന്നിങ്ങനെ വിവിധ സാമൂഹിക ഘടകങ്ങൾ സ്ഥാനാർത്ഥിത്വത്തെയും വിജയത്തെയും നിർണ്ണയിച്ചിരുന്നു.

ആധുനിക ജനാധിപത്യത്തിന്റെ സ്ഥാപനങ്ങളായി ഇന്ന് നാം കാണുന്ന പാർലമെന്ററി പാർട്ടികളുടെ ഭ്രൂണരൂപങ്ങൾ സാർവത്രിക വോട്ടവകാശം നിലവിൽ വരുന്നതിനു മുമ്പുതന്നെ ഇംഗ്ലണ്ടിൽ രൂപപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയപ്പാർട്ടികളുടെ കാര്യത്തിലും ഈ ചരിത്രപരമായ വ്യത്യാസം പ്രസക്തമാണ്. ആധുനിക ജനാധിപത്യത്തിന്റെ സ്ഥാപനങ്ങളായി ഇന്ന് നാം കാണുന്ന പാർലമെന്ററി പാർട്ടികളുടെ ഭ്രൂണരൂപങ്ങൾ സാർവത്രിക വോട്ടവകാശം നിലവിൽ വരുന്നതിനു മുമ്പുതന്നെ ഇംഗ്ലണ്ടിൽ രൂപപ്പെട്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ വിഗ്-ടോറി രാഷ്ട്രീയവും പാർട്ടി സംഘർഷങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക സംവാദങ്ങളും സജീവമായിരുന്നുവെങ്കിലും, അന്നത്തെ ബ്രിട്ടനെ ആധുനിക അർത്ഥത്തിൽ ജനാധിപത്യ സമൂഹമായി വിശേഷിപ്പിക്കാനാവില്ല. അതിനാൽ, പാർട്ടികളുടെ ചരിത്രപരമായ ഉദ്ഭവത്തെയും അവ പിന്നീട് ജനാധിപത്യത്തിന്റെ അവിഭാജ്യ സ്ഥാപനങ്ങളായി അംഗീകരിക്കപ്പെട്ടതിനെയും വ്യത്യസ്ത ചരിത്രപ്രക്രിയകളായി പരിശോധിക്കണം. ജനാധിപത്യത്തിന്റെ സ്ഥാപനങ്ങൾ എന്ന നിലയിൽ പാർട്ടികൾ നേടിയ പിൽക്കാലത്തെ അംഗീകാരം അവയുടെ യഥാർത്ഥ ഉദ്ഭവലക്ഷ്യം ജനാധിപത്യമായിരുന്നു എന്നു തെളിയിക്കുന്നില്ല.

അതിനാൽ, പാർട്ടികൾ ജനാധിപത്യത്തിൽ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിൽനിന്ന്, ജനാധിപത്യം നിലവിൽ വരുന്നതിനുമുമ്പ് അവ എന്തു സാമൂഹിക-രാഷ്ട്രീയ ആവശ്യങ്ങളാണ് നിറവേറ്റിയിരുന്നത് എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്.

രാജഭരണഇംഗ്ലണ്ടിൽ 17-ാം നൂറ്റാണ്ടിൻ്റെ ആദ്യകാലത്തും പാർലമെൻ്റ് അംഗങ്ങളെ തീരുമാനിക്കുന്നതിൽ ചില ഘട്ടങ്ങളിൽ ഇലക്ഷൻ നടന്നിരുന്നു.
രാജഭരണഇംഗ്ലണ്ടിൽ 17-ാം നൂറ്റാണ്ടിൻ്റെ ആദ്യകാലത്തും പാർലമെൻ്റ് അംഗങ്ങളെ തീരുമാനിക്കുന്നതിൽ ചില ഘട്ടങ്ങളിൽ ഇലക്ഷൻ നടന്നിരുന്നു.

മുമ്പേ നിലനിന്നിരുന്ന ഇലക്ഷനും പാർട്ടികളും സാർവ്വത്രിക വോട്ടവകാശവുമായി കണ്ണിചേർക്കപ്പെട്ട് ജനാധിപത്യാവകാശങ്ങൾ സ്ഥാപിതമായപ്പോൾ ഘടനാപരമായ മാറ്റങ്ങൾക്കു വിധേയമാകുകയുണ്ടായി. ഉദാഹരണമായി, തുറന്ന ബാലറ്റിൽ നിന്നും രഹസ്യ ബാലറ്റിലേക്കുള്ള മാറ്റം പറയാം. അതുപോലെ വിഗ്- ടോറി എന്ന പ്രാഗ്- രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് അംഗത്വം, ഓഫീസ്, നേതൃഘടന, മാനിഫെസ്റ്റോ എന്നിവ ഉൾച്ചേർന്ന സംഘടിത ബഹുജന സ്ഥാപനങ്ങളായി ജനാധിപത്യ കാലത്ത് പാർട്ടികൾ വളർന്നു വികസിച്ചു.

ഘടനാപരമായ ഈ മാറ്റങ്ങൾ വന്നുചേർന്നുവെങ്കിലും ഇലക്ഷൻ്റെയും പാർട്ടികളുടെയും പ്രവർത്തന രീതിയെ അടിസ്ഥാനപരമായി പുതുക്കിയെടുക്കാൻ ഈ മാറ്റങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. ഇലക്ഷനെ പറ്റിയുള്ള അധ്യായത്തിൽ (ഭാഗം 3, അധ്യായം 1), അസമമായ സാമൂഹിക- സാമ്പത്തിക ഘടനയ്ക്കുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഇതേ അസമഘടനകളെ പുനരുല്പാദിപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക സ്ഥാപനമാകാൻ സാധ്യത ഏറെയുണ്ടെന്ന് റിപ്പബ്ലിക്കൻ ചിന്തകനായ ചാൾസ് ഹാരിംഗ് ടണിനെ മുൻനിർത്തി നാം മനസ്സിലാക്കിയതാണ്. ഇലക്ഷൻ സാർവ്വത്രികമാകാതിരുന്ന 17 -ാം നൂറ്റാണ്ടിൻ്റെ മധ്യകാലത്തുനിന്നുകൊണ്ട്, ഭൂപരിഷ്‌കരണത്തിലൂടെ സാമ്പത്തികമായ അസമത്വം കുറച്ചില്ലെങ്കിൽ ഇലക്ഷനു സംഭവിക്കാവുന്ന പരിമിതികൾ ഹാരിംഗ്ടൺ ദീർഘദർശനം ചെയ്തു. മാത്രമല്ല, അന്നേ രഹസ്യ ബാലറ്റ് അദ്ദേഹം അവശ്യപ്പെട്ടിരുന്നു.

എന്നാൽ രഹസ്യബാലറ്റു വന്നതിനുശേഷവും, അസമത്വപൂരിതമായ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളിൽ സംഭവിക്കുന്ന തെരഞ്ഞെടുപ്പ്, അതേ സാഹചര്യങ്ങളിൽ നിലനിൽക്കുന്ന അധികാര ബന്ധങ്ങളെ തന്നെ ഏറെക്കുറെ പുനരുല്പാദിപ്പിക്കുന്നു, ഇതാണ് ബർണാഡ് മാനിൻ്റെ ശ്രദ്ധേയമായ പഠനം ചൂണ്ടിക്കാണിക്കുന്നത്. അതായത്, ജനാധിപത്യത്തിലും ഒരു ന്യൂനപക്ഷത്തിലേക്കു അധികാരത്തെ ഒതുക്കി നിർത്തുന്നതിനു കൂടി ഇലക്ഷൻ ഉപായമായിത്തീരുന്നതിൻ്റെ താത്വിക വിചാരമാണ് മാനിൻ നടത്തുന്നത്.

അതിനാൽ, ഒരേസമയം ജനായത്തപരവും ജനായത്ത വിരുദ്ധവുമായ പ്രവണതകൾ ഇലക്ഷൻ എന്ന സാമൂഹിക സ്ഥാപനം പേറുന്നുവെന്നാണ് മാനിൻ്റെ നിരീക്ഷണം. ഒലിവിയർ ക്രിസ്റ്റിൻ നമുക്കു നൽകുന്ന അറിവ് ആധുനിക ജനാധിപത്യത്തിനു മുമ്പ് വ്യത്യസ്ത ചരിത്രസന്ദർഭങ്ങളിൽ ഇലക്ഷൻ എതെല്ലാം വിധത്തിൽ അതാത് സാമൂഹിക അധികാര ബന്ധങ്ങളിൽ പ്രവർത്തിച്ചിരുന്നു എന്നാണ്.

ജനായത്ത പ്രക്രിയയിൽ ഇലക്ഷൻ്റെ സ്ഥാപനപരമായ പരിമിതികൾ തുറന്നുകാട്ടുന്ന കൃതിയായി മാനിൻ്റെ പുസ്തകം നമ്മുടെ മുന്നിലുള്ളതിനാലും, ഇലക്ഷൻ കേന്ദ്രമാക്കിയ അധ്യായം പിന്നിട്ടതിനാലും, ഈ അധ്യായത്തിൽ രാഷ്ട്രീയപ്പാർട്ടികൾ എത്രത്തോളം ജനാധിപത്യവുമായി യോജിച്ചു പോകാൻ സാധ്യതയുള്ള സാമൂഹിക സ്ഥാപനങ്ങളാണെന്നു പരിശോധിക്കാം. രാഷ്ട്രീയപ്പാർട്ടികൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വരുന്ന പാർലമെൻ്ററി പാർട്ടികളെയാണ്. ഇവ പൊതുവേ അറിയപ്പെടുന്നത് ഡെമോക്രാറ്റിക് പാർട്ടികൾ എന്ന ലേബലിൽ അല്ലല്ലോ. കാരണം നേരത്തേ പറഞ്ഞതുപോലെ, ഇംഗ്ലണ്ടിൽ രാജാവിൽ കേന്ദ്രീകരിച്ചിരുന്ന അധികാരങ്ങൾ പാർലമെൻ്റിലേക്കു സംക്രമിക്കുന്ന ഘട്ടത്തിലാണ് പാർലമെൻ്ററി ചേരികൾ ഉടലെടുക്കുന്നതു തന്നെ; അവ ഇന്നത്തേതു പോലെ നിയതമായ അംഗത്വ ബലവും സംഘാടനവും ഐക്യവും അച്ചടക്കവും നേതൃത്വ ശ്രേണികളും നിയമാവലികളും കൃത്യമായ ഐഡിയോളജികളുമുള്ള ബഹുജന പാർട്ടികൾ അല്ലെങ്കിലും.

ഒരേസമയം ജനായത്തപരവും ജനായത്ത വിരുദ്ധവുമായ പ്രവണതകൾ ഇലക്ഷൻ എന്ന സാമൂഹിക സ്ഥാപനം പേറുന്നുവെന്നാണ് മാനിൻ്റെ നിരീക്ഷണം.

സാമ്രാജ്യത്വ റിപ്പബ്ലിക്കിലെ
പാർട്ടിമത്സരങ്ങൾ

തെരഞ്ഞെടുപ്പിന്റെ സ്ഥാപനപരമായ പരിമിതികൾ പാർട്ടികളുടെ കാര്യത്തിലും പുതിയൊരു ചോദ്യം ഉയർത്തുന്നു. രാഷ്ട്രീയ അധികാരത്തിനായി മത്സരിക്കുന്ന വ്യത്യസ്ത സംഘങ്ങളുടെ സാന്നിധ്യം മാത്രം ഒരു വ്യവസ്ഥയെ ജനാധിപത്യപരമാക്കുന്നില്ല. മത്സരിക്കുന്നവർക്ക് അധികാരത്തിലേക്കുള്ള പ്രവേശനം എത്രത്തോളം തുല്യമാണ്, അവരുടെ സ്ഥാനാർത്ഥിത്വത്തെ നിർണ്ണയിക്കുന്ന സാമൂഹിക ഘടകങ്ങൾ ഏതൊക്കെയാണ്, രാഷ്ട്രീയ തീരുമാനങ്ങളിൽ പൊതുജനങ്ങൾക്ക് എത്രത്തോളം സ്വാധീനമുണ്ട് എന്നീ ചോദ്യങ്ങളും പ്രസക്തമാണ്. അതിനാൽ പാർട്ടികൾ തമ്മിലുള്ള മത്സരം നിലനിൽക്കുന്നു എന്ന വസ്തുതയിൽനിന്ന് രാഷ്ട്രീയ അധികാരം ജനങ്ങൾക്കിടയിൽ ജനാധിപത്യപരമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിലെത്താനാവില്ല. തെരഞ്ഞെടുപ്പിനെപ്പോലെ പാർട്ടികളെയും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല, അവ പ്രവർത്തിക്കുന്ന സാമൂഹിക ഘടനയുടെയും അധികാരബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യവും പാർട്ടികളും തമ്മിലുള്ള സ്വരച്ചേർച്ച യേക്കാൾ അവ തമ്മിലുള്ള പൊരുത്തക്കേടുകളിലേക്ക് ഈ അന്വേഷണം നമ്മെ നയിക്കുന്നു.

സാർവ്വത്രിക വോട്ടവകാശം വഴി ആധുനിക ജനാധിപത്യത്തിൻ്റെ ഘട്ടംഘട്ടമായ പൂർത്തീകരണവും അതിനു സമാന്തരമായി പാർട്ടികൾക്കു വന്നുചേർന്ന നിയത രൂപസ്വഭാവാദികളും സ്ഥാപിതമാകുന്നതിനു മുമ്പുള്ള രണ്ടു നൂറ്റാണ്ടുകാലത്തെ ഇംഗ്ലീഷ് പാർലമെൻ്ററി പാർട്ടികളുടെ ഉത്ഭവലക്ഷ്യങ്ങളും പ്രവർത്തനരീതികളും ഈ സന്ദർഭത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്.

ഇലക്ഷൻ സാർവ്വത്രികമാകാതിരുന്ന 17 -ാം നൂറ്റാണ്ടിൻ്റെ മധ്യകാലത്തുനിന്നുകൊണ്ട്, ഭൂപരിഷ്‌കരണത്തിലൂടെ സാമ്പത്തികമായ അസമത്വം കുറച്ചില്ലെങ്കിൽ ഇലക്ഷനു സംഭവിക്കാവുന്ന പരിമിതികൾ ഹാരിംഗ്ടൺ ദീർഘദർശനം ചെയ്തു.
ഇലക്ഷൻ സാർവ്വത്രികമാകാതിരുന്ന 17 -ാം നൂറ്റാണ്ടിൻ്റെ മധ്യകാലത്തുനിന്നുകൊണ്ട്, ഭൂപരിഷ്‌കരണത്തിലൂടെ സാമ്പത്തികമായ അസമത്വം കുറച്ചില്ലെങ്കിൽ ഇലക്ഷനു സംഭവിക്കാവുന്ന പരിമിതികൾ ഹാരിംഗ്ടൺ ദീർഘദർശനം ചെയ്തു.

ഇംഗ്ലീഷ് സാമ്രാജ്യത്വ വിപുലന ലക്ഷ്യങ്ങളും റിപ്പബ്ലിക്കൻ ഭരണമാതൃകയും തമ്മിലുള്ള ബന്ധം നമ്മൾ മുൻ അധ്യായങ്ങളിൽ ചർച്ച ചെയ്തത് ഇവിടെ ഓർക്കുക. പാർലമെൻ്റിൻ്റെ അധികാര വ്യാപ്തി വർദ്ധനവ് റിപ്പബ്ലിക്കൻ ആശയങ്ങളുടെ പ്രായോഗിക പ്രതിഫലനമായി കാണാം. എന്നാൽ രാജാധികാരത്തെ നിഷേധിക്കാത്ത റിപ്പബ്ലിക്കൻ ആശയങ്ങൾക്കു മുൻതൂക്കമുള്ള കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കിയാണ് മഹത്തായ വിപ്ലവത്തിനു ശേഷം ഇംഗ്ലണ്ടിൽ നിലവിൽ വന്നതെന്നും മറക്കരുത്. ഇത് സാമ്രാജ്യത്വ വിപുലനത്തിൽ സജീവമായ രാഷ്ട്രീയ-സാമ്പത്തിക ശക്തികൾക്കിടയിലെ സംഘർഷങ്ങളെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

ഏതു വിധത്തിലുള്ള സാമ്രാജ്യത്വശക്തിയായി ഇംഗ്ലണ്ട് മുന്നേറണം എന്നതിൽ പാർലമെൻ്റ് ശക്തികൾക്കിടയിലെ ഭിന്നത വിഗ്-ടോറികളിലെ രാഷ്ട്രീയ സംഘർഷത്തിൽ പ്രകടമാണെന്ന് സ്റ്റീവ് പിൻകസ് നിരീക്ഷിക്കുന്നുണ്ട് (Steve Pincus“The Pivot of Empire: Party Politics, Spanish America and the Treaty of Utrecht-1713).” ബ്രിട്ടീഷ് സാമ്രാജ്യം വ്യാപാര- ഉല്പാദന വളർച്ചയിൽ ഊന്നിയതാകണമെന്ന് വിഗ് പാർട്ടിക്കാർ ശഠിക്കുകയുണ്ടായി. ഭൂപ്രദേശങ്ങൾ വെട്ടിപ്പിടിക്കുന്നതിനേക്കാൾ വിദേശ മാർക്കറ്റുകൾ കീഴടക്കുന്നതിലായിരുന്നു അവരുടെ വ്യഗ്രത. ഭൂസ്വത്തിനേക്കാൾ ധനാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വിഗ്ഗുകൾ. എന്നാൽ തെക്കേ അമേരിക്കൻ ഖനികളിലെ സ്വർണ്ണത്തിലും വെള്ളിയിലുമായിരുന്നു ടോറികളുടെ ശ്രദ്ധ പതിഞ്ഞത്. അവർ ഖനനസാമ്രാജ്യത്വത്തിന് മുൻതൂക്കം നൽകി. റോബർട്ട് ക്ലൈവിനെ പോലുള്ളവർ ആഗ്രഹിച്ചത് ഭൂപ്രദേശങ്ങൾ കീഴടക്കി വിഭവങ്ങൾ കരസ്ഥമാക്കാൻ പാകത്തിൽ സൈന്യത്താൽ മുന്നേറുന്ന സ്വേച്ഛാപരമായ ഇംഗ്ലീഷ് കോളനി ഭരണത്തെയാണ്. അതുകൊണ്ട് ടോറികൾ രാജാധികാരത്തിൻ്റെ പക്ഷക്കാരായി നിലകൊണ്ടു; പാർലമെൻ്റിന് അധികാരം വാദിക്കുന്ന വിഗ്ഗുകളെ എതിർത്തു.

ഭൂനികുതിയെ ആശ്രയിക്കുന്ന പ്രഭുക്കന്മാരിൽ നിന്നും ഉല്പാദന-വാണിജ്യ മേഖലകളിൽ നിക്ഷേപമിറക്കുന്ന ഭരണവർഗ്ഗത്തിൻ്റെ അധികാരപ്രാപ്തിക്ക് പാർട്ടിസമ്പ്രദായം ചാലുകീറി കൊടുത്തു. കോളനികളെ അവർ ഇംഗ്ലീഷ് വിഭവങ്ങളുടെ മാർക്കറ്റാക്കി ബന്ധിപ്പിച്ചു.

1713- ൽ സ്പാനിഷ് പിൻതുടർച്ചായുദ്ധം അവസാനിപ്പിച്ച The Treaty of Utrecht- ൽ ബ്രിട്ടൺ ഒപ്പുവെച്ചത് സാമ്രാജ്യത്യ ലക്ഷ്യങ്ങളുടെ പരാജയമായി വിഗ്ഗുകൾ ചിത്രീകരിച്ചപ്പോൾ, ടോറികൾക്ക് അത് തന്ത്രപരമായ സാമ്രാജ്യത്വ മുന്നേറ്റമായിരുന്നു. ഉടമ്പടിയുടെ ഭാഗമായി തെക്കേ അമേരിക്കയിലെ ഖനികളുമായി വാണിജ്യത്തിലേർപ്പെടാനും കരാറുകൾ വഴി ആഫ്രിക്കൻ അടിമവ്യാപാരം സ്പാനിഷ് അമേരിക്കയിൽ പുഷ്ടിപ്പെടുത്താനും സാധിച്ചതിലായിരുന്നു ടോറികൾ വിജയം കണ്ടത്. എന്നാൽ തങ്ങളുടെ വാണിജ്യപരമായ ലക്ഷ്യങ്ങൾക്ക് പൂർത്തീകരണം നേടാനാവാത്തതിനാൽ വിഗ്ഗുകൾ ഉടമ്പടിയെ പരാജയമായി വ്യാഖ്യാനിച്ചു. അതേപോലെ, പിന്നീട് പ്ലാസി യുദ്ധത്തിൽ റോബർട്ട് ക്ലൈവ് ബംഗാൾ പിടിച്ചെടുത്തതിനെ വിഗ്ഗുകൾ ഇംഗ്ലീഷ് പാർലമെൻ്റിൽ ചോദ്യം ചെയ്തു. ബംഗാളിലെ ഇംഗ്ലീഷ് ഭരണത്തെ സ്വേച്ഛാധിപത്യപരമെന്നും അഴിമതി നിറഞ്ഞതെന്നും അവർ പാർലമെൻ്റിൽ അപലപിച്ചു. ടോറികളാകട്ടെ ബംഗാൾ കീഴടക്കലിനെ, ബ്രിട്ടൻ്റെ ഫ്രാൻസിനെതിരെയുള്ള ഇന്ത്യയിലെ ഐതിഹാസിക വിജയമായി ആഘോഷിച്ചു. എന്നാൽ ശ്രദ്ധിക്കേണ്ട വസ്തുത ടോറികളോ വിഗ്ഗുകളോ തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളിൽ എക്കാലവും ഒരേ നയം പിന്തുടർന്നില്ല എന്നതുമാണ്.

ഇംഗ്ലീഷ് കോളനി സാമ്രാജ്യത്വ വിപുലനത്തിന് സമാന്തരമായി പാർട്ടിസമ്പ്രദായം രൂപം കൊള്ളുന്നതിനുണ്ടായ ഒരു പ്രധാന കാരണം പരമ്പരാഗത ഇംഗ്ലീഷ് ഭരണവർഗ്ഗത്തിൽ വർദ്ധിച്ചുവന്ന അധികാരമത്സരത്തിനും അവരുടെ അധികാര തുടർച്ചക്കും പുതിയൊരു ചട്ടക്കൂട് ആവശ്യമായതാണ്. 1714- നുശേഷമുള്ള കാലഘട്ടത്തെ പറയുന്നത് തന്നെ "വിഗ് ഒളിഗാർക്കി" എന്നാണ്. അക്കാലത്ത് അരനൂറ്റാണ്ടോളം ഭരണം പ്രധാനമായും അവിടുത്തെ സമ്പന്നരായ ഏതാനും വിഗ് കുടുംബങ്ങളുടെ അധീനതയിലായി. തങ്ങളുടെ സമ്പത്ത് ഉപയോഗിച്ചു അവർ നിയോജക മണ്ഡലങ്ങളെ വിലയ്ക്കെടുത്തു; പാർലമെൻ്റു പിടിച്ചെടുത്തു. (J.V. Beckett, "The Making of a Pocket Borough: Cockermouth 1722-1756"). പാർട്ടി സമ്പ്രദായമാണ് നവീനമായ ഈ കുടുംബ- ബന്ധുത്വവാഴ്ചയെ തരമാക്കിയത്.

1713- ൽ സ്പാനിഷ് പിൻതുടർച്ചായുദ്ധം അവസാനിപ്പിച്ച The Treaty of Utrecht- ൽ  ബ്രിട്ടൺ ഒപ്പുവെച്ചത് സാമ്രാജ്യത്യ ലക്ഷ്യങ്ങളുടെ പരാജയമായി വിഗ്ഗുകൾ ചിത്രീകരിച്ചപ്പോൾ, ടോറികൾക്ക് അത് തന്ത്രപരമായ സാമ്രാജ്യത്വ മുന്നേറ്റമായിരുന്നു.
1713- ൽ സ്പാനിഷ് പിൻതുടർച്ചായുദ്ധം അവസാനിപ്പിച്ച The Treaty of Utrecht- ൽ ബ്രിട്ടൺ ഒപ്പുവെച്ചത് സാമ്രാജ്യത്യ ലക്ഷ്യങ്ങളുടെ പരാജയമായി വിഗ്ഗുകൾ ചിത്രീകരിച്ചപ്പോൾ, ടോറികൾക്ക് അത് തന്ത്രപരമായ സാമ്രാജ്യത്വ മുന്നേറ്റമായിരുന്നു.

അതായത്, ഭൂനികുതിയെ ആശ്രയിക്കുന്ന പ്രഭുക്കന്മാരിൽ നിന്നും ഉല്പാദന-വാണിജ്യ മേഖലകളിൽ നിക്ഷേപമിറക്കുന്ന ഭരണവർഗ്ഗത്തിൻ്റെ അധികാരപ്രാപ്തിക്ക് പാർട്ടിസമ്പ്രദായം ചാലുകീറി കൊടുത്തു. കോളനികളെ അവർ ഇംഗ്ലീഷ് വിഭവങ്ങളുടെ മാർക്കറ്റാക്കി ബന്ധിപ്പിച്ചു.

എന്നാൽ, വിഗ് പാർട്ടിയുടെ അകത്തളങ്ങളും സംഘർഷരഹിതമായിരുന്നില്ല. അവിടെയും രാഷ്ട്രീയ ഭിന്നതകളും അധികാരമത്സരങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും ഏറ്റുമുട്ടുകയും രമ്യപ്പെടുകയും ചെയ്യുന്നുണ്ട്. ജെറമി ബ്ലാക് ചൂണ്ടിക്കാട്ടുന്നതുപോലെ, വാൾപോളിന്റെ മന്ത്രിസഭയ്ക്കുള്ളിലും വിഗ് രാഷ്ട്രീയത്തിനുള്ളിലും വിദേശനയം, യുദ്ധച്ചെലവ്, വ്യാപാര താൽപര്യങ്ങൾ എന്നിവയെച്ചൊല്ലി കടുത്ത ഭിന്നതകൾ ഉണ്ടായിരുന്നു. സമാധാനത്തിനും സാമ്രാജ്യത്വ വ്യാപനത്തിനും ഇടയിലുള്ള ഈ വൈരുദ്ധ്യം, പാർട്ടി സമ്പ്രദായം വെറും ഏകീകൃത ഭരണസംവിധാനമല്ല; മറിച്ച്, വിവിധ അധികാര-സാമ്പത്തിക താൽപര്യങ്ങളെ താൽക്കാലികമായി രമ്യപ്പെടുത്തുന്ന ചട്ടക്കൂടാണെന്ന് കാണിക്കുന്നു (Jeremy Black, The Walpolean system, Parliament and foreign policy, 1714–42).

യുക്തിസഹമായ അധികാരവ്യവസ്ഥകൾ

കുലീനർ തമ്മിലുള്ള അധികാര മത്സരത്തിനും അവരുടെ അധികാര തുടർച്ചക്കും പാർട്ടി സമ്പ്രദായം യുക്തിഭദ്രമായ ന്യായീകരണം നൽകി. ഇത് രാജവാഴ്ചയിലെ പാരമ്പരാഗത അധികാര കൈമാറ്റത്തിൻ്റെ യുക്തിരാഹിത്യത്തിനു ബദലായി നിന്നു. കാരണം കുടുംബങ്ങളും ചാർച്ചക്കാരും ചങ്ങാതിമാരും അധികാരത്തിൽ വരുന്നത് തെരഞ്ഞെടുപ്പിലുടെയാണ്; രാജസേവ വഴിയല്ല. 1660 കൾ മുതൽ തന്നെ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ ഈ വിധം നാട്ടുപ്രഭു-വാണിജ്യ കുടുംബങ്ങളുടെ "യുക്തിപരമായ" അധികാര ആരോഹണത്തിൻ്റെ വിജയപ്രദമായ പരീക്ഷണ വേദികളായിരുന്നു. അതായത്, രാഷ്ട്രീയലോകം അടിമുടി മാറുന്നു എന്ന ബാഹ്യ പ്രതീതി സൃഷ്ടിച്ചു കൊണ്ട് പരമ്പരാഗത ശക്തികൾക്ക് പുതിയ ഘടനയിൽ ഭരണത്തിലെത്താൻ പാർട്ടികൾ കരുക്കളായി.

പാർലമെന്ററി വ്യവസ്ഥയുടെ വളർച്ച പരമ്പരാഗത ഭരണവർഗ്ഗത്തിന്റെ അധികാരത്തെ ഇല്ലാതാക്കിയില്ല; പകരം, അധികാരത്തിലേക്കുള്ള പ്രവേശനത്തിനും അതിന്റെ സംരക്ഷണത്തിനും പുതിയ സ്ഥാപനപരമായ മാർഗ്ഗങ്ങൾ സൃഷ്ടിച്ചു. പാർട്ടി സംഘടന, പാർലമെന്ററി പിന്തുണ, രാഷ്ട്രീയ രക്ഷാകർതൃത്വം, തെരഞ്ഞെടുപ്പ് സ്വാധീനം എന്നിവ ഈ പുതിയ അധികാരഘടനയുടെ പ്രധാന ഘടകങ്ങളായി മാറി.

പാർലമെൻ്റിലെ പ്രതിപക്ഷത്തിൻ്റെ ഭരണവിമർശനങ്ങൾ പൊതുജന പ്രതികരണത്തിൻ്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുക്കുമ്പോൾ പ്രതിഷേധങ്ങളുടെ സ്ഥാപനവൽക്കരണമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.

മാത്രമല്ല, പാർട്ടി വഴിയുള്ള പാർലമെൻ്റ് പ്രവേശനവും ഭരണാധികാരവും ഇംഗ്ലണ്ടിനെ ആഭ്യന്തരമായ സ്ഥിരതയിലേക്കും രമ്യതയിലേക്കും നയിച്ചു. വിഗ് ഒളിഗർക്കിയുടെ സ്ഥിരതയുള്ള രാഷ്ട്രീയ കാലഘട്ടം അതിനാൽ ഇംഗ്ലീഷ് കോളനി-വാണിജ്യ വ്യാപനങ്ങളുടെ സുഗമകാലം കൂടിയാണ് (Paul Langford, "The Rise of Robinocracy"). ഭരണവർഗ്ഗങ്ങൾക്കിടയിലുള്ള അധികാര മത്സരങ്ങൾക്ക് സ്വയം വിനാശകമല്ലാത്ത രൂപം സൃഷ്ടിക്കാൻ പാർട്ടികൾ ഉതകിയെന്നർത്ഥം. അതായത് പാർട്ടികളെ പാർലമെൻ്റിൽ ഡിബേറ്റു നടത്തുന്ന പുതിയ ലിബറൽ സംവിധാനമായി ചുരുക്കി കാണരുത്. സാമ്രാജ്യത്വത്തെ നിർവ്വചിക്കുന്നതിലും അതിൻ്റെ ദിശ നിയന്ത്രിക്കുന്നതിലും മുന്നിൽ നിന്ന രാഷ്ട്രീയ ശക്തികളാണവ. ഉടമ്പടികളും ചാർട്ടേട് കമ്പനികളും കോളനി ഭരണവും സംബന്ധിച്ച പോളിസികൾ രൂപപ്പെടുത്തുന്നതിൽ വിഗ്-ടോറി ഏറ്റുമുട്ടലുകൾ പ്രത്യയശാസ്ത്ര ചട്ടക്കൂടുകളും രാഷ്ട്രീയ ഇച്ഛാശക്തിയും നൽകി. പാർട്ടി സിസ്റ്റമെന്നത് ഇമ്പീരിയലിസത്തിൻ്റെ തലച്ചോറായി വർത്തിച്ചു.

പാർട്ടിവ്യവസ്ഥയും അതിലെ ഭരണ- പ്രതിപക്ഷ സമ്പ്രദായവും ലിബറൽ ഭരണവ്യവസ്ഥയിലെ മാതൃകാപരമായ പുരോഗതിയായി വിലയിരുത്തപ്പെട്ടു പോരുന്നു. എന്നാൽ പാർലമെൻ്റിലെ പ്രതിപക്ഷത്തിൻ്റെ റോൾ, ദുർഭരണത്തിനെതിരെ ഉയർന്നുവരുന്ന പൊതുജനരോഷങ്ങളെ പലപ്പോഴും മെരുക്കാൻ പറ്റിയ പുതിയ ഭരണ മെക്കാനിസമായി കൂടി ഉപകരിച്ചുവെന്നതും കാണണം. പാർലമെൻ്റിലെ പ്രതിപക്ഷത്തിൻ്റെ ഭരണവിമർശനങ്ങൾ പൊതുജന പ്രതികരണത്തിൻ്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുക്കുമ്പോൾ പ്രതിഷേധങ്ങളുടെ സ്ഥാപനവൽക്കരണമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. അത് ജനങ്ങളുടെ സ്വാഭാവിക ഭരണരോഷങ്ങളെ തണുപ്പിക്കാനും സമാധാനിപ്പിക്കാനും പ്രതീക്ഷാനിർഭരമാക്കാനും സഹായിക്കുന്നു. പ്രതിപക്ഷത്തിന് ജനകീയ പ്രതിഷേധങ്ങളുടെ യഥാർത്ഥ വാഹകരായി പ്രവർത്തിക്കാൻ കഴിയുമെങ്കിലും, ജനങ്ങളുടെ മുൻകൈ രാഷ്ട്രീയത്തെ അത് വൈകിക്കാൻ ഇടവരുത്തുന്നുണ്ട്. അല്ലെങ്കിൽ പൊതുജന ഐക്യം രൂപപ്പെടാൻ പാർട്ടി ഘടന പലപ്പോഴും വിലങ്ങുതടിയാകുന്നു.

ഏതു വിധത്തിലുള്ള സാമ്രാജ്യത്വശക്തിയായി ഇംഗ്ലണ്ട് മുന്നേറണം എന്നതിൽ പാർലമെൻ്റ് ശക്തികൾക്കിടയിലെ ഭിന്നത വിഗ്-ടോറികളിലെ രാഷ്ട്രീയ സംഘർഷത്തിൽ പ്രകടമാണെന്ന് സ്റ്റീവ് പിൻകസ് നിരീക്ഷിക്കുന്നുണ്ട് (Steve Pincus“The Pivot of Empire: Party Politics, Spanish America and the Treaty of Utrecht-1713).”
ഏതു വിധത്തിലുള്ള സാമ്രാജ്യത്വശക്തിയായി ഇംഗ്ലണ്ട് മുന്നേറണം എന്നതിൽ പാർലമെൻ്റ് ശക്തികൾക്കിടയിലെ ഭിന്നത വിഗ്-ടോറികളിലെ രാഷ്ട്രീയ സംഘർഷത്തിൽ പ്രകടമാണെന്ന് സ്റ്റീവ് പിൻകസ് നിരീക്ഷിക്കുന്നുണ്ട് (Steve Pincus“The Pivot of Empire: Party Politics, Spanish America and the Treaty of Utrecht-1713).”

അതായത്, ജനങ്ങളുടെ നിതാന്ത ഭരണജാഗ്രതയെ രാഷ്ട്രീയമായ ആലസ്യത്തിൽ നിർത്തി, അവരെ പാർലമെൻ്റ് തർക്കങ്ങളുടെ ആസ്വാദക വൃന്ദമാക്കി മാറ്റുന്നു ഭരണ- പ്രതിപക്ഷ പോര്. അഥവാ, നിയമസഭാ "മാച്ചി"ലെ ഗാലറികളിലിരുന്നു കളി കാണുന്നവരായി പൊതുസമൂഹത്തിൻ്റെ രാഷ്ട്രീയ ഭാഗധേയം വഴിതിരിക്കപ്പെടുന്നു. ഇതിനർത്ഥം 1714 മുതലുള്ള വിഗ്ഗ് ഒളിഗാർക്കി ഭരണകാലത്ത് ജനകീയ വിമർശനങ്ങൾ ഉയർന്നിരുന്നില്ല എന്നല്ല. പ്രതിപക്ഷത്തിന് ഈ പ്രതിഷേധങ്ങളുടെ നായകത്വം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വിഷയം. അല്ലെങ്കിൽ, പ്രതിപക്ഷ വിമർശനങ്ങൾ അധികാര ലബ്‌ധി ലാക്കാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങൾ മാത്രമായിരുന്നോ എന്നതും ചോദ്യമാണ്.

ഭരിക്കുന്നവർ വിമർശിക്കപ്പെടണം എന്ന തത്ത്വത്തിനു നിയമപരമായ സാധൂകരണം പ്രതിപക്ഷശബ്ദം കൊണ്ടുവന്നെങ്കിലും, നിയതമായ വ്യവസ്ഥകളും നൂലാമാലകളും കൂടിച്ചേർന്ന ഒരു പാക്കേജായിരുന്നു അത്. പാർലമെൻ്ററി പാർട്ടികളുടെ രൂപത്തിൽ ഉപക്ഷേപങ്ങളോ ഇറങ്ങിപ്പോക്കുകളോ പ്രതിഷേധങ്ങളോ ആയി അവ പുറത്തു വന്നു. ഭരണവർഗ്ഗങ്ങൾക്കിടയിലെ ചേരിപ്പോര് എന്നതിനു പുറത്തേക്ക് ജനരോഷത്തെ വളർത്താതിരിക്കാൻ പ്രതിപക്ഷ സ്വരം പലപ്പോഴും ഉപകരിച്ചു. അതായത് ഭരണ- പ്രതിപക്ഷങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളെയും ഭരണവർഗ്ഗത്തിനെതിരെയുള്ള ജനകീയ വിമർശനങ്ങളെയും രണ്ടായി മനസ്സിലാക്കാൻ പാർലമെൻ്റ് വാഗ്വാദങ്ങൾ പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചു. അതിനാൽ ആഭ്യന്തരമായ ഭരണസ്ഥിരതയും ഒപ്പം പൊതുജന പിന്തുണയും ഉറപ്പാക്കാൻ പാർട്ടി സംവിധാനം സഹായകമായി.

ഡേവിഡ് ഹ്യൂം പറഞ്ഞത് പാർട്ടികൾ അപകടകാരികൾ ആണെങ്കിലും അവ ഭരണത്തിന് അനിവാര്യമാകുന്നു എന്നാണ്. പാർട്ടികൾ രാഷ്ട്രീയ രംഗത്തെ സജീവമാക്കുന്നതായി അദ്ദേഹം കണ്ടു.

പാർട്ടിവ്യവസ്ഥ കൊണ്ടുവന്ന മറ്റൊരു പുതുമ വിശ്വാസപരമായി ഇംഗ്ലീഷ് സമൂഹത്തിൽ ശക്തമായി നിലനിന്നിരുന്ന ചേരിതിരിവുകളെയും ഉത്‌കണ്ഠകളെയും അസഹിഷ്ണതയെയും അവർ പാർട്ടി രാഷ്ട്രീയത്തിൻ്റെ മധ്യത്തിലും കുടിയിരുത്തി എന്നതാണ്. ഇത് ജനങ്ങളിൽ പാർട്ടികളെ തങ്ങൾ ഉൾപ്പെടുന്ന വിശ്വാസധാരയുടെ സംരക്ഷകരാണെന്ന ബോധം സൃഷ്ടിച്ചെടുത്തു. ജനങ്ങളുടെ ശ്രദ്ധ പൊതുകാര്യങ്ങളേക്കാൾ വിശ്വാസത്തർക്കങ്ങളിലേക്കും തങ്ങളുടെ സഭയുടെ അധികാര പ്രാപ്തിയിലേക്കും വഴിതിരിച്ചു വിട്ടു വിഗ്-ടോറി പാർട്ടികൾ തമ്മിലുള്ള വിശ്വാസപരമായ ചേരിതിരിവുകൾ. രാജപക്ഷക്കാരായ ടോറികൾ ആഗ്ലിക്കൻ സഭയെ പിന്തുണച്ചപ്പോൾ, വിഗ്ഗുകൾ ആഗ്ലിക്കൻ സഭയെ അംഗീകരിക്കാത്ത പ്രൊട്ടസ്റ്റൻ്റ് ഡിസൻ്റുകളുടെ പക്ഷം പിടിച്ചു; രാഷ്ട്രീയാധികാരത്തിൽ സഭയ്ക്കു പുറത്തുള്ളവരുടെ പ്രാതിനിധ്യത്തിനു വേണ്ടിയും വാദിച്ചു. ടോറികളാകട്ടെ ഭരണകൂടത്തെയും ആഗ്ലിക്കൻ സഭയെയും സമന്വയിപ്പിച്ചു ഇതര മതദ്വേഷം നിലനിർത്തിയപ്പോൾ, വിഗ്ഗുകൾ മതസഹിഷ്ണുതയുടെ വക്താക്കളായി രംഗത്തുവന്നു.

വിശ്വാസത്തർക്കങ്ങളുടെ രാഷ്ട്രീയവൽക്കരണം പാർട്ടികളുടെ ജനപിന്തുണ ഉറപ്പിക്കുകയും അവരുടെ അധികാര പ്രാപ്തി സുഗമമാക്കുകയും ചെയ്തു. യഥാർത്ഥത്തിൽ, പാർട്ടികൾ വിരുദ്ധ വിശ്വാസപക്ഷങ്ങളിൽ നിലയുറച്ചെങ്കിലും, അധികാരതന്ത്രത്തിൻ്റെ തലങ്ങളിൽ അവരുടെ വിശ്വാസ പക്ഷത്തിനു വലിയ പ്രസക്തിയുണ്ടായിരുന്നില്ല. എങ്കിലും മതത്തിൻ്റെ രാഷ്ട്രീയവൽക്കരണം അധികാരവിമർശനങ്ങളുടെ ശ്രദ്ധതിരിക്കാൻ ഉപകരിച്ചു.

രാജപക്ഷം- പാർലമെൻ്റ് പക്ഷം, അതിർത്തി വിപുലനം- വാണിജ്യ വിപുലനം, മതസ്പർദ്ധ- മതസഹിഷ്ണത എന്നീ സംഘർഷങ്ങൾ രാഷ്ട്രീയ വിഭജനത്തിൽ പ്രകടമായിരുന്നെങ്കിലും വിഗ്- ടോറി പാർട്ടികൾ സംഘടിപ്പിക്കപ്പെട്ടത് ആശയങ്ങളേക്കാൾ കുലീനരിലെ കുടുംബബന്ധങ്ങളെയും സൗഹൃദങ്ങളെയും സ്വജനപക്ഷപാതത്തെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു. അതായത് പാർലമെൻ്ററി പാർട്ടി രാഷ്ട്രീയം അതിൻ്റെ പ്രഭവം മുതൽ തന്നെ കുലീന കുടുംബവാഴ്ചയുടെയും അവരുടെ സാമ്പത്തിക താല്പര്യങ്ങളുടെയും നവീനമായ സംരക്ഷണ വേദിയായി പ്രവർത്തിച്ചു പോന്നു.

റോബർട്ട് വാൾപോളിൻ്റെ വിഗ് ഭരണത്തെ നിശിത വിമർശനത്തിനു വിധേയമാക്കിയ ആളാണ് ലോഡ് ബോലിംഗ്ബ്രോക്.
റോബർട്ട് വാൾപോളിൻ്റെ വിഗ് ഭരണത്തെ നിശിത വിമർശനത്തിനു വിധേയമാക്കിയ ആളാണ് ലോഡ് ബോലിംഗ്ബ്രോക്.

അവമതിപ്പിൽനിന്ന് ബഹുമതിയിലേക്ക്

ഇപ്രകാരം പാർട്ടിരാഷ്ട്രീയം ബ്രിട്ടീഷ് ഭരണത്തിലെ അവിഭാജ്യഘടകമായി മാറിയ 18 -ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ തന്നെ രാഷ്ട്രീയപ്പാർട്ടികളെ പറ്റിയുള്ള സൈദ്ധാന്തിക വിചാരങ്ങൾ സജീവമാകുന്നതും കാണാം. റോബർട്ട് വാൾപോളിൻ്റെ വിഗ് ഭരണത്തെ നിശിത വിമർശനത്തിനു വിധേയമാക്കിയ ആളാണ് ലോഡ് ബോലിംഗ്ബ്രോക് (Henry St. John, 1st Viscount Bolingbroke). ഇംഗ്ലീഷ് ഭരണഘടനയോടുള്ള അതിക്രമമെന്നു അദ്ദേഹം വിഗ് പാർട്ടിയുടെ അഴിമതി ഭരണത്തെ വിളിച്ചു. അതിനാൽ പാർട്ടിച്ചേരികൾക്ക് അതീതമായ ദേശീയൈക്യം രാജഭരണത്തിൽ ഉയർന്നുവരണമെന്നു ആവശ്യപ്പെട്ടു. രാഷ്ട്രീയതത്വങ്ങളിലല്ല അഴിമതിയിലാണ് വിഗ് പാർട്ടി കാലുറപ്പിച്ചിരിക്കുന്നത്. അതിനാൽ പാർട്ടി ഭരണം ജനാഭിലാഷങ്ങൾക്കെതിരെ സ്ഥാപിത താൽപ്പര്യങ്ങളുടെ വാഴ്ചയാണ്; അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും പാർട്ടി ഭരണത്തിൻ്റെ മുഖമുദ്രയായി വരുന്നു; ജനങ്ങളിൽ ഇവർ വിഭജനങ്ങൾ സൃഷ്ടിക്കുന്നു- ഇതായിരുന്നു ബോലിംഗ്ബ്രോക്കിൻ്റെ വിമർശനങ്ങൾ.

ഭരണഘടന സംരക്ഷിക്കാൻ വിഭാഗീയതകൾക്ക് അതീതനായി നിൽക്കുന്ന ദേശഭക്തനായ രാജാവിനെ (The Patriot King) അദ്ദേഹം വിഭാവനം ചെയ്തു. അതേസമയം, ഇതിനു വിരുദ്ധമായി പാർലമെൻ്റിൽ വിഗ്ഗുകൾക്കെതിരെ ഐക്യനിര കെട്ടിപ്പടുക്കാനും ബോലിംഗ്ബ്രോക് ആഹ്വാനം ചെയ്തു.

ഡേവിഡ് ഹ്യൂം പറഞ്ഞത് പാർട്ടികൾ അപകടകാരികൾ ആണെങ്കിലും അവ ഭരണത്തിന് അനിവാര്യമാകുന്നു എന്നാണ്. പാർട്ടികൾ രാഷ്ട്രീയ രംഗത്തെ സജീവമാക്കുന്നതായി അദ്ദേഹം കണ്ടു. പാർട്ടികളുടെ പല ഉത്ഭവ വകഭേദങ്ങൾ അദ്ദേഹം വേർതിരിക്കുകയുണ്ടായി. വ്യക്തിബന്ധങ്ങൾ, സാമൂഹിക വിഭജനങ്ങൾ, ആശയപരമായ സംഘർഷങ്ങൾ എന്നിവ വഴിയെല്ലാം പാർട്ടികൾ ഉടലെടുക്കാമെന്നും, അവ തമ്മിലുള്ള മത്സരങ്ങൾ ഒഴിവാക്കാനാവില്ലെന്നും ഹ്യൂം പറയുന്നു. ജോൺ ബ്രൗണാകട്ടെ പാർട്ടികളെ പൂർണ്ണമായി തന്നെ നിരസിക്കുന്ന സംശയാലുവായിരുന്നു.

പാർട്ടികളെ കൊള്ളണോ തള്ളണോ എന്ന ആദ്യകാല സൈദ്ധാന്തിക സന്നിഗ്ദ്ധതകൾ മങ്ങിവരുകയും അവ പാർലമെൻ്ററി വ്യവസ്ഥയുടെ ആരോഗ്യത്തിൻ്റെ മാതൃകയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട് 18 -ാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ. പ്രസിദ്ധ പാർലമെൻ്റേറിയനായ എഡ്മണ്ട് ബർക്കിൻ്റെ ഇടപെടലാണ് ഈ വഴിത്തിരിവിന് പ്രധാന നിമിത്തമായത്. പാർട്ടികൾ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും, അവരിൽ പൊതുവായ ആശയൈക്യം സൃഷ്ടിക്കുന്നുവെന്നും, ഇത് പൊതുലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് അനിവാര്യമാണെന്നും ബർക്ക് ചൂണ്ടിക്കാട്ടി. ഭരണഘടനാ സംരക്ഷണത്തിനും സ്വേച്ഛാധിപത്യ നിരാസത്തിനും പാർട്ടികൾ കൂടിയേ കഴിയൂ. ഭരണത്തിൽ പ്രതിപക്ഷത്തിൻ്റെ റോൾ ഭരണഘടനാ തത്ത്വങ്ങളെ ബലപ്പെടുത്തുന്നു. അതിനാൽ ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിലുള്ള സുപ്രധാന മധ്യവർത്തികളാണ് പാർട്ടികളെന്നു ബർക്ക് സ്ഥാപിച്ചു.

ഇപ്രകാരം ആദ്യകാല അവമതിപ്പിൽ നിന്ന് പിൽക്കാല ബഹുമതിയിലേക്ക് പാർട്ടികൾ സമൂഹമധ്യത്തിൽ മാറുന്നതു കാണാം. എന്നാൽ പാർട്ടികളെ പറ്റി ഉയർന്നുവന്ന സൈദ്ധാന്തിക വിമർശനങ്ങളിൽ അക്കാലത്ത് പാർട്ടികൾ സമ്മാനിച്ച പ്രായോഗികാനുഭവങ്ങളുടെ കയ്പുകൾ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് പാർട്ടിയെ ഫാക്ഷൻ എന്ന നെഗറ്റീവ് അർത്ഥത്തിലാണ് പലരും വിലയിരുത്തിയത്. വാൾപോൾ ഭരണം സംഘടിതമായ അഴിമതിയുടെ കാലമായിരുന്നു. അഴിമതിയെന്നത് പാർലമെൻ്ററി വ്യവസ്ഥയുടെ സാധാരണ സ്വഭാവമായി അംഗീകരിക്കപ്പെടുക പോലും ചെയ്തു. പാർട്ടി വഴി അധികാരം നേടുന്നതിൻ്റെ ലക്ഷ്യം തന്നെ അഴിമതി ഭരണത്തിനാണെന്നു അക്കാലം വിധിയെഴുതി. തെരഞ്ഞെടുപ്പിൽ ജയിക്കാനും സ്ഥാനമാനങ്ങൾ നേടാനും കൈക്കൂലി അനിവാര്യമാണെന്നും രാഷ്ട്രീയലോകം അംഗീകരിച്ചു. അതുകൊണ്ട് പാർലമെൻ്റ് സീറ്റുകൾ പരസ്യമായി വില്പനക്കു വെച്ചതിൽ ആരും അത്ഭുതം കൂറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പണം കൊടുത്തു വോട്ടുവാങ്ങി പാർലമെൻ്റിലെത്തി അഴിമതി അധികാരമാക്കിയവരെ ബോലിംഗ്ബ്രോക് വിമർശിച്ചത്.

ക്രമേണ പാർട്ടികളിലൂടെ മാത്രമേ അധികാരത്തിലെത്താൻ കഴിയൂ എന്നതാണ് ഇവിടെ പ്രത്യേകത. അതിനാൽ പാർട്ടികളാണ് പാർലമെൻ്ററി വ്യവസ്ഥയിൽ യഥാർത്ഥ അധികാരശക്തികൾ.

ചാണക്യതന്ത്രങ്ങളുടെ സ്ഥാനമാറ്റം

പാർട്ടികൾ ജനാധിപത്യത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ സ്ഥാപനങ്ങളാണെന്ന ധാരണ രൂപപ്പെട്ടത് അവയുടെ ചരിത്രപരമായ ഉദ്ഭവത്തോടൊപ്പം തന്നെ സംഭവിച്ച ഒന്നല്ല. 18-ാം നൂറ്റാണ്ടിൽ പാർട്ടികളെക്കുറിച്ചുള്ള ചർച്ചകൾ അവയുടെ അപകടങ്ങളെയും പ്രയോജനങ്ങളെയും ഒരുപോലെ പരിഗണിച്ചിരുന്നു. കാലക്രമേണ പാർലമെന്ററി ഭരണത്തിന്റെ ഭാഗമായി പാർട്ടികൾ കൂടുതൽ സ്ഥിരത കൈവരിക്കുകയും രാഷ്ട്രീയ മത്സരത്തിന്റെ അംഗീകൃത മാർഗ്ഗമായി മാറുകയും ചെയ്തു. ഈ ചരിത്രപരമായ സ്വാഭാവികവൽക്കരണം ഒരു പ്രധാനപ്പെട്ട പ്രശ്നം ഉയർത്തുന്നു: ഒരു സ്ഥാപനം ജനാധിപത്യത്തിന്റെ പ്രവർത്തനത്തിന് അനിവാര്യമാണെന്ന് അംഗീകരിക്കപ്പെടുന്നതുകൊണ്ടു മാത്രം അതിന്റെ ആന്തരിക അധികാരബന്ധങ്ങൾ ജനാധിപത്യപരമാണെന്ന് ഉറപ്പാകുന്നില്ല. അതിനാൽ പാർട്ടികളുടെ അനിവാര്യതയെക്കുറിച്ചുള്ള ആധുനിക ധാരണയെയും അവയുടെ യഥാർത്ഥ പ്രവർത്തനരീതികളെയും വേർതിരിച്ചു പരിശോധിക്കണം.

രാജവാഴ്ചയിൽ ഭരണാധികാരത്തിലേക്കുള്ള സാധാരണ വഴി പാരമ്പര്യസ്ഥാനം, സൈനിക-സാമ്പത്തിക ബലം, രാജവാത്സല്യം, അധികാര പ്രീണനം, കൊട്ടാര ബന്ധങ്ങൾ, സ്വജനപക്ഷപാതം, ഉപജാപങ്ങൾ എന്നിവയാണല്ലോ. എന്നാൽ രാജവാഴ്ചയിൽ നിന്നും പാർലമെൻ്ററി വ്യവസ്ഥയിലേക്കുള്ള മാറ്റത്തിൽ അധികാരത്തിലേക്കുള്ള ഇത്തരം സാമ്പ്രദായിക മാർഗ്ഗങ്ങൾ അപ്രത്യക്ഷമാകുകയല്ല ചെയ്തത്. പാർലമെൻ്ററി അധികാരത്തിലേക്ക് എത്തുന്നതിനുള്ള ഒരു സ്ഥാപനത്തെ - പാർട്ടിയെ നിർമ്മിച്ചുകൊണ്ട് അതിനെ ചുറ്റിപ്പറ്റി പഴയ അധികാര മാർഗ്ഗങ്ങൾ കൂടുതൽ ഊർജസ്വലവും വ്യാപകവുമായി വന്നു. അതായത് രാജവാഴ്ചയിൽ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന ഭരണവർഗ്ഗത്തിനു പാർലമെൻ്ററി വ്യവസ്ഥയിലും തുടരുന്നതിനു പറ്റിയ ഒരു സാമൂഹിക സംവിധാനത്തിൻ്റെ ആവശ്യകത ഉണ്ടായി. അതാണ് രാഷ്ട്രീയപ്പാർട്ടി. അതിൻ്റെ ഉത്ഭവത്തിന് ജനായത്തവുമായിട്ടു നേരിട്ടു ബന്ധമൊന്നുമില്ല.

പാർലമെൻ്ററി വ്യവസ്ഥയിൽ രാജവാഴ്ചയിലെ അതേ ഭരണവർഗ്ഗ അധികാരമത്സരങ്ങൾ പുതുരൂപം സ്വീകരിക്കുകയും കൂടുതൽ തീവ്രതരമാകുകയും ചെയ്യുന്നു. കാരണം നിയമനിർമ്മാണത്തിൻ്റെയും ഭരണനിർവ്വഹണത്തിൻ്റെയും അധികാരികൾ പാർലമെൻ്റിലാണുള്ളത്. അതിനാൽ പരമ്പരാഗത ഭരണവർഗ്ഗം പ്രത്യേക വിഭാഗങ്ങളായി സംഘടിച്ചു പോരാടി പാർലമെൻ്ററി അധികാരസ്ഥാനങ്ങൾ നിലനിർത്താനും ഉയർത്താനും സ്വയം നിർബന്ധിതരാകുന്നു. അതിനാൽ പാർട്ടികൾ തമ്മിൽ തമ്മിലും പാർട്ടികൾക്കുള്ളിൽ നേതൃസ്ഥാനങ്ങൾ തമ്മിലും നിരന്തരമായ മത്സരം സ്വാഭാവികമാണ്. ക്രമേണ പാർട്ടികളിലൂടെ മാത്രമേ അധികാരത്തിലെത്താൻ കഴിയൂ എന്നതാണ് ഇവിടെ പ്രത്യേകത. അതിനാൽ പാർട്ടികളാണ് പാർലമെൻ്ററി വ്യവസ്ഥയിൽ യഥാർത്ഥ അധികാരശക്തികൾ.

എഡ്മണ്ട് ബർക്ക്. ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിലുള്ള സുപ്രധാന മധ്യവർത്തികളാണ് പാർട്ടികളെന്നു പ്രസിദ്ധ പാർലമെൻ്റേറിയനായ ബർക്ക് സ്ഥാപിച്ചു.
എഡ്മണ്ട് ബർക്ക്. ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിലുള്ള സുപ്രധാന മധ്യവർത്തികളാണ് പാർട്ടികളെന്നു പ്രസിദ്ധ പാർലമെൻ്റേറിയനായ ബർക്ക് സ്ഥാപിച്ചു.

പാർട്ടികൾ അധികാരമത്സരത്തിന്റെ സ്ഥിരം സ്ഥാപനങ്ങളായി മാറുമ്പോൾ അവയ്ക്ക് ഇരട്ടസ്വഭാവം കൈവരുന്നു. ഭരണകൂടത്തിന്റെ അധികാരത്തെ നിയന്ത്രിക്കാനും ഭരണത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാനും പ്രതിപക്ഷ പാർട്ടികൾക്ക് കഴിയും. അതേസമയം, അവയും ഭരണാധികാരം നേടാനും നിലനിർത്താനും ശ്രമിക്കുന്ന സംഘടനകളാണ്. അതിനാൽ അധികാരത്തെ നിയന്ത്രിക്കുന്ന സ്ഥാപനമെന്ന നിലയിലുള്ള പാർട്ടിയുടെ പങ്കും അധികാരത്തിലെത്താൻ ശ്രമിക്കുന്ന സംഘടനയെന്ന നിലയിലുള്ള അതിന്റെ താൽപ്പര്യവും തമ്മിൽ സംഘർഷം ഉടലെടുക്കാം.

പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങളുടെ ദ്വൈതസ്വഭാവമാണ് ഇവിടെ പുറത്തുവരുന്നത്. കാരണം ദുരധികാര വിമർശനത്തിൽ അതേ ദുരധികാരങ്ങൾ നേടിയെടുക്കാനുള്ള വ്യഗ്രതയും കുടികൊള്ളുന്നുണ്ട്. അതിനാൽ വിമർശന പ്രതിപക്ഷത്തിന്റെ സാന്നിധ്യം മാത്രം ജനാധിപത്യപരമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നില്ല. പ്രതിപക്ഷം ഭരണപക്ഷമാകുമ്പോൾ ജനായത്ത വിരുദ്ധമായ ദുരധികാരം ആവർത്തിക്കപ്പെടുന്നെങ്കിൽ പ്രതിപക്ഷ വിമർശനത്തിൻ്റെ പ്രസക്തിയെന്താണ്? അതിനാൽ പാർട്ടികൾ അധികാരത്തിൽ എത്തിയാൽ അവയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും അവയ്ക്കുള്ളിലെ ജനാധിപത്യപരമായ നടപടിക്രമങ്ങളും എത്രത്തോളം ഫലപ്രദമാണ് എന്നതും പരിശോധിക്കേണ്ടതുണ്ട്.

പാർലമെൻ്ററി വ്യവസ്ഥയിൽ പരമ്പരാഗത ഭരണവർഗ്ഗങ്ങൾക്കു അധികാരത്തിൽ തുടരണമെങ്കിൽ പാർട്ടി സംവിധാനം ആവശ്യമാണെന്നു പറഞ്ഞല്ലോ. 1690–1715 കാലഘട്ടത്തിലെ House of Commons-ൽ ഏകദേശം 83% അംഗങ്ങളും ഉയർന്ന സാമൂഹിക വിഭാഗങ്ങളിൽ നിന്നായിരുന്നു. പിന്നീട് വ്യാപാരികളും പ്രൊഫഷണലുകളും, പലപ്പോഴും ഭൂസ്വത്ത് സ്വന്തമാക്കി ആ വർഗത്തിലേക്ക് സമന്വയിപ്പിക്കപ്പെട്ടു എന്നതാണ് എടുത്തു പറയാവുന്ന മാറ്റം. പരമ്പരാഗത ഭരണവർഗ്ഗത്തിൻ്റെ അധികാര തുടർച്ച സുസാധ്യമാക്കുന്നത് ഒരു പ്രൊഫഷണൽ രാഷ്ട്രീയ വർഗ്ഗത്തെ പാർലമെൻ്ററി വ്യവസ്ഥയിൽ സൃഷ്ടിക്കുന്നതിലൂടെയാണ്. പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗത്തെ പരിശോധിച്ചാൽ അവരിൽ ഏറെയും പരമ്പരാഗത ഭരണവർഗ്ഗങ്ങളുടെ പുതിയ തുടർച്ചക്കാരാണെന്നു കാണാം. ഇവർ പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗമായി മാറി എന്നതാണ് പാർലമെൻ്ററി വ്യവസ്ഥയുടെ പ്രത്യേകത.

ഇവിടെ പ്രൊഫഷണൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭരണപരമായ വൈദഗ്ധ്യത്തെയല്ല. മറിച്ച് പാർലമെൻ്ററി രാഷ്ട്രീയത്തെ അവർ തങ്ങളുടെ മുഴുവൻ സമയ മേഖലയാക്കിയിരിക്കുന്നു എന്നാണ്. തന്നെയുമല്ല മുഴുസമയ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് അവർ നേടുന്ന വൈദഗ്ദ്ധ്യം അധികാരം നേടുന്നതിനും അത് സ്ഥായിയായി നിലനിർത്തുന്നതിനുമുള്ള പരമ്പരാഗത വൈദഗ്ധ്യമാണ്. ഇതാകട്ടെ രാജവാഴ്ചയിൽ നാം കാണുന്ന പഴയവഴികൾ തന്നെയാണ്. അധികാര സ്ഥാപനത്തിലെ പ്രൊഫഷണൽ വൈദഗ്ദ്ധ്യം സാധ്യമാക്കുന്ന കളരികളായി പാർട്ടികളെ കാണാൻ പറ്റും.

18 -ാം നൂറ്റാണ്ടിൽ പാർലമെൻ്റിൽ ഉദയം കൊണ്ട പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗം പിന്നീടുവന്ന ജനാധിപത്യ വ്യവസ്ഥയെ എങ്ങനെ സ്വാധീനിച്ചുവെന്നതാണ് പ്രസക്തമായ ചോദ്യം. അഥവാ ജനാധിപത്യം പ്രൊഫഷണൽ രാഷ്ട്രീയക്കാരെ ആവശ്യപ്പെടുന്നുണ്ടോ?

(തുടരും)


Summary: Party Contributions in the Pre Democratic Parliament series, by Ashok Kumar V part 3 chapter 3 in Truecopy webzine packet 306.


അശോകകുമാർ വി.

എഴുത്തുകാരൻ. രാഷ്ട്രീയം, സമൂഹം , സംസ്‌ക്കാരം, പരിസ്ഥിതി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എഴുതുന്നു.

അറിവിൻ്റെ ആപൽക്കരമായ തൂവൽസ്പർശം: നവലിബറലിസം -സാംസ്കാരിക പഠനങ്ങൾ, പരിസ്ഥിതി പ്രവർത്തനം: വീട്ടിലും വിദ്യാലയത്തിലും, രോഗം തരുന്ന വെളുത്ത ചോറ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments