നിയമസഭയിൽ​ കെ.കെ. രമ എന്തുചെയ്യും?

‘‘ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ജനങ്ങൾ അഹിംസയിലൂടെ നൽകിയ പ്രതികാരമാണ് എന്റെ ജയം. ഞങ്ങളുടെ പാർട്ടി ഒരു തെറ്റു ചെയ്തു. അതിന് ഞങ്ങൾ പ്രതികാരം ചെയ്യും, എന്നുപറഞ്ഞ ആളുകളുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ വോട്ടിങ്ങിലൂടെയാണ് മറുപടി പറയേണ്ടത്. വടകരയിൽ അത് കൃത്യമായി സംഭവിച്ചു’’- വടകരയിൽ നിന്ന്​ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രമ സംസാരിക്കുന്നു

മുഹമ്മദ്​ ഫാസിൽ: എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും രാഷ്ട്രീയം ജനങ്ങൾക്ക് പരിചിതമാണ്. നിയമനിർമാണ പ്രക്രിയയെ ആർ.എം.പിയുടെ സാന്നിധ്യം എങ്ങനെയാണ് സ്വാധീനിക്കുക. എന്താണ് ആർ.എം.പി. നിയമസഭയിൽ മുന്നോട്ടു വെക്കാൻ പോകുന്ന രാഷ്ട്രീയം?

കെ.കെ. രമ: ടി.പി. ചന്ദ്രശേഖരൻ മുന്നോട്ടു വെച്ച ഒരു രാഷ്ട്രീയമുണ്ട്, ജനപക്ഷ രാഷ്ട്രീയം, ബദൽ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിലൂന്നിയാണ് ഞങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതിലൂന്നിക്കൊണ്ടു തന്നെയായിരിക്കും നിയമസഭാ പ്രവർത്തനങ്ങളും. ജനങ്ങളുടെ പക്ഷത്തുനിന്ന്​, അവരുടെ വിഷയങ്ങളിലിടപെട്ട്, അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുതകുന്ന തരത്തിലുള്ള നിയമനിർമാണങ്ങളിലേർപ്പെടാനാണ് ഉദ്ദേശിക്കുന്നത്. മറ്റു കാര്യങ്ങൾ അതാത് സമയത്ത്, പാർട്ടിയിൽ ചർച്ച ചെയ്ത് കൂട്ടായ തീരുമാനത്തിലൂടെ മുന്നോട്ടു കൊണ്ടു പോകും.

കെ.കെ. രമയുടെ വിജയം ആർ.എം.പിയെ സംബന്ധിച്ച്​ നിർണായകമാണ്. സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചയെ വിജയം സ്വാധീനിക്കുമെന്നു കരുതുന്നുണ്ടോ?

ഞങ്ങളെ സംബന്ധിച്ച്​ നിർണായക ഘട്ടമാണിത്. ഞങ്ങൾക്ക് കിട്ടിയ വലിയൊരു സാധ്യതയാണിത്. അതിനെ പരമാവധി പ്രയോജനപ്പെടുത്തും. നേരത്തെ പാർട്ടിക്ക് പരിമിത സൗകര്യങ്ങളെ ഉണ്ടായിരുന്നുള്ളു. പുറത്തു വന്ന് പ്രവർത്തിക്കാനും, സംഘടന രൂപീകരിക്കാനും മറ്റും ധൈര്യമില്ലാതിരുന്ന വലിയൊരു ജനത പലഭാഗങ്ങളിലായുണ്ടായിരുന്നു. ഇത്തരത്തിലൊരു വേദി ലഭിക്കുക വഴി അത്തരമാളുകൾക്ക് തുറന്നുസംസാരിക്കാനും പ്രവർത്തിക്കാനും കഴിയുന്ന അന്തരീക്ഷമുണ്ടായിട്ടുണ്ട്. ഇതിനെ പരമാവധി പ്രയോജനപ്പെടുത്തുകയും പരമാവധി സ്ഥലങ്ങളിൽ സംഘടിതമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെട്ടു കൊണ്ടും ശക്തമായ ഒരു ബദൽ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരും. അച്ചടക്കത്തോടും, കൃത്യതയോടും, ജാഗ്രതയോടും ഇത് പ്രാവർത്തികമാക്കും. തമസ്‌കരിക്കപ്പെട്ട ജനവിഭാഗങ്ങളും, സമരങ്ങളും നമുക്കു മുന്നിലുണ്ട്. ഇത്തരത്തിലുള്ള എല്ലാ വിഭാഗങ്ങളേയും കോർത്തിണക്കിക്കൊണ്ട് ഒരു ബദൽ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാനാണ് ആർ.എം.പി. ശ്രമിക്കുന്നത്.

ടി.പി. ചന്ദ്രശേഖരൻ
ടി.പി. ചന്ദ്രശേഖരൻ

മണ്ഡലത്തിനകത്തും പുറത്തും രമയുടെ ജയം ആഘോഷിക്കപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും സി.പി.എം അനുഭാവികളിൽ നിന്നു പോലും സ്വീകാര്യത ലഭിക്കുന്നു. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

ഈ വിജയം വടകരയിൽ മാത്രമായി ഒതുങ്ങുന്നില്ല എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ വലിയൊരു ജനവിഭാഗം എന്റെ വിജയം ആഗ്രഹിച്ചിരുന്നു. കോളുകളിലൂടെയും, മെസേജുകളിലൂടെയും ജയിക്കണം എന്നുപറഞ്ഞ് കൂടെ നിന്ന പല സ്ഥലങ്ങളിലുള്ള ഒരുപാടാളുകളുണ്ട്. ഒരു എതിർ രാഷ്ട്രീയത്തെ വെട്ടിക്കൊന്ന നടപടിയെ അംഗീകരിക്കാൻ ആളുകൾ തയ്യാറല്ല എന്നതാണ് അതിന്റെ പ്രധാന കാരണം. ആ കൊലപാതകത്തോടുള്ള പ്രതിഷേധമായിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കൾക്കെതിരെ വിരൽ ചൂണ്ടി സംസാരിക്കാൻ കഴിയണം എന്നൊരാഗ്രഹം അവരുടെ മനസ്സിലുണ്ട്. ഇത്തരത്തിലുള്ള കൊലപാതകങ്ങളെ ഒരു ജനതയും ഇഷ്ടപ്പെടാനിടയില്ല. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ ഈ കാരണം തന്നെ മതിയാവേണ്ടതാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമ

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച്​ ജനാധിപത്യം പുലർന്നു കാണുക എന്നതാണ് പ്രധാനം, പ്രത്യേകിച്ച് സ്ത്രീകൾക്ക്. സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗവും എല്ലാ തലത്തിലും നിരന്തരം പിന്തുണ നൽകിയിരുന്നു. മാത്രമല്ല, കൃത്യമായ രാഷ്ട്രീയമുള്ള ജനതയാണ് വടകരയിലേത്. ആ പ്രബുദ്ധ സമൂഹം ഇത്തരം ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ വ്യക്തമായ ഒരു ലക്ഷ്യവുമുണ്ട്. അരുതായ്മയ്ക്കും അനീതിക്കുമെതിരെയുള്ള സമരമായാണ് അവർ തെരഞ്ഞെടുപ്പിനെ കണ്ടത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ജനങ്ങൾ അഹിംസയിലൂടെ നൽകിയ പ്രതികാരമാണ് എന്റെ ജയം. ഞങ്ങളുടെ പാർട്ടി ഒരു തെറ്റു ചെയ്തു. അതിന് ഞങ്ങൾ പ്രതികാരം ചെയ്യും, എന്നുപറഞ്ഞ ആളുകളുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ വോട്ടിങ്ങിലൂടെയാണ് മറുപടി പറയേണ്ടത്. വടകരയിൽ അത് കൃത്യമായി സംഭവിച്ചു.

2012-നു ശേഷം വടകരയിൽ സി.പി.എമ്മിന്​ തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 2012-നു ശേഷമുള്ള പാർട്ടിയെ എങ്ങനെ വിലയിരുത്തുന്നു?

സി.പി.എമ്മിലെ ആളുകളെല്ലാം അക്രമത്തെ അനുകൂലിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. അതിനെതിരെ ചിന്തിക്കുന്ന വലിയ ഒരു വിഭാഗമാണ് ഇപ്പോൾ വോട്ടു ചെയ്തതും. പക്ഷെ ഒരു വിഭാഗം ക്രിമിനൽ നേതൃത്വവും, അതിനു കീഴിൽ വളരുന്ന കുറേ ആളുകളും അതിനകത്ത് ഇപ്പോഴും ഉണ്ട്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പാർട്ടിക്കെതിരെയും, വ്യക്തിപരമായി എനിക്കെതിരെയും നടത്തിയ അധിക്ഷേപങ്ങൾ ചർച്ച ചെയ്യപ്പെട്ടതാണ്.

രാഹുൽ ഗാന്ധിക്കൊപ്പം കെ.കെ. രമ
രാഹുൽ ഗാന്ധിക്കൊപ്പം കെ.കെ. രമ

തെരഞ്ഞെടുപ്പിൽ ജയിച്ചതിനു ശേഷവും അത് നേരിടേണ്ടി വരുമ്പോഴാണ് ഇവർ ഒട്ടും മാറിയിട്ടില്ലെന്ന് പറയേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം പുറത്തു വെച്ച് ഒരു കൂട്ടം യുവാക്കൾ എന്നെ കണ്ടപ്പോൾ കൂക്കി വിളിച്ചു എന്ന് പറയുമ്പോൾ അവരുടെ അസഹിഷ്ണുത എത്രമാത്രമായിരിക്കണം. ജനം പ്രതികരിച്ചിട്ടും ഇവർ പാഠം ഉൾക്കൊള്ളുന്നില്ലെന്നു വേണം മനസ്സിലാക്കാൻ. തെരഞ്ഞെടുപ്പ് ജയത്തിനുശേഷം സോഷ്യൽ മീഡിയയിൽ എനിക്കെതിരെ നടക്കുന്ന പ്രചാരണവും ഏറ്റവും തരംതാണ രീതിയിലാണ്. ഈ ഒരു പ്രവണതയിൽ മാറ്റം വരുത്തേണ്ടത് നേതൃത്വമാണ്. തിരുത്തേണ്ട സമയത്ത് തിരുത്തണം. എങ്കിലേ സമൂഹത്തിന് വളർച്ചയുള്ളൂ.


Summary: ‘‘ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ജനങ്ങൾ അഹിംസയിലൂടെ നൽകിയ പ്രതികാരമാണ് എന്റെ ജയം. ഞങ്ങളുടെ പാർട്ടി ഒരു തെറ്റു ചെയ്തു. അതിന് ഞങ്ങൾ പ്രതികാരം ചെയ്യും, എന്നുപറഞ്ഞ ആളുകളുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ വോട്ടിങ്ങിലൂടെയാണ് മറുപടി പറയേണ്ടത്. വടകരയിൽ അത് കൃത്യമായി സംഭവിച്ചു’’- വടകരയിൽ നിന്ന്​ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രമ സംസാരിക്കുന്നു


Comments