പാട്ടാളിമക്കൾ കക്ഷി സ്ഥാപകൻ ഡോ. രാമദാസ്.

രജനീകാന്തിന്
മണി കെട്ടിയ രാമദാസ്
ഇപ്പോഴെന്തു ചെയ്യുന്നു?

തമിഴ്നാടിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ടി. അനീഷിന്റെ പരമ്പര- അരസിയൽ സുവരൊട്ടികൾ- തുടരുന്നു. ഡോ. രാമദാസിന്റെ Pattali Makkal Katchi-യുടെ രാഷ്ട്രീയ പരിണാമങ്ങൾ.

അരസിയൽ
സുവരൊട്ടികൾ-
നാല്

നിലപാടുകളിലെ രാഷ്ട്രീയ സൂക്ഷ്മത കൊണ്ട് അടിസ്ഥാന സമൂഹങ്ങളുടെ ആദരവ് പിടിച്ചുപറ്റിയ നേതാവാണ് പാട്ടാളിമക്കൾ കക്ഷി (Pattali Makkal Katchi - PMK) സ്ഥാപകൻ ഡോ. രാമദാസ്. പിന്നാക്ക വിഭാഗങ്ങളുടെയും മുസ്ലിം ന്യൂനപക്ഷത്തിന്റെയും ഐക്യത്തെയും അനിവാര്യമായ അവരുടെ അവകാശസമരങ്ങളെയും കുറിച്ച് വലിയ പ്രതീക്ഷകളും ആഹ്വാനവും നൽകിയ ജനകീയ നേതാവ്. പിന്നീട് അദ്ദേഹം (പാർട്ടിയും) സ്വസമുദായതാല്പര്യത്തിന്റെ മാത്രം വക്താവായി പരിണമിച്ചതിന്റെ ചരിത്രം തമിഴ്‌നാട്ടിലെ സ്വത്വരാഷ്ട്രീയത്തിനുണ്ടായ പരിണാമങ്ങളുടെ കൂടി നാൾവഴികളാണ്.

വിഴുപ്പുരം ജില്ലയിൽ ദിണ്ടിവനത്തിനടുത്ത് കീഴ് സിവിറി ഗ്രാമത്തിലെ വണ്ണിയ സമുദായത്തിൽപ്പെട്ട കർഷക കുടുംബത്തിലാണ് രാമദാസിന്റെ ജനനം. ഗ്രാമത്തിലെ സ്കൂൾ പഠനത്തിനുശേഷം ചെന്നൈയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പൂർത്തിയാക്കുകയും മൂന്നുവർഷം ദിണ്ടിവനത്തെ സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ നിന്ന് മൂന്നു രൂപ ഫീസ് മാത്രം കൈപ്പറ്റി ചികിൽസിക്കുന്ന ക്ലിനിക് ആരംഭിച്ചു.

ഇക്കാലത്താണ് താനുൾപ്പെട്ട സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് അദ്ദേഹം ചിന്തിച്ച് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് വണ്ണിയ സമുദായ സംഘടനാ നേതാക്കളുമായി രാമദാസ് ആശയവിനിമയം നടത്തി. വണ്ണിയർ സമുദായം അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്ക് മാറ്റമുണ്ടാവണമെന്നും വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ കാര്യത്തിൽ പുരോഗമിച്ച സമൂഹമായിത്തീരണമെന്നുമുള്ള ആശയങ്ങൾ ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നു. 28 - ഓളം വരുന്ന വണ്ണിയ സമുദായ സംഘടനകളുടെ കൂട്ടായ്മയായി 'വണ്ണിയർ സംഘം' രൂപീകരിക്കപ്പെട്ടു. രാമദാസിന്റെയും തമിഴ്‌നാട് സർക്കാരിന്റെ ചീഫ് സെക്രട്ടറിയായി വിരമിച്ച ഇ. പി. റോയപ്പ, പിൽക്കാലത്ത് പാട്ടാളി മക്കൾ കക്ഷിയുടെ ആദ്യ അധ്യക്ഷനായി മാറിയ പ്രൊഫ. ധീരൻ തുടങ്ങിയ ഒട്ടേറെ സമുദായ നേതാക്കളുടെ ശ്രമഫലമായി 1980 ജൂലൈ 20ന് സംഘടന നിലവിൽ വന്നു.

ആരംഭകാലത്ത് വിശാല തമിഴ് ദേശീയതയുയർത്തിപിടിച്ച രാമദാസ് കാലക്രമേണ ജാതിരാഷ്ട്രീയത്തിന്റെ വക്താവായും ദലിത് വിരുദ്ധ രാഷ്ട്രീയക്കാരനായും പരിണമിക്കുന്ന കാഴ്ചയാണ് കാണുന്നത്.ആരംഭകാലത്ത് വിശാല തമിഴ് ദേശീയതയുയർത്തിപിടിച്ച രാമദാസ് കാലക്രമേണ ജാതിരാഷ്ട്രീയത്തിന്റെ വക്താവായും ദലിത് വിരുദ്ധ രാഷ്ട്രീയക്കാരനായും പരിണമിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ആരംഭകാലത്ത് വിശാല തമിഴ് ദേശീയതയുയർത്തിപിടിച്ച രാമദാസ് കാലക്രമേണ ജാതിരാഷ്ട്രീയത്തിന്റെ വക്താവായും ദലിത് വിരുദ്ധ രാഷ്ട്രീയക്കാരനായും പരിണമിക്കുന്ന കാഴ്ചയാണ് കാണുന്നത്.ആരംഭകാലത്ത് വിശാല തമിഴ് ദേശീയതയുയർത്തിപിടിച്ച രാമദാസ് കാലക്രമേണ ജാതിരാഷ്ട്രീയത്തിന്റെ വക്താവായും ദലിത് വിരുദ്ധ രാഷ്ട്രീയക്കാരനായും പരിണമിക്കുന്ന കാഴ്ചയാണ് കാണുന്നത്.

വണ്ണിയസമുദായങ്ങളുടെ ഏകീകരണം

വണ്ണിയർ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന മുപ്പതിനായിരത്തിലധികം വാസസ്ഥലങ്ങൾ സന്ദർശിക്കുകയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു രാമദാസിന്റെ അടുത്ത നീക്കം. രാഷ്ട്രീയ, സാമ്പത്തിക, വർഗ്ഗ അടിസ്ഥാനത്തിൽ ഭിന്നിച്ചുനിന്ന സമുദായാംഗങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്നതിൽ വലിയ വിജയം വരിക്കാൻ രാമദാസിന് സാധിച്ചു. വണ്ണിയ സമുദായത്തിന്റെ അവകാശങ്ങൾക്കൊപ്പം ഇതര പിന്നാക്ക വിഭാഗങ്ങളുടെയും മുസ്ലിം ന്യൂനപക്ഷത്തിന്റെയും അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുന്ന നേതാവായി അദ്ദേഹം മാറി. 'കനൽ' എന്നൊരു പത്രം ആരംഭിച്ച്, ആശയ പ്രചാരണം ശക്തിപ്പെടുത്തി. കീഴ്ത്തട്ടു ജനതയ്ക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന പഴനി ബാബയുമായുള്ള സൗഹൃദവും ഇക്കാര്യത്തിൽ രാമദാസിന് ദിശാബോധം നൽകി (എം.ജി.ആറിനെ പോലും, 40 വയസ്സോളം പ്രായത്തിനിളപ്പമുള്ള പഴനി ബാബ യാതൊരു കൂസലുമില്ലാതെ 'രാമചന്ദ്രാ' എന്നും 'തൊപ്പി' എന്നും പൊതുമധ്യത്തിൽ വിളിക്കാൻ ധൈര്യം കാണിച്ചിരുന്നു. പിൽക്കാലത്ത് പഴനി ബാബയുമായി രാമദാസിന് ഇടയേണ്ടിവന്നു. അദ്ദേഹം കൊല്ലപ്പെട്ടതിൽ സംഘ്പരിവാറിനൊപ്പം രാമദാസിനും പങ്കുണ്ട് എന്ന് കരുതുന്നവരുണ്ട്).

1980 -ൽ സമുദായത്തിന് വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രത്യേക സംവരണം ആവശ്യപ്പെട്ട് രാമദാസിന്റെ നേതൃത്വത്തിൽ ഈറോഡിലെ കരുങ്കൽപാളയത്ത് വണ്ണിയർ സംഘം ആദ്യ സമ്മേളനം നടത്തി. 1984-ൽ ചെന്നൈ മറീനയിൽ നടന്ന നിരാഹാരം, 1985-ൽ ചെന്നൈയിൽ തന്നെ ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് നടത്തിയ റാലിയും സമ്മേളനവും, 1986-ൽ ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം, മുഖ്യമന്ത്രി എ.ജി.ആറിനെതിരെ കരിങ്കൊടി കാട്ടൽ, ഏകദിന വഴിതടയൽ, റെയിൽ ഉപരോധം എന്നിങ്ങനെ ഇക്കാലത്ത് അദ്ദേഹം നേതൃത്വം നൽകിയ പ്രക്ഷോഭങ്ങൾ നിരവധിയാണ്.

മരങ്ങൾ വെട്ടിവീഴ്ത്തി റോഡ് ഉപരോധം

എല്ലാ ജാതിക്കാർക്കും ജനസംഖ്യാനുപാതിക സംവരണം, സംസ്ഥാനത്തും സെൻട്രൽ ഗവൺമെന്റിലും വണ്ണിയർ സമുദായത്തിന് പ്രത്യേക സംവരണം, പട്ടികജാതി സംവരണം 18% ൽ നിന്ന് 22% ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 1987 -ൽ വടക്കൻ ജില്ലകളിൽ ഒരാഴ്ച നീണ്ടുനിന്ന റോഡ് ഉപരോധങ്ങൾ തമിഴ്‌നാട്ടിനെ പിടിച്ചുകുലുക്കി. വടക്കൻ ജില്ലകളിലെ ഗതാഗതം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. പാതയോരങ്ങളിലുള്ള നിരവധി മരങ്ങൾ കൂട്ടത്തോടെ വെട്ടിയിട്ട് വഴിതടയുന്ന രീതിയാണ് സമരക്കാർ പിന്തുടർന്നത്. അമേരിക്കയിൽ ചികിത്സയിലായിരുന്ന മുഖ്യമന്തി എം.ജി.ആറിന്റെ അഭാവത്തിൽ, ചുമതലയുണ്ടായിരുന്ന നെടുഞ്ചെഴിയനോ പൊലിസിനോ മുൻകൂട്ടി കാണാനാവാത്ത വിധം ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ഈ നീക്കം. വണ്ണിയർ പ്രക്ഷോഭത്തെ വിലകുറച്ചുകണ്ട ആളുകളെ ഇത് ഞെട്ടിച്ചു. വഴിതടയൽ തമിഴ്നാടിനെ വടക്കും തെക്കുമായി വിഭജിച്ചു എന്നുതന്നെ പറയണം. ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിക്കുമെന്ന് ഭരണനേതൃത്വം കരുതിയിരുന്നസമരം ദിവസങ്ങൾ നീണ്ടുനിന്ന കലാപങ്ങൾക്കാണ് വഴിവെച്ചത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടു. വണ്ണിയ സമുദായാംഗങ്ങളുടെ വീടുകൾ പോലീസ് കയ്യേറിയതായും സ്ത്രീകളെ പീഡിപ്പിച്ചതായും പോരാട്ടക്കാർ ആരോപിച്ചു. ക്രമസമാധാനം ലംഘിച്ചതിന് രാമദാസ് ഉൾപ്പെടെ 18,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതിനിടെ, അണ്ണാദുരൈയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടന്ന സമ്മേളനത്തിനു ശേഷം വടക്കൻ ജില്ലകളിലേക്ക് തിരിച്ച DMK പ്രവർത്തകരുമായി, റോഡ് ഉപരോധത്തിൽ ഏർപ്പെട്ട വണ്ണിയർ സംഘ പ്രവർത്തകർ ഏറ്റുമുട്ടിയത് കലാപത്തിന്റെ തീവ്രത വർധിപ്പിച്ചു. സംഘർഷ സാധ്യത തിരിച്ചറിഞ്ഞ്, ആഘോഷ പരിപാടി ഒരു ദിവസം മുന്നേ സംഘടിച്ചിച്ച ഡി എം കെ നേതാവ് കരുണാനിധിയുടെ കണക്കുകൂട്ടൽ തെറ്റിച്ച്, വണ്ണിയർ സംഘം പുലർച്ചെ തന്നെ പോരാട്ടം തുടങ്ങി. മധുരഭാഗത്തേക്ക് മടങ്ങിയ ഡി എം കെ പ്രവർത്തകരുമായി സമരക്കാർ ഏറ്റുമുട്ടാൻ ഇതിടയാക്കി.

വണ്ണിയരുടെ പോരാട്ടങ്ങളെ അക്രമസമരങ്ങളായി പിൽക്കാലത്ത് വ്യാഖ്യാനിക്കാനും സമുദായത്തെ മൊത്തത്തിൽ അക്രമകാരികളായി ചിത്രീകരിക്കാനും ഈ സംഭവം ഇടയാക്കി. എന്നാൽ വണ്ണിയർ സമുദായത്തിന്റെ സ്വാധീനശേഷിയെ, കുറച്ച് കാണരുതെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ മനസ്സിലാക്കിയത് ഇതോടെയാണ്.

അമേരിക്കയിലായിരുന്ന എം.ജി.ആർ മടങ്ങിയെത്തിയപ്പോൾ രാമദാസുമായി മാത്രമല്ല, എല്ലാ സമുദായ നേതാക്കളുമായും കൂടിക്കാഴ്‌ച നടത്താൻ നിർബന്ധിതനായി. പ്രക്ഷോഭക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്ത എം.ജി.ആർ താമസിയാതെ രോഗം മൂർഛിച്ച് മരിച്ചു. 1989- ൽ DMK അധികാരത്തിൽ വന്നപ്പോൾ 108 സമുദായങ്ങളെ വണ്ണിയർ സമുദായത്തിൽ ലയിപ്പിച്ച് ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ (MBC) പുതിയ പട്ടികയിൽ 20% സംവരണം നൽകി. എന്നാൽ വണ്ണിയ സമുദായത്തിന് ലഭിക്കേണ്ട സംവരണം പങ്കു വെയ്ക്കാനിടയാക്കപ്പെട്ട ഈ സാഹചര്യത്തെ, കരുണാനിധിയുടെ ദ്രോഹമായാണ് പിൽക്കാലത്ത് രാമദാസ് വിലയിരുത്തിയത്.

പാട്ടാളി മക്കൾ കക്ഷിയുടെ അധ്യക്ഷപദം വണ്ണിയ സമുദായത്തിനും, ജനറൽ സെക്രട്ടറി പദവി ദലിത് സമുദായത്തിൽ പെട്ടവർക്കും ട്രഷറർ സ്ഥാനം മുസ്ലീമിനും നൽകിയാണ് പാർട്ടി വിപ്ലവകരമായ തുടക്കം കുറിച്ചത്.

രാഷ്ട്രീയ പാർട്ടിയായി മാറുന്നു

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ആവശ്യങ്ങൾക്കുനേരെ മുഖം തിരിക്കുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രീയേതര പ്രസ്ഥാനമായിരുന്ന വണ്ണിയർ സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരണ സമരം ആരംഭിച്ചു. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് അധികാര പങ്കാളിത്തം നേടാതെ മുന്നോട്ടു പോകാനാവില്ലെന്ന് മനസ്സിലാക്കിയ രാമദാസ് രാഷ്ട്രീയ കക്ഷി രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി.

1989 ജൂലൈ 16ന് പാട്ടാളി മക്കൾ കക്ഷി രൂപീകരിക്കപ്പെട്ടു. മുൻപ് ഈ കക്ഷിയുടെ പ്രാഗ്‌രൂപമായി കരുതപ്പെടുന്ന ഇന്ത്യൻ ടോയ്‌ലേഴ്‌സ് പാർട്ടിയെക്കുറിച്ച് പറയേണ്ടതുണ്ട്. രാമസ്വാമി പടയാട്ചിയർ എന്ന സമുദായനേതാവായിരുന്നു ഇതിന്റെ സ്ഥാപകൻ. ഇതര വണ്ണിയ സംഘടനകളുമായി ചേർന്ന് 1952- ലെ തെരഞ്ഞെടുപ്പിൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 25 -ഓളം സീറ്റുകൾ നേടിയിട്ടുണ്ട്. 1954 -ൽ കോൺഗ്രസ് മന്ത്രിസഭയിൽ രാമസ്വാമി അംഗവുമായിരുന്നു. വണ്ണിയരുടെ ഉന്നമനത്തിനായി അദ്ദേഹം രൂപീകരിച്ച ട്രസ്റ്റിൽ അഭ്യസ്തവിദ്യരായ 50 സ്വസമുദായ യുവാക്കളെ തെരഞ്ഞെടുത്തപ്പോൾ അതിലൊരാൾ രാമദാസ് ആയിരുന്നു. ആദ്യകാലത്ത് പ്രതീക്ഷ നൽകിയ ഈ സംഘടന ആഭ്യന്തര ദൗർബല്യം കാരണം വൈകാതെ ഇല്ലാതായി.

സാമൂഹ്യനീതി, ജനാധിപത്യം, സമത്വം, മാനവികത എന്നിവയാണ് പാട്ടാളി മക്കൾ കക്ഷിയുടെ അടിസ്ഥാന മുദ്രാവാക്യങ്ങൾ. പെരിയാർ -കാൾ മാർക്സ് - അംബേദ്ക്കർ ആശയങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പിന്തുടരാനാണ് രാമദാസ് ശ്രമിച്ചത്. ‘പാട്ടാളി മക്കൾ’ എന്നതിന് തൊഴിലാളി ജനത എന്നർഥം. അടിസ്ഥാന വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കും വിധം കക്ഷിയുടെ അധ്യക്ഷപദം വണ്ണിയ സമുദായത്തിനും, ജനറൽ സെക്രട്ടറി പദവി ദലിത് സമുദായത്തിൽ പെട്ടവർക്കും ട്രഷറർ സ്ഥാനം മുസ്ലീമിനും നൽകിയാണ് പാട്ടാളി മക്കൾ കക്ഷി വിപ്ലവകരമായ തുടക്കം കുറിച്ചത്. അതനുസരിച്ച് പ്രൊഫ. ധീരൻ അധ്യക്ഷനും ദലിത് എഴിൽമലൈ ജനറൽ സെക്രട്ടറിയും കുന്നങ്കുടി ഹനിഫ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. (പിൽക്കാലത്ത് ധീരൻ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും എഴിൽമലൈ പാർട്ടി വിട്ടു പോകുകയും ഹനീഫ തമിഴ്‌നാട് മുസ്ലിം മുന്നേറ്റകഴകത്തിന്റെ മുന്നണി ഭാരവാഹിയാകുകയും ചെയ്തു.)

പെരിയാർ -കാൾ മാർക്സ് - അംബേദ്ക്കർ ആശയങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പിന്തുടരാനാണ് രാമദാസ് ശ്രമിച്ചത്. ‘പാട്ടാളി മക്കൾ’ എന്നതിന് തൊഴിലാളി ജനത എന്നർഥം.
പെരിയാർ -കാൾ മാർക്സ് - അംബേദ്ക്കർ ആശയങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പിന്തുടരാനാണ് രാമദാസ് ശ്രമിച്ചത്. ‘പാട്ടാളി മക്കൾ’ എന്നതിന് തൊഴിലാളി ജനത എന്നർഥം.

അഞ്ചു പ്രതിജ്ഞകൾ

രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയത് രാമദാസിന്റെ അധികാരമോഹം കൊണ്ടാണെന്ന സംഘത്തിലെ മുറുമുറുപ്പുകൾക്ക് വെല്ലൂരിലെ പൊതുയോഗത്തിലും പിന്നിട് ചെന്നൈയിൽ നടന്ന സ്ഥാപക സമ്മേളനത്തിലും അദ്ദേഹം മറുപടി നൽകിയത് അഞ്ചു പ്രതിജ്ഞകൾ ആവർത്തിച്ചു കൊണ്ടായിരുന്നു.

'എന്റെ ജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. ഞാനോ കുടുംബാംഗങ്ങളോ പാർട്ടിയിൽ ഒരു സ്ഥാനവും ഏറ്റെടുക്കില്ല. പാർട്ടി പ്രവർത്തനം സ്വന്തം ചെലവിൽ നടത്തും. തന്റെ കുടുംബാംഗങ്ങൾ പാർട്ടി ഭാരവാഹിത്വം സ്വീകരിക്കില്ല എന്നിങ്ങനെ അണികളോട് ആണയിട്ടു പ്രഖ്യാപിച്ച രാമദാസിന്റെ നടപടി വലിയ തോതിൽ പ്രശംസിക്കപ്പെട്ടു. ഇതൊന്നും താൻ പാലിച്ചില്ലെങ്കിൽ നടുറോട്ടിൽ കെട്ടിയിട്ട് ചാട്ടവാറിനടയ്ക്കാം എന്ന രാമദാസിന്റെ വാക്കുകൾ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വലിയ കൗതുകമാണ്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയോ സ്ഥാപക നേതാവ് എന്ന സ്ഥാനമൊഴികെ, പാർട്ടി ഭാരവാഹിത്വം ഏറ്റെടുക്കുകയോ ചെയ്യാതെ ദീർഘകാലം വാക്ക് പാലിച്ചുവെങ്കിലും 2004 -ൽ മകൻ അൻപുമണി രാമദാസ് യുവജനവിഭാഗം പ്രസിഡന്റായി പാർട്ടിയിൽ സ്ഥാനമുറപ്പിച്ചതും പിൽക്കാലത്ത് പാർട്ടി കടന്നുപോയ പ്രതിസന്ധികളും പ്രതിജ്ഞകളിൽ പലതും കാറ്റിൽ പറത്താൻ കാരണമായി.

തമിഴ് ദേശീയവാദം

1991 -ൽ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ LTTE-യെ പിന്തുണക്കുന്നവർ ടാഡ നിയമത്തിനു കീഴിൽ ജയിലിലടക്കപ്പെട്ടു തുടങ്ങി. രാഷ്ട്രീയ പാർട്ടിയായി മാറിയെങ്കിലും തമിഴ് ഭാഷാ സംരക്ഷണം, തമിഴരുടെ സമഗ്ര പുരോഗതിക്കും അവകാശങ്ങൾക്കുമായുള്ള പോരാട്ടങ്ങൾക്കൊപ്പം, ശ്രീലങ്കയിൽ സ്വതന്ത്ര തമിഴ് ഈഴം എന്ന ആവശ്യവും PMK ഉയർത്തി.

രാമദാസിന്റെ ആശയങ്ങൾ പലതും ദ്രാവിഡ പാർട്ടികൾ ഏറ്റെടുക്കുന്നതും തമിഴ്നാട് രാഷ്ട്രീയം പിൽക്കാലത്ത് കണ്ടു, കരുണാനിധി നടപ്പിലാക്കിയ ‘സമച്ചീർ കൽവി’ എന്ന വിദ്യാഭ്യാസ പരിഷ്ക്കാരം ഒരു ഉദാഹരണം മാത്രം.

1992-ൽ ചെന്നൈയിൽ സംഘടിപ്പിച്ച തമിഴർ വാഴ് വരിമൈ സമ്മേളനം, ഒരർത്ഥത്തിൽ LTTE-യെ പിന്തുണക്കുന്നവർക്കെതിരെയുള്ള നിയമനടപടികളോടുള്ള പ്രതിഷേധമായിരുന്നു. തമിഴ്ഭാഷയുടെ അഭിവൃദ്ധി പോലുള്ള നിരവധി പ്രമേയങ്ങളും ഈ സമ്മേളനം പാസ്സാക്കി. തുടർന്ന് നടന്ന റാലിയിൽ എൽ ടി ടി ഇ നേതാവ് പ്രഭാകരന്റെ ചിത്രങ്ങളും സ്വതന്ത്ര തമിഴ് രാഷ്ട്രത്തെ പിന്തുണക്കുന്ന ബാനറുകളും ഉയർത്തി യുവാക്കൾ മുദ്രാവാക്യങ്ങൾ മുഴക്കി. കോൺഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ഒഴികെയുള്ള മിക്കവാറും എല്ലാം രാഷ്ട്രീയ പാർട്ടികളും ഈ സമ്മേളനവുമായി സഹകരിച്ചു.

റാലിക്കു ശേഷം മറീന ബീച്ചിലെ സീരണി അരങ്ങിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻ രാഷ്‌ട്രപതി ഗ്യാനി സെയിൽ സിംഗ്, മുൻ പ്രധാനമന്ത്രി വി.പി. സിംഗ്, ജോർജ് ഫെർണാണ്ടസ്, രാംവിലാസ് പാസ്വാൻ തുടങ്ങിയ ദേശീയ - ദലിത് നേതാക്കൾ പങ്കെടുത്തു. തമിഴ് ദേശീയതയ്ക്കായി വാദിക്കുന്ന രാമദാസ്, പഴ നെടുമാരൻ എന്നീ നേതാക്കൾ എൽ ടി ടി ഇയുടെ സ്വതന്ത്ര രാഷ്ട്ര പോരാട്ടങ്ങളെ പിന്തുണച്ചു സംസാരിച്ചു. വിഭാഗീയ ശക്തികളെ തമിഴ്‌നാട്ടിൽ അനുവദിക്കില്ല എന്ന പ്രഖ്യാപനത്തോടെയാണ് അന്നത്തെ മുഖ്യമന്ത്രി ജയലളിത രാമദാസ് ഉൾപ്പെട്ട നേതാക്കളെ ജയിലിലടച്ചത്.

ചമ്പൽ കൊള്ളക്കാരിയായി സവർണ്ണ ചരിത്രം രേഖപ്പെടുത്തിയ, കീഴാള സ്ത്രീപോരാട്ടങ്ങളുടെ നായിക ഫൂലൻ ദേവിയെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചു കൊണ്ടുവന്ന് മറ്റൊരു ചരിത്രം കൂടി രാമദാസ് രചിച്ചു. പിന്നാക്കവിഭാഗങ്ങൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ആവേശമാണ് രാഷ്ട്രീയത്തിലിറങ്ങാനും മുലായം സിങ് യാദവിന്റെ സമാജ്‍വാദിയിൽ ചേർന്ന് പ്രവർത്തിക്കാനും ഫൂലൻ ദേവിക്ക് പ്രേരണയായത്. ദലിത് രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ 100 സ്ഥലങ്ങളിൽ അംബേദ്കർ പ്രതിമകൾ സ്ഥാപിക്കാനുള്ള പ്രവർത്തനവും അദ്ദേഹം ആരംഭിച്ചു. ഒരു ദലിത് നേതാവ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകണമെന്നു അദ്ദേഹം അക്കാലത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തമിഴ് ഭാഷ, വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വളരെ സുചിന്തിതമായ പദ്ധതികൾ അവതരിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

ദലിത് രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ 100 സ്ഥലങ്ങളിൽ അംബേദ്കർ പ്രതിമകൾ സ്ഥാപിക്കാനുള്ള ഡോ. രാമദാസിന്റെ നീക്കം ​പ്രധാന രാഷ്ട്രീയ നടപടിയായിരുന്നു.
ദലിത് രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ 100 സ്ഥലങ്ങളിൽ അംബേദ്കർ പ്രതിമകൾ സ്ഥാപിക്കാനുള്ള ഡോ. രാമദാസിന്റെ നീക്കം ​പ്രധാന രാഷ്ട്രീയ നടപടിയായിരുന്നു.

രാമദാസിന്റെ ആശയങ്ങൾ പലതും ദ്രാവിഡ പാർട്ടികൾ ഏറ്റെടുക്കുന്നതും തമിഴ്നാട് രാഷ്ട്രീയം പിൽക്കാലത്ത് കണ്ടു, കരുണാനിധി നടപ്പിലാക്കിയ ‘സമച്ചീർ കൽവി’ എന്ന വിദ്യാഭ്യാസ പരിഷ്ക്കാരം ഒരു ഉദാഹരണം മാത്രം. തമിഴ്‌നാട് നിയമസഭയിൽ ബജറ്റ് അവതരണത്തിനു മുൻപ് മാധ്യമ സമ്മേളനം വിളിച്ചുകൂട്ടി ബദൽ ബജറ്റ് അവതരിപ്പിക്കുന്നത് രാമദാസ് സമാനതകളില്ലാത്ത കീ​ഴ് വഴക്കമായി കൊണ്ടുനടന്നു.

1991 -ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി PMK മത്സരിക്കാനിറങ്ങുന്നത്. 234 നിയമസഭാ സീറ്റുകളിൽ തനിച്ചുനിന്ന് മത്സരിച്ച പാർട്ടിക്ക് ഒരു സീറ്റും 5 .9 % വോട്ടും കിട്ടി. പിൽക്കാലത്ത് തരാതരം ഇരു മുന്നണികളിലും ചേക്കേറുന്ന നയമാണ് PMK സ്വീകരിക്കുന്നത്. എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ 2001 -ൽ മത്സരിച്ചപ്പോഴാണ് PMK ഏറ്റവുമധികം സീറ്റുകളിൽ ജയിച്ചത്- 20. 2013- ലെ കലാപ സംഭവങ്ങളുമായി ബന്ധപ്പെട്ട് PMK-യെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ജയലളിതയായാലും രാഗദ്വേഷ സമ്മിശ്രമായ രാഷ്ട്രീയ ബന്ധം പുലർത്തിയിരുന്ന കരുണാനിധിയായാലും തെരഞ്ഞെടുപ്പ് കാലങ്ങളിൽ രാമദാസുമായുള്ള സഖ്യം ആഗ്രഹിച്ചിരുന്നു. വിജയകാന്തിന്റെ കടന്നു വരവോടെയും വി സി കെയുടെ സ്വാധീനം ശക്തിപ്പെട്ടതോടെയുമാണ് ഇതിനൊരു മാറ്റം വന്നു തുടങ്ങിയത്. ബി. ജെ. പി, കോൺഗ്രസ് സഖ്യങ്ങളിൽ മാറിമാറി നിന്ന് ജയിച്ച് കേന്ദ്ര സർക്കാരിൽ സുപ്രധാന വകുപ്പുകൾ നേടിയെടുക്കാനുള്ളത്ര സ്വാധീനമുണ്ടായിരുന്ന PMK-യുടെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതിൽ വിജയകാന്തിന്റെ DMDK-യ്ക്ക് വലിയ പങ്കുണ്ട്. തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തിരിച്ചടികൾ മാറിചിന്തിക്കാൻ രാമദാസിന് പ്രേരണയായി. ഇതോടെ സമുദായ സംഘടനയുടെയും വിഭാഗീയ ചിന്തകളുടെയും വക്താവായി അദ്ദേഹത്തിന്റെ പ്രവർത്തന പഥം ചുരുങ്ങിത്തുടങ്ങി.

രജനികാന്തിനു ആര് മണികെട്ടും?

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം ഒരു മിത്ത് എന്ന പോലെ വിവിധ അവസരങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ നെഞ്ചിടിപ്പിക്കുന്ന കാലത്ത്, അദ്ദേഹത്തിന് മൂക്കുകയറിട്ടതിൽ രാമദാസിന്റെ ഇടപെടലുകളാണ് പ്രധാന കാരണമായത്. എം.ജി. ആറിന്റെ മരണശേഷം ‘ജെ - ജാ’ വിഭാഗമായി എ.ഐ.എ.ഡി.എം.കെ വിഭജിക്കപ്പെട്ട കാലം തൊട്ടേ രാഷ്ട്രീയത്തിലിറങ്ങി 'ഭാവി എം.ജി.ആർ' ആകാൻ കച്ചകെട്ടിയതാണ് രജനീകാന്ത്. ജയലളിതയുമായുള്ള കൊമ്പുകോർക്കലിലേക്കു ഇത് നയിച്ചു.

1996- ൽ ജയലളിതയും രജനിയും തമ്മിലുളള പോര് രൂക്ഷമാകുന്നതിൽ വലിയൊരു പങ്ക് ബാഷ എന്ന സിനിമയ്ക്കുണ്ട്. ജയലളിതക്കെതിരെ എന്ന നിലയിലുള്ള സംഭാഷണങ്ങൾ ഒഴിവാക്കാത്തതിന്റെ പേരിൽ AIADMK നേതാവ് കൂടിയായ നിർമ്മാതാവ് ആർ. എം. വീരപ്പനെ ജയ പാർട്ടിയിൽ നിന്ന് പുറത്താക്കി. മന്നൻ, മുത്തു, പിൽക്കാലത്ത് അണ്ണാമലൈ, പടയപ്പ പോലെ ജയലളിതക്കെതിരെ മുനയുള്ള സംഭാഷണങ്ങളൂം ഗാനങ്ങളും ഉൾപ്പെടുത്തിയ സിനിമകളുടെ പരമ്പര തന്നെ രജനിയുടെ രാഷ്ട്രീയ പ്രവേശത്തിന് അരങ്ങൊരുക്കുന്ന രീതിയിൽ പുറത്തുവന്നു. അതിനിടെ, ജയലളിതയ്ക്ക് കടന്നുപോകാൻ വാഹനങ്ങൾ നിറുത്തിവെച്ചതിനെ തുടർന്നുണ്ടായ ട്രാഫിക് തടസ്സത്തിൽ പെട്ട രജനീകാന്ത് പുറത്തിറങ്ങിയത് ആരാധകർ തടിച്ചുകൂടാനിടയാക്കി. ഇക്കാര്യത്തിൽ പരിഹസിച്ചുവയോടെയുള്ള രജനിയുടെ പ്രതികരണം ഇരുവരും തമ്മിലുള്ള പോരിന് ആക്കം കൂട്ടി. ജയലളിത വീണ്ടും അധികാരത്തിലെത്തിയാൽ ദൈവത്തിനു കൂടി തമിഴ്നാടിനെ രക്ഷിക്കാനാവില്ല എന്ന പ്രഖ്യാപനവും രജനിയുടെ വകയായി പിറന്നുവീണു.

ആ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ AIADMK കനത്ത തോൽവി ഏറ്റുവാങ്ങി. ജയയ്ക്ക് ലഭിച്ച ഇരുട്ടടിയിൽ രജനിക്കുള്ള പങ്ക് മാധ്യമവാർത്തയായി. ഇതോടെ രാഷ്ട്രീയത്തിലിറങ്ങാനുള്ള രജനിയുടെ തയ്യാറെടുപ്പിനു വീണ്ടും മുനവെച്ചുതുടങ്ങി.

ദലിത് സമൂഹവുമായി കാലാകാലങ്ങളിൽ ജാതീയമായി ഏറ്റുമുട്ടാറുള്ള വണ്ണിയർ സമുദായംഗങ്ങൾ തന്റെ നിലപാടിൽ അതൃപ്തരാണെന്ന് ഡോ. രാമദാസിന് ബോധ്യപ്പെട്ടു.

2002- ൽ രാജ്‌കുമാറിന്റെ മകൻ പുനിത് രാജകുമാറിന്റെ 'അപ്പു' സിനിമയുടെ നൂറാം ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ രജനി നടത്തിയ പരാമർശവും അതിനെ തുടർന്ന് രാമദാസുമായുണ്ടായ ഏറ്റുമുട്ടലുകളുമാണ് വാസ്തവത്തിൽ സൂപ്പർ സ്റ്റാറിന്റെ രാഷ്ട്രീയ മോഹത്തിനുമീതെ ഇടിത്തീയായത്. പുനിതിന്റെ പിതാവ് രാജ്‌കുമാറിനെ വനം കൊള്ളക്കാരൻ വീരപ്പൻ തട്ടികൊണ്ടുപോയ സംഭവത്തെ ഓർമിപ്പിച്ച്, വീരപ്പനെ രാക്ഷസൻ എന്നാക്ഷേപിച്ചത് രാമദാസ് ഏറ്റുപിടിച്ചു. രജനി കന്നഡക്കാരനായതുകൊണ്ടാണ് തമിഴനായ വീരപ്പനെ രാക്ഷസൻ എന്ന് വിളിച്ചതെന്നായി രാമദാസ്. തുടർന്നുള്ള വാക് പോരാട്ടങ്ങളിൽ രജനി ആരാധകരും PMK പ്രവർത്തകരും നേരിട്ട് ഏറ്റുമുട്ടാൻ തുടങ്ങി. രജനിയുടെ സിനിമകളെയും പ്രവൃത്തികളെയും തുടച്ചയായി ആക്രമിച്ചുകൊണ്ടിരുന്ന രാമദാസിനെ കരിങ്കൊടി കാണിക്കാനുള്ള രജനി ആരാധകരുടെ ശ്രമം വലിയ തോതിൽ തിരിച്ചടികൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചു. രജനിയുടെ 'ബാബ' സിനിമയുടെ റിലീസിംഗ് സമയത്ത് വടക്കൻ ജില്ലകളിൽ, തിയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയും, ഫിലിം പെട്ടികൾ തട്ടിക്കൊണ്ടുപോയും സ്ക്രീനുകൾ കത്തിച്ചും PMK പ്രവർത്തകർ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. രജനിയെ സംബന്ധിച്ച് അത് ആത്മാഭിമാന പ്രശ്നമായി മാറി.

2006 -ലെ തെരഞ്ഞെടുപ്പിൽ പി എം കെയെ തോൽപ്പിക്കാനുള്ള രജനിയുടെ ആഹ്വാനം വോട്ടമാർ ഏറ്റെടുത്തില്ല. DMK മുന്നണിയിൽ മത്സരിച്ച പി.എം. കെയ്ക്ക് 18 സീറ്റ് നേടാനായി. രാമദാസിന്റെ ഈ വിജയം രജനിയെ നിരാശപ്പെടുത്തുകയും രാഷ്ട്രീയത്തിലിറങ്ങാനുള്ള ആത്മവിശ്വാസം തന്നെ കെടുത്തുകയും ചെയ്തു. ‘രജനി എന്ന പൂച്ചക്ക് ഞാൻ മണികെട്ടി’ എന്നാണ് രാമദാസ് ഈ വിജയത്തെ വിശേഷിപ്പിച്ചത്. ഇതോടെ രജനിയുമായുള്ള പ്രശ്നം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

2002- ൽ രാജ്‌കുമാറിന്റെ മകൻ പുനിത് രാജകുമാറിന്റെ 'അപ്പു' സിനിമയുടെ നൂറാം ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ രജനീകാന്ത് നടത്തിയ പരാമർശവും അതിനെ തുടർന്ന് രാമദാസുമായുണ്ടായ ഏറ്റുമുട്ടലുകളുമാണ് വാസ്തവത്തിൽ സൂപ്പർ സ്റ്റാറിന്റെ  രാഷ്ട്രീയ മോഹത്തിനുമീതെ ഇടിത്തീയായത്.
2002- ൽ രാജ്‌കുമാറിന്റെ മകൻ പുനിത് രാജകുമാറിന്റെ 'അപ്പു' സിനിമയുടെ നൂറാം ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ രജനീകാന്ത് നടത്തിയ പരാമർശവും അതിനെ തുടർന്ന് രാമദാസുമായുണ്ടായ ഏറ്റുമുട്ടലുകളുമാണ് വാസ്തവത്തിൽ സൂപ്പർ സ്റ്റാറിന്റെ രാഷ്ട്രീയ മോഹത്തിനുമീതെ ഇടിത്തീയായത്.

പി.എം.കെയെ ഞെട്ടിച്ച്
വിജയകാന്തിന്റെ വരവ്

രാമദാസിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ നിയോഗിക്കപ്പെട്ടത് മറ്റൊരു ചലച്ചിത്ര താരമായിരുന്നു - വിജയകാന്ത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം പി എം കെയെ വലിയ തോതിൽ പ്രതിരോധത്തിലാക്കി. സ്വദേശമായ മധുരയിൽ മത്സരിക്കാതെ പാട്ടാളി മക്കൾ കക്ഷികളുടെ ശക്തിദുർഗമായ വിരുതാചലത്തിൽ വിജയകാന്ത് തനിച്ചുനിന്ന് ജയിച്ചത് പി എം കെയെ സംബന്ധിച്ച് കനത്ത ആഘാതമായി. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ AIADMK മുന്നണിയിൽ മത്സരിച്ച് ഒരു സീറ്റ് പോലും ലഭിക്കാതെ കനത്ത തോൽവിയിലേക്ക് കൂപ്പുകുത്തേണ്ടിയും വന്നു. തനിച്ചും ഇരുമുന്നണികളിൽ മാറിമാറി മത്സരിച്ചും നടത്തിയ പിൽക്കാല തെരഞ്ഞെടുപ്പു പരീക്ഷണങ്ങളൊന്നും വിജയം കണ്ടതുമില്ല.

ഡി എം കെക്കെതിരെ കനത്ത ഭരണവിരുദ്ധ തരംഗം മാധ്യമങ്ങൾ പ്രവചിച്ചിട്ടും, AIADMK-യുമായി മുന്നണി ചർച്ചകൾ നടക്കുന്നതിനിടെ കരുണാനിധിയുമായി അപ്രതീക്ഷിത ധാരണയിലെത്തിയ 2011- ലെ തെരഞ്ഞെടുപ്പ് പരാജയം പി എം കെയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കി.

വിജയകാന്തും അനുയായികളും നരേന്ദ്രമോദിയ്ക്കൊപ്പം. വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശം പി എം കെയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരുന്നു.
വിജയകാന്തും അനുയായികളും നരേന്ദ്രമോദിയ്ക്കൊപ്പം. വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശം പി എം കെയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരുന്നു.

ആരംഭകാലത്ത് വിശാല തമിഴ് ദേശീയതയുയർത്തിപിടിച്ച രാമദാസ് കാലക്രമേണ ജാതിരാഷ്ട്രീയത്തിന്റെ വക്താവായും ദലിത് വിരുദ്ധ രാഷ്ട്രീയക്കാരനായും പരിണമിക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രതിസന്ധികളെ നേരിടാൻ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രബലം തികയാത്തതരം ഭൗതിക സാഹചര്യം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉരുത്തിരിഞ്ഞുവന്നു.

വടക്കൻ തമിഴ്നാട്ടിലുണ്ടായ വലിയ തിരിച്ചടികൾക്ക് വി സി കെ (Viduthalai Chiruthaigal Katchi) അംഗമായ മുന്നണിയിൽ മത്സരിച്ചത് പ്രധാന ഘടകമാണെന്ന വിമർശനം അണികൾക്കിടയിലുണ്ടായി. VCK നേതാവ് തൊൽ തിരുമാവളവനുമായുള്ള രാമദാസിന്റെ അടുപ്പവും ചോദ്യം ചെയ്യപ്പെട്ടു. ദലിത് സമൂഹവുമായി കാലാകാലങ്ങളിൽ ജാതീയമായി ഏറ്റുമുട്ടാറുള്ള വണ്ണിയർ സമുദായംഗങ്ങൾ തന്റെ നിലപാടിൽ അതൃപ്തരാണെന്നു രാമദാസിന് ബോധ്യപ്പെട്ടു. 1988 -ൽ കുംഭകോണത്തെ കുടിതാങ്കിയിൽ ദലിത് യുവാവിന്റെ മൃതദേഹം അടുത്തുള്ള ചുടുകാട്ടിലെത്തിക്കാൻ വണ്ണിയ പ്രദേശത്തുകൂടി കൊണ്ടുചെല്ലേണ്ട സാഹചര്യമുണ്ടായപ്പോൾ, സമുദായാംഗങ്ങളുടെ എതിർപ്പ് മറികടന്ന്, സംസ്കരിക്കാൻ മുന്നിൽനിന്ന ആളാണ് രാമദാസ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ ദലിത് നേതാവ് തിരുമാവളവൻ രാമദാസിനെ 'തമിഴ് കുടിതാങ്കി (തമിഴ് കുലസംരക്ഷകൻ) എന്നാണ് വിളിച്ചാദരിച്ചത്. അത്തരമൊരു നേതാവാണ് ഭൂരിഭാഗം അണികളുടെ വികാരങ്ങൾക്കൊപ്പം അണിചേരാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. അതായത്, സമുദായ ധ്രുവീകരണം ശക്തമായതോടെ, അണികളിലുണ്ടായ പൊതുവികാരവും വോട്ട് ചോർച്ചയും രാമദാസിലെ നേതാവിനെ ഭിന്നമായ നിലപാട് സ്വീകരിക്കാൻ നിർബന്ധിതനാക്കുന്നതാണ് പിന്നീടുള്ള കാഴ്ച.

VCK നേതാവ് തൊൽ തിരുമാവളവനുമായുള്ള രാമദാസിന്റെ അടുപ്പം ചോദ്യം ചെയ്യപ്പെട്ടു.
VCK നേതാവ് തൊൽ തിരുമാവളവനുമായുള്ള രാമദാസിന്റെ അടുപ്പം ചോദ്യം ചെയ്യപ്പെട്ടു.

ദലിത് വിരുദ്ധതയുടെ നാവ്

ദലിത് - ദലിതേതര പ്രണയവിവാഹങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തിപ്പെട്ട കാലമായിരുന്നു അത്. കാടുവെട്ടി ഗുരുവിനെ പോലുള്ള സമുദായത്തിലെ തീവ്രപക്ഷ നേതാക്കൾ ദലിതർക്കെതിരെ അതിശക്തമായ കലാപാഹ്വാനങ്ങളുമായി രംഗത്തെത്തി. ഈ ഘട്ടത്തിലാണ് ദലിത് യുവാക്കൾ പ്രണയം നടിച്ച് മറ്റു സമുദായങ്ങളിലെ പെൺകുട്ടികളെ വഴിതെറ്റിക്കുന്നു എന്നും ഇതിനെതിരെ സമുദായം പ്രതികരിക്കണമെന്നും രാമദാസ് പ്രഖ്യാപിക്കുന്നത്. ഇത് വടക്കൻ ജില്ലകളിലുണ്ടാക്കിയ അലയൊലി ചെറുതല്ല. ഇക്കാര്യത്തിൽ ഇതര സമുദായങ്ങളുമായി ചേർന്ന് കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമം പി എം കെ ആരംഭിച്ചു. ഇതിനിടെ, ധർമ്മപുരിയിലെ നത്തം ദലിത് കോളനിയിലെ ഇളവരസൻ, വണ്ണിയർ സമുദായത്തിൽ പെട്ട ദിവ്യ എന്ന പെൺകുട്ടിയെ പ്രണയവിവാഹം ചെയ്തത് വലിയ പ്രകോപനമുണ്ടാക്കുന്നു. പ്രണയ നാടകം എന്ന ആരോപണത്തെയും ഈ പ്രേമവിവാഹത്തെയും ബന്ധിപ്പിച്ച് ദലിതർക്കെതിരെ ആയിരത്തോളം വണ്ണിയ സമുദായംഗങ്ങൾ തടിച്ചുകൂടി. അക്രമാസക്തരായ യുവാക്കൾ നത്തം കോളനി കൊള്ളയടിക്കുകയും 250- ഓളം വരുന്ന വീടുകൾ തീയിട്ടു ചാമ്പലാക്കുകയും ചെയ്തു. ദിവ്യയിൽ നിന്ന് അകറ്റപ്പെട്ടതടക്കമുള്ള സംഭവികാസങ്ങൾ ഇളവരസന്റെ ആത്മഹത്യയിലേക്ക് നയിച്ചു. ഇത് വലിയ തോതിലുള്ള സാമുദായിക സംഘർഷങ്ങളിലേക്കു വഴിമരുന്നിട്ടു.

ഉൾപ്പാർട്ടി കലഹവും രണ്ട് വ്യത്യസ്ത വിഭാഗങ്ങളുടെ രൂപീകരണവും പി എം കെയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന പ്രത്യാഘാതത്തെ, ശക്തമായ മുന്നണി രൂപീകരണം സ്വപ്നം കാണുന്ന ബി.ജെ.പി ഗൗരവത്തോടയാണ് കാണുന്നത്.

ദലിത് വിരുദ്ധ പ്രചാരണം കൂടുതൽ ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് മഹാബലിപുരത്ത് ചിത്രപൗർണമിനാളിലെ പി എം കെയുടെ യുവജനസമ്മേളനം നടക്കുന്നത്. സമ്മേളനത്തിനെത്തിയ യുവാക്കളും പ്രദേശത്തെ ദലിത് സമുദായക്കാരുമായുള്ള വാക്കേറ്റം കയ്യാങ്കളിയായി. ഇതിൽ പ്രതിഷേധിച്ച് ദലിത് വിഭാഗം വഴി തടഞ്ഞു. ട്രാഫിക് തടസ്സം കാരണം സമ്മേളന സ്ഥലത്തെത്താൻ പറ്റാത്ത വണ്ണിയ യുവാക്കൾ അക്രമത്തിലേക്ക് തിരിഞ്ഞു. മരക്കാണം പ്രദേശത്തെ ദലിത് കോളനിക്കു നേരെ പെട്രോൾ ബോംബെറിഞ്ഞു. ഒമ്പതു വീടുകൾ കത്തിയമർന്നു. അരിശം തീരാത്ത യുവാക്കളുടെ അഴിഞ്ഞാട്ടത്തിൽ മുസ്ലിം വീടുകളും AIADMK എം പിയുടെ ഓഫീസും ആക്രമിക്കപ്പെട്ടു. ബസുകൾ തകർത്തും മരങ്ങൾ റോഡുകളിൽ വെട്ടിയിട്ടും മുന്നേറിയ യുവാക്കൾ മരക്കാണത്തെ കലാപഭൂമിയാക്കി.

ദലിതർക്കെതിരെയുള്ള അധിക്ഷേപങ്ങളും വെല്ലുവിളികളും രൂക്ഷമായതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ട ജയലളിത രാമദാസിനെയും മകൻ അൻപുമണിയേയും കാടുവെട്ടി ഗുരുവിനേയും അറസ്റ്റ് ചെയ്തു. ഈ അറസ്റ്റോടെയാണ് രാമദാസ് പൊതുരംഗത്ത് നിന്ന് ഏറെക്കുറെ അപ്രത്യക്ഷനാകുന്നത്. വല്ലപ്പോഴുമുള്ള മാധ്യമ പ്രസ്താവനകളിൽ രാമദാസിന്റെ രാഷ്ട്രീയ പ്രവർത്തനം ഒതുങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമിയുടെ ആവർത്തിച്ചുള്ള നിർബന്ധം കൊണ്ടുമാത്രം ചില പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തതൊഴിച്ചാൽ രാമദാസ് തീർത്തും നിശ്ശബ്ദനായിരുന്നു. പിന്നീട് മകൻ അൻപുമണി പി എം കെയുടെ അധ്യക്ഷനായി ചുമതലയേറ്റു.

PMK സ്ഥാപക നേതാവ് എന്ന നിലയിൽ തനിക്കും അധ്യക്ഷനായ അൻപുമണിക്കും ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഡോ. രാമദാസിനെ വീണ്ടും പൊതുമധ്യത്തിൽ എത്തിക്കുന്നത്.
PMK സ്ഥാപക നേതാവ് എന്ന നിലയിൽ തനിക്കും അധ്യക്ഷനായ അൻപുമണിക്കും ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഡോ. രാമദാസിനെ വീണ്ടും പൊതുമധ്യത്തിൽ എത്തിക്കുന്നത്.

മുന്നണി ബന്ധവും പിളർപ്പും

സ്ഥാപക നേതാവ് എന്ന നിലയിൽ തനിക്കും അധ്യക്ഷനായ അൻപുമണിക്കും ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് രാമദാസിനെ വീണ്ടും പൊതുമധ്യത്തിൽ എത്തിക്കുന്നത്. പേരമകനും അൻപുമണിയുടെ അന്തരവനുമായ മുകുന്ദനെ, പാർട്ടിയുടെ താക്കോൽ സ്ഥാനത്തേക്ക് രാമദാസ് നിയമിച്ചതാണ് പ്രശ്നകാരണം. ഈ നീക്കത്തെ അൻപുമണി പരസ്യമായി എതിർത്തതോടെ രാമദാസ് സ്വയം പാർട്ടി പ്രസിഡന്റായി പ്രഖ്യാപിക്കുകയും അൻപുമണിയെ വർക്കിംഗ് പ്രസിഡന്റ് ആയി തരംതാഴ്ത്തുകയും ചെയ്തു. പാർട്ടിയുടെ ജനറൽ കൗൺസിലാണ് തന്നെ തെരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി, ഈ നടപടി അംഗീകരിക്കാൻ അൻപുമണി കൂട്ടാക്കിയില്ല. അച്ചടക്കലംഘനത്തിന് ഒന്നിലധികം കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചിട്ടും മറുപടി നൽകാത്തതിനെ തുടർന്ന് അൻപുമണിയെ പാർട്ടിയിൽ നിന്ന് രാമദാസ് പുറത്താക്കി. ഇരുപക്ഷവും അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും പാർട്ടിയിലെ നിലവിലുള്ള നാല് എം എൽ എമാരിൽ മൂന്നു പേരും അൻപുമണിക്കൊപ്പമാണ്.

ഒരു കാലത്ത് വണ്ണിയർ സമുദായത്തിന്റെ 50 ശതമാനം വോട്ടുകൾ ലഭിച്ച പാർട്ടിക്ക് പഴയ പ്രതാപം ഇന്ന് അവകാശപ്പെടാനാവില്ലെങ്കിലും മറ്റു സ്ഥാനാർത്ഥികളുടെ വിജയസാധ്യതകളെ സ്വാധീനിക്കാൻ കഴിയും

ഉൾപ്പാർട്ടി കലഹവും രണ്ട് വ്യത്യസ്ത വിഭാഗങ്ങളുടെ രൂപീകരണവും പി എം കെയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതത്തെ, ശക്തമായ മുന്നണി രൂപീകരണം സ്വപ്നം കാണുന്ന ബി.ജെ.പി ഗൗരവത്തോടയാണ് കാണുന്നത്. പി. എം. കെയുടെ കീഴിൽ പരമ്പരാഗതമായി ഏകീകരിച്ച വണ്ണിയർ വോട്ട്ബാങ്കിലുണ്ടാക്കുന്ന വിള്ളൽ മുന്നണിയിലെ പാർട്ടിയുടെ വിലപേശൽ ശക്തിയെ ദുർബലപ്പെടുത്തും. നിലവിൽ പി എം കെയുടെ ചോയ്സ് ബി.ജെ.പി ഉൾപ്പെടുന്ന മുന്നണിയാണെങ്കിലും രാമദാസിന് താല്പര്യം ഡി എം കെ പക്ഷത്തോടാണ്. എന്നാൽ അദ്ദേഹത്തിന്റെ അനാരോഗ്യവും പാർട്ടിയിൽ അൻപുമണിക്കുള്ള സ്വാധീനവും എടപ്പാടി പളനിസ്വാമി നയിക്കുന്ന, ബി.ജെ.പി അടങ്ങിയ മുന്നണി എന്ന സാധ്യതയിലേക്കാണ് വഴിയൊരുങ്ങുക.

ഒരു കാലത്ത് വണ്ണിയർ സമുദായത്തിന്റെ 50 ശതമാനം വോട്ടുകൾ ലഭിച്ച പാർട്ടിക്ക് പഴയ പ്രതാപം ഇന്ന് അവകാശപ്പെടാനാവില്ലെങ്കിലും മറ്റു സ്ഥാനാർത്ഥികളുടെ വിജയസാധ്യതകളെ സ്വാധീനിക്കാൻ കഴിയും എന്നത് മുന്നണിയിൽ വിലപേശാനുള്ള ആയുധമായി പി എം കെ കരുതുന്നുണ്ട്.

അടിത്തട്ട് വർഗ്ഗ ഉള്ളടക്കമുള്ള ജനകീയ പ്രത്യയശാസ്ത്രങ്ങൾ കൈവിട്ട്, സങ്കുചിത നിലപാടുകൾ സ്വീകരിക്കാൻ രാഷ്ട്രീയനേതാക്കൾ പ്രേരിപ്പിക്കപ്പെടുന്ന നിരവധി സന്ദർഭങ്ങളുണ്ട്. കഠിന യാഥാർഥ്യങ്ങളും സമ്മർദ്ദങ്ങളും പലപ്പോഴും ആദർശപരമായ ദർശനങ്ങളെ നിയന്ത്രിക്കുന്നുവെന്ന് നോം ചോംസ്കി (Global Discontents: Conversations on the Rising Threats to Democracy) മറ്റൊരു സവിശേഷ സന്ദർഭത്തെ മുൻനിർത്തി ചൂണ്ടിക്കാട്ടുന്നത്, രാമദാസ് എന്ന നേതാവിന്റെ രാഷ്ട്രീയ പരിണാമങ്ങൾ വിശകലനം ചെയ്യാൻ സഹായകമാണ്. നിലവിലെ സാമൂഹിക സാഹചര്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ജനപ്രീതിയില്ലാത്തതോ അസൗകര്യമുള്ളതോ ആയ ആദർശങ്ങളെ നിശ്ശബ്ദമാക്കാൻ എങ്ങനെ സാധിക്കുന്നു എന്ന് ജോർജ്ജ് ഓർവെല്ലിന്റെ '1984' എന്ന നോവലിലെ അന്വേഷണം സമഗ്രാധിപത്യവുമായി ബന്ധപ്പെട്ടതാണെങ്കിലും, രാഷ്ട്രീയ വ്യവഹാരത്തെ ചുരുക്കുകയും രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള വ്യക്തികളെ ഇടുങ്ങിയ യാഥാസ്ഥിതികയുമായി പൊരുത്തപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്ന സന്ദർഭത്തെ നോവലിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഗോത്ര / സമുദായ സ്വത്വങ്ങൾക്ക് ഊന്നൽ നൽകി വർഗീയ സമ്മർദ്ദങ്ങളാൽ വംശീയ ദേശീയതയും ജനപ്രിയതയും എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് പിൽക്കാലത്ത് ലിബറൽ ജനാധിപത്യ ചിന്തകരും വിശദമാക്കിയിട്ടുണ്ട്. മറ്റേതു സമുദായ സംഘടനകളിൽ നിന്നും വ്യത്യസ്‍തമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞ പി എം കെയുടെയും രാമദാസിന്റെയും പരിവർത്തനവഴികൾ അതിന്റെ തെളിവു കൂടിയാണ്.

Comments